Lesson from Kashmir terror recruitment case കശ്മീര്‍ തീവ്രവാദ കേസ് വിധിയുടെ മുന്നറിയിപ്പ്

കൊച്ചിയിലെ ദേശീയ അന്വേഷണ  ഏജന്‍സിയുടെ പ്രത്യേക കോടതി കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യപിച്ചു.    രാജ്യത്തിന്റെ ചരിത്ര ലിഖിതത്തില്‍ ചില മായ്ക്കലും തിരുത്തലും കൂട്ടിച്ചേര്‍ക്കലുകളും അതിലൂടെയുണ്ടായി. ശിക്ഷിക്കപ്പെട്ട 13 പേരില്‍ മൂന്നുപേര്‍ക്കും ഇരട്ട ജീവപര്യന്തവും ശേഷിച്ചവര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചതിനുമപ്പുറം  ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മതമേധാവികള്‍ക്കും മാതാപിതാക്കള്‍ക്കുപോലും മുന്നറിയിപ്പും അനുഭവപാഠവുമാകുന്നു ഈ ചരിത്രവിധി.

ശത്രുരാജ്യത്തുനിന്നുള്ള പണംപറ്റി     മാതൃരാജ്യത്തിനും അതിന്റെ പരമാധികാരത്തിനുമെതിരെ യുദ്ധം ചെയ്യാനുള്ള ഗൂഢാലോചന. അതില്‍  കണ്ണൂര്‍, വയനാട്, മലപ്പുറം, എറണാകുളം ജില്ലകളില്‍നിന്നുള്ള യുവാക്കള്‍ പങ്കാളികളായതും    തീവ്രവാദ പ്രസ്ഥാനത്തിന്റെ വലയില്‍പെട്ട് പ്രവര്‍ത്തിച്ചതും  മലയാളക്കരയെ അസ്വസ്ഥമാക്കുന്നു.

വൈദേശിക മേധാവിത്വത്തിനെതിരെ പൊരുതി ജീവനും രക്തവുംനല്‍കി  ദേശാഭിമാനത്തിന്റെ ചരിത്രം രചിച്ചവരാണ്  കുഞ്ഞാലിമരക്കാരും  പഴശ്ശിരാജയും  വാരിയംകുന്നത്ത് കുഞ്ഞഹമ്മദു ഹാജിയും ചെമ്പശ്ശേരി തങ്ങളുമൊക്കെ.  അവരുടെ വീറുറ്റ മണ്ണില്‍നിന്ന് മാതൃരാജ്യത്തിനെതിരെ പണംപറ്റി പൊരുതാനും കശ്മീര്‍ അതിര്‍ത്തിക്കപ്പുറം കാട്ടില്‍ചെന്ന് ആയുധപരിശീലനംനേടി തിരിച്ചടിക്കാനും  യുവാക്കളുണ്ടായതിന്റെ ഫലമാണ് ഈ കേസ്. അത് ഒറ്റപ്പെട്ട പ്രതിഭാസമാണെങ്കിലും യാഥാര്‍ത്ഥ്യമായി    ചരിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് വേദനിപ്പിക്കുന്നത്.

കരുത്താര്‍ന്ന വാക്കുകള്‍:  വിധിപറഞ്ഞ എന്‍.ഐ.എ പ്രത്യേക ജഡ്ജി എസ്. വിജയകുമാര്‍

കരുത്താര്‍ന്ന വാക്കുകള്‍: വിധിപറഞ്ഞ എന്‍.ഐ.എ പ്രത്യേക ജഡ്ജി എസ്. വിജയകുമാര്‍

ജര്‍മ്മന്‍ – മോസ്‌ക്കോ – പെഷവാര്‍ ഗൂഢാലോചന കേസുകള്‍ തൊട്ട് മീററ്റ് – കാന്‍പൂര്‍ ഗൂഢാലോചന കേസുകള്‍വരെ പല കേസുകളും ഉണ്ടായിട്ടുണ്ട്.   ബ്രിട്ടീഷ് ചക്രവര്‍ത്തിക്കും കിരീടത്തിനുമെതിരെ ഇന്ത്യന്‍ ദേശാഭിമാനികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ച കേസുകളായിരുന്നു അവ.    അത്തരം കൊടിയ മര്‍ദ്ദനങ്ങളും അടിച്ചമര്‍ത്തലുകളും നേരിട്ട് ചോരച്ചാലുകള്‍ നീന്തിക്കടന്ന് നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും.

ആ പോരാട്ടങ്ങളുടെ ആവേശവും ലക്ഷ്യബോധവും ഞരമ്പുകളില്‍ തുടിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളക്കൂറുള്ള മണ്ണാണ് കേരളത്തിന്റേത്.  അവിടെ മറിച്ചൊരു ഗൂഢാലോചനയ്ക്കും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും ആളെ ചേര്‍ക്കാനായി.

അഞ്ചുവര്‍ഷംമുമ്പ് കശ്മീര്‍ അതിര്‍ത്തിയില്‍  പാക്കിസ്ഥാനില്‍നിന്നുള്ള  നാലു നുഴഞ്ഞുകയറ്റക്കാര്‍ നമ്മുടെ സൈനികരുടെ വെടിയേറ്റു  മരിച്ചു.  അവര്‍  നാലുമലയാളികളാണെന്നുള്ള  കണ്ടെത്തലില്‍നിന്നാണ് രാജ്യം വിശ്വസിക്കാന്‍ മടിക്കുമായിരുന്ന ഈ സത്യത്തിന്റെ തുമ്പ് പുറത്തുവരുന്നത്.  കേരളത്തില്‍ നിര്‍ബാധം നടത്തിയ മതപഠനക്യാമ്പുകളുടെ മറയില്‍ പാക് അധീന കാശ്മീരിലേക്കുള്ള റിക്രൂട്ടമെന്റ് നടന്നു. അവരെ കശ്മീര്‍ അതിര്‍ത്തി കടത്തി പാക് അധീന മേഖലയിലെ ലോലാപ് വനത്തില്‍ സൈനിക പരിശീലനം നല്‍കി. അതിന്റെ നേതൃത്വം പാക് അധീന കശ്മീരിലെ അബ്ദുള്‍വാലിക്കാണെന്നും കണ്ടെത്തി. അബ്ദുള്‍വാലിയും കണ്ണൂര്‍ മരക്കാര്‍കണ്ടി കൊച്ചുപീടികയില്‍ മുഹമ്മദ് സാഹിറും ഇപ്പോഴും ഒളിവിലാണ്.  180-ഓളം പേരെ കേരളത്തില്‍നിന്ന് ഇങ്ങനെ    റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നതിന്റെ ഫോണ്‍ സംഭാഷണ തെളിവുകളും അന്വേഷണസംഘം കണ്ടെത്തി.

കേരളത്തില്‍ ഇതിന് നേതൃത്വം നല്‍കിയതിലെ പ്രമുഖര്‍ സഫ്രാസ് നവാസും കണ്ണൂരിലെ തടിയന്റവിട നസീറും സാബിര്‍ പി. ബുഹാരിയുമാണെന്ന് തെളിഞ്ഞു.    പണം നല്‍കി മതവിശ്വാസത്തെ ദേശദ്രോഹ പ്രവര്‍ത്തനമാക്കി മാറ്റുന്ന ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കിടപെടാനും കേരളത്തില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായെന്നും   കോടതിവിധി വെളിപ്പെടുത്തുന്നു.

മക്കളുടെ എന്തു തെറ്റും പൊറുക്കുന്ന പെറ്റമ്മമാര്‍ ഈ കൊല്ലപ്പെട്ട മുസ്ലിം യുവാക്കളെ തള്ളിപ്പറയാന്‍ മുന്നോട്ടുവന്നതാണ് ഈ ഗൂഢപദ്ധതി തുറന്നു കാട്ടാനായതിന്റെ ഏറ്റവും ഗുണപരമായ വശം.   പണം നല്‍കിയും വൈകാരികമായി തെറ്റിദ്ധരിപ്പിച്ചും തങ്ങളുടെ മക്കളെ രാജ്യദ്രോഹപ്രവര്‍ത്തനത്തിലേക്കു നയിച്ച പ്രതികള്‍ക്കു തൂക്കുകയര്‍ നല്‍കണമെന്ന് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട പ്രതികളുടെ അമ്മമാര്‍ പ്രതികരിക്കുകയുണ്ടായി.
കേരളമടക്കം  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് വിവിധ മതസംഘടനകള്‍ക്ക് വിദേശത്തുനിന്ന് ഒഴുകിയെത്തുന്ന കോടിക്കണക്കായ സാമ്പത്തിക സഹായമുണ്ട്.  മതപഠനത്തിനും സാമൂഹിക സേവനത്തിനുമെന്ന പേരില്‍ രൂപപ്പെടുത്തിയിട്ടുള്ള പദ്ധതികള്‍ വഴി. ഇതിനുപിന്നില്‍  നിഗൂഢമായി നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്   ഇന്ത്യയിലും പാകിസ്ഥാന്‍ മണ്ണിലും ഗള്‍ഫ് നാടുകളിലും  നിഗൂഢമായി നിരവധി തീവ്രവാദ ചങ്ങലകളുണ്ട്.  അവയുടെ  താക്കോല്‍സ്ഥാനത്തിരിക്കുന്നവര്‍ ഇരു രാജ്യങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. അവര്‍ക്കൊക്കെ സഹായവും ആയുധവും നേതൃത്വവും നല്‍കി നിഗൂഢ സാമ്രാജ്യത്വ ശക്തികള്‍ പ്രവര്‍ത്തിക്കുന്നു.  ഇതൊക്കെ ഈ കേസുമായി ബന്ധപ്പെട്ട എന്നാല്‍ അതിന്റെ  പരിധിക്കപ്പുറത്തെ യാഥാര്‍ത്ഥ്യങ്ങളാണ്.

ഭീകര പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ രൂപീകരിച്ച ദേശീയ അന്വേഷണ ഏജന്‍സി കേരള പൊലീസില്‍നിന്ന് ഈ കേസ് ഏറ്റെടുത്തതിനുശേഷം സംസ്ഥാനാന്തരമായി ഇതിന്റെ  തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ വിചാരണ നടന്ന  പ്രത്യേക കോടതിയില്‍ എന്‍.ഐ.എയും 186 സാക്ഷികളും ഇതിന്  തെളിവു നല്‍കിയിട്ടുണ്ട്.

ഇവയൊക്കെ നല്‍കുന്ന സൂചന വ്യക്തമാണ്.   ഇന്ത്യാഗവണ്മെന്റും  ദേശീയ അന്വേഷണ ഏജന്‍സിയും ഈ സംവിധാനങ്ങളെയും  സാമ്പത്തിക സ്രോതസ്സുകളെയും  ഇവയ്ക്കു പിന്നിലുള്ള വൈദേശിക – രാഷ്ട്രീയ ശക്തികളെയും അവരുടെ ഏജന്‍സികളെയും കണ്ടെത്തുന്നതിനും ലോകത്തിനുമുമ്പില്‍ തുറന്നു കാട്ടുന്നതിനും ഗൗരവപരമായി നീങ്ങേണ്ടതുണ്ട്.

അതേസമയം ന്യൂനപക്ഷ സമുദായത്തില്‍നിന്നു  വഴിതെറ്റിപ്പോയ യുവാക്കള്‍മാത്രം ഉള്‍പ്പെട്ട കേസ്സാണിത്.  അതുകൊണ്ട് മേല്‍പ്പറഞ്ഞ തീവ്രവാദ ഭീഷണി ഒരു സമുദായത്തെമാത്രം കേന്ദ്രീകരിച്ചതാണ് എന്ന തെറ്റായ സന്ദേശം ഉണ്ടായിക്കൂട.   ഭൂരിപക്ഷ സമുദായത്തില്‍നിന്നുതന്നെ ഇതുപോലുള്ള തീവ്രവാദ നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിദേശ ഫണ്ടും   കരസേനയില്‍നിന്നുള്ള ഒറ്റപ്പെട്ട ചില ഉന്നതവ്യക്തികളുടെ സഹകരണവും അതിന് ലഭിച്ചിട്ടുണ്ട്.   ഇതിനകം അത്തരംചില കേസുകള്‍   ദേശീയ ശ്രദ്ധയില്‍വന്നിട്ടുണ്ട്. അതോടു ചേര്‍ത്ത് ഈ കേസ് വിധിയെയും  കാണണം.

കശ്മീരില്‍ സൈന്യത്തിന്റെ രഹസ്യ ഫണ്ടില്‍നിന്ന് രാഷ്ട്രീയക്കാര്‍ക്കും തീവ്രവാദ സംഘടനാ നേതാക്കള്‍ക്കും അവിടെ പണം നല്‍കിയിട്ടുണ്ട് എന്നുള്ള വെളിപ്പെടുത്തലും ഒറ്റപ്പെട്ടതല്ല.  രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധവും സജ്ജവുമാണ് നമ്മുടെ സേന.  അതില്‍ ഭിന്നിപ്പുണ്ടാക്കുകയും വര്‍ഗീയ വികാരവും വിഭജനവും സൃഷ്ടിക്കുകയും ചെയ്യുന്നതും അപകടമാണ്.  അത്  ഈ കേസിലൂടെ വെളിപ്പെട്ട ആപത്തിനേക്കാള്‍ ഗുരുതരമാണ്.

ഇതെല്ലാം പരസ്പരം ബന്ധപ്പെടുത്തി അടിയന്തര വിഷയമായി കേന്ദ്രഗവണ്മെന്റ് പരിഗണിക്കണം.   പാര്‍ലമെന്റിലടക്കം ചര്‍ച്ചചെയ്യണം. സംസ്ഥാന ഗവണ്മെന്റുകളെയും  കാര്യക്ഷ്മവും ജാഗ്രത്തുമാക്കണം.  അതിനുള്ള  സന്ദേശവും എന്‍.ഐ.എ കോടതിയുടെ ഈ വിധി നല്‍കുന്നു.

ഇടതുപക്ഷ പാര്‍ട്ടികളടക്കം കേരളത്തിലെ മതനിരപേക്ഷ പാര്‍ട്ടികളും മതനിരപേക്ഷമെന്ന് അഭിമാനിക്കുന്ന മതാധിഷ്ഠിത പാര്‍ട്ടികളും ഗൗരവമായ സ്വയം വിമര്‍ശനം നടത്താന്‍ വൈകിക്കൂടെന്നും കോടതിവിധി ഓര്‍മ്മിപ്പിക്കുന്നു.   ജാതി-മത വികാരങ്ങള്‍ക്കപ്പുറം മതനിരപേക്ഷ ജനാധിപത്യ ബോധമുള്ള അണികളെ സൃഷ്ടിക്കാന്‍ ആറു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചുവരുന്നവരാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍.  അവര്‍ക്കു സ്വാധീനമുള്ള മേഖലകളില്‍ എങ്ങനെ ഈ പ്രവര്‍ത്തനങ്ങള്‍ നടന്നു?  യുവാക്കളെ എങ്ങനെ രാജ്യവിരുദ്ധ ശക്തികള്‍ക്ക് സ്വാധീനിക്കാനായി? നിലവിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥയും ബോധവല്‍ക്കരണത്തിന്റെ അപര്യാപ്തതയും അവര്‍ സ്വയമേറ്റെടുത്ത് പരിശോധിക്കാന്‍ തയ്യാറാകേണ്ടതുണ്ട്.

കേരളത്തിലെ മതനിരപേക്ഷതയ്ക്ക് ഏറ്റവും വലിയ ഉറപ്പ് തങ്ങളുടെ പ്രവര്‍ത്തനമാണെന്നു പറയുന്ന മുസ്ലിം ലീഗ് മലപ്പുറം ജില്ലയിലെ മണ്ണില്‍ എങ്ങനെ തീവ്രവാദ ശക്തികള്‍ പ്രവര്‍ത്തിച്ചു എന്ന് സ്വയം വിശദീകരിക്കണം.  വിവാഹപ്രായം 18 വയസ്സാക്കുന്നതിനെതിരെ വിപുലമായ പ്രതിരോധ കൂട്ടായ്മയുണ്ടാക്കി സമുദായ താല്‍പ്പര്യ സംരക്ഷണത്തിന്റെ പേരില്‍ മുന്നോട്ടുവന്നവരുണ്ട്.  സമുദായത്തിലും സമൂഹത്തിലും ദേശവിരുദ്ധ തീവ്രവാദ ശക്തികള്‍ക്ക് എങ്ങനെ   ഇടം കിട്ടിയെന്ന് അവര്‍ വിശദീകരിക്കണം.    ആത്മപരിശോധന നടത്തണം.

ന്യൂനപക്ഷത്തിനും  ഭൂരിപക്ഷ സമുദായത്തിനും  സര്‍ക്കാറില്‍നിന്ന് കിട്ടേണ്ട അവകാശങ്ങള്‍ കിട്ടിയിട്ടില്ലെന്ന് പോരടിക്കുകയാണ്. വികാരം കുത്തിയിളക്കുകയാണ്.  അതിന്റെ അപകടകരമായ മറ്റൊരു സാഹചര്യം കേരളത്തിലുണ്ട്.  ലോകസഭാ തെരഞ്ഞെടുപ്പുവരുന്ന പശ്ചാത്തലത്തില്‍ വിലപേശലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും മുന്നണികളെയും ബ്ലാക്ക്‌മെയില്‍ ചെയ്യലും വര്‍ദ്ധിക്കും.   ന്യൂനപക്ഷത്തുനിന്നായാലും ഭൂരിപക്ഷത്തുനിന്നായാലും തീവ്രവാദം   നമ്മുടെ ഭരണഘടനയെയും പരമാധികാരത്തെയും  ജനാധിപത്യത്തെയും  തകര്‍ക്കും.   കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിന്റെ പശ്ചാത്തലവും അതു നല്‍കുന്ന മുന്നറിയിപ്പും മേല്‍പ്പറഞ്ഞവരും  തിരിച്ചറിയേണ്ടതുണ്ട്.  അല്ലെങ്കില്‍ അവരും ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാകും ഫലം.

ആഗോളീകരണം പണമുതലാളിത്തത്തിന്റെ ഇക്കിളിപ്പെടുത്തലിന്റെ പറുദീസയാക്കി കേരളത്തെ മാറ്റുകയാണ്.  ഏതു വഴിക്കും പണം എളുപ്പം സമ്പാദിക്കുക, സുഖിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തിലേക്ക് റോക്കറ്റു വേഗതയില്‍ ഉയരുന്ന ഒരു ഉപഭോക്തൃ സമൂഹമായി കേരളം  മാറുകയാണ്.   പണം മനുഷ്യഹൃദയങ്ങള്‍ കീഴടക്കി ദൈവത്തെയും വിശ്വാസത്തെയും പുറന്തള്ളിയെന്ന് പോപ്പിനുപോലും  ചൂണ്ടിക്കാട്ടേണ്ടി വന്നിരിക്കുന്നു.  ശബരിമലയിലേക്കും ഗുരുവായൂരിലേക്കും മലപ്പുറം നേര്‍ച്ചയ്ക്കും പോകുന്നതിനേക്കാളേറെ തീര്‍ത്ഥാടകര്‍ എറണാകുളത്തെ സ്വകാര്യമാളിലേക്കാണ് ഇപ്പോള്‍ എത്തുന്നത്.  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള വിനോദ യാത്രകള്‍പോലും.

ഇതൊക്കെ സൃഷ്ടിക്കുന്ന അരാഷ്ട്രീയവും അപകടകരവും ലാഭക്കൊതിയൂറുന്നതുമായ ഒരു പുതിയ കേരള സമൂഹത്തില്‍ പണക്കുഴലുകളിലൂടെ വരുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുക എളുപ്പമല്ല.  കോടികളുടെ സ്വര്‍ണ്ണകള്ളക്കടത്തുകളുടെ സൂത്രധാരന്മാരുടെ തലതൊട്ടപ്പന്മാര്‍   ഇടതു-വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളാണെന്നു വരുമ്പോള്‍.

എല്ലാ തിരുത്തും നേര്‍വഴിയും തുടങ്ങുന്നത് വീട്ടില്‍ അച്ഛനമ്മമാരുടെ കണ്‍വെട്ടത്തുനിന്നാണ്.  ആ നോട്ടപ്പിഴകളില്‍നിന്നാണ് കുറ്റകൃത്യങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും തീവ്രവാദ പദ്ധതികളുടെയും വഴികള്‍ തുറക്കുന്നത്.  അതുകൊണ്ട് ബാല-കൗമാരങ്ങളും യൗവനങ്ങളും എവിടേക്കാണ് അടിവെച്ചടിവെച്ച് നീങ്ങുന്നതെന്ന് ഒരു റഡാറിന്റെ തീവ്ര ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും അടിന്തര കടമയാണ്.   ദിവസത്തിന്റെ ഏറിയ പങ്കും കൗമാര യൗവനങ്ങള്‍ ചെലവിടുന്ന വിദ്യാലയങ്ങളില്‍ രക്ഷിതാക്കളുടെ ആ ചുമതല നിര്‍വ്വഹിക്കേണ്ടത് അധ്യാപകരാണ്.  ഇത്തരമൊരു ജാഗ്രതയിലേക്ക് കേരളസമൂഹത്തെ അടിയന്തരമായി  ദൃശ്യ – അച്ചടി മാധ്യമങ്ങളും നയിക്കേണ്ടതുണ്ട്.

ആ ഒരു തലത്തിലേക്ക് കേരളത്തിലെ എല്ലാ ഉത്തരവാദപ്പെട്ടവരുടെയും കേന്ദ്ര സര്‍ക്കാറിന്റെയും ദേശീയ കക്ഷികളുടെയും മത മേധാവികളുടെയു ശ്രദ്ധ  ഉണ്ടായേ തീരൂ.  ഈ കേസ് വിധി  എല്ലാവരെയും തട്ടിയുണര്‍ത്തുന്നു.

One response to “Lesson from Kashmir terror recruitment case കശ്മീര്‍ തീവ്രവാദ കേസ് വിധിയുടെ മുന്നറിയിപ്പ്

  1. വേശ്യയുടെ ചാരിത്ര്യ പ്രഭാഷണം ….. റഷ്യക്കും,ചൈനക്കും വേണ്ടി ഇന്ത്യയിൽ പണിയെടുത്ത വിപ്ലവ ശിങ്കങ്ങകൾ ….. എല്ലാം കഴിഞ്ഞു ഇനി സംഘ ദേശീയതയുടെ കുഴലൂത്ത് നടത്താം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s