Radia tapes probe leads to National Security റാഡിയാ ടേപ്പിലെ സുരക്ഷാഭീഷണി

കാളകൂടം അകത്താക്കി സര്‍വ്വനാശത്തില്‍നിന്നു ഭൂമിയെ രക്ഷിച്ച  പുരാണകഥയിലെ ശിവനെ അനുസ്മരിപ്പിക്കുന്നു ഇപ്പോള്‍  സുപ്രിംകോടതി.   വെള്ളിയാഴ്ച നീരാ റാഡിയാ ടേപ്പ് സംബന്ധിച്ച്  രാജ്യത്തെ അത്യുന്നത നീതിപീഠം നടത്തിയ  വെളിപ്പെടുത്തലും നിരീക്ഷണങ്ങളും താക്കീതും അതില്‍ കുറഞ്ഞൊന്നുമല്ല.

“രാജ്യ സുരക്ഷയെ സംബന്ധിച്ചുള്ള  ടേപ്പിലെ വിവരങ്ങള്‍ അതീവ ഗുരുതരമാണ്.  വ്യക്തമായ തെളിവുകള്‍ പുറത്തുവരുംവരെ  അത് പൊതുജനങ്ങളിലേക്കെത്തിക്കൂടെന്ന് ഞങ്ങള്‍ കരുതുന്നു.”

നീരാറാഡിയ ടേപ്പുകളെ സംബന്ധിച്ച സി.ബി.ഐയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് പരിഗണിച്ച ജി.എസ് സിങ് വിയും വി. ഗോപാല ഗൗഡയും ഉള്‍പ്പെട്ട ബഞ്ചാണ് സുപ്രിംകോടതിയുടെ ചരിത്രത്തില്‍  ഈ അസാധാരണ ജാഗ്രത സ്വീകരിച്ചത്.  നീരാറാഡിയയും കോര്‍പ്പറേറ്റു ഭീമന്മാരും  മന്ത്രിമാരും രാഷ്ട്രീയ – മാധ്യമ പ്രഭുക്കളും തമ്മിലുള്ള തുടര്‍ സംഭാഷണങ്ങള്‍ ആദായനികുതി വകുപ്പ് തുടര്‍ച്ചയായി ചോര്‍ത്തിയിരുന്നു.  ടെലകോം മന്ത്രി എ.രാജയെയും കനിമൊഴി എം.പിയെയും  തിഹാര്‍ ജയിലിലെത്തിക്കാനിടയാക്കിയ  തെളിവുകളിലേക്കു നയിച്ചത് ഈ ടെലഫോണ്‍ സംഭാഷണങ്ങളാണ്.  ടെലകോം ഇടപാടില്‍   പൊതു ഖജനാവിന് ലക്ഷംകോടി രൂപയുടെ നഷ്ടം വരുത്തിയതുമായി  ബന്ധപ്പെട്ട തെളിവുകള്‍  മാത്രമാണെന്നാണ് അടുത്തദിവസംവരെ സുപ്രിംകോടതി കരുതിയിരുന്നത്.

niira radia

ആദായനികുതി വകുപ്പ് അടയിരുന്ന ഈ ടേപ്പുകള്‍ സുപ്രിംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് സി.ബി.ഐ വിശദമായി പരിശോധിച്ചു തുടങ്ങിയത്.  ചോര്‍ത്തിയ  മൊത്തം ടെലഫോണ്‍ സംഭാഷണങ്ങളില്‍ കേവലം 25 ശതമാത്തിന്റെ ഉള്ളടക്കമാണ് കഴിഞ്ഞദിവസം സി.ബി.ഐ കോടതിയ്ക്കു സമര്‍പ്പിച്ചത്.

“ടു.ജി. സ്‌പെക്ട്രം അനുവദിച്ചതിനുമപ്പുറം  മറ്റു പലതും ഉയര്‍ന്നുവരുന്നുണ്ട്.  അവ  വളരെ വിപുലമാണ്.  ചില കാര്യങ്ങള്‍ അതി രഹസ്യമായും സൂക്ഷ്മമായും അന്വേഷിക്കേണ്ടതുണ്ട്.  അതു പരസ്യപ്പെട്ടുകൂടാ.  അങ്ങനെ സംഭവിക്കുന്നത്  ദേശീയ താല്‍പ്പര്യത്തിനു പരിക്കേല്‍പ്പിക്കും.  അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയില്ലെങ്കില്‍ നല്ലതുതന്നെ.  എന്നാല്‍ എന്തെങ്കിലും  കണ്ടെത്തുന്നപക്ഷം ദേശീയ താല്‍പ്പര്യം മറ്റ് എല്ലാറ്റിലും മേലെയുള്ള കീഴ് വഴക്കമാകും.”  കോടതി വ്യക്തമാക്കി.

വെള്ളിയാഴ്ചത്തെ കോടതി റിപ്പോര്‍ട്ടുകളില്‍ കാണുന്നത് സി.ബി.ഐ റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ സി.ബി.ഐയ്ക്കുവേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരാശ് കുഹാദിനോട് ആദായനികുതി വകുപ്പിനെ പ്രതിനിധീകരിക്കുന്ന  അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍  എല്‍. നാഗേശ്വരറാവുവിനെ രഹസ്യമായി കാണിക്കാന്‍ കോടിതി നിര്‍ദ്ദേശിച്ചെന്നാണ്.  ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം പുകമറയിലാണെന്ന്  കോടതി അഭിപ്രായപ്പെട്ടതിനു പിറകെയായിരുന്നു ഇത്..  ‘അത്യന്തം ഗൗരവമായ പുകമറ’ എന്ന് സി.ബി.ഐയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും  വിശേഷിപ്പിച്ചു.  ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച ആദായനികുതി വകുപ്പിന്റെ പ്രതികരണം കോടതിയെ അറിയിക്കാന്‍ നാഗേശ്വരറാവുവിനോട്  കോടതി നിര്‍ദ്ദേശിച്ചത്.

ചൊവ്വാഴ്ച ആദായനികുതി വകുപ്പിനുവേണ്ടി കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍   ആദായനികുതി വകുപ്പിലെ ഉന്നതരും നീരാറാഡിയയും തമ്മിലുള്ള ഒത്തുകളിയുടെയും  സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങളാണ് റിപ്പോര്‍ട്ടിലേത് എന്ന് ആദായനികുതി വകുപ്പിനുവേണ്ടി സുപ്രിംകോടതിയെ അറിയിച്ചു.  ഇതേക്കുറിച്ച് ഔദ്യോഗിക തലത്തില്‍ ഒന്നും ചോരാതെനോക്കാമെന്നും എല്ലാ രേഖകളും സി.ബി.ഐയ്ക്ക് കൈമാറാമെന്നും അദ്ദേഹം കോടതിക്കു ഉറപ്പുനല്‍കി.

രത്തന്‍ ടാറ്റ അടക്കമുള്ള വ്യവസായ കുത്തകകളുമായും രാഷ്ട്രീയ – ഭരണകക്ഷി നേതാക്കളും പ്രമുഖ മാധ്യമപ്രവര്‍ത്തകരുമായും അടുത്തബന്ധമുണ്ടായിരുന്നു നീരാറാഡിയക്ക്.  ഇവരുമായി നടത്തിയ  72,000 ടെലഫോണ്‍ സംഭാഷണങ്ങള്‍ ആദായനികുതി വകുപ്പു ചോര്‍ത്തി.  അതില്‍ 18,000 മാത്രമാണ് സി.ബി.ഐ പരിശോധിച്ചിട്ടുള്ളത്.  മുഴുവനും പരിശോധിക്കാന്‍ സി.ബി.ഐ മൂന്നുമാസത്തെ സമയവും ആദായനികുതി വകുപ്പിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതു സംബന്ധിച്ച ഉത്തരവ് ഒക്‌ടോബര്‍ 18-ന് സുപ്രിംകോടതി പുറപ്പെടുവിക്കും.

ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജയാണ് നീരാറാഡിയ.  കിഴക്കന്‍ ആഫ്രിക്കയില്‍  കാശ്മീരി ദമ്പതികളുടെ മകളായി പിറന്ന്  തൊണ്ണൂറുകളുടെ അവസാനം ഇന്ത്യയില്‍ പി.ആര്‍ തൊഴിലുമായി എത്തി  ഭരണ – രാഷ്ട്രീയ തലത്തിലേക്ക് കടന്നുവന്ന  റാഡിയ ദേശീയ ശ്രദ്ധയില്‍ വന്നത് 2001-ലാണ്.  പുരാതന ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ടാറ്റ  80-ല്‍പരം വരുന്ന  കമ്പനികളുടെ പി.ആര്‍ ചുമതല രത്തന്‍ടാറ്റ റാഡിയയുടെ വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സിനെ ഏല്‍പ്പിച്ചപ്പോള്‍.  ഏറെ വൈകാതെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പി.ആര്‍ ജോലി മുകേഷ് അംബാനിയും  റാഡിയയെ ഏല്പിച്ചു.   കേന്ദ്രമന്ത്രിസഭയില്‍ കോര്‍പ്പറേറ്റുകളുടെ വിശ്വസ്തരും പ്രിയങ്കരരുമായ മന്ത്രിമാരെ അധികാരത്തില്‍ വാഴിക്കുന്ന  അധികാര ശക്തികൂടിയായി നീരാറാഡിയ പെട്ടെന്നു വളര്‍ന്നു.

2009 നവംബറില്‍  സി.ബി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം ഡി.ഐ.ജി വിനീത് അഗര്‍വാള്‍ നീരാറാഡിയയുടെ  അധികാര ദല്ലാള്‍ ബന്ധങ്ങളെ സംബന്ധിച്ചും ഭരണ – രാഷ്ട്രീയ നേതൃത്വവുമായുള്ള  ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ചും ആദായനികുതി ഡയറക്ടര്‍ ജനറലിന് പരാതി നല്‍കി.  അതേതുടര്‍ന്നാണ് നീരാറാഡിയയുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ ആദായനികുതി വകുപ്പ് ചോര്‍ത്തിയത്.  രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കുമിടയില്‍ ഇടത്തട്ടുകാരായി പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ സംഭാഷണ രഹസ്യങ്ങള്‍ ഉള്‍പ്പെട്ട ടേപ്പുകള്‍ ആദായനികുതി വകുപ്പില്‍  കുമിഞ്ഞുകൂടി.  കേന്ദ്ര ടെലകോംമന്ത്രി  എ.രാജ, ദയാനിധിമാരന്‍, കരുണാനിധി കുടുംബം തുടങ്ങിയ രാഷ്ട്രീയ ബന്ധങ്ങള്‍,  ടാറ്റ – റിലയന്‍സ് തുടങ്ങിയ കോര്‍പ്പറേറ്റുകളുടെ  ഇടപെടലുകള്‍.   കോടികളുടെ വെട്ടിപ്പുനടന്ന 2ജി സ്‌പെക്ട്രം ലേലത്തിനു പിന്നിലെ രഹസ്യങ്ങള്‍ മുതല്‍ വ്യവസായ കുത്തകകള്‍ക്ക് കോടികള്‍ അപഹരിക്കാന്‍ അവസരമൊരുക്കുന്ന പ്രധാനമന്ത്രിയുടെ  ഓഫീസുവരെ ഉള്‍പ്പെട്ട ബന്ധങ്ങളുടെ കഥകള്‍ അതിലുണ്ടായിരുന്നു.

പക്ഷെ,  രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന ഈ കൊള്ള തടയാന്‍ ആരും ഒന്നും ചെയ്തില്ല.   അരമനരഹസ്യം മെല്ലെ മെല്ലെ അങ്ങാടിപ്പാട്ടായി  തെരുവുകളില്‍  ചുറ്റിക്കറങ്ങിയിട്ടും പ്രമുഖ മാധ്യമങ്ങളൊക്കെ മുഖംതിരിഞ്ഞുനിന്ന് കണ്ണടച്ചിരുട്ടാക്കി.  മലയാളിയായ യുവ പത്രപ്രവര്‍ത്തകന്‍ ജെ. ഗോപീകൃഷ്ണന്റെ വിട്ടുവീഴ്ചയില്ലാത്ത നിര്‍ഭയ പത്രപ്രവര്‍ത്തനമാണ് ‘പയനിയറി’ലൂടെ  2 ജി സ്‌പെക്ട്രം കുംഭകോണം പുറത്തുകൊണ്ടുവന്നത്.   സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ അത്  ഏറ്റുപിടിച്ചു. പ്രശ്‌നം പാര്‍ലമെന്റില്‍ ഒച്ചപ്പാടായി.   വളരെ വൈകിയാണ് മാന്യമാധ്യമ സഹജീവികള്‍ സ്വതന്ത്ര ഇന്ത്യകണ്ട ലക്ഷംകോടികളുടെ കുംഭകോണം  ഏറ്റെടുത്തത്.  മാസങ്ങളോളം പാര്‍ലമെന്റ് സ്തംഭിപ്പിച്ച, ജെ.പി.സിയുടെ വിവാദമായ അന്വേഷണം നടക്കുന്ന ഈ വിഷയം.

അഞ്ചു വര്‍ഷത്തോളം ആദായനികുതി വകുപ്പില്‍ തമസ്‌ക്കരിക്കപ്പെട്ടു കിടന്ന റാഡിയാ ടേപ്പുകളിലെ രഹസ്യങ്ങള്‍ സി.ബി.ഐയുടെ അന്വേഷണ വലയത്തിലേക്ക് നീക്കിയത് സുപ്രിംകോടതിയാണ്.  2 ജി സ്‌പെക്ട്രം കേസ് കോടതിയില്‍ വിഷയമാക്കിയാല്‍ പിഴയിടുമെന്ന് ഭീഷണിപ്പെടുത്തി പൊതു താല്‍പ്പര്യ ഹര്‍ജിക്കാരെ ആദ്യഘട്ടത്തില്‍  ഒരു ചീഫ് ജസ്റ്റിസ് ഓടിച്ചു.  അദ്ദേഹം റിട്ടയര്‍ ചെയ്ത കസേരയില്‍  മറ്റൊരാള്‍ മാറിയെത്തിയതോടെയാണ്  നാടകീയ സംഭവവികാസങ്ങളുണ്ടായത്.  2 ജി സ്‌പെക്ട്രം കേസും രഹസ്യങ്ങളുടെ ഉരുള്‍പൊട്ടലും  തിഹാര്‍ ജയിലിലേക്ക് വി.വി.ഐ.പികളുടെ കുടിയേറ്റവും.  പ്രധാനമന്ത്രിക്കു നേരെപോലും സംശയത്തിന്റെയും ആരോപണത്തിന്റെയും  വിരല്‍ ചൂണ്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍  വികസിച്ചു.

ഇപ്പോള്‍ പ്രശ്‌നം മറ്റൊരു വഴിത്തിരിവിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ് സുപ്രിംകോടതിയില്‍നിന്ന് കേള്‍ക്കുന്നത്.   കാല്‍ഭാഗം ടേപ്പുകളുടെമാത്രം പരിശോധന കഴിഞ്ഞപ്പോള്‍.   രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പുറത്തുവരുന്നതെന്ന്  സുപ്രിംകോടതി ഭയപ്പെടുന്നു.  എന്തുകൊണ്ട് ആദായനികുതിവകുപ്പ് ഈ രഹസ്യങ്ങള്‍ ഇക്കാലമത്രയും പൂഴ്ത്തിവെച്ചെന്ന് ചോദിക്കുന്നു.   പുറത്തുവന്ന വിവരങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ ഗൗരവമായ അന്വേഷണം നടത്താന്‍ സി.ബി.ഐയോട് ആവശ്യപ്പെടുന്നു.  അതിനുവേണ്ട സഹായം നല്‍കാന്‍  ആദായനികുതി വകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഉദ്യോഗസ്ഥ സംഘത്തെ കോടതിതന്നെ നിശ്ചയിക്കുന്നു.

കല്ലുംനെല്ലും വേര്‍പെടുത്തി ബോധ്യപ്പെടുന്ന തെളിവുകള്‍ പുറത്തുവന്നാല്‍  വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നാണ് സുപ്രിംകോടതി പ്രഖ്യാപിച്ചത്.     ഇന്ത്യയാകെ കാതോര്‍ത്ത് വീര്‍പ്പടക്കി കാത്തിരിക്കേണ്ട അന്വേഷണത്തിനാണ് സി.ബി.ഐയ്ക്കും ആദായനികുതി വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.  കൂട്ടിലടച്ച തത്തയും തത്തയെ തീറ്റിപോറ്റുന്നവരും ഒരു വശത്ത്.  ദേശീയ താല്‍പ്പര്യവും ഭരണഘടനാ ആദേശവും ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രിംകോടതി മറുവശത്ത്. അസാധാരണമാണ് ഈ സ്ഥിതിവിശേഷം.  നമ്മുടെ മാധ്യമങ്ങള്‍ ഈ സംഭവ വികാസങ്ങളെ മുമ്പെന്നപോലെതന്നെ വേണ്ടത്ര  ഗൗരവത്തോടും  ഉത്തരവാദിത്വബോധത്തോടും  ഇനിയും സമീപിച്ചിട്ടില്ലെന്നുകൂടി പറയട്ടെ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s