KAZHCHA കാഴ്ച

എം.ബി സന്തോഷ്

‘പൂരത്തിന്റെ ആരവമൊടുങ്ങുകയാണ്.  ആള്‍ക്കൂട്ടം ഒഴിഞ്ഞു.  വാണിഭക്കാരും വിടപറയുകയാണ്.  അവിടെ, ആല്‍ച്ചുവട്ടില്‍ ഒരു പിഞ്ചുബാലന്‍ കൂട്ടംതെറ്റിയതിന്റെ വിഹ്വലതയോടെ പുലരി തെളിയുന്നതിന് തൊട്ടുമുമ്പുള്ള അരണ്ട വെളിച്ചത്തില്‍ പകച്ചുനില്‍ക്കുന്നു…. ആ അവസ്ഥയിലാണ് ഞാനിപ്പോള്‍’

പെരുമ്പടവം ശ്രീധരന്‍ ഉള്ളിലെ വ്യഥ പുറത്തുകാണിക്കാതെ സൗമ്യനായാണ് സംസാരിക്കുന്നത്.  കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഒരര്‍ത്ഥത്തില്‍ ആശ്വാസമാണ് തോന്നിയത്.  രോഗശയ്യയിലുള്ള ഭാര്യ ലൈലയെ ശുശ്രൂഷിക്കാന്‍ കുറേക്കൂടി സമയം കിട്ടുമല്ലോ.  പക്ഷേ, അതിനു കാക്കാതെ ആഗസ്റ്റ് 15-ന് രാത്രി ആ ശരീരം പെരുമ്പടവത്തിന്റെ കൂടുവിട്ടുപോയി.

‘ലൈലയെ പ്രമേഹം ആക്രമിച്ചിട്ട് എട്ടുപത്തു കൊല്ലമായി.  കഴിഞ്ഞ അഞ്ചാറു കൊല്ലമായി ഓരോരോ ബുദ്ധിമുട്ടുകള്‍.  അതില്‍ കഴിഞ്ഞ ഒരുവര്‍ഷമായി അവള്‍ കിടക്കയില്‍ തന്നെയായിരുന്നു.  എന്നെക്കൊണ്ടാവുംവിധം ശുശ്രൂഷിച്ചു.  പ്രമേഹത്തിന് ഇവിടെ അടുത്തുള്ള ഒരു ഡോക്ടറുടെ മരുന്ന് കഴിക്കുകയായിരുന്നു.  പിന്നീട് മുട്ടില്‍നിന്ന് നീരൊലിക്കാന്‍ തുടങ്ങി.  അതേതുടര്‍ന്ന് സമീപത്തെ വലിയൊരാശുപത്രിയിലേക്കു മാറ്റേണ്ടിവന്നു.  രണ്ടു ദിവസത്തേക്കെന്നു കരുതി പ്രവേശിപ്പിച്ച അവിടെ രണ്ടുമാസം കിടക്കേണ്ടിവന്നു.  ഹൃദ്രോഗമായിരുന്നു വില്ലനായെത്തിയത്.’

‘ഇപ്പോള്‍ ഉള്ളു പൊള്ളയായ അനുഭവമാണ്.’ – അമ്പത്തെട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തില്‍നിന്ന് ഒരാള്‍ ഒറ്റപ്പെടുമ്പോഴുള്ള വ്യഥയ്ക്ക് ഇതിനുമപ്പുറമുള്ള വിശദീകരണം എന്താണ്?’

‘ഈ വീടിപ്പോള്‍ വീടായി തോന്നുന്നേയില്ല.  ഒരുമിച്ച് യാത്ര പുറപ്പെട്ടവരില്‍ ഒരാള്‍ ഇടയ്ക്കുവച്ച് യാത്ര അവസാനിപ്പിച്ചിരിക്കുന്നു.  അത് അനിവാര്യതയാണെന്ന് എനിക്കറിയാം.  എങ്കിലും എനിക്കത് താങ്ങാന്‍ പറ്റുന്നില്ല.  അവള്‍ കിടന്ന കട്ടിലും മുറിയുമൊക്കെ കാണുമ്പോള്‍…’ വാക്കുകള്‍ മുറിയുകയാണ്…

ഏതാനും മാസംമുമ്പ് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ അന്തരിച്ചു.  ആക്കുളത്തെ അടൂരിന്റെ വസതിയില്‍ അന്ന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയവരില്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷനായ പെരുമ്പടവവുമുണ്ടായിരുന്നു.  അന്ന് ഇരുവരും കണ്ടെതേയുള്ളു.  ഒന്നും പരസ്പരം സംസാരിക്കാനായില്ല.  മൂന്നാലുദിവസം കഴിഞ്ഞ് വീണ്ടും പെരുമ്പടവം ആക്കുളത്തെ പഴയ ‘ചിത്രലേഖാ’ സ്റ്റുഡിയോയ്‌ക്കെതിരെയുള്ള അടൂരിന്റെ വസതിയിലെത്തി. അപ്പോഴും അവിടെ മൗനം ഘനീഭവിച്ചു നില്‍ക്കുകയായിരുന്നു.  പിന്നെ, പെരുമ്പടവം സ്‌നേഹിതനോട് സംസാരിക്കാന്‍ തുടങ്ങി. ജീവിതത്തിന്റെ അനിവാര്യതയായ മരണത്തെക്കുറിച്ചുള്ള തത്വങ്ങളായിരുന്നു അവ.  അത് അടൂരിന് അറിയാത്തതൊന്നുമല്ലെന്ന് പെരുമ്പടവത്തിനും അറിയാമായിരുന്നു.  ആ വലിയ വീട്ടിലെ അപ്പോഴത്തെ ആള്‍ക്കൂട്ടത്തിന്റെ നടുവിലെ അടൂരിന്റെ ഏകാന്തതയാണ് അന്ന് പെരുമ്പടവത്തിനെക്കൊണ്ട് അതൊക്കെ പറയിച്ചത്.

sridharan

ലൈലയുടെ വിയോഗവാര്‍ത്തയറിഞ്ഞ് അടൂരും തിരുവനന്തപുരം തമലത്തെ ‘സങ്കീര്‍ത്തനത്തി’ലെത്തി.  അപ്പോഴും അവര്‍ക്കിടയില്‍ മൗനം കട്ടപിടിച്ച്… ഒടുവില്‍, പണിപ്പെട്ട് കിട്ടിയ വാക്കുകളെടുത്ത് അടൂര്‍ പറഞ്ഞു: ‘അന്ന് വീട്ടില്‍ വന്നു പറഞ്ഞ വാക്കുകളൊക്കെ ഓര്‍മ്മയുണ്ടല്ലോ.’

ഒരാള്‍ ഇതിനിടയില്‍ പെരുമ്പടവത്തിന്റെ കരം കവര്‍ന്നു. ‘ഇനി എഴുതാമല്ലോ…’

പ്രിയപ്പെട്ട പെരുമ്പടവത്തിന് വീട്ടുകാര്യങ്ങള്‍ മൂലം എഴുതാന്‍ കഴിയാത്ത അവസ്ഥ ഓര്‍ത്ത് ആ സ്‌നേഹിതന്‍ പറഞ്ഞുപോയതാണ്.  അപ്പോള്‍, ലൈല എനിക്കൊരു ശല്യമായിരുന്നെന്നാണോ? എഴുത്തുകാരന്റെ ഉള്ളം തേങ്ങി.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പെരുമ്പടവം ശ്രീധരന്‍ – ലൈല പ്രണയജോഡികള്‍ ഒളിച്ചോടിയത് മദ്രാസ് എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ചെന്നൈയിലേക്കാണ്.  അവിടെ ‘ചലച്ചിത്രം’ എന്ന ആനുകാലികത്തിന്റെ പത്രാധിപരായിട്ടായിരുന്നു പ്രവര്‍ത്തനം. വര്‍ക്കി കൈമാപ്പറമ്പന്‍ ആയിരുന്നു മുതലാളി.  വലിയ ചിട്ടിക്കമ്പനി ഉടമയൊക്കെ ആയിരുന്നെങ്കിലും ശമ്പളം തരുന്ന കാര്യത്തില്‍ അദ്ദേഹത്തിനൊരു നിര്‍ബന്ധവുമില്ലായിരുന്നു! പട്ടിണിയും ദുരിതവും ‘ആഘോഷ’മായി കൊണ്ടാടിയ നാളുകള്‍…  മൂവാറ്റുപുഴയിലും അതേ അവസ്ഥ.  തിരുവനന്തപുരത്ത് ‘കര്‍മ്മഭൂമി’ സായാഹ്നപത്രത്തിന്റെയും മാസികയുടെയും പത്രാധിപര്‍.  ഇവിടെയും ജോലിക്കപ്പുറം മാസവരുമാനമൊന്നുമില്ല.  അത് ചെന്നൈയിലേതുപോലെ ആയിരുന്നില്ല.  ഇവിടെ മുതലാളിയുടെ കൈയില്‍ പണമില്ലായിരുന്നു.

മുമ്പ് എപ്പോഴോ എഴുതിയ ഒരു കൈയെഴുത്തു പ്രതി കൈയിലുണ്ടായിരുന്നു… ‘അഭയം’.  അത് ‘കേരളശബ്ദ’ത്തിന്റെ നോവല്‍ മത്സരത്തിന് അയച്ചുകൊടുത്തത് മറന്നുപോയിരുന്നു.  അങ്ങനെ, പെരുമ്പടവം – ലൈല ദമ്പതികള്‍ തിരുവനന്തപുരത്തെ തമലത്തെ വാടകവീട്ടില്‍ കഴിയുമ്പോഴാണ് അന്ന് കുങ്കുമത്തിന്റെ ചുമതലക്കാരനായിരുന്ന കെ.എസ് ചന്ദ്രന്റെ കത്തുവന്നത്.  ‘അഭയ’ത്തിന് ഒന്നാംസമ്മാനം.  ആയിരം രൂപ! അന്നത്തെ ആയിരം രൂപയ്ക്ക് ഇന്നു കോടിയുടെ മൂല്യമുണ്ടെന്ന് എഴുത്തുകാരന്‍ വിലയിരുത്തുന്നു.  അതിനുശേഷം ജീവിതത്തിന് ‘അഭയ’മുണ്ടായി.  ജീവിതത്തോടുള്ള ആസക്തിയിരിക്കെ അനിവാര്യമായ വിധിക്കു കീഴടങ്ങി മരണത്തില്‍ അഭയം കണ്ടെത്തേണ്ടി വരുന്ന നിസ്സഹായമായ മനുഷ്യാത്മാവിന് ഒരു വിലാപഗീതം എന്ന നിലയില്‍ ആ കൃതി വ്യാപകമായി സ്വീകരിക്കപ്പെട്ടു.  രാമുകാര്യാട്ടും ശോഭനാ പരമേശ്വരന്‍ നായരും ചേര്‍ന്ന് അത് ചലച്ചിത്രമാക്കി.  സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അതു പുസ്തകമാക്കി.  പിന്നീടു വന്ന ‘അഷ്ടപദി’ക്കും നല്ല സ്വീകരണവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.  പിന്നീട്, അന്തിവെയിലിലെ പൊന്ന്, ആയില്യം, സൂര്യദാഹം, ഒറ്റച്ചിലമ്പ്, ആരണ്യഗീതം, എന്റെ ഹൃദയത്തിന്റെ ഉടമ, പ്രദക്ഷിണ വഴി, ഇലത്തുമ്പുകളിലെ മഴ, നിന്റെ കൂടാരത്തിനരികെ, ദൈവത്തിന്റെ കാട്ടിലെ ഒരില.. ആഘട്ടം കഴിഞ്ഞ് 1993 സെപ്റ്റംബറില്‍ ആദ്യപതിപ്പിറങ്ങിയ ‘ഒരു സങ്കീര്‍ത്തനം പോലെ’ പെരുമ്പടവത്തിനെ മറ്റൊരു ഗിരിശൃംഖത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.  വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒരു ഡസനോളം അവാര്‍ഡുകള്‍ ആ കൃതിക്ക് ലഭിച്ചു.  ഇപ്പോഴും മലയാളത്തിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നായി അത് തുടരുന്നു.  തുടര്‍ന്ന് ശ്രീനാരായണഗുരുവിന്റെ ജീവിതത്തിന് നോവലിന്റെ ഭാവശില്പം സമ്മാനിച്ച ‘നാരായണ’ത്തിന്റെ പിറവി… കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും രാപകലുകള്‍ക്കിപ്പുറം അംഗീകാരത്തിന്റെയും ആഹ്ലാദത്തിന്റെയും സൂര്യവെളിച്ചം പരന്നപ്പോഴും കരുത്തും കൂട്ടുമായി ലൈല ഒപ്പമുണ്ടായിരുന്നു.

തിരസ്‌കൃതനായി ഓടിപ്പോകേണ്ടിവന്ന പെരുമ്പടവത്ത് എഴുത്തുകാരന് നാഴി മണ്ണു വേണമെന്ന വാശി ലൈലയ്ക്കായിരുന്നു.  അതിനായി ഉറുമ്പ് അരിമണി കൂട്ടിവയ്ക്കുന്നതുപോലെ എഴുത്തിലൂടെ വന്ന വരുമാനം നിത്യവൃത്തിയിലൂടെ പൂര്‍ണമായും ചോര്‍ന്നുപോകാതെ വീട്ടുകാരി സൂക്ഷിച്ചുവച്ചു.  അവിടെ വെട്ടുകല്ലില്‍ ചെറിയൊരു വീട് പണിതത് ലൈലതന്നെയായിരുന്നു.  ആ വീട്ടില്‍ തകഴി ശിവശങ്കരപ്പിള്ളയും പൊന്‍കുന്നം വര്‍ക്കിയും രാപാര്‍ക്കാനെത്തിയപ്പോള്‍ പെരുമ്പടവത്തിന് വേവലാതിയായിരുന്നു.  ലൈലയ്ക്ക് അഭിമാനവും.  ആ വേവലാതി എഴുത്തുകാരനെക്കൊണ്ട് ഇരുവര്‍ക്കും സമീപത്തുള്ള വലിയ വീട്ടില്‍ അന്തിയുറക്കത്തിന് അവസരം ചോദിക്കാന്‍ പ്രേരിപ്പിച്ചു.  വീട്ടുകാര്‍ സന്തോഷത്തോടെ സമ്മതിച്ചു.  എന്നാല്‍ ‘ഞങ്ങള്‍ പെരുമ്പടത്തിനോടും ലൈലയോടും മക്കളോടും കഴിയാനാണ് വന്നതെന്നു’ പറഞ്ഞ് സ്‌നേഹത്തിന്റെ ആ വന്‍മരങ്ങള്‍ എഴുത്തിന്റെ തൊട്ടുതാഴെയുള്ള തലമുറക്കാരനെ നിരായുധനാക്കി.  പെരുമ്പടവത്തിന്റെ ഗുരുസ്ഥാനീയരും സുഹൃത്തുക്കളും കുടുംബനാഥയ്ക്കും അങ്ങനെതന്നെയായിരുന്നു.

പെരുമ്പടവം ജീവിതത്തില്‍ കടുത്ത യുക്തിവാദിയാണ്.  പെരുമ്പടവം ശ്രീകുമാറാണ് മകന്‍.  അജിത, അല്ലി, രശ്മി എന്നിവര്‍ പെണ്‍മക്കള്‍.  യുക്തിവാദമൊക്കെ മക്കളെ കെട്ടിക്കാറാകുമ്പോള്‍ പൊയ്‌ക്കൊള്ളുമെന്ന് അടുത്ത സുഹൃത്തുക്കള്‍ തന്നെ പറഞ്ഞിരുന്നു.

കെ.ആര്‍ രാജന്‍, ടൈറ്റസ് എബ്രഹാം, ലെസ്ലി പോള്‍, അനില – പെരുമ്പടവം – ലൈലമാരുടെ മരുമക്കള്‍ ഇവരായതോടെ വിമര്‍ശകര്‍ വായടച്ചു.  മക്കളുടെ വിവാഹം സബ് രജിസ്ട്രാറുടെ കാര്‍മ്മികത്വത്തില്‍ നടത്താനായത് മരുമക്കളുടെ നല്ല മനസ് കാരണമാണെന്ന് പെരുമ്പടവം പറയുമ്പോള്‍ ഭാര്യയും പിന്തുണച്ചിരുന്നു.

‘ഞാന്‍ മരിച്ചാല്‍ ഒരു കര്‍മ്മവും നടത്തരുത്.  സ്ഥലത്തെ വാര്‍ഡ് കൗണ്‍സിലറെ അറിയിച്ച് കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ സംസ്‌ക്കരിക്കണം.  അതിനുമുമ്പ് മൃതദേഹത്തിന് ചുറ്റും വേണമെങ്കില്‍ കുറച്ച് വെള്ളപ്പൂക്കള്‍, മുല്ലയോ പിച്ചിയോ വിതറാം.  അല്ലാതെ മറ്റൊന്നും വേണ്ട’ – മുമ്പൊരിക്കല്‍ മക്കളുടെ സാന്നിധ്യത്തില്‍ പെരുമ്പടവം പറഞ്ഞു.

‘എനിക്കും അങ്ങനെ മതി’ – ലൈലയും നിലപാടെടുത്തു.

‘ഒന്നുകൂടി ആലോചിച്ചിട്ടു പോരെ?’ പെരുമ്പടവം ചോദിച്ചു.

‘ശ്രീക്ക് വേണ്ടാത്തതൊന്നും എനിക്കും വേണ്ട’ മറുപടിക്ക് അല്പംപോലും താമസമുണ്ടായില്ല.

പ്രിയപ്പെട്ടവള്‍ മരിച്ചുകിടക്കുകയാണ്. ‘ഒരു നിലവിളക്ക് കത്തിച്ചുവയ്ക്കണം.’ അവിടെ നിന്നവരിലൊരാള്‍ ആവശ്യപ്പെട്ടു.  വേണ്ടെന്ന് പെരുമ്പടവം പറഞ്ഞു.  ഞങ്ങള്‍
വിളക്ക് കൊണ്ടുവരാമെന്നായി അവിടെ നിന്നവരില്‍ ചിലര്‍.  വേണ്ടെന്ന് പിന്നീട്, ഗൃഹനാഥന് കര്‍ശനമായി പറയേണ്ടിവന്നു.  വീടിന്റെ വിളക്കാണ് ഈ അണഞ്ഞുകിടക്കുന്നതെന്ന സങ്കടത്തിലായിരുന്നു അപ്പോഴും എഴുത്തുകാരന്‍.  ഉള്ളില്‍ ഏഴു തിരിയിട്ട വിളക്കിന്റേതിനേക്കാള്‍ പ്രകാശത്തോടെ ജീവിതത്തിന്റെ കൂട്ടുകാരി തെളിഞ്ഞുതെളിഞ്ഞു നില്‍ക്കുകയാണല്ലോ…

                                                                  2016 ആഗസ്റ്റ് 28-ന് സണ്‍ഡേ മംഗളത്തില്‍ പ്രസിദ്ധീകരിച്ചത്

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s