India faces unprecedented trinity danger ഡോ. മന്‍മോഹന്‍ സിംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ഒരാഴ്ചമുമ്പാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കൊറോണ വൈറസിന്റെ വന്‍ വ്യാപനംകൂടിയാകുമ്പോള്‍ ഇന്ത്യ നേരിടാന്‍പോകുന്ന അപകടകരമായ ത്രിതല പ്രതിസന്ധിയെക്കുറിച്ച് മോദി ഗവണ്മെന്റിന് മുന്നറിയിപ്പു നല്‍കിയത്. 120ലേറെ രാജ്യങ്ങളില്‍ പടര്‍ന്ന കൊറോണ വൈറസ് (കോവിഡ് – 19) മഹാമാരിയായി ലോകാരോഗ്യ സംഘടന (ഡബ്ലി്യൂ.എച്ച്.ഒ) പ്രഖ്യാപിക്കുന്നതിനും അഞ്ചുദിവസങ്ങള്‍ക്കു മുമ്പ്.

‘ദി ഹിന്ദു’ പത്രത്തിലെ എഡിറ്റ് പേജില്‍ പേരുവെച്ചെഴുതിയ ഒരസാധാരണ ലേഖനത്തിലാണ് മുന്‍ പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കിയത്: ‘സാമൂഹിക അസ്വസ്ഥതയും സാമ്പത്തിക മാന്ദ്യവും ആഗോളആരോഗ്യ പകര്‍ച്ചവ്യാധിയും രാജ്യം ഉടനടി നേരിടാന്‍പോകുന്ന അപകടമാണ്. അത് ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കും. ലോകത്തിലെ സാമ്പത്തിക – ജനാധിപത്യ ശക്തിയെന്ന നിലയിലുള്ള നമ്മുടെ ആഗോള നിലനില്‍പ്പുതന്നെ ഇല്ലാതാകും.’

പതിവില്‍നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള ചില മാധ്യമങ്ങള്‍ അടുത്തദിവസംതന്നെ ഡോ. മന്‍മോഹന്‍ സിംഗിന്റെ മുന്നറിയിപ്പ് ലേഖനങ്ങളിലൂടെ അവതരിപ്പിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് അവഗണിക്കുകയാണ് ചെയ്തത്. ഉത്തരവാദപ്പെട്ട ഭരണാധികാരിയെന്ന നിലയില്‍ പാര്‍ലമെന്റിലെത്തി അതിനോട് പ്രതികരിക്കുകയെന്ന ജനാധിപത്യ മര്യാദ പ്രകടിപ്പിച്ചില്ല. തന്നെയുമല്ല രാജ്യം നേരിടുന്ന ത്രിതല ഭീഷണിക്ക് ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങളുടെ വേദിയാക്കി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഴിച്ചുവിടുകയാണ് ചെയ്തത്. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസുകളും ഔദ്യോഗിക വസതികളും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടിയ അപകടങ്ങള്‍ക്ക് ആഴവും വ്യാപ്തിയും കൂട്ടാന്‍ വിനിയോഗിക്കുന്നതില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഫെബ്രുവരി 23 മുതല്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ച് പാര്‍ലമെന്റില്‍ അടിയന്തര ചര്‍ച്ച വേണമെന്ന ആവശ്യം നിരാകരിച്ച് ഇരു സഭകളിലും സംഘര്‍ഷമുണ്ടാക്കുകയും സഭയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും ചെയ്തു. ലോകസഭ നാഥനില്ലാകളരിയായി. സ്പീക്കര്‍ ഓം ബിര്‍ള മൂന്നുദിവസം അധ്യക്ഷവേദിയില്‍നിന്ന് വിട്ടുനിന്നു. പ്രതിപക്ഷാംഗങ്ങള്‍ക്കു നേരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ചേംബറിലെത്തി സ്പീക്കറില്‍ സമ്മര്‍ദ്ദം ചെലുത്തി. ഏഴ് കോണ്‍ഗ്രസ് അംഗങ്ങളെ ബജറ്റ് സമ്മേളനം കഴിയുംവരെ ലോകസഭയില്‍നിന്നു പുറത്താക്കി.

രാജ്യത്താകെ നിലനില്‍ക്കുന്ന സാമൂഹ്യ സംഘര്‍ഷത്തിന്റെ നേര്‍ പ്രതീകമായി പാര്‍ലമെന്റും പോര്‍ക്കളമായി. പാര്‍ലമെന്ററി പാരമ്പര്യമനുസരിച്ച് എന്നിട്ടും പ്രധാനമന്ത്രി സഭയിലെത്തുകയോ സര്‍ക്കാര്‍ നയം വിശദീകരിക്കുകയോ പ്രതിപക്ഷത്തെ സമാശ്വസിപ്പിക്കുകയോ ചെയ്തില്ല. ജനങ്ങളുടെ ഉത്ക്കണ്ഠ അകറ്റിയില്ല. അധികാരമോഹത്തിന്റെ കൊറോണ വൈറസിനെ കോണ്‍ഗ്രസിലേക്കു വ്യാപിപ്പിക്കുന്നതിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിസഭ പിടിച്ചെടുത്ത് ബി.ജെ.പി മന്ത്രിസഭയാക്കി മാറ്റുന്നതിലുമായിരുന്നു അദ്ദേഹം കേന്ദ്രീകരിച്ചത്.

ബി.ജെ.പിയുടെ ആ ലക്ഷ്യം ഉറപ്പാകുമെന്നു കണ്ടപ്പോളാണ് സ്പീക്കര്‍ ഓം ബിര്‍ള എം.പിമാരുടെ സസ്‌പെന്‍ഷ് പിന്‍വലിച്ചത്. ലോകസഭയും രാജ്യസഭയും ഡല്‍ഹി കലാപം ചര്‍ച്ചചെയ്തത്. അപ്പോഴേക്കും 22 എം.എല്‍.എമാരെയുമായി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യസിന്ധ്യയ്ക്ക് ബി.ജെ.പിയില്‍ അംഗത്വവും രാജ്യസഭാ സീറ്റും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനും ചേര്‍ന്ന് നല്‍കിക്കഴിഞ്ഞിരുന്നു.

അതിഗുരുതരവും വസ്തുതാപരവുമായ വിമര്‍ശനമാണ് ഡോ. മന്‍മോഹന്‍സിംഗ് ഉന്നയിച്ചത്. അതിനെ അഭിമുഖീകരിച്ച് പ്രതികരിക്കുക പ്രധാനമന്ത്രി മോദിക്ക് സാധ്യമായിരുന്നില്ല. അമ്പതിലേറെപേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി കലാപത്തില്‍ പൗരന്മാരെ സംരക്ഷികയെന്ന ധര്‍മ്മം ക്രമസമാധാന സ്ഥാപനങ്ങള്‍ കയ്യൊഴിഞ്ഞെന്ന് മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. നീതിയുടെ സ്ഥാപനങ്ങളും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും പരാജയപ്പെട്ടു. ഇന്ത്യയില്‍ സാമൂഹ്യ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും നാടാകെ പടര്‍ത്തി രാജ്യത്തിന്റെ ആത്മാവിന് തീ കൊളുത്തുകയും ചെയ്തവര്‍ക്കേ അതു കെടുത്താനും കഴിയൂ എന്ന് തുറന്നടിച്ചു. പഴയകാലത്തെ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനെ ന്യായീകരിക്കുന്നത് തെറ്റാണെന്ന് ഒരു ദശാബ്ദക്കാലം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് ഓര്‍മ്മിപ്പിച്ചു.

2008ലെ ലോക സാമ്പത്തിക പ്രതിസന്ധിയെ നേരിട്ട് ഇന്ത്യയെ മതനിരപേക്ഷ തയുടെയും സാമ്പത്തിക മുന്നേറ്റത്തിന്റെയും പുതിയ വിതാനത്തിലേക്ക് പത്തുവര്‍ഷം തുടര്‍ച്ചയായി നയിച്ചത് മന്‍മോഹന്‍ സിംഗ് ആയിരുന്നു. നാല് വര്‍ഷത്തോളം അദ്ദേഹത്തിന്റെ യു.പി.എ ഗവണ്മെന്റിന് ഇടതുപക്ഷവും പിന്തുണ നല്‍കി. 1984ലെ ഡല്‍ഹി വര്‍ഗീയ കലാപത്തിനു ശേഷമായിരുന്നു മതനിരപേക്ഷതയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നല്‍ നല്‍കിയ യു.പി.എ ഭരണം.

യു.എസുമായി ആണവ- സൈനിക സഖ്യമുണ്ടാക്കിയതോടെ ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുകയായിരുന്നു. മോദി ഗവണ്മെന്റാകട്ടെ അമേരിക്കന്‍ ബന്ധം ശക്തിപ്പെടുത്തുകയും ജനങ്ങളുടെ വികാസത്തിനും സുരക്ഷയ്ക്കും സാമുദായിക സൗഹാര്‍ദ്ദത്തിനുമുണ്ടായിരുന്ന മുന്‍ഗണന തകര്‍ക്കുകയും ഭൂരിപക്ഷത്തിന്റെ ഭരണക്രമം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തുകൂട്ടിയത് വിദേശ നിക്ഷേപത്തിന്റെയും വികസനത്തിന്റെയും ഇന്ത്യയെ ലോക വന്‍ശക്തി ആകുന്നതിന്റെയും പേരില്‍.

സാമ്പത്തിക വികസനത്തിന്റെ അടിത്തറ സാമൂഹിക -സാമുദായിക ഐക്യമാണ്. അതാണിപ്പോള്‍ തകര്‍ന്നിരിക്കുന്നതെന്നാണ് ലോകം അംഗീകരിക്കുന്ന സാമ്പത്തിക വിദഗ്ധനും രാഷ്ട്രതന്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടിയത്. ഏതൊരു രാഷ്ട്രവും നേരിടുന്ന ഏറ്റവും വലിയ ആപത്ത് ആരോഗ്യകരമായ മഹാമാരിയാണ്. നാം കൂട്ടായി ഈ ഭീഷണിയെ നേരിടുകയാണ് വേണ്ടത്. അടുത്തകാലത്തൊന്നും നമ്മുടെ രാജ്യം ഇത്തരമൊരു മഹാമാരിയെ നേരിട്ടിട്ടില്ല. മറ്റു രാജ്യങ്ങളെപ്പോലെ സമ്പൂര്‍ണ്ണമായ ഒരു ദൗത്യം സര്‍ക്കാര്‍ ഉടനടി പ്രഖ്യാപിക്കേണ്ടതുണ്ട്.

ഇത് പ്രധാനമന്ത്രി മോദി വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് രാജ്യത്തെ ബോധ്യപ്പെടുത്തേണ്ടതെന്നാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്. ‘അവബോധത്തോടെ ഈ അപകടങ്ങളെ നാം നേരിടുമെന്നും ഈ സ്ഥിതിവിശേഷത്തെ എളുപ്പം മറികടക്കുമെന്നും ഉറപ്പുനല്‍കേണ്ടതുണ്ട്. കൊറോണ മഹാമാരിക്കെതിരെ സ്വീകരിക്കുന്ന തുടര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുകയും വേണം.’

രാജ്യം നേരിടുന്ന സാമൂഹിക സംഘര്‍ഷങ്ങളുടെയും ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിന്റെയും കൊറോണ വൈറസ് ഉയര്‍ത്തിയ ആരോഗ്യ അടിയന്തരാവസ്ഥ യുടെയും കാര്യങ്ങള്‍ സൂക്ഷ്മമായും സംക്ഷിപ്തമായും ലേഖനത്തില്‍ മന്‍മോഹന്‍ സിംഗ് വിശദീകരിച്ചു. ചൈനയും അമേരിക്കയുമടക്കം ലോകരാജ്യങ്ങളില്‍ കൊറോണ മഹാമാരിക്കെതിരെ നടക്കുന്ന ജാഗ്രത്തായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി. ജനങ്ങളോട് സത്യം തുറന്നുപറയണമെന്നതിന്റെ അടിസ്ഥാനത്തിലാണ് താനിതു പറയുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ലേഖനം അവസാനിപ്പിച്ചത് ഇങ്ങനെയാണ്:

‘നാം അറിയുന്ന, പരിലാളിക്കുന്ന ഇന്ത്യ അതിവേഗം കൈവിട്ടുപോകുകയാണ്. ബോധപൂര്‍വ്വം സൃഷ്ടിച്ച വര്‍ഗീയ സംഘര്‍ഷങ്ങളും വന്‍തോതില്‍ ചെയ്തുകൂട്ടിയ സാമ്പത്തിക കെടുകാര്യസ്ഥതയും പുറത്തുനിന്നുവന്ന ആരോഗ്യ ആഘാതവും ഇന്ത്യയുടെ പുരോഗതിയും നിലനില്‍പ്പും പാളംതെറ്റിക്കുമെന്ന ഭീഷണി ഉയര്‍ത്തുന്നു. ഈ കടുത്ത യാഥാര്‍ത്ഥ്യത്തെയും അതി ഗുരുതരമായ അപകടങ്ങളെയും ഒരു രാജ്യമെന്ന നിലയില്‍ നാം നേരിടേണ്ട ഘട്ടമാണിത്. സമ്പൂര്‍ണ്ണമായും ഫലപ്രദമായും അതിനെ അഭിമുഖീകരിക്കേണ്ട സന്ദര്‍ഭം.’

തന്റെ ലേഖനത്തിലൂടെ മൂന്നിന പരിപാടിക്ക് രൂപംകൊടുക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗ് നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഒന്ന്, കൊറോണ മഹാമാരിയുടെ ഭീഷണി തടയുന്നതിനുള്ള സര്‍വ്വശക്തിയും സമാഹരിച്ച് ഒരു പദ്ധതിക്ക് രൂപംനല്‍കുക. രണ്ട്, സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുക. അതുവഴി വിഷലിപ്തമായ സാമൂഹ്യാന്തരീക്ഷം ഇല്ലാതാക്കി ദേശീയ ഐക്യം ഉറപ്പുവരുത്തുക. മൂന്ന്, ഉപഭോഗ ആവശ്യം ഉയര്‍ത്താനും സാമ്പത്തിക സ്ഥിതി പുനരുജ്ജീവിപ്പിക്കാനും പറ്റിയ തരത്തില്‍ സവിസ്തരവും അതി സൂക്ഷ്മവുമായ സാമ്പത്തിക ഉത്തേജക പദ്ധതി നടപ്പാക്കുക.

എന്നാല്‍ ഈ സര്‍ക്കാറിന്റെ ദൈവമെന്ന് പാര്‍ലമെന്റില്‍ ഒരംഗം വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതു മറ്റൊന്നാണ്. ഇന്ത്യ നേരിടുന്ന, മുന്‍ പ്രധാനമന്ത്രി വരച്ചുകാട്ടിയ ത്രിതല പ്രതിസന്ധി തുടരാനും രൂക്ഷമാക്കാനും പോന്ന നിലപാടാണ് ഇനിയും തുടരുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

മുന്‍ പ്രധാനമന്ത്രിയെപ്പോലൊരാള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെയും വിമര്‍ശനങ്ങളെയും സംബന്ധിച്ച് പാര്‍ലമെന്റിനകത്തോ പുറത്തോ പ്രധാനമന്ത്രി പ്രതികരിച്ചില്ല. ഡല്‍ഹി കലാപം തലസ്ഥാന നഗരിയെ വിഴുങ്ങുമ്പോള്‍ അണിയറയിലേക്കു മാറിനിന്ന അഭ്യന്തരമന്ത്രി അമിത് ഷായാണ് ഡല്‍ഹി പൊലീസ് നടപടിയെ ന്യായീകരിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചത്.

ഗാന്ധി കുടുംബവും നഗര നക്‌സലുകളും തീവ്ര മുസ്ലിം സംഘടനകളും നടത്തിയ ഗൂഢാലോചനയുടെ ഉല്പന്നമാണ് ഡല്‍ഹി കലാപമെന്ന് വ്യാഖ്യാനിച്ച് ഹിന്ദുത്വ വികാരത്തെ പ്രോത്സാഹിപ്പിക്കുകയാണ് അമിത് ഷാ ചെയ്തത്. കൊറോണ ആപത്തിനെക്കുറിച്ച് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പത്രസമ്മേളനം നടത്തി. പാര്‍ലമെന്റില്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ പ്രസ്താവനയും. ഈ വിഷയങ്ങളെ ഏകോപിപ്പിച്ച് രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ട്, പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് രാജ്യത്തിന് ആത്മവിശ്വാസം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായില്ല.

ഇന്ത്യയിലെ ജനങ്ങളും ജനാധിപത്യവും നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ ദുരന്തം നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ – സാമ്പത്തിക നയങ്ങളുമാണെന്ന് ഇതു വ്യക്തമാക്കുന്നു. ഡോ. മന്‍മോഹന്‍ സിംഗിനെയും നരേന്ദ്ര മോദിയെയും ചേര്‍ത്തു വായിച്ചാല്‍ അതു ബോധ്യപ്പെടും. ഡോ. മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങളെയും ഭരണ നടപടികളെയും തള്ളിപ്പറഞ്ഞാണ് ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ കൊണ്ടുവന്നതെങ്കിലും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s