Patriotism the Manusmrithi way ‘ഇനി മറ്റാര്‍ക്കും ഈ ഗതി വരുത്തരുതേ…’

index“ഈ അനുഭവം ഇനി മറ്റൊരു സൈനികനും ഉണ്ടാകാതിരിക്കട്ടെ”  കേരളത്തില്‍നിന്ന് ഉയരുന്ന ഒരു വിധവയുടെ പ്രാര്‍ത്ഥനയില്‍ പൊതിഞ്ഞ വിലാപമാണ്.  അത് ദേശാഭിമാനത്തെക്കുറിച്ച് നാഴികക്ക് നാല്പതുവട്ടം  പ്രസംഗിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ക്കും കപട ദേശാഭിമാനികള്‍ക്കും നേരെയുളള ഒരു ഭാര്യയുടെ ഹൃദയംപൊട്ടിയുള്ള ശാപവാക്കുകള്‍.

രാഷ്ട്രീയ കേരളം തെരഞ്ഞെടുപ്പില്‍ കേന്ദ്രീകരിക്കുന്ന തിരക്കിലാണ്.  അതിന്റെ ആരവങ്ങള്‍ക്കു മുകളില്‍ ഹരിപ്പാട്ടെ ചിങ്ങോലി ഗ്രാമത്തില്‍നിന്നാണ്  സി.ആര്‍.പി.എഫ് (സെന്‍ട്രല്‍ റിസര്‍വ്ഡ് പൊലീസ് ഫോഴ്‌സ്) ജവാന്റെ ഭാര്യ ലിനിമോളുടെ ഏഴുദിവസമായി തോരാത്ത കണ്ണീര്‍.  തന്റെ ഹൃദയവേദന കൂര്‍ത്ത് തറക്കുന്ന ദൃഢമായ വാക്കുകളില്‍ ഈ നാടിനെ അവര്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. അപകട മരണത്തില്‍പെട്ട സൈനികനായ തന്റെ ഭര്‍ത്താവ് അനില്‍ അച്ചന്‍കുഞ്ഞി (33)ന്റെ മൃതദേഹത്തോട് അധികൃതര്‍ കാണിച്ച അനാദരവിനേയും അപമാനത്തേയും കുറിച്ച്.

ഛത്തീസ്ഗഡില്‍ നക്‌സല്‍ വെല്ലുവിളി തുടരുന്ന ബസ്തര്‍ മേഖലയിലായിരുന്നു അനിലിന്റെ സി.ആര്‍.പി.എഫ് വിഭാഗം.  ഏതു നിമിഷവും നക്‌സല്‍ കടന്നാക്രമണ ഭീഷണിയുള്ള, വനമേഖലയോട് ചേര്‍ന്നുള്ള റെഡ്ഡി സൈനിക പോസ്റ്റില്‍.  മൊബൈല്‍ ഫോണ്‍ വെള്ളക്കെട്ടില്‍ വീണത് എടുക്കാന്‍ ശ്രമിക്കവെ കാല്‍ വഴുതി മുങ്ങിപ്പോയി.  ഡോക്ടറുടെ അടുത്ത് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബസ്തറിലെ വനാതിര്‍ത്തിയിലെ ഉള്‍പ്രദേശത്തുനിന്ന് അനിലിന്റെ മൃതദേഹം ബോംബെ തിരുവനന്തപുരം വഴി ഹരിപ്പാട് എത്തിച്ചത് നാലാം ദിവസമാണ്.  ഒരു മരപ്പെട്ടിയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് ചീഞ്ഞളിഞ്ഞ, ദുര്‍ഗന്ധം പരത്തുന്ന അവസ്ഥയില്‍. മൃതദേഹം നഗ്നമായിരുന്നു.  എംബാം ചെയ്തിരുന്നില്ല. ചീര്‍ത്ത് അഴുകിയിരുന്നു.  കണ്ണുകള്‍ തുറിച്ച് പുറത്തേക്ക് തള്ളിയിരുന്നു.  മുഖം തിരിച്ചറിയാന്‍ കഴിയാതെ.

വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും മൃതദേഹം ഏറ്റെടുക്കാന്‍ ആദ്യം വിസമ്മതിച്ചു.  തിരുവനന്തപുരത്തുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന ഉറപ്പിലാണ് പിന്നീട് ഏറ്റെടുത്തതും സംസ്‌ക്കരിച്ചതും.  അനിലിന്റെ ഭാര്യ പറയുന്നത് കേള്‍ക്കുക:
“എനിക്കോ അല്‍സമോള്‍ക്കോ ആ മുഖത്ത് ഒരു അന്ത്യ ചുംബനം കൊടുക്കാന്‍പോലും കഴിഞ്ഞില്ല. അത് വികൃതമായി മുഖംപോലുമല്ലാത്ത കാഴ്ചയായിരുന്നു. മൃഗങ്ങളോടുപോലും കാണിക്കാത്ത ക്രൂരതയാണ്  സൈനികനായ എന്റെ ഭര്‍ത്താവിനോട് ചെയ്തത്.  സി.ആര്‍.പി.എഫ് എന്ന അര്‍ദ്ധസൈന്യത്തിലെ  മേജറോ കേണലോ ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? എന്റെ ഭര്‍ത്താവ് ഒരു ജവാനായിപ്പോയി. ഈ അനുഭവം ഇനി മറ്റൊരാള്‍ക്ക് സംഭവിക്കാതിരിക്കട്ടെ….”

യുദ്ധക്കളത്തില്‍ വെടിയേറ്റ് മരിച്ചുവീഴുന്ന ശത്രുസൈനികന്റെ മൃതദേഹത്തോടുപോലും ആദരവ് കാണിക്കണമെന്നതാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ള സൈനിക പെരുമാറ്റച്ചട്ടം.  ശത്രുരാജ്യത്തെ സൈനികന്റെ ശവശരീരത്തോട് ആദരവ് പുലര്‍ത്തിയില്ലെങ്കില്‍ അത് ശിക്ഷാര്‍ഹമാണ്.  യുദ്ധക്കളത്തില്‍പോലും ഇരുപക്ഷത്തെ സൈനികരും കൊല്ലപ്പെട്ടവരുടെ മൃതദേഹത്തോട് ആദരവ് പുലര്‍ത്തും.

വീടും നാടും വിട്ട് ബസ്തറിലെ കാടുകളില്‍ ഛത്തീസ്ഗഡിലെ ജനതയുടെ സുരക്ഷിതത്വത്തിനുവേണ്ടി കാവലിരുന്നു അനില്‍. അത് മാതൃരാജ്യത്തോടുള്ള സ്‌നേഹത്തിന്റേയും ചുമതലയുടേയും ഭാഗമായിരുന്നു. അതൊരു തൊഴിലിനപ്പുറം ദേശാഭിമാനപരമായ കടമയായിരുന്നു.

അതിനിടെ അപകടത്തില്‍ മരണപ്പെട്ടിട്ടും ആ മൃതദേഹം കൈകാര്യം ചെയ്തത് അശ്രദ്ധമായും അവഗണനയോടെയുമാണ്.  കേരളത്തിലേക്കുള്ള വിമാനം കാത്ത് മുംബൈ വിമാനത്താവളത്തില്‍ വേനലിന്റെ എരിത്തീയില്‍ മൃതദേഹം മണിക്കൂറുകള്‍ കിടന്നു. അങ്ങനെയാണ് അനിലിന്റെ ഭൗതികശരീരം അഴുകി  ഈ അവസ്ഥയിലായതെന്നാണ് വിവരം.

ഛത്തീസ്ഗഡില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഒരു ആശുപത്രിയുടെ കുപ്പത്തൊട്ടിയില്‍ ചോരപുരണ്ട സി.ആര്‍.പി.എഫ് ജവാന്റെ യൂണിഫോം ഉപേക്ഷിക്കപ്പെട്ടത് കണ്ടെത്തിയിരുന്നു. അതേക്കുറിച്ചും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നീടൊന്നും ഉണ്ടായില്ല. ഇപ്പോള്‍ അതേവഴിയില്‍ അനിലിന്റെ മൃതദേഹവും.

അതിര്‍ത്തി കാക്കുന്ന സൈനികരുടെ പേരില്‍ ആണയിടുന്നവരാണ് ഭരണാധികാരികള്‍.  ഭാരതമാതാവിന്റേയും ദേശാഭിമാനത്തിന്റേയും പേരില്‍ രാഷ്ട്രീയ എതിരാളികളെ ദേശദ്രോഹികളായി വേട്ടയാടാന്‍ മുന്നിട്ടിറങ്ങുന്നവരാണ് കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റിലേയും നിയമസഭകളിലേയും അവരുടെ പ്രതിനിധികളും.   ആ ഗവണ്മെന്റ് നയിക്കുന്ന സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളിക്കാണ് ഈ അനുഭവം.  ദേശാഭിമാനം തെരഞ്ഞെടുപ്പ് മുദ്രാവാക്യമാക്കി പ്രചാരണത്തിനിറങ്ങുന്ന കേന്ദ്ര ഭരണകക്ഷി.  പ്രചാരണം നയിക്കാന്‍ നിയോഗിച്ചിട്ടുള്ള സിനിമാ താരം വെയിലും  ചൂടും ഏല്‍ക്കാതിരിക്കാന്‍ യാത്രക്ക് പ്രത്യേക ഹെലികോപ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ട സന്ദര്‍ഭം.

അന്വേഷണ ഉത്തരവിന്റെ കാര്യം പറഞ്ഞ്  കേന്ദ്ര ആഭ്യന്തരമന്ത്രി മടങ്ങിയിട്ട് നാലുദിവസം കടന്നുപോയി. കേരള മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും വളരെ അടുത്താണ്. ഡല്‍ഹിയിലെ ഭരണസിരാകേന്ദ്രത്തില്‍  കേരളാ ഹൗസില്‍ പാര്‍പ്പ് തുടങ്ങിയിട്ട് രണ്ടുദിവസം കഴിഞ്ഞു.

അവര്‍ തിരക്കിലാണ്. മറ്റെല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും. കേരളഭരണം പിടിച്ചെടുത്ത് സ്വന്തമാക്കാനുള്ള   തിരക്കില്‍. സീറ്റുകള്‍ വിഭജിക്കുന്നതിന്റേയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന്റേയും.  ഒരു ജവാന്റെ മൃതദേഹത്തെ അപമാനിച്ചതില്‍ ഇടപെടാന്‍ അവര്‍ക്കെവിടെ നേരം.

പാഞ്ചാലിയെ അപമാനിച്ചതിനെ തുടര്‍ന്നാണ് മഹാഭാരതയുദ്ധം തുടങ്ങിയത്.  തെരഞ്ഞെടുപ്പിന്റെ കുരുക്ഷേത്രത്തിലേക്ക് ഇറങ്ങുന്നവര്‍ അത് ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല.  ദേശസ്‌നേഹത്തിന്റെ പേരില്‍ പരസ്പരം അവകാശവാദം നടത്തുന്ന തെരഞ്ഞെടുപ്പുകൂടിയാണ് ഇത്തവണ കേരളത്തില്‍ നടക്കുന്നതെങ്കിലും.

ഡല്‍ഹിയിലെ തിരക്കിനിടയ്ക്ക് ബന്ധപ്പെട്ട ദൃശ്യ മാധ്യമത്തോട്  കേരള ആഭ്യന്തരമന്ത്രി  പ്രതികരിക്കുന്നത് കേട്ടു:  “…ഇല്ല ഒരാഴ്ചയായില്ല.. മുന്നോനാലോ ദിവസമേ ആയുള്ളൂ.  അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  നാളെ മന്ത്രിസഭാ യോഗത്തില്‍ അനിലിന്റെ കുടുംബത്തിന് സഹായധനം നല്‍കാന്‍ തീരുമാനമെടുക്കും.”

വെള്ളിക്കട്ടികള്‍കൊണ്ടോ സ്വര്‍ണ്ണ നാണയങ്ങള്‍കൊണ്ടോ പകരംവെക്കാന്‍ കഴിയുന്നതല്ല ആ വീരജവാന്റെ ജീവന്‍.   ഏതൊരു സൈനികനും തത്തുല്യമായ നിയമങ്ങള്‍ക്കു കീഴ്‌പ്പെട്ട സൈനിക ജീവിതമാണ് സി.ആര്‍.പി.എഫിലെ ജവാന്‍മാരുടേതും. ഏത് നിമിഷവും മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് മറ്റെല്ലാം മറന്ന് നാടിനുവേണ്ടി സമര്‍പ്പിച്ച ജീവിതം. അനിലിന്റെ ശരീരം യൂണിഫോം ഉരിഞ്ഞ് നഗ്നമാക്കി അളിഞ്ഞ അവസ്ഥയില്‍ കുടുംബത്തിന്റെ മുന്നിലേക്ക് എത്തിച്ചത്  ഇന്ത്യ ഭരിക്കുന്ന ഹൈടെക് ഭരണക്കാരാണ്.

ആ ജവാന്റെ ഭാര്യയും കുടുംബവും ബന്ധുക്കളും സ്‌നേഹിതരും കണ്ണീരുകൊണ്ടല്ലാതെ അവരോട് എങ്ങനെ കലമ്പും….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s