Torture camps widespread in Kerala വീണ്ടും പുലിക്കോടന്മാര്‍ ഉണ്ടാകുമ്പോള്‍

പത്രവാര്‍ത്തയില്‍നിന്ന് ആ വരികളും അതിലെ അക്ഷരങ്ങളും കണ്ണുതുറിച്ച് നില്‍ക്കുകയാണ്. അവ ഓര്‍മ്മിപ്പിക്കുന്നത് പൊലീസ് മര്‍ദ്ദനങ്ങളുടെ ഒരു ഭീകര ഭൂതകാലം.

… വിനായകന്റെ നെഞ്ചിലും പുറത്തും ജനനേന്ദ്രിയത്തിലും മര്‍ദ്ദിച്ചു. കാല്‍ നഖങ്ങളില്‍ ബൂട്ടിട്ടു ചവുട്ടി. നീട്ടിവളര്‍ത്തിയ മുടി പറിച്ചെടുത്തു…

തൃശൂര്‍ വാടാനപ്പള്ളിയില്‍ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം ഏങ്ങണ്ടിയൂരിലെ തന്റെ വീട്ടില്‍ തൂങ്ങിമരിച്ച പതിനെട്ടുകാരന്‍ വിനായകന്‍. അവന്റെ നെഞ്ചിലടക്കം പൊലീസ് പതിച്ചുനല്‍കിയ മര്‍ദനമുദ്രകളെപറ്റിയുള്ള വാര്‍ത്ത വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. പുലിക്കോടന്മാര്‍ നാടുവാണ കാലം.

ചെറുപ്പക്കാരുടെ നീണ്ട തലമുടിയിലും മൃദു മാംസപേശികള്‍കൊണ്ട് മുഴുത്ത അവരുടെ തുടകളിലും കൈക്കരുത്തുതീര്‍ത്ത ഇരുട്ടറയുടെ കാലം. അതിന് സംരക്ഷണം നല്‍കിയ പൊലീസ് – ഭരണ മേധാവികളുടെ അഹങ്കാരപര്‍വ്വത്തിന്റെയും.

യുവാക്കളുടെ നീട്ടിയ തലമുടിയില്‍ കടന്നുപിടിച്ചായിരുന്നു അന്നത്തെയും തുടക്കം. കോഴിക്കോട് ജില്ലയിലെ പൊലീസ് മേധാവി സൃഷ്ടിച്ച ടൈഗര്‍സ്‌ക്വാഡ്. തങ്ങള്‍ക്ക് വിശേഷാല്‍ അധികാരങ്ങളും സംരക്ഷയുമുണ്ടെന്ന ധാരണയില്‍നിന്നാണ് പുലിയും പുലിക്കോടനും ജനിച്ചത്.

അതിനു പിറകെയാണ് രാജ്യത്താകെ നീതിയുടെയും നിയമത്തിന്റെയും ഭരണഘടനാ അവകാശങ്ങളുടെയും സൂര്യവെളിച്ചം മറച്ച അടിയന്തരാവസ്ഥ അനിശ്ചിതകാലത്തേക്ക് കൂരിരുട്ടായി നിറഞ്ഞത്. അറിഞ്ഞതും അറിയേണ്ടതും അറിയിക്കാനുള്ള അവകാശങ്ങള്‍ക്ക് വിലങ്ങും പൂട്ടും അണിയിച്ചത്.

കക്കയത്ത് ഒരു പൊലീസ്-സൈനിക തടങ്കല്‍ പാളയം ഒരുക്കിയതും അതിന്റെ ഭാഗമായിരുന്നു. മുമ്പ് നാസികളൊരുക്കിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ നവപതിപ്പ്. ‘നാവടക്കൂ പണിയെടുക്കൂ’ എന്ന മുദ്രാവാക്യം. സ്‌ക്കോട്ട്‌ലന്റ് യാര്‍ഡില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിവന്ന, ആഭ്യന്തര മന്ത്രിയുടെയും ഐ.ജി മേധാവിയുടെയും വിശ്വസ്തനായ ക്രൈംബ്രാഞ്ച് മേധാവി ജയറാം പടിക്കലും ഉത്തരമേഖലാ ഡി.ഐ.ജി മധുസൂദനന്‍, എസ്.പി ലക്ഷ്മണ തുടങ്ങിയവരുടെ നേതൃത്വത്തില്‍.

കക്കയത്തുനിന്ന് അമ്പതു കിലോമീറ്റര്‍ അകലെ കോഴിക്കോടുനിന്ന് ബാലുശ്ശേരിവഴിപോകുന്ന ബസ് റൂട്ട് അവസാനിക്കുന്ന കൂരാച്ചുണ്ടിലെ കായണ്ണ പൊലീസ് സ്റ്റേഷന്‍ നക്‌സലൈറ്റുകള്‍ ആക്രമിച്ചു. കെ വേണുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍നിന്നുള്ള പതിനഞ്ചംഗ ആക്ഷന്‍ ഗ്രൂപ്പാണ് ഇത് നടത്തിയതെന്ന് പില്‍ക്കാലത്താണ് വെളിപ്പെട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എട്ടുമാസങ്ങള്‍ക്കുശേഷം കേരളത്തിലെ പൊലീസ് അതിക്രമങ്ങള്‍ക്കുനേരെ നരിമാളത്തില്‍ കടന്നുചെന്നുള്ള ഓര്‍ക്കാപ്പുറത്തെ ആക്രമണമായിരുന്നു നക്‌സലൈറ്റുകളുടേത്. അതിന്റെ പകതീര്‍ക്കാനാണ് എന്തും ചെയ്യാനുള്ള അധികാരത്തോടെ കക്കയത്ത് നിയമവിരുദ്ധ തടങ്കല്‍പാളയം ഒരുക്കിയത്.

ഫാറൂഖ് കോളജില്‍ നടന്ന യുവജനോത്സവ പരിപാടി കഴിഞ്ഞ് പുലര്‍ച്ചെ ആര്‍.ഇ.സി കാമ്പസില്‍ എത്തിയതായിരുന്നു അവസാനവര്‍ഷ വിദ്യാര്‍ത്ഥി പി രാജനും യുവജനോത്സവത്തില്‍ പങ്കെടുത്ത മറ്റ് വിദ്യാര്‍ത്ഥികളും. ഹോസ്റ്റലിലേക്ക് നടന്നുപോകവെ ഇരുട്ടില്‍ മറഞ്ഞുനിന്ന പൊലീസിന്റെ കൈ നീണ്ടത് രാജന്റെ നീണ്ടുവളര്‍ന്ന തലമുടിയിലാണ്. കായണ്ണ പൊലീസ് സ്റ്റേഷനില്‍നിലെ സെന്‍ട്രികളില്‍നിന്ന് നക്‌സലൈറ്റുകള്‍ തട്ടിയെടുത്ത തോക്കുകള്‍ കാണിച്ചുകൊടുക്കാനാണ് ഹോസ്റ്റല്‍മുറിയില്‍ കൊണ്ടുപോയി രാജനോട് ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യസമരസേനാനിയും കോഴിക്കോട് ഗവണ്മെന്റ് കോളജിലെ ഹിന്ദിവിഭാഗം മേധാവിയുമായ പ്രെഫ. ടി.വി ഈച്ചരവാര്യരുടെ മകന്‍ തനിക്കറിയാത്ത കാര്യം പറയുന്നതെങ്ങനെ!

രാത്രിയോടെ കക്കയം ക്യാമ്പില്‍ ‘സത്യബഞ്ചി’ല്‍ കിടത്തി ചോദിച്ചിട്ടും അറിയില്ലെന്ന് നേരത്തെ പറഞ്ഞ സത്യമേ രാജന്‍ ആവര്‍ത്തിച്ചുള്ളൂ. രക്തധമനികളും മാംസപേശിയും ഉലക്കകൊണ്ട് ഉരുട്ടിയരച്ച് പുലിക്കോടന്മാര്‍ ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ആര്‍.ഇ.സിയുടെ അഭിമാനവും വാര്യര്‍ മാസ്റ്ററുടെ കുടുംബവിളക്കുമായിരുന്ന ആ യുവാവിന്റെ ഇളം ശരീരത്തില്‍നിന്ന് പ്രാണന്‍ പറന്നുപോയി.

രണ്ടു പെണ്‍മക്കള്‍ക്കു ശേഷംപിറന്ന ആണ്‍കുഞ്ഞിനെ മടിയിലിരുത്തി ‘രാജന്‍’ എന്ന് മൂന്നുവട്ടം ചെവിയില്‍ പേരുമന്ത്രിക്കുമ്പോള്‍ ഈച്ചരവാര്യരെന്ന അച്ഛനുണ്ടോ അറിയുന്നു, ഈ പേര് തന്റെ മകന്റെ ജീവനെടുക്കാന്‍ കാരണമാകുമെന്ന്.

കായണ്ണ പൊലീസ് സ്റ്റേഷനില്‍നിന്ന് പ്രതീക്ഷിക്കാത്ത പ്രത്യാക്രമണം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ ഓപ്പറേഷന്‍ മതിയാക്കി കൈയില്‍കിട്ടിയ തോക്കുകളുമായി തിരിച്ചോടുകയായിരുന്നു നക്‌സലൈറ്റുകള്‍. പിന്നിലായ ഒരാളോട് ‘രാജാ, ഓടിക്കോ’ എന്ന് വിളിച്ചുപറഞ്ഞത് ചാത്തമംഗലത്ത് താമസിച്ചിരുന്ന രാജന്മാരെയെല്ലാം പൊലീസ് പിടികൂടാന്‍ ഇടയാക്കുമെന്ന് ആ അച്ഛനുണ്ടോ ദിവ്യദൃഷ്ടി.

പി രാജനെ കൊണ്ടുപോയതിനു പിറകെ ചാത്തമംഗലത്തുനിന്ന് ടാപ്പിംഗ് തൊഴിലാളിയായ മറ്റൊരു രാജനെയും കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയിരുന്നു. ആദ്യവട്ട പീഢനം കഴിഞ്ഞ് പിറ്റേന്ന് ഭാര്യയെകൂടികൂട്ടി ഹാജരാവാന്‍ കല്‍പ്പിച്ച് അയാളെ വിട്ടയച്ചു. ഭയന്നും വേദന സഹിക്കാനാകാതെയും വേച്ചുവേച്ച് രാത്രി വീട്ടിലെത്തിയ രണ്ടുപേരും പിറ്റേന്ന് മരണബഞ്ചിലേക്ക് യാത്രപോകേണ്ടകാര്യം രാജന്‍ ഭാര്യ ദേവകിയോട് പറഞ്ഞു. ജീവനൊടുക്കുകയാണ് അതിലുംഭേദമെന്ന് പരസ്പരം ജീവനോളം സ്‌നേഹിച്ചിരുന്ന ആ ദമ്പതികള്‍ തീരുമാനിച്ചു. പാതിരാത്രി വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ മാവിന്‍കൊമ്പില്‍ അടിത്തടുത്തായി അവര്‍ കെട്ടിത്തൂങ്ങിമരിച്ചു.

പൗരന്റെ ജീവിക്കാനുള്ള മൗലിക അവകാശംപോലും എടുത്തുകളഞ്ഞ അടിയന്തരാവസ്ഥയിലെ രക്തസാക്ഷികളുടെ പ്രതീകമായി ഈച്ചരവാര്യരുടെ പ്രിയപുത്രന്‍ പി രാജനെ ഇന്നു ലോകമാകെ അറിയുന്നു. എന്നാല്‍ എവിടെനിന്നോ ജോലിതേടി ചാത്തമംഗലത്തെത്തി അവിടെ റബ്ബര്‍തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയായി ജീവിതംതുടര്‍ന്ന രാജന്‍ ആരായിരുന്നെന്ന് ഇന്നും ആര്‍ക്കുമറിയില്ല. ക്രൂരമായ ഉരുട്ടലിനുവിധേയമായി കരച്ചിലും ജീവതാളവും നിന്നുപോയ വേറെയും യുവാക്കളെ ചാക്കില്‍കെട്ടി പൊലീസ് ക്യാമ്പില്‍നിന്ന് ഉരക്കുഴിഭാഗത്തേക്ക് കൊണ്ടുപോയി അദൃശ്യരാക്കിയിട്ടുണ്ട്. അവരുടെ വിവരവും അടിയന്തരാവസ്ഥയുടെ ഇരുട്ടിനൊപ്പം ചരിത്രത്തില്‍നിന്നു മാഞ്ഞുപോയി.

കക്കയത്തെന്നപോലെ വിവിധ ജില്ലകളിലും തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് മേധാവിയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ ശാസ്തമംഗലത്തെ ക്യാമ്പിലും ഗരുഡന്‍ തൂക്കവും ഉരുട്ടലും ക്രൂരപീഢനങ്ങളും ജീവിതത്തില്‍നിന്ന് തുടച്ചുനീക്കിയ ഒട്ടേറെ അജ്ഞാതരുണ്ട്. പൊലീസ് മര്‍ദനത്തിന്റെ രക്തസാക്ഷികള്‍.

കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണം കെ വേണുവും ചുരുക്കം നേതാക്കളും മാത്രമറിഞ്ഞ പെട്ടെന്നു സംഘടിപ്പിച്ച ഒരാക്രമണമായിരുന്നുവെന്ന് പിന്നീടുവെളിപ്പെട്ടു. ആ ഓപ്പറേഷനില്‍ പങ്കാളികളായ പതിനഞ്ചുപേരില്‍ ഭൂരിഭാഗം ചെറുപ്പക്കാരും അതു തുടങ്ങുംമുമ്പുമാത്രം കാര്യം അറിഞ്ഞ് പങ്കെടുത്തവര്‍. ഇവരെ പിടികൂടി നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിനു പകരം ചുകപ്പു ഭീകരതയെ കേരളത്തില്‍നിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കാനുള്ള അവസരമായി ഉപയോഗിക്കുകയായിരുന്നു.

അതുകൊണ്ടാണ് നക്‌സല്‍ അനുഭാവമുണ്ടായിരുന്നെങ്കിലും പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെപ്പറ്റി ഒന്നും അറിയാത്ത നക്‌സല്‍ അനുഭാവികളും അല്ലാത്തവരുമായ നൂറുകണക്കിന് യുവാക്കളെ കക്കയം ക്യാമ്പിലും മാലൂര്‍കുന്നിലും കൊണ്ടുവന്ന് കൊല്ലാക്കൊല ചെയ്തത്. വിവിധ ജില്ലകളിലെ ക്രൈംബ്രാഞ്ച് ഓഫീസുകളിലും മതിവരുവോളം ചവിട്ടിയരച്ചത്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് സേവാദളിന്റെ അധ്യക്ഷന്‍ കക്കുഴിയില്‍ കണ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തതും മൃതദേഹമാക്കി ലോക്കപ്പില്‍നിന്ന് കുടുംബക്കാര്‍ക്ക് വിട്ടുകൊടുത്തതും അതുകൊണ്ടായിരുന്നു.

ഇതൊക്കെ ഒരിക്കല്‍ക്കൂടി കേരളത്തിലേക്ക് തിരിച്ചുവരികയാണെന്ന് തോന്നുന്നു. തലമുടി പറിച്ചെടുക്കല്‍, നെഞ്ചിലും നാഭിയിലും ചവിട്ടല്‍ തുടങ്ങിയ അഭ്യാസങ്ങള്‍ മാത്രമല്ല നിയമവിധേയമായും സമാധാനപരമായും സമരവും പ്രകടനവും നടക്കുന്നിടത്ത് വര്‍ദ്ധിക്കുന്ന പൊലീസ് അതിക്രമങ്ങള്‍. ചുമലില്‍ തിളങ്ങുന്ന ഐ.പി.എസ് അക്ഷരവും നക്ഷത്രവുമുള്ളവര്‍ ചാനല്‍ ക്യാമറകള്‍ക്കുമുമ്പില്‍ പുലിക്കോടന്മാരായി മര്‍ദ്ദിച്ചു തിമിര്‍ക്കുന്നത്. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരുടെയും വഴിയാത്രക്കാരുടെയും എല്ലുകള്‍ ആഞ്ഞടിച്ച് തകര്‍ക്കുന്നത്. അതിനുനേരെ ഭരണാധികാരികള്‍ കണ്ടഭാവം നടക്കാത്തത്. അല്ലെങ്കില്‍ ശക്തമായി ന്യായീകരിക്കുന്നത്.

ഇത് വളര്‍ത്തുക ഭരണകൂട ഭീകരതയുടെ ആധിപത്യമാണ്. ഇത്തരം മര്‍ദ്ദനവും കൊലയും തുടങ്ങിയതും വളര്‍ന്നതും അങ്ങനെയാണ്. ഇപ്പോള്‍ കേരളത്തില്‍ അത് പൊലീസിന്റെ കളരിയില്‍ മാത്രമല്ല സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളിലും തടവറകളും കൊലയറകളും രൂപപ്പെട്ടിരിക്കുന്നു. മാലാഖമാരെപ്പോലെ ആതുരപരിചരണം നടത്തുന്ന നഴ്‌സുമാര്‍ ജീവിക്കാനുള്ള വേതനംചോദിച്ച് സമരം നടത്തുന്ന സ്വകാര്യ ആശുപത്രികളിലും ഏറെ വൈകാതെ ഇവ രൂപപ്പെട്ടേക്കാം.

വൈരുധ്യമാര്‍ന്ന മറ്റൊരു കാഴ്ചയും പൊലീസുമായി ബന്ധപ്പെട്ട് കേരളം കാണുന്നു. സമൂഹത്തെ ഞെട്ടിച്ച കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെന്നു സംശയിക്കുന്നവരെ പൊലീസ് ക്ലബ്ബുകളിലും ജയിലുകളിലും ചോദ്യംചെയ്യുന്നതിലെ വ്യത്യാസം. ജനനായകരായി ഇന്നലെവരെ തിളങ്ങിനിന്ന പ്രതികള്‍ മണിക്കൂറുകളും ദിവസങ്ങളും ചോദ്യങ്ങള്‍ക്കുമുമ്പില്‍ നിശബ്ദരായും നിസ്സഹകരിച്ചും ഇരുന്ന് ചിരിച്ചുകൊണ്ട് മടങ്ങുന്ന ചിത്രം. അവര്‍ക്ക് ലാത്തിയും ഉലക്കയും എന്തിന് ചോദ്യങ്ങളെപോലും പേടിക്കേണ്ടതില്ല.

അതേസമയം കുറ്റവാളികളായും സംശയത്തിന്റെ പേരിലും കസ്റ്റഡിയിലെടുക്കപ്പെടുന്ന സാധാരണക്കാര്‍ മൂന്നാംമുറയ്ക്കും ഭീകര മര്‍ദനത്തിനും വിധേയരാകുന്നു. പ്രതികളായി സംശയിക്കപ്പെടുന്നവരെ രണ്ടുവര്‍ഗമായാണ് പരിഗണിക്കുന്നത്. മേലാളരും ശരീരത്തിനും ജീവനും കീറക്കടലാസിന്റെ വിലപോലുമില്ലാത്ത കീഴാളരും.

ഒരു പുലിക്കോടന്‍ മുടി നീട്ടിയവരെ ലോക്കപ്പില്‍കൊണ്ടുപോയി തലമുടി മുറിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് തലമുടി വളര്‍ത്തിയ ഒരു ഇടതുപക്ഷ നേതാവിന്റെകൂടി നേതൃത്വത്തിലുള്ള ഇടതു ഗവണ്മെന്റാണ് ഭരിക്കുന്നത്. ഏങ്ങണ്ടിയൂരിലെ വിനായകനും നെഹ്‌റു കോളജിലെ ജിഷ്ണുവും ഈ സ്ഥിതി സൃഷ്ടിച്ച രണ്ടുതരം മര്‍ദ്ദനത്തിന്റെ രക്തസാക്ഷികളാണ്. രാജന്‍കേസ് രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന സി.പി.എമ്മിന്റെ പ്രതിനിധിയായ മുഖ്യമന്ത്രിയാണ് പൊലീസിനെ ഭരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും തലപ്പത്തുള്ളവരുടെ പിന്‍ബലമില്ലാതെ ഇത്തരമൊരു സ്ഥിതി വളര്‍ന്നുവരില്ല എന്നതും ചരിത്രപാഠം.

അത്തരം നിലപാടുകളുടെ അവസാനമെന്തായിരുന്നു എന്ന് പൊലീസിന്റെയും ഭരണത്തിന്റെയും നേതൃത്വത്തിലിരിക്കുന്നവര്‍ ഓര്‍ക്കാന്‍ സമയമായി. അതിനു വെളിച്ചംപകരാന്‍ യേശുക്രിസ്തു ജനിക്കുന്നതിനുമുമ്പ് എസക്കിയേല്‍ പറഞ്ഞ ഈ വാചകങ്ങള്‍ ഉപകരിക്കും:

… ജീവനുള്ളവരുടെ ദേശത്ത് ഭീതിപരത്തിയ അവര്‍ ഇന്ന് വാളേറ്റു മരിച്ച് അപരിച്ഛേദിതരായി അധോലോകത്തില്‍ എത്തിയിരിക്കുന്നു. പാതാളത്തില്‍ പതിച്ചവരോടൊപ്പം അവര്‍ അപമാനിതരായി കഴിയുന്നു.

(ജൂലൈ 20ന് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌.)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s