RSS tightens its hold on Indian polity ബിഹാറിലെ മഹാ അട്ടിമറി

രാഷ്ട്രീയ സ്വയം സേവക് സംഘ്‌പോലും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ അവരുടെ പിടിമുറുക്കുകയുമാണ്. അവരുടെ രാഷ്ട്രീയമുഖമായ ബി.ജെ.പിയെന്ന യാഗാശ്വം ഇന്ത്യ കീഴടക്കാനുള്ള കുതിപ്പ് വേഗത്തിലാക്കുകയും. അതേസമയം നരേന്ദ്രമോദി ഗവണ്മെന്റിനും സംഘ് പരിവാറിനും എതിരായ പ്രതിപക്ഷ ഐക്യം ദുര്‍ബലമാവുകയും.

മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ബിഹാറില്‍ അപ്രതീക്ഷിതമായി നടന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതിന്റെ കൃത്യമായ സൂചനയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തെ വെല്ലുവിളിച്ചാണ് 2015ല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി വിരുദ്ധ മന്ത്രിസഭ ഉണ്ടാക്കിയത്. ബി.ജെ.പിമുക്ത ഭാരതമെന്ന മുദ്രാവാക്യമുയര്‍ത്തിയ മഹാസഖ്യത്തെ ഇപ്പോള്‍ അട്ടിമറിച്ചതും നിതീഷ് കുമാര്‍തന്നെ. രാജിവെച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ബി.ജെ.പിക്കു പങ്കാളിത്തമുള്ള എന്‍.ഡി.എ മന്ത്രിസഭയുടെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍. അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 243 അംഗ സഭയില്‍ 131 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് തെളിയിക്കുകയും ചെയ്തു.

രാഷ്ട്രീയ നേതാവിന്റെ സാമര്‍ത്ഥ്യത്തെക്കാള്‍ ഒരു ജാലവിദ്യക്കാരന്റെ മാന്ത്രികതയും കയ്യടക്കവുമാണ് നിതീഷ് പ്രകടിപ്പിച്ചത്. പക്ഷെ, ആ വിജയം രാഷ്ട്രീയത്തിന്റെയും ധാര്‍മ്മികതയുടെയും ജനാധിപത്യത്തിന്റെയും ആയില്ലെന്നുമാത്രം. അത് കേവലം അംഗഗണിതത്തിന്റേതു മാത്രമായി. 243 അംഗ സഭയില്‍ കേവല ഭൂരിപക്ഷമായ 122 മറികടന്ന് നിതീഷ് ഗവണ്മെന്റിന് 9 വോട്ടുകള്‍കൂടി കിട്ടി. നേരത്തെ 53ല്‍ ബി.ജെ.പിയെ പ്രതിപക്ഷത്തൊതുക്കിയാണ് നിതീഷ് അധികാരമേറ്റതും ഭരിച്ചതും. ഇപ്പോള്‍ ഉപമുഖ്യമന്ത്രിപദം സമ്മാനിച്ച് ബി.ജെ.പിയെ കൂടെനിര്‍ത്തിയപ്പോള്‍ പുതിയ പ്രതിപക്ഷത്തിന്റെ എണ്ണം 108 ആയി.

തോറ്റുപോയത് ജനങ്ങളും ജനാധിപത്യവും നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യുവുമാണ്. ബിഹാറില്‍ മഹാസഖ്യത്തെ അധികാരത്തിലേറ്റുന്നതില്‍ നിതീഷിനോളമോ അതില്‍ കൂടുതലോ പങ്കുവഹിച്ച ലാലു പ്രസാദിന്റെ പാര്‍ട്ടിക്ക് ജെ.ഡി.യുവിനെക്കാള്‍ 9 സീറ്റ് കൂടുതലുണ്ടായിരുന്നു.

ആദ്യം ബിഹാര്‍, പിന്നെ ഡല്‍ഹി. ലാലുവും നിതീഷും രാഹുലും ചേര്‍ന്ന് വിളിച്ച മുദ്രാവാക്യത്തിനു പിന്നില്‍ വിശ്വാസപൂര്‍വ്വം അണിചേര്‍ന്ന ബിഹാര്‍ ജനങ്ങളാണ് ഈ മറിമായത്തില്‍ അന്തംവിട്ടുനില്‍ക്കുന്നത്. ജെ.ഡി.യുവിന്റെ സംസ്ഥാന ഘടകമോ ശരദ് യാദവ് ഉള്‍പ്പെടെ ദേശീയ നേതൃത്വമോ ഈ മഹാ അട്ടിമറി അറിഞ്ഞില്ല. സന്തോഷപൂര്‍വ്വം സ്വാഗതത്തിന്റെ ട്വീറ്റ്‌ചെയ്ത് പിന്തുണനല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും. തനിക്ക് ജനങ്ങളോട് മാത്രമാണ് പ്രതിബദ്ധതയെന്ന നിതീഷിന്റെ ഒടുവിലത്തെ നിലപാട് കലക്കി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ പല തലങ്ങളിലും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന, സമയമെടുത്ത് രൂപപ്പെടുത്തിയ ഒരു ഗൂഢാലോചനയുടെ ആദ്യപടി മാത്രമാണ് ബിഹാറില്‍നിന്നു കാണുന്നത്.

നരേന്ദ്രമോദി ഗവണ്മെന്റിനേയും ആര്‍.എസ്.എസ് അജണ്ടയേയും പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായും വേറിട്ടുമുള്ള എല്ലാ നീക്കങ്ങള്‍ക്കും ഇത് കനത്ത തിരിച്ചടി ഏല്പിച്ചു. യഥാര്‍ത്ഥത്തില്‍ അതാണ് ഉത്ക്കണ്ഠ ഉയര്‍ത്തുന്ന പ്രശ്‌നവും. മൊത്തം പ്രതിപക്ഷത്തിന്റെയും ആത്മവിശ്വാസത്തെയും മനോവീര്യത്തെയും ഇത് പ്രതികൂലമായി ബാധിച്ചു. നരേന്ദ്രമോദി ഗവണ്മെന്റിന്റെ അപകടകരമായ ഭരണ നയങ്ങളേയും സംഘ് പരിവാറിന്റെ ഹിന്ദുത്വ വര്‍ഗീയ അജണ്ടയേയും എതിര്‍ത്തു തോല്‍പ്പിക്കുമെന്ന പ്രതിപക്ഷ കക്ഷികളുടെ വാക്കിലും പ്രവൃത്തിയിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു.

ഇതിന് ഉത്തരവാദി പ്രതിപക്ഷ കക്ഷികളും അതുപോലെ ഇടതുപക്ഷങ്ങളുമാണ്. ഇടതുപക്ഷത്തിനു നേതൃത്വം നല്‍കുന്ന സി.പി.എം ഈ ആഘാതത്തിനിടയ്ക്കുതന്നെ ജനങ്ങളെ ഏറെ നിരാശപ്പെടുത്തി. നരേന്ദ്രമോദി ഗവണ്മെന്റിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളും മുതലാളിത്ത പ്രീണന നയങ്ങളും ഒപ്പം ആര്‍.എസ്.എസിന്റെ അശ്വമേധവും തടയുന്നതിനുള്ള ഐക്യവും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിനുപകരം പാര്‍ട്ടിയിലെ ഐക്യം ദുര്‍ബലമാക്കുകയും നേതൃത്വത്തിലെ വിഭാഗീയത രൂക്ഷമാക്കുകയും ചെയ്താണ് യോഗം പിരിഞ്ഞത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ യെച്ചൂരിയെ മൂന്നാം തവണയും രാജ്യസഭയിലേക്ക് അയക്കണമെന്ന് വാശിപിടിച്ച ബംഗാള്‍ ഘടകം, ബലപരീക്ഷണത്തിലൂടെ അത് തടയുമെന്ന് വെല്ലുവിളിച്ച കേരളഘടകം. തന്റെ രാജ്യസഭാ പ്രാതിനിധ്യത്തിനുവേണ്ടി പാര്‍ട്ടി രണ്ടു ചേരിയാവുകയാണെന്ന് ബോധ്യപ്പെട്ടിട്ടും അത് ഒഴിവാക്കുന്നതിനു മുതിരാതെ വോട്ടെടുപ്പിനിടയാക്കിയ ജനറല്‍ സെക്രട്ടറി.

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായ സമ്മേളനങ്ങള്‍ കേന്ദ്രകമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമ്മേളന വേദികള്‍ രാജ്യം നേരിടുന്ന ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ടകളേയോ മോദി ഗവണ്മെന്റിനേയോ വെല്ലുവിളിക്കാനുള്ള രാഷ്ട്രീയ – ജനകീയ പോരാട്ടശക്തിക്ക് രൂപം കൊടുക്കുന്നതിലല്ല പതിവുപോലെ ശ്രദ്ധിക്കാന്‍പോകുന്നത്. കാരാട്ടിനെയും യെച്ചൂരിയെയും മുന്‍നിര്‍ത്തിയുണ്ടായ പഴയ വിഭാഗീയത ഒരിക്കല്‍കൂടി പുതുക്കി പുറത്തെടുക്കുകയാണ്. മുമ്പെന്നപോലെ സി.പി.എം- കോണ്‍ഗ്രസ് രാഷ്ട്രീയ സഖ്യവും ധാരണയും സംബന്ധിച്ച തര്‍ക്കമാണ് ഉയരുക. ദേശീയ തലത്തില്‍ സംഘടനാപരമായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിലെ മുഖ്യ ഘടകങ്ങളായ കേരളവും ബംഗാളും തമ്മിലുള്ള അരാഷ്ട്രീയ, വൈകാരിക ഏറ്റുമുട്ടലാണ് നടക്കുക.

ദേശീയ രാഷ്ട്രീയത്തിനോ ജനങ്ങള്‍ക്കോ ഗുണം ചെയ്യുന്ന ഒന്നും അതുകൊണ്ടുണ്ടാവില്ല. അതേസമയം ആര്‍.എസ്.എസ് നയിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരായ ചെറുത്തുനില്‍പ്പ് എങ്ങനെ രൂപപ്പെടുത്തണമെന്ന കാര്യം സൈദ്ധാന്തികമായും ഇന്ത്യന്‍ സാഹചര്യത്തിനൊത്ത് പ്രായോഗികമായും സി.പി.എം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കേണ്ട സമയം വൈകിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ രംഗം ഏറ്റവും വലിയ മാറ്റത്തിന് വിധേയമാവുകയാണ്.

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയില്ലെന്ന് പ്രഖ്യാപിച്ച ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടകള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ തുടരെത്തുടരെ നടപ്പാകുന്നു. ആദ്യം ആര്‍.എസ്.എസ് നിയോഗിച്ച പ്രധാനമന്ത്രി. ഇപ്പോള്‍ ആര്‍.എസ്.എസ് തീരുമാനിച്ച രാഷ്ട്രപതിയും പിറകെ ഉപരാഷ്ട്രപതിയും. ജഡ്ജിമാര്‍തൊട്ട് ശാസ്ത്ര-വിദ്യാഭ്യാസ-സൈനിക-ആസൂത്രണ മേഖലകളില്‍ വരെയുള്ള നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ആര്‍.എസ്.എസിന് വിശ്വാസമുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നു.

ഇപ്പോള്‍തന്നെ 18 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണമാണ്. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളോടെ ബാക്കി മിക്കതും വീഴും. ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ തമിഴ്‌നാട്ടിയും ആന്ധ്രയിലും തെലങ്കാനയിലും മറ്റും ബി.ജെ.പിക്കു പിന്തുണനല്‍കുന്നു. പഞ്ചാബും കര്‍ണാടകയുമൊഴിച്ച് വിരലിലെണ്ണാവുന്ന കൊച്ചു സംസ്ഥാനങ്ങളാണ് പ്രതിപക്ഷഭരണത്തില്‍. അക്കൂട്ടത്തില്‍പെടുന്നു കേരളവും ത്രിപുരയും.

എന്നുവെച്ചാല്‍ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍കൂടി കഴിയുന്നതോടെ രാജ്യസഭയിലും ബി.ജെ.പിക്ക് ഭൂരിപക്ഷമുറപ്പിക്കാം. വിപുലമായ ഈ പിന്‍ബലത്തോടെയാണ് 2019ല്‍ നരേന്ദ്രമോദി ജനവിധി തേടുക. അതില്‍ വിജയിച്ചാല്‍ ആര്‍.എസ്.എസിന്റെ അജണ്ടകള്‍ മറയില്ലാതെ നടപ്പാക്കാനും ഭരണഘടന യഥേഷ്ടം ഭേദഗതി ചെയ്യാനും സാധിക്കും.

എല്‍.കെ അദ്വാനിയുടെ രഥയാത്ര തടഞ്ഞ് രാജ്യത്ത് മതനിരപേക്ഷ രാഷ്ട്രീയത്തിന് ശക്തിയും മുന്നേറ്റവുമുണ്ടാക്കിയ സംസ്ഥാനമായിരുന്നു ബിഹാര്‍. പകരം ഹിന്ദുത്വ വര്‍ഗീയതയുടെ യാഗാശ്വത്തെ അഴിച്ചുവിട്ടുകൊണ്ട് ദേശീയരാഷ്ട്രീയം മാറ്റിമറിച്ചു നിതീഷ് കുമാര്‍. ഇത് ജെ.ഡി.യുവില്‍ പൊട്ടിത്തെറികള്‍ ഉണ്ടാക്കുമെങ്കിലും.

നരേന്ദ്രമോദിയ്ക്കു പകരംവെക്കാനുള്ള അടുത്ത പ്രധാനമന്ത്രി എന്ന പ്രതീക്ഷ പരത്തിയ നിതീഷ് കുമാര്‍ പഴയപോലെ എന്‍.ഡി.എയിലേക്ക് മടങ്ങിച്ചെന്നത് വലിയൊരു ഗൂഢാലോചനയുടെ വിജയമാണ്. ബിഹാര്‍ ഗവര്‍ണറായിരുന്ന റാംനാഥ് കോവിന്ദാണ് ആര്‍.എസ്.എസിന്റെ ഈ ലക്ഷ്യം വിജയത്തിലെത്തിക്കാന്‍ സഹായിച്ചത്. നിതീഷ് കുമാര്‍ ഏകപക്ഷീയമായി കോവിന്ദിന് പിന്തുണ നല്‍കിയതും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായതും ഈ രഹസ്യ അജണ്ട രൂപപ്പെടുത്തിയ ശേഷമാണ്.

വികസനത്തിന്റെയും ദേശീയതയുടെയും മുദ്രാവാക്യം മുഴക്കി കോര്‍പ്പറേറ്റുകളുടേയും ആഗോള മൂലധനശക്തികളുടെയും ലാഭവും വളര്‍ച്ചയും ഉറപ്പുവരുത്തുകയാണ് യഥാര്‍ത്ഥത്തില്‍ മോദി ഗവണ്മെന്റ് ചെയ്യുന്നത്. അതേസമയം മഹാഭൂരിപക്ഷം ജനങ്ങളും സാമ്പത്തിക പ്രതിസന്ധികളിലേക്കും വിലക്കയറ്റത്തിന്റെ കെടുതികളിലേക്കും തള്ളിവിടപ്പെടുകയും. ജനങ്ങളുടെ ഈ അടിയന്തര പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള സമരങ്ങളുടെയും രാഷ്ട്രീയ ശക്തികളുടെയും കൂട്ടായ്മകളുടെയും പുതിയ സാധ്യതകളാണ് ആര്‍.എസ്.എസ് വെല്ലുവിളിക്ക് പ്രതീക്ഷിക്കാവുന്ന മറുപടി.

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s