മുതലാളി വർഗ്ഗത്തിന്റെ ദത്തുപുത്രന്മാർ

ഇത്തവണ ഓണക്കാലത്തു വിപണിയിലിറക്കിയ മലയാള മനോരമ വാര്‍ഷികപ്പതിപ്പിന്റെ പുറം ചിത്രവും ആമുഖലേഖനവും സിപിഎമ്മിന്റെ കേരള കാപ്പിറ്റലിനെ കുറിച്ചാണ്. അറിഞ്ഞോ അറിയാതെയോ ഉള്ള ആ ‘കാപ്പിറ്റല്‍’ പ്രയോഗത്തിനു ദ്വയാര്‍ത്ഥമുണ്ട്. സിപിഎമ്മിന്റെ ആസ്ഥാനമെന്നും മൂലധനമെന്നും.

അത് അറംപറ്റിയതുപോലെ കരുതണം സിപിഎമ്മിന്റെ മൂലധനം തേടി അമിത്ഷാ തുടലിട്ടു നയിക്കുന്ന കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ എകെജി സെന്ററിനുമുമ്പിലെ റോഡിലാണ്. മനോരമാ ലേഖകന്റെ വാക്കുകള്‍ കടമെടുത്താല്‍ പാര്‍ട്ടി ആസ്ഥാനത്തിരുന്നു നേരെനോക്കിയാല്‍ അവിടെ നാലുനില കെട്ടിടമുണ്ട്. കേരളത്തിലെ ‘ഏറ്റവും ശക്തരായവര്‍’ ഒന്നിച്ചു താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയം. എകെജി സെന്ററിലേക്കു കടന്നുചെല്ലുന്നത് എളുപ്പമല്ലാത്തതുപോലെയാണ് ആ ഫ്‌ളാറ്റിലേക്കുള്ള പ്രവേശനവും.

2001 ല്‍ ആ വീട്ടൊരുമക്കു തുടക്കമിട്ടത് മുഖ്യമന്ത്രിപദം ഒഴിഞ്ഞ് എത്തിയ ഇകെ നായനാരും ശാരദടീച്ചറുമായിരുന്നു. സംസ്ഥാനസെക്രട്ടറി പിണറായി വിജയനും കുടുംബവും, കോടിയേരി ബാലകൃഷ്ണനടക്കമുള്ള മുതിര്‍ന്ന സെക്രട്ടേറിയേറ്റംഗങ്ങളും ചേര്‍ന്നു അന്നു തുടങ്ങിയ സൗഹൃദപ്പൂക്കാലം ഇപ്പോള്‍ പെട്ടെന്നു മാറിയിരിക്കുന്നു. ആ വീട്ടൊരുമയില്‍ ഇപ്പോള്‍ സംശയത്തിന്റെയും കനലെരിയുന്നു. തീയുള്ളതുകൊണ്ടുതന്നെ മാധ്യമങ്ങളില്‍ പുക കാണുന്നു. കോടിയേരിയും ഇപി ജയരാജനുമൊക്കെ എന്തൊക്കെ സാഹോദര്യബോധം പ്രസ്താവിച്ചാലും.

ഇന്ത്യയിലെ ഏറ്റവും ശക്തനായ ആഭ്യന്തരമന്ത്രി നിയോഗിച്ചിട്ടുള്ള അന്വേഷണ ഏജന്‍സി കള്‍ ഇടത്തോ വലത്തോ ചുവടൊന്നു മാറ്റിയാല്‍ റോഡില്‍ നിന്ന് പാര്‍ട്ടി ആസ്ഥാനത്തേക്കോ എകെജി സെന്ററിലേക്കോ കടന്നു വരാവുന്നതേയൂള്ളൂ. അതിന്റെ മുന്നോടിയായി ബിനീഷ് കോടിയേരിയെ കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി സ്വര്‍ണ്ണക്കടത്തിലെ കമ്മീഷന്‍ ഇടുപാടുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. പ്രത്യാഘാതമെന്നോണം വ്യവസായ മന്ത്രി ഇ പി ജയരാജന്റെ മകനും സ്വര്‍ണ്ണക്കടത്തുകേസ്സിലെ മുഖ്യപ്രതിയായ വനിതയുമൊത്തുള്ള ഒരു പടം സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്തു.

പിണറായിയും കുടുംബവും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസിലും പാര്‍ടി സെക്രട്ടറി കോടിയേരി ചികിത്സാ സൗകര്യത്തിന് പാര്‍ട്ടി ഫ്‌ളാറ്റ് വിട്ട് കുടുംബസമേതം അടുത്തൊരു വാടകവീട്ടിലുമാണ്. സ്വര്‍ണ്ണക്കടത്തുകേസ്സില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതുകൊണ്ട് ആര്‍ക്കാണ് നെഞ്ചിടിക്കുന്നതെന്ന് മുഖ്യമന്ത്രി ഇടക്കിടെ ചോദിക്കാറുണ്ടായിരുന്നു. എകെജി ഫ്‌ളാറ്റിലും പാര്‍ട്ടി ആസ്ഥാനത്തുമുള്ള ചിലര്‍ക്കെങ്കിലും മറച്ചുപിടിക്കാനാകാത്ത വിധം ഇപ്പോള്‍ ചങ്കിടിക്കുന്നുണ്ട്. പിണറായിയുടെ കാര്യമെന്തായാലും.

ജൂലായ് ആദ്യവാരം നയതന്ത്രബാഗില്‍നിന്നു സ്വര്‍ണ്ണക്കള്ളക്കടത്തു പിടിച്ചതുമുതല്‍ മുഖ്യമന്ത്രിയും സെക്രട്ടറിയുമടക്കം സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു തേഞ്ഞ ഒരു വാചകമുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണവും ചില മാധ്യമവാര്‍ത്തകളും പാര്‍ട്ടിയെ കരിതേക്കാനും സര്‍ക്കാറിന്റെ നേട്ടങ്ങള്‍ മറച്ചുപിടിക്കാനുമുള്ള ആസൂത്രിതനീക്കമാണെന്ന്, എന്നാല്‍ കഴിഞ്ഞ ദിവസം (സെപ്തംബര്‍ 17) സിപിഎം മുഖപത്രം അണികള്‍ക്കൊരു മുന്നറിയിപ്പു നല്‍കി.

”മന്ത്രി കെടി ജലീലിനെ വിളിച്ചുവരുത്തിയതുപോലെ സംസ്ഥാനസര്‍ക്കാറുമായി ബന്ധമുള്ള പല ഉന്നതരേയും ഇഡിയില്‍ വിളിച്ചുവരുത്താനുള്ള തിരക്കഥ മുകളില്‍ തയ്യാറാകുന്നുണ്ട്.’

റിപ്പോര്‍ട്ട് തുടരുന്നു. നയതന്ത്രബാഗേജിലെ സ്വര്‍ണ്ണക്കടത്തു വെറും കസ്റ്റംസ് കേസ് മാത്രമാണ്. അതില്‍ തീവ്രവാദവും സര്‍ക്കാര്‍ ഇടപെടലും ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയ ആയുധമാക്കുകയാണ്. പേരുവെളിപ്പെടുത്താതെ ഒരു ഇ.ഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് പാര്‍ട്ടിപത്രത്തിലെ വാര്‍ത്ത. അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഈ രാഷ്ട്രീയ ഗൂഢാലോചനക്കുപിന്നിലെന്നുകൂടി പത്രം വെളിപ്പെടുത്തി.

സ്വര്‍ണ്ണക്കടത്തുകേസിന്റെ അന്വേഷണം രണ്ടരമാസത്തിലേറെ നീണ്ടതോടെ അന്വേഷണത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടു സംബന്ധിച്ച് സിപിഎമ്മില്‍ രൂക്ഷമാകുന്ന വൈരുദ്ധ്യമാണ് ഇപ്പോള്‍ മറനീക്കി പരക്കുന്നത്. കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌സ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) എന്നിവയെ എല്ലാം ഏകോപിപ്പിച്ച അന്വേഷണമാണ് ഈ കേസില്‍ നടന്നുവരുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലോ ഇ.ഡിയുടെ ഡല്‍ഹി ഓഫീസോ അന്വേഷണം രാഷ്ട്രീയ ആയുധമാക്കുന്നതല്ല. പാര്‍ട്ടി പത്രത്തിലെ കല്പിത കഥപോലെയുമല്ല കാര്യങ്ങള്‍. പ്രസ്തുത റിപ്പോര്‍ട്ടില്‍ അച്ചടിമഷി പതിയുന്ന രാത്രിയില്‍ തന്നെ മന്ത്രി കെടി ജലീല്‍ കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ കളമശ്ശേരി ടിബിയില്‍ എത്തിയിരുന്നു എന്നതുതന്നെ ഉദാഹരണം.

തിരുവനന്തപുരത്ത് നയതന്ത്രബാഗേജില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണ്ണം പിടിച്ചതിന്റെ മൂന്നാം ദിവസത്തെ തീയതിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ സംഭവം കേവല-സ്വര്‍ണ്ണക്കടത്തല്ല, മറ്റു പല മാനങ്ങളുമുണ്ട്. അതുകൊണ്ട് എല്ലാ കേന്ദ്രഏജന്‍സികളുടെയും ഏകോപിത അന്വേഷണത്തിനു ഉത്തരവിടണം. സാമ്പത്തിക വ്യവസ്ഥ തകര്‍ക്കല്‍, രാജ്യസുരക്ഷ, തീവ്രവാദം തുടങ്ങിയ മാനങ്ങള്‍ മാത്രമല്ല മുഖ്യമന്ത്രി സൂചിപ്പിച്ചതെന്നു വ്യക്തം. പാര്‍ട്ടിസംസ്ഥാന സെക്രട്ടറിയുടെയും മന്ത്രിയുടെയുമൊക്കെ പേരുകള്‍ ഉയരുമ്പോള്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ പരിധിയിലേക്കാണ് അന്വേഷണം കടക്കുന്നത്.

അന്വേഷണം ഇപ്പോഴും ശരിയായ ദിശയില്‍ തന്നെ എന്നാണ് തുടക്കംമുതല്‍ മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു എത്തുമെന്നു വന്നപ്പോഴും അതാവര്‍ത്തിച്ചു. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെയും തന്റെ വിശ്വസ്തന്‍ മന്ത്രി ജലീലിനെയും ചോദ്യം ചെയ്തപ്പോഴും അതാവര്‍ത്തിക്കുന്നു.

കേന്ദ്രഏജന്‍സികളുടെ അന്വേഷണം ദിശാബോധമില്ലാതെ നീങ്ങുന്നു എന്ന് പരക്കെ തോന്നിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഭാഗമായ സംസ്ഥാന ബിജെപിക്കുപോലും ആഭ്യന്തരമന്ത്രി അമിത്ഷാ കോവിഡ് ബാധിച്ച് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞതാണ് ഇതിന്റെ കാരണമെന്നാണ് കിട്ടുന്ന വിവരം. ആശുപത്രി വിട്ടശേഷം അമിത്ഷാ എടുത്ത രാഷ്ട്രീയകേസ് ഫയല്‍ സ്വര്‍ണ്ണക്കടത്തുകേസിന്റേതാണത്രെ. കേരളത്തിലെ രാഷ്ട്രീയ ചരിത്രം നേരിട്ടറിവുള്ള ദേശീയ സുരക്ഷാഅഡൈ്വസറുമായി ആലോചിച്ച് കേസിന്റെ ദിശ തെളിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനേയും പ്രധാനപ്രതി സ്വപ്നാസുരേഷിനെയുമടക്കം എന്‍ഐഎ പുതിയ തെളിവുകളുമായി വീണ്ടും നേരിടാന്‍ പോകുന്നു.

ശിവശങ്കര്‍ മാപ്പുസാക്ഷിയും മന്ത്രി ജലീല്‍ സാക്ഷിയും എന്ന നിലയില്‍ തീരുമാനിക്കപ്പെട്ടെ ന്ന പ്രചരണം ശക്തമാണ്. എന്നാല്‍ അന്വേഷണ സംഘത്തെ എകെജി സെന്ററില്‍ കടത്താതെ അവസാനിപ്പിക്കില്ല എന്ന വാശി അമിത്ഷാക്കുണ്ടെന്നും കേള്‍ക്കുന്നു. അത്തരമൊരു രാഷ്ട്രീയ ഒത്തുതീര്‍പ്പിന് മുഖ്യമന്ത്രിയുടെ ഒരു മാധ്യമ ഉപദേഷ്ടാവ് കരുക്കള്‍ നീക്കിയതായി സിപിഎം നേതാക്കള്‍ തന്നെ രഹസ്യമായി കുശുകുശുക്കുന്നു. അതല്ല സാക്ഷാല്‍ പിണറായി തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നവരും പാര്‍ട്ടി നേതൃത്വത്തിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഒരാളുടെയും ശബ്ദം പാര്‍ട്ടിവേദിയില്‍ ഉയരാതിരിക്കാന്‍.

ബിനീഷ് കോടിയേരിയെ സ്വര്‍ണ്ണക്കടത്തുകേസില്‍ ചോദ്യം ചെയ്തതോടെ സംസ്ഥാന സെക്രട്ടറിയുടെ ധാര്‍മ്മിക മുഖം മാത്രമല്ല നഷ്ടമായത്. കഴിഞ്ഞ 15 വര്‍ഷമായി എകെജി ഫ്‌ളാറ്റില്‍ താമസിച്ചു വളര്‍ത്തിക്കൊണ്ടുവന്ന തൊഴിലാളിവര്‍ഗ്ഗ സാംസ്‌കാരിക മൂലധനത്തിന്റെ ചെമ്പാണ് പുറത്താകുന്നത്.

ബിനീഷ് കോടിയേരി കുറ്റക്കാരനാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ എന്ന് സെക്രട്ടറി കോടിയേരി പറഞ്ഞു. ഒരു ഡിഎന്‍എ കേസു നേരിടുന്ന മൂത്തമകന്‍ കുടുംബത്തില്‍ നിന്ന് അകന്നാണ് താമസം. നേരത്തെ ഗള്‍ഫില്‍ ചെക്കുകേസില്‍ പെട്ടപ്പോള്‍ പ്രായപൂര്‍ത്തിയായ ബിനീഷിന്റെ കേസിന്റെ ഉത്തരവാദിത്തം തനിക്കോ പാര്‍ട്ടിക്കോ ഇല്ലെന്നും താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും കോടിയേരി നിലപാടെടുത്തിരുന്നു.

എന്നാല്‍ പിന്നീട് ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കുഞ്ഞനന്തന്‍ മരണപ്പെട്ടപ്പോള്‍ മൃതദേഹത്തെ അനുധാവനം ചെയ്യാന്‍ ബിനീഷ് കോടിയേരിയെയാണ് നിയോഗിച്ചത് കേന്ദ്രനയങ്ങള്‍ക്കെതിരെ വീടിനുമുമ്പില്‍ നടതിയ സിപിഎം ധര്‍ണ്ണയില്‍ കോടിയേരിക്കൊപ്പം ബിനീഷുമുണ്ടായിരുന്നു.

മന്ത്രി പുത്രനും സ്വപ്നയും എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് രണ്ടു ലക്ഷ്യങ്ങളുണ്ട്. മന്ത്രി ഇപി ജയരാജനെ പരസ്യമായി സമാശ്വസിപ്പിക്കുക. ഒപ്പം മാധ്യമപ്രവര്‍ത്തകരെ താക്കീതുചെയ്യുകയും ”നിങ്ങള്‍ക്കെതിരെയും ഇങ്ങനെ സംഭവിച്ചാലോ? ഞങ്ങള്‍ താങ്ങും. നിങ്ങള്‍ക്കതിനാവില്ല.”

യൂഗോസ്ലാവ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നേതാവായിരുന്ന മിലോവാന്‍ ജിലാസ (Milovan Dilas) അധികാരവുമായി ബന്ധപ്പെട്ട് ഒരു പുത്തന്‍ വര്‍ഗ്ഗം ജനിക്കുന്നതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ആഗോളീകരണത്തിനുശേഷം അതിലും വഷളായ ഒരു പുത്തന്‍വര്‍ഗ്ഗത്തെ എകെജി ഫ്‌ളാറ്റിലെ വീട്ടൊരുമയില്‍ വളര്‍ത്തിക്കൊണ്ടുവന്നതിന്റെ ദുരന്തമാണ് സിപിഎം ഉം ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റും നേരിടുന്നത്.

മനോരമ വാര്‍ഷികപ്പതിപ്പിലെ ഈ ഭാഗം കൂടി വായിച്ചുനോക്കൂ:

”വിനോദിനി (കോടിയേരിയുടെ ഭാര്യ)യും പിണറായി വിജയന്റെ ഭാര്യ കമലയും കണ്ണൂരില്‍ വെച്ചുതന്നെ സ്‌നേഹിതകളാണ്. അവരുടെ പ്രിയ സഖാക്കളെപ്പോലെ. കോടിയേരിയുടെ മൂത്തമകന്‍ ബിനോയിയും പിണറായിയുടെ മകന്‍ വിവേകും തിരുവനന്തപുരം മാര്‍ഇവാനിയോസില്‍ പ്രീഡിഗ്രിക്ക് ഒരുമിച്ചായിരുന്നു പഠനം. ബിനോയിയും ബിനീഷും വിവേകുമെല്ലാം സ്‌കൂള്‍ വിദ്യാഭ്യാസം പിന്നിട്ട തലശ്ശേരി സെന്റ്‌ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായിരുന്നു കമല. എംഎ ബേബിയുടെയും ബെറ്റിയുടെയും ഏക മകന്‍ അശോകും ബിനീഷും അടുത്ത ചങ്ങാതിമാരുമായിരുന്നു സഖാക്കളെപ്പോലെ അടുത്ത ബന്ധം മക്കള്‍ തമ്മില്‍ ഫ്‌ളാറ്റില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്”.

അതുകൊണ്ട് സിപിഎമ്മിലെ പുതിയ നേതാക്കളുടെ ഈ മക്കളില്‍ മിക്കവരും പുതിയൊരു വര്‍ഗ്ഗമായി തന്നെയാണ് വളര്‍ന്നുവന്നത്. ആദ്യം കടല്‍ കടക്കാനുള്ള പാസ്‌പോര്‍ട്ട്. ഒന്നുകില്‍ ഇംഗ്ലണ്ടില്‍ പഠനം അല്ലെങ്കില്‍ ഗള്‍ഫില്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ഉദ്യോഗം. അച്ഛന്റെ രാഷ്ട്രീയ -ഭരണ അധികാരത്തിന്റെ സ്വാധീനത്തില്‍, ഗള്‍ഫ് വ്യവസായികളുടെ ചെലവില്‍ പഠനമോ ഉദ്യോഗമോ. ഒടുവിലിപ്പോള്‍ അച്ഛന്‍മാരെ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടി ഭരണത്തിലെ പുത്തന്‍ വര്‍ഗ്ഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കു കാത്തിരിക്കുക. കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അവ കോടതിയില്‍ സമര്‍പ്പിക്കുന്ന മുറക്ക്.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലുള്ള മുന്നണിഭരണത്തെ പുത്തൻ വർഗ്ഗം നയിക്കുന്നതിന്റെ ദുരന്തമാണിത്. തൊഴിലാളി വർഗ്ഗത്തിന്റെ ദത്തുപുത്രൻമാരുടെ നേതൃത്വത്തിൽ കെട്ടിപ്പടുത്ത കമ്യൂണിസ്റ്റ് പാർട്ടികൾ മുതലാളിത്ത വർഗ്ഗത്തിന്റെ ദത്തുപുത്രന്മാരുടെ നേതൃത്വത്തിലായി മാറിയതിന്റെ ദുരന്തം കൂടിയാണിത്.

Leave a comment