Who is attempting to strangle Asianet ? ഏഷ്യാനെറ്റിന്റെ വായപൊത്താന്‍ ശ്രമിക്കുന്നത് ആരാണ്?

ആരാണ്, എന്തിനാണ് ആലപ്പുഴയില്‍ ഏഷ്യാനെറ്റ് മാധ്യമസ്ഥാപനത്തിനുനേരെ ആക്രമണം നടത്തിയത്? സംസ്ഥാന ഗവണ്മെന്റ് അത്യന്തം ഗൗരവത്തോടെ അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കുമ്പോഴും എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സംഭവത്തെ അപലപിക്കുമ്പോഴും ഈ ചോദ്യം കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്നു.

കാരണം, ആലപ്പുഴയിലേയോ കേരളത്തിലേയോ ക്രമസമാധാന വിഷയത്തിനപ്പുറം ഈ സംഭവത്തിനൊരു ദേശീയമാനമുണ്ട്. ദേശീയതലത്തില്‍ രൂപംകൊടുത്തിട്ടുള്ള ഗൂഢാലോചന, അതിനോട് ബന്ധപ്പെട്ട് സമൂഹത്തെയാകെ ഭയപ്പെടുത്തി പൊതിഞ്ഞുനില്‍ക്കുന്ന ഭീഷണി, അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദമാക്കുന്ന അസഹിഷ്ണുതയുടെ വൈതാളികകൂട്ടങ്ങള്‍ തുടരുന്ന കൊലകള്‍ – നമ്മുടെ രാജ്യം ഇപ്പോള്‍ നേരിടുന്ന അപകടകരമായ പ്രതിഭാസമാണ് ഇത്.

സെപ്റ്റംബര്‍ 5ന് ഗൗരിലങ്കേഷിനെ ബംഗളുരുവില്‍ കൊലചെയ്തത് ഇതിന്റെ ഭാഗമായിരുന്നു. അതിനെതിരെ രാജ്യത്താകെ പ്രതിഷേധം അലയടിക്കുന്നതിനിടയ്ക്കാണ് സെപ്റ്റംബര്‍ 20ന് ത്രിപുരയില്‍ പുരോഗമന ഇടതുപക്ഷ പ്രതിബദ്ധതയുള്ള ഒരു യുവ ചാനല്‍ റിപ്പോര്‍ട്ടറെ കൊലപ്പെടുത്തിയത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയ്ക്ക് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി മാരകമായി മുറിവേല്‍പ്പിച്ച് മരണത്തിലേക്ക് യാത്രയാക്കിയത്.

അതിന്റെ പിറ്റേന്നായിരുന്നു പുലര്‍ച്ചെ ആലപ്പുഴയിലെ സംഭവം. ഈ ദേശീയ സംഭവപരമ്പരകളുടെ തുടര്‍ച്ചയാണോ അല്ലയോ ഇതെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്. ചോദ്യങ്ങളുയര്‍ത്തുന്നവരും സത്യങ്ങള്‍ വെളിപ്പെടുത്തുന്നവരും കൊലചെയ്യപ്പെടുന്നതിനു പിന്നിലുള്ള രാഷ്ട്രീയ ശക്തികള്‍ അല്ലെങ്കില്‍ ഇത് തങ്ങളുടെ നിരപരാധിത്വത്തിന് ഉപയോഗപ്പെടുത്തും.

ഇവിടെ ഒരുനിമിഷം ഈ ചിന്തയ്ക്ക് അര്‍ദ്ധവിരാമംകൊടുത്ത് ഏഷ്യാനെറ്റ് സംഭവത്തേയും ബന്ധപ്പെട്ട വസ്തുതകളേയും സാഹചര്യങ്ങളെയും നാം പരിശോധിക്കേണ്ടതുണ്ട്. രാജ്യം ഇത്തരമൊരു ഗൗരവമായ ആപത്തിനെ നേരിടുമ്പോള്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ എന്ന് വിളിച്ചുപറയുകയല്ല ഉത്തരവാദിത്വബോധമുള്ള എല്ലാവരും ചെയ്യേണ്ടത്. അതുകൊണ്ടാണ് തുടക്കത്തിലെ ചോദ്യം: ആരാണ്, എന്തിനാണ് ആലപ്പുഴയില്‍ ഏഷ്യാനെറ്റ് മാധ്യമസ്ഥാപനത്തിനുനേരെ ആക്രമണം നടത്തിയത്?

അതിന്റെ കൃത്യമായ ഉത്തരം എത്രയുംവേഗം കണ്ടെത്തേണ്ടത് കേരളാപൊലീസും അതിന്റെ ഉത്തരവാദിത്വം നിറവേറ്റേണ്ടത് സംസ്ഥാന ഗവണ്മെന്റുമാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെന്നപോലെ കൊലപാതകികളേയോ അതിന്റെ ഗൂഢാലോചനക്കാരെയോ കണ്ടെത്തുന്നത് നീണ്ടുപോകുകയാണെങ്കില്‍ ജനങ്ങള്‍ക്കിവിടെ കണ്ണടച്ചിരുട്ടാക്കാനാവില്ല. വേങ്ങര നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുപോരാട്ടംകൂടി മുറുകുകയാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്പരം ആരോപണങ്ങളുതിര്‍ത്ത് യഥാര്‍ത്ഥവിഷയം ദുരൂഹവും സങ്കീര്‍ണ്ണവും അവിശ്വസനീയവുമാക്കും. യഥാര്‍ത്ഥ ഗൂഢാലോചനക്കാരും അക്രമികളും സുരക്ഷിതരും വിജയികളുമായി അടുത്ത കാര്യപരിപാടിയിലേക്ക് നീങ്ങും. അത് കുറ്റവാളികളെ രക്ഷപെടുത്തലാകും.

ആലപ്പുഴയില്‍ ഏഷ്യാനെറ്റിന്റെ ജില്ലാ ഓഫീസ് വളപ്പില്‍ അകത്തുകടന്നാണ് വാഹനം തകര്‍ത്തത്. അത് മുന്നറിയിപ്പോ താക്കീതോ ആകാം. അല്ലെങ്കില്‍ മറ്റ് വിവാദ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍നിന്ന് പെട്ടെന്ന് ശ്രദ്ധതിരിച്ചുവിടാന്‍ കണ്ട കുറുക്കുവഴിയുമാകാം. ഏതാണെന്നാണ് കണ്ടെത്തേണ്ടത്.

പിറ്റേന്ന് സംപ്രേക്ഷണം ചെയ്യേണ്ട ഒരന്വേഷണപരമ്പര രാത്രിമുഴുക്കെ അകത്തിരുന്ന് ഏഷ്യാനെറ്റിന്റെ ജില്ലാലേഖകന്‍ തയാറാക്കുന്നുണ്ടായിരുന്നു. അത് പൂര്‍ത്തിയാക്കി അദ്ദേഹം കിടന്നുറങ്ങുമ്പോഴാണ് അക്രമികള്‍ മതില്‍ചാടിക്കടന്ന് കൃത്യംചെയ്ത് മടങ്ങിയത്. വേണമെങ്കില്‍ വാതില്‍തകര്‍ത്ത് അകത്തുകടന്നോ വിളിച്ചുണര്‍ത്തി പുറത്തിറക്കിയോ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ അവര്‍ക്കു കൈകാര്യംചെയ്യാമായിരുന്നു. ബംഗളുരുവില്‍ ഗൗരി ലങ്കേഷിനെയും അഗര്‍ത്തലയില്‍ ദിന്‍രാത് ചാനല്‍ റിപ്പോര്‍ട്ടര്‍ ശാന്തനു ഭൗമിക്കിനെയും നിശബ്ദരാക്കിയതുപോലെ. അത്രത്തോളം വേണ്ടെന്നുവെച്ചതും ഇത്രയും ചെയ്ത് വെല്ലുവിളി ഉയര്‍ത്തിയതും ആര്, എന്തുകൊണ്ട് എന്ന് കണ്ടെത്തലാണ് യഥാര്‍ത്ഥത്തില്‍ ഈ ഗൂഢാലോചനയ്ക്കു പിന്നിലുള്ള യഥാര്‍ത്ഥ ശക്തികളെ കണ്ടെത്തുന്നതിനുള്ള മാര്‍ഗം.

കഴിഞ്ഞ ഒരുമാസമായി ആലപ്പുഴയില്‍നിന്നുള്ള ഏഷ്യാനെറ്റിന്റെ അന്വേഷണപരമ്പരയുടെ കുന്തമുന നീണ്ടുവന്നത് ഇടതുമന്ത്രിസഭയിലെ ഏറ്റവുംവലിയ രാഷ്ട്രീയ കോടീശ്വരനായ അംഗത്തിനുനേരെയായിരുന്നു. ഗൗരി ലങ്കേഷിന്റേയോ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി എന്നിവരുടേയോ ജീവനെടുത്ത ഹിന്ദുത്വ തീവ്രവാദികള്‍ക്ക് നേരെയായിരുന്നില്ല.

മന്ത്രിസഭയില്‍ ഈയിടെമാത്രം അംഗമായ ഈ മന്ത്രിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടിന്റെ അനധികൃത നിര്‍മ്മിതിയെ സംബന്ധിച്ചും ഭൂമി കയ്യേറ്റത്തെപ്പറ്റിയും നികുതിയിളവു വാങ്ങി ലക്ഷങ്ങള്‍ ഖജനാവിന് നഷ്ടപ്പെടുത്തിയതിനെകുറിച്ചുമുള്ള തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. നഗരസഭയിലേയും ഭരണത്തിലേയും ഇടത്-വലത് മുന്നണി നേതാക്കള്‍ വഴിവിട്ടു സഹായിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും.

ആരോപണങ്ങള്‍ നിയമസഭയില്‍ നിഷേധിച്ച മന്ത്രിയുടെ പ്രസ്താവന അസത്യജഢിലമായിരുന്നു എന്ന് രേഖകളും വസ്തുതകളും തുടര്‍ച്ചയായി വെളിപ്പെടുത്തുന്നതില്‍ ഏഷ്യാനെറ്റിന്റെ പ്രതിനിധി വിജയകരമായി ഏര്‍പ്പെട്ടു. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ കേരള മുഖ്യമന്ത്രിയും മുന്‍മുഖ്യമന്ത്രിയും ഒഴിഞ്ഞുമാറുന്നതും അവര്‍ ജനങ്ങളെ കാണിച്ചു.

ഇത്രയും പശ്ചാത്തലവസ്തുതകളില്‍നിന്ന് ബോധ്യപ്പെടുന്നത് മന്ത്രിയാണ് സത്യത്തിന്റെ തുറന്നുകാട്ടലില്‍ വലയംചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ്. നിയമലംഘനം മാത്രമല്ല സത്യപ്രതിജ്ഞാലംഘനംപോലും നടത്തുകയും സഭയില്‍ കള്ളംപറയുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ക്കുമുമ്പിലാണ് മന്ത്രി. ഏഷ്യാനെറ്റ് മാധ്യമത്തിനും ലേഖകനുമെതിരെ ഇത്തരമൊരു ആക്രമണം നടക്കുമ്പോള്‍ സ്വാഭാവികമായും ഇതിന്റെ ഗൂഢാലോചനയുടെ ആരോപണം ആരിലേക്കാണ് നീളുകയെന്ന് പ്രത്യേകം പറയേണ്ടതില്ല.

എന്നാല്‍ ഈ തുറന്നുകാട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ ഗവണ്മെന്റിന്റെയും പ്രതിച്ഛായയെയും വിശ്വാസ്യതയേയുമാണ് ഇതോടൊപ്പം ബാധിക്കുന്നത്. ഇതിന്റെ ചെറിയൊരു വെളിപ്പെടുത്തല്‍ വന്നപ്പോള്‍തന്നെ രാജിവെക്കാനും അന്വേഷണത്തെ നേരിടാനും തന്റെ രീതിയനുസരിച്ച് മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടതായിരുന്നു. തന്റെ വിശ്വസ്തനും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനുമായിരുന്ന മന്ത്രിക്കെതിരെ സ്വജനപക്ഷപാതം ആരോപിക്കപ്പെട്ടപ്പോള്‍ അടുത്ത നിമിഷത്തില്‍തന്നെ രാജി ആവശ്യപ്പെട്ട ആളാണ് മുഖ്യമന്ത്രി. ബധിരനും മൗനിയുമായി മുഖ്യമന്ത്രി ഭാവിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം നിലയ്ക്കാതെ ഉയരുകയാണ്. ഈ ഗവണ്മെന്റിനു വിലപറയാന്‍പോലും കീശയ്ക്കുകൂടി കനമുള്ള ആളാണ് ഈ പ്രവാസി വ്യവസായി എന്നതുകൊണ്ടാണോ. സി.പി.ഐയുടെ അഖിലേന്ത്യാ സെക്രട്ടറിപോലും ആരോപണം എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍.

മന്ത്രിയോട് എത്രകണ്ട് ബാധ്യതയും വ്യക്തിപരമായ വിധേയത്വവുമുണ്ടെങ്കിലും മുഖ്യമന്ത്രിയോ സി.പി.എമ്മോ ഇതുപോലൊരു നീചമായ കൃത്യത്തിന് മുതിരുമോ? ശരാശരി കേരളീയ മന:സ്സാക്ഷി ഇല്ലെന്നുതന്നെ പ്രതികരിക്കും. ആലപ്പുഴയിലെ സി.പി.എമ്മിന്റെ ചരിത്രപാരമ്പര്യത്തിലും മൂല്യബോധത്തിലും വിശ്വാസമുണ്ടായിരുന്ന ഈ ലേഖകനും മുമ്പൊരിക്കല്‍ അത്തരമൊരു നിലപാടെടുത്തിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്ഥാപകനേതാവായ പി കൃഷ്ണപിള്ളയുടെ സ്മാരകം അവിടെ തീവെച്ചസംഭവം പുറത്തുവന്നപ്പോള്‍. തീവെച്ചത് സി.പി.എമ്മിലെ ഒരു വിഭാഗമാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ആരോപണമുയര്‍ന്നപ്പോള്‍ ആ സാധ്യതയെ ശക്തിയുക്തം നിഷേധിച്ചു ഈ ലേഖകന്‍. കേസന്വേഷണം പുരോഗമിച്ചതും പാര്‍ട്ടിക്കാര്‍ പ്രതിക്കൂട്ടിലായതും ഇന്നും അതിലെ കുറ്റവാളികള്‍ നിയമത്തിന്റെ മുമ്പില്‍ ശിക്ഷിക്കപ്പെടാതെ മറവില്‍നില്‍ക്കുന്നതും വസ്തുതയാണ്.

അതുകൊണ്ട് പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ച ഈ ഘട്ടത്തില്‍ മുമ്പ് കൃഷ്ണപിള്ള സ്മാരകത്തിനു തീവെച്ചതുപോലുള്ള ഒരു രാഷ്ട്രീയനാടകം ഈ ഗൂഢാലോചനയ്ക്കു പിന്നിലുമുണ്ടെന്ന് ചിലര്‍ സംശയിച്ചേക്കാം. അതില്ലെന്ന് എളുപ്പം തെളിയിക്കേണ്ട ബാധ്യത ആഭ്യന്തരവകുപ്പു കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടേതാണ്.

അടുത്തത് കോണ്‍ഗ്രസ് ഐയുടേയും ബി.ജെ.പിയുടേയും പങ്കാളിത്ത സാധ്യതയെകുറിച്ച്. മന്ത്രിയുടെ റിസോര്‍ട്ടിനും ഭൂമി കയ്യേറ്റങ്ങള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതേറ്റെടുക്കാന്‍ മറ്റുള്ള പാര്‍ട്ടികള്‍ മടിച്ചുനിന്നപ്പോള്‍ മുന്നോട്ടുവന്നത് ആലപ്പുഴ ഡി.സി.സിയും അതിന്റെ പ്രസിഡന്റുമാണ്. ആദ്യം യു.ഡി.എഫിലും പിന്നീട് എല്‍.ഡി.എഫിലും ചേക്കേറിയ മന്ത്രി കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയില്‍നിന്നും യു.ഡി.എഫ് ഭരണത്തില്‍നിന്നും വഴിവിട്ട് കാര്യങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിയെ നേരിട്ടെതിര്‍ക്കാന്‍
ആര്‍ജ്ജവം കാണിക്കുന്നുമില്ല. എന്നിരുന്നാലും മാധ്യമസ്ഥാപനത്തെ ആക്രമിക്കാന്‍ ആരെയെങ്കിലും നിയോഗിക്കാന്‍ കോണ്‍ഗ്രസ് ഐ നേതൃത്വം മുതിരുമെന്ന് വിശ്വസിക്കാനാവുന്നില്ല.

ഇനി ബി.ജെ.പിയുടെ കാര്യം. കേരളത്തിലെ പാര്‍ട്ടി നേതൃത്വം വലിയ പ്രതിസന്ധിയിലാണ്. വേങ്ങര തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി ഇറങ്ങുന്നത് എന്‍.ഡി.എയില്‍നിന്ന് ബി.ഡി.ജെ.എസ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ്. മെഡിക്കല്‍ കോളജ് അഴിമതികേസ്, സംസ്ഥാനനേതൃത്വത്തിലെ രൂക്ഷമായ ഗ്രൂപ്പുവഴക്കുകള്‍, ദേശീയനേതൃത്വത്തിന് അവരിലുള്ള അവിശ്വാസം – ഇതൊക്കെ ആ പാര്‍ട്ടിയുടെ വിശ്വാസ്യതയെ ഏറെ ബാധിച്ചിട്ടുണ്ട്. വേങ്ങരയില്‍ അവരെ അഭിമുഖീകരിക്കുന്ന ദേശീയവിഷയം സംഘ് പരിവാറിന്റെ ഫാസിസ്റ്റ് നീക്കങ്ങളും അതിന്റെ തുടര്‍ച്ചയായി നടന്ന ഗൗരി ലങ്കേഷിന്റെ വധവുമാണ്. അതുമാത്രമല്ല, രാജ്യം ഏറ്റവുംവലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന വെളിപ്പെടുത്തലുകളും ബി.ജെ.പിയെ തുറിച്ചുനോക്കുന്നു.

ഇത്തരം ഗൗരവമായ വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ ആലപ്പുഴസംഭവം ബി.ജെ.പിയുടെ സൃഷ്ടിയാണോ. ആയാലും അല്ലെങ്കിലും ഗൗരി ലങ്കേഷ് കൊലപാതകംപോലുള്ള കാര്യങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ തങ്ങളുടെ തലയില്‍ കെട്ടിവെച്ച ആരോപണങ്ങളാണെന്ന് വാദിക്കാന്‍ ഏഷ്യാനെറ്റ് സംഭവം അവര്‍ക്കായുധമാണ്.

സാമുദായിക ധ്രുവീകരണങ്ങളും കൊലപാതകവും സൃഷ്ടിച്ച് ക്രമസമാധാനം തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഗൗരി ലങ്കേഷ് പ്രശ്‌നത്തില്‍ കര്‍ണാടക ഗവണ്മെന്റിലാണ് അവര്‍ ചാര്‍ത്തുന്നത്. ത്രിപുരയിലെ സജീവ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലയ്ക്കും ബി.ജെ.പി കുറ്റപ്പെടുത്തുന്നത് മണിക് സര്‍ക്കാറിന്റെ ഇടതുഗവണ്മെന്റിനെയാണ്. സംസ്ഥാനത്ത് വേരോട്ടമില്ലാത്ത ബി.ജെ.പി ആദിവാസികളും ബംഗാളികളുംതമ്മില്‍ ചേരിതിരിവുണ്ടാക്കാന്‍ സാമ്പത്തിക സഹായംനല്‍കി സംഘടിപ്പിച്ചിട്ടുള്ളതാണ് ഐ.പി.എഫ്.റ്റി എന്ന സംഘടന. ദിന്‍രാത് എന്ന ചാനലിനുവേണ്ടി വാര്‍ത്ത ശേഖരിക്കുകയായിരുന്ന 28കാരനായ ശാന്തനുവിനെ പിന്നില്‍നിന്നാക്രമിച്ച് ബലമായി പിടിച്ചുകൊണ്ടുപോയി അവരാണ് മര്‍ദ്ദിച്ചുകൊന്നത്.

ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓപ് ത്രിപുര എന്ന രാഷ്ട്രീയരൂപം മുമ്പ് നിരോധിച്ച വിഘടനവാദ സംഘടനയായ എന്‍.എല്‍.എഫ്.റ്റിയുടെ ബി.ജെ.പി സൃഷ്ടിയാണ്. വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ പ്രത്യേക ത്രിപുര സംസ്ഥാനത്തിനുവേണ്ടിയുള്ള വിഭജനരാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. ഐ.പി.എഫ്.റ്റി പ്രവര്‍ത്തകര്‍ പൊലീസിനെയും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ആദിവാസി സംഘടനയില്‍പെട്ടവരേയും ആയുധങ്ങളുമായി ആക്രമിക്കുന്നതിന്റെ തെളിവുകള്‍ ശാന്തനു ശേഖരിച്ചത് പുറത്തുവരാതിരിക്കാന്‍കൂടിയാണ് അവര്‍ ആ മാധ്യമപ്രവര്‍ത്തകനെ കൊലചെയ്തത്.

ത്രിപുരയെന്നപോലെ കേരളത്തിലും ക്രമസമാധാനപ്രശ്‌നം എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ തലയില്‍ കെട്ടിവെക്കാനാണ് ബി.ജെ.പി ഏഷ്യാനെറ്റ് സംഭവം ഉപയോഗപ്പെടുത്തുക. അതോടൊപ്പം നിര്‍ഭയമായും സത്യസന്ധമായും വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കൂടുതല്‍ ഭയപ്പെടുത്താനും സാധിക്കും.

അത് തടയാന്‍ ആലപ്പുഴ സംഭവത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെയും ഗൂഢാലോചനക്കാരേയും പുറത്തുകൊണ്ടുവരിക മാത്രമാണ് മാര്‍ഗം. സംസ്ഥാന ഗവണ്മെന്റിന്റെയും പൊലീസിന്റെയും അടിയന്തര ഉത്തരവാദിത്വമാണത്. ത്രിപുരയില്‍ ശാന്തനു വധത്തില്‍ രണ്ട് ഐ.പി.എഫ്.റ്റി ക്കാരായ പ്രതികളെ ഇതിനകം പിടികൂടിയിട്ടുണ്ട്. അതേ മാതൃകയില്‍ കേരളാപൊലീസും മുന്നോട്ടുപോകേണ്ടതുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s