Combined opposition resistance to BJP – RSS is now bleak പ്രതിപക്ഷത്തെ ഓട്ടയും ചോര്‍ച്ചയും

നിയമസഭകളിലെ ജനപ്രതിനിധികള്‍ക്ക് ഇത് വോട്ടിന്റെ ഉത്സവകാലമാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനു പിറകെ കേന്ദ്രത്തിലെ മുതിര്‍ന്ന മന്ത്രിമാരിലൊരാളായ എം വെങ്കയ്യനായിഡു ശനിയാഴ്ച ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കും. ആ നിലയില്‍ രാജ്യസഭാ അധ്യക്ഷനുമാകും.

1952ല്‍ ആദ്യ രാഷ്ട്രപതിയായത് ബിഹാറില്‍നിന്നുള്ള ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ രാജേന്ദ്ര പ്രസാദ് ആയിരുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടനാ നിര്‍മ്മാണസഭയുടെ അധ്യക്ഷന്‍ ആദ്യ പ്രസിഡന്റായി. ആന്ധ്രപ്രദേശ്കൂടി ഉള്‍പ്പെട്ട പഴയ മദിരാശി സംസ്ഥാനത്തുനിന്നുള്ള, സര്‍വ്വരും ആദരിച്ചിരുന്ന രാജ്യത്തെ പ്രമുഖ ദാര്‍ശനികനും വിദ്യാഭ്യാസ പണ്ഡിതനുമായ ഡോ. എസ് രാധാകൃഷ്ണനായിരുന്നു പത്തുവര്‍ഷം ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനും.

1925ല്‍ സ്ഥാപിതമായെങ്കിലും സ്വാതന്ത്ര്യ സമരത്തില്‍ ഭാഗഭാക്കായിട്ടില്ലാത്ത ആര്‍.എസ്.എസിന്റെ മുന്‍ പ്രവര്‍ത്തകരും വിശ്വസ്തരുമാണ് ഇത്തവണ രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും പദവികളില്‍. വെങ്കയ്യനായിഡുവിന്റെ വിജയപ്രഖ്യാപനത്തോടെ ഇത് പുതിയ ചരിത്രമായി കുറിക്കും.

ബി.ജെ.പി ഭരണത്തിലെത്തിയത് 31 ശതമാനംമാത്രം വോട്ടിന്റെ പിന്‍ബലത്തിലായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 65 ശതമാനത്തിലേറെ പിന്തുണ കിട്ടി. പ്രതിപക്ഷനിരയില്‍ വലിയ ഓട്ടകള്‍ സൃഷ്ടിച്ചുകൊണ്ട്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മഹാസഖ്യം ഒരുക്കിയ ബിഹാറിലെ ഭരണമുന്നണിയിലായിരുന്നു ഏറ്റവും വലിയ ഓട്ടയും ചോര്‍ച്ചയും.

വെങ്കയ്യനായിഡുവിന്റെ വോട്ടെണ്ണികഴിയുമ്പോഴും അത്തരം ഗര്‍ത്തങ്ങള്‍ ഇനിയും രൂപപ്പെടുന്ന രാഷ്ട്രീയ കാലാവസ്ഥ തുടരുകയാണ്. ദേശീയപ്രതിഭാസംപോലെ നിയമസഭകളിലെ പ്രതിപക്ഷാംഗങ്ങള്‍ ആര്‍.എസ്.എസ് ക്യാമ്പിലേക്കുള്ള ചാട്ടം തുടരുന്നു. ഏറ്റവും പഴക്കമുള്ള ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസ് ഐയില്‍നിന്നാണ് നിയമസഭാംഗങ്ങളുടെ വലിയ ഒഴുക്ക്.

ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളില്‍ മേല്‍വിലാസംപോലും ഇല്ലാതിരുന്ന ബി.ജെ.പി ഇപ്പോള്‍ പല ഗവണ്മെന്റുകളെയും നയിക്കുന്ന ഭരണകക്ഷിയായത് അങ്ങനെ. ഉത്തര്‍പ്രദേശിലടക്കം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ മറുകണ്ടംചാടി ബി.ജെ.പി സ്ഥാനാര്‍ത്ഥിയും എം.എല്‍.എയും മന്ത്രിയുമൊക്കെയായി. മോദിയെ നേരിടാന്‍ മറ്റൊരു നേതാവില്ലെന്ന നിതീഷ് കുമാറിന്റെ പ്രസ്താവന പകരംവെക്കാന്‍ രാഹുല്‍ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടുവരുന്ന കോണ്‍ഗ്രസ് ഐ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി.

നരേന്ദ്രമോദിയുടെ നാട്ടില്‍നിന്ന് രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐ കുരുക്കിലാണ്. മൂന്ന് രാജ്യസഭാസീറ്റില്‍ രണ്ടെണ്ണത്തില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ കോണ്‍ഗ്രസ് ഐയും കൃത്യമായി ജയിക്കുംവിധമാണ് നിയമസഭയിലെ കക്ഷിനില. അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഏറ്റവും വലിയ വിശ്വസ്തനും കരുത്തനുമായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അവിടെനിന്ന് വിജയിപ്പിക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുമൊപ്പം. അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്ന് കളിയാക്കിയതിന് കെ മുരളീധരന് കോണ്‍ഗ്രസില്‍നിന്നു പുറത്തുപോകേണ്ടിവന്നതും ഡി.ഐ.സി ഉണ്ടാക്കേണ്ടിവന്നതും മലയാളികള്‍ ഓര്‍ക്കുന്നകാര്യമാണ്.

11 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാഷ്ട്രപതിക്ക് വോട്ടുചെയ്യുകയും 6 പേര്‍ പാര്‍ട്ടി വിടുകയും ചെയ്ത പശ്ചാത്തലത്തില്‍ അഹമ്മദ് പട്ടേലിനെ തോല്പിക്കാനാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്.

ഇതില്‍നിന്ന് രക്ഷപെടാന്‍ 44 എം.എല്‍.എമാരെ കോണ്‍ഗ്രസ് ഐ ഭരിക്കുന്ന കര്‍ണാടകത്തില്‍ ഒളിപ്പിച്ചു. ഇതിന് നേതൃത്വം നല്‍കിയ കോടീശ്വരന്‍കൂടിയായ കര്‍ണാടകമന്ത്രി ശിവകുമാറിന്റെ വീടും ഓഫീസുംമറ്റും മോദി സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ വിട്ട് റെയ്ഡുചെയ്തു. കര്‍ണാടക – മോദി ഗവണ്മെന്റുകള്‍ തമ്മിലുള്ള രാഷ്ട്രീയ നിഴല്‍യുദ്ധം മുറുകുകയാണ്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പതിനഞ്ചുകോടി രൂപവീതം യു.പിയില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് നല്‍കി വോട്ടുവാങ്ങിയെന്ന ആരോപണമുണ്ട്. ഉത്തരപൂര്‍വ്വ ദേശങ്ങളിലും മറ്റ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി പണംകൊടുത്ത് എം.എല്‍.എമാരെ ചാക്കിടുന്നതിന്റേയും. ഗുജറാത്തിലും അതാണ് നടന്നതെന്നും.

250കോടിയിലേറെ സ്വത്തുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷനെ ഔദ്യോഗികമായി അറിയിച്ച കര്‍ണാടകയിലെ രാഷ്ട്രീയ സഹോദരന്മാരാണ് മന്ത്രി ഡി.കെ ശിവകുമാറും ലോകസഭാംഗമായ സഹോദരന്‍ ഡി.കെ സുരേഷ്‌കുമാറും. അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഐയ്ക്ക് പഴയപടി കള്ളപ്പണംകൊണ്ട് കുതിരകച്ചവടം നടത്താനാവില്ല. ഭരണത്തിലുള്ള ചുരുക്കം സംസ്ഥാന ഗവണ്മെന്റുകളെ ഇതിനാശ്രയിച്ചാലും നോട്ട് റദ്ദാക്കല്‍ നടപടിയുടെ പുതിയ സാഹചര്യത്തില്‍ വിശേഷിച്ചും. ബി.ജെ.പിക്കാകട്ടെ അധികാരംകൊണ്ടും അദാനിമാരെപോലുള്ളവരുടെ പിന്തുണകൊണ്ടും ആരെയും വിലക്കെടുക്കാന്‍ നോക്കാമെന്നതാണ് സ്ഥിതി.

ഇത് വെളിപ്പെടുത്തുന്നത് ജനപിന്തുണയും അടിയുറച്ച ആദര്‍ശ മൂല്യ രാഷ്ട്രീയവും മൂലധനമായില്ലെങ്കില്‍ അധികാരകേന്ദ്രങ്ങള്‍ ഓരോന്നായി കയ്യടക്കുന്ന ബി.ജെ.പിയെ – അതിനെ മുന്‍നിര്‍ത്തി തങ്ങളുടെ അജണ്ട ഓരോന്നായി നടപ്പാക്കിയെടുക്കുന്ന ആര്‍.എസ്.എസ് – സംഘ് പരിവാറിനെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയില്ലെന്നതാണ്. അതിനുവേണ്ട രാഷ്ട്രീയ അടവുകള്‍ രൂപപ്പെടുത്താനുള്ള സാധ്യതപോലും കാണാതെ പ്രതിപക്ഷം നിസ്സഹായമായി ഇരുട്ടില്‍ തപ്പുകയാണ്.

ഈ ആഴ്ച നടന്ന സി.പി.എം കേന്ദ്രകമ്മറ്റി ദേശീയ രാഷ്ട്രീയ സ്ഥിതികളെ വിലയിരുത്തിയത് ഇതോടു ചേര്‍ത്തു കാണണം. മോദിക്കെതിരെ ഒരു വിശാലസഖ്യം രൂപപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രാദേശിക പാര്‍ട്ടികളില്‍ ഭൂരിപക്ഷത്തേയും വിശ്വസിക്കാന്‍ കൊള്ളില്ല. കോണ്‍ഗ്രസ് നേതാക്കളും അണികളും ബി.ജെ.പിയിലേക്ക് ഒഴുകുകയാണ്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഇനിയും ദുര്‍ബലമാകും. ബി.ജെ.പിക്കെതിരായ മുന്നണിക്ക് നേതൃത്വം നല്‍കാനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ല.

സി.പി.എമ്മിലുള്ള രൂക്ഷമായ ആശയഭിന്നതയും ഇത് വെളിപ്പെടുത്തുന്നു. ഇതേ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജനറല്‍ സെക്രട്ടറി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമാണ് ബംഗാള്‍ ഘടകം കേന്ദ്രകമ്മറ്റിയില്‍ വോട്ടെടുപ്പില്‍വരെ എത്തിച്ചത്. ആ ചേരിതിരിവ് തല്‍ക്കാലം ബി.ജെ.പി ഗവണ്മെന്റിനെതിരെ ഒരു ദേശീയ ഐക്യനിര രൂപപ്പെടുത്തുന്നതിനുള്ള ജനറല്‍ സെക്രട്ടറിയുടെ നീക്കങ്ങളെയും തളര്‍ത്തി.

മഹാസഖ്യത്തിനു പകരം ഇടതുപക്ഷ ശക്തികള്‍ക്കു മുന്‍കൈയുള്ള ഒരു ബദല്‍ ജനകീയ പ്രസ്ഥാനത്തിന് രൂപംകൊടുക്കാനും പുതിയൊരു സമരമുഖം തുറക്കാനും സി.പി.എമ്മിന് കഴിയുന്നില്ല. അവരുടെ ഇടം ചുരുങ്ങിപ്പോയ പാര്‍ലമെന്റിലേയും കേരളത്തിലും ത്രിപുരയിലുമുള്ള ഭരണത്തിന്റേയും ശീതളച്ചായമാത്രമാണ്. ദന്തഗോപുരത്തില്‍നിന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും മോദി ഗവണ്മെന്റിനെതിരെ രാജ്യമാകെ ഇളക്കുന്ന പുതിയ സമരമുഖം തുറക്കാനും അവര്‍ ശ്രമിക്കുന്നില്ല.

പാര്‍ലമെന്റിലെ ഇടപെടലിലും സി.പി.എമ്മിന്റെ ദൗര്‍ബല്യം ഏറെ പ്രകടമാകുകയാണ്. കേരളത്തിലെ ക്രമസമാധാനപ്രശ്‌നം ലോകസഭയില്‍ ഏകപക്ഷീയമായി ബി.ജെ.പി ഉയര്‍ത്തിയതുതന്നെ ഉദാഹരണം. അത് തടയാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല പ്രാതിനിധ്യ കുറവിനു പുറമെ ഉള്ള അംഗങ്ങളില്‍ പലരുടേയും അസാന്നിധ്യവും ബംഗാളില്‍നിന്നുള്ളവരുടെ നിഷ്‌ക്രിയത്വവും മറുപടിക്ക് രണ്ട് അവസരങ്ങള്‍ കിട്ടിയ സി.പി.എം സഭാനേതാവിന്റെ പരിമിതിയും ദയനീയമായ ചിത്രമാണ് പുറത്തേക്ക് നല്‍കിയത്.

സീതാറാം യെച്ചൂരിയെ ബംഗാളില്‍നിന്ന് കോണ്‍ഗ്രസ് ഐ പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രകമ്മറ്റി തള്ളിയതോടെ കേരള – ബംഗാള്‍ ഘടകങ്ങള്‍ തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിച്ചിരിക്കയാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയബോധത്തിലും സംഘടനാ ഐക്യത്തിലും ചോര്‍ച്ച വന്നതിന്റെ ദുരന്തകാഴ്ചയാണിത്. മുമ്പ് ബംഗാള്‍ഘടകം കാണിച്ചതുപോലെ ഇപ്പോള്‍ ഭരണാധികാരവും കേന്ദ്രകമ്മറ്റിയില്‍ മേല്‍ക്കൈയുമുള്ള കേരളഘടകം ഒറ്റയാന്‍ പോക്കാണ് സ്വീകരിക്കുന്നത്.

കേരള തലസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും പരസ്പരം ആക്രമിച്ചതോടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാനപ്രശ്‌നം ഭരണഘടനാ പ്രശ്‌നമാകുന്ന സ്ഥിതിയുണ്ടായി. കഴുകന്‍ കണ്ണുമായി ബി.ജെ.പി ഗവണ്മെന്റ് അവസരം ഉപയോഗപ്പെടുത്തുമെന്ന് മനസ്സിലാക്കി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇടപെട്ടുകണ്ടില്ല. ഗവര്‍ണറുടെ ഇടപെടലിനോട് പ്രതികരിച്ചില്ല. സംസ്ഥാനകമ്മറ്റി സുപ്രധാന യോഗംചേര്‍ന്നപ്പോള്‍ പങ്കെടുത്തില്ല. സംഘടനാപരമായ പ്രതിസന്ധിയിലാണ് സി.പി.എം എന്ന് ഇത് വ്യക്തമാക്കുന്നു. നേതൃത്വത്തില്‍നിന്നുള്ളവര്‍തന്നെ പാര്‍ട്ടി സമ്മേളനങ്ങളുടെ തുടക്കമാകുമ്പോഴേക്കും വീണ്ടും വിഭാഗീയതയുടെ ചാലുകള്‍ കീറാനുള്ള ധൃതിയിലാണ്.

ഭരണഘടനാപരവും രാഷ്ട്രീയവുമായ നയങ്ങളുടേയും നിലപാടുകളുടേയും ദിശയും പൊരുളും വാക്കുകളാണ് സംവേദനം ചെയ്യുന്നത്. രാഷ്ട്രീയമാനമുള്ള രണ്ട് പദങ്ങള്‍ ഇപ്പോള്‍ കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്മെന്റുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ ചര്‍ച്ചയാണ്. സംസ്ഥാന ഭരണത്തലവന്‍ പ്രയോഗിച്ച ‘സമന്‍’ (വിളിപ്പിച്ചു) ചെയ്തു എന്ന വാക്കും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് കാര്‍ക്കശ്യത്തോടെ പറഞ്ഞ ‘കടക്ക് പുറത്ത്’ എന്ന പ്രയോഗവും.

സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഗവര്‍ണര്‍ പി സദാശിവമാണ് മുഖ്യമന്ത്രിയെ ‘സമന്‍’ ചെയ്ത കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഈ വാക്കിന്റെ മൂലപദമായ ലാറ്റിന്‍ പദത്തിന്റെ ചരിത്രംവരെ അറിയുന്ന ആള്‍. നമ്മുടെ ഏതു കോടതി ശിപായിക്കുപോലും അതിന്റെ അര്‍ത്ഥവും പ്രത്യാഘാതവും പെട്ടെന്ന് പിടികിട്ടും.

പക്ഷെ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മനസ്സിലാക്കിയതും പാര്‍ട്ടി മുഖപത്രത്തിലൂടെ മാലോകരോട് പറഞ്ഞതും മറ്റൊന്നാണ്: ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയാണ് ഉണ്ടായതെന്നാണും ആശയവിനിമയത്തിന് മുഖ്യമന്ത്രി ചെന്നു എന്നും. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള നല്ല ബന്ധത്തെകുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാല്‍ തുടര്‍ന്നദ്ദേഹം എഴുതിയത് മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ‘സമന്‍’ ചെയ്തതില്‍ തെറ്റില്ലെന്നും അത് ഗവര്‍ണര്‍ പരസ്യപ്പെടുത്തിയതാണ് ഫെഡറല്‍ സംവിധാനത്തിന് വെല്ലുവിളിയായതെന്നും. ഭരണഘടനയെയും ഫെഡറലിസത്തേയും കുറിച്ചുള്ള ഈ മാര്‍ക്‌സിയന്‍ ധാരണയ്ക്കുമുമ്പില്‍ നമിക്കുകയേ വഴിയുള്ളൂ.

മുഖ്യമന്ത്രി പരസ്യമായി പ്രതികരിച്ചിട്ടില്ല. ഗവര്‍ണര്‍ വിളിപ്പിച്ചപടി മുഖ്യമന്ത്രി ഓടിച്ചെന്നത് തെറ്റായെന്ന് മുഖ്യമന്ത്രിയേയും സംസ്ഥാന സെക്രട്ടറിയേയും ഇരുത്തി സംസ്ഥാന കമ്മറ്റിയില്‍ വിമര്‍ശനമുയര്‍ന്നതായി മാധ്യമങ്ങള്‍ പറയുന്നു. ആശ്വാസം.

മാധ്യമങ്ങളെ വിമര്‍ശിക്കുമ്പോള്‍ നാലാം എസ്റ്റേറ്റ് എന്നൊക്കെ ചേര്‍ത്താണ് പറയാറ്. പക്ഷെ, ‘കടക്ക് പുറത്ത്’ എന്ന് അവരെ ആട്ടിയപ്പോള്‍ കോടിയേരി സഖാവ് വിഷണ്ണഭാവത്തോടെ തൊട്ടടുത്ത് നില്‍ക്കുന്നത് കേരളം കണ്ടതാണ്. ആട്ടുകേട്ട് ഒരു വനിതയടക്കം വര്‍ഷങ്ങളുടെ പത്രപ്രവര്‍ത്തന അനുഭവങ്ങളുള്ള മാധ്യമപ്രവര്‍ത്തകര്‍ തലകുനിച്ച് നേതാക്കള്‍ക്കുമുമ്പിലൂടെ നടന്നുപോയതും. പക്ഷെ, കോടിയേരി പറഞ്ഞത് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത് കേട്ടില്ലെന്നാണ്.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയുടേത് ഗ്രാമീണഭാഷയാണെന്ന് മുമ്പെ കടന്നു പ്രതികരിച്ചു. പാര്‍ട്ടിയില്‍നിന്ന് കണക്കിനു കിട്ടിയതുകൊണ്ടാകണം ‘ദയവായി പുറത്തുപോകൂ’ എന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നു എന്ന് പിന്നീട് പറഞ്ഞത്. താടിയുള്ള അപ്പനെ പേടിയുള്ളതാണ് പ്രശ്‌നമെന്ന് സമ്മതിക്കാനുള്ള സത്യസന്ധത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് കാണിച്ചുകൂടെ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s