The new President and the RSS agenda പുതിയ രാഷ്ട്രപതിയും ആര്‍.എസ്.എസ് അജണ്ടയും

ചൊവ്വാഴ്ച ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ലോകത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇന്ത്യയുടെ ദളിത് മുഖം എന്നാണ്. പശുവിറച്ചി തിന്നതിനും ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞതിനും സംഘ് പരിവാര്‍ അനുകൂലികള്‍ ദളിതരെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുമ്പോള്‍ അവരുടെ ഭരണനേതൃത്വമാണ് ഇങ്ങനെ അഭിമാനിക്കുന്നത്.

ഹെഡ്‌ഗേവാര്‍ ഭവന്‍: നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം

സ്വാതന്ത്ര്യത്തിന് ഏഴുപതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ കെ.ആര്‍ നാരായണനുശേഷം മറ്റൊരാള്‍ ഈ വിഭാഗത്തില്‍നിന്ന് 65 ശതമാനം വോട്ടുകളുടെ പിന്തുണയില്‍ റായ്‌സീനാകുന്നില്‍ ഭരണഘടനയുടെ കാവല്‍ക്കാരനായി വരുന്നത് രാജ്യത്തിന് അഭിമാനകരംതന്നെ. അതേസമയം രാംനാഥ് കോവിന്ദ് ആര്‍.എസ്.എസിന്റെ ദളിത് മുഖമാണെന്ന വസ്തുത മറക്കാവുന്നതല്ല.

ആര്‍.എസ്.എസിന് വിശ്വാസമുള്ള പ്രധാനമന്ത്രി. അവരുടെ വിശ്വസ്തനായ മറ്റൊരാള്‍ രാഷ്ട്രപതി. ആ യാഥാര്‍ത്ഥ്യം മുമ്പത്തെ പതിമൂന്ന് രാഷ്ട്രപതിമാരെകുറിച്ചും ഈ സന്ദര്‍ഭങ്ങളില്‍ പങ്കുവെക്കേണ്ടി വന്നിട്ടില്ലാത്ത ഭയാശങ്കകള്‍ ഉയര്‍ത്തുന്നു.

പ്രധാനമന്ത്രിയുടെ വിശ്വസ്തരെന്ന നിലയില്‍ ഇതിനുമുമ്പും രാഷ്ട്രപതി പദവിയിലേക്ക് ചിലരെ കയറ്റിയിരുത്തിയിട്ടുണ്ട്. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വി.വി ഗിരിയെ രാഷ്ട്രപതിയാക്കിയത് ആ നിലയ്ക്കാണ്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെയും അവകാശികൂടിയായിരുന്ന ഗിരിക്ക് ഇന്ത്യന്‍ ഭരണഘടനയോടുള്ള പ്രതിബദ്ധത വ്യക്തിപരമായ ബാധ്യതയ്ക്കു മേലെയായിരുന്നു.

74ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാഷ്ട്രപതിയാക്കിയത് തന്നോട് ഏറെ വിധേയത്വമുള്ള ഫക്രുദ്ദീന്‍ അലി അഹമ്മദിനെയായിരുന്നു. ഇന്ദിരാഗാന്ധിയുടെ മുമ്പില്‍ ഇരുപ്പുറക്കാത്ത ഫക്രുദ്ദീന്‍ അലി ഭരണഘടനയുടെ കസ്റ്റോഡിയന്‍ എന്ന ചുമതല പക്ഷെ മറന്നു. ഇന്ദിരാഗാന്ധിയുടെ ലോകസഭാംഗത്വം കോടതി റദ്ദാക്കുകയും ലോകസഭയില്‍ വോട്ടുചെയ്യാനുള്ള അധികാരം നഷ്ടമാവുകയും ചെയ്തപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫക്രുദ്ദീന്‍ അലി അഹമ്മദ് ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ ഉറപ്പിച്ചിരുത്തി.

പൗരന്റെ ജീവനെടുത്താലും കോടതിയില്‍പോലും ചോദ്യംചെയ്യാന്‍ കഴിയാത്തവിധം ഭരണഘടനയുടെ അലകും പിടിയും മാറ്റുന്ന ഭേദഗതികള്‍ക്ക് ഒപ്പിട്ടുകൊടുക്കുന്ന റബ്ബര്‍ സ്റ്റാമ്പായി അദ്ദേഹം മാറി. രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിനെ ലോകം മറന്നെങ്കിലും പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് അബുവിന്റെ ചരിത്രംകുറിച്ച കാര്‍ട്ടൂണ്‍ ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നു. കുളിമുറിയിലെ ബാത്ത്ടബ്ബില്‍ വെള്ളത്തില്‍ കിടന്ന് കയ്യുംതലയും പുറത്തേക്കുനീട്ടി ‘ഒപ്പിടാന്‍ ഇനിയുമുണ്ടെങ്കില്‍ കൊണ്ടുവരൂ’ എന്നുപറയുന്ന ഫക്രുദീന്‍ അലി അഹമ്മദിന്റെ ആക്ഷേപ ഹാസ്യചിത്രം.

അന്ന് പ്രധാനമന്ത്രിയുടെ മന:സ്സാക്ഷി സൂക്ഷിപ്പുകാരനായ കോണ്‍ഗ്രസ് ഐ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ സിദ്ധാര്‍ത്ഥ ശങ്കര്‍ റെ അടിയന്തരാവസ്ഥയെകുറിച്ച് ‘ഷാ കമ്മീഷന്‍’ മുമ്പാകെ നല്‍കിയ തെളിവ് ഇപ്പോള്‍ ഓര്‍ക്കേണ്ടതാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഭരണഘടനാ വ്യവസ്ഥയനുസരിച്ച് കേന്ദ്രമന്ത്രിസഭ യോഗംചേര്‍ന്നാണ് തീരുമാനിക്കേണ്ടത്. അത് സാധ്യമല്ലെന്നും താന്‍ നേരിട്ടയക്കുന്ന ശുപാര്‍ശ അംഗീകരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിസഭായോഗം പിറ്റേന്നുവിളിച്ച് അംഗീകരിപ്പിക്കാമെന്നും. രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് അത് സമ്മതിച്ചു. അതിനുള്ള ശുപാര്‍ശ തയാറാക്കാന്‍ ഭരണഘടനാ വിദഗ്ധന്‍കൂടിയായ സിദ്ധാര്‍ത്ഥ ശങ്കര്‍ റേയെ ചുമതലപ്പെടുത്തി.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് സമര്‍പ്പിക്കേണ്ടത് ആഭ്യന്തരമന്ത്രിയാണ്. ആഭ്യന്തരവകുപ്പ് കയ്യാളിയിരുന്ന ബ്രഹ്മാനന്ദറെഡ്ഢിയോട് ഒരു വെള്ളക്കടലാസില്‍ ഒപ്പിട്ടുകൊടുക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതാണ് ആഭ്യന്തരമന്ത്രിയുടെ ശുപാര്‍ശയായി രേഖപ്പെടുത്തി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ കരടിനൊപ്പം പ്രധാനമന്ത്രി കൊടുത്തുവിട്ടത്. ‘ഷാ കമ്മീഷ’നു മുമ്പാകെ സിദ്ധാര്‍ത്ഥ ശങ്കര്‍ റേ വെളിപ്പെടുത്തി.

1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി കേന്ദ്രമന്ത്രിമാര്‍ കാര്യമറിയാതെ ഔദ്യോഗിക വസതികളില്‍ ഉറങ്ങികിടക്കുമ്പോഴാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം രാഷ്ട്രപതി ഭവനില്‍നിന്നു വന്നത്. പിറ്റേന്ന് വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗം അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് മേലൊപ്പുവെക്കുകയായിരുന്നു. പക്ഷെ, അതിനുമുമ്പേ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് സമരം നയിക്കുന്ന ജയപ്രകാശ് നാരായണനടക്കം പ്രതിപക്ഷ നേതാക്കളെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും കരുതല്‍തടങ്കല്‍ നിയമപ്രകാരം ജയിലിലാക്കികഴിഞ്ഞിരുന്നു. ഭരണഘടനാ ബാഹ്യശക്തികളുടെ അജണ്ടയനുസരിച്ച് അടിയന്തരാവസ്ഥയില്‍ പിന്നീടുനടന്നത് ചരിത്രപാഠം.

വിജയലക്ഷ്യവുമായി : പ്രധാനമന്ത്രി നരേന്ദ്രമോദിയും നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദും

നരേന്ദ്ര മോദി ഗവണ്മെന്റ് അധികാരത്തില്‍ വന്നതോടെ ആര്‍.എസ്.എസിന്റെ നേരിട്ടുള്ള ഭരണമാണ് നടക്കുന്നത്. ദൈവം അദൃശ്യനാണെന്നു പറയുംപോലെ. ചരിത്രത്തില്‍ മൂന്നുതവണ നിരോധിക്കപ്പെട്ട ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാറിന് എഴുതികൊടുത്തവരാണ്. ബി.ജെ.പിയെന്ന രാഷ്ട്രീയ സംഘടനയടക്കം ചേര്‍ന്ന സംഘ് പരിവാറിന്റെ ഏകാത്മക രാഷ്ട്രീയ ദര്‍ശനമാണ് രാഷ്ട്രീയ സ്വയം സേവക് സംഘ്.

നേരത്തെ രണ്ടുതവണ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നിരുന്നു. ആ സാഹചര്യമല്ല ലോകസഭയില്‍ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള നരേന്ദ്രമോദി ഗവണ്മെന്റിന്റേത്. രാജ്യസഭയില്‍ ഭൂരിപക്ഷം നേടുകയും കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണത്തില്‍വരികയും ചെയ്യുന്നതോടെ നമ്മുടെ ഭരണഘടന ഇഷ്ടാനുസരണം ഭേദഗതിചെയ്യാന്‍ അവര്‍ക്കുകഴിയും. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ പൊതുതെരഞ്ഞെടുപ്പിലും വിജയിച്ചാല്‍ ആര്‍.എസ്.എസിന്റെ നയപരിപാടികള്‍ നടപ്പാക്കാന്‍ തടസമില്ലാതാകും.

ഈ ഇടക്കാലവേളകളില്‍ ബി.ജെ.പിക്കു സഹായകമായി സംസ്ഥാനങ്ങളിലെ ഭരണ പ്രതിസന്ധികളില്‍ ഇടപെടാന്‍ വിശ്വസ്തനായ ഒരു രാഷ്ട്രപതി. ആ നിലയ്ക്കാണ് രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തിട്ടുള്ളത്. പ്രധാനമന്ത്രി രാജീവ് ഗാന്ധിയോട് ഏറ്റുമുട്ടിയ രാഷ്ട്രപതി സെയില്‍സിങിന്റെയോ പ്രധാനമന്ത്രി മോദി കൈയ്ക്കും വളയ്ക്കും കേടില്ലാതെ കൈകാര്യംചെയ്ത കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യന്‍ പ്രണബ് കുമാര്‍ മുഖര്‍ജിയെപോലെയോ പുതിയ രാഷ്ട്രപതിയെ ഭയപ്പെടേണ്ടതില്ല. പുതിയ പദവിയില്‍ ഇരിക്കുമ്പോഴും ശീലമനുസരിച്ച് ഒരു സംശയംപോലും കോവിന്ദ് ഉന്നയിക്കാനിടയില്ല.

ഭരണഘടനാ പരിജ്ഞാനമുള്ള ബി.ജെ.പിയിലെ ചുരുക്കം അഭിഭാഷകരില്‍ ഒരാളായിരുന്നു കോവിന്ദ്. എന്നിട്ടും യു.പി രാഷ്ട്രീയത്തിലെ നേതാവാക്കി ഉയര്‍ത്താന്‍ ബി.ജെ.പിയും ആര്‍.എസ്.എസും മുതിര്‍ന്നില്ല. അവിടെനിന്നു ലോകസഭയിലേക്ക് മത്സരിക്കീനുള്ള അപേക്ഷപോലും തള്ളിയതാണ്. രണ്ടുതവണ രാജ്യസഭാംഗമാക്കിയതൊഴിച്ചാല്‍. ദളിതു വിഭാഗത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന സംഘ് പരിവാര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാന്‍ പ്രധാനമന്ത്രി മോദിയും ആര്‍.എസ്.എസും ഉപയോഗിച്ച രാഷ്ട്രീയവടി മാത്രമല്ല കോവിന്ദ്. ഇന്ത്യന്‍ ഭരണഘടന 2019ഓടെ അടിമുടി പൊളിച്ചെഴുതാനുള്ള അജണ്ടയ്ക്ക് സഹായിക്കാന്‍ വിശ്വസ്തനായ ഒരാളെ ആര്‍.എസ്.എസ് നിയോഗിച്ചിരിക്കുകയാണ്. അവര്‍ ഇനിയും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്ത അജണ്ടയ്ക്കു വഴിയൊരുക്കാന്‍.

മതനിരപേക്ഷതയില്‍ അധിഷ്ഠിതമായ ഫെഡറല്‍ ഘടനയോടുകൂടിയ നമ്മുടെ ഭരണഘടന ആര്‍.എസ്.എസ് തത്വത്തില്‍ അംഗീകരിച്ചിട്ടില്ല. നിരോധനം ഒഴിവാക്കാനും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാങ്കേതികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും.

നമ്മുടെ ഭരണഘടന സംഘാത്മകമായിരിക്കരുത് (ഫെഡറല്‍) ഏകാത്മകമായിരിക്കണം എന്ന പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപധ്യായയുടെ ദര്‍ശനമാണ് ആര്‍.എസ്.എസിന്റെ ഭാവി ഭരണ അജണ്ട. അത് നടപ്പാക്കണമെങ്കില്‍ നമ്മുടെ ഭരണഘടനയുടെ മൂലക്കല്ലുകളായ ഫെഡറല്‍ ഘടനയും ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവയോടുള്ള പ്രഖ്യാപിത പ്രതിബദ്ധതയും പൊളിച്ചടുക്കേണ്ടതുണ്ട്. ഏതാത്മക രാഷ്ട്രദര്‍ശനം പകരം വെക്കേണ്ടതുണ്ട്. വീണ്ടും അധികാരത്തില്‍ വന്നാല്‍ തീവ്രമായ നീക്കം അതിനുവേണ്ടി ഉണ്ടാകും.

‘ഭാരതത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം മൗലികമാണ്. കേന്ദ്രാധികാരം അതിന്റെ ആകെത്തുകയും. ഇത് സത്യത്തിനു വിപരീതമാണ്. ഭാരതത്തിന്റെ ഏകതയുടെയും അഖണ്ഡതയുടെയും ധാരണയ്ക്ക് വിരുദ്ധമാണ്. അതിന് ഭാരത മാതാവിന്റെ സജീവവും ചൈതന്യവത്തുമായ സങ്കല്‍പ്പമില്ല.’

വിവിധ സംസ്ഥാന മാതാക്കളുടെ ഒരു സംഘമാണ് ഇന്ത്യ എന്നത് പരിഹാസ്യമാണെന്ന് ആര്‍.എസ്.എസ് വിശ്വസിക്കുന്നു. സംസ്‌ക്കാരത്തെ സംരക്ഷിക്കുക മാത്രമല്ല അതിന്റെ വേഗംകൂട്ടി സജീവവും ലക്ഷ്യോന്മുഖവുമാക്കി തീര്‍ക്കുകയാണ് ആര്‍.എസ്.എസിന് ഇനി ചെയ്യാനുള്ളത്.

ഏകാത്മകരാജ്യം എന്ന ആര്‍.എസ്.എസ് വീക്ഷണം ദീന്‍ദയാല്‍ ഉപാധ്യായ വിശദീകരിച്ചിട്ടുണ്ട്: ‘നമ്മുടെ സമാജം ആരോഗ്യപൂര്‍ണ്ണവും വികസോന്മുഖവുമായ ജീവിതം നയിക്കണം. ഇതിനായി നാം അനേകം സമ്പ്രദായങ്ങള്‍ ഒഴിവാക്കേണ്ടിവരും. അനവധി പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കേണ്ടിവരും. മനുഷ്യത്വത്തെ വികസിപ്പിക്കാന്‍ ആവശ്യമായതും നമ്മുടെ ഏകാത്മതയ്ക്കും അഭിവൃദ്ധിക്കും പോഷകമായിട്ടുള്ളതുമായ എല്ലാം നമ്മള്‍ ചെയ്യും. അതിനു പ്രതിബന്ധമായിട്ടുള്ളതിനെയെല്ലാം തട്ടിനീക്കും. ഈശ്വരന്‍ തന്നിട്ടുള്ള ഈ ശരീരം ആത്മഗ്ലാനി പേറി നടക്കാനുള്ളതല്ല. ശരീരത്തില്‍ വ്രണമുണ്ടെങ്കില്‍ അത് മുറിച്ചു മാറ്റേണ്ടതാവശ്യമാണ്.’

അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം ഉയര്‍ത്താനുള്ള ശിലകള്‍ ഒരുക്കിവരികയാണ്. അതിന്റെ പൂര്‍ത്തീകരണംതൊട്ട് ഏകാത്മക രാഷ്ട്രത്തിന്റെ വിരാഡ് സ്വരൂപത്തെ ഉണര്‍ത്തുന്നതടക്കമുള്ള അജണ്ടകള്‍. അതിലൂടെ ഹിന്ദു തീവ്ര ദേശീയതയുടെ ഒരു നവഭാരത സൃഷ്ടിയാണ് ആര്‍.എസ്.എസ് അജണ്ട. അതിനെ പ്രയോഗവത്ക്കരിക്കാന്‍ പറ്റിയ പ്രധാനമന്ത്രിയെയും ഇപ്പോള്‍ പുതിയ രാഷ്ട്രപതിയെയും നിയോഗിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ അദൃശ്യമായി സംഘ് പരിവാറിനെ നയിക്കുകയാണ് പിന്നില്‍നിന്നുകൊണ്ട് ആര്‍.എസ്.എസ്.

ആസൂത്രണ – സാമ്പത്തിക രംഗങ്ങളില്‍ മോദി ഗവണ്മെന്റ് ഇതിനകം സ്വീകരിച്ചിട്ടുള്ള അപ്രതീക്ഷിതമായ നടപടികള്‍ ഈ അജണ്ടയുമായി ബന്ധപ്പെട്ട സുചിന്തിതമായ ആര്‍.എസ്.എസ് തീരുമാനങ്ങളാണ്. ഭരണത്തില്‍വന്ന ഉടനെ പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെ ആസൂത്രണ കമ്മീഷന്‍ പൊളിച്ചടുക്കി ‘നീതി ആയോഗ്’ കൊണ്ടുവന്നത്, കറന്‍സിനോട്ടുകള്‍ അസാധുവാക്കി, യു.പി.എ ഗവണ്മെന്റ് രൂപംകൊടുത്തതാണെങ്കിലും സംസ്ഥാനങ്ങളുടെ അധികാരവും വരുമാനവുമായി കാലാകാലമായി നിലനിന്ന നികുതി പിരിവ് അവകാശം എടുത്തുകളഞ്ഞ് ജി.എസ്.ടി ഏര്‍പ്പെടുത്തി, പൗരന്റെ സ്വകാര്യത സംബന്ധിച്ച അവകാശം എടുത്തുകളയാന്‍ ആധാറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതിയില്‍ സ്വീകരിച്ചിട്ടുള്ള നിലപാട് – ഇതൊക്കെ കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടവയാണ്. മതനിരപേക്ഷത എന്ന ഭരണഘടനാ കാഴ്ചപ്പാട് എടുത്തുകളയുമെന്നാണ് പറയുന്നത്. മാത്രമല്ല തങ്ങളുടെ ലക്ഷ്യത്തിന് ‘പ്രതിബന്ധമായിട്ടുള്ള എല്ലാറ്റിനെയും തട്ടിനീക്കു’മെന്നും. ശരീരത്തില്‍ വ്രണമുണ്ടെങ്കില്‍ അത് മുറിച്ചുമാറ്റേണ്ടത് രാഷ്ട്രത്തിന്റെ ഏകാത്മകതയ്ക്ക് അനിവാര്യമാണെന്നും അവര്‍ പ്രഖ്യാപിക്കുന്നു. വരാന്‍പോകുന്ന അജണ്ടകളുടെ ഭീകരത വ്യക്തം. അതുള്‍ക്കൊള്ളുന്ന സംഘ് പരിവാര്‍ വര്‍ഗീയതയുടെ ഭീഷണ ശബ്ദവും ലക്ഷ്യവും കൃത്യം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s