OUT OF AGENDA അജണ്ടക്ക് പുറത്ത്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് നിശ്ചയിച്ചത് യു.ഡി.എഫിനും എല്‍.ഡി.എഫിനും അപ്രതീക്ഷിത തിരിച്ചടിയായി.  നിയമസഭയില്‍ ഇതുവരെ കടന്നിരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ബി.ജെ.പിക്കും ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനും എന്‍.ഡി.എ എന്ന പേരില്‍ ഒരു മൂന്നാംമുന്നണി  പടക്കാനുള്ള സാവകാശം ചുളുവില്‍ കിട്ടി.  ഏപ്രിലില്‍ തെരഞ്ഞെടുപ്പ് ഉറപ്പിച്ച് രഹസ്യ അജണ്ടകള്‍വരെ ഒരുക്കിവെച്ചവര്‍ നിനക്കാത്ത അനിശ്ചിതത്വത്തിലും രാഷ്ട്രീയ പ്രതിസന്ധിയിലും കുടുങ്ങി.

അവസാന മന്ത്രിസഭായോഗമെന്ന നിലയില്‍ ഔട്ട് ഓഫ് അജണ്ടയായി അംഗീകരിച്ച ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകളായി രഹസ്യമായി വെച്ചത് പുറത്തുവരാന്‍ തുടങ്ങി. അതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും നഗ്നരായി ജനങ്ങള്‍ക്കുമുമ്പില്‍ പിടിക്കപ്പെട്ടു.  കോട്ടയത്തെ മെത്രാന്‍ കായല്‍  അടക്കം 420 ഏക്കര്‍ കൃഷിഭൂമി നിയമവിരുദ്ധമായി നികത്താന്‍ അനുവദിക്കുന്ന ഉത്തരവ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു.  സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലായെന്ന്  കെ.പി.സി.സിക്കുപോലും  വിളിച്ചുപറയേണ്ടിവന്നു.  ഹൈക്കോടതി ഇടപെട്ട് ഉത്തരവ് തടഞ്ഞു.  മന്ത്രിസഭായോഗം ചേര്‍ന്ന് ഉത്തരവ് പിന്‍വലിക്കേണ്ടിയും വന്നു.

ഭരണം പോകുന്നപോക്കില്‍ ഇതിനുപിറകെ ഓരോന്നായി വഴിവിട്ടു പാസ്സാക്കിയ പല അവിഹിത ഉത്തരവുകളും വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അഞ്ചുവര്‍ഷക്കാലം ഭരണത്തിലിരിക്കെ ഉയര്‍ന്ന എല്ലാ അഴിമതി ആരോപണങ്ങളേയും ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന കേസുകളേയും ജുഡീഷ്യല്‍   അന്വേഷണത്തേയും സ്വന്തം മന:സ്സാക്ഷിയുടെ പേരില്‍ ന്യായീകരിച്ചാണ് ജനവിധിയെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി മുമ്പില്‍നിന്നത്.  തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മന:സ്സാക്ഷിയുടെ ആ നിലപാടിന് കെ.പി.സി.സിയുടേയും യു.ഡി.എഫിന്റേയും സമ്പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു എന്ന അവകാശവാദവും അദ്ദേഹം മുന്നോട്ടുവെച്ചു.

എന്നാല്‍ പരിസ്ഥിതിയെ തകര്‍ക്കുകയും കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന് ഔദ്യോഗികമായി വ്യവസ്ഥ ചെയ്തതും നികത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കിയതുമായ കായല്‍ നിലങ്ങള്‍ പതിച്ചുനല്‍കിയത് ന്യായീകരിച്ച് തെരഞ്ഞെടുപ്പ് നേരിടാന്‍ മുഖ്യമന്ത്രിക്ക് നിവൃത്തിയില്ലാത്ത അവസ്ഥയായി.  അതുകൊണ്ട് വികസനത്തിന്റെ പേരില്‍ അനുവദിച്ചതാണെന്ന് ന്യായീകരിച്ച് ഉത്തരവ് പിന്‍വലിക്കാന്‍  നിര്‍ബന്ധിതനായി.  എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ കാലത്തും ഇതേ പദ്ധതി അംഗീകാരത്തിന് മന്ത്രിസഭയ്ക്കുമുമ്പില്‍ വന്നിരുന്നെന്നും അദ്ദേഹം ന്യായീകരിക്കുന്നു.

ഉമ്മന്‍ചാണ്ടി ഗവണ്മെന്റ് പാസ്സാക്കിയ നിയമത്തിന്റെ പേര്  റിയല്‍ എസ്റ്റേറ്റ് വികസന നിയമം എന്നാണ്. അത് അന്വര്‍ത്ഥമാക്കുംവിധം റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ക്ക് ഏതറ്റംപോയും ആനുകൂല്യം ചെയ്തുകൊടുക്കുകയാണ്. സംസ്ഥാനത്ത് അതിവേഗം  കുറഞ്ഞുകൊണ്ടിരിക്കുന്ന കൃഷിസ്ഥലങ്ങളും കായലുകളും തണ്ണീര്‍തടങ്ങളും പതിച്ചുനല്‍കുകയാണ്.  ഒരു ഭാഗത്ത് കൃഷിക്കാരില്‍നിന്ന് ഭൂമി വാങ്ങിക്കൂട്ടി ഭൂബാങ്കുകള്‍ സൃഷ്ടിക്കുന്ന നിക്ഷേപകര്‍. അതിനുവേണ്ടി വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് ഒഴുകുന്ന കോടിക്കണക്കില്‍ കള്ളപ്പണം.  ഇതിന്റെ പേരില്‍ പടച്ചുണ്ടാക്കുന്ന കടലാസുകമ്പനികള്‍.  രാഷ്ട്രീയക്കാരേയും റവന്യൂ മേലധികാരികളേയും മന്ത്രിമാരേയും  സ്വാധീനിച്ച് ഈ പദ്ധതികള്‍ക്ക് നേടിയെടുക്കുന്ന അംഗീകാരം.  ചുരുക്കത്തില്‍ വിദേശത്തു നിക്ഷേപമുള്ള കള്ളപ്പണക്കാരും അവരുടെ ബിനാമികളും റിയല്‍ എസ്റ്റേറ്റ് മാഫിയകളും സര്‍ക്കാറിനേയും കേരളത്തേയും വിലക്കെടുക്കുകയാണ്.

2006-ലെ എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ കാലത്തുതന്നെ തുടക്കമിട്ട പ്രതിഭാസമാണിത്.  ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഗവണ്മെന്റിന് പിന്‍വലിക്കേണ്ടിവന്നിട്ടുള്ള മെത്രാന്‍ കായലും മറ്റുമായി ബന്ധപ്പെട്ട പദ്ധതി എല്‍.ഡി.എഫ് മന്ത്രിസഭയുടെ പരിഗണനക്ക് എത്തുകയുണ്ടായി. മുഖ്യമന്ത്രി വി.എസും സി.പി.ഐക്കാരായ കൃഷി – റവന്യൂ മന്ത്രിമാരും അന്ന് ശക്തമായി എതിര്‍ത്തതുകൊണ്ട് നടന്നില്ല. അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസും എതിര്‍ത്തിരുന്നു.  അന്ന് പരാജയപ്പെട്ട സംരംഭമാണ് ഭരണം പോകുന്നപോക്കില്‍ റവന്യൂമന്ത്രിപോലും അറിയാതെ മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും താല്പര്യമനുസരിച്ച് ‘ഔട്ട് ഓഫ് അജണ്ട’ ആയി മന്ത്രിസഭ അംഗീകരിച്ചത്.

മന്ത്രിസഭയുടെ തീരുമാനം കൂട്ടുത്തരവാദിത്വത്തിന്റേതാണ്. മറ്റ് വകുപ്പുകള്‍ കൊണ്ടുവരുന്നത് പാസ്സാക്കി കൊടുക്കുന്ന ഗതികേടിലാണ് റവന്യൂവകുപ്പെന്ന് മന്ത്രി പരിതപിക്കുന്നു.  മുഖ്യമന്ത്രി വികസനമെന്ന സദുദ്ദേശ്യത്തിന്റെ പേരില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയ നടപടികളെ ന്യായീകരിക്കുന്നു.  റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും കള്ളപ്പണക്കാര്‍ക്കും കൂട്ടുനിന്ന ഇത്തരം ആളുകള്‍ എല്‍.ഡി.എഫ് ഗവണ്മെന്റിലുണ്ടായിരുന്നെന്നും  ന്യായീകരിക്കുന്നു.  സ്വന്തം പാര്‍ട്ടിക്കാര്‍ക്കും മന്ത്രിമാര്‍ക്കുംതന്നെ തള്ളിപ്പറയേണ്ടിവന്ന ഈ തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മുന്നോട്ടുവന്നില്ല.  അതുകൊണ്ട് ഈ ഔട്ട് ഓഫ് അജണ്ടകള്‍ ദിവ്യഗര്‍ഭമായി ജനങ്ങള്‍ വിശേഷിപ്പിക്കേണ്ട സ്ഥിതിയാണ്.

നിരപരാധി ചമയുന്ന റവന്യൂമന്ത്രിയുടെ തനിനിറവും  ഇതോടൊപ്പം വെളിപ്പെടുന്നുണ്ട്. തന്റെ നിയോജകമണ്ഡലത്തിലുള്ള എന്‍.എസ്.എസ്,  എസ്.എന്‍.ഡി.പി സഭ, ക്രിസ്തീയസഭ തുടങ്ങിയവയ്ക്ക് റവന്യൂമന്ത്രിയും കോന്നി നിയോജകമണ്ഡലത്തില്‍ 18 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി.  സ്ഥാനാര്‍ത്ഥിയുടെ വേഷം കെട്ടുംമുമ്പ്  പ്രീണനം നടത്താന്‍. ജനങ്ങള്‍ അധികാരത്തിലേറ്റിയവര്‍ ഭരിച്ചിറങ്ങുന്നതിനിടയില്‍ യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹകുറ്റംതന്നെയാണ് നടത്തുന്നത്. കൃഷിഭൂമിയും കായലും നീര്‍ത്തടങ്ങളും മാത്രമല്ല കേരളത്തിന്റെ പച്ചപ്പും ഈര്‍പ്പവുംപോലും നശിപ്പിച്ചുകൊണ്ട്.

യു.ഡി.എഫ് മാത്രമാണ് ഇതിനുത്തരവാദിയെന്ന് കരുതുന്നത് ആത്മവഞ്ചനയായിരിക്കും.  വികസനം തെങ്ങിന്റെ മണ്ടയിലൂടെ വരുമോ എന്നു ചോദിച്ച ഒരു മന്ത്രി എല്‍.ഡി.എഫ് ഭരണത്തിലുണ്ടായിരുന്നു.  സി.പി.എമ്മിലെ വിഭാഗീയതതന്നെ മൂര്‍ച്ഛിച്ചത് റിയല്‍ എസ്റ്റേറ്റ് കൊള്ളക്കാരുടേയും വികസന നിക്ഷേപകരുടേയും വരവോടെയാണ്. വിഭാഗീയത അവസാനിപ്പിച്ചു എന്നു പറയുമ്പോള്‍ എല്‍.ഡി.എഫിന്റെ വികസന നയവും കേവലം റിയല്‍ എസ്റ്റേറ്റ് വികസനമായി ചുരുങ്ങി എന്നാണ്.

എല്‍.ഡി.എഫിന്റെ കാലത്ത് നടക്കാതെപോയ പദ്ധതിയുടെ നഷ്ടപരിഹാരം തേടി നിക്ഷേപകരാരും രംഗത്തുവരുന്നില്ല. കള്ളപ്പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുമെന്ന ഭയം. യു.ഡി.എഫ് ഗവണ്മെന്റിലൂടെ അത്  ഫലപ്രാപ്തിയിലെത്തിക്കാമെന്ന വിശ്വാസം – ഇതാണ് അവരെ നയിച്ചത്.  എല്‍.ഡി.എഫ് ഗവണ്മെന്റാണ് പകരം വരുന്നതെങ്കില്‍ തങ്ങളുടെ കാര്യം നേടാന്‍ വേണ്ടത് ചെയ്യുന്ന തിരക്കിലാണിവര്‍.  ആരെയൊക്കെ ജനപ്രതിനിധികളായി സഭയിലെത്തിക്കണമെന്നും ആരൊക്കെ മന്ത്രിമാരാകുമെന്ന് ഉറപ്പുവരുത്താനും  അവര്‍  അണിയറയില്‍ പരിശ്രമിക്കുകയാണ്.

ബി.ജെ.പിക്ക് ഭരണമില്ലെങ്കില്‍പോലും  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാനസപുത്രനായ വ്യവസായി  കേരളത്തില്‍ വന്ന് വികസനത്തിന് തുടക്കമിട്ടുകഴിഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തില്‍  മൂന്നാംമുന്നണിയായി രംഗത്തിറങ്ങിയിട്ടുള്ള രാഷ്ട്രീയ ശക്തികള്‍ക്കും പിന്തുണയും സഹായവും നല്‍കാന്‍ അത്തരം ആളുകള്‍ രംഗത്തുണ്ട്.  പൊതുമേഖലാ സ്ഥാപനങ്ങളേയും അവയുടെ കൈവശമിരിക്കുന്ന പൊന്നുംവിലയുള്ള ഏക്കര്‍ കണക്കില്‍ ഭൂമികളും കൈവശപ്പെടുത്താന്‍ ബി.ജെ.പി ബന്ധം അവര്‍ക്കനിവാര്യമാണ്. മോദി ഗവണ്മെന്റാകട്ടെ റയില്‍വേ ബജറ്റിലൂടെയും പൊതു ബജറ്റിലൂടെയും പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളെല്ലാംതന്നെ പൊതുമേഖലയെ സ്വകാര്യവത്ക്കരിക്കുന്ന നയങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണ്.

ഫാക്ടിന് ആയിരംകോടി രൂപ സഹായം പ്രഖ്യാപിച്ചതുതന്നെ ഫാക്ടിന്റെ ഭൂമി കേന്ദ്രം ഈടുവാങ്ങിയാണ്.  ഫാക്ടിന്റെ പ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയിലാകുമ്പോള്‍ ഈ ഭൂമി ഏതുവഴിക്ക് ആരൊക്കെ കൊണ്ടുപോകുമെന്ന് കണ്ടറിയേണ്ടിവരും. ചുരുക്കത്തില്‍ കേരളം  കള്ളപ്പണക്കാരുടേയും വന്‍ വ്യവസായ കൊള്ളക്കാരുടേയും കൈപ്പിടിയില്‍ ഒതുങ്ങുന്ന സ്ഥിതിയാണുള്ളത്.  സംസ്ഥാന ഗവണ്മെന്റിന്റേയും കേന്ദ്ര ഗവണ്മെന്റിന്റേയും പിന്‍ബലത്തില്‍.  ദൈവത്തിന്റെ  നാട്ടിലെ മണ്ണും നദിയും വെള്ളവും എന്തിന് പരിസ്ഥിതിപോലും.

ഔട്ട് ഓഫ് അജണ്ടയായി അവസാനവട്ട മന്ത്രിസഭായോഗത്തില്‍ എടുത്ത മറ്റ് ചില തീരുമാനങ്ങളുടെ അവസ്ഥകൂടി നോക്കുക. പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും എ.ഡി.ജി.പിമാര്‍ക്കും പ്രമോഷന്‍ നല്‍കാന്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ ഏറ്റുമുട്ടി.  ഒടുവില്‍ മുഖ്യമന്ത്രി മധ്യസ്ഥനായി. പൊലീസ് മേധാവികള്‍ക്ക് പ്രമോഷന്‍ നല്‍കാനുള്ള ആഭ്യന്തമന്ത്രിയുടെ നിര്‍ദ്ദേശത്തിനൊപ്പം ഏഴ് ഗവണ്മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിമാരെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരാക്കി.   ഇപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുടെ സ്ഥാനക്കയറ്റ തീരുമാനം കേന്ദ്രഗവണ്മെന്റ് തടഞ്ഞിരിക്കയാണ്.

ഇതേ യോഗത്തില്‍വെച്ചാണ് റിട്ടയര്‍ ചെയ്യുന്ന ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി തന്റെ ഉപദേശകനായി നിയമിച്ചത്.  വീണ്ടും അധികാരത്തില്‍ വന്നാല്‍ മുന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയെ ഉപദേശിച്ച് ഭരണത്തിന്റെ തലപ്പത്തുതന്നെ തുടരാം. അല്ലെങ്കില്‍ പുതിയ ഭരണത്തിന്‍കീഴില്‍ അതിലും കണ്ണായ സ്ഥാനത്തേക്ക് കയറിയിരിക്കാം. അഡൈ്വസര്‍ നിയമനത്തിനുമുമ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനായി ചീഫ് സെക്രട്ടറിയെ നിയമിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.  പ്രതിപക്ഷത്തുനിന്നുയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

ഭരണം പോകുന്നപോക്കില്‍ പൊലീസിന്റേയും   ബ്യൂറോക്രസിയുടേയും ഉന്നതങ്ങളില്‍ വിശ്വസ്തരും ഇഷ്ടക്കാരുമായ ഉദ്യോഗസ്ഥരെ കുടിയിരുത്തുന്നത് രണ്ടുനിലയ്ക്കാണ്.  മറ്റൊരു ഗവണ്മെന്റും നേരിട്ടിട്ടില്ലാത്ത ഗുരുതരമായ അഴിമതി ആരോപണങ്ങളും പൊലീസ് അന്വേഷണങ്ങളും കോടതിക്കേസുകളും   നേരിട്ട ഗവണ്മെന്റാണ് ഉമ്മന്‍ചാണ്ടിയുടേത്.  തെളിവുകള്‍ എവിടെ എന്ന് അദ്ദേഹം അഹങ്കരിക്കുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കാണ് ഉപകാരസ്മരണ നല്‍കിയത്.  ബ്യൂറോക്രസിയുടേയും പൊലീസിന്റേയും തലപ്പത്തിരുന്ന് തുടര്‍ന്നും സഹായം നല്‍കാന്‍ അവരെ ബാധ്യസ്ഥരാക്കുകയാണ്.  തെരഞ്ഞെടുപ്പില്‍ ജയിച്ചാലും പ്രതിപക്ഷത്തിരിക്കേണ്ടിവന്നാലും താക്കോല്‍ സ്ഥലങ്ങളില്‍ വിശ്വസ്തരുണ്ടാകും.

ഇടതുപക്ഷ – ജനാധിപത്യ മുന്നണി യു.ഡി.എഫില്‍നിന്ന് വ്യത്യസ്തമാകണമെങ്കില്‍ പുതിയ ഗവണ്മെന്റിന്റെ നയം ഇക്കാര്യങ്ങളിലെല്ലാം വ്യത്യസ്തമാകുമെന്ന് അവര്‍ വിശദീകരിക്കേണ്ടതുണ്ട്.  റിയല്‍ എസ്റ്റേറ്റ് വികസനമാണോ അതോ കേരളത്തിന്റെ പ്രകൃതി സമ്പത്തും പരിസ്ഥിതിയും കാത്തുസൂക്ഷിക്കുന്ന, വ്യവസായങ്ങള്‍, പൊതുമേഖല, കാര്‍ഷികമേഖല തുടങ്ങിയ നിര്‍ണ്ണായക മേഖലകള്‍  സംരക്ഷിക്കുന്ന നയം.  തൊഴില്‍ സാധ്യതകള്‍ അടിയന്തരമായി  സൃഷ്ടിക്കുന്നത്.

എന്തെല്ലാം  പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. വെറും അഴിമതി, അഴിമതി എന്ന് കൂവി നടന്നതുകൊണ്ടും പാര്‍ട്ടി പ്രവര്‍ത്തനം കരിങ്കൊടി പ്രകടനമായി മാറ്റിയതുകൊണ്ടും ജനങ്ങള്‍ അധികാരത്തിലേറ്റില്ല. അങ്ങനെ കരുതുന്നത് വ്യാമോഹമാകും. യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെയാണെന്ന് കുറ്റപ്പെടുത്തി  മൂന്നാമതൊരു മുന്നണി വോട്ടുതേടി രംഗത്തുള്ളപ്പോള്‍.  റയില്‍വെ ബജറ്റിലും പൊതു ബജറ്റിലും കേരളമെന്നൊരു നാടുണ്ടെന്ന് ഓര്‍ക്കാന്‍ മറന്നുപോയവരാണ് അവരുടെ കേന്ദ്രനേതാക്കള്‍. എങ്കിലും  പ്രചാരണരംഗത്ത് ഒരു പ്രധാനമന്ത്രിയെ അവര്‍ക്ക് അവതരിപ്പിക്കാന്‍ ആദ്യമായി അവസരം കൈവന്നിട്ടുണ്ട് എന്നുകൂടി വരുമ്പോള്‍.

ചങ്ങാത്ത മുതലാളിത്തത്തിന്റെ ഒരു ഗവണ്മെന്റ് രൂപപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.  പുതിയ ഗവണ്മെന്റ് എല്‍.ഡി.എഫിന്റേതായാലും യു.ഡി.എഫിന്റേതായാലും ബി.ജെ.പിയുടേതായാലും.

One response to “OUT OF AGENDA അജണ്ടക്ക് പുറത്ത്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s