Lock down is for the survival of mankind മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായുള്ള പോരാട്ടം

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് രാജ്യം ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിച്ചു. തൊട്ടു പിറ്റേന്നുതന്നെ കേരളമടക്കമുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചുപൂട്ടി. യു.പി, ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങള്‍ ഭാഗികമായും.

രാജ്യത്തെ 130 കോടി ജനങ്ങള്‍ ലോകജനതയ്‌ക്കൊപ്പം കോവിഡ് – 19 മഹാമാരി ചെറുക്കാനുള്ള ഐതിഹാസിക പോരാട്ടത്തിലാണ്. ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് 190ലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചിട്ടുണ്ടെങ്കിലും 50 രാജ്യങ്ങളിലായി 170 കോടി ജനങ്ങള്‍ ഇപ്പോള്‍ അടച്ചുപൂട്ടലിന് വിധേയരാണ്.

Social distancing in Indian way – A view from Patna, Bihar – Social news XYZ

ലോകത്തെ ഏറ്റവും വികസിത രാജ്യമായ അമേരിക്കയില്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ തുടങ്ങിയ പ്രമുഖ നഗരങ്ങള്‍ അടച്ചിടാനും അവിടങ്ങളില്‍ പട്ടാളത്തെ ഇറക്കാനും പ്രസിഡന്റ് ട്രംപിന് ഉത്തരവിടേണ്ടിവന്നു. നേരത്തെ കൊറോണ വൈറസ് വ്യാപനത്തെ പുച്ഛത്തോടെ ട്രംപ് അവഗണിച്ചിരുന്നു. എന്നാല്‍ കോവിഡ് – 19ന്റെ ലോകത്തെ പ്രഭവകേന്ദ്രമായി അമേരിക്ക മാറാന്‍ പോകുകയാണെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അടിയന്തര നടപടികളിലേക്ക് ട്രംപ് നീങ്ങിയത്.

ചരിത്രത്തില്‍ മനുഷ്യവംശം നേരിടുന്ന നിലനില്പിന്റെ തന്നെ ആദ്യ പരീക്ഷണമാണ് കോവിഡ് – 19 വ്യാപനത്തിലൂടെ നടക്കുന്നത്. ആ നിലയ്ക്ക് ഓരോ പൗരനും അതതു രാജ്യവും ലോകരാഷ്ട്രങ്ങളാകെയും ഈ മാരക രോഗത്തെ നേരിടുന്നതിലേക്ക് ഇനിയും ഉയര്‍ന്നു ചിന്തിക്കേണ്ടതുണ്ട്. പ്രശ്‌നം കേരളത്തിന്റേയോ ഇന്ത്യയുടേയോ മറ്റേതെങ്കിലും ചില രാഷ്ട്രങ്ങളുടെയോ പരിധിയില്‍ ഒതുങ്ങുന്നതോ പരിഹരിക്കാ വുന്നതോ അല്ല എന്ന കാര്യം ഉള്‍ക്കൊള്ളാന്‍ വൈകി. ഐക്യ രാഷ്ട്രങ്ങളുടെ (യു.എന്‍)തലത്തില്‍തന്നെ അടിയന്തരമായി ഏറ്റെടുത്ത് ആരോഗ്യവും സമാധാനവും സഹകരണവും ഈ നൂറ്റാണ്ടില്‍ പുലരാനുള്ള ഒരു നിമിത്തമായി ഈ മഹാമാരിയെ കാണേണ്ടതുണ്ട്. ലോകരാഷ്ട്രങ്ങളാകെ ആ നിലയ്ക്ക് ഈ അവസരം ഉപയോഗപ്പെടുത്തേണ്ടതുമുണ്ട്.

എന്നാല്‍ ഐക്യ രാഷ്ട്രങ്ങള്‍ അതിന്റെ ലക്ഷ്യവും ദൗത്യവും നിര്‍വ്വഹിക്കാനാവാതെ വിരലിലെണ്ണാവുന്ന വികസിത രാജ്യങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കേണ്ട സ്ഥിതിയാണ്. അതു തിരുത്തേണ്ട അടിയന്തര പ്രതിസന്ധിയിലും വഴിത്തിരിവിലുമാണ് ലോകം എത്തിനില്‍ക്കുന്നത്. കോവിഡ്-19 മഹാമാരിക്കെതിരായ പോരാട്ടം അത്തരമൊരു ദിശാബോധത്തിലൂടെയല്ലാതെ വിജയിപ്പിക്കുക പ്രയാസമാണ്.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡ്ഹാനം ഗബ്രയേസ് വെളിപ്പെടുത്തിയ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച അതിഭീതിതമായ കണക്ക് ഓരോ മനുഷ്യര്‍ക്കുമുള്ള മുന്നറിയിപ്പാണ്: ‘ചൈനയില്‍ ആദ്യ വൈറസ് ബാധ ഉണ്ടായപ്പോള്‍ ഒരുലക്ഷം പേരിലേക്കെത്താന്‍ 67 ദിവസമെടുത്തു. രണ്ടാം ഘട്ടത്തില്‍ ലോകവ്യാപകമാകുമ്പോള്‍ ഒരുലക്ഷം പേരിലെത്താന്‍ പതിനൊന്നു ദിവസങ്ങളേ എടുത്തുള്ളൂ. മൂന്നാം ഘട്ടത്തില്‍ നാലുദിവസംകൊണ്ട് ഒരു ലക്ഷം പേരെ കൊറോണ വൈറസ് ചാടിപ്പിടിക്കുന്നു എന്ന സ്ഥിതിയാണുള്ളത്.’

സാമൂഹികമായ അകല്‍ച്ച എല്ലാവരും നൂറുശതമാനം ഉറപ്പുവരുത്തേണ്ടതിന്റെ അത്യാവശ്യമാണ് ഞെട്ടിപ്പിക്കുന്ന ഈ അതിവേഗം ബോധ്യപ്പെടുത്തുന്നത്.

സമൂഹ ചലനത്തിന്റെ ചങ്ങലക്കണ്ണി പൊട്ടിക്കുകയെന്ന അസാധാരണ പരീക്ഷണമാണ് ഞായറാഴ്ച ജനതാ കര്‍ഫ്യൂ വഴി നാം പരീക്ഷിച്ചത്. ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും പൊലീസ്, മാധ്യമം അടക്കം എല്ലാ അവശ്യ വിഭാഗത്തില്‍ പെടുന്നവരുമായ നമ്മുടെ സഹോദരീ സഹോദരന്മാര്‍ ഈ മഹാമാരിയെ തോല്പിക്കാന്‍ സ്വയം ജീവിതവും കുടുംബജീവിതവും സമര്‍പ്പിച്ച് പോരാടിവരികയാണ്. അതിനിര്‍ണ്ണായകമായ ഈ സേവനത്തിന് രാജ്യം എത്ര നന്ദി പ്രകടിപ്പിച്ചാലും അതു പകരമാകില്ല.

അതു പറയുമ്പോള്‍ മറ്റൊരു വ്യക്തത ഓരോരുത്തരും വരുത്തേണ്ടതുണ്ട്. കൊതുകോ, മാരക രോഗാണുക്കളോ അല്ല മനുഷ്യരായ നമ്മള്‍തന്നെയാണ് ഈ മഹാമാരി ലോകമാകെ വ്യാപിക്കുന്നത് എന്ന പരമാര്‍ത്ഥം തിരിച്ചറിയേണ്ടതുണ്ട്. ഈ സത്യം ജനങ്ങളെന്നറിയപ്പെടുന്ന മനുഷ്യരായ നമ്മള്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇനിയും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടില്ല. അതിന്റെ ഫലമാണല്ലോ കാസര്‍ഗോഡ് ജില്ലയടക്കം കേരളമാകെ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായത്.

നാം ഉള്‍ക്കൊള്ളേണ്ട മറ്റൊരു ശാസ്ത്ര സത്യമുണ്ട്. ഊര്‍ജ്ജിത ശ്രമങ്ങള്‍ പലേടത്തും നടക്കുന്നുണ്ടെങ്കിലും പുതിയ ഈ മഹാമാരി തടയുന്നതിനുള്ള വാക്‌സിനോ പ്രതിരോധ മരുന്നുകളോ ലോകത്തെവിടെയും ഇതിനകം കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്ര ഗവേഷണ പരീക്ഷണങ്ങളുടെ കാര്യത്തില്‍ ലോകത്തു മുന്‍പന്തിയില്‍ നില്‍ക്കുന്ന ജര്‍മ്മനിക്കുപോലും. ചാന്‍സലര്‍ ആംഗലേയ മെര്‍ക്കല്‍ ജര്‍മ്മനിയിലെ ജനങ്ങളോട് പറഞ്ഞതു ശ്രദ്ധിക്കുക: കൊറോണ വൈറസ് ബാധയ്‌ക്കെതിരായ സമയം നീട്ടിക്കിട്ടാനുള്ള ഏകമാര്‍ഗം അതിന്റെ സമൂഹ വ്യാപനം താമസിപ്പിക്കുക എന്നതാണെന്ന്.

അന്ധവിശ്വാസവും കക്ഷി രാഷ്ട്രീയവും മനുഷ്യന്റെ ജീവ സംരക്ഷണത്തിന്റെ കാര്യത്തില്‍പോലും കുത്തിക്കലര്‍ത്തുന്ന ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും നമ്മുടെ രാജ്യത്ത് പ്രബലരാണ്. അതുകൊണ്ടാണ് ശംഖ് ഊതിയും മണിനാദം മുഴക്കിയും ഭാരതമാതാവിന് ജയ് വിളിച്ചും ഉത്തരേന്ത്യയില്‍ പലേടത്തും ജനങ്ങള്‍ ജനതാ കര്‍ഫ്യൂവില്‍ ആനന്ദനൃത്തം ചവിട്ടിയത്. കോവിഡ് – 19ന്റെ വിളയാട്ടത്തിന് ഇന്ത്യന്‍ സമൂഹത്തിലേക്ക് വരവേല്പുതന്നെ നടത്തിയത്.

മറ്റൊരു നിലയില്‍ കേരളവും അക്കാര്യത്തില്‍ പിന്നിലായില്ല. രണ്ടാംലോക യുദ്ധകാലത്ത് ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച്, യുദ്ധവിരുദ്ധ പ്രചാരണം നടത്തി, സമൂഹത്തെയാകെ ഉണര്‍ത്തിയ പാരമ്പര്യമുള്ള നാടാണ് കേരളം. പിന്നീടും തുടര്‍ന്നുപോന്ന ആ സാമൂഹിക പ്രതിബദ്ധതയുടെയും മാതൃകയുടെയും മേല്‍ ഇപ്പോള്‍ നാം കരിപുരട്ടി. പത്തനംതിട്ടയില്‍ തുടങ്ങി ഒടുവില്‍ കാസര്‍ഗോഡ് ജില്ലയിലടക്കം വിദേശത്തുനിന്നു വന്ന മലയാളികള്‍ കൊറോണ വൈറസ് നാടുനീളെ പരത്തി. അതുകൊണ്ടാണ് കേരളസമൂഹം ഇത്രപെട്ടെന്ന് അത്യാപത്തിന്റെ വക്കിലേക്ക് തള്ളിനീക്കപ്പെട്ടത്.

ഏറെ മുന്‍കൂട്ടിത്തന്നെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നമ്മുടെ ആരോഗ്യ-സാമൂഹിക വകുപ്പ് മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. പരിഭ്രാന്തി സൃഷ്ടിക്കാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാരാകെ ജനങ്ങളെ ജാഗ്രതപ്പെടുത്തി ഈ മഹാമാരിക്കെതിരായ നടപടികള്‍ ഏകോപിപ്പിച്ചിരുന്നു. രാജ്യത്തിനുതന്നെ മാതൃകയായ ആ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുംവിധം സാമൂഹിക വിരുദ്ധരെപ്പോലെ ചിലര്‍ പ്രവര്‍ത്തിച്ചു എന്നത് മാപ്പര്‍ഹിക്കുന്നില്ല. അതിന്റെ ആപത്ത് സംസ്ഥാനം നേരിടുകയാണ്.

ശാസ്ത്രീയമായും പ്രായോഗികമായും ജനസംഖ്യയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. വിശേഷിച്ച് ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. സാമൂഹിക അകലം പാലിച്ച് ആളുകള്‍ വീടുകളില്‍ തങ്ങേണ്ടതിന്റെ ഗൗരവം ഓരോരുത്തരും സ്വയം ഉള്‍ക്കൊള്ളേണ്ടതാണ്.

എന്നാല്‍ ഈ ആഗോള പോരാട്ടം അതുകൊണ്ടുമാത്രം ജയിക്കാനാവില്ല. ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് തന്നെ പറയുന്നതു കേള്‍ക്കുക: ‘ശാരീരികമായി അകല്‍ച്ച പാലിക്കുന്നതുകൊണ്ട് വൈറസ് പരക്കുന്നത് കുറയ്ക്കാന്‍ സമയം വാങ്ങാന്‍ സാധിക്കും. ആ പ്രതിരോധ നടപടികൊണ്ട് മാത്രമായില്ല. നമുക്കീ പോരാട്ടത്തില്‍ ജയിക്കണം. അതിന് വൈറസിനെതിരെ ഏറ്റവും രൂക്ഷമായ ആക്രമണം അഴിച്ചുവിടണം. അതിനാവശ്യമായ അടവുകള്‍ ലക്ഷ്യമിടണം. രോഗബാധ സംശയിക്കുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെയും ഏകാന്ത വാസത്തിലാക്കുന്നതിലൂടെയും ഉറപ്പായ കേസുകളില്‍ രോഗം ബാധിച്ചവരെ ക്വാറന്റൈനില്‍ വെച്ച് ചികിത്സിക്കുന്നതിലൂടെയും മാത്രമേ അതു സാധിക്കൂ. അപ്പോഴും രോഗിയുമായുള്ള അടുത്ത ബന്ധം ഒഴിവാക്കണം.’

ഇറാന്‍, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ഗ്രീസ്, കോംഗോ, അര്‍ജന്റീന തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളില്‍ നിര്‍ബന്ധിത അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാല്‍ക്കണിയില്‍നിന്ന് കൈയടിച്ചും പാട്ടുപാടിയും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മാതൃക കാട്ടിയത് സ്‌പെയിനിന്റെ തലസ്ഥാന നഗരിയായ മാഡ്രിഡ് ആയിരുന്നു. 60 ലക്ഷത്തോളം പൗരന്മാരെ കോവിഡ് – 19 ഭീഷണിയെതുടര്‍ന്ന് അടിയന്തരവാസ്ഥ പ്രഖ്യാപിച്ച് സ്‌പെയിന്‍ അടച്ചുപൂട്ടിയിട്ടും അവിടെ മരണം 24 മണിക്കൂറിനുള്ളില്‍ 462 ആയി ഉയര്‍ന്നു. രോഗബാധിതര്‍ 33,000നുമേലും. ഇതേതുടര്‍ന്നാണ് അടച്ചുപൂട്ടല്‍ ഏപ്രില്‍ 11വരെ നീട്ടാന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസ് നിര്‍ബന്ധിതനായത്. അവിടെ നാലായിരത്തില്‍ താഴെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ലോകത്ത് രോഗബാധയില്‍ മൂന്നാം സ്ഥാനത്തുനില്‍ക്കുന്ന സ്‌പെയിന്റെ ആരോഗ്യ സംവിധാനംതന്നെ തകര്‍ന്ന നിലയിലാണ്.

കൊറോണ മഹാമാരിയുടെ ആദ്യ പ്രഭവകേന്ദ്രമായ ചൈന ഇതിനകം അതിനെ മിക്കവാറും പ്രതിരോധിച്ചുകഴിഞ്ഞു. പുറത്തുനിന്നു വരുന്നവരില്‍നിന്നുള്ള വൈറസ് ബാധയാണ് ചൈനയില്‍ ഇപ്പോഴുള്ളത്. ലോകം വിമര്‍ശിച്ച കടുത്ത അടച്ചിടല്‍ നടപടികളിലൂടെയാണ് ചൈന ഇതു സാധ്യമാക്കിയത്. ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളുള്ള സൗദി അറേബ്യയും അടച്ചിടല്‍ നടപടിയിലൂടെയാണ് വലിയ ആപത്ത് തടഞ്ഞത്.

എന്നാല്‍ ലോകത്ത് ആരോഗ്യ പരിരക്ഷയില്‍ ഒന്നാം സ്ഥാനത്ത് ഇന്നും നിലകൊള്ളുന്ന ക്യൂബ ഈ മഹാമാരിയെ നേരിടുന്നതിന് കാണിക്കുന്ന മാതൃക ലോകത്തിലെ വന്‍ രാജ്യങ്ങളെ ലജ്ജിപ്പിക്കേണ്ടതാണ്. വെള്ളക്കുപ്പായക്കാരുടെ പട്ടാളം (Armies of white rob-es) എന്ന പേരില്‍ കാസ്‌ട്രോയുടെ പടങ്ങളുമേന്തി ഡോക്ടര്‍മാരുടെ സംഘം ഇറ്റലി, വെനസ്വേല, നിക്കരാഗ, ജമൈക്ക എന്നീ രാജ്യങ്ങളില്‍ സേവന സന്നദ്ധരായി പ്രതിരോധ സംവിധാനങ്ങളുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

പുറം രാജ്യങ്ങളില്‍ അടച്ചുപൂട്ടലിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ വരുമാനത്തിന്റെ 80 ശതമാനം അതതു ഗവണ്മെന്റുകള്‍ ഉറപ്പുനല്‍കുന്ന സ്ഥിതിയുണ്ട്. നമ്മുടെ സംസ്ഥാന സര്‍ക്കാര്‍പോലും 20,000 കോടിയുടെ സഹായപദ്ധതി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്കും മുന്നോട്ടുവെച്ചാണ് കോവിഡിനെതിരായ പോരാട്ടം തുടരുന്നത്. എന്നാല്‍ മോദി ഗവണ്മെന്റ് കാര്യമായ സാമ്പത്തിക സഹായ പാക്കേജോ സാമ്പത്തിക ഉത്തേജന പാക്കേജോ മുന്നോട്ടുവെച്ചില്ല. പ്രതിപക്ഷ ബഞ്ചുകളില്‍നിന്നുള്ള ആവശ്യത്തോട് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പ്രതികരിച്ചില്ല. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ധനബില്‍ അവതരിപ്പിച്ച് പാസാക്കിയപ്പോഴും പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കുകപോലും ചെയ്തില്ല. കോവിഡ് – 19ന്റെ ഭീഷണിയില്‍ പാര്‍ലമെന്റ് പിരിഞ്ഞത് ഗവണ്മെന്റിന്റെ ഈ നിഷേധാത്മക നിലപാടിനെ തുടര്‍ന്നാണ്.

130 കോടി ജനങ്ങളെ സാമൂഹിക സ്പര്‍ശത്തില്‍നിന്ന് തടയുക എന്നു പറഞ്ഞാല്‍ ഇന്ത്യയുടെ ജീവിതാവസ്ഥ എന്തായിത്തീരുമെന്ന് ഒരുനിമിഷം ചിന്തിക്കുക. അടച്ചിടലിനെ തുടര്‍ന്ന് ചെറിയ വരുമാനംപോലും നിലച്ച കോടിക്കണക്കായ തൊഴിലാളികളുടെ അവസ്ഥ എന്താണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ആയിരകണക്കായ തൊഴിലാളികള്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. പത്തുലക്ഷം പേര്‍ കഴിയുന്ന ഏഷ്യയിലെ രണ്ടാമത്തെ ചേരിപ്രദേശമായ ധാരാവിയടക്കമുള്ള ചേരികളില്‍ മനുഷ്യര്‍ പണിയില്ലാതെ പട്ടിണിയില്‍ കഴിയുകയാണ്. ചേരിയിലെ കുടിലുകള്‍ തമ്മിലുള്ള അകലം ഏതാനും ഇഞ്ചുകളുടെ മാത്രമാണ്. ഓരോന്നിനകത്തും തിങ്ങിക്കഴിയുന്ന കുടുംബം. ഇതുപോലെ അല്ലെങ്കിലും രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും സാമൂഹിക അകലം സൂക്ഷിക്കാനാകാത്ത ജീവിതാവസ്ഥയാണ്. ഈ സ്ഥിതിയില്‍ രാജ്യത്തിനകത്തുനിന്നുള്ള വ്യാപനം തടയുന്നതെങ്ങനെ. അതോടൊപ്പം പുറത്തുനിന്നു വരുന്നവരില്‍നിന്നുള്ള വൈറസ് വ്യാപനവും പ്രതിരോധിക്കേണ്ടിവരുന്നു.

പ്രധാനമന്ത്രി ഇപ്പോഴും സാമ്പത്തിക നടപടികളുടെ കാര്യത്തില്‍ വ്യാപാര- വാണിജ്യമണ്ഡലങ്ങളുമായും മറ്റും ചര്‍ച്ച തുടരുകയാണത്രെ. ധനകാര്യ മന്ത്രിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മറ്റിയും അടിയന്തര തീരുമാനങ്ങള്‍ എടുത്തിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര സംവിധാനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഫെബ്രുവരിയില്‍ തന്നെ കോവിഡ് – 19നെ സംബന്ധിച്ച് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയ കാര്യം ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ട്. ചൈനയില്‍നിന്നുള്ള വ്യാപന സാധ്യതകള്‍ സംബന്ധിച്ച് മുന്നറിയിപ്പുണ്ടായിട്ടും വ്യാപനം നേരിടുന്നതില്‍ പ്രധാനമന്ത്രിയും സര്‍ക്കാറും പരാജയപ്പെട്ടു. പ്രത്യേകിച്ചും വിമാനത്താവളങ്ങളില്‍ വെച്ചുതന്നെ രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കുന്ന കാര്യത്തില്‍.

പ്രസിഡന്റ് ട്രംപിന്റെ കോവിഡ് – 19നെതിരായ പ്രതിരോധ നടപടികളെക്കുറിച്ച് അമേരിക്കയിലെ പ്രസിദ്ധ സാമ്പത്തിക വിദഗ്ധനും ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ പംക്തികാരനുമായ പോള്‍ റോബിന്‍ ക്രൂഗ് മാന്‍ കോവിഡ് – 19 സംബന്ധിച്ച ഡൊണാള്‍ഡ് ട്രംപിന്റെ നടപടികളെക്കുറിച്ച് ഇങ്ങനെ എഴുതി: ‘ട്രംപിനെ വിശ്വസിക്കാതിരിക്കുക.’ അതുതന്നെയാണ് മോദിയുടെ നിലയും.

ഭരണാധികാരികളെ നോക്കിനില്‍ക്കാതെ ഈ മഹാമാരിയുടെ വ്യാപനം തടയേണ്ടത് ലോകത്താകെയുള്ള മനുഷ്യരുടെ ദൃഢനിശ്ചയത്തിലൂടെയും ഏകോപിച്ച സാമൂഹിക അകലം സൂക്ഷിക്കലിലൂടെയുമാണ്. ഒപ്പം കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നൂറുശതമാനം പാലിച്ചും.

(മാര്‍ച്ച് 24ന് ഉച്ചയോടെ എഴുതി 25ന്റെ ‘സുപ്രഭാതം’ പത്രത്തിലെ പറയാത്തത് എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s