Fight against corruption and alternative to globalisation നയവും ബദല്‍നയവും അത് നടപ്പാക്കലും

പി സദാശിവം : ഗവര്‍ണര്‍

പി സദാശിവം : ഗവര്‍ണര്‍

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നാണ് അധികാരമേറ്റ ഇടതുപക്ഷ – ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ നയപ്രഖ്യാപനം.  പതിനാലാംനിയമസഭയില്‍ അംഗങ്ങളെ അഭിസംബോധനചെയ്ത ഗവര്‍ണര്‍ പി സദാശിവം അതാണ് വ്യക്തമാക്കിയത്.

അഴിമതിക്കെതിരെയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് ഇടതുപക്ഷ  – ജനാധിപത്യമുന്നണി വിലയിരുത്തുന്നു.  ‘അതുകൊണ്ട് അഴിമതിക്കെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറല്ല’  എന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. അഴിമതിഭരണം അഴിമതിരഹിത ഭരണമാക്കുമെന്ന നയമാണ് പുതിയ ഗവണ്മെന്റിന്റേത്. അങ്ങനെയാണ് ഗവര്‍ണര്‍ പറഞ്ഞത്.

നയപ്രഖ്യാപനത്തിലൂടെ തെരഞ്ഞെടുപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ അത്യന്തം ഗൗരവത്തോടെ നടപ്പിലാക്കുമെന്ന് പുതിയ ഗവണ്മെന്റ് പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.  അത് അതേ ഗൗരവത്തില്‍ കാണേണ്ടതും പരിശോധിക്കേണ്ടതുമുണ്ട്.  അതിന് നമ്മുടെ മുമ്പില്‍ ഒരു മാതൃകയുണ്ട്.  നമ്മുടെ പ്രധാനമന്ത്രി.  അഴിമതി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടുവര്‍ഷംമുമ്പ് അദ്ദേഹം അധികാരത്തില്‍വന്നത്.

ഈയിടെ ഒരു അമേരിക്കന്‍ പത്രത്തോട് അദ്ദേഹം പ്രതികരിച്ചത് പക്ഷേ, ഇങ്ങനെയാണ്:’ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ എന്തെല്ലാം പറയും.  അതൊക്കെ കാര്യമാക്കാനുണ്ടോ.’

മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ  പൊതുവിലും കുടിയേറ്റക്കാര്‍ക്കെതിരെ വിശേഷിച്ചും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ഭീകര കടന്നാക്രമണങ്ങളെ സംബന്ധിച്ചായിരുന്നു വാള്‍സ്ട്രീറ്റ് ജേണലിന്റെ ചോദ്യം.

ആ പ്രതികരണം മാത്രമല്ല.  വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപമാകെ പിടിച്ചെടുത്ത് ഓരോ ഇന്ത്യന്‍ പൗരനും പതിനഞ്ചുലക്ഷം രൂപവീതം വിതരണം ചെയ്യുമെന്നായിരുന്നു തെരഞ്ഞെടുപ്പിലെ നരേന്ദ്രമോദിയുടെ മുഖ്യ വാഗ്ദാനം.  വിതരണത്തിന്റെ കാര്യമിരിക്കട്ടെ, രണ്ടുവര്‍ഷം ഭരണത്തിലിരുന്നിട്ടും വിദേശത്തെ കള്ളപ്പണം പിടിച്ചെടുത്ത് നാട്ടിലേക്കെത്തിക്കുന്നതു പോകട്ടെ, അതെവിടെ ആരുടെയൊക്കെ നിക്ഷേപമായി കിടപ്പുണ്ടെന്നുപോലും കണ്ടെത്തി ജനങ്ങളെ അറിയിക്കാന്‍പോലും മോദി ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ല.

വേണമെങ്കില്‍ ഇടതുപക്ഷ – ജനാധിപത്യ മുന്നണി ഗവണ്മെന്റിനും അങ്ങനെ ഒരു ഒഴികഴിവ് അധികാരത്തിലേറിയപ്പോള്‍ സ്വീകരിക്കാമായിരുന്നു.  മറിച്ചാണ് അവരിപ്പോള്‍ പ്രഖ്യാപിക്കുന്നത്. അവരെ വിശ്വസിച്ച് വോട്ടുനല്‍കിയവര്‍ക്ക് തീര്‍ച്ചയായും ചാരിതാര്‍ത്ഥ്യമുണ്ടാകും.  എന്നാല്‍ ഇവിടെ പൂര്‍ണ്ണവിരാമമിട്ട് ആശ്വസിക്കാനാവില്ല.   കാരണം, നയപ്രഖ്യാപനമേ ആയുള്ളൂ.  ഇത് പ്രയോഗത്തില്‍ വരുത്തുകയും ഫലസിദ്ധി അനുഭവപ്പെടുകയും വേണം.  പ്രതീക്ഷയോടെ ആ സാധ്യതയിലേക്ക് നോക്കുമ്പോള്‍ പ്രശ്‌നം വളരെ സങ്കീര്‍ണ്ണമാണ്.

അഴിമതി പ്രകൃതിയില്‍ വളരുന്ന ഒരു വിഷച്ചെടിയല്ല.  ഭരണനയവുമായും ഭരണനടപടികളുമായും ബന്ധപ്പെട്ട് ഉല്പാദിപ്പിക്കപ്പെടുന്ന ഒന്നാണ്.  അഴിമതിവിരുദ്ധ – ജനപക്ഷനയം നടപ്പാക്കുന്നതില്‍ അധികാരപ്രക്രിയയില്‍നിന്ന് ജനവിരുദ്ധമായും സമാന്തരമായും വളരുന്നത്. ജനാധിപത്യത്തെ വിഴുങ്ങുന്നത്.

പണ്ട് സാമൂതിരി രാജാവിനെക്കണ്ട് ഒരു തൊഴില്‍ രഹിതന്‍ അപേക്ഷ സമര്‍പ്പിച്ച കഥയുണ്ട്.   തിരയെണ്ണാനുള്ള ഒരു ജോലിയാണ് അയാള്‍ രാജാവിനോട്    തേടിയത്.  കോഴിക്കോട് കടപ്പുറത്ത് അയാള്‍ ജോലിയാരംഭിച്ചു.  എണ്ണം ശരിയായെടുക്കുന്നതിന് വഞ്ചികളും പത്തേമാരികളും കപ്പലുകളുമടക്കം തിരമുറിച്ച് തടസം സൃഷ്ടിക്കുന്നുവെന്ന് അയാള്‍ പരാതിപ്പെട്ടു.  തിരകള്‍ മുറിക്കാതെ പോകാനാവാത്തതുകൊണ്ട് തിരയെണ്ണുന്നവന് കിമ്പളം കൊടുക്കാന്‍ കടല്‍യാത്രികരെല്ലാം നിര്‍ബന്ധിതരായി.

അതുതന്നെയാണല്ലോ യു.ഡി.എഫ് ഗവണ്മെന്റ് മദ്യനയം നടപ്പാക്കിയപ്പോള്‍ സംഭവിച്ചത്.  സോളാര്‍ പദ്ധതിയും പരിസ്ഥിതി സൗഹൃദമായ ഏറ്റവും വിലകുറഞ്ഞ ഊര്‍ജ്ജനയവുമായി ബന്ധപ്പെട്ടതായിരുന്നു.  അതില്‍നിന്നാണ് എം.എല്‍.മാര്‍, മന്ത്രിമാര്‍, മുഖ്യമന്ത്രി തുടങ്ങി സര്‍ക്കാറും ഭരണവുമായി ബന്ധപ്പെട്ട എല്ലാ ജാക്കിജോക്കികളുടേയും മുമ്പിലും അഴിമതിയുടെ അവതാരങ്ങളായി രംഭ-തിലോത്തമമാര്‍ അഴിഞ്ഞാടിയത്.  ഇപ്പോള്‍ മദ്യനയം തിരുത്തുമെന്ന് പുതിയ ഗവണ്മെന്റ് പ്രഖ്യാപിക്കുമ്പോഴും ഈ നയവുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ ഫയലില്‍ ഗര്‍ഭംധരിക്കുമ്പോള്‍ അഴിമതി മറ്റൊരു വിധത്തില്‍ പിറന്നുവീഴില്ലെന്ന് പറയാനാവില്ല.

നയങ്ങള്‍ ജനങ്ങളുടേയും ജനാധിപത്യത്തിന്റേയും പേരില്‍ രൂപപ്പെടുത്തുമ്പോഴും നടപ്പിലാക്കുമ്പോഴും ജനപക്ഷം അഴിമതിപക്ഷമായി മാറുന്നു. ഇത് പാര്‍ലമെന്ററി സംവിധാനത്തിലെ ഗുരുതരമായ അക്ഷരപ്പിശകുപോലുള്ള യാഥാര്‍ത്ഥ്യമാണ്.  കാഷ്യസ് ക്ലേ എന്ന മുഹമ്മദലി എന്ന അമേരിക്കന്‍ ഇടിവീരന്‍ മലപ്പുറം ജില്ലയിലെ സ്വര്‍ണ്ണപ്പതക്കം നേടിയ മലയാളി ഫുഡ്‌ബോള്‍താരമാകുന്നതുപോലെ.

ആഗോളീകരണത്തിന് ബദല്‍നയമുണ്ടാക്കുമെന്ന് പറയുമ്പോള്‍ നിയമസഭാ സാമാജികര്‍ക്കും അവര്‍ക്ക് രാഷ്ട്രീയവും ആശയവും നയവ്യക്തതയും ചൂരല്‍വടിത്തുമ്പില്‍ ചൂണ്ടുന്ന പാര്‍ട്ടിനേതാക്കള്‍ക്കും കൃത്യമായ നയവ്യക്തതയുണ്ടാവണം.  എന്താണ് ആഗോളീകരണനയം. ഇടതുപക്ഷം അതിനെ നേരിടാന്‍ ആവിഷ്‌ക്കരിക്കേണ്ട ബദല്‍നയം എന്താണ്.  ഇല്ലെങ്കില്‍ ഇടതുപക്ഷമടക്കം എതിര്‍ക്കുന്ന മോദി ഗവണ്മെന്റിന്റെ ചരക്ക് ഗതാഗത നികുതിനയം സംബന്ധിച്ച ബില്‍ കേരളത്തിനു പാല്‍പ്പായസമാണെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും ഈയിടെ പറയുകയുണ്ടായി.  ഇവരാണ് ഇവിടെ  ആഗോളീകരണ നയത്തിന് ബദല്‍നയം  കുറിക്കാന്‍ നേതൃത്വം നല്‍കുമെന്ന് പറയുന്നത്. അതിന്  അജ്ഞനമെന്താണെന്നും അത് മഞ്ഞളുപോലെ വെളുത്തതല്ലെന്നും അറിഞ്ഞേ പറ്റൂ.

എന്നുവെച്ചാല്‍ ആഗോളീകരണവുമായി ബന്ധപ്പെട്ട വികസന നയങ്ങളും സാമ്പത്തിക നയങ്ങളും ഓരോ രാജ്യത്തും നടപ്പാക്കുമ്പോള്‍ ഉയരുന്ന സംഘര്‍ഷങ്ങളുണ്ട്.   ആഗോളതലത്തില്‍ മൂലധനശക്തികളും വിപണിയും സാമ്രാജ്യത്വ ശക്തികളും സൃഷ്ടിക്കുന്ന സംഘര്‍ഷവും അവയുടെ പ്രത്യാഘാതവും.  അവ ഏറെ നിര്‍ണ്ണായകമാണ്.

ഹ്യൂഗോ ചാവേസിന്റെ വെനസ്വേലതൊട്ട് ഇപ്പോള്‍ ബ്രസീലും മെക്‌സിക്കോയും മറ്റുമടങ്ങുന്ന ലാറ്റിനമേരിക്കന്‍ നാടുകളിലെ പരീക്ഷണങ്ങള്‍, ഗ്രീസിലെ സംഭവവികാസങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ വേറിട്ടു പുറത്തുപോകുന്നതടക്കമുള്ള  സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍.  ഇവിടെ നമ്മുടെ നാട്ടില്‍തന്നെ അമേരിക്കന്‍ വിശ്വസ്ത സൈനിക-സാമ്പത്തിക സഖ്യശക്തിയാകാനുള്ള ത്വരിത നടപടികളുടെ പ്രത്യാഘാതങ്ങള്‍ വരാന്‍പോകുന്നു.  പ്രതിരോധമേഖലയിലടക്കം നൂറുശതമാനം വിദേശമൂലധനം ഇതിന്റെ ഭാഗമായുള്ള ആയുധനിര്‍മ്മാണവും ആഗോളവില്പനയും മറ്റുംമറ്റും.

ഇവയുടെയെല്ലാം അനുഭവപാഠങ്ങളുമായി ചേര്‍ത്തുള്ള ബദല്‍ പരിപ്രേക്ഷ്യത്തില്‍നിന്നാണ്  കേരള ബദല്‍ മാതൃകയുടെ ആശയ-രാഷ്ട്രീയ-സാമ്പത്തിക അടിത്തറ രൂപപ്പെടുത്തേണ്ടത്.  ജൈവപച്ചക്കറികൃഷിയും മാലിന്യനിര്‍മ്മാര്‍ജ്ജനവുമൊക്കെ നല്ല പരിപാടികളാണ്. അതുകൊണ്ട് ആഗോളീകരണ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്പും പോരാട്ടവും സാധ്യമാകില്ല. അവ ബദല്‍നയങ്ങളുമാകില്ല.

അതേസമയം കേരളം ഒരു ബനാന റിപ്പബ്ലിക്കുപോലുമല്ല.  മൂന്നുകോടിയില്‍പരം ജനങ്ങളുള്ള ഒരു കൊച്ചു സംസ്ഥാനമാണ്.  ഇവിടുത്തെ ഗവണ്മെന്റിന്റെ സാമ്പത്തിക-രാഷ്ട്രീയ അധികാര പരിമിതികള്‍ നിര്‍ണ്ണായകമാണ്.  ആസൂത്രണകമ്മീഷന്‍പോലും ഇല്ലാതാക്കിയ ഒരു ദേശീയ ഗവണ്മെന്റിനുകീഴില്‍ കൃത്യമായി ആസൂത്രണ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നുള്ള പ്രഖ്യാപനം  ആഴത്തില്‍ പരിശോധിക്കേണ്ടിവരും. കാലിയായ ഖജനാവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും വമ്പിച്ച ജനകീയ വികസന പ്രതീക്ഷയുമാണ് ഈ ഗവണ്മെന്റിനുമുമ്പില്‍.  ധവളപത്രവും നയപ്രഖ്യാപനവുംകൊണ്ടുമാത്രം  ഈ അവസ്ഥയെ അഭിസംബോധന ചെയ്യാനാകില്ല.  നേരിടാനും.

ഇപ്പോള്‍ ഭരണകക്ഷിയുടെ ഭാഗമായി നില്‍ക്കുന്ന സാമാജികരും മന്ത്രിമാരും ബ്യൂറോക്രസിയും പൊലീസും അനുഭാവമുള്ള ജനങ്ങള്‍പോലും പൂര്‍ണ്ണമായി അഴിമതിരഹിതരോ സംശുദ്ധരോ ആണെന്ന് പറയാനാവില്ല.  കാര്യം സാധിച്ചെടുക്കേണ്ടവര്‍ ജനവിധിക്കൊപ്പം അധികാരത്തിന്റെ പക്ഷത്തേക്ക് മറിയുന്നവരാണ്. അധികാരത്തെ സ്വയം വിലയ്‌ക്കെടുക്കാന്‍ കഴിവുള്ളവരുമുണ്ട്.  അഴിമതി വിരുദ്ധ നടപടികളും വികസന പദ്ധതികളും പരിപാടികളും ജനങ്ങള്‍ക്കും നാടിനും ലഭ്യമാകേണ്ടതാണ്.  അതിന് ഇ.എം.എസ് പറഞ്ഞതുപോലെ:  ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകേണ്ടിവരും.  ആ സമരമാകട്ടെ ഓരോ പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും നയത്തിന്റെപേരിലും ജനപക്ഷ നിലപാടിന്റെ പേരിലും സമാന്തരമായും കൊണ്ടുപോകേണ്ടിവരും.

അതുകൊണ്ടുമാത്രമായില്ല, പ്രതിപക്ഷത്തുള്ളവരേയും ഇതിനുപിന്നില്‍ അണിനിരത്തണം.  മാത്രമല്ല മറ്റു സംസ്ഥാനങ്ങളെക്കൂടി ഈ പ്രതിരോധപാതയിലേക്ക് കൊണ്ടുവരണം.  ഇതൊക്കെ വളരെ ഗൗരവത്തിലും ആത്മാര്‍ത്ഥമായും എടുക്കേണ്ട കാര്യങ്ങളാണ്.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടിയ ഒരവസ്ഥ ഈ ഗവണ്മെന്റ് നേരിടുന്നുണ്ട്.  മുന്‍ ഗവണ്മെന്റ് തകര്‍ത്തതെല്ലാം ശരിപ്പെടുത്തുക എന്നുള്ള ജോലിയാണ് പുതിയ ഗവണ്മെന്റിന് ചെയ്യാനുള്ളത് എന്ന്.  അതിനുതന്നെ അഞ്ചുവര്‍ഷം വേണ്ടിവരും.  ഭരണസംവിധാനമാകെ ആ അവസ്ഥയിലാക്കിയാണ് അവര്‍ ഇറങ്ങിപ്പോയിട്ടുള്ളത്.

അതിനിടയ്ക്കാണ് വ്യത്യസ്തമായ ബദല്‍നയങ്ങള്‍ നടപ്പില്‍വരുത്തുന്ന ഒരു ഗവണ്മെന്റെന്ന നിലയില്‍ ഈ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കേണ്ടത്.  അതു ചെയ്യുമെന്ന പ്രഖ്യാപനത്തിന് പൂച്ചെണ്ടുകള്‍.  പക്ഷേ, പ്രവൃത്തിയിലേക്കുവരുമ്പോള്‍ ആ ചെണ്ടുകള്‍ വാടിത്തീരുമെന്ന് ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനത്തിലേക്ക് ഗവണ്മെന്റിന് കടക്കാനാവണം.  അത് കഴിയണമെങ്കില്‍ ഈ ഗവണ്മെന്റ് ജനങ്ങളുടെയാകെ ഗവണ്മെന്റാണെന്ന വിശ്വാസവും ബോധ്യവും അതിവേഗം സൃഷ്ടിക്കാന്‍ സാധിക്കണം. ഏതെങ്കിലും ഒരു പാര്‍ട്ടിയോ അതിന്റെ നേതാവോ അല്ല കേരളം ഭരിക്കുന്നത് എന്ന ബോധ്യവും.

കടല്‍വെള്ളത്തിലെ ഉപ്പറിയാന്‍ കൈവെള്ളയില്‍ ഏതാനും തുള്ളിയെടുത്ത് രുചിച്ചാല്‍മതി.  തലശ്ശേരിയില്‍ ഒരു പിഞ്ചുകുഞ്ഞുമായി രണ്ട് ദളിത് സ്ത്രീകള്‍ ജയിലില്‍ പോകേണ്ടിവന്ന സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചതിങ്ങനെ: ‘കുട്ടിയെ ആരും ജയിലിലയച്ചിട്ടില്ല.  അമ്മ കൊണ്ടുപോയതാണ്…  ആദിവാസിക്കുട്ടികള്‍ ഇതിനുമുമ്പും ജയിലില്‍ പോയിട്ടുണ്ട്….’  ആഗോളവത്ക്കരണത്തിനെതിരെ ബദല്‍നയം രൂപീകരിക്കുന്നവര്‍ ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ … തത്ക്കാലം ഇത്രമാത്രം പറഞ്ഞുനിര്‍ത്തുന്നതല്ലേ ഔചിത്യം.

One response to “Fight against corruption and alternative to globalisation നയവും ബദല്‍നയവും അത് നടപ്പാക്കലും

  1. Pingback: കടല്‍വെള്ളത്തിലെ ഉപ്പറിയാന്‍ കൈവെള്ളയില്‍ ഏതാനും തുള്ളിയെടുത്ത് രുചിച്ചാല്‍മതി.. ഇടത് സര്‍ക·

Leave a comment