KAZHCHA കാഴ്ച

ബിനീഷ് ബാസ്റ്റിന്‍ താങ്കളാണ് ശരി

ജാതിയും ആഢ്യത്വവുമാണ് സമകാലീന കേരളത്തിന്റെ മനസും മേധാവിത്വവുമെന്ന് കേരളപ്പിറവിയുടെ 63-ാം വാര്‍ഷികത്തിലും നാം തെളിയിക്കുന്നു. സാംസ്‌ക്കാരിക മന്ത്രിയുടെ ജില്ലയായ പാലക്കാട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് യൂണിയന്‍ ഉദ്ഘാടനചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ച നടന്‍ ബിനീഷ് ബാസ്റ്റിന് നേരിട്ട അനുഭവത്തില്‍ ശ്രീനാരായണ ഗുരുവിന്റെ നാട്ടുകാരെല്ലാം ലജ്ജിച്ചു തലതാഴ്ത്തും. നവോത്ഥാന മൂല്യങ്ങളെപ്പറ്റി ഊറ്റംകൊള്ളുന്നവരും നവകേരളത്തിന്റെ പുന:സൃഷ്ടിയെപ്പറ്റി അവകാശവാദമുന്നയിക്കുന്നവരും അടക്കം.

സിനിമാ- സാംസ്‌ക്കാരിക- രാഷ്ട്രീയ മേഖലകളിലും ഭരണാധികാരികളുടെ അകത്തും ചിന്തയിലുമെല്ലാം ജാതിയും ആഢ്യത്വവും നിന്ദയും കടന്നല്‍ക്കൂടു കെട്ടിയിരിക്കയാണ്. നടന്‍ ബിനീഷ് ബാസ്റ്റിനെ ഈ പുത്തന്‍ സവര്‍ണ്ണ മേധാവിവര്‍ഗം അവഹേളിച്ചതും അധിക്ഷേപിച്ചതും ജാതിയുടെമാത്രം വിഷയമല്ല. നമ്മുടെ മണ്ണിന്റെ മണമുള്ള, നട്ടെല്ലും ആത്മാഭിമാനവുമുള്ള ഒരു തൊഴിലാളി ജനങ്ങളുടെ പ്രിയപ്പെട്ട കലാകാരനായി വളര്‍ന്നതിലുള്ള അസഹിഷ്ണുതയും അംഗീകരിച്ചുകൂടെന്ന അവരുടെ
അഹങ്കാരവുമാണത്. വര്‍ദ്ധിച്ച് വൈറസിനേക്കാളേറെ സാംസ്‌ക്കാരിക കേരളത്തിന് വിപത്തായി പടരുന്ന ഈ രോഗത്തെ പ്രതിരോധിക്കാനും കീഴ്‌പ്പെടുത്താനും ബിനീഷ് ബാസ്റ്റിന്‍ നടത്തിയതുപോലുള്ള പരസ്യ പ്രതികരണം മാത്രമാണ് പോംവഴി.

ബിനീഷ് ബാസ്റ്റിന്‍

ബിനിഷിന്റെ പ്രതികരണം കേട്ടപ്പോള്‍ ഓര്‍ത്തുപോയത് 80കളുടെ ആദ്യത്തില്‍ ഡല്‍ഹിയിലെ ശാസ്ത്രി ഭവനിലെ മുഖ്യ പ്രസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഈ ലേഖകനോടും സുഹൃത്തായ മറ്റൊരു മലയാളി മാധ്യമ പ്രവര്‍ത്തകനോടും പരിഹാസപൂര്‍വ്വം നടത്തിയ ഒരു പരാമര്‍ശമാണ്: ‘നിങ്ങള്‍ ഗ്രാമത്തില്‍നിന്നു വരുന്നവരാണല്ലേ?’ ഇന്ത്യ ജീവിക്കുന്നത് താങ്കളെയൊക്കെ തീറ്റിപ്പോറ്റുന്ന ഗ്രാമങ്ങളിലാണെന്ന് രാഷ്ട്രപിതാവ് പറഞ്ഞത് അറിയാമോയെന്ന് തിരിച്ചു ചോദിച്ചു. ഗ്രാമീണനാണെന്ന് അവഹേളിച്ച ആ ഉദ്യോഗസ്ഥമേധാവി സ്വയം അഭിമാനിക്കുന്ന ആ രണ്ട് ഗ്രാമീണര്‍ക്കു മുമ്പില്‍ ക്ഷമചോദിച്ചു.

ബിനീഷ് ബാസ്റ്റിനെപ്പോലുള്ള, കട്ടിലിനടിയില്‍ പണിയായുധങ്ങള്‍ സൂക്ഷിച്ചുവെച്ചുറങ്ങുന്ന ആളുകളെയാണ് പ്രസംഗവേദികളില്‍ നവകേരളവും നവോത്ഥാന മൂല്യങ്ങളും വിളമ്പുന്ന നേതാക്കളെയും മന്ത്രിമാരെയുംകാള്‍ വിവിധ മേഖലകളില്‍ നമ്മുടെ നാടിനാവശ്യം. സോവിയറ്റ് യൂണിയന്‍ എന്ന നവലോകം സൃഷ്ടിച്ച മഹാനായ ലെനിന്‍ ഭരണനേതൃത്വം കയ്യാളുമ്പോഴും തന്റെ പണിയായുധങ്ങള്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്നു. അവ എന്നും എടുത്തുനോക്കി ഹൃദയത്തോട് ചേര്‍ത്ത് താന്‍ വന്ന വഴിയേതെന്ന് ഒരിക്കല്‍ക്കൂടി ഓര്‍ത്താണ് ഉറങ്ങാന്‍ കിടന്നിരുന്നത്. താങ്കളുടെ തുറന്ന, ശക്തമായ പ്രതികരണത്തിന് അഭിവാദ്യങ്ങള്‍ ബിനീഷ്.

‘മാധ്യമം’ പ്രസിദ്ധീകരിച്ച ബിനീഷ് ബാസ്റ്റിന്റെ അഭിമുഖം ‘കാഴ്ച’യില്‍ താഴെ ഉദ്ധരിക്കുന്നു:

മാധ്യമം ദിനപത്രം : 2019 നവംബര്‍ 2

Leave a comment