The arrest of the Superstar and the Police Investigation താരരാജാവിന്റെ അറസ്റ്റും കേസന്വേഷണവും

സൂപ്പര്‍താരം ദിലീപിനെ ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതിയാക്കി അറസ്റ്റുചെയ്ത് ജയിലിലടച്ചതിന് ഉത്തരവാദികളായ എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു. അതിന്റെ നേട്ടം കേരള പൊലീസോ വകുപ്പു കയ്യാളുന്ന മുഖ്യമന്ത്രിയോ സര്‍ക്കാറോ ഒറ്റയ്‌ക്കോ കൂട്ടായോ അവകാശപ്പെട്ടാലും. കുറ്റമറ്റതും ശാസ്ത്രീയവുമായ തെളിവുകള്‍ നിയമത്തിനുമുമ്പില്‍ സമ്പൂര്‍ണ്ണമായി എത്തിച്ച് വലുപ്പചെറുപ്പമില്ലാതെ എല്ലാ പ്രതികളെയും ശിക്ഷയ്ക്ക് വിധേയരാക്കാന്‍ അവര്‍ക്ക് സാധിക്കണം. അതില്‍ പിഴവുപറ്റിയാല്‍ ഇപ്പോള്‍ നേട്ടത്തിന്റെ അവകാശികളായി മുന്നോട്ടുവന്നവരെയെല്ലാം ഒരുപോലെ കഴിവുകെട്ടവരും കുറ്റവാളികള്‍പോലുമായി സമൂഹംതന്നെ കുറ്റപ്പെടുത്തും.

കാരണം, ഇത് കേരളം ഇതുവരെ കാണാത്ത അസാധാരണവും അതിഹീനവുമായ ക്രിമിനല്‍ കൃത്യമാണ്. മലയാളികള്‍ സ്‌നേഹാദരപൂര്‍വ്വം ആരാധിച്ച് ആകാശത്തേക്കുയര്‍ത്തിയ താരപ്രതിഭകളില്‍ ഒരാളെയാണ് ഭൂമിയില്‍ നീതി നടപ്പാക്കാന്‍ ചുമതലപ്പെട്ട കാക്കികുപ്പായം അന്വേഷണത്തിന്റെ തോട്ടികൊണ്ട് താഴോട്ടുവലിച്ചിട്ടിരിക്കുന്നത്. അധോലോക ക്രിമിനല്‍ വ്യാപാരത്തിന്റെ ചളിക്കുണ്ടില്‍നിന്നുള്ള പ്രതികള്‍ക്കൊപ്പം ജയിലില്‍ ഇടമൊരുക്കി കൊടുത്തിരിക്കുന്നത്. അതില്‍ ദിലീപിനുപോലും പരിഭവിക്കാനും നിസ്സഹകരിക്കാനും അവകാശമില്ല. കാരണം, നടി ആക്രമിക്കപ്പെട്ടതിനെകുറിച്ച് ദിലീപുതന്നെ പറഞ്ഞത് ഇങ്ങനെയാണല്ലോ: ‘ മലയാള സിനിമയില്‍ ഒരിക്കലും സംഭവിക്കില്ല എന്ന് നമ്മളെല്ലാം കരുതിയതാണ് നടന്നത്…. ഞെട്ടിക്കുന്ന സംഭവം. പൊലീസ് സത്യസന്ധമായി മുന്നോട്ടുപോകുന്നു. ആക്രമിക്കപ്പെട്ടത് തന്റെകൂടെ ഏറ്റവും കൂടുതല്‍ സിനിമചെയ്ത നടി…’

വ്യക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് പൊലീസ് കോടതിയില്‍ പറയുന്നത്. ഇത് ബോധ്യപ്പെടുത്താന്‍ കേസ്ഡയറിതന്നെ മുദ്രവെച്ച് കോടതിയില്‍ സമര്‍പ്പിക്കാമെന്നും. എങ്കില്‍ അന്വേഷണം നേരായവഴിക്കാണെന്ന് തുടക്കത്തിലേ ബോധ്യപ്പെട്ട ദിലീപിനോ അദ്ദേഹത്തിനുവേണ്ടി ഇന്നലെവരെ പാറപോലെ ഉറച്ചുനിന്ന താരസംഘടനയ്‌ക്കോ അതിന്റെ ഭാരവാഹികളായ മഹാനടന്മാര്‍ക്കോ നിയമസഭാ സാമാജികര്‍കൂടിയായ മറ്റുള്ളവര്‍ക്കോ ഒട്ടും ഉത്ക്കണ്ഠപ്പെടേണ്ട കാര്യമില്ല.

ഇവര്‍ക്കെല്ലാം ഏറെ പ്രിയങ്കരനും വിശ്വസ്തനുമായ മുഖ്യമന്ത്രിതന്നെ ഇപ്പോള്‍ കേസ് സംബന്ധിച്ച നയം വ്യക്തമാക്കിയ സാഹചര്യത്തില്‍. കുറ്റംചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും എത്ര ഉന്നതനായാലും ഒരു കുറ്റവാളിക്കും സംരക്ഷണം ലഭിക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. നമ്മുടെ നീതി-നിയമ വ്യവസ്ഥകളും അതുതന്നെയാണല്ലോ ഉറപ്പുനല്‍കുന്നത്. പിന്നെ ആകുലതയ്ക്കും വ്യാകുലതയ്ക്കും എവിടെയാണിടം.

നേരിന്റെയും നിയമത്തിന്റെയും വഴിയില്‍ അന്വേഷണസംഘം വന്‍ബന്ധവസ്സില്‍ പ്രതിയെന്ന നിലയില്‍ താരരാജാവിനെ നാടുചുറ്റിക്കുന്നു. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും താന്‍ പഴയതുപോലെ തിരിച്ചുവരുമെന്നും പ്രതിയായി ആരോപിക്കപ്പെട്ട ദിലീപ് വിളിച്ചുപറയുന്നു. നിയമത്തിന്റെ കൈ തന്നിലേക്കു നീണ്ടപ്പോള്‍ പൊലീസിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടെന്നോ. എങ്കില്‍ അതിന്റെ കാരണം കോടതിയില്‍ ബോധ്യപ്പെടുത്തി തിരിച്ചുവരികയാണ് വേണ്ടത്. അതിനു സഹായിക്കാന്‍ കോടികളുടെ ആസ്തിയും ധന-സ്വാധീനശേഷിയും മിടുമിടുക്കരായ അഭിഭാഷകരുടെ സഹായവും സ്വയം ഉള്ള നിലയ്ക്ക്.

ആക്രമിക്കപ്പെട്ട് സമൂഹത്തിന്റെ മുമ്പില്‍ നേരിട്ടുവന്ന് സംസാരിക്കാനുള്ള മാനസികാവസ്ഥ സംഭവം നടന്ന് അഞ്ചുമാസമായിട്ടും കൈവന്നിട്ടില്ലാത്ത നടി മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയ കുറിപ്പും ദിലീപിന് ധൈര്യം പകരേണ്ടതാണ്. ‘ഒരു പേരുപോലും എവിടെയും സൂചിപ്പിച്ചിട്ടില്ല. ഒരാളെയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ല. കള്ളക്കേസില്‍ കുടുക്കിയതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ എല്ലാം എത്രയും പെട്ടെന്ന് തെളിയട്ടെ. ഒരു കുറ്റവാളിയും രക്ഷപെടരുത്. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്.’ നടിയുടെ ആ പ്രാര്‍ത്ഥന ദൈവവിശ്വാസിയായ ദിലീപിന് ഈ പ്രതിസന്ധി ഘട്ടത്തില്‍ കരുത്തുപകരേണ്ടതാണ്.

എന്നാല്‍ നടന്റെ സഹോദരന്റെ പ്രസ്താവന ഏറെ ആശങ്കപ്പെടുത്തുന്നു. എല്ലാവരുടെയും പണി കഴിയുമ്പോള്‍ തങ്ങള്‍ തുടങ്ങുമെന്നാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. ഒരു പണിയുടെ ദുരന്തംതന്നെ അമ്മ പെങ്ങന്മാരുള്ള ഈ നാടിന് താങ്ങാനും മറക്കാനും കഴിയാത്തതാണ്. പ്രതിസ്ഥാനത്തുനില്‍ക്കുന്ന ആളുടെ രക്ഷകന്‍ സ്ഥാനത്തുള്ള ആള്‍ സൂചിപ്പിക്കുന്നതെന്താണ്. പണംകൊണ്ട് വാങ്ങാന്‍ കഴിയാത്തതല്ല നീതിയും നിയമവും എന്നായിരിക്കുമോ.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടനെ പിടികൂടിയെങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ല. ഫെബ്രുവരി 17ന് രാത്രിയിലാണ് കൊച്ചി മഹാനഗരത്തില്‍ കാറില്‍ നടിക്കെതിരായ ആക്രമണം അരങ്ങേറിയത്. ഫെബ്രുവരി 23ന് പ്രധാനപ്രതി പള്‍സര്‍ സുനിയും മറ്റൊരു കൂട്ടുപ്രതിയും അറസ്റ്റിലായി. ഇതിനിടെ ദിലീപിനെതിരെ ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളിലും പയ്യെപയ്യെ ദൃശ്യ മുഖ്യധാരാ മാധ്യമങ്ങളിലും വരാന്‍ തുടങ്ങി. ഇത് താരസംഘടനയേയും അതിന്റെ ഭാരവാഹികളായ മഹാനടന്മാരെയും ക്ഷുഭിതരാക്കി. പ്രസിഡന്റ് ഇന്നസെന്റും ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും സംയുക്ത പ്രസ്താവനയുമായി രംഗത്തുവന്നു:

‘ഞങ്ങളുടെ സംഘടനയില്‍ അംഗമായ ഒരു നടനെതിരെ വ്യക്തിഹത്യയും മാധ്യമവിചാരണയും നടക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍കൂടി ഏറ്റെടുത്തിരിക്കുന്നു. യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിയിലാകുന്നതോടെ കെട്ടുകഥകളില്‍ അഭിരമിക്കുന്നവര്‍ നാടിനുമുമ്പില്‍ തലതാഴ്‌ത്തേണ്ടിവരും.’

ആ പ്രവചനം താരസംഘടനയ്ക്കുതന്നെ ഇപ്പോള്‍ ഏറ്റെടുക്കേണ്ടിവന്നിരിക്കുന്നു. അതിന്റെ ശക്തമായ സ്വാധീനത്തിലാകും പൊലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി അടുത്തദിവസം തലശ്ശേരിയില്‍ ഒരു ചലച്ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ച് പറഞ്ഞു: ‘ നടിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പേരില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ അനാവശ്യമായി കുറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടായിരിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ ഒരു ബന്ധവും ഇല്ലാത്തവരെ കുറ്റവാളിയായി ചിത്രീകരിക്കുകയാണ്. കലാലോകം ആദരിക്കുന്ന ചിലര്‍ക്ക് വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടിക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഏറെക്കുറെ എല്ലാവരും പിടിയിലായിക്കഴിഞ്ഞു. സങ്കല്‍പ്പിച്ച് കുറ്റവാളികളെ ഉണ്ടാക്കാന്‍ പാടില്ല. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ അതിനു പിറകെ പോകാന്‍ പൊലീസുണ്ടാവില്ല.’ പിറകെ പോയ പൊലീസിനെ മുഖ്യമന്ത്രിക്കിപ്പോള്‍ അഭിനന്ദിക്കേണ്ടിവന്നിരിക്കുന്നു.

സങ്കല്‍പ്പിക്കുകയായിരുന്നില്ല, ദിലീപിനുനേരെ പൊലീസ് നീങ്ങാത്ത സാഹചര്യത്തില്‍ മാധ്യമങ്ങള്‍ വിരള്‍ചൂണ്ടുകയായിരുന്നു. അതുകൊണ്ടുമാത്രമാണ് പൊലീസ് പിറകെപോയത്.

തെളിവുകളെയും കോടതിവിധിയെയുംതന്നെ കുറ്റവാളികള്‍ക്ക് എങ്ങനെ ചാടികടക്കാന്‍ കഴിയുമെന്നതിന്റെ ചരിത്രം കേരളത്തിനുമുമ്പിലുണ്ട്. തീവണ്ടിയില്‍ നിസ്സഹായയായ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് വലിച്ചെറിഞ്ഞുകൊന്ന അത്യപൂര്‍വ്വ ക്രൂരകൃത്യംചെയ്ത ഗോവിന്ദച്ചാമിയെ സുപ്രിംകോടതിയില്‍ചെന്ന് തൂക്കുകയറില്‍നിന്ന് രക്ഷപെടുത്താന്‍ ആളുകളുണ്ടായി.

ഒഞ്ചിയത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിക്ക് എതിരാളിയായി ഉയര്‍ന്നുവരുന്ന രാഷ്ട്രീയ നേതാവെന്ന നിലയിലാണ് ടി.പി ചന്ദ്രശേഖരനെ വാടകക്കൊലയാളികളെവിട്ട് കൊല്ലിച്ചതെന്നാണ് വിചാരണക്കോടതിവിധിയില്‍ പറഞ്ഞത്. ഇതിന്റെ അന്വേഷണത്തില്‍ കൊലചെയ്തവരെന്നു കണ്ടവര്‍ക്കുപിറകെ പൊലീസ് നീങ്ങി തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റുചെയ്തപ്പോള്‍ അതിനെതിരെ അന്ന് സി.പി.എം പാര്‍ട്ടി ധര്‍ണ്ണയും ഹര്‍ത്താലും മറ്റ് പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ജീവനെടുക്കുമെന്ന് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി. ഭയന്നുപോയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രിയും ഗൂഢാലോചനകേസ് പ്രത്യേകം അന്വേഷിക്കാന്‍ മാറ്റി. ഗൂഢാലോചനക്കാരായ പ്രതികള്‍ ഉന്നതരായതുകൊണ്ട് യു.ഡി.എഫ് ഭരണത്തിലും ഇപ്പോള്‍ എല്‍.ഡി.എഫ് ഭരണത്തിലും സംരക്ഷണം കിട്ടി.

നടിയെ ആക്രമിച്ച കേസില്‍ ഉന്നതനായ ഗൂഢാലോചനക്കാരനെ പിടികൂടിയതിന് മുഖ്യമന്ത്രി പിണറായിയെ വാഴ്ത്തുന്നുണ്ട്. നല്ലതുതന്നെ. പക്ഷെ, ടി.പി വധക്കേസിലെ ഗൂഢാലോചനക്കാരായ പ്രതികള്‍ക്കെതിരായ അന്വേഷണസംഘവും കേസും എവിടെ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കേണ്ട ഉത്തരവാദിത്വംകൂടി അവര്‍ക്കുണ്ട്. ഈ കേസില്‍ പ്രോസിക്യൂഷന്‍ കാര്യത്തില്‍ ഗവണ്മെന്റ് ജാഗ്രതകാണിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ടി.പി വധക്കേസില്‍ ആ ജാഗ്രത ഇല്ലാത്തത് എന്തുകൊണ്ടാണ് എന്ന് മുഖ്യമന്ത്രിയോട് ചോദിക്കേണ്ടിവരുന്നു.

എന്നാല്‍ മുഖ്യമന്ത്രി വിശദീകരിച്ചതുപോലെതന്നെയാണോ നടന്‍ ദിലീപിന്റെ അറസ്റ്റില്‍ ചെന്നുനില്‍ക്കുന്ന ഈ കേസിലും സംഭവിച്ചത് എന്ന് വസ്തുതാപരമായി പരിശോധിക്കണം. സമൂഹ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും സംഭവം നടന്ന ഉടനെ ദിലീപിനുനേരെ വിരല്‍ചൂണ്ടിയിട്ട് അന്വേഷണസംഘം മാസങ്ങള്‍ കാത്തിരുന്നത് എന്തുകൊണ്ടായിരുന്നു എന്ന് കണ്ടെത്താനിപ്പോള്‍ വിഷമമില്ല. സംഭവം നടന്നയുടനെ ‘അമ്മ’യുടെ അധ്യക്ഷനും എല്‍.ഡി.എഫിന്റെ പാര്‍ലമെന്റംഗവുമായ താരം പ്രതികരിച്ചതോര്‍ക്കുന്നു: ‘ഞാന്‍ ഡി.ജി.പിയെ വിളിച്ചന്വേഷിച്ചു. അന്വേഷണം ശരിയായ നിലയ്ക്കു നടക്കുന്നു. പ്രതികളെ ഉടന്‍ പിടികൂടും.’

ദിലീപ് വിവാദത്തിലായപ്പോള്‍ ‘അമ്മ’യുടെ അധ്യക്ഷന്‍ വീണ്ടും സാക്ഷ്യപ്പെടുത്തി:എടാ ദിലീപേ, നീ വല്ലതും ചെയ്‌തോ? ഇല്ല ചേട്ടാ, എന്ന ദിലീപിന്റെ പ്രതികരണം അദ്ദേഹം താരസംഘടനയെപോലും വിശ്വസിപ്പിച്ചു. മാസങ്ങളിലൂടെ അന്വേഷണം ഇഴഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ തെളിവ് പുറത്തുവിട്ടത് സാക്ഷാല്‍ ദിലീപുതന്നെയാണ്. സഹതടവുകാരോട് പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങള്‍ ആദ്യം പുറത്തുവന്നു. തനിക്കു പ്രതിഫലമായി വാഗ്ദാനംചെയ്ത ഒന്നരക്കോടിരൂപ ലഭ്യമാക്കാന്‍ ജയിലില്‍നിന്ന് രഹസ്യമായി പള്‍സര്‍ സുനി എത്തിച്ച കത്ത്. അത് ബ്ലാക്‌മെയില്‍ ചെയ്യുന്നു എന്ന പരാതിയായി പൊലീസിന്റെ കൈയില്‍ കൊണ്ടുകൊടുത്തത് ദിലീപിന്റെ ‘നിഷ്‌ക്കളങ്കത’യായിരുന്നു.

ഈ വിവരം ഏറ്റെടുത്ത മാധ്യമങ്ങളാണ് യഥാര്‍ത്ഥത്തില്‍ മാസങ്ങളായി അടഞ്ഞുകിടന്നിരുന്ന ഗൂഢാലോചനയുടെ മൂടി തുറന്നത്. അന്വേഷണസംഘത്തെ ദിലീപിനും കുടുംബത്തിനും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്കും എതിരെ നീങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്. അന്ന് മുഖ്യമന്ത്രിക്ക് അനഭിമതനായിരുന്ന പൊലീസ് മേധാവി ടി.പി സെന്‍കുമാറാണ് ഈ വിഷയത്തിന്റെ ഉള്ളറകളിലെ ചില രഹസ്യങ്ങള്‍ പുറത്തേക്ക് വലിച്ചിട്ടത്. ‘അമ്മ’യുടെ പുരുഷമേധാവിത്വത്തിനെതിരെയും സ്ത്രീ സുരക്ഷയ്ക്കും തുല്യാവകാശങ്ങള്‍ക്കും വേണ്ടിയും ശബ്ദിച്ച നടികളുടെ ‘വിമന്‍ കളക്ടീവ്’ എന്ന പുതിയ സംഘടനയുടെ ഇടപെടലും അന്വേഷണം ശക്തമാക്കി.

പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി മുഖ്യമന്ത്രി പ്രത്യേകം നിയോഗിച്ച (ഇപ്പോള്‍ ഹൈക്കോടതി ചോദ്യം ചെയ്യുന്ന) തച്ചങ്കരി അന്വേഷണ വിവരങ്ങള്‍ കൊച്ചിയിലെത്തി നാദിര്‍ഷായ്ക്ക് കൈമാറിയെന്ന് സെന്‍കുമാര്‍ വെളിപ്പെടുത്തി. ഗവണ്മെന്റ് അത് നിഷേധിച്ചിട്ടില്ല. എന്നിട്ടും ദിലീപിനെ അറസ്റ്റുചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതിന് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച അന്വേഷണസംഘത്തോട് സത്യവും നീതിയും കടപ്പെട്ടിരിക്കുന്നു.

പക്ഷെ, അതെവിടംവരെ? ഈ ചോദ്യമാണ് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഇനിയും ലക്ഷ്യത്തിലെത്തുമോ എന്ന ആശങ്കയ്ക്കാധാരം. ഏതാനും പ്രതികളെ പിടികൂടിയതുകൊണ്ട് അവര്‍ ശിക്ഷിക്കപ്പെടണമെന്നില്ല. ഗൂഢാലോചന തെളിയിക്കപ്പെടണമെന്നുമില്ല. പ്രതികള്‍ വന്‍ സ്രാവുകള്‍ക്കുമപ്പുറം താരരാജാക്കന്മാര്‍കൂടിയാകുമ്പോള്‍. ഇത് സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ഭരണാധികാരികളും പൊലീസും ചേര്‍ന്നുള്ള വന്‍ മാഫിയാകൂട്ടുകെട്ടാണ്. മുമ്പ് മുംബൈയിലുണ്ടായിരുന്ന മാഫിയാവാഴ്ച മലയാള സിനിമാലോകത്തേക്കും എത്തിയിരിക്കുന്നു. എല്‍.ഡി.എഫിനൊപ്പം കോണ്‍ഗ്രസ് ഐയുടെ എം.എല്‍.എയും ആരോപണ വിധേയനാകുന്ന സാഹചര്യം അതാണ് കാണിക്കുന്നത്.

അതുകൊണ്ട് മുഖംനോക്കാതെയുള്ള ജാഗ്രത കേരള സമൂഹത്തോട് ആവശ്യപ്പെടുന്നു ഈ കേസ്.

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s