When Pinarayi calls CBI പിണറായി സി.ബി.ഐയെ വിളിക്കുമ്പോള്‍

ടൈറ്റാനിയം കേസ് സി.ബി.ഐ അന്വേഷണത്തിനു വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം മുഖ്യമന്ത്രിയുടെയും സി.പി.എം പൊളിറ്റ് ബ്യൂറോയുടെയും നിലപാടുകള്‍ക്ക് വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാറിന്റെ കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ. പകപോക്കാനും പാര്‍ട്ടിയെ തകര്‍ക്കാനുമാണ് സി.ബി.ഐയെ ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് വരുമ്പോള്‍- സി.ബി.ഐയ്‌ക്കെതിരെ സി.പി.എം സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായി കേരളത്തില്‍ എടുത്തുവരുന്ന നിലപാടാണത്.

സഹകരിക്കാം : മുഖ്യമന്ത്രി പിണറായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പം

തീര്‍ന്നില്ല, കേരള പൊലീസും വിജിലന്‍സും രാജ്യത്തെ കഴിവു തെളിയിച്ച കുറ്റാന്വേഷണ ഏജന്‍സിയാണെന്ന് വാദിക്കുന്ന സി.പി.എമ്മും സര്‍ക്കാറും അവരെ തള്ളിയാണ് ടൈറ്റാനിയം കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സി.ബി.ഐയുടെ മഹത്തായ സേവനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സി.ബി.ഐ വരുന്നെന്ന ഭീഷണി തെരഞ്ഞെടുപ്പു വരുമ്പോഴാണ് എന്ന് കുറ്റപ്പെടുത്താറുള്ളവരാണ് ഇപ്പോള്‍ പാലായിലും അടുത്ത നവംബറില്‍ മറ്റ് അഞ്ചു മണ്ഡലങ്ങളിലും അതിനിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പതിമൂന്നുവര്‍ഷം പഴക്കമുള്ള ടൈറ്റാനിയം അഴിമതികേസ് പെട്ടെന്ന് കുത്തിപ്പൊക്കിയത്. അധികാരത്തിലിരുന്ന് അഴിമതി നടത്തിയവര്‍ ആരായാലും അവരെ കയ്യോടെ പിടിച്ച് ശിക്ഷിക്കണമെന്നത് ശരിവെക്കുമ്പോള്‍തന്നെ ഈ രാഷ്ട്രീയ ചൂതാട്ടം എങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലുള്ള ഒരാള്‍ക്കും ഇടതുപക്ഷ സര്‍ക്കാറിനും സ്വീകരിക്കാനാകും എന്നു ചോദിക്കാതെവയ്യ. 2006ല്‍ വി.എസിന്റെ ഭരണകാലത്താണ് ടൈറ്റാനിയത്തിലെ മാനേജ്‌മെന്റ് ഉന്നതര്‍ക്കെതിരെ വിജിലന്‍സ് ഈ കേസ് തുടങ്ങിവെച്ചത്. 2016ല്‍ പിണറായി ഗവണ്മെന്റ് അധികാരത്തില്‍വന്ന് മൂന്നുവര്‍ഷത്തിലേറെ അന്വേഷിച്ചിട്ടും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നീ ഉന്നത രാഷ്ട്രീയനേതാക്കളെ കേസില്‍ പ്രതിചേര്‍ക്കാന്‍ തെളിവ് കണ്ടെത്താനായില്ല. പൊടുന്നനെ മുമ്പു പറഞ്ഞതെല്ലാം വിഴുങ്ങി സി.ബി.ഐയുടെ കാര്യശേഷിയ്ക്കും പ്രാപ്തിക്കും മഹാമനസ്‌ക്കതയ്ക്കും ഈ കേസ് സമര്‍പ്പിച്ചിരിക്കുകയാണ്. എന്തൊരു വിരോധാഭാസം!

അതിന് സംസ്ഥാന സര്‍ക്കാര്‍ പറയുന്ന കാരണവും കൗതുകകരമാണ്. ആരോപണത്തില്‍ വിദേശകമ്പനി ഉള്‍പ്പെട്ടതിനാലാണ് അന്വേഷണം സി.ബി.ഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന്. എത്ര വൈകിവന്ന വിവേകം. എന്നാല്‍ വിജിലന്‍സ് ഇന്റര്‍പോളിന്റെ സഹായംകൂടി തേടിയായിരുന്നു ഇത്രകാലവും അന്വേഷിച്ചിരുന്നത്.

തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറിയിലെ മാലിന്യപ്ലാന്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ വിജിലന്‍സ് കേസ്. ഇതും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായിരുന്ന ലാവ്‌ലിന്‍ കേസും തമ്മില്‍ ഒരുപാട് സമാനതകളുണ്ട്. ടൈറ്റാനിയം കേസില്‍ പൊതു ഖജനാവില്‍നിന്നുണ്ടായ നഷ്ടം 127 കോടി രൂപയെന്ന് ആരോപിച്ചായിരുന്നു ഒരു ജീവനക്കാരന്റെ പരാതി. വിജിലന്‍സ് അന്വേഷിച്ച നഷ്ടം 82 കോടി രൂപയെന്ന് കോടതിക്കു റിപ്പോര്‍ട്ടുനല്‍കി. രാഷ്ട്രീയ നേതാക്കളെയല്ല ടൈറ്റാനിയം എം.ഡിയെയും ഡയറക്ടര്‍മാരെയുമാണ് വിജിലന്‍സ് ആദ്യം പ്രതിചേര്‍ത്തിരുന്നത്. 2005-2006ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, വ്യവസായമന്ത്രി ഇബ്രാഹിംകുഞ്ഞ്, കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നീ രാഷ്ട്രീയനേതാക്കളെ പിന്നീട് വിജിലന്‍സ് എഫ്.ഐ.ആറില്‍ പ്രതിചേര്‍ത്തു.

കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലില്‍ നിന്നാണ് ലാവ്‌ലിന്‍ അഴിമതി തലനീട്ടിയത്. ലാവ്‌ലിനുമായി വൈദ്യുതിബോര്‍ഡ് ഉണ്ടാക്കിയ കരാറിലും ഉപകരണ ഇറക്കുമതിയിലും പുനര്‍നിര്‍മ്മാണത്തിലും മൊത്തം 374.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്. തലശ്ശേരി ക്യാന്‍സര്‍ സെന്ററിന് ധാരണാപത്രമനുസരിച്ച് നല്‍കേണ്ടിയിരുന്ന 90 കോടിരൂപ ലാവ്‌ലിന്‍ നല്‍കിയില്ലെന്നും. ലാവ്‌ലിന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെയന്‍ഡ്രലിനെയും വൈദ്യുതിബോര്‍ഡിലെ മുന്‍ ചെയര്‍മാന്‍മാരടക്കം എട്ട് ഉന്നത ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലന്‍സ് ആദ്യം കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 1996 ഫെബ്രുവരിയില്‍ ലാവ്‌ലിനുമായി കണ്‍സള്‍ട്ടന്‍സി കരാറുണ്ടാക്കിയ യു.ഡി.എഫ് മന്ത്രി കാര്‍ത്തികേയനെതിരെയും ഒരുവര്‍ഷം കഴിഞ്ഞ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈകരാറാക്കി കാര്യങ്ങള്‍ നടത്തിച്ച എല്‍.ഡി.എഫ് ഊര്‍ജ്ജമന്ത്രി പിണറായി വിജയനെതിരെയും അഴിമതിയുടെ ഉത്തരവാദിത്വം സംബന്ധിച്ച ആരോപണം ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി ഗവണ്മെന്റാണ് 2006 മാര്‍ച്ച് 1ന് വിശദമായ അന്വേഷണത്തിന് ലാവ്‌ലിന്‍ കേസ് സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

ഇന്നു ഞാന്‍ : പി ചിദംബരത്തെ സി.ബി.ഐ കോടതിയില്‍നിന്ന് തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോകുന്നു.

തുടര്‍ന്ന് പൊതുതാല്പര്യ ഹര്‍ജിയിലാണ് പൊതു ഖജനാവിനു വന്ന ഭീമമായ നഷ്ടത്തിന് ചെറിയ മീനുകള്‍ക്കു പകരം വന്‍സ്രാവുകളെതന്നെ പിടികൂടേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ബാലി ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഇടപെടലിന്റെ പിന്‍ബലത്തില്‍ ലാവ്‌ലിന്‍കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. എസ്.എന്‍.സി ലാവ്‌ലിന്‍ വൈസ് ചെയര്‍മാന്‍ ക്ലോസ് ട്രെയന്‍ഡ്രലിനെയും ഊര്‍ജ്ജമന്ത്രി പിണറായി വിജയനെയും മറ്റുള്ളവര്‍ക്കൊപ്പം സി.ബി.ഐ കേസില്‍ പ്രതിചേര്‍ത്തു. വൈദ്യുതപദ്ധതികളുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 86.25 കോടി രൂപ വൈദ്യുതിമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലോടെ. മുഖ്യമന്ത്രി വി.എസ് ഒരുവശത്തും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി മറുവശത്തുമായിരുന്നു ഈ പ്രശ്‌നത്തില്‍. അസാധാരണമായി സി.പി.എം പൊളിറ്റ് ബ്യൂറോ പാര്‍ട്ടി സെക്രട്ടറിയെ കേസില്‍ പൂര്‍ണ്ണമായി പിന്തുണച്ചു.

കനഡയിലുള്ള ട്രെയന്‍ഡ്രലിന് സമന്‍സ് എത്തിക്കാന്‍ സി.ബി.ഐ പരാജയപ്പെടുകയും സി.ബി.ഐ കേസ് നീണ്ടുപോകുകയും ചെയ്തു. രാഷ്ട്രീയക്കാരനായ തന്റെ ഭാവിക്ക് പ്രതിബന്ധം സൃഷ്ടിക്കുകയാണെന്നു പറഞ്ഞ് പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചു. ട്രെയന്‍ഡ്രലിനെ ഒഴിവാക്കി കേസ് വേര്‍പെടുത്തി വിചാരണ നടത്താന്‍ വിധി സമ്പാദിച്ചു. തനിക്കെതിരെ തെളിവില്ലെന്നും വിചാരണകൂടാതെതന്നെ കേസില്‍നിന്ന് ഒഴിവാക്കണമെന്നും സി.ബി.ഐ പ്രത്യേക കോടതിയില്‍ വാദിച്ചു. 2013ല്‍ അനുകൂല വിധി നേടി.

പിണറായിയും വിട്ടയക്കപ്പെട്ട ഇലക്ട്രിസിറ്റി ബോര്‍ഡിലെ നാല് ഉന്നത ഉദ്യോഗസ്ഥരും വിചാരണ നേരിടണമെന്നു സി.ബി.ഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പക്ഷെ, സി.ബി.ഐ കോടതിവിധി ഹൈക്കോടതിയും ശരിവെച്ചു.

ഇതിനെതിരെ 2017 ഓഗസ്റ്റില്‍ സുപ്രിംകോടതിയില്‍ സി.ബി.ഐ നല്‍കിയ അപ്പീല്‍ രണ്ടുവര്‍ഷത്തിലേറെയായി ഇഴഞ്ഞുനീങ്ങുകയാണ്. വാദം കേള്‍ക്കാന്‍ തയാറായിട്ടും കേസ് നീട്ടിക്കൊണ്ടു പോകുകയാണോയെന്ന് ക്ഷമകെട്ട് സുപ്രിംകോടതിക്ക് സി.ബി.ഐയോട് ചോദിക്കേണ്ടിവന്നു. ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം വാദംകേള്‍ക്കാന്‍ തീരുമാനിച്ചെങ്കിലും ഇനിയും കേസ് പരിഗണിച്ചിട്ടില്ല.

ലാവ്‌ലിന്റെ മുന്‍ വൈസ് പ്രസിഡന്റിന് സമന്‍സ് നല്‍കാനോ അദ്ദേഹത്തെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ ഇതിനിടെ സുപ്രിംകോടതിയെ അറിയിക്കുകയുണ്ടായി. വാര്‍ദ്ധക്യവും ആനാരോഗ്യവുംകൊണ്ട് കിടപ്പിലായ ഒരു മുന്‍ ചീഫ് എഞ്ചിനിയറടക്കം രണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഈ കേസില്‍ പ്രതികളായി തുടരുകയുമാണ്.

ഈ സി.ബി.ഐയെയാണ് പിണറായി സര്‍ക്കാര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായി ഇപ്പോള്‍ നിയോഗിക്കുന്നത്. സി.പി.എമ്മിന്റെ കേരളത്തിലെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട കൊലക്കേസുകളില്‍ പലതിലും കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം നടക്കുകയാണ്. ഇതിനെതിരെ കേരള സര്‍ക്കാര്‍ കോടതിയിലും സി.പി.എം ജനങ്ങളുടെ മുമ്പിലും അവസരിപ്പിച്ച സി.ബി.ഐയ്‌ക്കെതിരായ വാദം അപ്രസക്തമായി. ഈ കേസന്വേഷണംതന്നെ സി.ബി.ഐ തളര്‍ത്തിയിട്ടിട്ടുമുണ്ട്. സംസ്ഥാന ഗവണ്മെന്റിന്റെയും പൊലീസിന്റെയും കേസന്വേഷണവുമായി ബന്ധപ്പെട്ട വിശ്വാസ്യതതന്നെ ഈ തീരുമാനത്തോടെ മൊത്തത്തില്‍ തകരുകയാണ്. സി.പി.എം നേരിട്ടുകൊണ്ടിരിക്കുന്ന നയപരവും രാഷ്ട്രീയവുമായ വൈരുദ്ധ്യങ്ങളുടെ മറ്റൊരു മകുടോദാഹരണമാണിത്.

2016ല്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിറകെ ഈ സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി ഗവണ്മെന്റുമായി ബന്ധപ്പെട്ട് ഇതുപോലെ ഒട്ടേറെ കേസുകള്‍ക്ക് തുടക്കമിട്ടു. ഒരു മന്ത്രിസഭാ കമ്മറ്റിയെപോലും നിയോഗിച്ചു. വിഴിഞ്ഞം കരാര്‍ അടക്കമുള്ള കേസുകള്‍. സോളാര്‍ അഴിമതി കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രഥമവിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തിയതല്ലാതെ ഈ കേസുകളിലൊന്നും ചോദ്യംചെയ്യലോ തെളിവെടുപ്പോ ഒന്നും നടന്നിട്ടില്ല. എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെയുള്ള കേസും ഇതേ അവസ്ഥയിലാണ്.

ഇതിനൊക്കെ പുറമെയാണ് പതിമൂന്നുവര്‍ഷംമുമ്പ് ഉയര്‍ന്ന ഒരു ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റുമെതിരെ ഇപ്പോള്‍ സി.ബി.ഐയെ വിളിക്കുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും വിശ്വാസ്യതയുടെ ഗ്രാഫ് എവിടെചെന്നു പതിക്കുമെന്ന് മുഖ്യമന്ത്രിയെങ്കിലും ചിന്തിക്കാഞ്ഞിട്ടാകില്ല. പക്ഷെ, അതിന് അദ്ദേഹത്തെ നിര്‍ബന്ധിക്കുന്ന ഗൗരവമായ രാഷ്ട്രീയ സാഹചര്യങ്ങളും സമ്മര്‍ദ്ദവുമുണ്ടെന്നു വ്യക്തമാണ്.

ലോകസഭയില്‍ അതിദുര്‍ബലമായി കഴിഞ്ഞിരിക്കുന്ന പ്രതിപക്ഷത്തിന് വിശേഷിച്ച്, കോണ്‍ഗ്രസിന് ഏറ്റവും വലിയ പ്രാതിനിധ്യം നല്‍കുന്നത് കേരളത്തില്‍നിന്നുള്ള യു.ഡി.എഫ് എം.പിമാരാണ്. സ്വയം വില്‍ക്കാനും നട്ടെല്ല് വളയ്ക്കാനും തയാറില്ലാത്ത കോണ്‍ഗ്രസിന്റെ ശക്തരായ വക്താക്കളെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും എങ്ങനെ വേട്ടയാടി പിടിക്കും എന്നതിന്റെ തുടക്കമാണ് മുന്‍ ആഭ്യന്തര-ധനമന്ത്രി ചിദംബരത്തില്‍നിന്നു ആരംഭിച്ചിട്ടുള്ളത്. എയര്‍സെല്‍-മാക്‌സിസ് കേസില്‍ ഇതിലും ഗൗരവമുള്ള ആരോപണമുള്ളവരെ തൊടാതെ പി ചിദംബരത്തെ മാത്രം അറസ്റ്റുചെയ്യാന്‍ തിടുക്കം കൂട്ടുന്നത് നിയമവിരുദ്ധമാണെന്നും പ്രതികള്‍ക്കെതിരെ വിവേചനം അംഗീകരിക്കാനാവില്ലെന്നും സി.ബി.ഐ കോടതി ജഡ്ജിക്കുതന്നെ പറയേണ്ടിവന്നു. തമിഴ്‌നാട് വിട്ട് കര്‍ണാടകത്തിലേക്കു കടന്ന എന്‍ഫോഴ്‌സ്‌മെന്റ് മുന്‍മന്ത്രി ശിവകുമാറെ ഡല്‍ഹിയിലേക്കു പൊക്കി പണി തുടരുകയാണ്.

ഈ സംഭവത്തോടെ കേരളത്തിലെ ഇടതു സര്‍ക്കാര്‍തന്നെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ ബി.ജെ.പിക്കും സി.ബി.ഐയ്ക്കും പിടിച്ചുകൊടുക്കാന്‍ തയാറായിരിക്കുന്നു. അതാണ് ഇതിലെ രാഷ്ട്രീയസന്ദേശം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s