Liquor units: Kerala Govt. one step backward; two steps forward മദ്യനിര്‍മ്മാണം: സര്‍ക്കാര്‍ ഒരടി പിന്നോട്ട് ; വീണ്ടും രണ്ടടി മുന്നോട്ട്

നാല് മദ്യനിര്‍മ്മാണ ശാലകള്‍ക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് അതു മാത്രമേ പോംവഴിയുള്ളൂ എന്നു വന്നപ്പോഴാണ്. നാടിന്റെ വിശാലതാല്പര്യം കണക്കിലെടുത്തുള്ള വിട്ടുവീഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാനാവില്ല.

മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ അഴിമതി അന്വേഷണത്തിന് അനുവാദം തേടി പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഗവര്‍ണരുടെ ഉത്തരവിന്‍പ്രകാരമാണ് നാല് ഉത്തരവുകളും നികുതിവകുപ്പിലെ സെക്രട്ടറിമാര്‍ ഇറക്കിയിരുന്നത്. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയെ തുടര്‍ന്ന് നികുതിവകുപ്പില്‍നിന്ന് മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്‌കൂടിയായ ഗവര്‍ണര്‍ പി സദാശിവം വിശദീകരണം തേടി. അതിനുപിറകെയാണ് സര്‍ക്കാര്‍ മദ്യനിര്‍മ്മാണ ശാലകള്‍ക്കുള്ള അനുവാദം റദ്ദാക്കിയത്.

ഹൈക്കോടതിക്കു മുമ്പിലും ഇതേ ആരോപണങ്ങളുയര്‍ത്തി ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. പ്രതിപക്ഷപാര്‍ട്ടികളും വിവിധ മദ്യവിരുദ്ധ സമിതികളും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം വ്യാപകമാക്കുകയാണ്. മദ്യനിര്‍മ്മാണത്തിന് അനുമതി നേടിയ സ്ഥാപനങ്ങളില്‍ ഒന്നൊഴികെ മൂന്നെണ്ണവും വെറും കടലാസ് സ്ഥാപനങ്ങളാണെന്നും അപേക്ഷകര്‍ ദുരൂഹ പശ്ചാത്തലമുള്ളവരോ സി.പി.എം ബിനാമികളോ ആണെന്നും മാധ്യമങ്ങള്‍ തുടര്‍ച്ചയായി തുറന്നുകാട്ടിയിരുന്നു. അപേക്ഷകരെ കുറിച്ചും സര്‍ക്കാര്‍ വഴിവിട്ട് അനുമതി നല്‍കിയതിനെകുറിച്ചും വിവരാവകാശ നിയമപ്രകാരം നിരവധി അപേക്ഷകള്‍ കുന്നുകൂടിയിട്ടുമുണ്ട്.

ഗവര്‍ണറുടെ ഇടപെടലിലൂടെയോ കോടതി വിധിയിലൂടെയോ അനുമതി റദ്ദാക്കാനുള്ള സാധ്യതയും അതിന്റെ നിയമപരവും രാഷ്ട്രീയവുമായ പ്രത്യാഘാതവും ഭയപ്പെട്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. അതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനവും മുഖ്യമന്ത്രിയുടെ വിശദീകരണവും.

കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലാ കമ്മറ്റികള്‍ ക്വാറിമാഫിയകളുടേതും മറ്റുമായ ചില ബ്രുവറി അപേക്ഷകള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ അപേക്ഷകള്‍ പരിഗണിക്കാതെ മറ്റു നാല് അപേക്ഷകള്‍ സര്‍ക്കാര്‍ അനുവദിച്ചത് ഈ ജില്ലാ കമ്മറ്റികളെ പ്രകോപിപ്പിച്ചു. ഇതില്‍ അഴിമതിയുണ്ടെന്നും റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രക്ഷോഭമുയര്‍ത്തിയതോടെ, ജില്ലാ കമ്മറ്റികള്‍ മുഖേന പോയ അപേക്ഷകള്‍ക്കു അനുമതി കിട്ടില്ലെന്നു പരിഭ്രാന്തിയുണ്ടായി. പാര്‍ട്ടിയിലെ ഈ വൈരുദ്ധ്യം കൂടിയാണ് സെക്രട്ടേറിയറ്റ് തീരുമാനത്തിലേക്കു നയിച്ചത്. സര്‍ക്കാറിനെയും പുതിയ മദ്യാശാലാ മോഹികളേയും രക്ഷിക്കുന്നതിനുള്ള കുറുക്കുവഴിയാണ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കല്‍. അതോടൊപ്പം റദ്ദായവരുടേതടക്കമുള്ള അപേക്ഷകള്‍ പുതുതായി പരിശോധിച്ച് അനുവദിക്കാനുള്ള സംവിധാനം ഉടനെ ചലിപ്പിച്ചതും. കേരളത്തിന്റെ ഭാവിക്കുവേണ്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അസാധാരണ വിട്ടുവീഴ്ച! അങ്ങനെയെങ്കില്‍ നാല് മദ്യനിര്‍മ്മാണശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി എന്തിന് റദ്ദാക്കി എന്ന ചോദ്യം ഉത്തരമില്ലാതെ ചരിത്രത്തില്‍ അവശേഷിക്കും.

മദ്യലൈസന്‍സ് അനുവദിക്കുന്നത് ടാക്‌സി ഓടിക്കാനോ വാഹനം പാര്‍ക്കുചെയ്യുന്നതിനോ പലചരക്കുകടയോ പഴക്കടയോ തുടങ്ങുന്നതിനോ ലൈസന്‍സു നല്‍കുന്നതുപോലെ അല്ലെന്നാണ് സുപ്രിംകോടതി വിധി. കണ്ടോത്ത് ഡിസ്റ്റിലറിയും കേരള സര്‍ക്കാറും തമ്മിലുള്ള കേസില്‍ 2013ല്‍ ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനും ഉള്‍പ്പെട്ട സുപ്രിംകോടതി ബഞ്ച് ഹൈക്കോടതി വിധികളെ ദുര്‍ബലപ്പെടുത്തിയാണ് അത് വ്യക്തമാക്കിയത്.

എന്നാല്‍ ആ വിധിയെയും 1999ല്‍ നായനാര്‍ സര്‍ക്കാര്‍ മദ്യശാല തുടങ്ങാനുള്ള 110 അപേക്ഷകള്‍ തള്ളിക്കളഞ്ഞ് പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാറിന്റെ മദ്യനയമാണെന്നുമുള്ള സുപ്രിംകോടതി വിധിയെയും തകര്‍ത്താണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മദ്യ നിര്‍മ്മാണ ശാലകള്‍ക്ക് അനുമതി നല്‍കാന്‍ ഫയലില്‍ സ്വയം തീരുമാനമെടുത്തത്. ഒരു കോടതിക്കുമുമ്പിലും മന്ത്രിക്കും മുഖ്യമന്ത്രിക്കും സര്‍ക്കാറിനും പിടിച്ചുനില്ക്കാന്‍ കഴിയില്ലെന്നെ തിരിച്ചറിവാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ ഇടപെടലിന്റെ പേരില്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയത്.

1999ലെ നായനാര്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതും പിന്നീട് എല്‍.ഡി.എഫ് – യു.ഡി.എഫ് സര്‍ക്കാറുകള്‍ തുടര്‍ന്നുവന്നതുമായ പുതിയ ബ്രുവറികളോ ഡിസ്റ്റിലറികളോ സംസ്ഥാനത്ത് തുടങ്ങേണ്ടതില്ലെന്ന നയം പിണറായി സര്‍ക്കാറിന് തീര്‍ച്ചയായും തിരുത്താന്‍ നിയമപരമായ അവകാശമുണ്ട്. അതത് കാലത്തെ സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ച് മദ്യനയം സ്വീകരിക്കാനുളള അവകാശം സംസ്ഥാന സര്‍ക്കാറിനാണെന്ന ആവര്‍ത്തിച്ചുള്ള സുപ്രിംകോടതി വിധികളുടെ വെളിച്ചത്തില്‍. അത് ലൈസന്‍സ്  കൊടുക്കാനും കൊടുക്കാതിരിക്കാനും കൂടിയുള്ള നയപരമായ അധികാരംകൂടിയാണ് എന്ന വ്യക്തതയോടെ.

ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവരുന്ന 60 ശതമാനം മദ്യവും കേരളത്തില്‍ പുതിയ മദ്യനിര്‍മ്മാണ ശാലകള്‍ അനുവദിച്ച് നിര്‍മ്മിക്കാനും കയറ്റിയയക്കാനും സര്‍ക്കാറിന് തീരുമാനിക്കാം. അങ്ങനെ തീരുമാനിച്ച് നയം നടപ്പാക്കുമ്പോള്‍ നിലവിലുള്ള നയം തിരുത്തുന്നത് മന്ത്രിസഭ തീരുമാനിച്ചായിരിക്കണം. ഇപ്പോള്‍ ചെയ്തതുപോലെ സ്വന്തമായി പെട്ടിക്കടപോലുമില്ലാത്തവര്‍ക്കും ബിനാമികള്‍ക്കും നല്‍കിയ നിലയ്ക്കല്ല. വ്യവസ്ഥാപിതമായി എക്‌സൈസ് വകുപ്പിലൂടെ അപേക്ഷ നല്‍കിയും പരിശോധനകള്‍ നടത്തിയുമാണ് അത് ചെയ്യേണ്ടത്.

ഇപ്പോള്‍ തീരുമാനം റദ്ദാക്കിയെങ്കിലും കൂടുതല്‍ വിപുലമായ ഒരു പദ്ധതി പിറകെ കൊണ്ടുവരും. തമിഴ്‌നാട്ടില്‍ ജയലളിത ആവിഷ്‌ക്കരിച്ചതുപോലുള്ള ഒരു ഏകജാലക സംവിധാനം. ഇപ്പോള്‍ പാര്‍ട്ടിക്കാരുടെ പിന്‍ബലത്തില്‍ അപേക്ഷനല്‍കി കാത്തിരിക്കുന്ന പ്രമുഖന്മാര്‍ക്കടക്കം മദ്യനിര്‍മ്മാണ ലൈസന്‍സ് നല്‍കി നനഞ്ഞുകുളിച്ചുതന്നെ മുഖ്യമന്ത്രിക്ക് ഈറന്‍ ചുമക്കാനാകും. പ്രളയാനന്തര കേരളത്തിന് സമ്പൂര്‍ണ്ണ മദ്യലഭ്യതയിലൂടെ മുക്തി നല്‍കാനും. പക്ഷെ, അങ്ങനെ ചെയ്യുമ്പോള്‍ ഒരു കാര്യംകൂടി പിണറായിയും പാര്‍ട്ടി സെക്രട്ടേറിയറ്റും സി.പി.ഐകൂടി ഉള്‍പ്പെട്ട ഇടതുപക്ഷ – ജനാധിപത്യ മുന്നണിയും ശുദ്ധികര്‍മ്മമായി ചെയ്യേണ്ടതുണ്ട്. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് പ്രകടനപത്രികയിലെ 67-ാം പേജിലെ മദ്യനയം സംബന്ധിച്ച 552-ാം ഖണ്ഡിക പൊളിച്ചെഴുതണം. മദ്യം കേരളത്തില്‍ ഗുരുതര സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ – ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക എന്നുമുള്ള നയം.

ഒരു ഡിസ്റ്റിലറിക്കും മൂന്നു ബ്രൂവറികള്‍ക്കും സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയെന്നു പ്രഖ്യാപിച്ചതുകൊണ്ട് മന്ത്രി ടി.പി രാമകൃഷ്ണന്‍ സര്‍ക്കാറിന്റെ നയവും ഭരണഘടനയനുസരിച്ച് മന്ത്രിയില്‍ നിക്ഷിപ്തമായ അധികാരവും രേഖാപരമായി ദുര്‍വിനിയോഗം ചെയ്തതിന്റെ ശിക്ഷ ഏറ്റുവാങ്ങുന്നില്ല. ഗുരുതരമായ തെറ്റും സത്യപ്രതിജ്ഞാ ലംഘനവും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ലംഘിച്ചതും ഇതുകൊണ്ടു ന്യായീകരിക്കാന്‍ കഴിയില്ല. മന്ത്രിയാകുംമുമ്പ് തൊഴിലാളിവര്‍ഗ നേതാവും പാവവും ശുദ്ധാത്മാവും സാത്വികനുമായിരുന്നു എന്നു പറഞ്ഞതുകൊണ്ടും.

പക്ഷെ, മന്ത്രിപദവിയിലിരുന്ന് മുഖ്യമന്ത്രി മുഖേനയും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് നേരിട്ടും വന്ന നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമല്ലാത്ത വെള്ളക്കടലാസില്‍ വന്ന അപേക്ഷകള്‍പോലും ‘ഗവര്‍ണരുടെ നിര്‍ദ്ദേശപ്രകാരം’ അനുമതിയാക്കി മാറ്റിയതിന് പരിഹാരമാകുന്നില്ല. ചാരത്തില്‍ പൊതിഞ്ഞുകിടന്നിരുന്ന മദ്യനിര്‍മ്മാണ ശാലകള്‍ക്കുള്ള അപേക്ഷകളെ ഫീനിക്‌സ് പക്ഷികളെപോലെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതിനും.

പാര്‍ട്ടിയില്‍ അറിയിക്കാതെയും ചര്‍ച്ചചെയ്യാതെയും തീരുമാനിച്ചതുകൊണ്ടാണ് ധാര്‍മ്മികബോധമുയര്‍ന്ന് അനുമതികള്‍ റദ്ദാക്കാന്‍ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതെന്ന മാന്യതയുടെ കുപ്പായവും പാര്‍ട്ടി നേതാക്കള്‍ അണിഞ്ഞിട്ടു കാര്യമില്ല.

ഊര്‍ജ്ജമേഖലയിലെ ഉല്പാദനവും വിതരണം വില്പനയും മറ്റും ലക്ഷ്യമാക്കി ഡല്‍ഹിയില്‍ രൂപവത്ക്കരിച്ചതാണ് പവ്വര്‍ ഇന്‍ഫ്രാടെക്. 2017 മാര്‍ച്ച് 31ന് ഇന്‍ഫ്രാടെക്കിന്റെ രണ്ട് ഡയറക്ടര്‍മാരും ചേര്‍ന്ന് ഡല്‍ഹി
കമ്പനി രജിസ്ടാര്‍ക്ക് സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് നോക്കുക. സ്വന്തമായി വരുമാനമോ ജീവനക്കാരോ നിക്ഷേപമോ സ്ഥാപനംപോലുമോ അതിനില്ലെന്നാണ് വ്യക്തമാകുന്നത്. കേവലം 64,707 രൂപമാത്രമാണ് കയ്യിരിപ്പ്. തിരുവനന്തപുരം സ്വദേശിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത് കമ്പനി രജിസ്ട്രാറുടെ രേഖകളില്‍മാത്രം നിലനില്‍ക്കുന്നതാണ് ഇന്‍ഫ്രാടെക് എന്നാണ്.

അത്തരമൊരു സ്ഥാപനമാണ് പൊടുന്നനെ തിരുവനന്തപുരത്ത് കഴിഞ്ഞ ജൂണില്‍ പ്രത്യക്ഷപ്പെടുന്നത്. കുമാരപുരത്തെ പൊതുജനം റോഡിലെ മാളിയേക്കല്‍ ഭവനത്തിലെ ചെയര്‍മാന്റെ ഓഫീസില്‍നിന്ന് പവ്വര്‍ ഇന്‍ഫ്രാടെക്കിന്റെ ലെറ്റര്‍ ഹെഡില്‍ 2017 മാര്‍ച്ച് 27ന് കിന്‍ഫ്ര ജനറല്‍ മാനേജര്‍ക്ക് എഴുതുന്നു. ഇന്‍ഫ്രാടെക്കിന്റെ നേതൃത്വത്തില്‍ മറ്റു കമ്പനികളുമായി ചേര്‍ന്ന് 150 കോടി രൂപയുടെ മുതല്‍മുടക്കില്‍ ആധുനിക ബ്രുവറി തിരുവനന്തപുരത്ത് തുടങ്ങാമെന്ന്. 5 കോടി ലിറ്റര്‍ ഉത്പാദിപ്പിക്കുന്ന ബ്രുവറിക്ക് അനുമതിവേണം. തലസ്ഥാനത്ത് പത്തേക്കര്‍ സ്ഥലവും അനുവദിക്കണം. ഈ കത്തിനുള്ള മറുപടി ജറ്റ് വേഗതയില്‍ രണ്ടാംദിവസം കിന്‍ഫ്ര പ്രൊജക്റ്റ്‌സിന്റെ ജനറല്‍ മാനേജരില്‍നിന്ന് പവ്വര്‍ ഇന്‍ഫ്രാടെക് ചെയര്‍മാന് കിട്ടി.

കിന്‍ഫ്ര 10 ഏക്കര്‍ സ്ഥലം അനുവദിക്കാമെന്ന ഉറപ്പോടെ. പെട്ടെന്നാണെങ്കില്‍ തിരുവനന്തപുരത്തിനുപകരം കളമശ്ശേരിയിലെ കിന്‍ഫ്രാ ഹൈടെക് പാര്‍ക്കില്‍ സ്ഥലം ലഭ്യമാണെന്നും അറിയിച്ച്. ആവേശപൂര്‍വ്വം ഇന്‍ഫ്രാടെക്കിനെ സ്വാഗതംചെയ്ത പ്രൊജക്റ്റ് ജനറല്‍ മാനേജര്‍ എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റ്, മാലിന്യനിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ് എന്നിവരുടെ അനുമതി താമസംവിനാ ഉറപ്പാക്കണമെന്നും ഉപദേശിച്ചു.

ജൂണ്‍ 14ന് ‘കിന്‍ഫ്ര നല്‍കിയിരിക്കുന്ന’ പത്തേക്കര്‍ സ്ഥലത്ത് ബ്രുവറി യൂണിറ്റ് തുടങ്ങാന്‍ അലക്‌സ് മാളിയേക്കല്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കുന്നു. അദ്ദേഹം ഈ കത്ത് എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് അയക്കുന്നു. കിന്‍ഫ്ര പാര്‍ക്കില്‍ പത്ത് ഏക്കര്‍ ലഭ്യമാണെന്ന് കിന്‍ഫ്ര ടെക്‌നിക്കല്‍ മാനേജരെ ഉദ്ധരിച്ച് എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ മറുപടി നല്‍കുന്നു. ‘പ്രസ്തുത സ്ഥലത്തിന് നൂറുമീറ്റര്‍ ചുറ്റളവില്‍ ജനവാസമില്ലെന്നും പരാതി ഉയര്‍ത്തിയാല്‍ നിലനില്‍പ്പില്ലെന്നും’ ജൂലൈ 25ന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ അറിയിക്കുന്നു.

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രുവറി തുടങ്ങാനുള്ള അപേക്ഷ 2017 ഏപ്രില്‍ 4ന് നല്‍കുന്നത്. 2017 നവംബര്‍ 13ന് എക്‌സൈസ് കമ്മീഷണറുടെ കത്തിന്മേലാണ് സര്‍ക്കാര്‍ ഉത്തരവ് ഗവണ്മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിക്കുന്നത്. ആ ഉത്തരവില്‍തന്നെ ബ്രുവറി – അബ്ക്കാരി നിയമത്തിന് അനുസൃതമായ അപേക്ഷ സമര്‍പ്പിക്കാന്‍ പവ്വര്‍ ഇന്‍ഫ്രാടെക്കിനോട് ആവശ്യപ്പെടുന്നുമുണ്ട്.

ചുട്ടകോഴിയെ പറപ്പിക്കുമെന്ന മന്ത്രവാദ കഥപോലെയാണ് പെരുമ്പാവൂരിലെ ശ്രീചക്രാ ഡിസ്റ്റിലറിക്ക് തൃശൂരില്‍ തുടങ്ങാനുള്ള അനുവാദം നല്‍കിയത്. 19 വര്‍ഷംമുമ്പ് രജിസ്റ്റര്‍ചെയ്ത കമ്പനി സ്വാഭാവിക മരണമടഞ്ഞിട്ടും.

19 വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ ആദ്യമായി മദ്യനിര്‍മ്മാണ ശാലകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കൈനീട്ടം കിട്ടിയത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും നാട്ടുകാരനുമായ എംപി ഡിസ്റ്റിലറി ഉടമയ്ക്കാണ്. മുഖ്യമന്ത്രി നേരിട്ടുവാങ്ങിയ അപേക്ഷയില്‍.

പാലക്കാട് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സാധ്യതാ റിപ്പോര്‍ട്ട് പരിഗണിച്ചെന്ന് പറയുന്നുണ്ടെങ്കിലും അനുമതിയുടെ അറിയിപ്പ് ലഭിച്ചപ്പോഴാണ് അവര്‍ വിവരമറിയുന്നത്. സാധ്യതാ പഠനം മറ്റേതോ മാര്‍ഗം മുഖേന വാങ്ങി ഉത്തരവിന്റെ ഭാഗമാക്കിയെന്നാണ് വെളിപ്പെടുന്നത്.

കണ്ണൂരില്‍ കെ.എസ് ഡിസ്റ്റിലറിയുടെ ഉടമയായ കല്ലാളം ശ്രീധരന്റെ പേരിലാണ് അനുമതി. സി.ഐ.ടി.യു വാശിയേറിയ സമരം നടത്തിയതിന്റെ പേരില്‍ 2005ല്‍ ശ്രീധരന്‍ അടച്ചുപൂട്ടിയിരുന്നു.

ഇപ്പോഴത്തേത് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ നിര്‍ദ്ദേശമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുതന്നെ എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ പോയെന്നുമാണ് മനസിലാകുന്നത്. പ്രതിമാസം 43,60,000 ലിറ്റര്‍ മദ്യം ഉല്പാദിപ്പിക്കാനാണ് അനുമതി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s