Remembering EMS on his birthday ഇ.എം.എസിന്റെ ജന്മദിനത്തില്‍

emsഇ.എം.എസിന്റെ 106-ാം ജന്മദിനമാണിന്ന്.  ജൂണ്‍ 13 ആണ് ഇ.എം.എസിന്റെ യഥാര്‍ത്ഥ ജന്മദിനമെന്ന് തിരുത്തുവരുത്തി ജനകീയമാക്കിയത് ഈ ലേഖകനാണെന്ന് എളിമയോടെ ഓര്‍ക്കുന്നു.

ഇ.എം.എസിന്റെ 75-ാം ജന്മദിനത്തില്‍  ’75-ന്റെ യുവത്വം’ എന്ന തലക്കെട്ടില്‍  ദേശാഭിമാനി വാരികയുടെ കവര്‍‌സ്റ്റോറിയിലായിരുന്നു ആ തിരുത്ത്.   ‘എ.കെ.വി’ എന്ന തൂലികാനാമത്തിലാണ് 1984-ല്‍ അതെഴുതിയത്.  അതിന്റെ തുടര്‍ച്ചയായാണ് ‘അറിയപ്പെടാത്ത ഇ.എം.എസ്’ വാരികയിലൂടെ ഖണ്ഡശ പുറത്തുവന്നത്.  അതിലൂടെ ഏലംകുളം മനയ്ക്കലെ കുഞ്ചുവിന്റെ ലോകവും.

നവകേരള ശില്പി എന്ന് ചിലര്‍ ഇ.എം.എസിനെ വിശേഷിപ്പിക്കുന്നുണ്ട്.  നവഭാരത ശില്പികളില്‍ ഒരാള്‍ എന്ന യഥാര്‍ത്ഥ വിശേഷണത്തിന് കീഴ്‌പ്പെട്ടാണെങ്കില്‍  അത് ശരിയാണ്.  വോട്ടെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നായകനെന്ന നിലയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഇ.എം.എസിന്റെ ജീവിതം.  രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അവതരിപ്പിച്ച രാമരാജ്യസിദ്ധാന്തത്തിനും സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റു അവതരിപ്പിച്ച സമ്മിശ്ര സമ്പദ് വ്യവസ്ഥയിലൂന്നിയ ബൂര്‍ഷ്വാ സോഷ്യലിസത്തിനും പകരം ആദ്യം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നീട് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ സോഷ്യലിസ്റ്റ് പാതയുടെ മാര്‍ക്‌സിസ്റ്റ് ശില്പികളില്‍ പ്രമുഖനാണ് ഇ.എം.എസ്.

മരണപ്പെടുന്നതിന് നാലുവര്‍ഷം മുമ്പ് എഴുതിവെച്ച തന്റെ മരണപത്രത്തില്‍ തന്റെ ജീവിത ദൗത്യത്തെ  ഇ.എം.എസ് സ്വയം വിലയിരുത്തിയതിങ്ങനെയാണ്:

‘ചൂഷണരഹിതമായ ഒരു സാമൂഹിക വ്യവസ്ഥയെക്കുറിച്ച് സ്വപ്നംകണ്ട, ആ സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി പടപൊരുതിയ മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍ എന്നിവരുടെ സാമൂഹിക – സാമ്പത്തിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനാണ് ഞാന്‍ ഏര്‍പ്പെട്ടത്.’

സമൂഹതലത്തിലെ വര്‍ഗസമരത്തെ മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍ ജനപക്ഷത്തുനിന്ന് നയിക്കുന്നതോടൊപ്പം ആശയതലത്തിലെ വര്‍ഗ സമരത്തില്‍ ദൈനംദിനമായി ഇടപെട്ട് തൊഴിലാളിവര്‍ഗ രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നതില്‍ മറ്റാരേക്കാളും വേറിട്ട സംഭാവനയാണ് ഇ.എം.എസ് നല്‍കിയത്.  പാര്‍ട്ടി നയ രൂപീകരണത്തിലും സംഘടനാ കെട്ടിപ്പടുക്കുന്നതിലും മാത്രമല്ല.  ബൂര്‍ഷ്വാ പത്രപ്രവര്‍ത്തനത്തില്‍ തുടങ്ങി തൊഴിലാളിവര്‍ഗ പത്രപ്രവര്‍ത്തനത്തിലേക്ക്.  സാഹിത്യരംഗത്തും ചരിത്രരചനയിലും.  ആസൂത്രണ – ഭരണരംഗത്ത്.   എല്ലാ തലങ്ങളിലും ഒരുപോലെ ഇടപെടുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു ഇ.എം.എസ്.  പ്രമുഖ മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ ബിപന്‍ ചന്ദ്ര സാക്ഷ്യപ്പെടുത്തുന്നതു നോക്കുക:

‘ഇ.എം.എസ് നമ്പൂതിരിപ്പാട് ഒഴികെയുള്ളവര്‍ സമകാലിക ചരിത്രം അവഗണിക്കുകയായിരുന്നു.  കേരളത്തിലെ ചരിത്രവികാസം സംബന്ധിച്ച ഇ.എം.എസിന്റെ ധാരണ മാര്‍ക്‌സിസത്തിന്റെ അവിടുത്തെ വളര്‍ച്ചയുമായി പല നിലയില്‍ ബന്ധപ്പെട്ടിട്ടുണ്ട്.  ഇന്ത്യന്‍ മാര്‍ക്‌സിസത്തിന്റെതന്നെ സ്വാധീനത്തിലും വളര്‍ച്ചയിലും അദ്ദേഹത്തിന്റെ ചരിത്രപരമായ രചനകള്‍ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.  അതേസമയം ഡി.ഡി. കോസാംബി, ആര്‍.എസ് ശര്‍മ്മ, ഇര്‍ഫാന്‍ ഫബീബ് തുടങ്ങിയവരുടെ സ്വാധീനം കേവലം അക്കാദമിക പണ്ഡിതരില്‍ മാത്രമായി. രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്നതില്‍ അവര്‍ പരാജയപ്പെടുകയാണ് ചെയ്തത്.’

60-കളുടെ അവസാനത്തില്‍ നക്‌സലിസവും അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു പിറകെ പി.ബിയിലെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പി. സുന്ദരയ്യയുടെ രാജിയും –  അങ്ങനെ സംഘടനാപരമായും രാഷ്ട്രീയമായും ഏറ്റവും വലിയ പ്രതിസന്ധിയില്‍പെട്ട സി.പി.എമ്മിനെ ഐക്യത്തിന്റേയും വളര്‍ച്ചയുടേയും ദിശയിലേക്ക് നയിച്ചത് ഇ.എം.എസ് ആണ്.  76-ല്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തും 78-ല്‍ ഔദ്യോഗികമായി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടും.

നീണ്ട 16 വര്‍ഷങ്ങള്‍ ജനറല്‍ സെക്രട്ടറി പദത്തിലിരുന്ന് സി.പി.എമ്മിനെ ആറുമടങ്ങ് വളര്‍ച്ചയിലേക്ക് നയിക്കുന്നതിന് നേതൃത്വം നല്‍കാന്‍ ഇ.എം.എസിന് കഴിഞ്ഞു.  സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പിടിച്ചുലച്ചപ്പോഴും ഇന്ത്യയില്‍ പാര്‍ട്ടിയേയും ഇടതുപക്ഷത്തേയും യോജിപ്പിന്റേയും സമരത്തിന്റേയും മേഖലയിലേക്ക് നയിക്കുന്നതില്‍ ഇ.എം.എസിന്റെ പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു.

നാല്പതുകളുടെ ആദ്യം ബോംബെ ആസ്ഥാനത്തും നാല്പതുകളുടെ അവസാനത്തില്‍ പാര്‍ട്ടി നിരോധിച്ച കാലയളവില്‍ ഒളിവില്‍ കല്‍ക്കത്തയിലെ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സിലും അമ്പതുകളില്‍ ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്തും  പ്രവര്‍ത്തിച്ച ദേശീയതല പ്രവര്‍ത്തനാനുഭവം.

1950-ല്‍ നാലംഗ ഇന്ത്യന്‍ പാര്‍ട്ടി പ്രതിനിധിസംഘം സ്റ്റാലിനടക്കമുള്ള സോവിയറ്റ് പ്രതിനിധി സംഘവുമായി രഹസ്യ ചര്‍ച്ചക്കുപോയപ്പോള്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല ഇ.എം.എസിനായിരുന്നു.  ചൈനീസ് നേതാക്കളായ ലിയൂ ഷാവോക്കി,  ലിയൂ നിനാ ഇ  തുടങ്ങിയ ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാക്കളും ചിന്തകരുമായും  പ്രമുഖ ജര്‍മ്മന്‍ ഇടതുപക്ഷ എഴുത്തുകാരനും ഇന്ത്യയിലെ ജി.ഡി.ആര്‍ സ്ഥാനപതിയുമായിരുന്ന ഹെര്‍ബര്‍ട്ട് ഫിഷര്‍ തുടങ്ങിയ വിദേശ ഇടതുപക്ഷ ബുദ്ധിജീവികളുമായുള്ള  ആശയവിനിമയം. ഇ.എം.എസിന്റെ ബഹുതല വ്യക്തിത്വവും  ദേശീയ – സാര്‍വ്വദേശീയ കാഴ്ചപ്പാടുകളും വികസിപ്പിക്കുന്നതില്‍  വലിയ പങ്കുവഹിച്ചു.  എഴുത്തിലും നിലപാടുകളിലും പുതിയ സ്വാധീനം വരുത്തി.  ഈ ചരിത്രവസ്തുതകളും പശ്ചാത്തലവും അറിയാതെയോ കണ്ടില്ലെന്ന് നടിച്ചോ ആണ് ആദ്യ കേരള മുഖ്യമന്ത്രിയായ ഇ.എം.എസിനെ അടിയന്തരാവസ്ഥയില്‍ കേരളത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ നേതൃപദവിയിലിരുന്ന സി. അച്യുതമേനോനുമായി താരതമ്യപ്പെടുത്തി രാഷ്ട്രീയ – മാധ്യമ പണ്ഡിതന്മാര്‍ മാര്‍ക്കിടാന്‍ പരിശ്രമിക്കുന്നത്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകരിലൊരാളായ എസ്.വി ഘാട്ടെയുമായുള്ള കൂടിക്കാഴ്ചകളും ആശയവിനിമയവും.  കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ജവഹര്‍ലാല്‍ നെഹ്‌റു, ജെ.ബി കൃപലാനി തുടങ്ങിയവരുമായി നിരന്തരം നടത്തിവന്ന എഴുത്തുകുത്തുകള്‍.  കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കവെ ജയപ്രകാശ് നാരായണന്‍, അശോക് മേത്ത തുടങ്ങിയവരുമായുള്ള അടുത്ത ബന്ധം.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പി. കൃഷ്ണപിള്ള, സുന്ദരയ്യമുതല്‍ എ.കെ.ജിവരെയുള്ള ബന്ധം. ഇതൊക്കെ ഇ.എം.എസിന്റെ  വ്യക്തിത്വ വികാസത്തില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ചരിത്രകാരനും ചിന്തകനും കമ്മ്യൂണിസ്റ്റ് താത്വികനും പാര്‍ട്ടിനേതാവും ഭരണാധികാരിയും എന്നെല്ലാമുള്ള നിലകളില്‍ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിക്കുമ്പോഴും ഇ.എം.എസ് സ്വയം തൊഴിലാളി വര്‍ഗത്തിന്റെ ദത്തുപുത്രന്‍ എന്ന വൈകാരിക തലത്തില്‍ ബോധപൂര്‍വ്വം ഒതുങ്ങിനില്‍ക്കുകയാണ് ചെയ്തത്.

തന്റെ ദീര്‍ഘകാല പാര്‍ട്ടി ജീവിതാനുഭവങ്ങളില്‍നിന്ന് അദ്ദേഹം തന്റെ  പിന്തുടര്‍ച്ചക്കാര്‍ക്കു മുമ്പില്‍ രേഖപ്പെടുത്തിവെച്ച ചില നിര്‍ണ്ണായക അനുഭവ പാഠങ്ങളുണ്ട്.  പി. സുന്ദരയ്യയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍നിന്നുള്ള രാജി അംഗീകരിച്ച കേന്ദ്രകമ്മറ്റിയില്‍ ഇ.എം.എസ് പറഞ്ഞു:

‘ സുന്ദരയ്യ പി.ബി അംഗത്വം തുടരണം.  പി.ബിയെ തിരുത്താനും സുന്ദരയ്യയെ തിരുത്താനും അത് അനിവാര്യമാണ്.’  സുന്ദരയ്യ പി.ബിയില്‍നിന്ന് രാജിവെച്ചിട്ടും അവസാനംവരെ ആ നിലപാടില്‍ ഇ.എം.എസ് ഉറച്ചുനിന്നു.  വി.എസിനെ പി.ബിയില്‍ നിലനിര്‍ത്താതെ സി.സിയിലേക്ക് തരംതാഴ്ത്തി തിരുത്താന്‍ ശ്രമിച്ചതും കേരളത്തിലെ പാര്‍ട്ടി കമ്മറ്റിയില്‍ ഇടം നല്‍കാതിരിക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍ ഈ നിലപാട് ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുന്നു.  പാര്‍ട്ടി നേതൃത്വത്തെ ഇ.എം.എസ് എന്നും ഓര്‍മ്മിപ്പിച്ച മറ്റൊരു കാര്യവും. അത് സ്റ്റാലിന്‍ നാലംഗ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് കൊടുത്ത ഉപദേശമാണ്:      ‘നാല് അഭിപ്രായങ്ങളെ പ്രതിനിധീകരിക്കുന്ന നിങ്ങള്‍ ആദ്യം നയപരമായി യോജിപ്പിലെത്തുക.  നിങ്ങള്‍ക്കുപിന്നില്‍ കേന്ദ്രകമ്മറ്റിയെ യോജിപ്പിക്കുക.  അതിനുപിറകില്‍ പാര്‍ട്ടി അണികളേയും.’   ഇ.എം.എസിന്റെ പിന്‍മുറ നേതാക്കള്‍ക്ക് കഴിയാതെ പോയതും അതുതന്നെ.

സോവിയറ്റ് തകര്‍ച്ചക്കുശേഷം ഇ.എം.എസ് പാര്‍ട്ടിയെ ആകെ പഠിപ്പിക്കാന്‍ പ്രധാനകാര്യമുണ്ട്.  സംഘടനാ അച്ചടക്കമെന്നത് ഉരുക്കുപോലുള്ള അച്ചടക്കമാണെന്നത് വളച്ചൊടിക്കപ്പെട്ട സംഘടനാ ധാരണയാണ്.  നേതൃത്വം പറയുന്നത് ചോദ്യം ചെയ്യാതെ അപ്പടി കൂറോടെ നടപ്പാക്കലാണ് പാര്‍ട്ടിയുടെ മുഖമുദ്രയെന്നത് ധാരണപ്പിശകാണ്.  പക്ഷേ, അത് ധാരണപ്പിശകല്ലെന്നും അതാണ് പാര്‍ട്ടിയെന്നും ധരിച്ചതാണ് സി.പി.എം ഇപ്പോള്‍ ദുരന്തക്കയങ്ങളില്‍ മുങ്ങിത്താഴുന്നതിനുള്ള ഏറ്റവും പ്രധാനമായ കാരണം.

1984 ജൂണ്‍ 13 മുതല്‍ ഇ.എം.എസ് മരണപ്പെടുംവരെ എല്ലാ ജന്മദിനങ്ങളിലും കൃത്യമായി ജന്മദിനാശംസ അദ്ദേഹത്തിന് ഈ ജീവചരിത്രകാരന്‍ എത്തിക്കുമായിരുന്നു.  ഇ.എം.എസ് എവിടെയാണെങ്കിലും എത്ര തിരക്കിലാണെങ്കിലും.  ‘എന്റെ ജന്മദിനം നിങ്ങള്‍ ഒരിക്കലും മറക്കാറില്ല ‘ – ഒരിക്കല്‍ കണ്ടപ്പോള്‍ അദ്ദേഹം അപൂര്‍വ്വമായ ചിരി പുറത്തെടുത്ത് പറഞ്ഞു.  വ്യക്തിപരമായ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഒരിക്കലും പ്രകടിപ്പിക്കാത്ത  പതിവ് വിട്ട്.

1998-ലെ ജൂണ്‍ 13, ജീവിതത്തിലെ ഏറ്റവും വലിയ നിരാശയുടെകൂടി ദിവസമായിരുന്നു.  ഇനി ആ ജന്മദിനാശംസ ആരെ അറിയിക്കാന്‍?  പക്ഷേ, ഇത്തവണത്തെ  106-ാം ജന്മദിനത്തില്‍ ഇ.എം.എസിന്റെ ഓര്‍മ്മയ്ക്ക് ഒരു എളിയ ഉപഹാരം സമര്‍പ്പിക്കണമെന്ന് ഉറപ്പിച്ചിരുന്നു.  ‘അറിയപ്പെടാത്ത ഇ.എം.എസി’ന്റെ അവസാനഭാഗം എഴുതി പൂര്‍ത്തിയാക്കുമെന്ന് ഇ.എം.എസിന് വാക്കുകൊടുത്തിരുന്നതാണ്. അത് ഫലപ്രാപ്തിയിലെത്തിക്കുമെന്ന്.

ഇ.എം.എസ് വേര്‍പിരിഞ്ഞ 1998-ല്‍തന്നെ ‘ഇ.എം.എസിന്റെ ലോകത്തില്‍’നിന്നും ഈ ലേഖകനെ പാര്‍ട്ടി അധികാരികള്‍ പുറംതള്ളിയതാണ്.  ഇപ്പോള്‍ പാര്‍ട്ടി സ്ഥാപകനേതാവിനെപ്പോലും ‘ഇ.എം.എസിന്റെ ലോക’ത്തുനിന്ന് പുറത്തുനിര്‍ത്തുമ്പോള്‍ ആദ്യത്തേത് എത്രയോ നിസാരം.

ഇ.എം.എസിന്റെ ജീവചരിത്രത്തിന്റെ അവസാനഭാഗം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് നേരത്തെ ഈ ബ്ലോഗില്‍ കുറിച്ചതുപോലെ ആശുപത്രിയിലായത്. ശത്രക്രിയ വേണ്ടിവന്നത്.  ഇപ്പോഴും നടക്കാവുന്ന അവസ്ഥയില്‍ ആയിട്ടില്ല.  ഒരു അനുബന്ധ ശസ്ത്രക്രിയകൂടി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.  അങ്ങനെയെങ്കില്‍ കുറച്ചുദിവസങ്ങള്‍കൂടി വീണ്ടും ആശുപത്രിയില്‍.

ദൈനംദിന കാര്യങ്ങള്‍ പഴയപടി സ്വയം നിര്‍വ്വഹിക്കാന്‍ ഇനിയും സമയം പിടിക്കും. അപ്രതീക്ഷിതമായ ഈ സാഹചര്യങ്ങള്‍ ഇ.എം.എസിന്റെ ഈ ജന്മദിനത്തില്‍ ദു:ഖിപ്പിക്കുന്നുണ്ട്, തീര്‍ച്ച.  പക്ഷേ നിരാശനാക്കുന്നില്ല.  അധികം വൈകാതെ ‘അറിയപ്പെടാത്ത ഇ.എം.എസി’ന്റെ അവസാനഭാഗം എന്നെന്നും ഓര്‍മ്മിപ്പിക്കപ്പെടുന്ന ഒരു പുസ്തകമായി വായനക്കാരുടെ കൈകളില്‍ എത്തിക്കാന്‍ കഴിയുമെന്നുതന്നെയാണ്  വിശ്വാസം.

ഈ ജന്മദിന ഓര്‍മ്മകള്‍ അതിനുള്ള കരുത്ത് പകരുന്നുണ്ടെന്ന് തോന്നുന്നു.

2 responses to “Remembering EMS on his birthday ഇ.എം.എസിന്റെ ജന്മദിനത്തില്‍

Leave a comment