Corona deaths in US: Imperial College Team projects 1.1 million കൊറോണയെ പിടിച്ചുകെട്ടണമെങ്കില്‍

സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ കൊറോണ മഹാമാരിക്കെതിരായ പോരാട്ടം നമ്മുടെ രാജ്യം തുടരുന്നതിനിടയ്ക്കുതന്നെ പറയട്ടെ, നിയന്ത്രണത്തിന്റെ കടിഞ്ഞാണ്‍ കൈയിലെത്താന്‍ ഇനിയും കാത്തിരിപ്പു വേണ്ടിവരും. ഏറ്റുമുട്ടുന്ന കോവിഡ്-19 എന്ന പുതിയ കൊറോണ മഹാമാരിയുടെ വ്യാപന വേഗതയും മാരകശേഷിയും അത്ര ഭയാനകമാണെന്നാണ് രോഗപര്യവേക്ഷകരായ ശാസ്ത്രജ്ഞരുടെ ആഗോളപഠനം വെളിപ്പെടുത്തുന്നത്.

പരിണാമസംബന്ധിയായ പ്രശസ്ത രോഗപര്യവേക്ഷകന്‍ റോബ് വാലസിന്റെ നേതൃത്വത്തില്‍ നാല് ജീവശാസ്ത്രജ്ഞര്‍ ‘മന്ത്‌ലി റവ്യൂ’ എന്ന പ്രശസ്ത പ്രസിദ്ധീകരണത്തിനുവേണ്ടി തയാറാക്കിയതാണ് കോവിഡ് – 19 സംബന്ധിച്ച പഠനറിപ്പോര്‍ട്ട്. മെയ് 1ന്റെ ലക്കത്തിനുവേണ്ടി തയാറാക്കിയതായിരുന്നു മന്ത്‌ലി റവ്യൂ പഠനം. ലോകമാകെ, വിശേഷിച്ച് അമേരിക്കയില്‍ മഹാമാരി ഉയര്‍ത്തിയ മാരക ഭീഷണിയുടെ പശ്ചാത്തലത്തില്‍ പതിവില്ലാത്തവിധം ഓണ്‍ലൈനായി മാര്‍ച്ച് 27ന് മന്ത്‌ലി റവ്യൂ പഠനം വെളിപ്പെടുത്തുകയായിരുന്നു. അമേരിക്കയില്‍ ഇതിനകം കൊറോണ 1400ലേറെ പേരുടെ ജീവനെടുത്ത ന്യൂയോര്‍ക്ക് നഗരത്തില്‍നിന്ന് 72 വര്‍ഷംമുമ്പ് ലോകംകണ്ട പ്രമുഖ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രശസ്ത ലേഖനത്തോടെ പ്രസിദ്ധീകരണം തുടങ്ങിയതാണ് മന്ത്‌ലി റവ്യൂ.

കഴിഞ്ഞ ജനുവരി 9ന് ചൈനയില്‍ റിപ്പോര്‍ട്ടുചെയ്ത ആദ്യ കൊറോണ മരണം മുതല്‍ ലോകം നേരിടുന്ന മഹാമാരിയുടെ ഇപ്പോഴത്തെ അവസ്ഥയും ഇതിനിടയാക്കിയ ആരോഗ്യ- പരിസ്ഥിതി -സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങളും വിലയിരുത്തുന്നതാണ് പഠനം. അമേരിക്ക നേരിടുന്ന അസാധാരണ സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടുന്ന തോടൊപ്പം ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള നിര്‍ദ്ദേശങ്ങളും പഠനം ഉള്‍ക്കൊള്ളുന്നു. റോബ് വാലസിനു പുറമെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ റോഡ്രിക് വാലസ്, കോസ്റ്റാറിക്ക ആരോഗ്യ ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ ഗവേഷകന്‍ ലൂയിസ് ഫെര്‍ണാഡോ ചാവേസ്, മിനേസോട്ട സര്‍വ്വകലാശാലയിലെ അലക്‌സ് ലിവ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം തയാറാക്കിയത്.

ലോകത്തിലെ ഏറ്റവും ധനികരാഷ്ട്രമായ അമേരിക്കയില്‍ ചുരുങ്ങിയത് പതിനൊന്നു ലക്ഷം പേരെങ്കിലും കൊറോണ ബാധയെതുടര്‍ന്ന് മരണപ്പെടുമെന്ന ലണ്ടന്‍ ഇംപീരിയല്‍ കോളജിന്റെ പഠനറിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍ അതില്‍ ഉദ്ധരിക്കുന്നു. ചൈന സ്വീകരിച്ചതുപോലുള്ള കടുത്തതും അടിയന്തരവുമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാലും മരണം രണ്ടുലക്ഷത്തിന് മുകളിലെങ്കിലും എത്തുമെന്നും. യു.എസിലെ തീവ്രരോഗ പരിചരണ ആശുപത്രികളില്‍ ലഭ്യമായ കിടക്കകളുടെ എട്ടുമടങ്ങ് രോഗികളെ വരുംമാസങ്ങളില്‍ അമേരിക്കയ്ക്കു കൈകാര്യം ചെയ്യേണ്ടിവരുമെന്ന് പഠനം വിലയിരുത്തുന്നു. രോഗവും സാമ്പത്തിക പ്രതിസന്ധിയും സന്തുലിതമാക്കി പോയാല്‍ ചുരുങ്ങിയത് പതിനെട്ടു മാസമെടുത്താലേ അമേരിക്കക്ക് മഹാമാരി നിയന്ത്രിക്കാനാകൂ.

‘ബ്ലാക്ക് സ്വാന്‍’ എന്ന പ്രമുഖ കൃതിയുടെ രചയിതാവുകൂടിയായ നാഷിം താലബിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിദഗ്ധ ഗ്രൂപ്പിന്റെ നിര്‍ദ്ദേശം പഠനറിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു: പുതിയ വൈറസിനെ നിയന്ത്രിക്കാന്‍ ചൈന സ്വീകരിച്ച നടപടി അമേരിക്ക സ്വീകരിക്കണമെന്ന്. സാമ്പത്തികമോ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവോ കണക്കാക്കാതെ കൊറോണയെ കഴിയും വേഗത്തില്‍ കീഴ്‌പ്പെടുത്തണം.

അമേരിക്ക മാത്രമല്ല ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ കൊറോണ മഹാമാരിയെ അതിവേഗം പ്രതിരോധിച്ചു തോല്പിക്കാന്‍ എന്തൊക്കെ അടിയന്തരമായി ചെയ്യണമെന്ന് മന്ത്‌ലി റിപ്പോര്‍ട്ട് പഠനം നിര്‍ദ്ദേശിക്കുന്നു:

കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സ്‌പെയിന്‍ ചെയ്തതുപോലെ ആശുപത്രികള്‍ അടിയന്തരമായി ദേശസാത്ക്കരിക്കണം. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സെനഗല്‍ നിര്‍വ്വഹിച്ചതുപോലെ ജനങ്ങളെ കൂട്ടമായി വന്‍തോതില്‍ പരിശോധനയ്ക്കു വിധേയമാക്കണം. പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മെഡിക്കല്‍ സ്റ്റാഫിന് പരമാവധി സംരക്ഷണം നല്‍കണം. അവരുടെ എണ്ണം കുറവുവരാതെ നികത്താന്‍ സംവിധാനം ഉറപ്പാക്കണം. വെന്റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും വേണ്ടത്ര ലഭ്യമാക്കണം. അവ റിപ്പയര്‍ ചെയ്യാനുള്ള അവകാശം നേടിയെടുക്കണം. പ്രതിരോധ മരുന്നുകള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച ക്ലിനിക്കല്‍ പരീക്ഷണം തീവ്രമാക്കണം. സമാന്തരമായി ആദ്യകാല മരുന്നുകളായ ആന്റി വൈറസ് ഔഷധങ്ങളും മലേറിയയെ ചെറുക്കുന്ന ക്ലോറോക്വിന്‍ പോലുള്ളവയും വന്‍തോതില്‍ ഉല്പാദിപ്പിക്കണം. പ്രതീക്ഷ നല്‍കുന്ന മരുന്നുകളുടെയും ഉല്പാദനം കൂട്ടണം.

-കമ്പനികള്‍ വെന്റിലേറ്ററുകളും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സംരക്ഷണം ഉപകരണങ്ങളും അടിയന്തരമായി നിര്‍മ്മിക്കാനുള്ള ആസൂത്രണവും സംവിധാനവും ഓരോ രാജ്യത്തും ഉറപ്പാക്കണം. കൊറോണ ബാധയുള്ള മേഖലകളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ആവശ്യമനുസരിച്ച് ഇവ എത്തിക്കണം.

-ഇതിനുപുറമെ കൊറോണ മഹാമാരിയെ നേരിടാനുള്ള ഒരു സേനയ്ക്ക് രൂപംനല്‍കണം. ഗവേഷണം തൊട്ട് പരിചരണംവരെയുള്ള എല്ലാ കാര്യങ്ങളിലും സഹായിക്കാന്‍. എല്ലാതരം വൈറസിനെയും മാരക രോഗാണുക്കളെയും തടയാനുള്ള മനുഷ്യ പ്രതിരോധസേന എന്നാണ് മന്ത്‌ലി റിപ്പോര്‍ട്ട് പഠനം ഇതിനെ വിശേഷിപ്പിക്കുന്നത്.

-ഓരോ രാജ്യവും അവിടങ്ങളില്‍ നിലവിലുള്ള തീവ്ര പരിചരണ കിടക്കകള്‍ അതിന്റെ ഭാഗമായ സ്റ്റാഫ്, ഉപകരണങ്ങള്‍ സംബന്ധിച്ച് അടിയന്തര കണക്കെടുപ്പ് നടത്തണം. കുറവ് നികത്തണം.

-കോവിഡ്-19 നെതിരായ ആകാശാക്രമണം കൊണ്ട് നിര്‍ത്തിക്കൂടാ. ഇതിനു പിറകെ പൊട്ടിപ്പുറപ്പെടാവുന്ന വിവിധ വൈറസുകളെയും മാരക രോഗാണുക്കളെയും തുടര്‍ച്ചയായി നേരിടണം. അതിനായി ഓരോ വീടും കയറിയിറങ്ങാനുള്ള ആളുകളെ സജ്ജരാക്കണം. അവര്‍ക്കുവേണ്ട സംരക്ഷണ ഉപകരണങ്ങളും. രോഗത്തില്‍നിന്നും ചികിത്സയില്‍നിന്നും ജനങ്ങളെ അതിജീവിപ്പിക്കാനാകണം. ഇതിനു വഴങ്ങാത്ത മര്‍ക്കടമുഷ്ഠിയുള്ള സര്‍ക്കാറുകളുടെ മേല്‍ അതിശക്തമായ സമ്മര്‍ദ്ദം കൊണ്ടുവരണമെന്ന് മന്ത്‌ലി റവ്യൂ പഠനം പ്രത്യേകം നിര്‍ദ്ദേശിക്കുന്നു.

ഇന്ത്യയുടെ കോണില്‍നിന്ന് വീക്ഷിക്കുമ്പോള്‍ പഠനം വ്യക്തമാക്കുന്നത് മൂന്നാഴ്ചക്കാലം രാജ്യം അടച്ചുപൂട്ടിയത് ഏറെ പ്രധാനമാണെന്നതാണ്. ഒരുപക്ഷെ അടച്ചിടല്‍ ചിലപ്പോള്‍ ഇനിയും നീട്ടേണ്ടിവരുമെന്നും. ലക്ഷ്മണരേഖ മറികടന്ന് ജനങ്ങള്‍ പുറത്തുപോകുന്നത് രാജ്യദ്രോഹമാണെന്നുതന്നെ പഠനം ഓരോ പൗരനെയും ഓര്‍മ്മപ്പെടുത്തുന്നു.

അടിയന്തരമായി നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങളും നമ്മുടെ തയാറെടുപ്പുകളും പ്രതിരോധ പ്രവര്‍ത്തനവും താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ പലതും നാം സ്വീകരിച്ചിട്ടുണ്ടെന്നു കാണാം. സ്വീകരിക്കാത്തത് ഏറെയുണ്ടെന്നും. വിമര്‍ശിക്കേണ്ട ഘട്ടമല്ലെങ്കിലും മന്ത്‌ലി റവ്യൂ പഠനത്തിന്റെ വെളിച്ചത്തില്‍ ചിലത് ചൂണ്ടിക്കാട്ടേണ്ടതുണ്ട്.

അമേരിക്കയില്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച അവഗണനാനയം നമ്മുടെ കാര്യത്തിലുമുണ്ടായി. ആദ്യം അവഗണിച്ച ട്രംപും ജര്‍മ്മന്‍ ചാന്‍സലറും ഫ്രഞ്ച് പ്രസിഡന്റുമൊക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങിയ ശേഷമാണ് നമ്മുടെ പ്രധാനമന്ത്രി രംഗത്തുവന്നത്. ചൈനയുടെ മുന്നറിയിപ്പിനുശേഷം മറ്റുപല രാജ്യങ്ങളും കോവിഡ് – 19ന്റെ വ്യാപനം തടയുന്നതിന് ജാഗ്രമായപ്പോള്‍ കേന്ദ്ര ഗവണ്മെന്റിന്റെ മുന്‍ഗണനകള്‍ ട്രംപിന്റേതുപോലെ അതായിരുന്നില്ല. പൗരത്വ ഭേദഗതി നിയമം, ഡല്‍ഹിയടക്കമുള്ള ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍, ട്രംപിന്റെയും കുടുംബത്തിന്റെയും ഇന്ത്യാ സന്ദര്‍ശനം തുടങ്ങിയവയായിരുന്നു നമ്മുടെ മുന്‍ഗണന. പരിശോധനാ കിറ്റുകളുടെയും വെന്റിലേറ്ററുകളുടെയും ലാബുകളുടെയും ആശുപത്രികളുടെയും കാര്യത്തില്‍ ട്രംപിനെപോലെതന്നെ നരേന്ദ്ര മോദിയും അലസത കാട്ടി. ഏറ്റവുമൊടുവില്‍ ഇവിടെ ഉല്പാദിപ്പിച്ച വെന്റിലേറ്ററുകള്‍ കരുതിവെക്കാതെ കൈനീട്ടിയ ആര്‍ക്കോ കയറ്റിയയക്കുകയും ചെയ്തു. പൊതുജനാരോഗ്യ നയത്തില്‍ മോദി ഗവണ്മെന്റ് അടിസ്ഥാനപരമായി വരുത്തിയ തിരുത്തലിന്റെ പ്രത്യാഘാതംകൂടിയാണ് ഇത്.

ഈ നയവ്യത്യാസം കേരളഗവണ്മെന്റിന്റെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്താല്‍ തിരിച്ചറിയാന്‍ കഴിയും. ഇന്ത്യാ ഗവണ്മെന്റിനുമുമ്പെ 20,000 കോടിയുടെ പ്രത്യേക പാക്കേജ് കേരളം കൊറോണ ബാധയെ നേരിടാന്‍ പ്രഖ്യാപിച്ചു. 1,35,000 പേരുടെ കര്‍മ്മസേന രൂപീകരിക്കാന്‍ കേരളം തയാറായി. സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്കായി കണ്ടെത്തി. അടച്ചുപൂട്ടലിനു വിധേയരായവര്‍ക്ക് സൗജന്യ ഭക്ഷണമടക്കം നല്‍കുന്ന ഒട്ടേറെ മാതൃകാ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. എന്നാല്‍ അടച്ചുപൂട്ടലിനെ പരാജയപ്പെടുത്തുന്ന, മഹാമാരിയെ സഹായിക്കുന്ന വിധത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്ന നിലപാടാണ് കേന്ദ്ര ഗവണ്മെന്റില്‍നിന്ന് ഉണ്ടായത്. ആശ്രയവും പ്രതീക്ഷയുമറ്റ് ഡല്‍ഹിയില്‍നിന്ന് യു.പിയടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് അവര്‍ കൂട്ടപലായനം നടത്തി. അടച്ചുപൂട്ടല്‍ നടപ്പാക്കുന്നതിനു മുമ്പ് ഈ മഹാ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും എവിടെയൊക്കെയോ നമ്മുടെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സര്‍ക്കാറിനും തെറ്റുപറ്റിയിട്ടുണ്ട്. ജനങ്ങള്‍തന്നെ സാക്ഷികള്‍. ഇനിയെങ്കിലും മുന്‍ നിലപാടുകള്‍ തിരുത്തിയും അടിയന്തര ലക്ഷ്യബോധത്തോടെയും ശാസ്ത്രീയമായ രീതിയില്‍ പ്രധാനമന്ത്രി മോദിയുടെ ഭാഗത്തുനിന്നുതന്നെയാണ് രാജ്യത്തെ രക്ഷിക്കാനുള്ള നടപടികളുണ്ടാകേണ്ടത്.

കോവിഡ് – 19 എന്ന പുതിയ വൈറസ് ചൈനയില്‍ പൊട്ടിപ്പുറപ്പെട്ടതും അതുമായി ഉയര്‍ന്ന വിവാദങ്ങളും വിശദമായി പഠനം അഭിസംബോധന ചെയ്യുന്നുണ്ട്. ജൈവായുധമായി നിര്‍മ്മിച്ചതോ വിതരണം ചെയ്തതോ അല്ല കൊറോണ വൈറസ്. ചൈനയിലെ വുഹാനില്‍നിന്ന് എട്ടാഴ്ചകൊണ്ട് അത് മനുഷ്യവംശമാകെ പടര്‍ന്നുകയറുകയായിരുന്നു. വിദേശത്തുനിന്ന് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണ മേഖലയില്‍നിന്നാണ് വന്യജന്തുക്കളില്‍നിന്നുള്ള പുതിയ കൊറോണ വൈറസ് മനുഷ്യനിലേക്കു പകര്‍ന്നത്. ഇത് ചൈനയിലെ മേഖലാ വിതരണ ശൃംഖലയില്‍നിന്ന് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കുള്ള വൈറസ് ശൃംഖലയായി ലോകമാകെ വ്യാപിച്ചു. വിമാനങ്ങള്‍ വഴിയും തീവണ്ടികള്‍ വഴിയും ആഗോളതലത്തില്‍ വലുതും ചെറുതുമായ നഗരങ്ങളിലേക്ക് 2002ല്‍ ചൈനയില്‍നിന്ന് സാര്‍സ് കൊറോണ പടര്‍ന്നതിലും തീവ്രതയില്‍. ‘മനുഷ്യവര്‍ഗം ഇത്തരമൊരു കെണിയില്‍ പെട്ടതിന്റെ വസ്തുതകള്‍ ഇനിയും അറിയാനുണ്ടെന്നുകൂടി പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചൈന വിവരം മറച്ചുവെച്ചതുകൊണ്ടും മുന്നറിയിപ്പു നല്‍കാത്തതുകൊണ്ടുമാണ് മഹാമാരി നേരിടേണ്ടിവന്നതെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം മന്ത്‌ലി റവ്യൂ തള്ളിക്കളയുന്നു. വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ മാസങ്ങള്‍ക്കു മുമ്പുതന്നെ രോഗ നിയന്ത്രണ- തടയല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട വിദഗ്ധനെ ചൈനയില്‍നിന്ന് ട്രംപ് പിന്‍വലിച്ചു. അവിടെ എന്താണ് നടക്കുന്നത് എന്നറിയാനുള്ള നേരിട്ടുള്ള ബന്ധം വിച്ഛേദിച്ചു. പകര്‍ച്ചവ്യാധി സംബന്ധിച്ച ദേശീയ സുരക്ഷാ സംഘത്തെയും ട്രംപ് വേണ്ടെന്നുവെച്ചു. എഴുന്നോറോളം സി.ഡി.സി തസ്തികകള്‍ നികത്തിയില്ല. 2002ലെ മഹാമാരി തടയല്‍ പദ്ധതികള്‍ നടപ്പാക്കാനും മുതിര്‍ന്നില്ല. അമേരിക്കയില്‍ കൊറോണ പടര്‍ന്നപ്പോള്‍ ആവശ്യമായ മുഖാവരണംപോലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുണ്ടായില്ല. ട്രംപ് ഭരണത്തില്‍ ആരോഗ്യ പ്രതിരോധ സംവിധാനംതന്നെ തകര്‍ന്നുകഴിഞ്ഞിരുന്നു.

ന്യൂയോര്‍ക്ക് നഗരവും ചൈനയിലെ വുഹാന്‍ നഗരവുമായി ബന്ധപ്പെടുത്തി മുന്‍ ന്യൂയോര്‍ക്ക് ഡെപ്യൂട്ടി മേയര്‍ അലീഷ്യ ക്ലെനെസ്സിന്റെ സാന്നിധ്യത്തില്‍ മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഭവന നിര്‍മ്മാണ പദ്ധതികളാണ് ന്യൂയോര്‍ക്കിനെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമാക്കിയതെന്ന് മന്ത്‌ലി റിപ്പോര്‍ട്ട് പറയുന്നു. ചൈനയില്‍ ഷാംഹുയീ ഇന്‍വെസ്റ്റ്‌മെന്റ്, അമേരിക്ക ആസ്ഥാനമായുള്ള സ്മിത് ഫീല്‍ഡ് ഫുഡ്‌സ് തുടങ്ങിയ ആഗോള കമ്പനികളിലെ നിക്ഷേപം വുഹാനിലെ കാര്‍ഷിക ബിസിനസും ഫ്യൂജിയാനയിലെയും ഫുനാനിലെയും കോഴി ഫാമുകള്‍- ഇവിടെനിന്ന് പുറപ്പെട്ട് ന്യൂയോര്‍ക്ക് അപ്പാര്‍ട്ടുമെന്റുകളില്‍നിന്ന് അപ്പാര്‍ട്ടുമെന്റുകളിലേക്ക് നീങ്ങിയതാണ് മാരകമായ വൈറസ് ചങ്ങലകള്‍ എന്നും.

കോവിഡ് -19ന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍തന്നെ ഒരു മീന്‍മാര്‍ക്കറ്റോ വന്യജീവി വില്പന ചന്തയോ അല്ല. അത് അങ്ങനെയാണെന്ന ധാരണയാണ് കോവിഡ് വൈറസ് ബാധയെതുടര്‍ന്ന് മാധ്യമങ്ങള്‍ പൊതുവെ ലോകത്താകെ പരത്തിയിട്ടുള്ളത്. ആധുനിക വികസനത്തിന്റെ നിക്ഷേപത്തിന്റെ ഒന്നാമതു രാജ്യമായി മാറിയ ചൈനയുടെ ഏറ്റവും വലിയ വികസിത നഗരങ്ങളിലൊന്നാണ് വുഹാന്‍. ചൈനയുടെ ചിക്കാഗോയെന്നും വാഹന വ്യവസായങ്ങളുടെ കാര്യത്തില്‍ ചൈനയുടെ ഡെട്രോയിറ്റ് എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന വുഹാന്‍. 230 വിദേശ രാജ്യങ്ങളില്‍നിന്ന് 500ലേറെ സ്ഥാപനങ്ങളുടെ നിക്ഷേപം – 50 ഫ്രഞ്ച് കമ്പനികളടക്കം, നാല് നിര്‍ണ്ണായക റെയില്‍വെ ഹബ്ബുകള്‍, അതിവേഗ തീവണ്ടികള്‍, അഞ്ച് ഹൈവേ എക്‌സ്പ്രസ് വീഥികള്‍, അന്താരാഷ്ട്ര വിമാനത്താവളം, ഹോണ്ടയുടെ മൂന്ന് ഫാക്ടറികള്‍
അങ്ങനെ പലതും നിറഞ്ഞ നഗരം. മൂലധന നിക്ഷേപത്തിന്റെ ലോകത്തെ ഒന്നാംകിട ഇടങ്ങളിലൊന്ന്.

ദരിദ്രരും അപരിഷ്‌കൃതരുമായ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ആഫ്രിക്ക, ചില ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ എന്നിവയാണ് മഹാമാരികളുടെ ഉറവിടങ്ങളെന്നാണ് ലോകം ധരിച്ചുവച്ചിരുന്നത്. പകരം മൂലധന നിക്ഷേപത്തിന്റെ കാല്പാടുകളും ആഗോളീകരണ വികസനത്തിന്റെ നടപ്പാതകളുമാണ് വൈറസുകളുടെ മഹാമാരി ലോകത്താകെ ഇപ്പോള്‍ പരത്തുന്നത്. വുഹാനില്‍നിന്നു തുടങ്ങി ഐക്യരാഷ് ട്രസഭയുടെ ആസ്ഥാനമിരിക്കുന്ന ലോക വികസനത്തിന്റെ മഹാനഗരങ്ങളായ ന്യൂയോര്‍ക്കും, ലണ്ടനും ഹോംകോങ്ങും നവ കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായി ഇപ്പോള്‍ മാറി. വളരെ ആഴത്തില്‍ പഠിക്കാനും ചിന്തിക്കാനും ഈ പ്രതിഭാസം വഴിതുറക്കുന്നു. ആഗോളീകരണത്തിന്റെ ഭാഗമായി വികസിച്ച ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ പുതിയ ഭക്ഷ്യവിതരണ ശൃംഖല, വന്യജീവികളുടെ മാംസാഹാരത്തോടുള്ള ലഹരി, തത്തുല്യമായ ചില സസ്യാഹാരങ്ങള്‍ ഇവ കഴിഞ്ഞ ചില ദശകങ്ങളിലായി നമ്മുടെ രാജ്യത്തടക്കം മനുഷ്യ പ്രതിരോധശക്തി തകര്‍ത്തിരിക്കുന്നു.

ആവാസവ്യവസ്ഥയില്‍ മനുഷ്യരും അവരുടെ വികസനവും സൃഷ്ടിച്ച അനിയന്ത്രിതവും നിയമവിരുദ്ധവുമായ കൈകടത്തലുകള്‍. ഉഷ്ണമേഖലയിലെ വനനശീകരണം. വന്യവ്യവസ്ഥയില്‍ പ്രകൃതി നിലനിര്‍ത്തിപ്പോന്ന രോഗാണുക്കളെ നശിപ്പിക്കുന്ന ജീവജാലങ്ങളുടെ നാശം. ഇതൊക്കെ പുതിയ സാഹചര്യത്തിന് കാരണമായതായി മന്ത്‌ലി റവ്യൂ പഠനം വിശദീകരിക്കുന്നു.

എബോള, സിക്ക, മലേറിയ, മഞ്ഞപ്പനി എന്നിവ വീണ്ടും പുനര്‍ജനിക്കുന്നു. ഹെപ്പറ്റൈറ്റിസ് ഇ, ലിസ്റ്റീറിയ, നിപ്പ വൈറസ്, ക്യൂ ഫിവര്‍, സാല്‍മോനെല്ല, വിബ്രിയോ, യെര്‍സീനിയ, കൂടാതെ 2009ല്‍ കണ്ട എച്ച് 1 എന്‍ 1, തുടങ്ങി എച്ച് 9 എന്‍ 2 വരെ ഉള്ള മാരകരോഗ പരമ്പരകള്‍. ഇതെല്ലാം നമ്മുടെ ആവാസവ്യവസ്ഥ തകര്‍ത്ത് മൂലധനത്തിന്റെ യാത്രാവഴികളിലൂടെ കുതിക്കുകയാണ്. സഞ്ചാരികളും നിക്ഷേപകരും ബിസിനസുകാരും ലാഭം കൊയ്യുന്ന ഇടത്തട്ടുകാരുമൊക്കെ ഈ മാരക രോഗങ്ങളുടെ വാഹകരാണ്. ‘കോവിഡ് 19ഉം മൂലധനത്തിന്റെ പരിക്രമണ വഴികളും’ എന്ന മന്ത്‌ലി റവ്യൂവിന്റെ പഠന റിപ്പോര്‍ട്ടിന്റെ തലക്കെട്ടുതന്നെ സ്വയം സംസാരിക്കുന്നു. മൂലധന നിക്ഷേപത്തിന് മനുഷ്യവംശത്തെ കീഴ്‌പ്പെടുത്തിയ ലോകം മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനായുള്ള പുതിയൊരു ലോകക്രമത്തിലേക്ക് വരേണ്ടതിന്റെ കാഹളമാണ് ഈ മഹാമാരി സൃഷ്ടിച്ച ആഗോള രോദനത്തിനകത്തുനിന്ന് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഉയരുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s