Kerala election scene ഇവിടെ രാഷ്ട്രീയമൂല്യങ്ങള്‍ ചോരുകയാണ്

യു.ഡി.എഫില്‍ ദ്വാരങ്ങളും ചോര്‍ച്ചയും ഏറുകയാണ്.  ഈ നില വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ മത്സര രംഗത്തിറങ്ങുമ്പോള്‍ ഓട്ടക്കുടമായേക്കാമെന്നുപോലും തോന്നുന്ന നിലയാണ്.  സ്വാഭാവികമായും എല്‍.ഡി.എഫ് അതിന്റെ ഊഷര മേഖലകളില്‍ ഈ ചോര്‍ച്ച നനവും കുളിരുമാക്കാന്‍ ശ്രമിക്കുന്നുണ്ട്.  തെരഞ്ഞെടുപ്പ് മുഹൂര്‍ത്തം പ്രഖ്യാപിക്കുമെന്ന് ഉറപ്പിച്ച് ഇത്തവണ കളത്തിലിറങ്ങി പയറ്റാന്‍ ശ്രമിച്ച യു.ഡി.എഫ് പ്രതീക്ഷിക്കാത്തതാണ് സംഭവിക്കുന്നത്

ഇതിന്റെ തീയും പുകയും ആദ്യം ഉയര്‍ന്നത് മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ തിരുവമ്പാടിയില്‍നിന്നാണ്.  യു.ഡി.എഫ് പിന്തുണയോടെ  നാടകീയമായി മുസ്ലിംലീഗ് അവരുടെ ഇരുപത് സിറ്റിംഗ് സീറ്റിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ.  സീറ്റ് മുസ്ലിം ലീഗിന് നല്‍കിയതില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താമരശ്ശേരി രൂപത പ്രതിഷേധിച്ചിരുന്നു.  മലയോര കര്‍ഷകര്‍ക്ക് നിര്‍ണ്ണായക വോട്ടുള്ള മണ്ഡലത്തില്‍ സഭയ്ക്ക് സ്വീകാര്യനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണം.  അതിനായി കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണം എന്നായിരുന്നു സഭയുടെ നിര്‍ദ്ദേശം.

2016-ല്‍ തെരഞ്ഞെടുപ്പു വരുമ്പോള്‍ മണ്ഡലം വിട്ടുതരാമെന്ന് സമ്മതിച്ച് പി.കെ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് കത്തും നല്‍കിയിരുന്നു. ആ കരാര്‍ ലംഘിക്കാനാണ്   ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്ന് തിരിച്ചറിഞ്ഞ സഭാനേതൃത്വം തങ്ങള്‍ക്കുകൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.  തങ്ങളില്‍നിന്ന് ഒരാള്‍തന്നെയാവണം സ്ഥാനാര്‍ത്ഥിയെന്ന് ആവശ്യപ്പെട്ട് മലയോര കര്‍ഷകസംഘവും രംഗത്തുവന്നു.  പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് തങ്ങളും ജില്ലാ ലീഗ് നേതൃത്വവും പ്രഖ്യാപിച്ചുകഴിഞ്ഞ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് മുസ്ലിംലീഗും പ്രഖ്യാപിച്ചു.

ഈ സന്ദര്‍ഭത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പഴയ കത്ത്   മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.  ഇതോടെ തിരുവമ്പാടി സീറ്റില്‍ മാത്രം ഒതുങ്ങാതെ വിഷയം വളരുകയാണ്.  മുഖ്യമന്ത്രിയും മുസ്ലിം ലീഗും തമ്മില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ സഭയും യു.ഡി.എഫും തമ്മില്‍ മലയോര കര്‍ഷകരും  യു.ഡി.എഫും തമ്മില്‍ എന്ന നിലയില്‍.  യു.ഡി.എഫിനെതിരെ തിരുവമ്പാടിയിലും   മലയോര കര്‍ഷകര്‍ക്ക് സ്വാധീനമുള്ള മറ്റ് മണ്ഡലങ്ങളിലും  സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് മലയോര കൃഷിക്കാരുടെ സമരസമിതി പ്രഖ്യാപിച്ചു.  കോണ്‍ഗ്രസ് ഐയും മുസ്ലിം ലീഗുമായി മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങള്‍ പെട്ടെന്ന് മൂര്‍ച്ഛിക്കുമെന്നും അത് മറ്റിടങ്ങളിലേക്കുകൂടി വ്യാപിക്കുമെന്നുമുള്ള നിലയായി. അറ്റകൈ എന്ന നിലയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഉമ്മര്‍ താമരശ്ശേരി സഭാ നേതൃത്വവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച തുടരുകയാണ്.

ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിക്കുകയും യു.ഡി.എഫിനെതിരെ എല്‍.ഡി.എഫുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയുമാണ്. കേരളാ കോണ്‍ഗ്രസ് എമ്മില്‍നിന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടിയിലേക്ക് ഒഴുക്കുകൂടി.  ഇതിന് പുറമെയാണ് ജേക്കബ് വിഭാഗം കേരളാ കോണ്‍ഗ്രസില്‍ വെള്ളിയാഴ്ച ഉണ്ടായ പൊട്ടിത്തെറി.  നേരത്തെ പി.ജെ ജോസഫ് എന്നപോലെ മന്ത്രി അനൂപ് ജേക്കബ് യു.ഡി.എഫില്‍ തുടരുകയും പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും വിശ്വസ്ഥരും യു.ഡി.എഫില്‍നിന്ന് പുറത്തുകടക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അങ്കമാലി സീറ്റ് വിട്ടുതരണമെന്ന ജോണി നെല്ലൂരിന്റെ ആവശ്യത്തോട് യു.ഡി.എഫ് നേതൃത്വം പ്രതികരിച്ചില്ല. യു.ഡി.എഫുമായി ഇന്ന് നടക്കേണ്ടിയിരുന്ന സീറ്റുവിഭജനം സംബന്ധിച്ച് ജോണി നെല്ലൂര്‍ തയാറായില്ല.  മന്ത്രി അനൂപ് ജേക്കബുമായി ആലോചിക്കാതെ ജോണി നെല്ലൂര്‍ സര്‍ക്കാര്‍ സ്ഥാപനമായ  ഔഷധിയുടെ  ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു. ജേക്കബ്ബ് കേരളയെ പിളര്‍ത്തി കൂടെകൂട്ടാനുളള ശ്രമം ഫ്രാന്‍സിസ് ജോര്‍ജ് ആരംഭിച്ചു.  ചെറിയ പാര്‍ട്ടികളെ രാഷ്ട്രീയ അടിമത്തത്തിന് വിധേയമാക്കുകയാണ് യു.ഡി.എഫ് എന്നും ഫ്രാന്‍സിസ് ജോര്‍ജ് കുറ്റപ്പെടുത്തി. ജോണി നെല്ലൂരിനെക്കൂടി എല്‍.ഡി.എഫ് പക്ഷത്തേക്ക് കൊണ്ടുവരാനുള്ള തിരക്കിട്ട ആലോചനകള്‍ നടക്കുന്നു. അങ്കമാലി സീറ്റടക്കം ജോണി നെല്ലൂരുമായി ചര്‍ച്ചചെയ്യാന്‍ തയാറാണെന്നുപറഞ്ഞ് യു.ഡി.എഫ് കണ്‍വീനര്‍ ഇതിനുപിറകെ രംഗത്തുവന്നിട്ടുണ്ട്.

യു.ഡി.എഫില്‍ ഇടംകിട്ടാതെ, ഗൗരിയമ്മയുടെ അവശിഷ്ട ജെ.എസ്.എസില്‍ ചെന്നു കയറാനും കഴിയാതെ യു.ഡി.എഫിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്ന രാജന്‍ ബാബുവും ചെറു ജെ.എസ്.എസ് സംഘവും എന്‍.ഡി.എയിലേക്ക്.  വെള്ളാപ്പള്ളി നടേശനാണ് എസ്.എന്‍.ഡി.പിയുടെ നിയമോപദേശകന്‍കൂടിയായ രാജന്‍ ബാബുവിനുവേണ്ടി ബി.ജെ.പി നേതൃത്വവുമായി മധ്യസ്ഥത വഹിച്ചത്. ബി.ജെ.പിയുടെ ഉപഗ്രഹങ്ങളായി വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയും മറ്റുചില ചെറു പാര്‍ട്ടികളും എന്ന അവസ്ഥ മാറ്റാനുള്ള രാഷ്ട്രീയ തീരുമാനമാണ് അമിത് ഷായും ആര്‍.എസ്.എസും ചേര്‍ന്ന് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.  രാഷ്ട്രീയ ശൂന്യതയാണ് കേരളത്തിലെങ്കിലും ഇവിടെ എന്‍.ഡി.എ രൂപീകരിക്കുക അതില്‍ ബി.ഡി.ജെ.എസ് പങ്കാളിയാകുക.  ഇനി വരാനിരിക്കുന്നവരും. ബി.ജെ.പിയോടുളള അയിത്തം ഒഴിവാക്കാനാണ് എന്‍.ഡി.എ എന്ന രാഷ്ട്രീയ ത്രിശങ്കു. അതില്‍ ആദ്യമായി കടന്നിരിക്കുന്നത് ഗൗരിയമ്മ പോയിട്ടും യു.ഡി.എഫില്‍ ഉറച്ചുനിന്ന അഡ്വ: എ.എന്‍ രാജന്‍ ബാബുവാണ്.

മൊത്തത്തില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ്  മെയ് 16-ലേക്ക് മാറ്റിയതുകൊണ്ട് യു.ഡി.എഫ് ആകെ ചരരാശിയിലാണ്.  ഇനിയും പലരും സീറ്റില്ലാതെ വരുമ്പോള്‍ യു.ഡി.എഫില്‍നിന്ന് പുറത്തുവരാം.  ആര്‍.എസ്.പിയുമായി വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല.  അത് തിങ്കഴാഴ്ച തുടങ്ങും.  ജെ.ഡി.യുമായുള്ള ചര്‍ച്ചയും.

രാഷ്ട്രീയ ബലാബലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന യു.ഡി.എഫിലെ സംഭവ വികാസങ്ങള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്.  ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കിടയില്‍ വികസിച്ചുവരുന്ന ഭിന്നതകളേയും വിയോജിപ്പുകളേയും മുതലെടുക്കുക എന്ന നയം തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുന്നത് സ്വാഭാവികം.  എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ നയിക്കുന്ന ജനാധിപത്യ മുന്നണി ഇടത് ജനാധിപത്യ ശക്തികളുടെ ഏകീകരണം ഊട്ടിയുറപ്പിക്കുന്നതിന് വിധേയമായാണ്  ഈ വൈരുദ്ധ്യത്തെ ഉപയോഗപ്പെടുത്തേണ്ടത്.

ഇടത് പാര്‍ട്ടികളെ വ്യത്യസ്തരാക്കുന്നത് രാഷ്ട്രീയത്തില്‍ മതം ഇടപെട്ടുകൂടാ എന്നതുപോലുള്ള ആശയ-നയ നിലപാടുകളാണ്.  ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇക്കാര്യം നിര്‍ണ്ണായകവുമാണ്.  ഇരു മുന്നണികളും ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നു എന്ന് ആക്ഷേപിച്ച് ഹൈന്ദവ  ശക്തികളെ ഏകോപിപ്പിച്ച് തങ്ങളുടെ വിഹിതം പിടിച്ചുവാങ്ങാന്‍ സംഘ് പരിവാര്‍ രംഗത്തിറങ്ങിയിരിക്കയാണ്.

അവരുടെ വാദങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള തിരുവമ്പാടി പ്രതിസന്ധി. സഭ നിശ്ചയിക്കുന്ന ആളെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തണമെന്നതാണ് അവരുടെ ആവശ്യം.  അത് ശരിവെച്ചുകൊണ്ട് കഴിഞ്ഞതവണ കുഞ്ഞാലിക്കുട്ടി എഴുതിയ കത്ത് മാധ്യമങ്ങളിലേക്ക് ഇപ്പോള്‍ ചോര്‍ത്തി നല്‍കിയത് സഭതന്നെയാണ്.  പക്ഷേ കത്ത് സ്ഥിരീകരിക്കുന്നത് സഭയുടെ രാഷ്ട്രീയത്തിലെ കൈകടത്തലാണ്. സഭ ആവശ്യപ്പെട്ടതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ടെന്ന് തിരുവമ്പാടിയിലെ മുസ്ലിം ലീഗ് എം.എല്‍.എ വിശദീകരിക്കുന്നതും മതത്തിന്റെ രാഷ്ട്രീയ ഇടപെടല്‍ എത്ര ശക്തമാണെന്നാണ്.  ഈയൊരു സംഭവം മാത്രംമതി ബി.ജെ.പിയുടെ മൂന്നാംമുന്നണിക്ക് ഈ തെരഞ്ഞെടുപ്പു മൊത്തത്തില്‍ വര്‍ഗീയമായി ധ്രുവീകരിക്കാന്‍.

ഇതിന്റെ മറ്റൊരു വശമാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി സൃഷ്ടിച്ചുകൊണ്ട് മറ്റൊരു വിഭാഗം സഭാനേതാക്കള്‍ തെക്കന്‍ കേരളത്തില്‍ ചെയ്യുന്നത്. ഇത് എല്‍.ഡി.എഫിന് അനുകൂലമായ ഭരണമാറ്റം ഉണ്ടാകുമെന്ന തിരിച്ചറിവില്‍നിന്നാണെന്നാണ് ഒരു വ്യാഖ്യാനം. യു.ഡി.എഫിലെ താമരശ്ശേരിയിലേയും കേരളാ കോണ്‍ഗ്രസ്സിലേയും ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ സീറ്റിന്റെ ഉറപ്പും വിജയ സാധ്യതയും സ്വര്‍ണ്ണത്തളികയില്‍ വെച്ചുനീട്ടി എല്‍.ഡി.എഫിന്റെ ബാഹ്യ ഇടപെടലിലൂടെ സൃഷ്ടിക്കുന്നതാണെന്നാണ് ഒരുപക്ഷം.

ഇത് ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ ഒരു അടിസ്ഥാന രാഷ്ട്രീയ ധാര്‍മ്മിക നിലപാടിന്റെ നിഷേധമാണെന്നുവരുന്നു.   ഇടതുപക്ഷ – ജനാധിപത്യ മുന്നണിയെ യു.ഡി.എഫില്‍നിന്ന് വ്യത്യസ്തമാക്കിയിരുന്നത് അതിന്റെ ധാര്‍മ്മികവും രാഷ്ട്രീയവുമായ സംശുദ്ധിയായിരുന്നു. സ്വേച്ഛാധിപത്യത്തിനെതിരായ ഒരു വിശാല പ്രതിരോധ പ്രസ്ഥാനത്തില്‍നിന്ന് വ്യത്യസ്തമാണ് നീണ്ടകാലമായി നിലനില്‍ക്കുന്ന ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ കേരളത്തിലെ അടവും നയങ്ങളും.  മുന്നണിയുടെ വികസനത്തിന് അധികാര മോഹത്തിന്റെ പേരില്‍ വരുന്നവരെയെല്ലാം ഉള്‍പ്പെടുത്തുന്നത് ഇടതുപക്ഷ – ജനാധിപത്യ മുന്നണി കാത്തു     സൂക്ഷിക്കേണ്ട രാഷ്ട്രീയ – ധാര്‍മ്മിക സംശുദ്ധിയുടെ ലംഘനമാകും.

പി.ജെ ജോസഫ് വിഭാഗം, പി.സി ജോസഫ് വിഭാഗം തുടങ്ങിയ ക്രിസ്തീയ രാഷ്ട്രീയ പാര്‍ട്ടികളും പള്ളിമേടകളില്‍നിന്ന് നിര്‍ദ്ദേശിച്ചും അനുഗ്രഹിച്ചും പല തെരഞ്ഞെടുപ്പുകളിലും അവതരിപ്പിച്ച  സ്ഥാനാര്‍ത്ഥികളും എല്‍.ഡി.എഫിന് എന്തു നല്‍കി.  സി.പി.എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ക്ക് എന്തു സംഭാവന ചെയ്തു.  ഇത് പരിശോധിച്ചാല്‍ ഈ പാര്‍ട്ടികളുടെ ബഹുജന – രാഷ്ട്രീയ സ്വാധീനം ഈ മേഖലകളില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.  അതുകൊണ്ടുതന്നെയാണ് മാറിമാറി ജോസഫുമാരേയും തോമസുമാരെയും ഫ്രാന്‍സിസ് ജോര്‍ജുമാരേയും സി.പി.എമ്മിന് തെരഞ്ഞെടുപ്പ് വേളയില്‍ ആശ്രയിക്കേണ്ടിവരുന്നത്.  തങ്ങളുടെ വിഹിതം അനുഭവിച്ചുകഴിഞ്ഞാല്‍ ഇവിടം ശൂന്യമാക്കി ഓരോരുത്തരും അധികാരത്തിന്റെ വഴിയേ പോകും.

ഇതാണ് ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ പരമ്പരാഗത ക്രിസ്തീയ മേഖലകളിലെ സ്വാധീനത്തിന്റെ ചിത്രം.  അതുതന്നെയാണ് പി.ഡി.പിയുമായും ഐ.എന്‍.എല്ലുമായും ഉണ്ടാക്കിയ ബാന്ധവത്തിന്റെ ഫലവും. വലിയ ധനസ്വാധീനവും ആള്‍ സ്വാധീനവുമുള്ള മതസംഘടനയുടെ നേതാക്കളെ കണ്ട് തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഉണ്ടാക്കുന്ന കരാറുകളുടേയും.  മലപ്പുറം ജില്ല അടക്കമുള്ള മുസ്ലിം ലീഗിന് നിര്‍ണ്ണായക സ്വാധീനമുള്ള മറ്റിടങ്ങളിലേയും ചിത്രം. തെരഞ്ഞെടുപ്പുവരുമ്പോള്‍ ഇത്തരം കച്ചവട ബന്ധങ്ങളോ കച്ചവടക്കാരും  മുതലാളിമാരുമായ സമുദായാംഗങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി അവരുടെകൂടി ധനശക്തികൊണ്ട് മുസ്ലിംലീഗിനെ നേരിടുക.  മുസ്ലിം ജനവിഭാഗങ്ങളിലും ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് വളര്‍ച്ച കുറയുന്നതിന്റെ കാരണം ഇതാണ്.

തെരഞ്ഞെടുപ്പും ഭരണവും ഇടതുപക്ഷ – ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായും ബഹുജന പിന്തുണ വര്‍ദ്ധിപ്പിച്ചും ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനുമാണ് എന്ന രാഷ്ട്രീയമല്ല സി.പി.എം പ്രയോഗത്തില്‍ വരുത്തിയത്. അതേ പാതയില്‍തന്നെയാണ് ഇത്തവണയും.  സംഘ് പരിവാറിന്റെ വരവ് മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളില്‍ കേരളത്തിലുണ്ടാക്കിയ എല്‍.ഡി.എഫിന് അനുകൂലമായ ഒരു ഘടകമൊഴിച്ചാല്‍.

അധികാരമില്ലെങ്കിലും ഈ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക.  മതമേധാവികളുടേയും മധ്യവര്‍ത്തികളുടേയും ആവശ്യമില്ലാതെ.  നേരില്‍ ഇടപെട്ട് സ്വയം വിശ്വാസ്യതയും ശക്തിയും ആര്‍ജ്ജിക്കുക. എല്‍.ഡി.എഫ് തുടര്‍ന്നുവന്നിരുന്ന ഈ രാഷ്ട്രീയം ഉപേക്ഷിച്ചതിന്റെ അവസ്ഥയും തുടര്‍ച്ചയുമാണിത്.

ഫലത്തില്‍ യു.ഡി.എഫിന്റെ തുറന്നുള്ള പ്രീണനവും ഇടത് പാര്‍ട്ടികളുടെ ഈ അവസര രാഷ്ട്രീയവും ഈ തെരഞ്ഞെടുപ്പില്‍ സംഘ് പരിവാര്‍ ശക്തികളെ സഹായിക്കുന്ന ഒരു പ്രധാന ഘടകമായിരിക്കും.   സമകാലിക രാഷ്ട്രീയത്തിന്റെ ഗൗരവം തിരിച്ചറിയാതെ അധികാര രാഷ്ട്രീയത്തിലേക്കു മാത്രം കേന്ദ്രീകരിക്കുകയാണ് എല്‍.ഡി.എഫും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s