Criticism from BJP targets the Prime Minister സാമ്പത്തിക മാന്ദ്യവും അടിയന്തരാവസ്ഥാ ഭീഷണിയും

മോദി ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരെ വാജ്‌പേയി ഗവണ്മെന്റില്‍ അംഗങ്ങളായിരുന്ന രണ്ടുമന്ത്രിമാര്‍ അതിരൂക്ഷമായ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നത് ബി.ജെ.പി രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവാണ്. ദേശീയ രാഷ്ട്രീയം അപകടകരമായ ഒരു സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയും.

രാജ്യം ഗുരുതരമായ സാമ്പത്തിക മരവിപ്പി ലാണെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെ ടുപ്പിനുമുമ്പ് ഇതിനു പരിഹാരം കാണാനാവു കയില്ലെന്നും വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ. രാജ്യം വികേന്ദ്രീകൃത അടിയന്തരാ വസ്ഥയിലാണെന്ന് മുന്‍ മന്ത്രി അരുണ്‍ഷൂരി. മോദി ഗവണ്മെന്റിന്റെ നോട്ടുപിന്‍വലിക്കല്‍, ജി.എസ്.ടി നടപടികള്‍ എന്നിവയെ പിന്തുണച്ച് സാമ്പത്തിക മേഖല ഭദ്രമാണെന്ന് ബി.ജെ.പി കേന്ദ്ര നിര്‍വ്വഹക സമിതി പ്രമേയം പാസാക്കിയതിനു പിറകെയാണ് പാര്‍ട്ടിക്കകത്തുനിന്നുള്ള പരസ്യമായ കടന്നാക്രമണം.

യശ്വന്ത് സിന്‍ഹ ‘ഇന്ത്യന്‍ എക്‌സ്പ്രസി’ല്‍ പേരുവെച്ചെഴുതിയ ലേഖനത്തിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പ്രതിക്കൂട്ടില്‍നിര്‍ത്തി പ്രധാനമന്ത്രി മോദിക്കുനേരെ നിശിതമായ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞിരിക്കുന്നത്. താന്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു. അനുവാദം നല്‍കിയില്ല, അതുകൊണ്ടാണ് ലേഖനം എഴുതേണ്ടിവന്നത് എന്നും സിന്‍ഹ പറഞ്ഞു.

സാമ്പത്തികാവസ്ഥ കുട്ടിച്ചോറാക്കിയ ധനമന്ത്രി ജയ്റ്റ്‌ലിയുടെ നടപടിയെക്കുറിച്ച് ഇപ്പോഴെങ്കിലും ശബ്ദിച്ചില്ലെങ്കില്‍ അത് തന്റെ ദേശീയ ചുമതല നിര്‍വ്വഹിക്കുന്നതിലുള്ള വീഴ്ചയായിരിക്കുമെന്നു പറഞ്ഞാണ് മുന്‍ ധനമന്ത്രി ലേഖനം തുടങ്ങിയതുതന്നെ. പാര്‍ട്ടി താല്പര്യത്തെക്കാള്‍ അപകടകരമായ ഒരവസ്ഥ മോദി ഭരണത്തില്‍ രാജ്യം നേരിടുന്നു എന്നാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ശ്രദ്ധേയനായ ഈ സാമ്പത്തിക വിദഗ്ധന്‍ പറയുന്നതിന്റെ പൊരുള്‍. തുടര്‍ന്നദ്ദേഹം നിരത്തിയ വിമര്‍ശനങ്ങളും വെളിപ്പെടുത്തലുകളും ഫലത്തില്‍ പാര്‍ട്ടിക്കകത്തുനിന്ന് പ്രധാനമന്ത്രി മോദിക്കെതിരെ ഉയരുന്ന ഒരു യുദ്ധപ്രഖ്യാപനമായാണ് കാണേണ്ടത്.

‘ഒരു നിലത്തടിച്ചിറക്കല്‍ അനിവാര്യമാണ്. വീമ്പിളക്കലും നുണപറച്ചിലുമൊക്കെ കയ്യടിവാങ്ങാന്‍ കൊള്ളാം. യാഥാര്‍ത്ഥ്യത്തിനുമുമ്പില്‍ അത് ബാഷ്പീകരിച്ചുപോകും. പാര്‍ട്ടിക്കകത്തെ ഭൂരിപക്ഷത്തിന്റെ വികാരമാണ് താന്‍ വെളിപ്പെടുത്തുന്നത്’ തന്റെ മകന്‍കൂടി അംഗമായ കേന്ദ്രമന്ത്രിസഭയെപ്പറ്റി സിന്‍ഹ മുന്നറിയിപ്പുനല്‍കുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും ഒരുവര്‍ഷത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും ബി.ജെ.പിക്ക് കടക്കേണ്ടതുണ്ട്. അതുകഴിഞ്ഞ് പരിശോധി ക്കേണ്ടതോ പരിഹാരം കാണേണ്ടതോ ആയ അവസ്ഥയല്ലെന്നും യാഥാര്‍ത്ഥ്യത്തിന്റെ തലത്തിലേക്ക് വേഗം ഇറക്കിവെച്ച് സാമ്പത്തികനില അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണണമെന്നുമാണ് മുന്‍ ബി.ജെ.പി ധനമന്ത്രി പരോക്ഷമായി പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടുന്നത്. ജനങ്ങളും രാജ്യവും ഒരുപോലെ അപകടത്തിനുമുമ്പിലാണെന്ന്.

സിന്‍ഹ പറയുന്നതുനോക്കുക: ദാരിദ്ര്യം അടുത്തുനിന്നു കണ്ട വ്യക്തിയാണ് താനെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ധനമന്ത്രിയാകട്ടെ എല്ലാ ഇന്ത്യക്കാരും ദാരിദ്ര്യം അടുത്തുനിന്ന് തുല്യമായി കാണട്ടെ എന്ന നിലയ്ക്കാണ് ഓവര്‍ടൈം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

വലിയ ഊര്‍ജ്ജമാണ് മോദിയുടെ പ്രധാന ശക്തിയെന്ന് പറയുന്ന അരുണ്‍ഷൂരി മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാനുള്ള മോദിയുടെ കഴിവാണ് രണ്ടാമത്തെ ശക്തിയെന്നും പറയുന്നു: ‘ഭയം കാരണം സ്വന്തം മന്ത്രിമാരടക്കം ആരും ഈ മനുഷ്യനോട് സത്യം പറഞ്ഞുകൊടുക്കില്ല. അതുകൊണ്ട് സത്യവും കളവും തമ്മിലുള്ള വ്യത്യാസം മോദിക്ക് മനസ്സിലാവാതായി.’ ഷൂരി വിശദീകരിക്കുന്നു.

അതിനുള്ള ഉദാഹരണവും ചൂണ്ടിക്കാട്ടി: 45 ലക്ഷംപേര്‍ ആദായനികുതി അന്വേഷണത്തില്‍ ഉള്‍പ്പെട്ടതായി കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. അടുത്തദിവസം 91 ലക്ഷംപേര്‍ അന്വേഷണം നേരിടുകയാണെന്ന് ധനമന്ത്രി ജെയ്റ്റ്‌ലി അത് പെരുപ്പിച്ചു. കൃത്യമായ കണക്ക് പുറത്തുവന്നപ്പോള്‍ അത് 4.5 ലക്ഷംപേര്‍ മാത്രമാണെന്നു തെളിഞ്ഞു.

മുസഫര്‍ നഗര്‍ കലാപവും ദാദ്രിയില്‍ കല്ലെറിഞ്ഞു കൊല്ലലും നടക്കുമ്പോള്‍ രാഷ്ട്രതലവന്മാര്‍ക്ക് ട്വിറ്ററില്‍ ജന്മദിനാംശകള്‍ ചൊരിയുകയായിരുന്നു പ്രധാനമന്ത്രി മോദി. രാജ്യത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച ആളാണ് മോദിയെന്ന് പറയുന്നവരോട് അദ്ദേഹം ചോദിച്ചു: തന്റെ പേര്‍ സ്വന്തം കോട്ടില്‍ കുത്തിനടക്കുന്ന ഒരാള്‍ നാടിന് എന്തു സമര്‍പ്പിച്ചെന്നാണ് പറയുന്നത്? മോദിയെ സംബന്ധിച്ചിടത്തോളം രാജ്യം എന്നാല്‍ മോദിതന്നെയാണെന്ന് അരുണ്‍ ഷൂരി കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥയ്ക്കുമുമ്പ് ഇന്ദിരയാണ് ഇന്ത്യയെന്ന് അന്നത്തെ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത് ഷൂരിയുടെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നു

യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം ഇംഗ്ലീഷ് മാധ്യമത്തിലൂടെ രാജ്യമാകെ പ്രചരിച്ചതുകൊണ്ട് ദേശവ്യാപകമായ ചര്‍ച്ചയ്ക്കു അന്നുതന്നെ വിധേയമായി. സെപ്റ്റംബര്‍ 24ന്റെ ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലാണ് അരുണ്‍ഷൂരിയുടെ അഭിമുഖം കവര്‍‌സ്റ്റോറിയായി വന്നത്. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ച അരുണ്‍ ഷൂരിയിലെ ജാഗ്രതയുള്ള പത്രപ്രവര്‍ത്തകന്‍ അതില്‍ മുന്നറിയിപ്പു നല്‍കുന്നത് രാജ്യം വികേന്ദ്രീകൃതമായ ഒരു അടിയന്തരാവസ്ഥയിലാണെന്നാണ്. സിന്‍ഹയുടെ നിലപാടിനേക്കാള്‍ ഗുരുതരമാണ് ഷൂരിയുടെ വിലയിരുത്തല്‍.

നോട്ട് അസാധുവാക്കിയതിനും ജി.എസ്.റ്റി നടപ്പാക്കിയതിനും ജനങ്ങള്‍ നല്‍കിയ പിന്തുണ ഇടിച്ചുതാഴ്ത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നാണ് സെപ്റ്റംബര്‍ 25ന് ചേര്‍ന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയുടെ പ്രമേയം പറഞ്ഞത്. ആ നിലപാടിനെ പൊളിച്ചടുക്കുന്നു യശ്വന്ത് സിന്‍ഹയുടെ ലേഖനം. ഇത്തവണ ബി.ജെ.പി നിര്‍വ്വാഹക സമിതി സാമ്പത്തിക പ്രമേയം അംഗീകരിക്കുന്ന പതിവ് ഉപേക്ഷിച്ചതായി കണ്ടു. പകരം മോദിയുടെ സാമ്പത്തിക നയങ്ങളെയും തീരുമാനങ്ങളെയും ന്യായീകരിക്കുന്ന പ്രമേയം അംഗീകരിച്ചു. കൃത്യമായ നിലപാടും തുറന്ന ചര്‍ച്ചയും സാമ്പത്തികനിലയെപ്പറ്റി പാര്‍ട്ടിയില്‍ നടത്താന്‍ മോദിയും അമിത് ഷായും ഭയന്നു എന്നാണ് ഇത് കാണിക്കുന്നത്. എതിര്‍പ്പ് തടയാനും മൂടിവെക്കാനുമുള്ള അവരുടെ നീക്കത്തിനെതിരെ ഒരു പൊട്ടിത്തെറിയായാണ് യശ്വന്ത് സിന്‍ഹയുടെ ലേഖനം പുറത്തുവന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ വളര്‍ച്ചാനിരക്ക് 5.7 ശതമാനത്തിലേക്കു ചുരുങ്ങി എന്ന ഔദ്യോഗിക കണക്ക് മുന്‍ ധനമന്ത്രി ചോദ്യംചെയ്തു. യഥാര്‍ത്ഥത്തില്‍ 3.7 ശതമാനമാണെന്ന് അദ്ദേഹം വിശദീകരിച്ചു. മോദി ഗവണ്മെന്റ് അധികാരത്തില്‍ വന്നയുടനെ ജി.ഡി.പി കണക്കുകൂട്ടുന്നതിന്റെ പഴയ രീതി മാറ്റിയിരുന്നു. അങ്ങനെ കൃത്രിമമായി ഉയര്‍ത്തിയ വളര്‍ച്ചാനിരക്കാണ് 5.7 ശതമാനം. പഴയ കണക്കനുസരിച്ച് അത് 3.7 ശതമാനമാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പാക്കേജ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ധനമന്ത്രി ഇപ്പോള്‍ അഞ്ചംഗ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ രൂപീകരി ച്ചിരിക്കയാണ്. ഈ പഞ്ചപാണ്ഡവര്‍ എങ്ങനെ പുതിയ മഹാഭാരതം നമുക്ക് നേടിത്തരുമെന്നാണ് യശ്വന്ത് സിന്‍ഹയുടെ ചോദ്യം.

ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത് കോടിക്കണക്കില്‍ രൂപ ഖജനാവിലേക്ക് മുതല്‍കൂട്ടി. ആ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താന്‍ ധനമന്ത്രിക്ക് കഴിഞ്ഞില്ല. മൂന്നോനാലോ വകുപ്പുകള്‍ കൈകാര്യംചെയ്യുന്ന അരുണ്‍ ജെയ്റ്റ്‌ലി കണ്ണിലെണ്ണയൊഴിച്ച് ശ്രദ്ധിക്കേണ്ട ധനവകുപ്പില്‍ പരാജയപ്പെട്ടത് സ്വാഭാവികമെന്ന് സിന്‍ഹ പറയുന്നു.

‘നരേന്ദ്രമോദി സര്‍ക്കാറും താന്‍ അംഗമായിരുന്ന വാജ്‌പേയി സര്‍ക്കാറുംതമ്മില്‍ ഒരു താരതമ്യവുമില്ല. അന്ന് പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ധാരാളമുണ്ടായിരുന്നു. കൂട്ടായ തീരുമാനവും. എന്തും ചര്‍ച്ചചെയ്തുമാത്രമേ തീരുമാനിക്കൂ. മന്ത്രിസഭാ യോഗങ്ങളില്‍വരെ ഞാന്‍ തര്‍ക്കിച്ചിട്ടുണ്ട്. അതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇപ്പോള്‍ നരേന്ദ്രമോദി പറയുന്നു, മറ്റുള്ളവര്‍ അനുസരിക്കുന്നു എന്നതാണ് സ്ഥിതി’ – അരുണ്‍ ഷൂരി പറയുന്നു.

കേന്ദ്ര സര്‍ക്കാറില്‍ ഒരു മന്ത്രിയും സ്വതന്ത്രനല്ല. യോഗി ആദിത്യനാഥ് ഒഴികെ ആര്‍ക്കും സ്വന്തമായി അടിത്തറയില്ല. അവരെല്ലാം മോദിയുടെ ചരടിലാണ്. അതുകൊണ്ട് വ്യക്തിപരമായ അഴിമതിയില്ല. എന്നാല്‍ ഒരുപാര്‍ട്ടിക്കുമില്ലാത്തവിധം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിന് ഇത്രയും പണം എവിടെ നിന്നാണ് വരുന്നത് എന്ന് അരുണ്‍ ഷൂരി ചോദിക്കുന്നു.

‘അഴിമതിയോട് വിട്ടുവീഴ്ചയില്ല. അഴിമതിയോട് നേരിടുമ്പോള്‍ എനിക്ക് ബന്ധുക്കളുമില്ല’ എന്ന മോദി നിലപാടിലെ സത്യസന്ധതയ്ക്കുനേരെയാണ് അരുണ്‍ ഷൂരി വിരല്‍ചൂണ്ടുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും മന്ത്രിസഭയില്‍ എടുക്കുകയും മൂന്നോനാലോ വകുപ്പുകള്‍ വിശ്വസിച്ചേല്‍പ്പിക്കുകയും ചെയ്ത മോദിയ്‌ക്കെതിരായ പരോക്ഷ വിമര്‍ശനമാണ് സിന്‍ഹയുടേത്. കഴിഞ്ഞ മൂന്നുമാസമായി വളര്‍ച്ചാനിരക്കില്‍ കാണുന്നത് നേരിയ ഇടിവാണെന്നും അത് പരിഹരിക്കാ നാവുമെന്നുമുള്ള അരുണ്‍ ജെയ്റ്റ്‌ലിയുടെ നിലപാടിനെയും സിന്‍ഹ ചോദ്യംചെയ്യുന്നു.

രാജ്യത്തിന്റെ വളര്‍ച്ച ഇടിയാന്‍ തുടങ്ങിയിട്ട് കുറെയായി. അത് ഗൗരവമായി കണ്ട് തടയാനുള്ള നീക്കങ്ങളുണ്ടായില്ല. പ്രധാനമന്ത്രിയെകണ്ട് സംസാരിക്കാന്‍ അനുവാദം നല്‍കിയില്ല. പാര്‍ട്ടിയില്‍ ഇതു പറയാന്‍ തനിക്കൊരു വേദിയുമില്ല. രാജ്യം സാമ്പത്തികമായ ഗുരുതര അവസ്ഥയിലേക്ക് നീങ്ങുകയാണ്. ധനമന്ത്രിക്ക് അതിനെ നേരിടാനൊരു പദ്ധതിയുമില്ല.

യശ്വന്ത് സിന്‍ഹയുടെ മകന്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയെക്കൊണ്ട് പ്രതികരിപ്പിച്ച് സിന്‍ഹയുടെ വിമര്‍ശനത്തെ അവഗണിക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിച്ചത്. ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ ജയന്ത് സിന്‍ഹ എഴുതിയ ലേഖനം ടാഗ്‌ചെയ്ത് പ്രധാനമന്ത്രി തന്റെ ആശീര്‍വാദം വെളിപ്പെടുത്തുകയും ചെയ്തു.

ജയന്ത് സിന്‍ഹ വലിയൊരു സാമ്പത്തിക വിദഗ്ധനാണെങ്കില്‍ അദ്ദേഹത്തെ ആ വകുപ്പില്‍നിന്ന് വ്യോമയാനവകുപ്പിലേക്ക് പ്രധാനമന്ത്രി മാറ്റിയതെന്തിനാണെന്ന് യശ്വന്ത് സിന്‍ഹ പരിഹസിച്ചു. മുന്‍ ധനമന്ത്രി ചിദംബരം ജൂനിയര്‍ സിന്‍ഹയുടെ പ്രതികരണം സര്‍ക്കാറിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇറക്കിയ റിലീസിന് തുല്യമാണെന്ന് പരിഹസിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാകട്ടെ വസ്തുതകളെ നേരിടുന്നതിനു പകരം പേരുപറയാതെ മുന്‍ ബി.ജെ.പി ധനമന്ത്രിയെ ചിദംബരത്തോടു ചേര്‍ത്ത് അവഹേളിക്കുകയാണ് ചെയ്തത്. അതിനെ ചോദ്യംചെയ്ത് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ ഗൗരവമായ വിഷയങ്ങളാണ് ഉയര്‍ത്തി യിരിക്കുന്നതെന്നും ആ നിലയ്ക്ക് സമീപിക്കണമെന്നും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഐയും സി.പി.എമ്മും അടക്കം സംവാദം ഏറ്റെടുത്തിരിക്കുകയാണ്. അരുണ്‍ ഷൂരിയുടേയും യശ്വന്ത് സിന്‍ഹയുടെയും വിമര്‍ശനം മന്ത്രിസ്ഥാനം കിട്ടാത്തതുകൊണ്ടാണെന്ന നിലയില്‍ പുച്ഛിച്ചുതള്ളാനാവില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. വ്യാവസായിക മേഖലയിലും അസംഘടിത മേഖലയിലും ഉല്പാദനരംഗത്ത് ശക്തിപ്പെട്ട മാന്ദ്യം, വാണിജ്യ-വ്യാപാര-വ്യവസായ മേഖലയും ജനങ്ങളാകെയും നേരില്‍ അനുഭവിക്കുന്ന സാമ്പത്തിക ദുരന്തം – ഇതിലേക്ക് വിഷയം കേന്ദ്രീകരിക്കുകയാണ്.

മോദി ഗവണ്മെന്റിന്റെ മൂന്നുവര്‍ഷക്കാലം ചോദ്യംചെയ്യാതെ കടന്നുപോയി. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും പ്രധാനമന്ത്രി മോദിയും ഇരട്ടകളെപോലെ പാര്‍ട്ടിയേയും ഗവണ്മെന്റിനേയും നയിച്ചു. അടിത്തറ യില്ലാത്ത മന്ത്രിമാര്‍ മോദിക്കു വിധേയരായികഴിഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ഭയപ്പാടില്‍ മിണ്ടാതിരുന്നു. ആ സ്ഥിതി ബി.ജെ.പിയില്‍ മാറിക്കഴിഞ്ഞു. രാജ്യം മാന്ദ്യത്തിലേക്കു പോകുന്നു എന്ന വസ്തുത പാര്‍ട്ടി യില്‍നിന്നുള്ള എതിര്‍പ്പിന്റെ മൂര്‍ച്ഛയും വ്യാപ്തിയും വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു. ആദ്യം സുബ്രഹ്മണ്യം സ്വാമിയാണ് എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചത്. പിറകെ അരുണ്‍ ഷൂരി. ഇപ്പോള്‍ മറ്റുപലരേയും പ്രതിനിധീകരിച്ച് യശ്വന്ത് സിന്‍ഹ. അദ്വാനിമുതല്‍ വായതുറക്കാന്‍ ഭയന്നുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളുടെ മനസ്സിലിരുപ്പ് ഈ പ്രതികരണങ്ങളില്‍ മാറ്റൊലികൊള്ളുന്നു. ഗുജറാത്ത് തെരഞ്ഞെ ടുപ്പിലേക്ക് പാര്‍ട്ടി നീങ്ങുന്ന സന്ദര്‍ഭത്തില്‍ മോദിക്കും അമിത് ഷായ്ക്കും ഈ അടിയിളക്കം വലിയ ഭീഷണിയാണ്.

പക്ഷെ, സാമ്പത്തികമാന്ദ്യം രാജ്യത്തെയും ജനങ്ങളെയും ബാധിച്ചുതുടങ്ങിയിട്ടും അതിനെ രാഷ്ട്രീയമായ ഒരു സമരായുധമായി ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല എന്ന ഗതികേടാണ് മോദിക്ക് ആശ്വാസംപകരുന്നത്. ഭീതിയുടെയും അടിയന്തരാവസ്ഥയുടെയും അന്തരീക്ഷമാണ് നാട്ടിലെന്ന യശ്വന്ത് സിന്‍ഹയുടെയും അരുണ്‍ ഷൂരിയുടെയും വിലയിരുത്തല്‍ ദേശീയ രാഷ്ട്രീയത്തിലെ മാറ്റം പ്രകടമാക്കുന്നു. അത് ഉള്‍ക്കൊള്ളാനും ഈ വിപത്തിനെതിരെ നീങ്ങാനും പ്രതിപക്ഷങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s