By poll: Secular formation against Modi Govt. advances ജനവിധികളിലെ മുന്നറിയിപ്പ്‌

 

എല്‍.ഡി.എഫിന്റെയടക്കം എല്ലാവരുടെയും, കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടുള്ള ചരിത്ര ജനവിധിയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായത്. മൂന്നുസംസ്ഥാനങ്ങളിലെ നാലു ലോകസഭാ മണ്ഡലങ്ങളിലും ഒമ്പതു സംസ്ഥാനങ്ങളില്‍ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ തകര്‍ത്ത് ആഞ്ഞടിച്ച മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൊടുങ്കാറ്റിന്റെ ഭാഗമായിരുന്നു ചെങ്ങന്നൂരിലേതും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ ദേശീയ രാഷ്ട്രീയത്തില്‍ അതിവേഗം ശക്തിപ്പെടുന്ന മോദി ഗവണ്മെന്റിനും ഹിന്ദുത്വ വര്‍ഗീയതയ്ക്കുമെതിരായ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ മുന്നേറ്റമായി ഇതിനെ തിരിച്ചറിയണം. അതിനുപകരം പുരുഷാരങ്ങള്‍ വിജയിപ്പിച്ച മഹാപൂരം ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിന്റെയും താളംകൊട്ടിയ ചെണ്ടക്കാരന്റെയും വിജയമായി കാണുന്നത് പുതിയ ജനമുന്നേറ്റത്തിന്റെ രാഷ്ട്രീയത്തോട് പുലര്‍ത്തുന്ന അന്ധതയായിരിക്കും.

അടുത്ത പൊതു തെരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള പാര്‍ട്ടി മുഖ്യമന്ത്രിയാണ് ഹിന്ദി ഹൃദയഭൂമിയിലെ വലിയ സംസ്ഥാനം ഭരിക്കുന്ന യോഗി ആദിത്യനാഥ്. ത്രിപുരയും കര്‍ണാടകയും ഒക്കെ പിടിക്കാന്‍ പ്രധാനമന്ത്രി മോദി കൂടെ കൊണ്ടുനടന്നിരുന്നത് യോഗിയെയാണ്. ആ യോഗിയുടെ ഭരണദുരന്തം അനുഭവിക്കുന്ന കൃഷിക്കാരും വ്യത്യസ്ഥ ജാതി-മത വിഭാഗക്കാരുമായ ബഹുജനങ്ങളും എടുക്കാനാണയമായി തള്ളിക്കളയുന്ന കാഴ്ചയാണ് ഈ ഉപതെരഞ്ഞെടുപ്പുകളില്‍ യു.പിയില്‍ കണ്ടത്.

അവിടെ കൈരാന ലോക്‌സഭാ മണ്ഡലവും നൂര്‍പൂര്‍ നിയമസഭാ സീറ്റും ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് നഷ്ടപ്പെടുത്തി. നാല് ലോകസഭാ സീറ്റുകളില്‍ രണ്ടിലും പതിനൊന്ന് ലോകസഭാ സീറ്റുകളില്‍ ഒന്നിലും മാത്രമാണ് ബി.ജെ.പിക്കോ സഖ്യകക്ഷിക്കോ ജയിക്കാനായത്.

പശ്ചിമ യു.പിയിലെ കൈരാന മുന്‍ മുഖ്യമന്ത്രി അജിത് സിംഗിന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക് ദള്‍ 44,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയില്‍നിന്ന് പിടിച്ചെടുത്തു. അവിടെ ഈയിടെ രൂപംകൊണ്ട പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായിരുന്നു കൈരാന. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ആര്‍.ജെ.ഡിയെ പിന്തുണച്ചു. നൂര്‍പൂര്‍ നിയമസഭാ മണ്ഡലം 5566ലേറെ വോട്ടുകള്‍ക്കാണ് സമാജ് വാദി പാര്‍ട്ടി ബി.ജെ.പിയില്‍നിന്നു പിടിച്ചെടുത്തത്.

കഴിഞ്ഞ മൂന്നുമാസത്തിനകം യു.പിയിലെ ചരിത്ര മണ്ഡലമായ ഫൂല്‍പൂരം ഗോരഖ്പൂരും ബി.ജെ.പിക്ക് നഷ്ടപ്പെട്ടതിന്റെ തുടര്‍ച്ചയായിരുന്നു ഇത്. അല്‍വാര്‍ – അജ്മീര്‍ മണ്ഡലങ്ങള്‍ രാജസ്ഥാനില്‍ നഷ്ടപ്പെട്ടതിനോടൊപ്പം.

പാര്‍ട്ടിയുടെ അടിത്തറയില്‍നിന്നുള്ള ഒലിച്ചുപോക്ക് തടയാന്‍ യോഗി ആദിത്യനാഥും അനുചരരും മുഹമ്മദലി ജിന്നയുടെ അലിഗഡ് യൂണിവേഴ്‌സിറ്റിയിലുള്ള ചിത്രം സംബന്ധിച്ച വിവാദം കുത്തിപ്പൊക്കി. ഹിന്ദുത്വ ധ്രുവീകരണത്തിനല്ല പക്ഷെ അത് വഴിവെച്ചത്. കൈരാന തെരഞ്ഞെടുപ്പ് ജിന്നയും ഗന്നയും തമ്മിലുള്ള തെരഞ്ഞെടുപ്പാണെന്ന് പ്രതിപക്ഷം ജനങ്ങള്‍ക്കുമുമ്പില്‍ സമര്‍പ്പിച്ചു. പഞ്ചസാര മില്ല് ഉടമകളില്‍നിന്ന് കോടിക്കണക്കിനുരൂപ കുടിശിക കിട്ടാതെ പ്രതിസന്ധിയിലായ കരിമ്പുകൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പകരം പ്രതിപക്ഷം മുന്നോട്ടുവെച്ചു. ജിന്ന തോല്‍ക്കുകയും കരിമ്പു ജയിക്കുകയും ചെയ്തു.

കൈരാന നഷ്ടപ്പെടാതിരിക്കാന്‍ അതിനോടു ചേര്‍ന്ന ബാഗ്പതില്‍ വമ്പിച്ച രാഷ്ട്രീയ റോഡ് ഷോ പ്രധാനമന്ത്രി മോദി നടത്തി. ദുര്‍ബലരായ പ്രതിപക്ഷം തന്നെ പേടിച്ച് യോജിച്ചിരിക്കുകയാണെന്ന് പരിഹസിച്ച മോദിക്കെതിരെകൂടിയാണ് കൈരാനയിലെ ജനങ്ങള്‍ വിധിയെഴുതിയത്. സാമൂഹിക പ്രതിയോഗികളായ ജാട്ട്, ദളിതരായ ജാട്ടവ്, മുസ്ലിംങ്ങള്‍ എന്നിവരെ കൃഷിക്കാരുടെ രൂക്ഷമായ പ്രശ്‌നങ്ങള്‍ ഒന്നിപ്പിച്ച് ബി.ജെ.പിയെ തോല്‍പ്പിക്കുന്ന പുതിയ രാഷ്ട്രീയക്കാറ്റാണ് യു.പിയില്‍ വീശുന്നത്.

കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയും അവരുടെ സമരം ഭരണീയരെ വിറകൊള്ളിക്കുകയും ചെയ്ത മഹാരാഷ്ട്രയില്‍ രണ്ട് ലോകസഭാ സീറ്റില്‍ ഒന്നാണ് ബി.ജെ.പിക്ക് നേടാനായത്. അതുപക്ഷെ സമാശ്വാസമായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചര ലക്ഷത്തിനുതാഴെ വോട്ടുകള്‍ക്ക് ശിവസേനാ പിന്തുണയോടെ ബി.ജെ.പി ജയിച്ചതായിരുന്നു മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോകസഭാ സീറ്റ്. ഇത്തവണ മൂന്നുലക്ഷം വോട്ടുകള്‍ കുറഞ്ഞ മങ്ങിയ വിജയമാണ് ബി.ജെ.പിക്കുണ്ടായത്. രാജ്യത്താകെ ബി.ജെ.പിയുടെ രാഷ്ട്രീയാടിത്തറ ഇളകുന്നതിന്റെ തെളിവാണ് ഇതും. കഴിഞ്ഞ തെരഞ്ഞെടുപ്പു മുതല്‍ ഔദ്യോഗികമായി ഇപ്പോഴും എന്‍.ഡി.എ വിട്ടിട്ടില്ലാത്ത ശിവസേനയാണ് രണ്ടരലക്ഷത്തോളം വോട്ടിന് അവിടെ രണ്ടാംസ്ഥാനത്തുവന്നത്. മഹാരാഷ്ട്രയിലും ഭാന്ദ്ര- ഗോണ്ടിയ ലോകസഭാ സീറ്റ് അര ലക്ഷത്തോളം വോട്ടിന് എന്‍.സി.പി ബി.ജെ.പിയില്‍നിന്നു പിടിച്ചെടുത്തതും പുതിയ രാഷ്ട്രീയ ബലാബലത്തിന്റെ പിന്‍ബലത്തിലാണ്. ബി.ജെ.പിക്കു വേരുകളില്ലാത്ത നാഗാലാന്റില്‍ സഖ്യകക്ഷിയായ എന്‍.ഡി.പി.പി ലോകസഭാസീറ്റ് നേടിയതാണ് ഏക സമാശ്വാസം.

ഗവര്‍ണറെ ഉപയോഗിച്ച് ഭരണം പിടിച്ചെടുത്ത ബി.ജെ.പി നടപടിക്കെതിരായി മേഘാലയയിലെ ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനും എന്‍.പി.പിക്കും 20 സീറ്റുവീതം കിട്ടയപ്പോള്‍ എന്‍.പി.പിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച് ബി.ജെ.പി പങ്കാളികളാകുകയായിരുന്നു. 3000ലേറെ വോട്ടുകള്‍ക്ക് ആംപതി സീറ്റ് എന്‍.പി.പിയില്‍നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്ത് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ആ നിലയ്ക്ക് ഗവണ്മെന്റ് രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരിക്കയാണ്.

ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മും (ജനതാ മുക്തി മോര്‍ച്ച) പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പാനന്തരം ജെ.ഡി.എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി ബി.ജെ.പിയെ ഭരണത്തിനു പുറത്തുനിര്‍ത്തിയ കര്‍ണാടകയില്‍ ആര്‍.ആര്‍ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കാല്‍ ലക്ഷത്തിലേറെ വോട്ടുകളോടെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചു. ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ധ്രുവീകരണം ദേശവ്യാപകമാണെന്നതിന്റെ തെളിവാണ് പഞ്ചാബ് നിയമസഭാ ഉപതെരഞ്ഞെടുപ്പുഫലം. ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥിയെ 39,000ഓളം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്.

ബിഹാറിലാകട്ടെ വീണ്ടും ബി.ജെ.പിയിലേക്ക് കാലുമാറിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു സ്ഥാനാര്‍ത്ഥിയെ ജോക്കിഹാത്ത് നിയമസഭാ മണ്ഡലത്തില്‍ 41,000 വോട്ടുകള്‍ക്കാണ് ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്.

ഉത്തരാഖണ്ഡില്‍ ബി.ജെ.പിയുടെ മുനീദേവി ഷാ 1981 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയതാണ് ഒമ്പതു സംസ്ഥാനങ്ങളിലായി പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്വന്തമായ നേട്ടം.

ഇത് വ്യക്തമാക്കുന്ന ഒരു ദേശീയ- രാഷ്ട്രീയ ചിത്രമുണ്ട്. 2014ല്‍ ലോകസഭയില്‍ 282 സീറ്റ് ഒറ്റയ്ക്കുനേടി ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയതായിരുന്നു. ഭരണത്തിന്റെ അഞ്ചാം വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ 274ലേക്ക് താഴ്ന്നിരിക്കയാണ്.

ഈ ദേശീയ ചിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതു മാത്രമാണ് എല്‍.ഡി.എഫിനും സ്ഥാനാര്‍ത്ഥി സജി ചെറിയാനും ചെങ്ങന്നൂരില്‍ കിട്ടിയ വന്‍ ജനപിന്തുണ. യു.ഡി.എഫ് – ബി.ജെ.പി മേഖലയിലാകെ എല്‍.ഡി.എഫിനുണ്ടായ മുന്നേറ്റം മതനിരപേക്ഷ പാര്‍ട്ടികളുടെ ബി.ജെ.പിക്കെതിരായ പൊതു മുന്നേറ്റത്തിന്റെ ഭാഗമാണ്. അരനൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന യു.ഡി.എഫ് – എല്‍.ഡി.എഫ് മുന്നണി രാഷ്ട്രീയത്തിന്റെ വൈരുദ്ധ്യം കേരളത്തില്‍ പ്രത്യേകമായുണ്ടെന്നതൊഴിച്ചാല്‍. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ ബി.ജെ.പി എന്ന അപകടത്തെ നേരിടാന്‍ ഭരിക്കുന്ന ഇടതു- ജനാധിപത്യ മുന്നണിക്കു പിന്നില്‍ അവര്‍ അണിനിരന്നത് മനസിലാക്കാവുന്നതേയുള്ളൂ.

എന്നാല്‍ ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും എന്നതിലേറെ രാഷ്ട്രീയമായി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച, അവരുടെ സ്ഥാനാര്‍ത്ഥിയെ ആര്‍.എസ്.എസായി ചിത്രീകരിച്ച സി.പി.എമ്മിന്റെ രാഷ്ട്രീയം അതിരുവിട്ടത് മറച്ചുവെച്ചിട്ടു കാര്യമില്ല. അതുകൊണ്ട് മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമായി ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറയെ കേരളത്തില്‍ ഇളക്കാന്‍ ജയിച്ച എല്‍.ഡി.എഫിനു കഴിഞ്ഞിട്ടില്ല. 42,000ത്തിനുപകരം 35,000 വോട്ടുകള്‍ ബി.ജെ.പി നിലനിര്‍ത്തി. നിലവില്‍ പാര്‍ട്ടി സ്വീകരിച്ചുപോരുന്ന രാഷ്ട്രീയ പ്രചാരണങ്ങള്‍കൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ് സി.പി.എം നേതാക്കള്‍ കേരളത്തില്‍ ഉള്‍ക്കൊണ്ടില്ല.

ഈ രാഷ്ട്രീയം കാണാതെ കേരളത്തിലേത് മുഖ്യമന്ത്രിയുടെയും സ്ഥാനാര്‍ത്ഥിയുടെയും സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനത്തിന്റെയും ഭരണവിജയത്തിന്റെയും നേട്ടമായി കാണുന്നത് സി.പി.എമ്മിനെയും ഇടതുമുന്നണിയേയും ആത്മഹത്യാമുനമ്പിലേക്ക് നയിക്കുന്നതിന് തുല്യമായിരിക്കും. ഈ ഘടകങ്ങള്‍ തെരഞ്ഞെടുപ്പു വിജയത്തില്‍ സംഭാവന ചെയ്തിട്ടുണ്ടെങ്കിലും. ഗവണ്മെന്റിന്റെ, വിശേഷിച്ചും മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന പൊലീസ് ഭരണത്തിന്റെ ഏറ്റവും വലിയ പുന:പരിശോധനയും തിരുത്തലും നടക്കേണ്ട അടിയന്തര ഘട്ടമാണിത്. അത് നിര്‍വ്വഹിക്കേണ്ട തലങ്ങളിലൊന്നും മുഖ്യമന്ത്രിയുടെ നയത്തിലെ തെറ്റുകള്‍ക്കും പാളിച്ചകള്‍ക്കുമെതിരെ ശബ്ദിക്കാന്‍ ആരും തയാറാകില്ല എന്നത് ഇടതുപക്ഷത്തേയും അതിന്റെ സര്‍ക്കാറിനെയും അപ്രതീക്ഷിതമായ രാഷ്ട്രീയ ചതിക്കുഴികളിലേക്ക് തള്ളിവീഴ്ത്തും.

രണ്ട് ഉദാഹരണങ്ങള്‍ ഈ ഉപതെരഞ്ഞെടുപ്പുകളില്‍നിന്നുതന്നെ ചൂണ്ടിക്കാട്ടാം. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം ഉള്‍ക്കൊള്ളാനായി:

പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പു നടന്ന മഹേഷ്തല നിയമസഭാ മണ്ഡലത്തില്‍ 2016ല്‍ സി.പി.എം 42 ശതമാനം വോട്ടുനേടി രണ്ടാംസ്ഥാനത്തായിരുന്നു. അന്ന് 48 ശതമാനം വോട്ടുനേടി തൃണമൂല്‍ ജയിച്ചപ്പോള്‍ 7 ശതമാനം വോട്ടോടെ മൂന്നാംസ്ഥാനത്തായിരുന്നു ബി.ജെ.പി. ഇത്തവണ തൃണമൂല്‍ 58 ശതമാനം വോട്ടുനേടി വിജയിച്ചു. 23 ശതമാനത്തിലേറെ വോട്ടോടെ ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തി. അവിടെ മത്സരിച്ച സി.പി.എം യുവനേതാവ് പ്രഭാത് ചൗധരി 16 ശതമാനം വോട്ടോടെ മൂന്നാംസ്ഥാനത്തായി.

മാസങ്ങള്‍ക്കുമുമ്പ് ദേശീയശ്രദ്ധയാകര്‍ഷിച്ച കര്‍ഷകസമരത്തിന് നേതൃത്വം നല്‍കിയ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോകസഭാ മണ്ഡലത്തില്‍ സി.പി.എമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 76,890 വോട്ടു ലഭിച്ചിരുന്നു. ഇത്തവണ ബി.ജെ.പിയുമായി സഖ്യകക്ഷിയായ ശിവസേന ഏറ്റുമുട്ടിയപ്പോള്‍ സി.പി.എമ്മിന്റേയോ ഇടതുപക്ഷത്തിന്റേയോ സാന്നിധ്യം കണ്ടില്ല. ബി.ജെ.പി ജയിച്ചു.

മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മതനിരപേക്ഷത എന്നാല്‍ മത-ജാതിനേതാക്കളെ പ്രീണിപ്പിച്ച് വോട്ടാക്കലല്ല. അതിനു ഭരണത്തെ ഉപയോഗിക്കലുമല്ല. നിത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഭരണത്തിലും മതനിരപേക്ഷമായി പ്രവര്‍ത്തിക്കലാണ്. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ വോട്ടെടുപ്പിനു തൊട്ടുമുമ്പ് മതനേതാക്കളെ വിളിച്ചുവരുത്തി വിശ്വാസികളുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുമെന്ന് അവരെക്കൊണ്ട് പത്രസമ്മേളനം നടത്തിച്ചതുപോലുള്ള തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. യു.ഡി.എഫ് മുഖ്യമന്ത്രിയോ കോണ്‍ഗ്രസ് – ബി.ജെ.പി പ്രധാനമന്ത്രിമാരോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇങ്ങനെ ചെയ്യുന്നതിനെ എതിര്‍ത്ത ചരിത്രമാണ് ഇടതുപക്ഷത്തിന്റേത്.

ചെങ്ങന്നൂരിലെ ജനവിധി അനുകൂലമായതുകൊണ്ട് കെവിന്‍വധം, ശ്രീജിത്തിന്റെ ലോക്കപ്പ് കൊലപാതകം തുടങ്ങിയ പൊലീസ് ഭരണത്തിലെ വീഴ്ചകള്‍ ജനങ്ങള്‍ അംഗീകരിച്ചെന്നു കരുതരുത്. തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ടതായ വിവരം പോളിംഗ് നടക്കുമ്പോഴാണ് പുറത്തുവന്നത്. അത് വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ ടെലിവിഷന്‍ കേബിള്‍ മുറിക്കുന്ന ‘ജനാധിപത്യ’ പ്രക്രിയപോലും നടന്നു.

ഭരിക്കുന്ന ഇടതുപാര്‍ട്ടി നേതാക്കളുടെ മുമ്പില്‍ ഇന്നും ജീവിക്കുന്ന ഒരു ചരിത്രമുള്ളത് ഓര്‍മ്മിപ്പിക്കുന്നു. രാജന്‍ സംഭവമടക്കം അടിയന്തരാവസ്ഥയിലെ കെടുതികള്‍ ഭാഗികമായി പുറത്തുവന്നപ്പോഴാണ് കേരളത്തില്‍ 77ല്‍ തെഞ്ഞെടുപ്പു നടന്നത്. നിയമസഭയിലേക്ക് 140ല്‍ 111 സീറ്റും കോണ്‍ഗ്രസ് ഭരണമുന്നണി നേടി ആഭ്യന്തരമന്ത്രി കരുണാകരന്‍ മുഖ്യമന്ത്രിയായി. അടിയന്തരാവസ്ഥാ ഭരണം ശരിവെച്ച വിധിയെന്ന് അത് വാഴ്ത്തപ്പെട്ടു. രാജന്‍
സംഭവവും മറ്റു ഭരണകൂട ഭീകരതകളും പുറത്തുവന്നതോടെ ഒരു മാസത്തിനകം മുഖ്യമന്ത്രി കരുണാകരന് രാജിവെക്കേണ്ടിവന്നു.

തെരഞ്ഞെടുപ്പിലെ മഹാവിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയ്ക്ക് ചുവന്ന ലഡു വിതരണം ചെയ്ത് സ്ഥാനാര്‍ത്ഥിയും കുടുംബാംഗങ്ങളും പാര്‍ട്ടിക്കാരും ആഹ്ലാദിക്കുമ്പോള്‍ മറ്റുചില ചിത്രങ്ങള്‍ കേരളീയരുടെ കണ്ണുനനച്ച് ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. കെവിന്റെ ശവപ്പെട്ടിയുടെ സുതാര്യ പ്രതലത്തില്‍ ചുടുകണ്ണീരൊഴുക്കിനില്‍ക്കുന്ന, കുഴിമാടത്തില്‍ കണ്ണീരര്‍പ്പിച്ച് ദു:ഖമൂകയായി മടങ്ങുന്ന വിധവയായ നവവധുവിന്റെ ചിത്രം. കെവിന്റെയും ശ്രീജിത്തിന്റെയും മധുവിന്റെയും മറ്റ് നിരവധി യുവാക്കളുടെയും ജീവനെടുത്തവരെ സംരക്ഷിക്കുന്ന, പൊലീസിനും ഭരണത്തിനും നേരെ ശോകമൂകമായി പ്രതിഷേധിക്കുന്ന നിരവധി കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചിത്രം. വിജയത്തില്‍ ആഹ്ലാദിക്കുന്നവര്‍ ഇത് മറക്കാതിരിക്കുക.

പൊലീസിന്റെയും ഭരണകൂടത്തിന്റെയും അതിക്രമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ ഇടമില്ല. ധനസഹായമോ ഉപജീവനമാര്‍ഗം നല്‍കുന്നതോ ഈ ക്രൂരതകളുടെ പരിഹാരമാകുന്നില്ല. എത്ര മൂടിവെച്ചാലും അസ്ഥിപഞ്ജരങ്ങള്‍ ചോദ്യങ്ങളായി ഉത്തരവാദികളെ ജനാധിപത്യത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കും. മറക്കാതിരിക്കുക. അഹങ്കരിക്കാതിരിക്കുക.

Advertisements

One thought on “By poll: Secular formation against Modi Govt. advances ജനവിധികളിലെ മുന്നറിയിപ്പ്‌

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s