The political repercussions of Solar action സോളറിലെ കറുപ്പും വെളുപ്പും

മുഖ്യമന്ത്രിയുടെ ഓഫീസ്‌പോലും അഴിമതിയുടെയും അനാശാസ്യപ്രവൃത്തികളുടെയും കൂത്തരങ്ങായതുകണ്ട് ജനങ്ങളാകെ തലതാഴ്ത്തിയ ഒരനുഭവം ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്റെ അവസാനപാദത്തില്‍ ജനങ്ങള്‍ക്കുണ്ടായി. ആ ബോധ്യമാണ് മറ്റെന്തിനുമുപരി ഉമ്മന്‍ചാണ്ടി ഗവണ്മെന്റിനെ അധികാരത്തില്‍നിന്നു നീക്കുന്ന ജനവിധിയില്‍ കലാശിച്ചത്.

ജനങ്ങളുടെ പൊതു ബോധത്തിന്റെ സമ്മര്‍ദ്ദത്താലാണ് എല്‍.ഡി.എഫ് പോലും സോളര്‍ വിഷയത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞതും ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിതന്നെ നിര്‍ബന്ധിതനായതും.

ജനങ്ങള്‍ വീണ്ടും ഓര്‍ക്കാനാഗ്രഹിക്കാത്തത്ര അധാര്‍മ്മികവും അരാജകത്വ വിളയാട്ടവുമായിരുന്നു അന്ന് നടന്നത്. എങ്കിലും ഒരിക്കല്‍ക്കൂടി ആ യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യാന്‍ ഇപ്പോള്‍ കേരളം നിര്‍ബന്ധിതമാണ്. നാലുവര്‍ഷങ്ങളെടുത്ത് സോളര്‍ കമ്മീഷന്‍ അന്വേഷണറിപ്പോര്‍ട്ട് പുതിയ ഗവണ്മെന്റിന് സമര്‍പ്പിക്കുകയും അതിന്മേല്‍ നടപടി ഗവണ്മെന്റ് ആരംഭിക്കുകയും ചെയ്തു. ഗവണ്മെന്റിന്റെ തീരുമാനം മുന്‍ മുഖ്യമന്ത്രിയും യു.ഡി.എഫും രാഷ്ട്രീയ വിവാദമാക്കുകയും നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും.

കേരള മന:സാക്ഷിയുടെ ധാര്‍മ്മിക ജനാധിപത്യബോധമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന ആവശ്യമായി അന്ന് ഉയര്‍ന്നിരുന്നത്. അതിന്റെ നിര്‍ബന്ധത്തിലും സമ്മര്‍ദ്ദത്തിലും മുമ്പോട്ടുപോകുകയും ഇടയ്ക്ക് കുടമുടച്ച് സമരമുഖത്തുനിന്ന് അപ്രതീക്ഷിതമായി പിന്മാറുകയുമാണ് പ്രതിപക്ഷം ചെയ്തതെന്നുകൂടി ഇപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ വയ്യ.

എല്ലാം നിഷേധിച്ച് ഒന്നും ഭയപ്പെടാനില്ലെന്ന് ആവര്‍ത്തിച്ച് ആ ജനവികാരത്തിനുമുമ്പില്‍ അന്വേഷണത്തിന് വിധേയനാകാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു ഉമ്മന്‍ചാണ്ടി. ആ നിലയില്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും ശുപാര്‍ശകളും തുടര്‍നടപടികള്‍ക്ക് വിധേയമാക്കുന്നതിനെ സാധാരണഗതിയില്‍ ആരും എതിര്‍ക്കേണ്ട കാര്യമില്ല. വിവാദമാക്കേണ്ടതുമില്ല.

നടപടിയെടുത്താല്‍ മാത്രംപോര ബോധ്യപ്പെടുംവിധം അതു ചെയ്യണമെന്നതും ജനാധിപത്യത്തിന്റെ കാതലാണ്. ഗവണ്മെന്റോ മുഖ്യമന്ത്രി പിണറായി വിജയനോ തീരുമാനിച്ചു എന്നതുകൊണ്ടുമാത്രം അത് എല്ലാവര്‍ക്കും ബോധ്യപ്പെടണമെന്നില്ല. അന്വേഷണറിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഭാഗികമായി പുറത്തുവിടുന്നത് തെറ്റാണ്. ഏറ്റവും ചുരുങ്ങിയത് പരസ്യപ്പെടുത്തുംമുമ്പ് ആരോപണത്തിനു വിധേയരായവര്‍ക്കും ഗവണ്മെന്റ് നടപടിക്ക് വിധേയരാക്കാന്‍ തീരുമാനിച്ചവര്‍ക്കും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പൂര്‍ണ്ണമായി അറിയാന്‍ അവകാശമുണ്ട്. നിയമസഭയില്‍ വെക്കുന്നതിന്റെ കീഴ് വഴക്കത്തിന്റെയോ സമയ പരിധിയുടെയോ പ്രശ്‌നത്തേക്കാളേറെ.

രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. പേരക്കുട്ടികളടക്കമുള്ള കുടുംബത്തിനുമുമ്പിലും സമൂഹത്തിനുമുമ്പിലും അങ്ങനെയൊരാളെ എത്ര ലാഘവത്തോടെയാണ് ബലാത്സംഗക്കാരനായി അവതരിപ്പിച്ചത്! ചുരുങ്ങിയത് ആ ഹതഭാഗ്യനെങ്കിലും റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കേണ്ടതായിരുന്നു. പൊതുപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരുമടക്കം 22 പേര്‍ക്കെതിരെ അന്വേഷണവും നടപടിയും പ്രഖ്യാപിക്കുമ്പോള്‍ അവരെ ഇരുട്ടില്‍ നിര്‍ത്തുന്നത് ജനാധിപത്യക്രമത്തിന് വിരുദ്ധമാണ്.

മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് നീണ്ടകാലം പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എത്രയോ അച്ചടക്കനടപടികള്‍ പിണറായി വിജയന്‍ ഇങ്ങനെ സ്വീകരിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ഗവണ്മെന്റിന്റെ തലപ്പത്തിരിക്കുമ്പോള്‍ ആരോപണ വിധേയരായവരോട് അത്തരം ക്രൂരതകളും അനീതികളും ചെയ്യാന്‍ നമ്മുടെ നിയമവും ചട്ടവും ജനാധിപത്യസങ്കല്‍പ്പവും അനുവദിക്കുന്നില്ല.

എല്ലാ നടപടിക്രമങ്ങളും സൂക്ഷ്മമായി പാലിച്ചുകൊണ്ട് അന്വേഷണറിപ്പോര്‍ട്ടില്‍ ഗവണ്മെന്റ് നടപടി സ്വീകരിച്ചാലും പ്രതിപക്ഷം മറ്റു കുറ്റങ്ങളാരോപിക്കില്ലെന്നും വിവാദമുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നുമല്ല അര്‍ത്ഥം. ഗവണ്മെന്റിനെ നയിക്കുന്നവരും ഇപ്പോള്‍ പ്രതിപക്ഷത്തെ നയിക്കുന്നവരും താന്താങ്ങളുടെ രാഷ്ട്രീയമുള്ളവരാണ്. ഹരിശ്ചന്ദ്രന്മാരായി സത്യസന്ധത സമൂഹത്തെ ബോധ്യപ്പെടുത്താന്‍ രാഷ്ട്രീയ നേതൃത്വത്തില്‍ വന്നവരല്ല ഇരുപക്ഷത്തും ഉള്ളവരെന്ന് നമുക്കറിയാം. എങ്കിലും ഭരണനേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് പ്രതിപക്ഷത്തേക്കാള്‍ സമൂഹത്തിനുമുമ്പില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. വ്യക്തിപരമായ പകയും വിരോധവും തീര്‍ക്കാനും രാഷ്ട്രീയ മുതലെടുപ്പിനുംവേണ്ടി ശ്രമിച്ചിട്ടില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് പ്രത്യേക ബാധ്യതയുണ്ട്.

നാലുവര്‍ഷത്തിലേറെ സമയമെടുത്ത് ഏഴുകോടിരൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ നാലുഭാഗങ്ങളിലായി 1073 പേജുകള്‍ വരുന്നതാണ് സോളര്‍ അന്വേഷണ റിപ്പോര്‍ട്ട്. അത് പഠിച്ചും നിയമോപദേശം തേടിയും രണ്ടാഴ്ചക്കുള്ളില്‍ നടപടികള്‍ നിര്‍ദ്ദേശിക്കുക. റിപ്പോര്‍ട്ട് ഭാഗികമായി പരസ്യപ്പെടുത്തുക. ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിയമോപദേശകനും ചേര്‍ന്ന് ഇത്ര പൊടുന്നനെ ഇതെല്ലാം ചെയ്തുതീര്‍ത്തെന്നോ. ഒരു മന്ത്രിക്കെതിരെ ഗുരുതരമായ നിയമലംഘന പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടും അനങ്ങാതിരിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് അഴിമതിക്കാര്യത്തില്‍ ഇത്ര ജാഗ്രതയുണ്ടെന്നോ. എന്തുകൊണ്ട് ഈ ധൃതി. വേവുവോളം കാത്താല്‍ ആറുവോളം കാക്കുന്നതല്ലേ ശരി.

നോട്ടുറദ്ദാക്കല്‍ വിഷയത്തില്‍ ചെയ്തതുപോലെയെങ്കിലും ഒരു ദിവസത്തെ നിയമസഭാ സമ്മേളനം പ്രത്യേകമായി വിളിച്ച് സഭയുടെ മേശപ്പുറത്ത് അന്വേഷണ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും വെക്കാനുള്ള സന്നദ്ധത എല്‍.ഡി.എഫിനെപോലുള്ള ഒരു ഗവണ്മെന്റിന് ഇല്ലാതെപോകുന്നതെങ്ങനെ. ഇത് പരസ്യപ്പെടുത്തിയ ദിവസവും ശ്രദ്ധേയമാണ്. വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ദിവസംതന്നെ മുഖ്യമന്ത്രി ഇങ്ങനെ ചെയ്തതില്‍ വിവാദവും വിമര്‍ശനവും ഉയര്‍ന്നത് സ്വാഭാവികം.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം വി.എസ് അച്യുതാനന്ദന്‍ ടി.പി ചന്ദ്രശേഖരന്റെ വിധവയെ കാണാന്‍ പോയത് യു.ഡി.എഫിനെ വിജയിപ്പിക്കാനാണെന്ന് കുറ്റപ്പെടുത്തിയത് സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനായിരുന്നു. ഇന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കാണിച്ചതും അതുതന്നെ. അത്രയൊക്കെ ലളിതമല്ലാത്ത കടുത്ത രാഷ്ട്രീയ സമസ്യകള്‍കൂടി നടപടിക്രമങ്ങള്‍ക്കപ്പുറം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലുണ്ട്.

പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ മന:ശാസ്ത്രവുമായി ബന്ധപ്പെട്ടു പരിശോധിച്ചാല്‍ എല്ലാവരെയും അതിശയിപ്പിച്ചും കോണ്‍ഗ്രസ് ഐ നേതാക്കളെ ഞെട്ടിപ്പിച്ചും മുഖ്യമന്ത്രി പൊട്ടിച്ച ഈ സോളര്‍ ബോംബിന്റെ രാഷ്ട്രീയലക്ഷ്യം വെളിപ്പെടും. സി.പി.ഐ.എമ്മിന്റെ ആലപ്പുഴ സംസ്ഥാന സമ്മേളനം നടക്കുന്നതിന്റെ തലേദിവസം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും കേന്ദ്രകമ്മറ്റിയംഗവുമായ വി.എസ് അച്യുതാനന്ദനെതിരെ പ്രമേയം അവതരിപ്പിച്ച് പത്രസമ്മേളനത്തില്‍ പരസ്യപ്പെടുത്തിയത് പിണറായി ആയിരുന്നു. ഒരുപക്ഷെ ക്രൂഷ്‌ചേവിനെപോലും തോല്‍പ്പിച്ചുകളഞ്ഞ ലോകത്തെ ഏക കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാവ്. വി.എസിന്റെ പാര്‍ട്ടിവിരുദ്ധത സമ്മേളന അജണ്ടയാക്കിമാറ്റുകയും അദ്ദേഹം ഇറങ്ങിപ്പോകേണ്ടിവരികയും ചെയ്തത് ചരിത്രത്തിന്റെ ഭാഗം.

ആ പിണറായി ശൈലിതന്നെയാണ് മൗനം സമ്മതലക്ഷണമാക്കി മന്ത്രിസഭായോഗത്തില്‍ ഒരാളുടെപോലും എതിര്‍ശബ്ദമില്ലാതെ നടപടി റിപ്പോര്‍ട്ട് അംഗീകരിപ്പിച്ചതും പരസ്യപ്പെടുത്തിയതും. അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമാക്കി മാരകമായി എങ്ങനെ കുത്തിമലര്‍ത്താമെന്ന മിന്നല്‍ശൈലിയും ശാന്തനും സുസ്‌മേരവദനനുമായി മുഖ്യമന്ത്രി ഒപ്പം നിര്‍വ്വഹിച്ചു.

ബലാത്സംഗക്കാരുടെയും അഴിമതിക്കാരുടെയും ആള്‍ക്കൂട്ടമായ ഈ പാര്‍ട്ടിയെ കൊടിലുകൊണ്ടുപോലും തൊടാന്‍ തങ്ങള്‍ക്കു കഴിയില്ലെന്ന് അടുത്തദിവസം സി.പി.എം കേന്ദ്രകമ്മറ്റിമുമ്പാകെ പിണറായിക്ക് ഇനി പറയാനാകും. ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി ചേര്‍ന്നുകൊണ്ടുള്ള പ്രതിരോധം കെട്ടിപ്പടുക്കണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും മറ്റും നിലപാടുകളെ നേരിടാനും കഴിയും.

കേരള ഘടകത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് സോളര്‍ റിപ്പോര്‍ട്ട് പാര്‍ട്ടിയില്‍പോലും രാഷ്ട്രീയ ആയുധമായി. ഒപ്പം കേരള രാഷ്ട്രീയത്തില്‍ എല്‍.ഡി.എഫിന് മുഖാമുഖം നില്‍ക്കുന്ന യു.ഡി.എഫിനെ ദുര്‍ബലമാക്കുംവിധം കോണ്‍ഗ്രസിന്റെ നേതൃനിരയെ ആകെ രാഷ്ട്രീയമായി വീഴ്ത്താനും ഇതുകൊണ്ടു കഴിയും.

കുറച്ചുകൂടി ആഴത്തില്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയാകുന്നതുപോകട്ടെ നിയമസഭപോലും ബാലികേറാമലയാക്കി തന്നെ അധികാര രാഷ്ട്രീയത്തില്‍നിന്നും പുറത്തുനിര്‍ത്തിയ ലാവ്‌ലിന്‍ കേസിനുള്ള പ്രതികാരത്തിന്റെ കണക്കു തീര്‍ക്കുകയായിരുന്നു പിണറായി എന്നുപറഞ്ഞാല്‍ തെറ്റാകില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പിക്കുപോലും വിവരാവകാശ നിയമമനുസരിച്ച് അപേക്ഷിക്കേണ്ട ഗതികേട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അതുകിട്ടി വായിക്കേണ്ട അവസ്ഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വന്നുചേര്‍ന്നു.

കോണ്‍ഗ്രസ് ഐയുടെ ആഭ്യന്തര കാര്യങ്ങളിലും ഒരു ടൈംബോംബായി മുഖ്യമന്ത്രിയുടെ തീരുമാനം. കെ.പി.സി.സിയുടെ സംഘടനാ പട്ടികയ്ക്ക് ഹൈക്കമാന്റ് അവസാനരൂപം നല്‍കുന്നതിനു മുമ്പാണ് ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനെതിരെ കുഴുബോംബെന്നോണം നടപടി റിപ്പോര്‍ട്ട് പൊട്ടിയത്. ചെന്നിത്തലയ്ക്ക് ആശ്വാസമാകുമെങ്കിലും പാര്‍ട്ടിയുടെ കാര്യം പോക്കായി.

ജുഡീഷ്യല്‍ അന്വേഷണത്തിന് നാലുവര്‍ഷമാണെടുത്തത്. ഇനിയും പ്രത്യേക പൊലീസ് സംഘത്തിന്റെ വിശദമായ ഒരന്വേഷണം വരുന്നു. അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പിന്നെയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പ്രതിക്കൂട്ടില്‍ കയറണം. തുടര്‍ന്ന് നിയമയുദ്ധത്തിന്റെ പരമ്പര ഹൈക്കോടതിമുതല്‍ സുപ്രിംകോടതിവരെ ഉണ്ടാകും. ഇതെല്ലാംകഴിഞ്ഞ് ഉമ്മന്‍ചാണ്ടി പറയുന്ന സത്യം പുറത്തുവരുമ്പോള്‍ കാലമെത്ര പിടിക്കും, ആര്‍ക്കൊക്കെ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കും എന്നെല്ലാം പ്രവചനാതീതം.

സോളര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്ന രാഷ്ട്രീയനേട്ടം സി.പി.എമ്മിനും എല്‍.ഡി.എഫിനുമാണെന്ന് ഉറപ്പിക്കാനും വയ്യ. ചെങ്കിഷ്‌ക്കാന്റെ പടയോട്ടംപോലെ അമിത് ഷായും യോഗി ആദിത്യനാഥന്മാരുമടക്കം കേന്ദ്രത്തിലെയും ബി.ജെ.പി സംസ്ഥാനങ്ങളിലെയും മന്ത്രിപ്പടകള്‍ കേരളത്തില്‍ രാഷ്ട്രീയ ചുഴലിയായി ആഞ്ഞടിച്ചുതുടങ്ങി. കോണ്‍ഗ്രസ് ഐയുടെ രാഷ്ട്രീയ വന്‍മരങ്ങള്‍ സോളാര്‍ അസ്ത്രമേറ്റ് ബോധക്ഷയംബാധിച്ച് വീഴുന്ന സ്ഥിതിയില്‍ ആര്‍.എസ്.എസ് – ബി.ജെ.പി കാഴ്ചക്കാരായി നില്ക്കില്ല. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അവരുടെ പ്രഖ്യാപനം കേരളത്തിലെങ്കിലും പിണറായി നിര്‍വ്വഹിക്കുമ്പോള്‍ സി.പി.എമ്മിനെ തുടച്ചുനീക്കുകയെന്ന അമിത് ഷായുടെ ശപഥം അവര്‍ക്ക് പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് ഐയെ സങ്കടപ്പെടുത്തുന്ന രണ്ട് കാര്യങ്ങള്‍ വേറെയുമുണ്ട്. പിണറായിയെ ലാവ്‌ലിന്‍ കേസില്‍ ഉള്‍പ്പെടുത്തുന്നതിന് താന്‍ എതിരായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നിലേറെതവണ പരസ്യമായി പറഞ്ഞതാണ്. എന്നിട്ടും സമയം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയോട് പിണറായിക്ക് കനിവു തോന്നിയില്ല.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പൊലീസ് അന്വേഷണം വാടകക്കൊലയാളികളെയും പാര്‍ട്ടിയിലെ ഇടത്തരം നേതാക്കളെയും കടന്ന് ഗൂഢാലോചനക്കാരിലേക്ക് എത്തുമെന്നായപ്പോള്‍ സഹായിച്ചത് തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്റിലുള്ളവരുമായിരുന്നു എന്നത് അങ്ങാടിപരസ്യം. ആ സഹായത്തിനു കിട്ടിയ പ്രതിഫലമാണ് സോളര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് ഐ നേതാക്കള്‍ കൈയുംനീട്ടി വാങ്ങേണ്ടിവരുന്നതെന്ന് യുവ എം.എല്‍.എ ബല്‍റാം ഫേസ് ബുക്കില്‍ എഴുതി ലോകത്തെ അറിയിച്ചു.

ഇനിയും എന്തെല്ലാം പുറത്തുവരാന്‍പോകുന്നു.

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s