Pranab @ RSS Hqrs. പ്രണബിന്റെ കണ്ണാടിയും ആര്‍.എസ്.എസും

 

ചോദ്യം ഉയര്‍ത്തിയവര്‍ക്കും ആശങ്കപ്പെട്ടവര്‍ക്കും താല്‍ക്കാലികമായെങ്കിലും ആശ്വാസംനല്‍കി മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ആര്‍.എസ്.എസ് ആസ്ഥാന സന്ദര്‍ശനം അവസാനിച്ചത് നന്നായി. എന്നാല്‍ ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്തെ ആര്‍.എസ്.എസ് തൃതീയ വര്‍ഷ പരിപാടിയുടെ സമാപനത്തില്‍ അതിഥിയായി ചെന്ന പ്രണബും അദ്ദേഹത്തിന്റെ ആതിഥേയരും മറുപടി പറയേണ്ട ചോദ്യങ്ങള്‍ തുടങ്ങുന്നേയുള്ളൂ.

ദേശം, ദേശീയത, ദേശസ്‌നേഹം എന്നീ വിഷയങ്ങളെക്കുറിച്ചാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് അരമണിക്കൂര്‍ സംസാരിച്ചത്. ഈ വിഷയം നിശ്ചയിച്ചത് ആര്‍.എസ്.എസ്സോ സ്വയം പ്രണബ് മുഖര്‍ജിതന്നെയോ എന്നു വ്യക്തമല്ല. രണ്ടായാലും ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇപ്പോള്‍ അംഗമല്ലെന്ന് വിശദീകരിച്ച് സ്വന്തം മകളുടെ എതിര്‍പ്പുപോലും പരിഗണിക്കാതെയാണ് പ്രണബ് ചടങ്ങിനെത്തിയത്.

പോകുന്നു എന്നതല്ല അവിടെ എന്തുപറയുന്നു എന്നതാണ് നോക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. അതിനൊത്ത ഒരു പ്രസംഗം തയാറാക്കിവന്നത് സ്വാഭാവികം. പക്ഷെ, അവിടെ വന്നതോ ഒരുദിവസം മുന്‍കൂട്ടിയെത്തി നിര്‍വ്വഹിച്ചതോ ആയ കാര്യങ്ങള്‍ നാഗ്പൂര്‍ പരിപാടിയുടെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തുന്നു. ആര്‍.എസ്.എസിനും പ്രണബിനും പരസ്പരം നേട്ടമുണ്ടാക്കുന്ന ഒരു ഉള്ളടക്കം അതിനുണ്ടെന്ന്.

അരനൂറ്റാണ്ടിന്റെ പൊതുജീവിതത്തില്‍നിന്ന് സ്വായത്തമാക്കിയ ചില സത്യങ്ങള്‍ പങ്കുവെക്കുകയാണെന്നാണ് പ്രസംഗമധ്യേ അദ്ദേഹം പ്രത്യേകം വെളിപ്പെടുത്തിയത്. മുന്‍ രാഷ്ട്രപതി അബുള്‍ കലാം ആസാദ് കാലാവധി കഴിഞ്ഞശേഷവും തന്റെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും രാജ്യത്തിനു പങ്കുവെക്കാന്‍ പ്രസംഗ വേദികളില്‍ എത്തിയിരുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും രാജ്യ വികസനത്തിനും അത് സംഭാവന നല്‍കിയിരുന്നു. അത്തരമൊരു പ്രസംഗ വേദിയാണ് കലാമിന്റെ മരണവേദിപോലുമായത്.

എന്നാല്‍ പ്രണബ് മുഖര്‍ജി അത്തരമൊരു പ്രഭാഷണ വേദിയിലേക്കല്ല പോയത്. മൂന്നുവര്‍ഷത്തെ ആര്‍.എസ്.എസ് പരിശീലനം കഴിഞ്ഞ് സര്‍സംഘ് ചാലകിനുമുമ്പില്‍ പരേഡും സല്യൂട്ടുംചെയ്ത് ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നവരെ അഭിവാദനം ചെയ്യാനാണ്. ആര്‍.എസ്.എസ് സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ വസതിയും സ്മാരകവും ഗുരുജി ഗോള്‍വള്‍ക്കറുടെ സ്മൃതിമന്ദിരവും സന്ദര്‍ശിച്ച് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നീടാണ് ആര്‍.എസ്.എസ് ആസ്ഥാനത്ത് മുഖ്യാതിഥിയായി എത്തിയത്. ആര്‍.എസ്.എസ് പതാക ഉയര്‍ത്തല്‍ ചടങ്ങിലും സംഘ പ്രാര്‍ത്ഥനയിലും അദ്ദേഹം പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിപ്പോകുന്ന ശിക്ഷകരുടെ ദണ്ഡ, നിയുദ്ധ, വ്യായാംയോഗ് തുടങ്ങിയ ശാരീരികാഭ്യാസങ്ങളും ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ കമാന്ററായിരുന്ന അദ്ദേഹം വീക്ഷിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ വിദേശത്തുനിന്നുള്ളവരടക്കം ഉള്‍പ്പെട്ട അര്‍ദ്ധസൈനിക വിഭാഗത്തോടുള്ള സര്‍സംഘ് ചാലകിന്റെ പതിവ് ആഹ്വാനഭാഷണവും അദ്ദേഹം കേട്ടു. ഒടുവിലാണ് പ്രണബ് സംസാരിച്ചത്.

ദേശമോ ദേശസ്‌നേഹമോ ഒരു തര്‍ക്കവിഷയമല്ല. ഇന്ത്യയില്‍ ദേശീയത തീര്‍ത്തും ഇന്നത്തെ സാഹചര്യത്തില്‍ വിവാദവിഷയമാണ്. പ്രണബ് പ്രസംഗത്തില്‍ പരാമര്‍ശിച്ച ഗാന്ധിജിയും നെഹ്‌റുവും നിര്‍വ്വചിച്ച ദേശീയതയല്ല ആര്‍.എസ്.എസിന്റേത്. ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന മുന്നറിയിപ്പ് സുപ്രിംകോടതിയില്‍നിന്നും രാഷ്ട്രപതിഭവനിലും മുന്നറിയിപ്പായെത്തുന്ന ഉത്ക്കണ്ഠാകുലമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ഈയിടെമാത്രം രാഷ്ട്രപതി ഭവനില്‍നിന്നു ഔദ്യോഗികമായി പടിയിറങ്ങിയ പ്രണബ് മുഖര്‍ജി ജനാധിപത്യത്തെപ്പറ്റി എന്തേ പരാമര്‍ശിക്കാതെപോയത്.

ഒരു ഭാഷയോ ഒരു മതമോ ഒരു പൊതുശത്രുവോ അല്ല ഇന്ത്യയുടെ ദേശീയതയെന്ന് പ്രണബ് പറഞ്ഞത് ശരിതന്നെ. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതിനെ നിഷേധിക്കാനാകില്ലെന്നതും. പക്ഷെ, മറിച്ചാണ് ചുറ്റും നടക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. മതനിരപേക്ഷതയുടെ കാര്യത്തിലും രാജ്യത്ത് നടക്കുന്നത് മനസിലാകാത്ത ആളുമല്ല. എന്നിരിക്കെ ജനാധിപത്യവും മതനിരപേക്ഷതയും പ്രസംഗവിഷയമാകാതിരുന്നത് ആരുടെ തീരുമാനംകൊണ്ടാണെന്ന് ചോദിക്കേണ്ടിവരുന്നു.

ആര്‍.എസ്.എസ് അതിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ദേശീയതയടക്കമുള്ള കാഴ്ചപ്പാടുകള്‍ പഠിപ്പിച്ച് സമൂഹത്തിലേക്ക് ഇറക്കിവിടുന്ന യുവപ്രവര്‍ത്തകരുടെ മുമ്പിലാണ് സഹവര്‍ത്തിത്വത്തിന്റെയും ഐക്യത്തിന്റെയും ആധുനിക ഇന്ത്യയെക്കുറിച്ച് പ്രണബ് പ്രസംഗിക്കുന്നത്. ജനാധിപത്യം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെകുറിച്ച് പറയുന്നത്.

കോണ്‍ഗ്രസ് അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച ഒരു ഇന്ത്യയല്ല ആര്‍.എസ്.എസിന്റെ ഇന്ത്യ. ഇന്ത്യാ വിഭജനത്തിന്റെ വര്‍ഗീയ ഭ്രാന്തൊഴുക്കിയ ചോരച്ചാലുകളില്‍നിന്ന് ഇന്നത്തെ ഇന്ത്യയെ അവസാനം പുനര്‍ജീവിപ്പിച്ചെടുത്തത് ഗാന്ധിജി സ്വന്തം ജീവന്‍ ബലിനല്‍കിയാണ്. ബഹുസ്വരതയുടെ ഇന്ത്യയെ ഹിന്ദുത്വം അംഗീകരിക്കുന്നില്ല. ഹെഡ്‌ഗേവാറിന്റെ ഇന്ത്യന്‍ ദേശീയത മതനിരപേക്ഷതയുടെ ബലിക്കല്ലാണ്. ആര്‍.എസ്.എസിന്റെ ചിന്താധാരയായ ‘വിചാരധാര’യില്‍ ഭാരതത്തിന്റെ ദേശീയത എന്നാല്‍ ഹിന്ദു ജനതയുടേതാണെന്ന് ഹെഡ്‌ഗേവാര്‍ സ്ഥാപിക്കുന്നു. ‘ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെ’ന്നും.

ഈ മണ്ണിന്റെ മക്കളാണെന്ന് അവകാശപ്പെടുന്ന ഹിന്ദുക്കളും മുസ്ലിംങ്ങളും ഉണ്ടെന്നും ഹെഡ്‌ഗേവാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നാട്ടില്‍ ജനിച്ച അവര്‍ ഈ നാടിനോട് കൂറും കൃതജ്ഞതയുമുള്ളവരാണോ എന്ന് തെളിയിക്കേണ്ടതുണ്ട്. മതവിശ്വാസത്തില്‍ മാറ്റം വരുത്തുന്നതോടൊപ്പം രാഷ്ട്രത്തോടുള്ള അവരുടെ സ്‌നേഹവും ഭക്തഭാവവും വേറിട്ടുപോകും. ആ ദര്‍ശനമാണ് ആര്‍.എസ്.എസ് ശിക്ഷാപരിശീലനത്തിലൂടെ പ്രണബ് കണ്ട പരിശീലകര്‍ക്ക് നല്‍കിയത്. പ്രണബിന്റെ അരമണിക്കൂര്‍ പ്രസംഗം ഉറപ്പിച്ചെടുത്ത ധാരണ തുടച്ചുനീക്കിയോ. അതോ, ആര്‍.എസ്.എസ് നേതൃത്വത്തെതന്നെ പരിവര്‍ത്തനം ചെയ്‌തോ.

മുസ്ലിംങ്ങളും ക്രിസ്ത്യാനികളും പുണ്യസ്ഥലമായി കാണുന്നത് വിദേശരാജ്യങ്ങളെയാണെന്ന് ഹെഡ്‌ഗേവാര്‍ പറയുന്നു. അക്രമികളായി വരുന്നവരോട് ചേര്‍ന്നുനില്‍ക്കുന്നവരാണ് അവര്‍. വേറിട്ട മതം ദേശീയതയിലും മാറ്റംവരുത്തും. മാതൃരാഷ്ട്രത്തെ ഉപേക്ഷിച്ച് ശത്രുവിന്റെ പാളയത്തോട് ചേരാന്‍ സ്വാധീനിക്കും. അത് രാജ്യദ്രോഹമല്ലെങ്കില്‍ മറ്റെന്താണ് എന്നാണ് ആര്‍.എസ്.എസ് തത്വശാസ്ത്രം ചോദിക്കുന്നത്.

ഈ ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെയും വിഘടനത്തിന്റെയും ഭീതിയിലാണ് ഇന്ത്യ ഇന്ന്. ആ വേളയിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കസ്റ്റോഡിയനായിരുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രത്തിലെത്തുന്നത്. ആര്‍.എസ്.എസുകാര്‍ പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസുകാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച നെഹ്‌റുവിന്റെ വാക്കുകളാണ് അവിടെച്ചെന്ന് ഉദ്ധരിക്കുന്നത്. എന്തുകാര്യം!

ഹെഡ്‌ഗേവാര്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുകാണും. ആര്‍.എസ്.എസും അതിന്റെ തത്വശാസ്ത്രവും രൂപപ്പെടുത്തിയ ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിനു മുമ്പില്‍ ഭാരതാംബയുടെ പുത്രന് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രണബ് ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയത്. അരനൂറ്റാണ്ടുകാലത്തെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം അവിടെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട നാഗ്പൂരിന്റെ ചരിത്രം പക്ഷെ ഓര്‍ക്കാന്‍ പ്രണബിന് കഴിയാതെപോയി.

1920 സെപ്റ്റംബറില്‍ കൊല്‍ക്കത്തയില്‍ചേര്‍ന്ന കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനം അംഗീകരിച്ച സ്വരാജിനുവേണ്ടിയുള്ള കരട് പ്രമേയവും നിസ്സഹകരണ പ്രസ്ഥാനം തുടങ്ങാനുള്ള തീരുമാനത്തിനും കോണ്‍ഗ്രസ് ഭരണഘടനയ്ക്കും അംഗീകാരം നല്‍കാനാണ് എ.ഐ.സി.സി സമ്മേളനം തുടര്‍ന്ന് നാഗ്പൂരില്‍ നടന്നത്. അതിന്റെ ചരിത്ര പ്രാധാന്യം വിശദീകരിച്ചാണ് ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങ’ള്‍ ഗാന്ധിജി അവസാനിപ്പിക്കുന്നത്. ഹിന്ദു – മുസ്ലിം ഐക്യത്തിന്റെയും അയിത്തം നിര്‍മ്മാര്‍ജ്ജനത്തിന്റെയും പ്രമേയങ്ങള്‍കൂടി അംഗീകരിക്കുന്നത്.

ഗാന്ധിജിയെ വധിച്ച് സ്വതന്ത്ര ഇന്ത്യയുടെ വെളിച്ചം കെടുത്തിയതിന് നിരോധനം ഏറ്റുവാങ്ങേണ്ടിവന്നത് ആര്‍.എസ്.എസാണ്. ഇന്ത്യയിലെ ഏറ്റവും മഹാനും ഈ യുഗത്തിലെ ഏറ്റവും വലിയ ഹിന്ദുവുമായ ഗാന്ധിജിയോട് ഇത് ചെയ്തത് ഒരു ഹിന്ദുവാണെന്നത് ഹിന്ദുവായ എന്ന നാണിപ്പിക്കുന്നു എന്നാണ് പ്രധാനമന്ത്രി നെഹ്‌റു പറഞ്ഞത്. ആ മതഭ്രാന്തന്റെ മനസില്‍ വിഷം കുത്തിവെച്ചത് ഹിന്ദുത്വ വര്‍ഗീയ ശക്തികളാണെന്നാണ് വിശദീകരിച്ചത്. ഇതിന്റെ പേരിലായിരുന്നു ആര്‍.എസ്.എസ് നിരോധനം.

രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നതടക്കമുള്ള ആഭ്യന്തരമന്ത്രി പട്ടേല്‍ മുന്നോട്ടുവെച്ച കരാര്‍ നിബന്ധനകള്‍ സമ്മതിച്ചാണ് നിരോധം പിന്നീട് പിന്‍വലിച്ചത്. ആ ഉറപ്പില്‍ തടവറയില്‍നിന്നു മോചിതരായ ആര്‍.എസ്.എസിന്റെ ആസ്ഥാനത്താണ് പ്രണബ് ചെന്നത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തേയും അതിന്
ഉത്തരവാദിയായവരുടെ രാഷ്ട്രീയ ചരിത്രത്തെയും പ്രണബ് പരാമര്‍ശിക്കാതെപോകുന്നത് യാദൃശ്ചികമല്ല.

ഗാന്ധിജിയെ വധിച്ചതിന്റെ ന്യായീകരണമായി നാഥുറാം വിനായക ഗോഡ്‌സെയും ഇതേ തത്വശാസ്ത്രംതന്നെയാണ് അന്ന് കോടതിയില്‍ അവതരിപ്പിച്ചത്:

‘ ദേശീയ പ്രസ്ഥാനങ്ങളോടുള്ള മുസ്ലിംങ്ങളുടെ ശത്രുതയായിരുന്നു പാക്കിസ്താന്‍ രൂപീകരണത്തിന്റെ കാരണം… എന്റെ മനസില്‍ ഗാന്ധിജിയാണ് പാക്കിസ്താന്റെ വലിയ വക്താവും പ്രേരകനും. ഒരു ശക്തിക്കും അദ്ദേഹത്തിന്റെ ഈ മനോഭാവത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്നെ സംബന്ധിച്ചിടത്തോളം ഗാന്ധിജിയെ ഈ ലോകത്തുനിന്ന് ഒഴിവാക്കുക എന്നതാണ് മുസ്ലിം അതിക്രമങ്ങളില്‍നിന്നും ഹിന്ദുക്കളെ മോചിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ വഴി….

.. അഹിംസാവാദം രാജ്യത്തെ നശിപ്പിക്കും. മുസ്ലിംങ്ങള്‍ക്ക് ബാക്കിയുള്ള ഇന്ത്യയിലേക്കുകൂടി കടന്നുകയറാനും കൈവശപ്പെടുത്താനും അവസരമുണ്ടാക്കും… ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ നാശത്തിനും കഷ്ടപ്പാടിനും കാരണമാകുന്ന പ്രവൃത്തിയും പദ്ധതിയും ആരുടെയാണോ ആ വ്യക്തിക്കുനേരെയാണ് ഞാന്‍ നിറയൊഴിച്ചത്.’

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ആര്‍.എസ്.എസിന്റെ വിശ്വസ്തനായ നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. അത് ഭരണഘടനാ ചുമതലയായിരുന്നു. മോദിയുടെ ഭരണത്തിലാണ് നാഥുറാം ഗോഡ്‌സെയുടെ പ്രതിമകളും ഛായാചിത്രങ്ങളും ആര്‍.എസ്.എസും ഹിന്ദു മഹാസഭയും രാജ്യത്ത് ഉയര്‍ത്തുന്നത്. ഇതിനിടയിലാണ് സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് രാഷ്ട്രപതി ഭവനില്‍ ചെല്ലുന്നത്. ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് കാലേക്കൂട്ടി പ്രണബിനെ ക്ഷണിച്ചതും. അതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഗാന്ധിവധമോ ആര്‍.എസ്.എസിന്റെ പേരുപോലുമോ പ്രണബ് മുഖര്‍ജിയെപ്പോലെ കൗശലക്കാരനും ബുദ്ധിരാക്ഷസനുമായ ഒരു രാഷ്ട്രീയക്കാരന്‍ പരാമര്‍ശിക്കാതെ പോയത് ബോധപൂര്‍വ്വമാണ്.

ആര്‍.എസ്.എസ് തിരുത്തിയെഴുതുന്ന പുതിയ ഇന്ത്യാ ചരിത്രത്തിന്റെ അടിത്തറയായ ഹിന്ദുത്വ ദേശീയത രാജ്യത്താകെ ചര്‍ച്ചയാക്കണമെന്നതാണ് അവരുടെ യഥാര്‍ത്ഥ അജണ്ട. സുതാര്യമല്ലാതെ നടത്താറുള്ള നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെ തൃതീയ ശിക്ഷാവര്‍ഗ് പരിപാടി തത്സമയ സംപ്രേക്ഷണത്തിലൂടെ രാജ്യത്താകെ അവതരിപ്പിച്ചത് ആസൂത്രിതമാണ്. ഇന്ത്യന്‍ ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവുമാണ് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനമെന്നാണ് പ്രണബ് പ്രസംഗിച്ചത്. അതിനെതിരാണ് ആര്‍.എസ്.എസിന്റെ ഏകമത – ഹിന്ദുത്വ അജണ്ടയെന്ന് പറയാതെ. അതുകൊണ്ട് പ്രണബ് മതനിരപേക്ഷതയും ദേശീയതയും ഉയര്‍ത്തിപ്പിടിച്ചെന്ന് ന്യായീകരിക്കുന്നതിന് അര്‍ത്ഥമില്ല.

കാരണം. ഹെഡ്‌ഗേവാര്‍ക്കും ആര്‍.എസ്.എസിനും സാഷ്ടാംഗം പ്രണാമമര്‍പ്പിക്കുന്ന പ്രണബ് മുഖര്‍ജി ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഇന്ത്യയുടെയും ചരിത്രവും തത്വശാസ്ത്രവും സ്വയം തള്ളിപ്പറയുകയാണ്. ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെ രാജ്യത്തെ മതേതര വിശ്വാസികള്‍ ജാതി-മത – രാഷ്ട്രീയ വ്യത്യാസം മറന്ന് ഒന്നിക്കുന്ന മുഹൂര്‍ത്തത്തിലാണിത്. പ്രണബ് ബോധപൂര്‍വ്വം ആര്‍.എസ്.എസിനെ വെള്ളപൂശുകയാണ്.

ഇല്ല, പ്രണബ് താങ്കളോടും താങ്കള്‍ക്ക് ആതിഥ്യം നല്‍കിയ ആര്‍.എസ്.എസ് നേതൃത്വത്തോടുമുള്ള ചോദ്യങ്ങള്‍ ഇവിടെ അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേയുള്ളൂ. അത് രാജ്യത്തിന്റെ നാനാ കോണുകളില്‍നിന്നും നിങ്ങള്‍ക്കുനേരെ ഇനിയും ഉയരാന്‍ പോകുന്നതേയുള്ളൂ.

 

Leave a comment