ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ സന ഇല്‍ത്തിജ സംസ്ഥാനത്തെ ഏകാന്തതടവില്നിന്ന് രക്ഷപെട്ട് ചെന്നൈയില്‍ എത്തി ‘ഇന്ത്യാ ടുഡെ’യുടെ രാജ്ദീപ് സര്‍ദേശായിയുമായി നടത്തിയ വികാരപരമായ അഭിമുഖമാണ് താഴെ കൊടുക്കുന്നത്. ജമ്മു-കശ്മീരില്‍ നടക്കുന്നത് മാനുഷിക പ്രതിസന്ധിയാണ്. ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍പോലും സാധ്യമാകുന്നില്ല. അതിക്രൂരമായി ജനങ്ങള്‍ കഷ്ടപ്പെടുകയാണ്.
സനയുടെ ഈ വെളിപ്പെടുത്തലിന് പിറ്റേന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രിംകോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ശ്രീനഗറിലെ ത്തിയത്. ജമ്മു-കശ്മീരിന്റെ പ്രത്യേക സംസ്ഥാനപദവി നീക്കി ഇരുപത്തിനാല് ദിവസത്തിനുശേഷം സി.പി.എം എം.എല്‍.എ തരിഗാമിയെ സന്ദര്‍ശിക്കാന്‍. വിമാനത്താവളത്തില്‍നിന്ന് തരിഗാമിയുടെ വീടുവരെ പൊലീസ് കാവലില്‍ യാത്രചെയ്ത യെച്ചൂരി അതിനിടയില്പോലും താന്‍ മനസിലാക്കിയത് സര്‍ക്കാര്‍ പറയുന്നതല്ല ജമ്മു-കശ്മീരില്‍ നടക്കുന്നതെന്നാണ്.
യെച്ചൂരിയുടെ കശ്മീര്‍ യാത്രയുടെ തലേന്നു സന ഇല്ത്തിയ വെളിപ്പെടുത്തിയ കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളാകെ അറിയേണ്ട വിവരങ്ങളാണ്:

‘എന്റെ അമ്മ ഭീകരപ്രവര്‍ത്തകയല്ല. പക്ഷെ, അങ്ങനെയാണ് ഇപ്പോള്‍ അവരെ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി സ്വന്തം അമ്മയെപ്പോലും കാണാന്‍ അവരെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. മെഹ്ബൂബ മുഫ്തിയുടെ ആത്മവീര്യം തകര്‍ക്കാന്‍ അവരെ ഏകാന്ത തടവില്‍ വെച്ചിരിക്കയാണ്.
അവരെ തടങ്കലിലാക്കിയ ഓഗസ്റ്റ് 5ന് ശേഷം അവരുടെ അമ്മയ്ക്കോ മറ്റു കുടുംബാംഗങ്ങള്‍ക്കോ മെഹ്ബൂബ മുഫ്തിയെ കാണാന്‍ കഴിഞ്ഞിട്ടില്ല. വീട്ടു തടങ്കലിലായിരുന്ന അവരെ തടവിലാക്കേണ്ട കാര്യമെന്തായിരുന്നു എന്നു മനസിലാകുന്നില്ല. എന്റെ അമ്മ ഒരു ഭീകരപ്രവര്‍ത്തകയല്ല. മുന്‍ മുഖ്യമന്ത്രിയും രണ്ടുതവണ എം.പിയുമായ ആളാണ്. അങ്ങേയറ്റം അപമാനകരമായ രീതിയില്‍ അവരെ കൈകാര്യം ചെയ്യുന്നത് എനിക്കു വിചിത്രമായി തോന്നുന്നു. ഒരു ക്രിമിനലി നെപ്പോലെയാണ് സുരക്ഷാ സൈനികര്‍ അവരോട് പെരുമാറിയത്. നേരത്തെ വീട്ടുതടങ്കലിലുള്ളപ്പോഴും ഇപ്പോള്‍ തടവുകാരിയായി വെച്ചിട്ടുള്ള അതിഥി മന്ദിരത്തിലും അവര്‍ക്ക് എത്തിക്കുന്ന സാധനങ്ങള്‍ ആ നിലയ്ക്കാണ് സുരക്ഷാഭടന്മാര് പരിശോധിക്കുന്നത്. അമ്മയുമായി കൂടിക്കാഴ്ചയ്ക്കുവേണ്ടി അധികൃതര്‍ക്ക് നിരവധി കത്തുകള്‍ എഴുതി. പ്രതികരണമുണ്ടായില്ല. ഒടുവില്‍ ഈ വിഷയം മാധ്യമങ്ങളിലൂടെ ഉന്നയിച്ചു. അപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് എനിക്കവരെ കാണാമെന്നാണ്. എന്നിട്ടും ഇന്നുവരെ രേഖാമൂലമായി തെളിവോ ഉറപ്പോ നല്‍കിയിട്ടില്ല. അമ്മയുടെ സ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് രാജ്യം ഇപ്പോള്‍ നാശബോധത്തോടെ അസംതുഷ്ടി മാത്രമായി കഴിയുന്ന ഒരു അവസ്ഥയില്‍ (ഓര്ബീലിയന് ഡിസ്റ്റോപ്പിയ) ആണെന്ന് ഇല്‍ത്തിജ പറഞ്ഞു. നിങ്ങളുടെ ചിന്തകളില്‍പോലും കടന്നുകയറാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍വ്വാധിപത്യ ഭരണകൂടമാണ് ഇവിടെയുള്ളത്. നിങ്ങള്‍ എന്തു ചിന്തിക്കുന്നു എന്നത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യംപോലും നിങ്ങള്‍ക്ക് നല്‍കുന്നില്ല.
അത് എന്റെ കാര്യത്തില്‍ മാത്രമല്ല, എത്രപേരെ തടങ്കലില്‍ വെച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തേണ്ടതുണ്ട്. സൈനിക വിമാനങ്ങളില്‍ കൊണ്ടുപോയി ആഗ്രയിലെ ജയിലുകളില്‍ കൂട്ടത്തോടെ എറിഞ്ഞിട്ടുള്ള പിതാക്കളെയും സഹോദരന്മാരെയും കുറിച്ച് അവര്‍ പറയേണ്ടതുണ്ട്. അവര്‍ക്കെന്താണ് സംഭവിക്കുന്നത്. കശ്മീര്‍ താഴ് വര സാധാരണ നിലയിലായെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എങ്കില്‍ അവര്‍ കരുതുന്നത് അവിടെ അക്രമമാണ് സാധാരണ നിലയെന്നാണ്. ഒരു സ്ത്രീ പ്രസവ വേദനയുമായി പന്ത്രണ്ടു മണിക്കൂര്‍ നടക്കുന്നതും ആശുപത്രിയിലെത്തി മരിച്ച കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്നതും സാധാരണനിലയാണോ? കശ്മീരികള്‍ക്ക് ഇത്തരമൊരു സാധാരണനില മതിയെന്നാണോ? ജമ്മു-കശ്മീരിലെ ജനങ്ങള്‍ രോഷംകൊണ്ട് തിളയ്ക്കുകയാണ്. അത് സമാധാനമായി പ്രകടിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതിന് എന്റെ അമ്മയേയോ ഒമര്‍ അബ്ദുള്ളയേയോ പ്രതിഷേധത്തിനു പ്രേരിപ്പിക്കുന്ന ബലിയാടുകളാക്കാന്‍ പറ്റില്ല. ഒരേ ശ്വാസത്തില്‍ നിങ്ങള്‍ പറയുന്നു മുഫ്തിമാരുടെയും അബ്ദുള്ളമാരുടെയും കഥ കഴിച്ചെന്ന്. ശ്രീനഗറിലെ ജനങ്ങള്‍ ആഹ്ലാദംകൊണ്ട് നൃത്തം ചവിട്ടുകയാണെന്ന്. അതേസമയം നിങ്ങള്‍ പറയുന്നു രണ്ടു നേതാക്കളും പുറത്തുവന്നാല്‍ അവര്‍ ജനങ്ങളെ പ്രകോപിതരാക്കുമെന്ന്. അവരെ തുടച്ചുനീക്കിക്കഴിഞ്ഞാല് അവര്‍ എങ്ങനെയാണ് കലാപത്തിന് പ്രേരിപ്പിക്കുന്നത്.
കശ്മീരി സ്ത്രീകള്‍ യുദ്ധത്തില്‍ ബലാത്ക്കാരം ചെയ്യപ്പെട്ടവരാണെന്നാണ് ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടറുടെ വിവാദ പരാമര്‍ശം. കശ്മീരി സ്ത്രീകളെ ഞങ്ങളുടെ പുത്രവധുക്കളാക്കുമെന്ന് മറ്റൊരു ബി.ജെ.പി മുഖ്യമന്ത്രിയും പറഞ്ഞു. ഭരണഘടന നിങ്ങള്‍ അശുദ്ധമാക്കി. ഇനി ഞങ്ങളുടെ സ്ത്രീകളെയും അങ്ങനെ ചെയ്യണോ. ഈ പ്രസ്താവനയെ ഒരു ബി.ജെ.പി നേതാവും അപലപിച്ചില്ല. ഇന്ത്യയിലെ വിദ്യാസമ്പന്ന രായവരെ മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യുകയാണ്. കശ്മീരികളെ പിശാചുക്കളാക്കി അവതരിപ്പിക്കുകയാണ്. ജമ്മു-കശ്മീരിലെ നിലവിലുള്ള സ്ഥിതി വ്യാപകമായി ആഘോഷിക്കപ്പെടുകയാണ്. നിരോധനാജ്ഞ പിന്‍വലിച്ചാല്‍ ജനങ്ങള്‍ കടന്നാക്രമിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ എന്തോ തെറ്റായ കൃത്യങ്ങള്‍ ചെയ്തെന്ന് നിങ്ങള്‍ സ്വയം കരുതുന്നതുകൊണ്ടാണ്. രക്തച്ചൊരിച്ചി ലില്ലാതെ പ്രതിഷേധിക്കണമെന്ന് ആഹ്വാനങ്ങളുണ്ടായിരുന്നു. എന്റെ അമ്മയേയും ഒമര്‍ അബ്ദുള്ള സാഹിബിനെയും നിങ്ങള്‍ തടങ്കലില്‍ വെച്ചോളൂ. എനിക്കു പറയാനുള്ളത് ജനങ്ങളെ നിങ്ങള്‍ മോചിപ്പിക്കണമെന്നാണ്. അവര്‍ പുറത്തുവരട്ടെ. അവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകട്ടെ. ഇപ്പോള്‍ കശ്മീരില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന മലീമസമായ കഥകള്‍ നിലയ്ക്കട്ടെ.
സന ഇല്‍ത്തിജ അഭിമുഖം നടത്തിയ രാജ്ദീപ് സര്‍ദേശായിയോട് ചോദിച്ചു: താങ്കളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഒരു ദിവസത്തേക്കെങ്കിലും താങ്കളെ ഒരു മുറിയിലിട്ടടച്ചാല് താങ്കള്‍ക്ക് എന്താണ് സംഭവിക്കുക. താങ്കള്‍ ചുരുങ്ങിയത് താങ്കളുടെ മുടിയിഴകളാകെ പിടിച്ചു പറിച്ചുകളയില്ലേ.’
Reblogged this on kvijaya40 and commented:
India is rapidly developing into a Fascist state under BJP-RSS has already BJP-RSS combine.