The Changed Delhi, A Birds View / ദല്‍ഹിയുടെ മാറുന്ന കാഴ്ചകള്‍

ശേഷം വഴിയേ

ഇത്തവണ ഈ പംക്തിയിലൂടെ പങ്കുവെക്കുന്നത് ദല്‍ഹിയിലെ നേര്‍ക്കാഴ്ചകളാണ്. മാധ്യമങ്ങളിലൂടെ കേള്‍ക്കുന്നതും കാണുന്നതും ഏറെയും ദല്‍ഹിയെക്കുറിച്ചായതുകൊണ്ട് എന്തു പുതുമയാണെന്ന് ചിന്തിച്ചേക്കാം. വരട്ടെ, അങ്ങിനെ മുഷിപ്പനാകില്ലെന്ന് ഉറപ്പു പറയാം.

ഏറെക്കാലം പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ദല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ലേഖകന്‍ കേരളത്തിലേക്ക് ജീവിതം പറിച്ചു നട്ടിട്ട് മൂന്നു പതിറ്റാണ്ടുകളായി. രാജ്യതലസ്ഥാനത്ത് ഒടുവിലായി വന്നു മടങ്ങിയത് 18 വര്‍ഷങ്ങള്‍ക്കു മുമ്പ്. ഈ നീണ്ട ഇടവേളയില്‍ ദല്‍ഹിയാകെ മാറി മറിഞ്ഞു. ആ നേര്‍ക്കാഴ്ച പങ്കുവെക്കുന്നത് ചരിത്രപരമായ ഒരു താരതമ്യം കൂടിയാണ്. ഇവ ദൃശ്യമാധ്യമങ്ങളിലൂടെയും അച്ചടിമാധ്യമങ്ങളിലൂടെയും സാധാരണഗതിയില്‍ കിട്ടാത്തതുമാണ്.

ദല്‍ഹിയില്‍ നിന്ന് പറയുന്നതും രാജ്യനിവാസികളെയും പുറംരാജ്യങ്ങളെയും അറിയിക്കുന്നതും എപ്പോഴും ഒരു രാഷ്ട്രീയ ഇന്ത്യയുടെ ചലനങ്ങളും അതു നിര്‍മ്മിക്കുന്ന കരട് ചരിത്രവുമാണ്. അതിപ്പോഴും ഒരുവഴിക്കു നടക്കുന്നുണ്ട്. പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വിദേശമന്ത്രാലയം ശാസിക്കുന്നത് ജമ്മുകാശ്മീരിലെ സര്‍വ്വകക്ഷി സന്ദര്‍ശനം ഫലപ്രദമാകാത്തതിലുള്ള ഉത്കണ്ഠ, ലാവോസില്‍ ഏഷ്യന്‍ ഉന്നതതല സമ്മേളനത്തിനിടക്ക് മോദിയും ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച വേറിട്ടു നടക്കുമെന്ന വാഷിംഗ്ടണില്‍ നിന്നുള്ള അറിയിപ്പ് ദല്‍ഹിയില്‍ നിന്നും വാര്‍ത്തയാകുന്നത്, ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാര്‍ മുതല്‍ മന്ത്രിമാര്‍ വരെ അഴിമതി-ബലാല്‍സംഗ കേസുകളില്‍ തുടരെത്തുടരെ കുരുങ്ങുന്നത്, ഇരുപത്തൊന്ന് എംഎല്‍എമാര്‍ക്ക് ഇരട്ടപ്പദവി നല്‍കിയത് ദല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്, പ്രമുഖ ഇന്ത്യന്‍ ചരിത്രകാരന്‍ ബിപന്‍ചന്ദ്രയുടെ വര്‍ഗ്ഗീയത സംബന്ധിച്ച പുസ്തകം പുനഃപ്രസിദ്ധീകരിക്കേണ്ടെന്ന് ബിപന്‍ചന്ദ്രയുടെ തന്നെ മുഖ്യ സാരഥ്യത്തില്‍ വളര്‍ന്ന നാഷണല്‍ ബുക്ക് ട്രസ്റ്റ് തീരുമാനിച്ചത്…

ഇതില്‍ നിന്നും വ്യത്യസ്തമായി ജനജീവിതത്തിന്റെതായ ഒരു ദല്‍ഹി ഇവിടെ വേറിട്ട് തുടിക്കുന്നുണ്ട്. പുറംലോകം ഏറെ അറിയാത്ത, എന്നാല്‍ ശ്രദ്ധിക്കാത്ത ഒരു ദല്‍ഹി.

മുമ്പൊക്കെ ഉത്തരേന്ത്യയില്‍ നിന്ന് കൊടുംചൂടും വരള്‍ച്ചയും മടുത്ത് മടങ്ങുമ്പോള്‍ കേരളം എതിരേറ്റിരുന്നത് അവാച്യമായ പച്ചപ്പും കുളിര്‍മയുമായാണ്. ഇപ്പോള്‍ കരിഞ്ഞു വരണ്ടു കിടക്കുന്ന കേരളത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ദല്‍ഹിയില്‍ വന്നെത്തിയപ്പോള്‍ അദ്ഭുതം തോന്നുന്നു. ഹരിതാഭമാണ് ന്യൂദല്‍ഹി. മരങ്ങളുടെ പച്ചപ്പില്‍ മേല്‍പ്പുര തീര്‍ത്തിരിക്കുന്നു എല്ലാ വീഥികളും. പാര്‍ലമെന്റ് സമുച്ചയം, തീന്‍മൂര്‍ത്തി ഭവന്‍, വിത്തല്‍ഭായ് പട്ടേല്‍ ഹൗസ്, ആകാശവാണി, റിസര്‍വ്വ് ബാങ്ക് തുടങ്ങി ചരിത്രവുമായി ജീവിക്കുന്ന പ്രധാന കെട്ടിടങ്ങളെല്ലാം പച്ചിലക്കൊമ്പുകള്‍ വീശുന്ന മരക്കാടുകള്‍ക്കുള്ളിലാണ്.

ചരിത്രത്തുടര്‍ച്ചയുടെ അടയാളമായി നിലകൊണ്ടിരുന്ന ചില കെട്ടിടങ്ങളുടെ അടയാളങ്ങള്‍ മാറിയിരിക്കുന്നു. വിന്‍ഡ്‌സര്‍ പ്ലേസില്‍ 1952 മുതല്‍ നിലനിന്നിരുന്നതാണ് ഒരു ചുകന്ന ബോര്‍ഡ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്ററി ഓഫീസിന്റെ. ലോക്‌സഭാ നേതാവായി എകെജിയും രാജ്യസഭാ കക്ഷി നേതാവായി പി സുന്ദരയ്യയും പ്രതിപക്ഷ നിരയെ പാര്‍ലമെന്റില്‍ നയിക്കുന്നതിന്റെ ആസ്ഥാന ഓഫീസ് അതായിരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടി രണ്ടായപ്പോള്‍ സിപിഐയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസായി വിന്‍ഡ്‌സര്‍ പ്ലേസ് എന്ന പഴയ ‘റെഡ് കോര്‍ണറിന്റെ’ കണ്ണായി അതു തുടര്‍ന്നു.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐക്ക് തൃശ്ശൂരിലെ ഒരു സീറ്റുമായി ലോക്‌സഭയിലൊതുങ്ങിയപ്പോള്‍ അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറു പതിറ്റാണ്ടു കാലത്തെ ആ പാര്‍ലമെന്ററി ആസ്ഥാനം അദൃശ്യമായി. അവിടെ ഒരു ബിജെപി എംപിയുടെ കുടിയേറ്റം നടന്നിരിക്കുന്നു. അതുപോലെ പാര്‍ലമെന്റു തൊട്ട് സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കകത്തെ ആളുകളും രാഷ്ട്രീയവും കൂടി മാറിയിരിക്കുന്നു. ഈ മാറ്റങ്ങള്‍ക്കിടയില്‍ പഴയ അശോകാ റോഡിന്റെയും ജന്‍പഥിന്റെയും ഒക്കെ ഇടയിലൂടെ സഫ്ദര്‍ ഹശ്മി റോഡ് കടന്നു പോകുന്നു. തൊണ്ണൂറുകളോടെ പാര്‍ലമെന്റിനകത്തും തലസ്ഥാനത്തും ഒരുപോലെ സ്വാധീനം നേടിയ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തെളിവായി, ആ സ്വാധീനമിപ്പോള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും.

കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ നിന്ന് വരുന്ന ഒരാളെ അദ്ഭുതപ്പെടുത്തുന്ന ഇവിടുത്തെ വീഥികള്‍ ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ പകല്‍ തെളിയുമ്പോളേക്കും വൃത്തിയാക്കിക്കഴിഞ്ഞിരിക്കും. അതിലൂടെ ചിട്ടയായ വാഹന ഗതാഗതം. നിരവധി ഫ്‌ലൈ ഓവറുകള്‍ കൊണ്ട് മേലാകാശം തീര്‍ത്ത് ഗതാഗതത്തെ മെരുക്കാന്‍ പാടുപെടുന്നു ഈ നഗരം. ശുചിത്വം പരമാവധി സൂക്ഷിക്കാന്‍ ബദ്ധപ്പെടുന്ന നാഗരിക ജീവിതം.

കാല്‍നടയായോ വാഹനത്തിലോ റോഡിലിറങ്ങിയാല്‍ തിരിച്ചെത്തുമെന്നുറപ്പില്ലാത്ത നഗരങ്ങള്‍ ഏറെയുള്ള നമ്മുടെ രാജ്യത്ത് ദല്‍ഹിയിലെ റോഡുകള്‍ വ്യത്യസ്തത പുലര്‍ത്തുന്നു. സിഎന്‍ജി ഇന്ധനമായി നിറച്ചോടിക്കുന്ന പച്ചയും മഞ്ഞയും നിറത്തിലുള്ള ഓട്ടോറിക്ഷകള്‍ ആഢംബര കാറുകള്‍ക്കും വിവിഐപി വാഹനവ്യൂഹങ്ങള്‍ക്കുമിടയില്‍ ഇണങ്ങിയെന്നോണം പോകുന്നു. ആ വേഗത്തിനുമിടയില്‍ സൈക്കിളില്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളും സാധാരണക്കാരും ഇടകലരുന്നു.

ആദ്യ പാര്‍ലമെന്റിലേക്ക് വിന്‍ഡ്‌സര്‍ പ്ലേസിലെ സിപിഐ ഒാഫീസില്‍ നിന്ന് സൈക്കിളില്‍ പോകുന്ന ജനപ്രതിനിധി അന്നത്തെ വാര്‍ത്തയായിരുന്നു. പി സുന്ദരയ്യ. ദില്ലിയിലെ ഊടുവഴികള്‍ പോലും ആ സൈക്കിള്‍ യാത്രികന് മനഃപ്പാഠമായിരുന്നു. പിന്നീട് മറ്റൊരു പ്രതിഭാശാലി തിരക്കേറിയ വീഥികളിലൂടെ സൈക്കിള്‍ ചവിട്ടി ദില്ലി സര്‍വ്വകലാശാലയില്‍ എത്തുമായിരുന്നു. ദാരിദ്ര്യത്തെയും വിശപ്പിനെയും കുറിച്ച് അമര്‍ത്യാസെന്നിനൊപ്പം പുസ്തകം രചിച്ച ജോണ്‍ ദ്രോസ് (Jean Dreze), വിഖ്യാതനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍. പി സുന്ദരയ്യയും ജോണ്‍ ദ്രോസും ഇന്ത്യയിലെ പട്ടിണിയെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും വ്യത്യസ്തമായ നയനിലപാടുകള്‍ അവതരിപ്പിച്ചവരാണ്.

ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക അവസ്ഥകളുടെ പരിച്ഛേദമാണ് ദല്‍ഹി. ആ പരിച്ഛേദം ഈ വീഥികളിലൂടെ ചലിക്കുന്നത് സൂക്ഷിച്ചാല്‍ അത് മൂന്നു തട്ടുകളില്‍ വേറിട്ട് നില്‍ക്കുന്നതായി ബോധ്യപ്പെടും. ഭരണവര്‍ഗ്ഗവും ബ്യൂറോക്രസിയും മറ്റുമടങ്ങുന്ന മേല്‍ത്തട്ട്. മുകള്‍ത്തട്ടിലേക്ക് കണ്ണുവച്ച് ഏറെ ഒച്ചവക്കുന്ന ഇടത്തരക്കാരുടെ വലിയ വിഭാഗം. ശബ്ദമില്ലാത്ത താഴേത്തട്ടിലെ ദരിദ്രരും പണിയാളരുമായ നിരാശരുടെ താഴേത്തട്ട്.

അസാധാരണ സാന്നിദ്ധ്യങ്ങളുടെ ഇടക്കുള്ള ഒരിടത്താണ് സഹധര്‍മ്മിണിക്കൊപ്പം മൂന്നാഴ്ചക്ക് ഇവിടെ വന്ന് ഈ ലേഖകന്‍ തങ്ങുന്നത്. രാവിലെ ഞങ്ങള്‍ നടക്കാന്‍ പോകുന്നത് താന്‍സന്‍ മാര്‍ഗ്ഗ് ചെന്നു ചേരുന്ന ബംഗാളി മാര്‍ക്കറ്റിന്റെ ഓരത്തുകൂടി ഇടത്തോട്ട് ബാബര്‍ റോഡിലൂടെയാണ്. ആദ്യ ദിവസം തന്നെ ഞങ്ങളെ ഞെട്ടിച്ചത് സൗമ്യരായി കിടക്കുകയും നടക്കുകയും ചെയ്യുന്ന കുറെ തെരുവു നായ്ക്കളാണ്. അവരില്‍ ചിലര്‍ ഒരു പോലീസ് പോസ്റ്റില്‍ രാത്രിഡ്യൂട്ടി അവസാനിപ്പിച്ച് പോകാനിരിക്കുന്ന പോലീസുകാര്‍ക്ക് കൂട്ടിരിക്കുന്നു.

തെരുവുനായ്ക്കളെ വകഞ്ഞു ബാബര്‍ റോഡിലൂടെ മുന്നോട്ടു നടക്കുമ്പോള്‍  ഇന്ത്യയുടെ പുത്തന്‍ വികസനത്തിന്റെ രണ്ടു മുഖങ്ങള്‍ അടുത്തടുത്തായി കണ്ടു. ഇടറോഡായ മാര്‍ക്കറ്റ് റോഡില്‍ കടത്തിണ്ണകള്‍ എസ്‌കെ പൊറ്റെക്കാടിന്റെ തെരുവിന്റെ കഥയെ അനുസ്മരിപ്പിക്കുന്നു. ദരിദ്ര ഇന്ത്യ ഇവിടെ ഉറങ്ങുന്നു ഉണരുന്നു. രണ്ടു മരങ്ങളുടെ അടുത്ത് പൈപ്പുകളില്‍ ചുറ്റും നിലത്ത് അവര്‍ കൂട്ടം കൂടിയിരുന്ന് കുളിക്കുന്നു. വീടുകളില്‍ ഭക്ഷണമെത്തിക്കുന്ന ഹോട്ടല്‍ മുതല്‍ ബാര്‍ബര്‍ ഷോപ്പും തയ്യല്‍ക്കടയും പോലെയുള്ള സമീപ സ്ഥാപനങ്ങളില്‍ തൊഴിലെടുത്ത് നാട്ടിലെ കുടുംബം പുലര്‍ത്തുന്നവരാണിവര്‍.

ഇവിടെ നിന്ന് രണ്ട് ഇടറോഡുകള്‍ കടന്നാല്‍ മേല്‍ത്തട്ടുകാരുടെ രണ്ടു സ്ഥാപനങ്ങളാണ്. ഹോട്ടല്‍ ലളിതും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന വേള്‍ഡ് ട്രേഡ് സെന്ററും. ഒരു ചെറിയ വിമാനം വാഷിംഗ്ടണില്‍ ഇടിച്ചു തകര്‍ത്ത ലോകത്തെ ഞെട്ടിച്ച ലോക വ്യാപാര കേന്ദ്രത്തിന് നമ്മുടെ തലസ്ഥാനത്തും ഒരു ഇളമുറക്കാരന്‍. കെട്ടിടത്തിന്റെ രണ്ടു ഗേറ്റുകളിലും സെക്യൂരിറ്റിക്കാരുണ്ട്, വെറുംകയ്യോടെ പരസ്പരം കുശലം പറഞ്ഞാണവരുടെ നില്‍പ്പ്. ബാബര്‍ റോഡ് അവസാനിക്കുന്നിടത്ത് ഇടത്തു മാറി പ്രസിദ്ധമായ ദല്‍ഹി മെട്രോയുടെ ആസ്ഥാനമായ മെട്രോ ഭവന്‍.

ഇന്നു കാലത്തെ അനുഭവം ഞങ്ങളെ തീര്‍ത്തും ഞെട്ടിച്ചു. ബംഗാളി മധുര പലഹാര വില്‍പ്പനശാലകള്‍ക്കു മുമ്പില്‍ തെരുവു പട്ടികള്‍ക്കിടയില്‍ പ്രൗഢയായ ഒരു മധ്യവയസ്‌ക. കാറില്‍ ഒപ്പം കൊണ്ടുവന്ന പാല്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ അവര്‍ നായ്ക്കള്‍ക്ക് വിതരണം ചെയ്യുകയാണ്. കടയുടെ വരാന്തയില്‍ അവശനായി തലയിലും ശരീരത്തിലും ചെളിയും വെള്ളവും പുരണ്ട് ഒരു നായ കിടക്കുന്നു, ടിഷ്യൂ പേപ്പറെടുത്ത് അവരാ നായയെ വളരെ ശ്രദ്ധാപൂര്‍വ്വം തൂത്തു വൃത്തിയാക്കുന്നു. സഹധര്‍മ്മിണി കൗതുകത്തോടെ അവരുമായി പരിചയപ്പെടുന്നു. പേരുപറഞ്ഞില്ലെങ്കിലും ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ, ദല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായ, ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയാണെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തുന്നു. വളരെ സ്‌നേഹ സൗഹാര്‍ദ്ദപരമായി തുടര്‍ന്ന ആ സംഭാഷണം പെട്ടന്ന് ആന്റിക്ലൈമാക്‌സിലേക്ക്. നിങ്ങള്‍ എവിടെ നിന്നാണ് എന്ന ആ മൃഗസ്‌നേഹിയായ അധ്യാപികയുടെ ചോദ്യത്തിനുള്ള മറുപടിയാണ് കുഴപ്പമായത്. ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് ഭാര്യ മറുപടി പറഞ്ഞുതീരും മുന്‍പേ ആ സ്ത്രീ പൊട്ടിത്തെറിച്ചു ‘നിങ്ങള്‍ കേരളക്കാര്‍ നായ്ക്കളെ കൊല്ലുന്നവരല്ലേ, ഓ നിങ്ങളെന്തൊരു ക്രൂരന്‍മാരാണ്!’. നിര്‍ത്താതെ അവര്‍ മനസില്‍ കെട്ടിവച്ചിരുന്ന വെറുപ്പും ക്ഷോഭവുമൊക്കെ ഞങ്ങളുടെ മേല്‍ ചൊരിഞ്ഞു.

കേരളത്തിലുള്ളവരും മൃഗസ്‌നേഹികളാണെന്ന് സഹധര്‍മ്മിണി പറയാന്‍ ശ്രമിച്ചെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറില്ലായിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തൊരു സ്ത്രീയെ തെരുവുനായ്ക്കള്‍ കടിച്ചു കീറിക്കൊന്ന കാര്യം ഓര്‍മിപ്പിച്ചപ്പോള്‍ ‘അവര്‍ എന്തെങ്കിലും ചെയ്തു കാണും, നായ്ക്കള്‍ അല്ലാതെ വെറുതെ ആക്രമിക്കില്ല’ എന്നായിരുന്നു മറുപടി. ഇതിനകം തൊണ്ണൂറിനോടടുത്ത ഒരു വല്യമ്മ ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. അവരെ ചൂണ്ടിക്കാട്ടി ആ മൃഗസ്‌നേഹി പറഞ്ഞു ‘അവരോടു ചോദിക്കൂ ഈ നായ്ക്കള്‍ ഉപദ്രവിക്കുമോ എന്ന്. അവരെന്നും ഇവിടെ വരുന്നതാണ്. ഇവക്കെല്ലാം അവരെ വല്യ കാര്യമാണ്’. അവരുടെ മുന്നില്‍ വാക്കുകള്‍ മറന്നു നിന്നുപോയ സഹധര്‍മ്മിണിയെ സഹായിക്കാന്‍ ശ്രമിച്ചുനോക്കി. നിങ്ങള്‍ പത്രവാര്‍ത്തകള്‍ മാത്രം വായിച്ചു പ്രതികരിക്കരുതാണെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവന മനസ്സില്‍ വച്ച് അവരോടു പറഞ്ഞു. ‘ഒരിക്കലുമല്ല, എനിക്കറിയാം കേരളക്കാര്‍ നായ്ക്കളെ ക്രൂരമായി കൊന്നു കൂട്ടുന്നുവെന്ന്. അവയുടെ പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങള്‍ക്കെന്തുകൊണ്ട് എന്തെങ്കിലും ചെയ്തുകൂടാ?’ അവര്‍ ചോദിച്ചു. ആ സര്‍വ്വകലാശാലാ പ്രൊഫസറെ യുക്തികൊണ്ട് ബോധ്യപ്പെടുത്താന്‍ ഞാനൊരു മറുചോദ്യം ചോദിച്ചു, ‘ഇവിടെ ഡെല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ രാത്രി കൂട്ടബലാത്സംഗം ചെയ്ത വിഷയത്തില്‍ പ്രതിഷേധിച്ചവരാണ് ഞങ്ങള്‍ മലയാളികളും. എന്നുവെച്ച് ഡെല്‍ഹിക്കാര്‍ കൂട്ടബലാത്സംഗക്കാരാണെന്ന് ഞങ്ങള്‍ ഒരിക്കലും പറയുന്നില്ല’. അവര്‍ രോഷവും വെറുപ്പും വെച്ചുകൊണ്ടുതന്നെ പറഞ്ഞു, ‘നോക്കൂ, കേരളത്തെ ഞങ്ങള്‍ പലകാര്യങ്ങളിലും ആദരിക്കുന്നവരാണ്. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ തെരുവുനായ്ക്കളെ കൊല്ലുന്നതില്‍ ഖ്യാതി നേടിയവരാണ്. അതു ഞങ്ങള്‍ക്ക് സഹിക്കാനോ അംഗീകരിക്കാനോ കഴിയില്ല’.

പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലെന്നു ഞങ്ങള്‍ക്കു ബോധ്യമായി. ദൈവത്തിന്റെ നാട് എന്ന പേര് ഇതാ നമുക്കു നഷ്ടമായിരിക്കുന്നു. നായ്ക്കളെ ക്രൂരമായി കൊല്ലുന്നവരുടെ നാടാണ് കേരളം എന്നു വന്നിരിക്കുന്നു.

2 responses to “The Changed Delhi, A Birds View / ദല്‍ഹിയുടെ മാറുന്ന കാഴ്ചകള്‍

  1. പരിസ്ഥിതി മൌലികവാദം പോലെ ഉള്ള മൃഗ സ്നേഹ മൌലികവാദം ആണിത്‌ .മനുഷ്യനെ ജീവിക്കാനോ,അവന്റെ പുരോഗതിക്കോ സമ്മതിക്കില്ല ഇവര്‍.

  2. Thanks for sharing your personal experience in Delhi involving a professor of DU. Her outburst suggests that there should be a way to deal with stray dogs without being cruel to them. Despite incidents of dog bites it remains a fact that dogs are best friends of man and some of them provide sole affection received by many human beings. Some people depend on dogs for the experience of selfless love, without expecting anything in return.May be we need to study this issue for a more considerate solution.It is not without reason that civilised world look at us as if we were Koreans or Chinese, relishing dogmeat.

Leave a comment