When Police questions the Chief Minister മുഖ്യമന്ത്രിയുടെ മൊഴി

കുട്ടികളുടെ അച്ഛന്റെ പേര്‍ ഉച്ഛരിക്കാന്‍ വിഷമിക്കുന്ന ഭാര്യയുടെ  വെപ്രാളമാണ് കേരളത്തിന്റെ അഡ്വക്കറ്റ് ജനറല്‍ ബുധനാഴ്ച വിവശനായി കേരള ഹൈക്കോടതിയില്‍ പ്രകടിപ്പിച്ചത്.  ‘ഉത്തരവാദപ്പെട്ട ഒരാള്‍’ എന്നാണ് കോടതിക്കുമുമ്പില്‍ സര്‍ക്കാറിന്റെ  ഭരണഘടനാ വ്യവസ്ഥാപിത മുഖ്യ നിയമോപദേശകന്‍ മുഖ്യമന്ത്രിയെ പരാമര്‍ശിച്ചു  പറഞ്ഞത്.  സോളാര്‍ തട്ടിപ്പുകേസില്‍  അന്വേഷണം നടത്തുന്ന പ്രത്യേക സംഘം  ഉത്തരവാദപ്പെട്ട ഒരാളെ ചോദ്യംചെയ്തിട്ടുണ്ട് എന്ന്  എ.ജി പറഞ്ഞുകൊണ്ടിരുന്നു.  ‘ആരാണീ ഉത്തരവാദപ്പെട്ട ആള്‍’ എന്ന് കോടതി ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് അതു മുഖ്യമന്ത്രിയാണെന്ന് അഡ്വക്കറ്റ് ജനറല്‍ വെളിപ്പെടുത്തുന്നത്.

oommen chandy

സോളാര്‍ തട്ടിപ്പുകേസില്‍  അന്വേഷണസംഘം മുഖ്യമന്ത്രിയെ  ചോദ്യംചെയ്തത് കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാകുന്ന വിവരമാണ്.   ലജ്ജാവിവശനായോ  സങ്കോചഭരിതനായോ ഈ വിവരം ഉന്നത നീതിപീഠത്തിനുമുമ്പില്‍ അവതരിപ്പിക്കേണ്ടതല്ല.  നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ഒരു മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത് ഒളിച്ചുവെയ്‌ക്കേണ്ട കാര്യമില്ല.  എന്നാല്‍ എ.ജിയുടെയും പൊലീസിന്റെയും ഇക്കാര്യത്തിലെ നിലപാട് മുഖ്യമന്ത്രിക്കുവേണ്ടി  എന്തൊക്കെയോ ഒളിച്ചുവെക്കാന്‍ സമ്മര്‍ദ്ദത്തിനു വിധേയമായി ശ്രമിക്കുന്നു എന്നാണ് വെളിപ്പെടുന്നത്.

മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും വിശ്വസ്തതയുടെ ഈടില്‍ കോടിക്കണക്കില്‍  രൂപ നിരവധിപേരില്‍നിന്ന് തട്ടിയെടുത്തെന്ന കേസുകളിലൊന്നിലാണ് പ്രത്യേക അന്വേഷണസംഘം  മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്.  മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിലും ഓഫീസിലും പ്രവര്‍ത്തിക്കുന്ന ചിലരെ പ്രതികളാക്കി വിവിധ കോടതികളില്‍  കേസ് നടക്കുന്നുണ്ട്.  കുറ്റകൃത്യം നടന്ന ഓഫീസിന്റെ ചുമതലക്കാരനെന്ന നിലയില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് വിവാദമായിരുന്നു. രണ്ടുമാസം കഴിഞ്ഞാണ് രഹസ്യമായി ഇതു നടത്തിയത്.  ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെച്ചായിരിക്കണം അന്വേഷണമെന്ന രാഷ്ട്രീയാവശ്യവും ഉയര്‍ന്നിരുന്നു.  താന്‍ നിരപരാധിയാണെന്നും  ഓഫീസിലുള്ളവര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തെളിവുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും ഉള്ള നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ  സ്വീകരിച്ചത്.  മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും കേസിന്റെ അതിര്‍ത്തിക്കു പുറത്തേക്ക് മാറ്റിനിര്‍ത്താനാണ് പൊലീസ് പരിശ്രമിച്ചത്.  സോളാര്‍ കേസുമായി ബന്ധപ്പെട്ടെന്ന് രേഖാമൂലം തെളിഞ്ഞ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെപേരില്‍ എടുത്ത കേസുകള്‍പോലും ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അന്വേഷണഗതി.  കേസന്വേഷണമല്ല, കേരളം കാണാത്തതരത്തില്‍ കേസ് അട്ടിമറിയാണ് പൊലീസ് നടത്തുന്നതെന്നും ശക്തമായ വിമര്‍ശമുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഏറെ വൈകി  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അന്വേഷണസംഘം ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയത്.  മറച്ചുപിടിച്ച ഇക്കാര്യം  കോടതിക്കുമുമ്പാകെ  അഡ്വക്കറ്റ് ജനറലിനു പറയേണ്ടിവന്നത്.  ഇതു ഒരു സാക്ഷി മൊഴിയെടുപ്പല്ല.   അങ്ങനെയായിരുന്നെങ്കില്‍ അന്വേഷണം തുടങ്ങിയപ്പോള്‍തന്നെ അതു നടത്തേണ്ടതായിരുന്നു.  മൊഴിയെടുക്കുന്നതു ജനങ്ങള്‍ അറിയുന്നതില്‍ ഉമ്മന്‍ചാണ്ടിക്കോ പൊലീസിനോ ഉത്ക്കണ്ഠപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല.  സംഭവം സംസ്ഥാനത്തുമാത്രമല്ല ദേശീയ തലത്തില്‍പോലും വിവാദമായി മാസങ്ങള്‍ കഴിഞ്ഞശേഷം അതിരഹസ്യമായി ‘ചോദ്യം ചെയ്യല്‍’ നടക്കുന്നു.  സോളാര്‍ തട്ടിപ്പിനുനേരെ മാസങ്ങളായി  ലൈവ് ക്യാമറകളുമായി നില്‍ക്കുന്ന മാധ്യമങ്ങള്‍പോലും അതറിഞ്ഞില്ല.  അറിഞ്ഞെങ്കില്‍തന്നെ അതു വെളിപ്പെടുത്തിയില്ല.

നീതിപൂര്‍വ്വകവും സത്യസന്ധവുമാണ് അന്വേഷണമെങ്കില്‍ കേസന്വേഷണത്തിലെ ഏറ്റവും പ്രധാനമായ നടപടിയാണ് മുഖ്യമന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്.  അത് ഒളിച്ചുപിടിക്കേണ്ട കാര്യമില്ല. പൊലീസിന്റെ മനോവീര്യവും അവരിലുള്ള  വിശ്വാസവും അതുയര്‍ത്തുകയേയുള്ളു.  എന്നിട്ടും കോടതിക്കു മുമ്പില്‍പോലും ആ സത്യം യഥാക്രമം വെളിപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ രാഷ്ട്രീയമായി നിയമിച്ച അഡ്വക്കറ്റ് ജനറല്‍ തയ്യാറായില്ല.  അത്  മുഖ്യമന്ത്രിയുടെയും ഗവണ്മെന്റിന്റെയും നഷ്ടപ്പെട്ട വിശ്വാസ്യത കൂടുതല്‍ തകര്‍ത്തു.

കേവലം ഒരു ഗവണ്മെന്റല്ല ഉമ്മന്‍ചാണ്ടിയുടെ മേതൃത്വത്തിലുള്ള ഈ യു.ഡി.എഫ്  ഗവണ്മെന്റ്.   ഭരണസംവിധാനമാകെ  സുതാര്യമാക്കുമെന്നു  പ്രഖ്യാപിച്ച  ഗവണ്മെന്റാണ്.  മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നതെന്തും 24 മണിക്കൂറും ജനങ്ങള്‍ക്ക് നേരില്‍ വീക്ഷിക്കാന്‍ വെബ് ക്യാമറകള്‍ സ്ഥാപിച്ച  സര്‍ക്കാറാണ്.   ശരി ചെയ്താല്‍ മാത്രംപോര അതു ജനങ്ങള്‍ക്കു ബോധ്യപ്പെടുകകൂടി വേണമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് നയിക്കുന്നത്.   മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ ഗവണ്മെന്റിനു വിധേയമായി പ്രവര്‍ത്തിക്കുന്ന പൊലീസ് അന്വേഷിക്കുമ്പോള്‍  പതിവില്‍കവിഞ്ഞ സുതാര്യത പുലര്‍ത്തേണ്ടതുണ്ട്.  അതിന്  മുഖ്യമന്ത്രിതന്നെയാണ് സ്വയം മാതൃക കാണിക്കേണ്ടത്.   രാജിവെച്ച് അഗ്നിശുദ്ധി തെളിയിക്കണമെന്ന ആവശ്യമുയര്‍ന്നത് അതുകൊണ്ടാണ്.

മുഖ്യമന്ത്രിയുടെ   പരിശുദ്ധി നഷ്ടപ്പെട്ടിട്ടില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടത് മുഖ്യമന്ത്രിയായിരുന്നു.  പറഞ്ഞവാക്കിന് നേരുണ്ടായിരുന്നെങ്കില്‍ തന്റെ ഔദ്യോഗിക വസതിയുടെ അടഞ്ഞ വാതിലിനകത്തായിരുന്നില്ല അദ്ദേഹം മൊഴി നല്‍കേണ്ടിയിരുന്നത്.  സുതാര്യമെന്നു പ്രഖ്യാപിച്ച തന്റെ ഓഫീസില്‍ കണ്ണു തുറന്നിരിക്കുന്ന വെബ് ക്യാമറകളുടെ  മുമ്പിലിരുന്നായിരുന്നു.  ആ രംഗം കാണാന്‍ അദ്ദേഹം മുന്‍കൂട്ടി ജനങ്ങളെ അറിയിക്കേണ്ടതായിരുന്നു.  മൊഴിയെടുത്ത എ.ഡി.ജി.പിയായാലും   ഡി.വൈ.എസ്.പിയായാലും മുഖ്യമന്ത്രിക്കുമുമ്പില്‍ അറ്റന്‍ഷനായിനിന്ന് വീര്‍പ്പടക്കി സല്യൂട്ട് ചെയ്യാന്‍ വിധിക്കപ്പെട്ട കാക്കിക്കകത്തെ ഉദ്യോഗസ്ഥര്‍ മാത്രമാണ്.  അവര്‍ മുഖ്യമന്ത്രിക്കുമുമ്പില്‍ കസേരയിലിരുന്ന് മറ്റേതൊരു പൗരനോടും ചോദിക്കുന്ന ആധികാരികതയോടെ തങ്ങളുടെ ചുമതല നിര്‍ഭയം നിര്‍വ്വഹിച്ചിരുന്നെങ്കില്‍ യു.എന്‍-ല്‍നിന്ന്  ലഭിച്ച പുരസ്‌ക്കാരത്തെക്കാള്‍ അത് വിലപ്പെട്ട മാതൃകയാകുമായിരുന്നു.  ഉമ്മന്‍ചാണ്ടിയുടെ സത്യസന്ധതയും വ്യക്തിത്വവും മഹത്വവും  ഉയര്‍ത്തുമായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചോദിച്ചോ, ചോദ്യാവലി കൊടുത്തോ, ചോദ്യവും ഉത്തരവും മുഖ്യമന്ത്രിതന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉരുവിട്ടുകൊടുത്തോ, മറ്റാരെങ്കിലും  തയ്യാറാക്കിയ ചോദ്യോത്തര (മൊഴി)  പകര്‍പ്പില്‍ ‘വായിച്ചു ബോധ്യപ്പെട്ടു’ എന്നുമാത്രം എഴുതി ഒപ്പിട്ടു കൊടുത്തതാണോ?   അതും വാങ്ങി കക്ഷത്തുവെച്ച് സല്യൂട്ടടിച്ച് തിരിച്ചുപോന്നോ?  ഒന്നും ഇപ്പോള്‍ ജനങ്ങള്‍ക്കു വ്യക്തമല്ല.  മുഖ്യമന്ത്രിയുടെ മൊഴിയെടുത്തോയെന്നത്  കേരളത്തിന്റെ മനസ്സിന്റെ ചോദ്യമാണ്.  അതു നേരിട്ടു ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് രണ്ടാലൊന്നു പറയുന്നതിനുപകരം ‘നിയമപരമായി എല്ലാം നടക്കുമെന്നു’ വളച്ചുകെട്ടിനകത്ത്  കയറി ഒളിക്കുന്ന ഭീരുവിനെയാണ് ജനങ്ങള്‍ കണ്ടതും കേട്ടതും. എന്നിട്ടും സോളാര്‍കേസില്‍ നീതിപൂര്‍വ്വ അന്വേഷണം ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറയുന്നത് വിലകുറഞ്ഞ തമാശയാണ്.

നിയമപരമല്ലാതെ പലതും നടന്നതുകൊണ്ടാണല്ലോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക സഹായികള്‍പോലും വെളിപ്പെടലുകളെ തുടര്‍ന്ന് ജയിലഴികള്‍ എണ്ണുന്നത്.  അതിലൊന്നും അവര്‍ക്കു കുലുക്കമില്ലാത്തതും ജനങ്ങള്‍ കാണുന്നു.   നടുറോഡില്‍ വാഹനം തടഞ്ഞ് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത്.  ക്രിത്രിമരേഖയുണ്ടാക്കി അന്യരുടെ ഭൂമി തട്ടിയെടുക്കുന്നത്.   അതിനെതിരെ ഡി.ജി.പി ഉത്തരവിട്ട  വിജിലന്‍സ് അന്വേഷണം ആവിയായി അദൃശ്യമാകുന്നത്.  മുഖ്യമന്ത്രിയോടൊട്ടിനിന്ന ഇവര്‍  സ്വര്‍ണ്ണകള്ളക്കടത്തുകാരുമായി കൂട്ടുകൂടിയത്.  ഇതൊക്കെ  മുഖ്യമന്ത്രി ആവര്‍ത്തിക്കുന്ന കേരളത്തിന്റെ നിയമത്തിന്റെ വഴികളിലാണ്.  പ്രതിയുടെ രഹസ്യമൊഴി അട്ടിമറിക്കപ്പെടുന്നത് കോടതികളെപ്പോലും കേസ് അട്ടിമറിക്കാന്‍ ഉപയോഗപ്പെടുത്തുന്നു എന്ന് സംശയിക്കുന്ന നിലയിലേക്ക് സംഭവങ്ങള്‍ വികസിച്ചതും ഈ കേസിലാണ്.

ഭരിക്കുന്നത് ഏതു രാഷ്ട്രീയ കക്ഷിയായാലും മുന്നണിയായാലും ഭരണ – പൊലീസ് – നീതിന്യായ സംവിധാനങ്ങള്‍ നിയമത്തിനും ഭരണഘടനയ്ക്കും മാത്രം വിധേയമായി പ്രവര്‍ത്തിക്കുന്നതാണ് ജനാധിപത്യം.  അഡ്വക്കറ്റ് ജനറലായാലും  ഡി.ജി.പി അടക്കമുള്ള പൊലീസ് – വിജിലന്‍സ് മേധാവികളായാലും ഭരണത്തലവനുവേണ്ടി  വഴിവിട്ടോ നിയമവിരുദ്ധമായോ പ്രവര്‍ത്തിച്ചുകൂടാ.  തെറ്റുചെയ്തവര്‍ ആരായാലും കുറ്റത്തിനുള്ള ശമ്പളം  പറ്റുകതന്നെവേണം.  രാഷ്ട്രീയമോ ജാതി – മത  താല്‍പ്പര്യമോ  മറ്റു പരിഗണനകളോ നേട്ടങ്ങളോ മോഹിച്ച്  വാഴുന്നവര്‍ക്കുവേണ്ടി  വഴിവിട്ടു പ്രവര്‍ത്തിച്ചുകൂടാ.   ഭരണ – ജനാധിപത്യ സംവിധാനങ്ങളും വ്യവസ്ഥയുമാണ് അതോടെ തകരുക.  ജനാധിപത്യത്തിന്റെ ആദ്യാവസാന അധികാരിയായ ജനങ്ങള്‍ അത് പൊറുക്കുമെന്ന് ബന്ധപ്പെട്ടവര്‍ കരുതരുത്.

ജനസമ്പര്‍ക്കപരിപാടി ആവിഷ്‌ക്കരിച്ചും സുതാര്യത പ്രഖ്യാപിച്ചും കേരള ഭരണത്തെ വികസനത്തിന്റെയും വിശ്വാസ്യതയുടെയും പുതിയൊരു  തലത്തിലേക്ക് ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത ഒരു ഭരണത്തില്‍ ഒരു സോളാര്‍സംഭവം മാത്രമല്ല ഉണ്ടായിട്ടുള്ളത്.  നിരന്തരം അഴിമതി സംരക്ഷണത്തിന്റെയും നീതി നിഷേധത്തിന്റെയും  ഭരണകൂട അതിക്രമത്തിന്റെയും  തുടര്‍ സംഭവങ്ങളാണ് ഉണ്ടാകുന്നത്.  എത്ര ലാഘവത്തോടെയാണ് ഒരു പത്രം അടച്ചുപൂട്ടാന്‍  ഈ ഗവണ്മെന്റ് നടപടി നീക്കുന്നത്!

ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവനും ആണെന്നു വരുന്നത് പൊലീസ് സംവിധാനത്തിന്റെ വിശ്വാസ്യതയും നിലനില്‍പ്പും തകര്‍ക്കും. അങ്ങനെയുള്ള ഒരാള്‍ക്കെതിരെ   ‘മുഖ്യമന്ത്രി ഇടപെട്ട് അച്ചടക്കനടപടി പിന്‍വലിച്ചു.’  എന്നു വാര്‍ത്തവരുന്നു.   കഥാപുരുഷനെ ഉടന്‍ എ.ഡി.ജി.പി ആക്കുമെന്നും.  അത്തരം യോഗ്യന്മാരാകണമല്ലോ പൊലീസിന്റെ തലപ്പത്ത്.  ഏതു മുന്നണി ഭരിച്ചാലും പാദസേവയ്ക്കു മിടുക്കുള്ളവര്‍.

ഈ ഗവണ്മെന്റിന്റെ വിശ്വാസ്യത കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ ഉരിഞ്ഞുവീണു.   ഡേറ്റാസെന്റര്‍ കേസില്‍ മുഖ്യമന്ത്രിയെ വിശ്വസിച്ച്  സി.ബി.ഐ അന്വേഷണം വേണ്ടെന്ന് അറിയിച്ച   അറ്റോര്‍ണി ജനറലിന്റെ മുഖം നഷ്ടപ്പെട്ടു.  വേണ്ടെന്നുവെച്ച അന്വേഷണം വേണമെന്നു വാദിക്കാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞു  അറ്റോര്‍ണി ജനറല്‍    കേരളത്തിന്റെ കേസ് ഉപേക്ഷിച്ചു.   എവിടെ അറ്റോര്‍ണി ജനറലെന്നു ചോദിച്ച  സുപ്രിംകോടതി   കേരളത്തിനെതിരെ നടത്തിയ പരാമര്‍ശം, മൂന്നേകാല്‍ കോടി ജനങ്ങളുടെ  മുഖത്താണ് കരിതേച്ചത്.

സത്യസന്ധതയുള്ള, ആത്മാഭിമാനമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കേരളത്തില്‍ ജോലിചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി. ഭരണാധികാരികളും  രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിഹിതബന്ധം എവിടെ എത്തിക്കുമെന്നതിന്റെ തെളിവാണ്  കള്ളക്കടത്തുകേസില്‍  ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ജയിലിലായത്.   സ്വര്‍ണ്ണ കള്ളക്കടത്തിലെ പ്രതിക്കുമുമ്പില്‍ കോഴിക്കോട്ടെ ജില്ലാജയില്‍ മലര്‍ക്കെ തുറന്നിട്ടത്.  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ സി.പി.എം നേതാവും വാടക കൊലയാളികളുമായി അയാള്‍ രഹസ്യചര്‍ച്ച നടത്തിയത്.

ഭരണ – രാഷ്ട്രീയ മോന്തായങ്ങളിലെ ക്രിമിനല്‍ വല്ക്കരണം ഇന്നു കേരളത്തെ എത്തിച്ചതിന്റെ ദുരന്തമാണ് ഇതു ബോധ്യപ്പെടുത്തുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s