V S v/s Party, V S with the people വി.എസ് – പാര്‍ട്ടി പോര് വീണ്ടും

സി.പി.എമ്മിലും അതുമായി ബന്ധപ്പെട്ട് കേരള സമൂഹത്തിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചര്‍ച്ചയാകാന്‍ പോകുന്ന രണ്ടു പ്രധാന വിഷയങ്ങളെക്കുറിച്ചാണ് ഈ പംക്തിയില്‍ എഴുതാന്‍ തുടങ്ങിയത്.  അതിനിടയ്ക്ക്  ‘വി.എസ്സിന്റെ പരാമര്‍ശങ്ങളെക്കുറിച്ച്’ എന്ന തലക്കെട്ടില്‍ ദില്ലിയില്‍നിന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ചു.  മൂന്നുംകൂടി ചേര്‍ത്താണ്  ഈ പംക്തിയ്ക്ക് ഇത്തവണ  തലക്കെട്ട്: വി.എസും പാര്‍ട്ടിയും തമ്മിലുള്ള പോര്  വീണ്ടും എന്ന്.   അപ്രതീക്ഷിതവും അസാധാരണവുമെന്ന് പാര്‍ട്ടിക്കു പുറത്തുള്ളവര്‍ക്ക് തീര്‍ച്ചയായും തോന്നുന്ന ഒരു സന്ദര്‍ഭത്തില്‍.

‘മാതൃഭൂമി’ ന്യൂസ് ചാനലില്‍ വ്യാഴാഴ്ച വി.എസ് നടത്തിയ  വെളിപ്പെടുത്തല്‍ അപ്പോള്‍തന്നെ ദൃശ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും വെള്ളിയാഴ്ചത്തെ അച്ചടിമാധ്യമങ്ങള്‍ അതേറ്റെടുക്കുകയും ചെയ്തു.  അതിനു സമാന്തരമായാണ്  സി.പി.എം കേരളത്തില്‍മാത്രമായി സംഘടനാ പ്ലീനം നടത്തുന്നു എന്ന വാര്‍ത്തയ്ക്ക് പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് സ്ഥിരീകരണമുണ്ടായത്.  മറ്റു പാര്‍ട്ടികള്‍  ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍  സി.പി.എമ്മില്‍ എന്താണിങ്ങനെ?  ഈ ചോദ്യം  സജീവമാകുന്നതുകൊണ്ട് അതിലേക്കു കടക്കുന്നു.

പത്രത്തിന്റെ പൂച്ചെണ്ട് : നവതിയിലെത്തുന്ന വി.എസിന് 'മംഗളം' പത്രം അദ്ദേഹവുമായുള്ള ദീര്‍ഘ അഭിമുഖം സാധാരണ മുഖപ്പേജിനുമുമ്പില്‍ ജാക്കറ്റ് പേജായി പ്രസിദ്ധീകരിച്ചാണ് ആശംസയര്‍പ്പിച്ചത്.

പത്രത്തിന്റെ പൂച്ചെണ്ട് : നവതിയിലെത്തുന്ന വി.എസിന്.  ‘മംഗളം’ പത്രം അദ്ദേഹവുമായുള്ള ദീര്‍ഘ അഭിമുഖം സാധാരണ മുഖപ്പേജിനുമുമ്പില്‍ ജാക്കറ്റ് പേജായി പ്രസിദ്ധീകരിച്ചാണ് ശനിയാഴ്ചതന്നെ ആശംസയര്‍പ്പിച്ചത്.

‘മാതൃഭൂമി’ ന്യൂസിന്റെ ‘ചോദ്യം ഉത്തരം’ വേളയില്‍ സി.ഇ.ഒ ഉണ്ണി ബാലകൃഷ്ണനോട് വി.എസ് വെളിപ്പെടുത്തിയത് 2011-ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ തുടര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ അശ്രദ്ധകൊണ്ടും ഒരു വിഭാഗത്തിന്റെ താല്‍പ്പര്യംകൊണ്ടും നഷ്ടപ്പെട്ടതാണെന്നാണ്.

വി.എസ് ഈ ഘട്ടത്തില്‍ ഇതെന്തിനാണ് വിളിച്ചുപറയുന്നത്. ഞായറാഴ്ച തൊണ്ണൂറുതികയുന്ന  വി.എസ്സിന്റെ നാവില്‍നിന്ന്  ഒതുക്കിവെച്ചത് ഉള്ളില്‍നിന്ന് അറിയാതെ പുറത്തുചാടിയതോ. അതോ പി.ബി. അന്വേഷണകമ്മിഷന്റെ മുമ്പില്‍ വിധി കാത്തുനില്‍ക്കുന്ന പാര്‍ട്ടിയുടെ സ്ഥാപക കാരണവര്‍ കരുതിക്കൂട്ടി പറഞ്ഞതോ?

എന്തായാലും ഏറെ ആലോചിക്കാതെയോ വേണ്ടതിലേറെ ആലോചിച്ചോ സി.പി.എം പൊളിറ്റ് ബ്യൂറോ പരസ്യമായി വി.എസ്സിനെ തള്ളിപ്പറഞ്ഞു.  പാര്‍ട്ടി നേരത്തെ തീരുമാനിച്ചു കഴിഞ്ഞ കാര്യങ്ങളിലുള്ള വി.എസ്സിന്റെ  ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണെന്ന്.  മാത്രവുമല്ല ഇത്തരം   ‘ധിക്കാരപൂര്‍വമായ’ പരസ്യ ഇടപെടലുകളില്‍നിന്ന് വി.എസ് പിന്മാറണമെന്നും പാര്‍ട്ടി നേതൃത്വം ആജ്ഞാപിച്ചു.

സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിനെതിരെ     വി.എസ്   ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അമ്പേഷിക്കുന്ന ജനറല്‍ സെക്രട്ടറിയടക്കമുള്ള കമ്മിഷന്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട പി.ബിയുടേതാണ് പ്രസ്താവന.  സാങ്കേതികമായല്ലെങ്കിലും ഫലത്തില്‍ ഇതൊരു പരസ്യ ശാസനയും അന്ത്യ ശാസനവുമാണ്.

ഒരിക്കല്‍മാത്രമേ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവിനെതിരെ ശാസിക്കുംവിധം സി.പി.എം പി.ബി ഇത്തരമൊരു പ്രസ്താവന ഇറക്കിയിട്ടുള്ളൂ.   ഇ.എം.എസ്സിനെതിരെ.     ഗാന്ധിയെയും മുഹമ്മദലി  ജിന്നയെയും താരതമ്യപ്പെടുത്തി ‘മതമൗലികത രണ്ടുതരം’ എന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനമാണ് അന്ന് തള്ളിപ്പറഞ്ഞത്.

പാര്‍ട്ടി നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനം ആവര്‍ത്തിച്ചുകൂടാ എന്നതാണ് അഖിലേന്ത്യാനേതൃത്വത്തിന്റെ അന്ത്യശാസനം.  വീണ്ടും വീണ്ടും ഇവ ഉന്നയിക്കുന്നതിന്റെ സാഹചര്യമെന്താണ്, പാര്‍ട്ടി ശാസനയോടുള്ള വി.എസ്സിന്റെ തുടര്‍ന്നുള്ള പ്രതികരണമെന്തായിരിക്കും. ഇതാണിനി  സി.പി.എം – ഇടതുമുന്നണി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകുക.

മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ രാജിയാവശ്യത്തില്‍നിന്ന് ശ്രദ്ധ സി.പി.എമ്മിലേക്കുതന്നെ കേന്ദ്രീകരിക്കുകയാണ്.  ഇടവേളയിലേക്കു  മാറ്റിനിര്‍ത്തിയ ഉപരോധസമരം  മുഖ്യമന്ത്രിയുടെ സമ്പര്‍ക്കപരിപാടിയോടുചേര്‍ത്ത് വീണ്ടും സജീവമാക്കാന്‍ തുടങ്ങിയ സന്ദര്‍ഭത്തില്‍തന്നെയാണ്   സി.പി.എമ്മിലെ ഈ സംഭവവികാസം.  അതുകൊണ്ട് വി.എസ്- പാര്‍ട്ടി പോര് ഉമ്മന്‍ചാണ്ടി വിഷയത്തെ മറച്ചോ മായ്‌ച്ചോ കേരള രാഷ്ട്രീയ വേദിയുടെ കേന്ദ്രബിന്ദുവായി മാറും.

‘മാതൃഭൂമി’ ന്യൂസുമായുള്ള അഭിമുഖത്തിന്റെ കാര്യത്തില്‍ രണ്ടു വശങ്ങളുണ്ട്.  ഒന്ന്, വി.എസ് പറഞ്ഞത് പിണറായി വിജയനടക്കമുള്ള ഔദ്യോഗിക നേതൃത്വം അംഗീകരിച്ചതും കേന്ദ്രകമ്മറ്റി ശരിവെച്ചതുമാണ്.  രണ്ടുമൂന്നു സീറ്റുകളില്‍ പാര്‍ട്ടിയുടെ ജാഗ്രതക്കുറവുണ്ടായിരുന്നില്ലെങ്കില്‍ എല്‍.ഡി.എഫ് തുടര്‍ച്ചയായി 2011-ല്‍ വീണ്ടും അധികാരത്തില്‍ വരുമായിരുന്നു എന്ന്.  എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ ഇതാഗ്രഹിച്ചില്ല എന്നും വി.എസ് വെളിപ്പെടുത്തി.  രണ്ടാമത്തെ വശം പാര്‍ട്ടിക്കകത്തെ വി.എസ്സിന്റെ സംഘടനാപരമായ നിലനില്‍പ്പിന്റേതാണ്.  ‘പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതമായ പ്രസ്താവനകളിറക്കുകയും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന’ ആളാണ് വി.എസ് അച്യുതാനന്ദന്‍ എന്നാണ് കേന്ദ്ര കമ്മറ്റി വിലയിരുത്തിയിട്ടുള്ളത്.  ഇതിന് പി.ബിയില്‍നിന്ന് ഇറക്കിക്കെട്ടുകയും പരസ്യമായി ശാസിക്കുകയും 2012 ജൂലൈയിലെ കേന്ദ്രകമ്മറ്റിയില്‍ ശക്തമായി വിമര്‍ശിക്കാന്‍ തീരുമാനിക്കുകയുമൊക്കെ ചെയ്തതാണ്.  അങ്ങനെയുള്ള വി.എസ്സിനെ കേന്ദ്ര കമ്മറ്റിയില്‍നിന്നും പ്രതിപക്ഷ നേതൃത്വത്തില്‍നിന്നും നീക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യവും പാര്‍ട്ടി പരിഗണനയിലാണ്.  ഇതു സംബന്ധിച്ച അന്വേഷണ കമ്മിഷന്റെ തീരുമാനം കാത്തിരിക്കുന്നതിനിടയ്ക്കാണ് വീണ്ടും പരസ്യപ്രസ്താവനയും പി.ബിയുടെ പരസ്യ തള്ളിപ്പറച്ചിലും.

പി.ബി. പ്രസ്താവന ‘മാതൃഭൂമി’ ചാനലിലെ അഭിമുഖത്തെക്കുറിച്ചാണ് എന്നു തോന്നാമെങ്കിലും അതു മാത്രമല്ല.  ‘പാര്‍ട്ടി തള്ളിക്കളഞ്ഞ, തീരുമാനങ്ങളെടുത്ത വിഷയങ്ങളില്‍’ എന്ന വിശദീകരണം അതു വ്യക്തമാക്കുന്നു.   ‘മാതൃഭൂമി’ ന്യൂസ് അഭിമുഖത്തിനുമുമ്പ് ‘ഇന്ത്യാവിഷനു’ നല്‍കിയ അഭിമുഖത്തില്‍തന്നെ വി.എസ്  തുടക്കമിട്ടിരുന്നു.  ലാവ്‌ലിന്‍ കേസില്‍ അഴിമതി നടന്നിട്ടുണ്ടെന്ന സി.എ.ജി  നിലപാട് ശരിവെയ്ക്കുന്നു എന്നുപറഞ്ഞ്.

വെള്ളിയാഴ്ച ‘മനോരമ ന്യൂസ്’ മേധാവി ജോണി ലൂക്കോസിന് നല്‍കിയ അഭിമുഖത്തില്‍ അതുവീണ്ടും പോഷിപ്പിച്ചു.   സി.എ.ജി നിലപാടിനെ ഇതുവരെ ആരും തള്ളിപ്പറഞ്ഞിട്ടില്ല.   പാര്‍ട്ടി നിലപാടില്‍നിന്നു വ്യത്യസ്ഥമായി അതില്‍ ഉറച്ചുനില്‍ക്കുന്നത് അതുകൊണ്ടാണ്.  നേതൃത്വത്തെ ഞെട്ടിപ്പിക്കുന്ന മറ്റൊരു അഭിപ്രായ പ്രകടനവും വി.എസ് നടത്തി: ടി.പി. ചന്ദ്രശേഖരനെ വധിച്ചത് സി.പി.എമ്മിന്റെ അന്തസ്സുകെടുത്തി എന്നു  തറപ്പിച്ചു പറഞ്ഞ്.

ശനിയാഴ്ച കാലത്ത് ‘റിപ്പോര്‍ട്ടര്‍’ ടി.വിക്കുവേണ്ടി നികേഷ് കുമാറിനും വി.എസ്  അഭിമുഖം അനുവദിച്ചിട്ടുണ്ട്.   ‘മംഗളം’ ദിനപത്രത്തിന്    ഇതിനകം വി.എസ് സുദീര്‍ഘമായ ഒരഭിമുഖം നല്‍കിയിട്ടുമുണ്ട്.  അതിലും എന്തെങ്കിലും ഉണ്ടായിരിക്കണം.

വി.എസ്സിന്റെ തൊണ്ണൂറാം പിറന്നാളുമായി ബന്ധപ്പെട്ടാണ് ഈ അഭിമുഖങ്ങളെല്ലാം എന്ന് സാങ്കേതികമായി ന്യായീകരിക്കാം.  പക്ഷെ, സ്വയം ഒരുക്കത്തോടെയാണ്  തുടര്‍ച്ചയായ ഈ പരസ്യ  വിമര്‍ശങ്ങളെന്നത് വലിയൊരു സൂചനയാണ്. ഈ വിവരം കേരള നേതൃത്വത്തില്‍നിന്ന് അറിഞ്ഞാണ്   വി.എസ്സിനോട് വായ മൂടാന്‍  പി.ബി ആവശ്യപ്പെട്ടിരിക്കുന്നത്.  ശനിയാഴ്ച നികേഷുമായുള്ള അഭിമുഖത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അന്ത്യശാസനത്തോടുള്ള  വി.എസ്സിന്റെ നിലപാട് വ്യക്തമാകും.  തല്‍ക്കാലം രണ്ടടി പിന്‍വാങ്ങി അച്ചടക്കത്തിന്റെ വാല്മീകത്തിലേക്ക് മടങ്ങുമോ? ഉള്‍പ്പാര്‍ട്ടി പോരാട്ടവുമായി മുഖാമുഖം മുന്നോട്ടുപോകുമോയെന്ന്.

ഇതു പറയുമ്പോള്‍ മറ്റു ചിലതുകൂടി സി.പി.എം അണിയറയ്ക്കകത്ത് നടക്കുന്നുണ്ട്.  ഇവയ്‌ക്കൊക്കെ ആധാരമായ ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള തീരുമാനങ്ങളും വരുംദിവസങ്ങളെ കാത്തുനില്‍പ്പുണ്ട്.  അതിലാദ്യത്തേത് നവംബര്‍ 5-ന് ഉണ്ടാകുമെന്നു പറയുന്ന ലാവ്‌ലിന്‍ കേസിലെ വിധിയാണ്.

തന്നെ കുറ്റവിമുക്തനാക്കണമെന്ന പിണറായി വിജയന്റെ ഹര്‍ജിയില്‍ സി.ബി.ഐ കോടതി 5-നു  പുറപ്പെടുവിക്കുന്ന ഉത്തരവ്.   ഈ കേസില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടുണ്ട് എന്നും അതിന്റെ പശ്ചാത്തലത്തിലുള്ള വിധിയേ കോടതിയില്‍നിന്നുണ്ടാകൂ എന്നും സൂചനകളുണ്ട്.  ലാവ്‌ലിന്‍കേസ് നടത്തിയിരുന്ന പ്രഗത്ഭനായ പ്രോസിക്യൂട്ടറെ  സി.ബി.ഐ മാറ്റിയിരുന്നു. കേസും നിയമവുമറിയാത്ത ഒരു വിദ്വാനെയാണ്  വാദത്തിനിറക്കിയത്.   ഇതു കഴിഞ്ഞ ദിവസം കോടതിതന്നെ പരസ്യമായി ചൂണ്ടിക്കാണിച്ചതാണ്.  അന്വേഷണ ഉദ്യോഗസ്ഥന്റെ കാര്യത്തിലും ഇതുപോലൊരു ഇടപെടല്‍ ഉണ്ടായിരുന്നു.

കോണ്‍ഗ്രസ് ഐയും സി.പി.എമ്മുമായി ചന്ദ്രശേഖരന്‍ വധക്കേസിനെതുടര്‍ന്ന്  ദേശീയതലത്തില്‍  ഒത്തുതീര്‍പ്പുണ്ടാക്കിയതായി  സൂചനകളുണ്ടായിരുന്നു.  തുടര്‍ന്ന് ലാവ്‌ലിന്‍ കേസിലും ടി.പി വധക്കേസിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി.  ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ ഉപരോധം തളര്‍ത്തി, പ്രത്യുപകാരവും ചെയ്തു.  ഇങ്ങനെയൊരു നിഗൂഢ രാഷ്ട്രീയ ബാന്ധവത്തിന്റെ  തിരനോട്ടമുണ്ടെന്ന് സംശയിക്കാന്‍ പല വസ്തുതകളുമുണ്ട്.  അതു മനസ്സിലാക്കിയാണ് വി.എസ്സിന്റെ ആവര്‍ത്തിച്ചുള്ള നിലപാടുകള്‍ എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല.

ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി     നവംബര്‍ 6-ന്  സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ആദ്യ ജില്ലാറാലി തിരുവനന്തപുരത്തു നിശ്ചയിച്ചിട്ടുണ്ട്.  നവംബര്‍ 5-ന്റെ കോടതിവിധിയും 6-ന്റെ റാലിയും തമ്മില്‍ ബന്ധമുണ്ടെന്ന് കരുതുന്നവരുണ്ട്.  ടി.പി. വധക്കേസ്  രണ്ടാഴ്ച മുടക്കിയ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നവംബര്‍ അവസാനത്തില്‍ വിധി പറയുമായിരുന്നു. ഇതു കണക്കാക്കിയാണ്  പാര്‍ട്ടി സംസ്ഥാന പ്ലീനം നവംബര്‍ അവസാനത്തേക്ക് ആസൂത്രണം ചെയ്തത്.  അതിപ്പോള്‍ ഡിസംബറിലേക്ക് മാറ്റുമെന്ന്  സൂചനയുണ്ട്.

ചന്ദ്രശേഖരന്‍ വധക്കേസുവിധിക്കു പിറകെ പ്ലീനം. അതിനുമുമ്പുതന്നെ പി.ബി. കമ്മിഷന്‍ റിപ്പോര്‍ട്ട്.   പ്ലീനതീരുമാനം സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചചെയ്ത് അംഗീകരിക്കാനിരിക്കുന്നു.  അതിനുമുമ്പുതന്നെ അതു  സ്ഥിരീകരിക്കാന്‍ സി.പി.എം വക്താവ് വ്യാഴാഴ്ച  ചാനലിലെത്തി.   പ്ലീനം ഏതെങ്കിലു ഒരു വ്യക്തിക്കെതിരെയല്ലെന്നും പാര്‍ട്ടിക്കകത്ത് സംഘടനാ പ്രതിസന്ധി ഉണ്ടായതുകൊണ്ടല്ലെന്നും സ്വമേധയാ  വക്താവ് വിശദീകരിച്ചു.  അച്ഛന്‍ പത്തായത്തില്‍പോലുമില്ല എന്ന കുട്ടിയുടെ നഷ്‌ക്കളങ്കതയാണ്  സെക്രട്ടേറിയറ്റംഗം ആനത്തലവട്ടത്തിന്റെ വാക്കുകളില്‍ കേട്ടത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ എണ്ണയിട്ട യന്ത്രംപോലെ പാര്‍ട്ടിയെ ചലിപ്പിക്കാനാണ്  പ്ലീനമെന്നും അദ്ദേഹം പറഞ്ഞു.  ഓരോ തെരഞ്ഞെടുപ്പിനും പ്ലീനം വേണ്ടിവരുമെന്നും പാര്‍ട്ടി യന്ത്രത്തെ ചലിപ്പിച്ചാല്‍ ജനാധിപത്യ വിപ്ലവം പൂര്‍ത്തിയാക്കാനുള്ള ജനസ്വാധീനം സി.പി.എം ആര്‍ജിക്കുമെന്നുമുള്ള പുതിയകാല വെളിപാടും സി.പി.എം മുന്നോട്ടുവെച്ചു.

പോയ ബുദ്ധി ആനപിടിച്ചാലും തിരികെ കിട്ടില്ലെന്നറിയുന്ന ആളാണ് വി.എസ്. തന്റെ പ്രതിപക്ഷ സ്ഥാനത്തിനോ മുഖ്യമന്ത്രി സ്ഥാനത്തിനോ വേണ്ടിയുള്ള നിലപാടുകളാണ് ഇനിയും അദ്ദേഹം എടുക്കുന്നതെന്ന്  പറയാനാവില്ല. ഇനിയൊരു അവസരം തരില്ലെന്ന് പറഞ്ഞ് അവസാനകയ്യായി  പി.ബിയില്‍നിന്ന് പുറത്താക്കിയ വി.എസ്സിനെതിരെ നടപടിയെടുത്ത് വീണ്ടുംവീണ്ടും കൈ വേദനിക്കുന്നത് അഖിലേന്ത്യാ നേതൃത്വത്തിനുമാണ്.
ചുരുക്കത്തില്‍ സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നത്തില്‍നിന്നുയരുന്നത് രണ്ടു ധാരകളാണ്.  പ്രത്യയശാസ്ത്രവും തൊഴിലാളിവര്‍ഗ രാഷ്ട്രീയവും അഴിമതി വിരുദ്ധ നിലപാടും പാര്‍ട്ടിനേതൃത്വം    കൈവിട്ടിരിക്കുന്നു.  ഫാസിസ്റ്റു പ്രവണതകളിലേക്ക് നീങ്ങിയിരിക്കുന്നു.  ഇത് കേന്ദ്ര നേതൃത്വം തിരുത്തണം.  എന്നാല്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ്  ഭിന്നതകളെന്ന വി.എസ് നിലപാടിനെ കേന്ദ്രനേതൃത്വം തള്ളിക്കളയുന്നു.    വ്യത്യസ്ഥ സ്വരങ്ങളെ ഉന്മൂലനം ചെയ്യുന്നു എന്ന ഗുരുതരമായ ആരോപണം കണ്ടില്ലെന്നു നടിക്കുന്നു.  ആരോപണങ്ങള്‍ വിഭാഗീയ ലക്ഷ്യത്തോടെയാണ് എന്ന് പരസ്യമായി കുറ്റപ്പെടുത്തുന്നു.

എന്നിട്ടും വി.എസ്സിന്റെ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അതേ കേന്ദ്രകമ്മറ്റിക്ക് പി.ബി. കമ്മിഷനെ നിയോഗിക്കേണ്ടിവന്നു.  ഒരിക്കല്‍ക്കൂടി വായമൂടാന്‍ വി.എസ്സിനോട് പരസ്യമായി പി.ബി. കല്‍പ്പിക്കുന്നു.  തുടര്‍ന്നിനി എന്ത് എന്ന ഉത്തരത്തിലാണ് വി.എസ്സിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയഭാവി ഒരുപോലെ നിലകൊള്ളുന്നത്.  ആ ഉത്തരത്തിന് ഇനി ഏറെ ദിവസങ്ങളില്ലെന്നാണ് സി.പി.എമ്മിന്റെ സംഘടനാ കലണ്ടര്‍ സൂചിപ്പിക്കുന്നത്.

പിന്‍കുറിപ്പ്:  ശനിയാഴ്ച രാവിലെ റിപ്പോര്‍ട്ടര്‍ ടി.വിക്കു  അനുവദിച്ച അഭിമുഖം വി.എസ് വെള്ളിയാഴ്ച റദ്ദാക്കി.  പരസ്യമായി അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതു നിര്‍ത്തണമെന്ന പി.ബിയുടെ പരസ്യ പ്രസ്താവന വന്നതിനു പിറകെയാണ് വി.എസ് അഭിമുഖം വേണ്ടെന്നുവെച്ചത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s