The crowning hurry bury ഒരുക്കം നടക്കുന്നത് അരിയിട്ടുവാഴ്ചക്ക്

തെരഞ്ഞെടുപ്പ് അരിയിട്ടുവാഴ്ച നടത്താന്‍ കിട്ടിയ ഒരവസരമെന്ന മട്ടിലാണ് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പുകാര്യ പരിപാടികള്‍ സി.പി.എം കേരളനേതൃത്വം കൈകാര്യം ചെയ്യുന്നത്.  അതിന്റെ ഭാഗമായ ആക്രാന്തങ്ങളും വാരിപ്പിടുത്തങ്ങളും വെട്ടിനിരത്തലുകളും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിലും ഇവിടെ പാര്‍ട്ടിയില്‍ പതിവില്ലാത്ത രംഗങ്ങള്‍ സൃഷ്ടിക്കുന്നു.

അടിച്ചേല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ  മണ്ഡലങ്ങള്‍തോറും പോസ്റ്ററുകള്‍ വ്യാപകമാകുന്നു.  സഭയുടെ സ്ഥാനാര്‍ത്ഥിയെ വേണ്ട, പെയ്ഡ് സ്ഥാനാര്‍ത്ഥിയെ വേണ്ട, ബി.ഡി.ജെ.എസില്‍ ചേക്കേറാന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കേണ്ട തുടങ്ങിയ ആരോപണങ്ങളാണ് ചുമര്‍ പോസ്റ്ററുകളിലൂടെ ഉന്നയിക്കുന്നത്.  ജില്ലാ സെക്രട്ടറി സംസ്ഥാന കമ്മറ്റിക്കു മീതെയാണോ എന്ന ചോദ്യവും പത്തനംതിട്ടയില്‍നിന്ന് ഉയരുന്നു.

ഇടതുപക്ഷ – ജനാധിപത്യമുന്നണിയുടെ ഗവണ്മെന്റ് ഉറപ്പായെന്ന അമിതാവേശത്തിലാണ് സി.പി.എമ്മില്‍ സാധാരണമല്ലാത്ത പൊട്ടിത്തെറികള്‍.  വി.എസിനേയും പിണറായിയേയും ഒപ്പം മത്സരരംഗത്തിറക്കുമെന്ന   കേന്ദ്രനേതൃത്വ തീരുമാനം വെളിപ്പെട്ടതോടെയാണിത്. പിണറായി വിജയന്റെ അരിയിട്ടുവാഴ്ച ഉറപ്പുവരുത്താനുള്ള ആസൂത്രികനീക്കങ്ങള്‍  ശക്തിപ്പെട്ടത്. നിയമസഭാ കക്ഷിയില്‍ വി.എസിനെ നിര്‍ദ്ദേശിക്കാന്‍പോലും ആരും ഉണ്ടാകാത്തവിധം അര്‍ഹതയുള്ളവരെ ഒഴിവാക്കുകയാണ്.   പ്രായംപറഞ്ഞും രണ്ടുതവണ മത്സരിച്ച വ്യവസ്ഥ ബാധകമാക്കിയും ജില്ലാകമ്മറ്റി തീരുമാനങ്ങളെ ബാഹ്യമായി സ്വാധീനിച്ചും മറ്റും. ഔഗ്യോഗിക വിഭാഗത്തില്‍പെട്ടവരായിട്ടുപോലും മറ്റുപല പരിഗണനയുടെ പേരിലും അര്‍ഹതയുള്ളവര്‍ തഴയപ്പെട്ടു.

 മാതൃഭൂമിയോട് കടപ്പാട്‌

മാതൃഭൂമിയോട് കടപ്പാട്‌

ഘടകകക്ഷികളുടെ സീറ്റുനിര്‍ണ്ണയകാര്യത്തിലും ഓച്ചാനിച്ച് ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. എ.കെ.ജി സെന്ററില്‍ മൂന്നുവട്ടം ചര്‍ച്ച നടത്തിയിട്ടും സി.പി.ഐയുടെ സീറ്റുവിഭജനം തീരുമാനിച്ചില്ല.  കടന്നപ്പള്ളി രാമചന്ദ്രന്റെ  കോണ്‍ഗ്രസ് എസ് വരെ നിരാശയിലാണ്.  ഇടതുപക്ഷ – ജനാധിപത്യ മുന്നണി രൂപപ്പെട്ടതുമുതല്‍ അതിന്റെ ഭാഗമാണെങ്കിലും.  ജയസാധ്യതയുള്ള ഒരു മണ്ഡലം  ഇത്തവണ തരുന്നില്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് കടന്നപ്പളളി.    മറ്റുള്ളവരുമായുള്ള ചര്‍ച്ച കഴിയട്ടെ എന്ന് എ.കെ.ജി സെന്ററിലെ തമ്പ്രാക്കള്‍.

മറ്റുള്ളവരെന്നാല്‍ കഴിഞ്ഞദിവസം കേരളാ കോണ്‍ഗ്രസ് എമ്മില്‍നിന്ന് പറഞ്ഞുറപ്പിച്ച് എ.കെ.ജി സെന്ററില്‍ വന്നവര്‍. അതിനുമുമ്പ്   യു.ഡി.എഫ്  വിട്ടുവന്ന  ഗൗരിയമ്മയുടെ ജെ.എസ്.എസ് വിഭാഗം.  അഴിമതി പ്രശ്‌നത്തില്‍ വി.എസ് അച്യുതാനന്ദന്‍ സുപ്രിംകോടതിവരെ കേസ് നടത്തി ജയിലിലടച്ച ആര്‍.ബാലകൃഷ്ണപിള്ള, മകന്‍ നടന്‍ ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും കെ.എം മാണിയുടേയും പ്രഘോഷകനായി   രണ്ടുഡസന്‍ പഴ്‌സണല്‍ സ്റ്റാഫും ചീഫ് വിപ്പിന്റെ ക്യാബിനറ്റ് പദവിയുമായി നടന്നിരുന്ന പി.സി ജോര്‍ജ് തുടങ്ങിയവര്‍.  ഇവരുടെ ആതിഥ്യം കഴിയുംവരെ ഐ.എന്‍.എല്ലും ഫോര്‍വേഡ് ബ്ലോക്കുംവരെ കാത്തിരിക്കണം.

പിണറായി വിജയന്റെ അരിയിട്ടുവാഴ്ച ഉറപ്പിക്കാന്‍   മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്  മുതല്‍ നിത്യ സ്തുതിപാഠകര്‍വരെ ദൃശ്യമാധ്യമങ്ങളില്‍ സജീവമാണ്.   വി.എസ് മത്സരിച്ചാലും മുഖ്യമന്ത്രി   പിണറായിതന്നെ  എന്ന  പ്രചാരവേല ശക്തിപ്പെടുത്തുകയാണ്.    തെരഞ്ഞെടുപ്പു കഴിഞ്ഞേ  തീരുമാനിക്കൂ എന്ന് കേന്ദ്രനേതൃത്വം അറിയിച്ചിട്ടും. ഇതെല്ലാം അധികാരകേന്ദ്രത്തില്‍നിന്ന് നിര്‍ദ്ദേശിക്കുന്നതും പ്രാത്സാഹിപ്പിക്കുന്നതുകൊണ്ടുമാണ്.

ഇ.എം.എസും എ.കെ.ജിയും മത്സരിക്കാതെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നല്‍കിയതുപോലെ വി.എസും ചെയ്യണമെന്നാണ് ലോറന്‍സ് ഉപദേശിക്കുന്നത്. എ.കെ.ജി 1952 മുതല്‍ 1977 മാര്‍ച്ച് 22-ന് മരണപ്പെടുംവരെ   തുടര്‍ച്ചയായി 25 വര്‍ഷം പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു. ഇ.എം.എസ്സാകട്ടെ കേരളത്തിലെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആയി തുടര്‍ച്ചയായി 21 വര്‍ഷം പ്രവര്‍ത്തിച്ചു.  78-ല്‍ സി.പി.എം ജനറല്‍ സെക്രട്ടറിയായശേഷമാണ് സെക്രട്ടറി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന മാതൃക സ്വയം സൃഷ്ടിച്ചത്. എം.എല്‍.എ ആകാനും മുഖ്യമന്ത്രിയാകാനും പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് സ്വയം ചാടിയിറങ്ങിയ നേതാവാണ്  ഇ.കെ. നായനാര്‍. ആ മാതൃകയെക്കുറിച്ച് അറിവുള്ള ലോറന്‍സ് പക്ഷേ പറയുന്നില്ല.

ബി.ജെ.പി ആവിഷ്‌ക്കരിച്ച മിസ്ഡ്കാള്‍ ശൈലി  സി.പി.എം സ്വീകരിച്ചിരിക്കുന്നു. ആരായിരിക്കും മുഖ്യമന്ത്രി എന്നതിന്റെ സൂചന പാര്‍ട്ടി മുഖപത്രം നല്‍കുന്നു:  ‘മിസ്ഡ് കോള്‍ നല്‍കേണ്ടത് 8826262626 എന്ന നമ്പറിലാണ്.  നിമിഷങ്ങള്‍ക്കകം തിരികെ വിളിയെത്തും. ‘ഞാന്‍ പിണറായി വിജയന്‍’ എന്ന് പരിചയപ്പെടുത്തിയശേഷമാണ് സംസാരം ആരംഭിക്കുക.’  സംഭാഷണം അവസാനിക്കുന്നത് ഇങ്ങനെ: ‘എല്‍.ഡി.എഫ് വരും.  എല്ലാം ശരിയാകും.’

ഹൈടെക് പ്രചാരണം വന്‍ ഹിറ്റായെന്നും യുവജനങ്ങള്‍ ഇത് ഏറ്റെടുത്തുകഴിഞ്ഞെന്നും പത്രം ആവേശപൂര്‍വ്വം വെളിപ്പെടുത്തുന്നു.

വി.എസ് മത്സരിക്കുമെന്ന പാര്‍ട്ടി തീരുമാനം അരിയിട്ടുവാഴ്ചക്കാരുടെ ഉറക്കം കെടുത്തി. പാര്‍ട്ടി കേന്ദ്ര ആസ്ഥാനത്തുള്ള പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ളതന്നെ പ്രതികരിച്ചു.  വി.എസ്സിന് കേന്ദ്രനേതൃത്വം പ്രത്യേക ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന്.

ഇത് സി.പി.എമ്മില്‍ മാത്രമല്ല ആശയക്കുഴപ്പം ഉണ്ടാക്കിയത്. മിസ്ഡ് കാള്‍ശൈലി  ജയിച്ചാല്‍ മുഖ്യമന്ത്രിയുടെ തീരുമാനവും ആ മട്ടിലാകുമോ എന്ന ആശങ്ക സി.പി.ഐ കേന്ദ്ര നേതൃത്വത്തിനുപോലുമുണ്ടായി.  ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയും ഡി. രാജയും എ.കെ.ജി ഭവനിലെത്തി യെച്ചൂരിയെ കണ്ടു. മുഖ്യമന്ത്രിയെ   എല്‍.ഡി.എഫില്‍ ആലോചിച്ചേ തീരുമാനിക്കൂ എന്ന്  മാധ്യമ ക്യാമറകള്‍ക്കുമുമ്പില്‍ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചശേഷമാണ് സി.പി.ഐ നേതാക്കള്‍ മടങ്ങിയത്.

ബി.ജെ.പി മുന്നണിക്കെതിരായ രാഷ്ട്രീയ പോരാട്ടം കേന്ദ്രീകരിക്കേണ്ട ചില മണ്ഡലങ്ങളാണ് നേമം തുടങ്ങി തിരുവനന്തപുരത്തും ആനന്മുളയുള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലും കൊല്ലത്തും.  ഈ മൂന്നിടങ്ങളിലേയും സ്ഥാനാര്‍ത്ഥിപ്പട്ടിക സംസ്ഥാന കമ്മറ്റിക്ക്  തിരിച്ചയക്കേണ്ടിവന്നു. എത്ര ഗൗരവത്തോടെയാണ് ജില്ലാ കമ്മറ്റികള്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക  തയാറാക്കിയത് എന്നതിന്റെ തെളിവ്. ഗുരുദാസനെ വീണ്ടും കൊല്ലത്ത് മത്സരിപ്പിക്കാത്തത്, ന്യൂനപക്ഷ വനിതയായ ആയിഷാ പോറ്റിക്ക് സീറ്റ് നിഷേധിച്ച തീരുമാനം തിരുത്തേണ്ടിവന്നത്, 1980-ല്‍ ഇടതുമുന്നണി കേരളത്തില്‍ തോറ്റമ്പിയപ്പോള്‍ കോട്ടയത്തുനിന്ന് ജയിച്ച് ലോകസഭയിലെത്തി സി.പി.എമ്മിന്റെ മാനം കാത്ത  സുരേഷ് കുറുപ്പിനെ ആദ്യം ഒഴിവാക്കിയത്, വീണ്ടും പരിഗണിക്കേണ്ടിവരുന്നത് –  ഇതിലൊക്കെ ഒരു പൊതു പാറ്റേണ്‍ കാണുന്നു.

കായംകുളത്ത് നിര്‍ത്തിയ സ്ഥാനാര്‍ത്ഥി ബി.ഡി.ജെ.എസ് നേതാവിന്റെ അടുത്ത ബന്ധു.  ആറന്മുളയിലേക്ക് കണ്ടെത്തിയ ദൃശ്യ മാധ്യമ പ്രവര്‍ത്തക ഓര്‍ത്തഡോക്‌സ് സഭയുടെ പ്രമുഖന്റെ ബന്ധു. ഇതെല്ലാം ഇടതുപക്ഷ – ജനാധിപത്യ മുന്നണി പ്രവര്‍ത്തകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. കഴിഞ്ഞതവണ സി.പി.ഐ തിരുവനന്തപുരത്ത് പെയ്ഡ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കൈപൊള്ളിച്ചതാണ്. അതിന്റെ ആവര്‍ത്തനമാണിതെന്ന ആക്ഷേപം  അണികള്‍ ഉന്നയിക്കുന്നു. തൃശ്ശൂരിലെ ഇരിഞ്ഞാലക്കുടയില്‍ മുന്‍ സംസ്ഥാനകമ്മറ്റിയംഗം ടി. ശശിധരനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ അണികള്‍ പ്രതിഷേധിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിലെ പാര്‍ട്ടി കോട്ടയില്‍ സിറ്റിംഗ് എം.എല്‍.എയെ മത്സരിപ്പിക്കുന്നതിനെതിരെ മണ്ഡലം കമ്മറ്റിതന്നെ വാളെടുക്കുന്നു. കോടതി ഉത്തരവിനെതുടര്‍ന്ന് എറണാകുളത്തെ മരടിലാണ് കാരായിമാര്‍ കഴിയുന്നത്.   കണ്ണൂര്‍ മോഡല്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അവിടെ ഉയരുന്നു. ജില്ലാ സെക്രട്ടറി പി. രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെട്ട്.

വി.എസിന് അനുകൂലമായ പോസ്റ്ററുകളും പ്രകടനങ്ങളും നേരത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ  കന്റോണ്‍മെന്റ് ഹൗസില്‍നിന്ന്  ആസൂത്രണംചെയ്ത് നടപ്പാക്കി  എന്നായിരുന്നു വിമര്‍ശനം.  പാര്‍ട്ടി ശത്രുക്കളുടെ പണിയാണെന്നാണ് ഇപ്പോള്‍ പറയുന്നത്.

സംസ്ഥാനകമ്മറ്റി തീരുമാനം ജില്ലാ കമ്മറ്റികളും ജില്ലാ കമ്മറ്റി തീരുമാനം മണ്ഡലം കമ്മറ്റികളും മത്സരിച്ച് ലംഘിക്കുകയാണ്.   ഏപ്രില്‍ നടക്കുമെന്നു കരുതിയ തെരഞ്ഞെടുപ്പ് മെയിലേക്ക് നീട്ടിയതോടെ കിട്ടിയ നീണ്ട ഇടവേള   ഇതിന് അവസരം സൃഷ്ടിച്ചു എന്നത് ഒരു ഘടകം. മുഖ്യകാരണം അതല്ല.  ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പുവരുത്തി തുറന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും ഭയരഹിതമായി  പാര്‍ട്ടി ഘടകങ്ങളില്‍ നടക്കുന്നില്ല.  നേതൃത്വം അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കേണ്ടിവരുന്നു.  അതിനെതിരായ പൊട്ടിത്തെറിയാണിത്.  അധികാര രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ലമെന്ററി വ്യാമോഹം പൂത്തുലയുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്ന അനിവാര്യമായ പൊട്ടിയൊലിക്കല്‍.

അഴിമതിപ്രശ്‌നം ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യുമെന്നായിരുന്നു എല്‍.ഡി.എഫ് പറഞ്ഞുപോന്നത്.  അഴിമതിക്കെതിരായ തെരഞ്ഞെടുപ്പ് കുരിശുയുദ്ധം പ്രത്യേകം കേന്ദ്രീകരിക്കേണ്ട മൂന്ന് മണ്ഡലങ്ങളുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി. ധനമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന മാണിയുടെ പാല.  ബാര്‍കോഴ കേസില്‍ പെട്ട മന്ത്രി ബാബുവിന്റെ തൃപ്പൂണിത്തുറ.  തെരഞ്ഞെടുപ്പ് തലയില്‍വന്നു കയറിയിട്ടും സി.പി.എം അത് മറന്ന മട്ടാണ്.    1987 മുതല്‍ സി.പി.എമ്മാണ്  വാസവന്‍, റെജി സക്കറിയ, ചെറിയാന്‍ ഫിലിപ്പ്, സിന്ധു ജോയി. സുജ സൂസന്‍ ജോര്‍ജ്  എന്നീ സ്ഥാനാര്‍ത്ഥികളെ സ്വന്തം സീറ്റെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നിര്‍ത്തിയത്. ഇത്തവണ 26 വയസ്സുള്ള എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിനെയാണ് മുഖ്യമന്ത്രിയെ നേരിടാന്‍ നിയോഗിക്കുന്നത്.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ  കരുത്തനായ സ്ഥാനാര്‍ത്ഥിയെ  കണ്ടെത്താന്‍പോലും കഴിഞ്ഞില്ല.  ജില്ലാ സെക്രട്ടറി പി.രാജീവിന്റെ പേരിനപ്പുറം അവര്‍ക്ക് ആലോചിക്കാന്‍ കഴിയുന്നില്ല. സെക്രട്ടറി മത്സരിക്കേണ്ടെന്ന് സംസ്ഥാനകമ്മറ്റിയുടെ വ്യവസ്ഥ ഉണ്ടെങ്കിലും.

ആര്‍.എസ്.എസും ഉമ്മന്‍ചാണ്ടിയും തമ്മില്‍ രഹസ്യധാരണ എന്ന് പിണറായി വിജയന്‍ ആരോപിക്കുന്നുണ്ട്.  ഉമ്മന്‍ചാണ്ടിയുമായി പിണറായിയും ചില ധാരണയിലാണെന്ന് സംശയിപ്പിക്കുന്ന സ്ഥിതിയാണിത്.  സോളാര്‍ സമരം പെട്ടെന്ന് അവസാനിപ്പിച്ചതുമുതല്‍ ജനങ്ങള്‍ക്കിടയിലുള്ള സംശയം.  ‘എനിക്കറിയാവുന്ന  കാര്യങ്ങള്‍ ഞാന്‍ പരസ്യപ്പെടുത്തില്ലെന്ന ഉറപ്പ് പ്രതിപക്ഷത്തിനുണ്ട്’ എന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുകയുംകൂടി ചെയ്യുമ്പോള്‍.

മെയ് ആദ്യവാരത്തോടെ തെരഞ്ഞെടുപ്പ് ഫലസൂചന തനിക്ക് ഗുണംചെയ്യില്ലെന്ന് കാണുമ്പോള്‍ പിണറായി വിജയന്റെ അരിയിട്ടുവാഴ്ചക്ക് ഉമ്മന്‍ചാണ്ടിയുടെകൂടി കാണിക്ക ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കേരളത്തില്‍ ചങ്ങാത്തമുതലാളിത്തം എല്ലാ പിന്തുണയും നല്‍കി അധികാരത്തിലേറ്റുന്ന ഒരു ഗവണ്മെന്റാണല്ലോ മെയ് 19-ന് പിറക്കാന്‍പോകുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s