CPM scripted Maoist- Muslim extremist unity മാവോയിസ്റ്റ് – ഇസ്ലാമിക തീവ്രവാദി ഐക്യം: ഒരു സി.പി.എം അപസര്‍പ്പക കഥ

മാവോയിസ്റ്റ് നേതാവ് ഗണപതിയുമായുള്ള ബി.ബി.സിയുടെ അഭിമുഖം തെളിവായി പുറത്തെടുത്താല്‍ കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍ മാസ്റ്ററോട് സി.പി.എം പൊളിറ്റ് ബ്യൂറോയ്ക്കുപോലും അടിയറവു പറയേണ്ടിവരും. അതുകൊണ്ടാണ് കേരളത്തില്‍ മാവോയിസ്റ്റുകളെ കൊണ്ടുനടക്കുന്നതും വെള്ളവും വളവുമെല്ലാം നല്‍കുന്നതും മുസ്ലിം തീവ്രവാദികളാണെന്ന തന്റെ കണ്ടെത്തലില്‍ മോഹനന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍

കോഴിക്കോട്ടുനിന്നുള്ള പ്രത്യേകമായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഗൗരവമായ പ്രശ്‌നം പൊതു സമൂഹത്തിനുമുന്നില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിത നായതെന്ന് വ്യാഴാഴ്ച മാതൃഭൂമി ദിനപത്രത്തില്‍ വന്ന അഭിമുഖത്തില്‍ പി മോഹനന്‍ വിശദീകരിക്കുന്നുണ്ട്. മാവോയിസ്റ്റ് നേതാവ് ഗണപതിയുടെ ബി.ബി.സി അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് തന്റെ നിലപാടെന്നു സി.പി.എം ജില്ലാ സെക്രട്ടറി പറയുന്നു.

മാവോവാദി നേതാവ് തെലങ്കാന സ്വദേശിയായ മുപ്പാല ലക്ഷ്മണറാവു എന്ന ഗണപതി 2018 നവംബറില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ ജനറല്‍ സെക്രട്ടറി പദത്തില്‍നിന്ന് രാജിവെച്ച ആളാണ്. പാര്‍ട്ടിയുടെ താത്വിക നേതാവുകൂടി യായിരുന്ന അദ്ദേഹത്തിന്റെ തലയ്ക്ക് വിവിധ കേസുകളിലായി പൊലീസ് 36ലക്ഷം രൂപ വിലകെട്ടിയിരുന്നു. തുടര്‍ന്ന് സി.പി.ഐ(മാവോയിസ്റ്റ്)ന്റെ ജനറല്‍ സെക്രട്ടറിയായി ഗണപതിയേക്കാള്‍ പത്തുവയസ് ഇളപ്പമുള്ള ലക്ഷ്മണ്‍ റാവുവെന്ന ബസവരാജിനെയാണ് തെരഞ്ഞെടുത്തത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ്), പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ (എം.സി.സി.ഐ) എന്നിവയെ ലയിപ്പിച്ച് 2004ലാണ് ഗണപതിയുടെ മുന്‍കൈയില്‍ സി.പി.ഐ(മാവോയിസ്റ്റ്)ന് രൂപംനല്‍കിയത്. 2007ല്‍ മാവോവാദികളുടെ ഐക്യകോണ്‍ഗ്രസിനോട് അനുബന്ധിച്ച് ബി.ബി.സി എഴുതിനല്‍കിയ ചോദ്യങ്ങള്‍ക്കുള്ള ഗണപതിയുടെ എഴുതിനല്‍കിയ മറുപടിയാണ് ബി.ബി.സി അഭിമുഖമായി സംപ്രേക്ഷണം ചെയ്തത്. അതില്‍ ഇസ്ലാമിക വിപ്ലവത്തിലാണ് ഇന്ത്യയില്‍ ഇനി പ്രതീക്ഷ അര്‍പ്പിക്കുന്നതെന്ന് ഗണപതി തുറന്നു സമ്മതിക്കുന്നുണ്ടെന്നാണ് മോഹനന്‍ പറയുന്നത്.

മാവോവാദികളും മതതീവ്രവാദികളും കൈകോര്‍ക്കുന്നതിന് നേരിട്ടുള്ള എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുണ്ടോ എന്ന മാതൃഭൂമി ലേഖകന്റെ നേരിട്ടുള്ള ചോദ്യത്തിന് മോഹനന്‍ നല്‍കുന്ന തെളിവ് ഇങ്ങനെ:

തീവ്രവാദവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ട്രേഡ് യൂണിയന്റെ നേതാവാണ് ഗ്രോ വാസു. കേരളത്തിന്റെ പലഭാഗത്തും പഴയ നക്‌സല്‍ ബന്ധമുള്ളവര്‍ തീവ്രവാദ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭരണകൂട ഭീകരതയ്‌ക്കെതിരെ എന്ന പേരില്‍ പല പരിപാടികളിലും മാവോവാദികളും മുസ്ലിം തീവ്രവാദികളും കേരളത്തില്‍ പ്രത്യേകിച്ച് കോഴിക്കോട്ട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് കാണാമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

യു.എ.പി.എ കേസിനെയും മാവോവാദികളെ പൊലീസ് വെടിവെച്ചു കൊന്നതിനെയും ന്യായീകരിക്കാനുള്ള തെളിവായി പന്ത്രണ്ടുവര്‍ഷംമുമ്പു നടത്തിയ ഈ അഭിമുഖമാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി അവതരിപ്പിക്കുന്നത്. പാര്‍ട്ടി കേന്ദ്ര നേതൃത്വംപോലും ഇതംഗീകരിക്കുമെന്ന് മോഹനന്‍ കൂസലില്ലാതെ ആവര്‍ത്തിക്കുന്നു. തന്റെയും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെയും സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്റെയും നിലപാടില്‍ വൈരുദ്ധ്യമില്ലെന്നും. മുതിര്‍ന്ന നേതാവായ കാനത്തെ ബോധ്യപ്പെടുത്താന്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും അറിയിക്കുന്നു!

മോഹനന്റെ ഇസ്ലാമിക തീവ്രവാദ പ്രസ്താവനയോടെ സി.പി.എമ്മിനെ അടിമുടി പിടിച്ചുകുലുക്കിയ യു.എ.പി.എ വിവാദത്തിനു വഴിത്തിരിവായെന്ന് വ്യാഴാഴ്ച ‘മലയാള മനോരമ’ റിപ്പോര്‍ട്ടുചെയ്തു. മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്നതുകൊണ്ട് എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട് എന്നിവരെയാണ് ഉദ്ദേശിച്ചതെന്നും പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിശദീകരിച്ചതെന്നും പത്രം എഴുതുന്നു.

തീവ്രവാദ നിലപാടുകളുമായി ബന്ധപ്പെട്ട പി മോഹനന്റെ പ്രസ്താവനകള്‍ വസ്തുതാപരമായ അന്വേഷണത്തിന് വിധേയമാക്കിയാല്‍ വിചിത്രമായ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് കടന്നെത്തുക. കോഴിക്കോട്ട് യു.എ.പി.എ ഭീകരനിയമകേസില്‍ പെടുത്തിയ സി.പി.എം വിദ്യാര്‍ത്ഥികള്‍ക്ക് 2007ല്‍ ഗണപതിയുടെ അഭിമുഖം നടക്കുമ്പോള്‍ പ്രായം 7ഉം 12ഉം വീതം. ഭരണകൂട ഭീകരതയ്‌ക്കെതിരെ കേരളത്തില്‍ പ്രതിഷേധമുയര്‍ന്നത് സമീപകാലത്ത് മോദിഭരണത്തില്‍.

മാവോയിസ്റ്റ് നേതാവ് ഗണപതി

അതിനൊക്കെയപ്പുറം ഇനി ഇന്ത്യയില്‍ ഇസ്ലാമിക വിപ്ലവത്തിന്റെ കാലമാണെന്നോ, മുസ്ലിം തീവ്രവാദത്തെ ന്യായീകരിക്കുന്നെന്നോ ഗണപതിയുടെ അഭിമുഖത്തിലെങ്ങും പറയുന്നില്ല. ആഗോളവത്ക്കരണത്തിനെതിരെ ആഗോളതലത്തില്‍ ജനങ്ങളുടെ മുന്നേറ്റമുയരുകയാണെന്നും അതിന്റെ ഭാഗമാണ് ഇസ്ലാമിക മുന്നേറ്റമെന്നുമാണ് പറയുന്നത്. മുസ്ലിംങ്ങളെ മതമൗലികവാദത്തില്‍നിന്ന് മോചിപ്പിക്കണമെന്നു പറയുന്ന ഗണപതി സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയ്ക്കുശേഷമേ അതു സാധ്യമാകൂ എന്നും കൂട്ടിച്ചേര്‍ക്കുന്നു. ലോകത്താകെ നടക്കുന്ന സാമ്രാജ്യത്വവിരുദ്ധ – ജനാധിപത്യ മുന്നേറ്റം മുസ്ലിംങ്ങള്‍ക്കിടയില്‍ ജനാധിപത്യബോധം വളര്‍ത്തുകയും മറ്റെല്ലാ ജനാധിപത്യ – പുരോഗമന വിപ്ലവശക്തികളുമായി കൂടുതല്‍ അടുക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്നും. ആഗോളതലത്തിലുള്ള ജനാധിപത്യ ഉണര്‍വ്വിന്റെ ഭാഗമാണ് മുസ്ലിംങ്ങളുടെ കുതിച്ചുകയറ്റമെന്നും – ചോദ്യങ്ങള്‍ക്കു മറുപടിയായാണ് മാവോയിസ്റ്റ് താത്വികന്‍ ഇതു പറഞ്ഞത്. ഇസ്ലാമിക് ജിഹാദി പ്രസ്ഥാനത്തിന് രണ്ടുവശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിലെ സാമ്രാജ്യത്വവിരുദ്ധ ഘടകത്തെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കും. എന്നാല്‍ സാമൂഹ്യതലത്തിലെ മൗലികവാദത്തെയും പിന്തിരിപ്പന്‍ ആശയഗതിയെയും എതിര്‍ക്കുകയും ചെയ്യും.

എന്നാല്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ബി.ബി.സി അഭിമുഖം കേട്ടതായോ ഉള്‍ക്കൊണ്ടതായോ അദ്ദേഹത്തിന്റെ പ്രതികരണം സൂചിപ്പിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ ഭീകരനിയമത്തെ ന്യായീകരിക്കാന്‍ ഗണപതിയുടെയും മാവോയിസ്റ്റുകളുടെയും പേരില്‍ ഒരു രാഷ്ട്രീയ കഥ ചമച്ചിരിക്കുകയാണ്.

മുന്‍ നക്‌സലൈറ്റും ഇപ്പോള്‍ കോഴിക്കോട് ജില്ലാകമ്മറ്റി അംഗവും കേളുവേട്ടന്‍ പഠന ഗവേഷണകേന്ദ്രം മേധാവിയുമായ കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ‘യു.എ.പി.എ, മാവോയിസം, ഇടതു സമീപനം’ എന്ന പുസ്തകമുണ്ട്. അതില്‍ എഴുതിപിടിപ്പിച്ചതാണ് ജില്ലാ സെക്രട്ടറിയെ ആവേശിച്ചതെന്ന് വിവാദ ഉദ്ധരണി വ്യക്തമാക്കുന്നു. പുസ്തകം പ്രകാശനം ചെയ്തത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. തങ്ങളുടെ നിലപാടിനെ കേന്ദ്രനേതൃത്വം അംഗീകരിക്കുമെന്ന് അദ്ദേഹം വാശിപിടിക്കുന്നതും ഒരുപക്ഷെ അതുകൊണ്ടാകാം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മുന്‍ ജനറല്‍ സെക്രട്ടറിയുമടക്കം യു.എ.പി.എ അറസ്റ്റ് തള്ളിപ്പറഞ്ഞിട്ടും ഈ വ്യാജ അഭിമുഖത്തിന്റെ പിന്‍ബലത്തിലാണ് സംസ്ഥാനകമ്മറ്റിയംഗമായ മോഹനന്‍ ഉറച്ചുനിന്നത്.

വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്ത സംഭവത്തെ ആദ്യം ശക്തമായി ചോദ്യംചെയ്ത ജില്ലാ സെക്രട്ടറി ക്രമേണ ചുവടുമാറ്റുകയായിരുന്നു. കസ്റ്റഡിയിലായ പാര്‍ട്ടിയംഗങ്ങള്‍ക്ക് നിയമസഹായം നല്‍കാനുള്ള പ്രാദേശിക ഘടകങ്ങളുടെ ആവശ്യത്തെ ജില്ലാ സെക്രട്ടറി തടഞ്ഞു. ഇവര്‍ക്ക് മാവോവാദികളുമായുള്ള ബന്ധവും അവര്‍ക്ക് മുസ്ലിം തീവ്രവാദികളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു. അറസ്റ്റിലായ രണ്ട് അംഗങ്ങളെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ജില്ലാകമ്മറ്റി തീരുമാനിച്ചതായി ബന്ധപ്പെട്ട കീഴ്കമ്മറ്റികളില്‍ റിപ്പോര്‍ട്ടുചെയ്തു. അവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. മാവോവാദികള്‍ക്ക് മുസ്ലിംതീവ്രവാദികളുമായി ബന്ധമുണ്ടെന്നു തെളിയിക്കാനും അതിന് സൈദ്ധാന്തിക അടിത്തറ സൃഷ്ടിക്കാനും മാവോയിസ്റ്റ് നേതാവിന്റെ 2007ലെ അഭിമുഖം ദുരുപയോഗംചെയ്തു. ഇതെല്ലാം ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്ന ചോദ്യം അവശേഷിപ്പിച്ച് സി.പി.എമ്മിന്റെ ഈ അപസര്‍പ്പക കഥ തുടരുകതന്നെയാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s