മുസ്ലിംലീഗിലെ വോട്ടുചോര്‍ച്ച

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ രണ്ട് എം.പിമാര്‍ വോട്ടുചെയ്തില്ല. ചെയ്യാതെപോയത് വൈകി അവര്‍ എത്തിയതുകൊണ്ടുമാത്രം. മുസ്ലിംലീഗ് നേതൃത്വം രാഷ്ട്രീയമായി മറുപടി പറയാന്‍ ബാധ്യസ്തമായ വലിയ വീഴ്ച.

ഇ അഹമ്മദ്‌

പാര്‍ലമെന്റിന്റെ ഇരുസഭയിലുംകൂടി ലീഗിനുള്ള മൂന്നുവോട്ടുകളും ചെയ്യാതെപോയാലും

പി.കെ. കുഞ്ഞാലിക്കുട്ടി

ബി.ജെ.പി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷ വിജയത്തില്‍ മാറ്റം വരുമായിരുന്നില്ല. പക്ഷെ, മുസ്ലിംലീഗ് വൈകാരികമായിപോലും ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പിയുടെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനാണ് ഇത് തിരിച്ചടിയായത്. അതും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിതന്നെ വീഴ്ചവരുത്തിയതില്‍.

ഡല്‍ഹിയില്‍ വിമാനം എത്താന്‍ വൈകിയതുകൊണ്ട് താമസിച്ചെന്നാണ് സാങ്കേതിക വിശദീകരണം. ഈ സാങ്കേതികത്വമല്ല കടുത്ത രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ മുസ്ലിംലീഗിനെ തുറിച്ചുനോക്കുന്നത്. ഇ അഹമ്മദിന്റെ ദു:ഖകരമായ വേര്‍പാടിനുശേഷം മുസ്ലിംലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദവി പാര്‍ട്ടി ഏല്‍പ്പിച്ചത് പി.കെ കുഞ്ഞാലിക്കുട്ടിയെയാണ്. 2017 ഫെബ്രുവരി 6ന് ചെന്നൈയില്‍ ചേര്‍ന്ന ദേശീയ നേതൃയോഗത്തില്‍വെച്ച് പാര്‍ട്ടി അധ്യക്ഷനായി തമിഴ്‌നാട്ടില്‍നിന്നുള്ള മുന്‍ എം.പി ഖാദര്‍ മൊയ്തീനിനെയും.

വന്‍ ഭൂരിപക്ഷത്തില്‍ ഇ അഹമ്മദ് വിജയിച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഒഴിവില്‍നിന്ന് കുഞ്ഞാലിക്കുട്ടിയെ ലോകസഭയില്‍ എത്തിച്ചത് ദേശീയ തലസ്ഥാനത്തുനിന്ന് ഇ അഹമ്മദ് നിര്‍വ്വഹിച്ച പാര്‍ട്ടിയുടെ രാഷ്ട്രീയ ദൗത്യം തുടരുന്നതിനുകൂടി ആയിരുന്നു. അതിനുശേഷം ദേശീയ രാഷ്ട്രീയത്തില്‍ നടന്ന ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിലാണ് ഇ.അഹമ്മദിന്റെ പിന്‍തുടര്‍ച്ചക്കാരന് ഈ രാഷ്ട്രീയ വീഴ്ച സംഭവിച്ചത്.

ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ മതനിരപേക്ഷ രാഷ്ട്രീയ നീക്കങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം രാജ്യ തലസ്ഥാനത്തെ നിത്യ സാന്നിധ്യമായിരുന്നു ഇ അഹമ്മദ്. സ്വന്തം വോട്ടുമാത്രമല്ല ഇതര പാര്‍ട്ടികളില്‍നിന്നുള്ളവരുടെ വോട്ടുകള്‍കൂടി ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ സ്വരൂപിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം അഹമ്മദിനെപോലെ കുഞ്ഞാലിക്കുട്ടിയും അവിടെ ഉണ്ടാകേണ്ടതായിരുന്നു.

പകരം അബ്ദുള്‍ വഹാബ് എന്ന പാര്‍ട്ടിക്കാരനായ രാജ്യസഭാ എം.പിയുടെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്.

തലേന്നായിരുന്നു വിവാഹവും വിരുന്നും. കാലത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഏഴുമണിക്ക് പുറപ്പെട്ട് ഒമ്പതേകാലിന് രണ്ട് എം.പിമാരും മുംമ്പൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ആ വിമാനം മൂന്നേകാല്‍ മണിവരെ പുറപ്പെടാന്‍ വൈകിയെന്നാണ് പറയുന്നത്. അതിനിടയില്‍ പല വിമാനങ്ങളും ഡല്‍ഹിയിലേക്കുണ്ടായിരുന്നു. മനസുവെച്ചിരുന്നെങ്കില്‍ രണ്ടുപേര്‍ക്കും നേരത്തെ എത്തി വോട്ടുചെയ്യാമായിരുന്നു. എയര്‍ ഇന്ത്യയുടെ വാക്ക് വിശ്വസിച്ചതാണ് അബദ്ധമായതെന്ന വിശദീകരണം കുഞ്ഞാപ്പയുടെ ആരാധ്യ നേതാവായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍പോലും വിഴുങ്ങുക പ്രയാസമാകും.

രാഷ്ട്രീയ പക്ഷങ്ങള്‍ എന്തുതന്നെയായാലും മൂലധന താല്പര്യമുള്ളവര്‍ നരേന്ദ്രമോദി ഗവണ്മെന്റിന്റെ ചിറകിനടിയിലേക്ക് ചേക്കേറുന്ന പ്രതിഭാസമാണ് ദേശീയ രാഷ്ട്രീയത്തിലേത്. അതിന്റെ പരസ്യ കണക്കെടുപ്പായിരുന്നു രാഷ്ട്രപതി – ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍. അബ്ദുള്‍ വഹാബിനെപോലുള്ള ഒരു വ്യവസായി നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ടുചെയ്യുന്നതിന് മുന്‍ഗണന കണ്ടില്ലെങ്കില്‍ അത്ഭുതപ്പെടാനില്ല.

ലീഗിന്റെ രാജ്യസഭാ അംഗത്തിലുള്ള വിശ്വാസമല്ല മുസ്ലിംലീഗിന്റെ ദേശീയ-കേരള നേതൃത്വങ്ങളും പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കായ ന്യൂനപക്ഷങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയില്‍ അര്‍പ്പിച്ചിട്ടുള്ളത്. വഹാബിനൊപ്പം കുഞ്ഞാലിക്കുട്ടിയും വോട്ടുചെയ്യാനെത്തിയില്ലെന്നത് അവരെ വേദനിപ്പിക്കും. ബിഹാറില്‍ നിതീഷ് കുമാറും ജെ.ഡി.യുവും ഗുജറാത്തില്‍ എന്‍.സി.പിയും ഒക്കെ സ്വീകരിച്ച ആര്‍.എസ്.എസ് – ബി.ജെ.പി നിലപാടിനൊപ്പം ഫലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും നിലയുറപ്പിച്ചു എന്നതാണ് അനുഭവം. മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയെതന്നെ ഇത് തകര്‍ക്കുന്നു.

ആര്‍.എസ്.എസ് – സംഘ് പരിവാറിന്റെ ഫാസിസ്റ്റ് വെല്ലുവിളിയേയും രാജ്യത്താകെ ഉയര്‍ത്തുന്ന ഭീതിയേയും ലാഘവത്തോടെ മുസ്ലിംലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാണുന്നു എന്ന ആശങ്ക പരന്നുകഴിഞ്ഞു. ഇത് മുസ്ലിംലീഗിലെ വോട്ടുചോര്‍ച്ചയായി കാണരുതെന്ന് നേതൃത്വം ബദ്ധപ്പെട്ട് വിശദീകരിച്ചാലും ലീഗിന്റെ രാഷ്ട്രീയത്തിന്റെ ചോര്‍ച്ചയാണെന്ന് അവര്‍ക്കു സമ്മതിക്കേണ്ടിവരും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s