Kerala Politics today സമകാലിക കേരള രാഷ്ട്രീയം

സംഭാഷണം : അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് / എസ്. പ്രമീള ഗോവിന്ദ്

സമകാലിക കേരള രാഷ്ട്രീയത്തിന്റെ  ആഴങ്ങളിലേക്കും വിവാദങ്ങളിലേക്കും  ഇറങ്ങിച്ചെന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അഭിമുഖത്തിന്റെ  പൂര്‍ണ്ണ രൂപമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.  കേരളത്തിലെ  ചെറിയ രാഷ്ട്രീയ ചലനംപോലും ഏറെ ഉത്ക്കണ്ഠയോടെ കാതോര്‍ക്കുന്ന ഗള്‍ഫുമലയാളികള്‍ക്കുവേണ്ടി  ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന   ‘വോയ്‌സ് ഓഫ് കേരള’ എന്ന മലയാളം റേഡിയോ   രണ്ടു ഭാഗങ്ങളായി പ്രക്ഷേപണം ചെയ്തത്.  അഭിമുഖം  നടത്തിയത്  വോയ്‌സ് ഓഫ് കേരളയുടെ സ്റ്റുഡിയോവില്‍  വാര്‍ത്താ വിഭാഗം സ്‌പെഷ്യല്‍ സ്റ്റോറി മേധാവി എസ്. പ്രമീള ഗോവിന്ദ്     –                       ജനശക്തി

Appukkuttan Vallikkunnuഎസ്. പ്രമീള ഗോവിന്ദ് :    താങ്കള്‍  രാഷ്ട്രീയ നിരീക്ഷകനെന്ന നിലയിലും മേല്‍വിലാസത്തിലുമാണ് പലപ്പോഴും ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.  സി.പി.എമ്മിന്റെ പഴയ  ഒരു മുഴുവന്‍സമയ പ്രവര്‍ത്തകനായ താങ്കള്‍ എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്? മുന്‍ സി.പി.എം, ആന്റി സി.പി.എം, സി.പി.എം പുറത്താക്കിയ സഖാവ്?  ഇഴപിരിയ്ക്കാനാവാത്ത ഒരു ആത്മബന്ധം സി.പി.എമ്മുമായി ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ?

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് :        ഞാന്‍ ഒരുപാടു ലേബലുകള്‍ പേറി നടക്കുന്നവനാണ്.  ഞാന്‍ അറിയപ്പെടാനാഗ്രഹിക്കുന്നത് ഒരു മനുഷ്യനെന്ന നിലയ്ക്കാണ്.  മനുഷ്യത്വം എന്താണ് എന്നു പഠിക്കുകയും അത് ലോകത്ത് സ്ഥായിയായി നിലനില്‍ക്കാന്‍ എന്തുചെയ്യണമെന്ന്  ചിന്തിക്കുകയും ചെയ്യുന്ന ഒരാള്‍.  മനുഷ്യത്വത്തെയാണ് നമ്മള്‍  സംസ്‌ക്കാരം എന്നു പറയുന്നത്.  അതിന്റെ നാശത്തെ ചൂണ്ടിക്കാണിക്കുകയും അതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയുമാണ്  ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി.  അതുപോലെതന്നെ ഒരു കമ്മ്യൂണിസ്റ്റുകാരന്റെയും.  കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഇ.എം.എസ്സിനെപ്പോലുള്ളവരുമായി ഒന്നിച്ചു ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞ വളരെ എളിയ കമ്മ്യൂണിസ്റ്റു പ്രവര്‍ത്തകനെന്ന നിലയ്ക്ക്  അതാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.  ഇന്നുവരെ അത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടില്ല.  എന്നെ വളര്‍ത്തിയ, ഞാന്‍ പ്രവര്‍ത്തിച്ച  ഞാന്‍ സേവിച്ച എന്റെ പാര്‍ട്ടി എനിക്ക് പാര്‍ട്ടി വിരുദ്ധനെന്നോ  കമ്മ്യൂണിസ്റ്റു വിരുദ്ധനെന്നോ  എന്തൊക്കെ ലേബലുകള്‍ ഇട്ടാലും ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട് എന്നതുകൊണ്ട് എനിക്ക് പരിഭവമില്ല.

താങ്കള്‍ ആത്മബന്ധത്തെപ്പറ്റി പറഞ്ഞു.  എന്റെ ആത്മബന്ധം മനുഷ്യരോടാണ്.  കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാനതല നേതൃത്വത്തിലുള്ള ഒരു വ്യക്തി എന്നതോടൊപ്പം പാര്‍ട്ടിയുടെ ആശയതലത്തില്‍ വലിയ ജോലി നിര്‍വ്വഹിക്കുന്ന  അതിന്റെ പത്രത്തിന്റെ നേതൃത്വത്തിലുള്ള ഒരു വ്യക്തി എന്നുള്ള നിലയ്ക്കാണല്ലോ പ്രവര്‍ത്തിച്ചുവന്നത്.  അവിടെനിന്ന് എന്നെ എടുത്ത് പുറത്തേക്കെറിഞ്ഞത്  അന്നത്തെ പാര്‍ട്ടിയുടെ നേതൃത്വമാണ്.  അതു തെറ്റായിരുന്നു എന്ന് ആ പാര്‍ട്ടിയുടെ വ്യവസ്ഥാപിത സംവിധാനം തീരുമാനിച്ചിട്ടുണ്ട്.  അതിനെ നിരാകരിച്ചത് അതിന്റെ നേതൃത്വമാണ്.  പത്രത്തില്‍നിന്നു പുറത്തെറിഞ്ഞതു തെറ്റായിരുന്നു എന്ന് കേരളത്തിലെ ഏറ്റവും വലിയ ജുഡീഷ്യല്‍ സ്ഥാപനമായ  ഹൈക്കോടതി വിധിച്ചത് അവര്‍ അംഗീകരിച്ചിട്ടുണ്ട്.  അതിനെപ്പറ്റിയൊന്നും വളരെ പരിഭവിക്കേണ്ട കാര്യമില്ല.

പക്ഷെ താങ്കള്‍ പറഞ്ഞ സി.പി.ഐ.എം ആത്മബന്ധം.   പണ്ട് നമ്മുടെ സമൂഹത്തില്‍ ഭ്രഷ്ട്  നിലനിന്നിരുന്നു.  സമുദായ നേതൃത്വം നടപ്പാക്കിക്കൊണ്ടിരുന്നതുപോലെ ഭ്രഷ്ട്  പാര്‍ട്ടിയില്‍ നടപ്പാക്കി.  പടിക്കുപുറത്തേക്ക്

എ.കെ.ജി അമരാവതി നിരാഹാര സത്യാഗ്രഹത്തില്‍

എ.കെ.ജി അമരാവതി നിരാഹാര സത്യാഗ്രഹത്തില്‍

തള്ളിയാലും വീട്ടുകാരോടുള്ള സ്‌നേഹം, താത്രിക്കുട്ടിക്ക് മറക്കാന്‍ കഴിയാത്തതുപോലെതന്നെയാണ് എനിക്കും.  എന്നാല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി എന്നു പറയുന്നത് എ.കെ.ജി സെന്ററാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.  അല്ലെങ്കില്‍ എ.കെ.ജി ഭവനാണെന്ന്.  അത് ഈ നാട്ടിലെ തൊഴിലാളികളും കൃഷിക്കാരും നമ്മുടെ പഴയകാല രക്തസാക്ഷികളുടെ ഓര്‍മ്മകളും അതിന്റെ ആത്മബന്ധവുമൊക്കെ നെയ്‌തെടുത്തിട്ടുള്ള ഒന്നാണ് പാര്‍ട്ടി.  അതിനെ എനിക്കു മറക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ്  ആ ആത്മബന്ധം നിലനില്‍ക്കുന്നത്.  കമ്മ്യൂണിസ്റ്റു കുടുംബങ്ങള്‍ എന്നു പറയുന്നത് നമ്മുടെ സമൂഹത്തിന്റെകൂടി  ഒരു ചെറിയ ഭാഗമാണ്.  ആ വലിയ ഭാഗത്തെ ഒരു മനുഷ്യനെന്നുള്ള നിലയ്ക്ക് കാണുമ്പോള്‍  ആത്മബന്ധം നിലനില്‍ക്കുക സ്വാഭാവികമാണ്.

പ്രമീള:     പക്ഷെ സി.പി.എംകാരെ സംബന്ധിച്ചിടത്തോളം താങ്കള്‍ പാര്‍ട്ടി വിരുദ്ധനാണ്.  പാര്‍ട്ടിയെ തകര്‍ക്കാന്‍ മുന്‍പില്‍ നില്‍ക്കുന്ന വ്യക്തിയാണ്….

വള്ളിക്കുന്ന്:    ഞാന്‍ പറഞ്ഞല്ലോ.  പാര്‍ട്ടി എന്നു പറയുന്നത് എ.കെ.ജി സെന്ററോ  ഏതെങ്കിലും അതിന്റെ നേതാക്കന്മാരോ ഒന്നുമല്ലെന്ന്.  അത് ആ പാര്‍ട്ടിയിലുള്ള ലക്ഷക്കണക്കായ ആളുകളാണെന്ന്.  ഞാന്‍ എഴുതുന്നതും പറയുന്നതും അവരുടെ ഹൃദയത്തിലുള്ളതാണ്.  അവര്‍ക്കു പറയാന്‍ കഴിയാത്തത്  ഞാന്‍ പറയുന്നു എന്ന് ദിവസംപ്രതിയെന്നോണം അവര്‍ സംവദിക്കുന്നുണ്ട്.  അതുകൊണ്ട് ഞാന്‍ ഇതിനെയൊക്കെ അവഗണിക്കുന്നു.

പ്രമീള:    സി.പി.എം എല്ലാം ചിന്തിച്ചുറപ്പിച്ച് ചര്‍ച്ചചെയ്താണ് തീരുമാനമെടുക്കുക.  താങ്കളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് അന്നും ഇന്നും പാര്‍ട്ടിയുടെ ശരിയുമാണ്.  താങ്കള്‍ എങ്ങനെയാണ് അതിനെ കാണുന്നത്.  അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങളെ കണക്കാക്കുമ്പോള്‍  പുറത്താക്കപ്പെട്ടത് നല്ലതായി എന്നോ അതോ ഒരു നഷ്ടമായി എന്നോ?

വള്ളിക്കുന്ന്:    എന്നെ പുറത്താക്കിയത് വലിയ പ്രശ്‌നമായി ചര്‍ച്ച ചെയ്യേണ്ട വിഷയമായി ഞാന്‍ കാണുന്നില്ല.  തിരിഞ്ഞുനോക്കുകയാണെങ്കില്‍ 1998-ലാണ് ഇന്നു നിങ്ങളെല്ലാം പറയുന്ന ഇപ്പോള്‍ സി.പി.എമ്മിന്റെ നേതാക്കളും അംഗീകരിക്കുന്ന, പാര്‍ട്ടിക്കു മാരകമായ ഒന്ന് പാലക്കാട് സമ്മേളനത്തില്‍ സംഭവിക്കുന്നത്.  അത് അംഗീകരിക്കുന്നത് ഇപ്പോഴത്തെ നേതൃത്വംതന്നെയാണ് അന്ന് അവിടെ ചെയ്തതും.  ഇപ്പോള്‍ അവര്‍ അതു പറയുന്നത് ആത്മാര്‍ത്ഥതയോടുകൂടിയല്ല.  ആണെങ്കില്‍, വിഭാഗീയമായി പാര്‍ട്ടി പിടിച്ചെടുക്കുകയും അതിന്റെ ആന്തരികമായ രാഷ്ട്രീയ – പ്രത്യയശാസ്ത്ര സംഘടനാ സത്തകള്‍ ക്രമേണ ക്രമേണ കാര്‍ന്നുതിന്നു നശിപ്പിക്കുകയും ചെയ്തവര്‍ ഞങ്ങളാണു പാര്‍ട്ടി ഞങ്ങള്‍ ചെയ്യുന്നതാണ് ശരി  എന്നു പറയുകയും  പാലക്കാട്ടു നടന്നത് മാരകമായി എന്നു കുമ്പസാരിക്കുകയും ചെയ്യുന്നതെങ്ങനെ.  അവര്‍ ഈ പറയുന്നതിനൊന്നും യാതൊരു അര്‍ത്ഥവുമില്ല.

പാര്‍ട്ടി എല്ലാം സുചിന്തിതമായി ചര്‍ച്ചചെയ്താണ് തീരുമാനിക്കുന്നത് എന്നത് പുറത്തുള്ളൊരു ധാരണയാണ്.  കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സുചിന്തിതമായി ചര്‍ച്ചചെയ്ത് തീരുമാനിക്കണം എന്നത് വളരെ അടിസ്ഥാനപരമായ സംഘടനാ തത്വമാണ്.  പാര്‍ട്ടി നേതൃത്വത്തിലുള്ള സെക്രട്ടറിയുടേയോ അതിന്റെ ഭൂരിപക്ഷത്തിന്റെയോ അഭിപ്രായം അടിച്ചേല്‍പ്പിക്കലല്ല ഉള്‍പ്പാര്‍ട്ടി ജനാധിപത്യം.  ന്യൂനപക്ഷത്തിന്റെ അഭിപ്രായമാണെങ്കിലും   അതിനെ സഹിഷ്ണതയോടുകൂടി  സമീപിക്കണം.  ആരുടെ നിലപാടാണ് ശരി ആരുടേതാണ് തെറ്റ് എന്നു തീരുമാനിക്കുക കാലമാണ്.

അടിയന്തരാവസ്ഥ നടപ്പാക്കിയ സമയത്ത് സുപ്രിംകോടതിയിലെ  ഭൂരിപക്ഷ അംഗങ്ങളും ഒന്നിച്ചുനിന്ന് അടിയന്തരാവസ്ഥയെ ന്യായീകരിക്കുന്ന വിധി എഴുതി.  അപ്പോഴും അതിനെതിരെ ന്യൂനപക്ഷ അഭിപ്രായമെഴുതിയ ജഡ്ജിയുണ്ടായിരുന്നു.  അദ്ദേഹം രേഖപ്പെടുത്തിയതാണ് ശരിയെന്ന് അടിയന്തരാവസ്ഥയെ  പിന്നീട് രാജ്യത്തെ ജനങ്ങള്‍ നിരാകരിച്ചപ്പോള്‍ വ്യക്തമായി.  അതു ചരിത്രമാണ്.  അതു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കാര്യത്തിലും ശരിയാണ്.

ഇപ്പോള്‍ എവിടെയാണ് സി.പി.എം എത്തിനില്‍ക്കുന്നത്?  കഴിഞ്ഞ 2012 ജൂലൈ മാസത്തില്‍  നടന്ന കേന്ദ്രകമ്മറ്റിയോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.  കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഇന്ത്യയിലെ  സി.പി.എമ്മിലെ ഏക സ്ഥാപകനേതാവായി  പാര്‍ട്ടിയിലുള്ള  ആളാണ് വി.എസ്.  മാതൃഭൂമി പത്രത്തിലൂടെ വി.എസ്സിന്റെ  കേന്ദ്രകമ്മറ്റിയിലെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുവന്നിട്ടുണ്ട്.  അദ്ദേഹം പറയുന്നത് കേരളത്തിലെ പാര്‍ട്ടിയെ നേതൃത്വം തൊഴിലാളിവര്‍ഗ പാര്‍ട്ടിയല്ലാതാക്കിയിരിക്കുന്നു എന്നാണ്.  അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് കഴിഞ്ഞ 15 കൊല്ലക്കാലമായി പറയുന്നത്.  ഞാന്‍ മാത്രമല്ല  എം.എന്‍ വിജയനെപ്പോലുള്ള പല ആളുകളും.  ഞാന്‍ അവരില്‍ എളിയ ഒരാളാണ്.

ഞങ്ങള്‍ കഴിഞ്ഞ 15 കൊല്ലക്കാലമായി പറയുന്നത് വി.എസ് അച്യുതാനന്ദന് പറയേണ്ടിവന്നിരിക്കുന്നു.  ഇത് തൊഴിലാളിവര്‍ഗ പാര്‍ട്ടിയല്ലെന്ന്.  നിങ്ങള്‍ പറയുന്നതുപോലെ അതിന്റെ ഭരണഘടന പാര്‍ട്ടി നേതൃത്വത്തിന്റെ കയ്യിലുണ്ട്.  ജനാധിപത്യ കേന്ദ്രീകരണം എന്നുപറയുന്ന അതിന്റെ കരുത്തും അധികാരശേഷിയും നേതൃത്വത്തിന്റെ കയ്യിലുണ്ട്. പക്ഷെ പാര്‍ട്ടിയുടെ  തൊഴിലാളിവര്‍ഗ രാഷ്ട്രീയം ചോര്‍ന്നുപോയിരിക്കുന്നു.  മാധ്യമങ്ങളെയും നീതിപീഠങ്ങളെയും അംഗീകരിക്കുന്നില്ല പാര്‍ട്ടി നേതൃത്വം എന്നും വി.എസ് പറയുന്നു.   സി.പി.എമ്മിന്റെ പ്രവര്‍ത്തകരും ചില നേതാക്കളും നടത്തിയതാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  അതുകൊണ്ട് ഇത്തരമൊരു പാര്‍ട്ടിയുമായി അതിന്റെ പ്രവര്‍ത്തനവുമായി എനിക്കു സഹകരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞ്  അദ്ദേഹം ഇപ്പോള്‍ ആ പാര്‍ട്ടിയുടെ സംസ്ഥാന തലത്തിലുള്ള എല്ലാ യോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്നു.  അപ്പോള്‍ സുചിന്തിതമായി തീരുമാനമെടുത്തതുകൊണ്ടാണ് അത് പ്രവര്‍ത്തിക്കുന്നത് എന്ന് എങ്ങനെ

പറയും.  കമ്മ്യൂണിസ്റ്റു പാര്‍ട്ടി എടുക്കേണ്ട രീതിയിലുള്ള പാര്‍ട്ടി ചര്‍ച്ചകള്‍ക്കുശേഷമുള്ള ഒരു തീരുമാനമല്ല എന്നുള്ളതാണ് ഇന്നത്തെ ദയനീയമായ അവസ്ഥ.

പ്രമീള:      താങ്കള്‍ സൂചിപ്പിച്ച പല കാര്യങ്ങളും നമുക്ക് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്.  അതിനുമുമ്പ്  ചില കാര്യങ്ങളിലേക്കുകൂടി കടക്കാമെന്നു തോന്നുന്നു.  താങ്കളോടൊപ്പംതന്നെ പുറത്താക്കപ്പെട്ട  ശ്രീ. വി.ബി. ചെറിയാന്‍.  അദ്ദേഹത്തിന്റെ അന്ത്യ നാളുകളില്‍  പാര്‍ട്ടി അനുഭാവ സമീപനം പ്രകടിപ്പിച്ചിരുന്നു.  ദേശാഭിമാനിയില്‍ ലേഖനത്തിനു സ്ഥലം അനുവദിക്കുകയും ഒക്കെ ചെയ്ത സാഹചര്യമുണ്ടായി.  ചെറിയാനാണോ പാര്‍ട്ടിക്കാണോ മാനസാന്തരമുണ്ടായത്.

വള്ളിക്കുന്ന്:    ചെറിയാനു മാനസാന്തരം വന്നു എന്നൊക്കെ ധരിക്കുന്നതും പ്രചരിപ്പിക്കുന്നതും തെറ്റാണ്.  പ്രത്യേകിച്ചു മരിച്ചുപോയ ഒരാളെ സംബന്ധിച്ച് അങ്ങനെ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നത് വളരെ തെറ്റാണ്.  ചെറിയാന്‍

ലേഖനമെഴുതിയതിന്റേതായ രാഷ്ട്രീയ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങള്‍ ചെറിയാനുമായി അന്നുതന്നെ ചര്‍ച്ചചെയ്ത ഒരാളാണ് ഞാന്‍.  അദ്ദേഹത്തിന്റെ രോഗാവസ്ഥയെ സംബന്ധിച്ചും അറിയുന്ന ഒരാളെന്ന നിലയ്ക്ക് താങ്കള്‍ ഉദ്ദേശിക്കുന്നതുപോലെയോ അവര്‍ പ്രചരിപ്പിക്കുന്നതുപോലെയോ അല്ല കാര്യങ്ങള്‍.

ഇ.എം.എസ്‌

ഇ.എം.എസ്‌

വി.ബി. ചെറിയാന്‍ എന്നോടൊപ്പം പുറത്താക്കപ്പെട്ട ആളാണ്.  സി.പി.ഐ.എമ്മിനെതിരായി ഞങ്ങള്‍ സമാന്തര സംഘടന എന്നായിരുന്നു ആരോപണം.  കേരളംപോലെ പതിനാലൂ ജില്ലകളുള്ള സംസ്ഥാനത്ത് രണ്ടു സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്ക്  ഒരു സമാന്തര സംഘടന ഉണ്ടാക്കാന്‍ കഴിയുമോ എന്നുള്ളതുതന്നെ   അല്‍പ്പം  പ്രായോഗിക ബുദ്ധിയോടുകൂടി ആലോചിക്കേണ്ടതാണ്.  അങ്ങനെ തിരുവനന്തപുരത്തുനിന്നു കാസര്‍ഗോഡുവരെ  ഒരു കയറുകെട്ടണമെങ്കില്‍ അത്രയും നീളമുള്ള ഒരു കയറെങ്കിലും വേണ്ടേ.  രണ്ടു വ്യക്തികള്‍ നിന്നാല്‍ പാര്‍ട്ടിക്കൊരു സമാന്തര സംഘടന ഉണ്ടാവില്ല.

പുറത്താക്കിയത് തെറ്റാണ് എന്നും പാര്‍ട്ടി സംസ്ഥാനകമ്മറ്റി അധികാരം  അതിരുകവിഞ്ഞു പ്രയോഗിക്കുകയാണ് ചെയ്തത് എന്നും പറഞ്ഞുകൊണ്ട് സെന്‍ട്രല്‍ കണ്‍ട്രോള്‍ കമ്മിഷന്‍  തിരിച്ചെടുക്കണമെന്ന് പറഞ്ഞു.  തിരിച്ചെടുത്തില്ല.  കണ്‍ട്രോള്‍ കമീഷന്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ ഉടനടി  നടപ്പാക്കണമെന്നാണ് പാര്‍ട്ടി ഭരണഘടനാ വ്യവസ്ഥ.  രണ്ടരവര്‍ഷം കഴിഞ്ഞ്  ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇവരെ തിരിച്ചെടുത്തുകൂടാ എന്ന പ്രമേയം പാസാക്കി.  ലോകത്ത് ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ചെയ്തിട്ടില്ലാത്ത കാര്യം.   ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ക്കെന്താണ് പറയാനുള്ളതെന്ന് കേള്‍ക്കേണ്ടേ.  പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഞങ്ങളാരുമില്ല.  അവിടെവെച്ച് ഭരണഘടന ഭേദഗതിചെയ്യാന്‍ തീരുമാനിച്ചു.  അത് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയില്‍ ചെയ്തതുപോലുള്ള ഒരു പരിപാടിയായിപ്പോയി.   അങ്ങനെയാണ് ചെറിയാനെയും എന്നെയും പാര്‍ട്ടിയില്‍നിന്നു പുറത്തുകളഞ്ഞ നടപടിയെ രക്ഷപെടുത്തിയത്.

Top.bmp

സി.പി.എമ്മിന്റെ മാറ്റം ചെറിയാന്‍ വളരെ നേരത്തെതന്നെ  തിരിച്ചറിഞ്ഞു.    2002-ല്‍ തിരുവനന്തപുരത്തുവെച്ച്  പാര്‍ട്ടിയുടെ പരിപാടി ഭേദഗതി ചെയ്തതോടെ സി.പി.ഐ.എം 64-ലെ  പാര്‍ട്ടി പരിപാടിയില്‍നിന്ന് മാറിയെന്ന്.  ഏതു ബൂര്‍ഷ്വാ ഡെമോക്രാറ്റിക് പാര്‍ട്ടിയെപ്പോലെയും പാര്‍ലമെന്ററി തലത്തില്‍മാത്രം പ്രവര്‍ത്തിക്കുന്ന അധികാരം കിട്ടാന്‍വേണ്ടി ആരുമായും കൂട്ടുചേരുന്ന  അവസ്ഥയിലേക്കു മാറിയെന്ന്.  അദ്ദേഹം പുതിയൊരു കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കു രൂപംനല്‍കി.  64-ലെ പരിപാടിയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ഒരു പരിപാടിക്കും.  എന്നെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍നിന്നു പോന്നു എന്നതുകൊണ്ട് എം.വി.ആര്‍ ചെയ്തതുപോലെ, ഗൗരിയമ്മ ചെയ്തതുപോലെ  ചെറിയാന്‍ ചെയ്തതുപോലെ പകരം ഒരു പാര്‍ട്ടിയുണ്ടാക്കണം എന്നൊന്നും കരുതുന്നില്ല.   അതിനുള്ള ശേഷിയുള്ള ആളുമല്ല.  അതുകൊണ്ട് എന്റേതായ നിലപാട് ഞാന്‍ തുടരുന്നു.

എന്നുവെച്ച് എം.വി.ആറോ ഗൗരിയമ്മയോ ചെറിയാനോ ചെയ്തതു തെറ്റാണ് എന്ന് ഞാന്‍ പറയുന്നില്ല.  അത് മറ്റൊരു നിലയില്‍ വിശദീകരിക്കേണ്ട കാര്യമാണ്.  എന്തായാലും ചെറിയാനൊരു പാര്‍ട്ടിയുണ്ടാക്കുകയും അതിന് അഖിലേന്ത്യാതലത്തിലൊരു നേതൃത്വമുണ്ടാകുകയും അതിന്റെ പി.ബി. അംഗമാകുകയും ചെയ്തു ചെറിയാന്‍.  ഒരു ലേഖനം ദേശാഭിമാനിയില്‍ വന്നു എന്നതുകൊണ്ട് ആ പാര്‍ട്ടി മുഴുക്കെ അതിന്റെ പ്രത്യയശാസ്ത്രവും പരിപാടിയുമൊക്കെ ഒഴിവാക്കി സി.പി.എമ്മിലേക്ക് ചേരാന്‍ പോകുകയാണ് എന്ന് പറയുന്നതിനെന്തര്‍ത്ഥമാണ്.  അതും ചെറിയാന്‍ ഇല്ലാത്ത സമയത്ത്. വെന്റിലേറ്ററില്‍ കിടന്നിരുന്ന നൃപന്‍ ചക്രവര്‍ത്തിക്ക്  പാര്‍ട്ടി മെമ്പര്‍ഷിപ്പു കൊടുത്തതുപോലുള്ള ഒരു പരിപാടി മാത്രമാണത്.  ത്രിപുരയില്‍ ദശരഥ് ദേവിനൊപ്പം കമ്മ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുത്ത, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാതൃകയായി ജീവിച്ച നൃപന്‍ ചക്രവര്‍ത്തിയെ നേതൃത്വത്തെ വിമര്‍ശിച്ചതിനാണ് സി.പി.എമ്മില്‍നിന്നു പുറത്താക്കിയത്.  ജനങ്ങളുടെ പ്രതികരണം കണ്ട് മരണക്കിടക്കയില്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍  മെമ്പര്‍ഷിപ്പുകൊണ്ടുവെച്ച ഒരു കീഴ് വഴക്കവും  സി.പി.എമ്മിനുണ്ട്.

എന്തുകൊണ്ടാണ്  ഇങ്ങനെയൊരു ലേഖനം താങ്കള്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത് എന്ന് ചെറിയാനോട് ഞാന്‍ ചോദിച്ചു.  ചെറിയാന്‍ പറഞ്ഞു   ദൈവകണം സംബന്ധിച്ച ലേഖനം  മാതൃഭൂമിയോ മലയാള മനോരമയോ പ്രസിദ്ധീകരിക്കില്ല.  കൂടുതല്‍ ഇടതുപക്ഷ വായനക്കാരുള്ള പത്രമെന്ന നിലയ്ക്ക് ദേശാഭിമാനി അതു പ്രസിദ്ധീകരിച്ചാല്‍ നന്നായി എന്ന നിലയ്ക്ക് ഞാന്‍ അവരോടു സംസാരിച്ചു.  അവര്‍ ആലോചിച്ചു പറയാമെന്നു പറഞ്ഞു.  പതിനഞ്ചു ദിവസത്തോളം അവര്‍ പ്രതികരിച്ചില്ല.

ചെറിയാന്‍ പാര്‍ട്ടിയിലേക്കു വരണം.  അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റെ ഭാഗമായി  ചുവന്ന പരവതാനി ഈ ലേഖനത്തിനു വിരിച്ചുകൊടുക്കുന്നു എന്നാണെങ്കില്‍ അത് ഉടനെതന്നെ ചെയ്യേണ്ടതായിരുന്നു.  അതു ചെയ്തില്ല.  പിന്നീട് വി.എസ്സിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കേന്ദ്രകമ്മറ്റിയോഗം ഡല്‍ഹിയില്‍ നടക്കുന്നു.   ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സി.പി.ഐ.എമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് എന്നുള്ള വിമര്‍ശനം രാജ്യത്താകെ ഉയര്‍ന്നുനില്‍ക്കുന്നു.  അതേ വിഷയംതന്നെ വി.എസ് ഒരു കത്തിലൂടെ കേന്ദ്രകമ്മറ്റിയ്ക്ക്  ഉന്നയിക്കുന്നു.  ആ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നതിനുമുമ്പ് ചെറിയാന്റെ ലേഖനം ദേശാഭിമാനിയില്‍ വരണം എന്നു  സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിലെ ആരൊക്കെയോ  തീരുമാനിക്കുന്നു.

കാരണം അവര്‍ പറഞ്ഞു ഞങ്ങള്‍ക്ക് പി.ബി. യോഗത്തിനുമുമ്പ് സഖാവിന്റെ ലേഖനം വരണം എന്ന്.  അപ്പോള്‍ ചെറിയാന്‍ പറഞ്ഞു.  എന്റെ പാര്‍ട്ടിയുടെ പ്ലീനം നടന്നുകൊണ്ടിരിക്കുകയാണ്.   ഇതു കഴിഞ്ഞല്ലാതെ നിങ്ങളുടെ പി.ബിയോഗം കഴിയുന്നതിനു മുമ്പൊന്നും  എനിക്കതു തരാന്‍ കഴിയില്ല.  അതുകൊണ്ട് ചെറിയാന്‍ അപ്പോള്‍  അത് എഴുതിക്കൊടുത്തില്ല.  ആ യോഗം കഴിഞ്ഞതിനുശേഷമാണ് ചെറിയാന്റെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്.

ഇവിടെ പരിശോധിക്കേണ്ട കാര്യം സി.പി.ഐ.എമ്മിന്റെ പി.ബി യോഗം  നടക്കുന്നതിനുമുമ്പായി  ചെറിയാന്റെ  ലേഖനം വേണം എന്ന് ചെറിയാനോട് ആവശ്യപ്പെട്ടു എന്നതാണ്.  അപ്പോള്‍ ദൈവകണ വിഷയമല്ല പ്രശ്‌നം.   പിണറായി വിജയന്‍ സെക്രട്ടറിയായശേഷം  കേരളത്തില്‍  വിഭാഗീയതയുടെ ഭാഗമായി  അദ്ദേഹത്തിന്റെ നേതൃത്വം ചെറിയാനെപ്പോലെ ധാരാളം പേരെ  പാര്‍ട്ടിയില്‍നിന്നു പുറന്തള്ളി.  ചിലരെ ഉന്മൂലനം ചെയ്യാനുള്ള പരിപാടികള്‍വരെ നടത്തി. ഈ വിമര്‍ശം  പാര്‍ട്ടിക്കകത്തും ഉണ്ട്.    ജനങ്ങളും അണികളും വിശ്വസിക്കുന്നുമുണ്ട്.    അപ്പോള്‍  ചെറിയാനെപ്പോലുള്ള ഒരാളുടെ ലേഖനം പ്രസിദ്ധീകരിക്കുന്നത് അതിനെ

വി.ബി. ചെറിയാനോടൊപ്പം

വി.ബി. ചെറിയാനോടൊപ്പം

നേരിടാനുള്ള ഒരടവാണ്.

ഒരു കാര്യംകൂടി.   വളരെ കൃത്യമായ ഒരു ഉള്‍പ്പാര്‍ട്ടി രഹസ്യം ഞാന്‍  വെളിപ്പെടുത്തുകയാണ്.    ചെറിയാനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയശേഷം അദ്ദേഹം  പാര്‍ട്ടിക്കകത്ത് ‘ഷാഡോ’ കമ്മറ്റികള്‍ ഉണ്ടാക്കി.   വിവിധ ജില്ലകളില്‍ പ്രവര്‍ത്തനം നടത്തി.  ആ ഘട്ടത്തില്‍ ചെറിയാനെ മൂന്നുതവണ പാര്‍ട്ടി ആസൂത്രണംചെയ്ത്  ആക്രമിക്കുകയുണ്ടായി.  ഒരു ജില്ലാ സെക്രട്ടറി, സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മറ്റിയില്‍ ചെറിയാനെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയുള്ള പദ്ധതി പൊളിഞ്ഞകാര്യം റിപ്പോര്‍ട്ടു ചെയ്യുകപോലുമുണ്ടായി.    അതങ്ങനെ പറയില്ലല്ലോ.   ഞങ്ങള്‍ എല്ലാകാര്യങ്ങളും ചെയ്തിരുന്നു.  പക്ഷെ, തലനാരിഴയ്ക്ക്  ചെറിയാന്‍ രക്ഷപെട്ടു എന്നായിരുന്നു ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ടു ചെയ്തത്.

ചെറിയാനെതിരെ പാര്‍ട്ടി നേതൃത്വത്തിന്  ഇങ്ങനെ ഒരു    രഹസ്യആസൂത്രണമുണ്ടെന്നു  മനസ്സിലാക്കി  ആ യോഗത്തിലുണ്ടായിരുന്ന ചില നേതാക്കള്‍ എന്നെ വിളിച്ചു.  വിവരം  ചെറിയാനെ അറിയിക്കണം.  രാത്രി സൂക്ഷിച്ചു നടക്കണം എന്നറിയിക്കണം എന്നു പറഞ്ഞ്.   ചെറിയാനെ അക്കാര്യം ഞാന്‍  അറിയിക്കുകയും ചെയ്തു. ടി.പി.  ചന്ദ്രശേഖരനു മുമ്പ്  വി.ബി. ചെറിയാന്‍ മറ്റൊരു ചന്ദ്രശേഖരന്‍  ആകേണ്ടതായിരുന്നു.  അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെ ലേഖനമൊക്കെയെഴുതി സി.പി.എമ്മിലേക്കു ചെന്നു, അതിനു സമയം കിട്ടിയില്ല, മരിച്ചുപോയി എന്നൊക്കെ പറയുന്നത് വളരെ ലജ്ജാകരമാണ്.   ഞാന്‍ പറഞ്ഞല്ലോ. നൃപന്‍ ചക്രവര്‍ത്തിയുടെ മൃതദേഹത്തില്‍നിന്നു മുതലെടുത്തതുപോലെ വി.ബി. ചെറിയാന്റെ മൃതദേഹത്തില്‍നിന്നും മുതലെടുക്കുന്നതിന്റെ ഭാഗമായ പ്രചാരണം മാത്രമാണ് ഇത്.

പ്രമീള:    താങ്കള്‍തന്നെ സൂചിപ്പിച്ച ശ്രീ. വി.ബി. ചെറിയാനെപ്പോലെ എം.വി.ആറും ഗൗരിയമ്മയും മറ്റും പാര്‍ട്ടി രൂപീകരിച്ചതിനെക്കുറിച്ച് താങ്കള്‍ സൂചിപ്പിച്ചു.  ഇന്ന് അവര്‍ തിരിച്ച് സി.പി.എമ്മിലേക്ക് വരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ചില സ്ഥലങ്ങളിലെങ്കിലും വിവാദങ്ങള്‍ക്ക് ഇടകൊടുത്ത് നടക്കുന്നത്.  ഈയൊരു സാഹചര്യത്തില്‍ താങ്കള്‍ തിരിച്ച് പാര്‍ട്ടിയിലേക്കു വരാനുള്ള സാധ്യതക്കു   തടസ്സമായതു ദേശാഭിമാനിയുമായി ബന്ധപ്പെട്ട കോടതി കേസാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?  ഇവരുടെ തിരിച്ചുവരവിനെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്.?

എം.വി.ആര്‍

എം.വി.ആര്‍

വള്ളിക്കുന്ന്:    ഈ രണ്ടു പ്രശ്‌നങ്ങളെയും  ഒരുപോലെ കാണരുത്.  എന്റെ പ്രശ്‌നത്തെയും    കോടതിവിധിയെയും പറ്റി  പിന്നീടു പറയാം.  എം.വി.ആറിനെ  പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നു.  പുറത്താക്കിയതിനുശേഷം അദ്ദേഹം ഒരു പാര്‍ട്ടി രൂപപ്പെടുത്തുന്നതിലേക്ക് എത്തുന്നു.  ഇതു രാഷ്ട്രീയമായ ഒരു നിലപാടിന്റെ മാത്രം  ഭാഗമായിട്ടല്ല.  കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള എം.വി.ആറിനെ സംബന്ധിച്ചിടത്തോളം അന്നത്തെകാലത്ത് അദ്ദേഹത്തിന് സമൂഹത്തില്‍തന്നെ ഒരു  പ്രസക്തിയുമില്ലാതെയാകുന്ന സ്ഥിതിയുണ്ടായിരുന്നു.

മാത്രമല്ല കണ്ണൂര്‍ പോലുള്ള ഒരു ജില്ലയില്‍  ജീവിക്കുകതന്നെ  പ്രയാസവും. എം.വി.ആര്‍ ഇതിനെ  ചെറുത്തുനിന്നു.  അദ്ദേഹം ഒരു പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു.  എത്രതവണ അദ്ദേഹത്തിന്റെ ജീവനുനേരെ ആക്രമണമുണ്ടായെന്ന് എം.വി.ആറിന്റെ ആത്മകഥ വായിച്ചാല്‍ മനസ്സിലാകും.  കോണ്‍ഗ്രസ്സിനെതിരായി മുസ്ലിം ലീഗിനെയും കേരളാകോണ്‍ഗ്രസ്സിനെയുമൊക്കെ സി.പി.എമ്മിലേക്ക് അടുപ്പിച്ച് അധികാരത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുവരാനുള്ള രാഷ്ട്രീയ നയം ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചതിന്റെ  ഭാഗമായാണ് എം.വി.ആറിനെ പുറത്താക്കിയത്.   പാര്‍ട്ടി നയത്തില്‍നിന്നു വേറിട്ട നിലപാടെടുത്തതിനു.  അതിനെയാണ് ബദല്‍രേഖ എന്നു നമ്മള്‍ പറയുന്നത്.

പക്ഷെ അങ്ങനെയുള്ള കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാനും സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും കേരളത്തില്‍ അധികാരത്തിലെത്തിക്കുന്നതിനും  നിലനിര്‍ത്തുന്നതിനും,  രാഷ്ട്രീയ നിലപാടെടുത്ത ആള്‍ കോണ്‍ഗ്രസ്സിന്റെ പാളയത്തിലേക്കു പോകേണ്ടിവരുന്നു.  അത് നമ്മള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്.  കാരണം ജീവിക്കണമെങ്കില്‍, രാഷ്ട്രീയജീവിതം തുടരണമെങ്കില്‍   കോണ്‍ഗ്രസ്സിന്റെയും മുസ്ലിം ലീഗുകാരുടെയും രാഷ്ട്രീയ പിന്തുണമാത്രമല്ല  ശാരീരിക സംരക്ഷകൂടി അദ്ദേഹത്തിന് വേണമെന്നുള്ള അവസ്ഥ ഉണ്ടായി.   അതുകൊണ്ടാണ്  എം.വി.ആറിന്  അങ്ങോട്ടു പോകേണ്ടി വന്നത്.   അങ്ങനെ  എം.വി.ആര്‍  ഒറ്റയ്ക്ക്  അവിടെ പോയതായി കാണരുത്.  വി.ബി. ചെറിയാനെയും ഗൗരിയമ്മയെയും  ഒറ്റയ്‌ക്കെടുത്തുകൂട.   കാരണം ഇവരൊക്കെത്തന്നെയും ഒരു രാഷ്ട്രീയ പദ്ധതിയുടെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍  മറുഭാഗത്തു പോയവരാണ്.   അതിനെ മറ്റൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തേണ്ടിവന്നവരാണ്.   അങ്ങനെ മറ്റൊരു രാഷ്ട്രീയ മുന്നണിയുടെ ഭാഗമായവരാണ്.

കേരള സമൂഹത്തില്‍ രാഷ്ട്രീയമായി മുഖ്യമായി  രണ്ടു വിഭാഗം ജനങ്ങളാണ്. ഇടതുപക്ഷ മുന്നണിയും ജനാധിപത്യ മുന്നണിയും.  അതു ശരിയാണോ അല്ലയോ എന്നതൊക്കെ മറ്റൊരു വിഷയം.   ചരിത്രപരമായി

അങ്ങനെയാണ്  നില്‍പ്പ്.  അവര്‍ ഇപ്പഴും യു.ഡി.എഫിലാണ്.  എം.വി.ആറിന് യു.ഡി.എഫുമായി അഭിപ്രായഭേദമുണ്ട് എന്നതു ശരിയാണ്.  ഗൗരിയമ്മയ്ക്ക് പ്രത്യേകിച്ചും.  യു.ഡി.എഫിന്റെ ഇന്നത്തെ  നേതൃത്വത്തിന്   എം.എല്‍.എമാര്‍ ഇല്ലാത്ത ഘടകകക്ഷികള്‍  വലിയ പ്രശ്‌നമല്ല.  കാരണം എം.എല്‍.എമാര്‍  ഉള്ള ആളുകള്‍ക്കുതന്നെ മന്ത്രിമാരെ കൊടുക്കാന്‍ യു.ഡി.എഫിനു  സാധിക്കുന്നില്ല.  അപ്പോള്‍ വാര്‍ദ്ധക്യത്തിലെത്തിയ ഗൗരിയമ്മ ഇല്ലെങ്കില്‍ എന്താ എന്നുകൂടി ചിന്തിക്കുന്നവരുണ്ട് യു.ഡി.എഫില്‍.

അതുപോലെ അതില്‍ നിഷേധികളും കേരള സംസ്‌ക്കാരത്തിനു നിരക്കാത്തവരുമായ ചില നേതാക്കന്മാരുണ്ട്.   വായ തുറന്നാല്‍ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും അധിക്ഷേപിക്കുന്നവര്‍.  നമ്മുടെ സാമൂഹിക മണ്ഡലത്തില്‍നിന്ന് എന്നോ ചാണകം തളിച്ചു പുറത്തുകളയേണ്ടവര്‍  അതിനകത്തുണ്ട്.  അപ്പോള്‍ സ്വാഭാവികമായും ഗൗരിയമ്മയെപ്പോലൊരാള്‍  പ്രകോപിക്കപ്പെടും.  അവരെപ്പോലെ വിപ്ലവകാരിയായ , ഒരു ചരിത്ര പുരുഷ, അപമാനിതയായി വേദനിക്കുന്നത് ഒരു ഗൗരവമായ കാര്യമാണ്.

എന്നുവെച്ച് അവര്‍ സ്വീകരിക്കേണ്ടിവന്ന രാഷട്രീയത്തിന്റെ പ്രശ്‌നമുണ്ട്. അതിന്റെ ഭാഗമായി ആയിരക്കണക്കായ പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. ഇതൊക്കെ ആളുകളെയും ഉപേക്ഷിച്ച് ഗൗരിയമ്മ ഇപ്പോള്‍ സി.പി.എമ്മിലേക്കു വരും എന്നു പറയുന്നത് രാഷ്ട്രീയമായി അത്ര ലളിതവും എളുപ്പവുമല്ല.   ഗൗരിയമ്മയെ ഇത്രനാളും പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്തിയ രാഷ്ട്രീയ – നയ പ്രശ്‌നങ്ങളുണ്ട്. അതുപോലെതന്നെ കൂത്തുപറമ്പില്‍ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ച രാഷ്ട്രീയ സംഭവങ്ങളടക്കമുണ്ടായ എം.വി.ആറിന്റെ പ്രശ്‌നത്തിലെ രാഷ്ട്രീയമുണ്ട്.    മനുഷ്യരുതമ്മില്‍, കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമുണ്ട്.   മനുഷ്യജീവന്റെതന്നെ ഒട്ടേറെ കുരുതിക്കളങ്ങള്‍  ഉണ്ടാക്കിയ രണ്ടു രാഷ്ട്രീയ നിലപാടുകളുടെയും നയങ്ങളുടെയും  സംഘര്‍ഷഭരിതമായ ചരിത്രമുണ്ട്.   അതെല്ലാം  എം.വി.ആറെ ഒരാള്‍പോയി കണ്ടു എന്നതുകൊണ്ട് സാന്ത്വനം നടത്തിയെന്നുള്ളതുകൊണ്ട് അതെല്ലാം ഇല്ലാതായോ?   ഇവരെല്ലാം പാര്‍ട്ടിയിലേക്കു വരുന്നു എന്നാണോ?

നിങ്ങളെപ്പോലുള്ള മാധ്യമങ്ങളിലൂടെ ഇങ്ങനെ  പ്രചരിപ്പിക്കേണ്ട കാര്യം ഇപ്പോള്‍ സി.പി.എമ്മിനുണ്ട്.   സി.പി.എമ്മിന്റെ   വിശ്വാസ്യത, അതിന്റെ പ്രവൃത്തിയിലും വാക്കിലുമുണ്ടായിരുന്ന വിശ്വാസ്യത കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഏറെ തകര്‍ന്നിരിക്കുന്നു.  ടി.പി. ചന്ദ്രശേഖരന്റെ വധക്കേസില്‍ അവര്‍ക്ക് ഒരു ബന്ധവുമില്ല എന്നു പറഞ്ഞു.  അവരുടെ ഭൂരിപക്ഷം ആളുകളും ഇപ്പോള്‍  അതില്‍ പ്രതികളായി നില്‍ക്കുന്നു.  അവര്‍ പറഞ്ഞു ഞങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക്   ബന്ധമുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന്. അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും  പറഞ്ഞത് കേന്ദ്രകമ്മറ്റിയാണ്.  ഇപ്പോള്‍ അവര്‍ പറയുന്നതെന്താ.   കോഴിക്കോടു ജില്ലക്കാരായ നേതാക്കള്‍ കേസില്‍നിന്നു    കുറ്റക്കാരല്ലാതെ  മോചിപ്പിക്കപ്പെടുമെന്നാണ്.   എന്നാല്‍ പ്രതികളില്‍    മഹാഭൂരിപക്ഷവും കണ്ണൂരില്‍നിന്നുള്ള നേതാക്കളാണ്.  അവരൊക്കെത്തന്നെ ഇതില്‍ ശിക്ഷിക്കപ്പെടുമെന്നാണോ അദ്ദേഹം പറയുന്നതെന്ന് നമുക്കറിയില്ല.  ഇവരെ ജനങ്ങളും വിശ്വസിക്കുന്നില്ല.

ഗുജറാത്തു കലാപത്തില്‍  ബസ്റ്റ് ബേക്കറി കേസു അട്ടിമറിക്കുന്നതിനുവേണ്ടി ഗവണ്മെന്റിലിരുന്ന് നരേന്ദ്രമോഡി  എന്തൊക്കെ ചെയ്‌തോ  അതുതന്നെയാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്.   സുപ്രിംകോടതി പിന്നീടത് കണ്ടെത്തി പുനരന്വേഷണത്തിന് ഉത്തരവിട്ടു.   ഇവിടെ സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.   പ്രതിപക്ഷത്തിരിക്കുന്ന  സി.പി.എം കണ്ണൂര്‍ ജില്ലയിലെ  അതിന്റെ പ്രത്യേക സവിശേഷ

കെ.ആര്‍.ഗൗരിയമ്മ

കെ.ആര്‍.ഗൗരിയമ്മ

സാധ്യതകളും ഭൗതിക സാഹചര്യങ്ങളും സംഘടനാ ശക്തിയും സാമ്പത്തിക ശേഷിയും ഉപയോഗപ്പെടുത്തി ഭയപ്പെടുത്തി സാക്ഷികളെ കൂറുമാറ്റിക്കുന്നു.  കേസ് അട്ടിമറിക്കാന്‍ നോക്കുന്നു.

ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടി അങ്ങനെ ചെയ്യുമ്പോള്‍ ആ പാര്‍ട്ടി എന്തായി മാറിയിരിക്കുന്നു എന്ന പ്രശ്‌നമുയരുന്നു..  ഇങ്ങനെയൊരു പാര്‍ട്ടിയിലേക്ക് ഗൗരിയമ്മ ചെല്ലണം.  അല്ലെങ്കില്‍ ചെല്ലും.  എം.വി.ആര്‍ ചെല്ലും.  അവരെങ്കിലും  അങ്ങനെ പറയുമെന്നെനിക്കു തോന്നുന്നില്ല.  അവര്‍ പറഞ്ഞിട്ടില്ലല്ലോ.

പിന്നെയാണോ  എന്നെപ്പോലെ  ഒരാള്‍ അതിലേക്കു ചെല്ലുന്ന പ്രശ്‌നം.  അത് ഉദിക്കുന്നതേയില്ല.  സി.പി.ഐ.എം നന്നാവണം നന്നാവണം എന്നാഗ്രഹിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് കഴിഞ്ഞ പതിനാലു വര്‍ഷംവരെ  ഞാന്‍ ഉന്നയിച്ചിരുന്നത്. കാരണം സി.പി.ഐ.എം എന്നുപറയുന്നത്  നേരത്തെ പറഞ്ഞതുപോലെ ഈ നാട്ടിലെ ലക്ഷക്കണക്കായ തൊഴിലാളികളും കൃഷിക്കാരും പാവപ്പെട്ടവരും പങ്കാളികളും അനുഭാവികളുമായ പാര്‍ട്ടിയാണ്.   മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ തന്നെയുള്ളവര്‍ ഇവിടെ വര്‍ഗീയ – തീവ്രവാദ ശക്തികള്‍ വരാതിരിക്കാന്‍വേണ്ടി  സി.പി.എമ്മിനെപ്പോലെ ഒരു ഇടതുപക്ഷ പ്രസ്ഥാനം  നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.  ആ രാഷ്ട്രീയം വളരെ കൃത്യമായി അറിയുന്ന ഒരാളാണ് ഞാന്‍.

പക്ഷെ ആ പാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുന്നവര്‍  രാഷ്ട്രീയ എതിരാളികളെ  വാടകഗുണ്ടകളെ വിട്ടു വെട്ടിവെട്ടി  കൊലപ്പെടുത്തുന്നു.    അത് ദാരണമാണ് എന്ന് പ്രമേയം പാസ്സാക്കിയിട്ട് ആ കേസ് അട്ടിമറിക്കുന്നതിനുവേണ്ടി കഠിനശ്രമം നടത്തുന്നു.  ആ ക്രിമിനലുകളെയും  പ്രതികളെയും  പാര്‍ട്ടി ഓഫീസിലും പാര്‍ട്ടി ഗ്രാമങ്ങളിലും ഒളിപ്പിക്കുന്നു.   ആ കേസ് പട്ടാപ്പകല്‍   അട്ടിമറിക്കുന്നതു കോടതിയില്‍ നാം കാണുന്നു.   അതു കാണുമ്പോള്‍  ഈ പാര്‍ട്ടി ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ് ഇടതുപക്ഷ പാര്‍ട്ടിയാണ് എന്ന് എന്നെപ്പോലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്   ഇ.എം.എസ്സിന്റെ ജീവചരിത്രമെഴുതിയ ഒരാള്‍ക്കു  കാണാന്‍ സാധിക്കില്ല.

അത് ഒരു ഫാസിസ്റ്റു പാര്‍ട്ടിയായി മാറുന്നു.  നേതൃത്വം പാര്‍ട്ടിയാകുന്നു.  പാര്‍ട്ടി എന്നുള്ളത്  സെക്രട്ടറിയായി മാറുന്നു.   അങ്ങനെ വരുമ്പോള്‍ അതു  കമ്മ്യൂണിസ്റ്റു പാര്‍ട്ടി അല്ല എന്നു പറഞ്ഞത് ഇ.എം.എസ് ആണ്.  സംസ്ഥാന കമ്മറ്റി സെക്രട്ടറിയാകുകയും സെക്രട്ടേറിയറ്റ് സെക്രട്ടറിയാകുകയും ചെയ്യുമ്പോള്‍ അതു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയല്ല എന്നു പഠിപ്പിച്ചത് ഇ.എം.എസ് ആണ്.  അതുകൊണ്ട് എന്നെപ്പോലുള്ളവര്‍ക്ക് അങ്ങനെയൊരു പാര്‍ട്ടിയെ ഇടതുപക്ഷ പാര്‍ട്ടിയായി കാണാന്‍ കഴിയില്ല.  കൊലയാളി  പാര്‍ട്ടിയായിട്ടല്ലാതെ.  അതിനെ ന്യായീകരിക്കുന്ന,  വണ്‍,ടൂ,ത്രീ,ഫോര്‍ … എന്നു പറഞ്ഞു അങ്ങനെ ഞങ്ങള്‍ ഒരുപാടു നടത്തിയിട്ടുണ്ട് എന്നു പറയുന്ന ആളുകളെ വീണ്ടും സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്ന ഒരു പാര്‍ട്ടിയാകുമ്പോള്‍  അത് അംഗീകരിക്കാന്‍ പറ്റില്ല.  ജനങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല.  ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ എങ്ങനെ സമൂഹത്തിന്  ഭീഷണിയായിരുന്നോ അടിയന്തരാവസ്ഥയില്‍  ഇന്ദിരാഗാന്ധിയുടെ ഗവണ്മെന്റ്  എങ്ങനെ ഭീഷണിയായിരുന്നോ  അതുപോലെ ഒരു ഭീഷണി നമ്മുടെ രാജ്യത്തു നിലനിര്‍ത്തും.  അതു കാണാന്‍  പാര്‍ട്ടിക്കാരായ ആളുകള്‍ക്കു കണ്ണില്ലെങ്കില്‍ അതു വിളിച്ചു പറയേണ്ട ഉത്തരവാദിത്വം ഞങ്ങളേപ്പോലുള്ളവര്‍ക്കുണ്ട്.

പ്രമീള:      98-ലാണ് താങ്കളെ ദേശാഭിമാനി പുറത്താക്കുന്നത്.  കൊല്ലം, എറണാകുളം ലേബര്‍ കോടതി വിധി താങ്കള്‍ക്ക് അനുകൂലമായി വന്നു.  ഏറ്റവുമൊടുവില്‍  ഹൈക്കോടതിവിധിയും.   ഒന്നു വിശദമാക്കാമോ അന്നത്തെ സാഹചര്യം?

വള്ളിക്കുന്ന്:        ദേശാഭിമാനിയില്‍നിന്ന്  പുറത്താക്കപ്പെടുന്നതല്ല.  യഥാര്‍ത്ഥ പ്രശ്‌നം.  ദേശാഭിമാനി സി.പി.എമ്മിന്റെ   നിയമന്ത്രണത്തിലുള്ള  ആ നിലയ്ക്കുമാത്രം പോകാവുന്ന  ഒരു സ്ഥാപനമാണ്.  ദേശാഭിമാനിയില്‍ ഞാനെടുക്കുന്ന തൊഴിലെന്നു പറയുന്നത് കമ്മ്യൂണിസ്റ്റുപാര്‍ട്ടി എന്നെ ഏല്‍പ്പിച്ച പാര്‍ട്ടി ചുമതലയാണ്.    ട്രേഡ് യൂണിയന്‍ രംഗത്തോ മറ്റെവിടെയെങ്കിലുമോ  പ്രവര്‍ത്തിക്കണം എന്നു പറയുന്നതുപോലെ.   ഞാന്‍ ആ പാര്‍ട്ടിയുടെ സംസ്ഥാനകമ്മറ്റി മെമ്പര്‍കൂടിയാണ്.  പാര്‍ട്ടിയുടെ പോക്കില്‍  തെറ്റുകളുണ്ട് എന്നു കണ്ട്  അതിശക്തമായ വിമര്‍ശം പാര്‍ട്ടിക്കകത്ത് ഉയര്‍ത്തിയ ചുരുക്കം ചിലരില്‍ ഒരാള്‍.  വളരെ എളിയ ഒരാള്‍.

അതിന്റെ പേരില്‍ 98-ലെ പാലക്കാടു സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയില്‍നിന്നു രഹസ്യ ആസൂത്രണത്തിലൂടെ പുറത്താക്കപ്പെട്ട ആള്‍.    വളരെ കൃത്യമായി രണ്ടാഴ്ചമുമ്പ് മംഗളം പത്രത്തിന്റെ  ഞായറാഴ്ച പതിപ്പില്‍

എം.എം.ലോറന്‍സ്‌

എം.എം.ലോറന്‍സ്‌

ഇപ്പോള്‍ സംസ്ഥാന കമ്മറ്റിയില്‍ ഇരിക്കുന്ന എം.എം ലോറന്‍സിനെപ്പോലെ  ഒരാള്‍ അക്കാര്യം കൃത്യമായി  വെളിപ്പെടുത്തിയിട്ടുണ്ട്.  വളരെ വൈകിയാണെങ്കിലും.   അന്ന് വി.എസ്സിനൊപ്പം ഒന്നിച്ചുനിന്നുകൊണ്ട് പിണറായി വിജയനും കൂടി ചേര്‍ന്നാണ്  പാര്‍ട്ടിവിരുദ്ധമായി അവിടെ വെട്ടിനിരത്തല്‍ നടപ്പാക്കിയത് എന്ന് അദ്ദേഹം പറയുന്നു.  അതില്‍നിന്ന് ഒരു ഘട്ടത്തില്‍ കുറെ ആളുകളെ  സംസ്ഥാന കമ്മറ്റിയില്‍നിന്ന് ആരോഗ്യപരമായ കാരണംപറഞ്ഞ് ഒഴിവാക്കി.  ബാക്കിയുള്ള എട്ടുപേരെ- അതില്‍ ലോറന്‍സുണ്ട്.  രവീന്ദ്രനാഥുണ്ട്, ഐ.വി. ദാസുണ്ട്, വി.ബി ചെറിയാനുണ്ട് ഞാനുണ്ട് –   ബദല്‍ പാനല്‍ കൊണ്ടുവന്നുകൊണ്ട് തോല്പിച്ചു.   അതായത് പൊളിറ്റ് ബ്യൂറോ അംഗീകരിച്ച സംസ്ഥാനകമ്മറ്റി ഏകകണ്ഠമായി അംഗീകരിച്ച പാനലിനെ പുറത്തുനിന്ന് ആളുകളെ മത്സരിപ്പിച്ചു തോല്‍പ്പിച്ചു.  ഇ.എം.എസ്സിനെപ്പോലുള്ള  ആള്‍ക്ക് അന്ന്  പതിനാല് വെട്ടാണ് ഏറ്റത്.  51 വെട്ടായിരുന്നെങ്കില്‍  ഇ.എം.എസ്സും തോറ്റുപോകുമായിരുന്നു.

കേന്ദ്ര കമ്മറ്റി അതിന്റെ രേഖയില്‍ പറയുന്നത്  പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍നിന്നുള്ള ഒരു വിഭാഗം  കേരളത്തിലെ പാര്‍ട്ടി പിടിച്ചെടുത്തു എന്നാണ്.  അതു പാര്‍ട്ടി വിരുദ്ധമായിരുന്നു.  അങ്ങനെ പിടിച്ചെടുത്ത ഒരു നേതൃത്വമാണ് ഇന്നിപ്പോള്‍ കേരളത്തിലുള്ളത്.  അന്നു മത്സരിച്ചു ജയിച്ച ഒരാളാണ് പി. ജയരാജന്‍.   പാര്‍ട്ടി സംഘടനാതത്വം പ്രസംഗിക്കുന്നവരില്‍  ഒരാള്‍.   ഇപ്പോള്‍ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കുന്ന ദിനേശ് മണി അതില്‍പെട്ട ആളാണ്.   വ്യക്തികളിലേക്കു കടക്കുകയല്ല.    കൂടുതല്‍ കഥകളിലേക്കും പോകുന്നില്ല.

ആ ഗൂഢപദ്ധതിയുടെ തുടര്‍ച്ചയെന്നുള്ള നിലയ്ക്കാണ് എന്നെ ദേശാഭിമാനിയില്‍നിന്ന് പുറത്താക്കിയത്.   അതായത് സേവ് സി.പി.എം ഫോറത്തിന്റെ ഉത്തരവാദികള്‍ ഞങ്ങളാണ്  എന്നു പറഞ്ഞ്.     എട്ടു കൊല്ലങ്ങള്‍ക്കുശേഷം ഒരാള്‍ സ്വയം എനിക്കൊരു ഇ-മെയില്‍ സന്ദേശം തരുന്നു.  അതുപോലെ പലര്‍ക്കും.    താനാണ്  സേവ് സി.പി.എം  ഫോറം എന്നു പറയുന്ന രേഖ ഉണ്ടാക്കിയതെന്ന്  വെളിപ്പെടുത്തുന്നു.  അങ്ങനെയൊരു ചരിത്രവും ഇവിടെ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.  ആ ആള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ട്.  പിണറായിയില്‍ പക്ഷിയെ കൊല്ലുന്ന തോക്കും  കൊടുവാളുമായിട്ട് ഒരു സി.പി.എംകാരന്‍ ചെന്നു.  മറ്റൊരു സി.പി.എംകാരന്‍ പാലക്കാടു സമ്മേളനത്തില്‍ നടന്നതറിഞ്ഞ്    ബുള്ളറ്റിന്‍ സ്വയം തയ്യാറാക്കി.   അവിടെ പാര്‍ട്ടി ചെയ്ത തെറ്റായ കാര്യങ്ങള്‍ അതില്‍  പറഞ്ഞു.  അതിനെതിരെ  പ്രതികരിച്ച്  പാര്‍ട്ടിയെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടു.  അദ്ദേഹം അതിനിട്ട പേരാണ്  സേവ് സി.പി.എം ഫോറം എന്നത്.

അദ്ദേഹംതന്നെയാണ് പത്രങ്ങള്‍ക്കു അതെത്തിച്ചത്.  ആദ്യം  ഇംഗ്ലീഷ് പത്രങ്ങള്‍ക്ക്.   ലോകസഭാ തെരഞ്ഞെടുപ്പായതുകൊണ്ട് പത്രങ്ങള്‍  കാര്യമായി കൊടുത്തില്ല. അപ്പോള്‍ അതു   തര്‍ജ്ജമചെയ്ത് മലയാള പത്രങ്ങള്‍ക്കും കൊടുത്തു.  അതും കാര്യമായി വന്നില്ല.  പക്ഷെ തെരഞ്ഞെടുപ്പില്‍ സി.പി.എം കാര്യമായി തോറ്റു.  തോറ്റതിന്  ന്യായം കാണണം.  പാലക്കാട്ടു സമ്മേളനത്തില്‍ നേതൃത്വത്തില്‍നിന്നു വീഴ്ത്തിയ ആളുകളില്‍  പാര്‍ട്ടിയില്‍നിന്നു കളയേണ്ടവരെ  കളയണം.  സി.പി.ഐ.എമ്മിന്റെ പത്രത്തിന്റെ നിര്‍ണ്ണായക സ്ഥാനത്തിരിക്കുന്ന ഒരാളാണു ഞാന്‍. അസോസിയേറ്റ് എഡിറ്ററാണ്.  പത്രത്തിന്റെ ഉള്ളടക്കവും അതിന്റെ നയവും തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന ഒരാള്‍.   എന്നേപ്പോലുള്ള ഒരാളെ നീക്കുക എളുപ്പമല്ല. ആ സ്ഥാപനത്തെയും സംബന്ധിച്ചും അതിന്റെ സംവിധാനത്തെയും സംബന്ധിച്ചുമുള്ള അവസ്ഥവെച്ച്.     അതുകൊണ്ട് പാര്‍ട്ടി നേതൃത്വം ഒരു കാര്യം ചെയ്തു.  എന്‍ക്വയറി കമീഷനെ വെച്ചു.  സേവ് സി.പി.എം ഫോറം.  അത് ഞാന്‍ എഴുതിയതാണ് എന്ന് കുറ്റപ്പെടുത്തി പുറത്താക്കി.

അതു തെറ്റായിരുന്നു എന്ന് കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ മുമ്പാകെ  തെളിയിക്കാന്‍ കഴിഞ്ഞു.  അപ്പോഴും പാര്‍ട്ടി തിരിച്ചെടുത്തില്ല.   ഇതിന്റെ തുടര്‍ച്ചയായാണ്  ദേശാഭിമാനിയില്‍നിന്നുള്ള പുറത്താക്കല്‍. അതാണ്  യഥാര്‍ത്ഥ പ്രശ്‌നം.   കോടതിവിധിയെന്നു പറയുന്നത് എനിക്കു ശമ്പളം വാങ്ങി തരുന്നതിന്റെ പ്രശ്‌നമായിരുന്നില്ല.  നിയമവിരുദ്ധമായി പുറത്താക്കിയതിനെതിരെ ആയിരുന്നു.  എന്റെ  പ്രായപരിധിക്കപ്പുറത്തേക്ക് കേസു കൊണ്ടുപോയി.   ദേശാഭിമാനിയില്‍ തിരിച്ചെടുക്കേണ്ടിവരില്ലല്ലോ.    കമ്മ്യൂണിസ്റ്റു പാര്‍ട്ടി കള്ളം പറയുന്ന പാര്‍ട്ടിയാണ് എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം..  അവര്‍ പറഞ്ഞു കണ്‍ട്രോള്‍ കമീഷന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന്.
ഉണ്ട് എന്നു ലേബര്‍ കോടതിയിലും ഹൈക്കോടതിയിലുമൊക്കെ തെളിയിച്ചു.  അതുകൂടിവെച്ചാണ് വിധി വന്നത്.

വി.ബി.ചെറിയാന്‍

വി.ബി.ചെറിയാന്‍

ഞങ്ങള്‍ക്കൊക്കെ  അന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.  മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ  നേതൃത്വം തെറ്റു തിരുത്തുമെന്ന്.  ഭരണഘടന ലംഘിച്ചുകൊണ്ട് ഒരു പാര്‍ട്ടി നേതൃത്വം പോകുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല.  അപ്പോള്‍ തിരുത്തുമെന്നു വിശ്വസിച്ചുകൊണ്ട് പാര്‍ട്ടിക്കകത്ത് തിരുത്തലുകള്‍ നടത്തുമെന്നു കരുതി.   എന്നെപ്പോലുള്ള ആളുകള്‍ ഈ പാര്‍ട്ടിയുടെ നേതൃത്വത്തെ വിമര്‍ശിച്ചു.  അതേസമയം  പാര്‍ട്ടിക്കുവേണ്ടി നിലകൊണ്ടു.  പക്ഷെ ചെറിയാനെപ്പോലുള്ളവര്‍  അതു നടക്കില്ല എന്നു കണ്ടു.   വേറെ പാര്‍ട്ടിയുണ്ടാക്കി.  പാര്‍ട്ടി ഇപ്പോള്‍ എവിടെയാ ചെന്നെത്തിനില്‍ക്കുന്നത്?

പാര്‍ട്ടിയെ ‘എതിര്‍ക്കുന്ന’, ‘വെല്ലുവിളിക്കുന്ന’ ആളുകളെ കൊലപ്പെടുത്തിയാല്‍പോലും അത് തെറ്റല്ല.  പാര്‍ട്ടിയെ രക്ഷിക്കാന്‍വേണ്ടി നുണ പറഞ്ഞാല്‍ തെറ്റല്ല.  അങ്ങനെ കൊല്ലുന്നതിനും  നുണ പറയുന്നതിനും  മേലൊപ്പു വെയ്ക്കുന്ന സ്ഥിതിയിലേക്ക് പ്രകാശ് കാരാട്ടുപോലും എത്തിയിരിക്കുന്നു.  ചന്ദ്രശേഖരന്‍ വധവുമായി  ബന്ധപ്പെട്ടവര്‍ക്കു പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നു പറഞ്ഞ ആളാണ്. അവരിപ്പോള്‍ കോടതിക്കു മുമ്പിലാണ്.  അദ്ദേഹം നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 24 മണിക്കൂര്‍ ജയിലില്‍ കിടന്നാല്‍ ജോലിയില്‍നിന്ന് സസ്‌പെന്റുചെയ്ത് പുറത്തുനിര്‍ത്തും.  സര്‍ക്കാര്‍ നടപ്പാക്കുന്ന  ധാര്‍മ്മിക ചുമതലപോലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെപ്പോലെ മൂല്യബോധം  ഉയര്‍ത്തിപ്പിടിക്കേണ്ട  മാനവികത ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍ ചെയ്യുന്നില്ല. മാര്‍ക്‌സിസം ഏറ്റവും വലിയ മാനവികതയ്ക്കുവേണ്ടിയാണ്  നിലകൊള്ളുന്നത്.

പ്രമീള:    ഒരു മാധ്യമമെന്ന നിലയിലും ഒരു പാര്‍ട്ടി ജിഹ്വ എന്ന നിലയിലും  ഒരേസമയം ഒരേ ധര്‍മ്മം അനുഷ്ഠിക്കേണ്ട ചുമതലയാണ് ദേശാഭിമാനിക്കും പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചാനലിനുമുള്ളത്.  അവ അത് വേണ്ടവിധം ചെയ്യുന്നുവെന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടോ?

വള്ളിക്കുന്ന്:        ഞാന്‍ ആ മാധ്യമത്തിലില്ല.  ഞാന്‍ പോന്നതുകൊണ്ട് എല്ലാം മോശമാണ് എന്നു പുറയുകയല്ല.   ചിലതു പറയേണ്ടിവരുന്നതില്‍ എനിക്കു വിഷമമുണ്ട്.   ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയ്ക്കും കമ്മ്യൂണിസ്റ്റു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും പ്രൊഫഷണലായും നമ്മള്‍ നോക്കുമ്പോള്‍ പറയേണ്ടിവരുന്നു.   ഏതൊരു മാധ്യമത്തിന്റെയും ധര്‍മ്മം സി.പി.എമ്മിന്റെ മാധ്യമത്തിനും ബാധകമാണ്.  മറച്ചുവെയ്ക്കപ്പെട്ട കാര്യങ്ങള്‍ പുറത്തുകൊണ്ടുവരിക എന്നുള്ളതാണ് അത്.  പത്രസമ്മേളനം നടത്തി പറയുന്നതോ പ്രസംഗത്തിലൂടെ ജനങ്ങളെ അറിയിക്കണമെന്നു പറയുന്നതോ മാത്രം കൊടുക്കുന്നതല്ല പത്രപ്രവര്‍ത്തനം.  അങ്ങനെ വരുമ്പോള്‍ അതൊരു കേട്ടെഴുത്തു മാത്രമാണ്.  സ്റ്റെനോഗ്രഫി മാത്രം.

ജന്മി – ഭൂപ്രഭു- നാടുവാഴിത്ത  വ്യവസ്ഥിതിക്കെതിരായ പോരാട്ടവുമായാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുഖപത്രമെന്ന നിലയ്ക്ക് ദേശാഭിമാനി വന്നത്.  പിന്നീട് സ്വതന്ത്ര ഇന്ത്യയില്‍ ഭരണകക്ഷിയുടെ  അല്ലെങ്കില്‍ ഭരണകൂടത്തിന്റെ നയങ്ങളെ തുറന്നുകാട്ടി.  സമൂഹത്തെ മാറ്റിത്തീര്‍ക്കുന്ന  ഒരു സോഷ്യലിസ്റ്റു വ്യവസ്ഥയ്ക്കു മാത്രമേ രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്കു  പരിഹാരം  കാണാന്‍ കഴിയൂ എന്നുള്ള രാഷ്ട്രീയവുമായി മുന്നോട്ടു പോയ പത്രമാണ് ദേശാഭിമാനി.  വര്‍ഗാടിസ്ഥാനത്തില്‍ പ്രശ്‌നങ്ങളെ കാണുകയും മൂലധനശക്തികള്‍ക്കെതിരായി ജനങ്ങള്‍ക്കുവേണ്ടിയുള്ള  നിലപാട് എടുക്കുകയും ചെയ്യേണ്ട പത്രമാണത്.

വാര്‍ത്ത കൊടുക്കുന്നതില്‍, മറ്റു കാര്യങ്ങള്‍ കൊടുക്കുന്നതില്‍ എല്ലാം.

എന്നാല്‍ ഇന്ന്  വാര്‍ത്തകള്‍ മറച്ചുവെയ്ക്കുന്നതില്‍ മറ്റു പത്രങ്ങളുടെ മുമ്പില്‍ മത്സരിക്കുന്നു എന്നതാണ് സ്ഥിതി. പത്രധര്‍മ്മം അവര്‍ നിര്‍വ്വഹിക്കുന്നില്ല.   എന്തിന്, ഇപ്പോള്‍ പാര്‍ട്ടിക്കകത്ത് വിമര്‍ശിക്കുന്ന അച്യുതാനന്ദന്റെ പ്രസംഗമോ പരിപാടികളോ മറ്റു പത്രങ്ങള്‍ കൊടുക്കുകയാണെങ്കില്‍പോലും ദേശാഭിമാനി അപ്രധാനമായി  കൊടുക്കുന്നു.  ചിലപ്പോള്‍ തമസ്‌ക്കരിക്കുന്നു.  ജനങ്ങള്‍ക്കും പാര്‍ട്ടി  അണികള്‍ക്കും  അതു മറ്റു പത്രങ്ങളില്‍ വായിക്കേണ്ടി വരുന്നു.   മൂലധനശക്തികള്‍ക്കോ അതുപോലുള്ള കോര്‍പ്പറേറ്റുകള്‍ക്കോ ഒക്കെവേണ്ടി അവര്‍ എത്രമാത്രം പോരാടും എന്നുള്ളത്  ഊഹിക്കാവുന്നതാണ്.

ഇ.എം എസ് മരിക്കുന്നതിനുമുമ്പ്   അദ്ദേഹത്തിന്റ ഉടമസ്ഥതയിലായിരുന്നു സാങ്കേതികമായി ദേശാഭിമാനി.   അദ്ദേഹം മരണത്തിനുമുമ്പ് ഒസ്യത്തെഴുതിവെച്ചു.  അതില്‍ പറഞ്ഞു.  ഈ പത്രം  പാര്‍ട്ടിക്കുള്ളതാണ്.  അതുകൊണ്ട് സി.പി.ഐ.എമ്മിന്റെ സെക്രട്ടറിയുടെ പേരിലേക്ക് എന്റെ എല്ലാ അവകാശങ്ങളും മാറ്റുന്നു.  എന്റെ കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും ഇതില്‍ അവകാശമില്ല.  മാര്‍ക്‌സും എംഗല്‍സും ചെയ്തതുപോലെ  ഈ സമൂഹത്തെ മാറ്റിത്തീര്‍ക്കണമെന്നു പറയുന്ന ഒരു രാഷ്ട്രീയത്തിലും പ്രത്യയശാസ്ത്രത്തിലും  വിശ്വസിച്ചുകൊണ്ട്  ജീവിക്കുകയും   പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളാണ് ഞാന്‍.  അതു തുടര്‍ന്നും നടത്തുന്നതിനു ഈ പത്രം  ഉപയോഗപ്പെടുത്തണം.   സി.പി.എമ്മിന്റെ സ്ഥാപകനേതാക്കളിലൊരാളായ  വി.എസ് അച്യുതാനന്ദനോട് ഒരു നീതിയും  പിണറായി വിജയനോട് വേറൊരു നീതിയും കാണിക്കാനല്ല ഇ.എം.എസ് പറഞ്ഞത്.   ഈ പത്രത്തിന്റെ ഉടമസ്ഥതാ  അധികാരം അതിനല്ല  സംസ്ഥാന സെക്രട്ടറിയ്ക്കു കൈമാറിയത്.

ടി.പി. ചന്ദ്രശേഖരന്‍

ടി.പി. ചന്ദ്രശേഖരന്‍

ഇന്ന് അത്   പാര്‍ട്ടിക്കകത്തുള്ള വിഭാഗീയതയില്‍ കക്ഷി ചേരുന്നു.  വിഭാഗീയത  രൂക്ഷമാക്കുന്നു.  വിഭാഗീയത തെറ്റാണ്.  നിര്‍വ്വഹിക്കേണ്ടത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കഴിയാത്ത കാര്യങ്ങളാണ്    സാമ്പത്തിക – രാഷ്ട്രീയ – സാംസ്‌ക്കാരിക തലങ്ങളില്‍ പ്രതിസന്ധികളില്‍നിന്നു പ്രതിസന്ധിയിലേക്കു കുതിക്കുന്ന  നമ്മുടെ സാമൂഹിക അവസ്ഥയെ ശരിയായ വഴിയിലേക്കു തിരിച്ചുവിടുകയാണ്.  അതിനുള്ള വെളിച്ചവും ഊര്‍ജ്ജവും  പണ്ടു നല്‍കിയതുപോലെ നല്‍കുകയാണ്.  ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ടോ എന്ന് അതില്‍വരുന്ന കാര്യങ്ങള്‍വെച്ച് പരിശോധിച്ചാല്‍ മതി.  അത് വെറുക്കപ്പെട്ടവന്റെ ശബ്ദമായി മാറി.  പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്കെതിരെ അതു  ശബ്ദിച്ചത്  നമുക്കറിയാം.  രാജ്യത്ത്  അടിച്ചമര്‍ത്തപ്പെടുന്ന കോടിക്കണക്കായ ജനങ്ങളുടെ ശബ്ദമല്ലാതായി  മാറുമ്പോള്‍ അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുകയല്ല.

പ്രമീള:    അങ്ങനെ താങ്കള്‍ പറയുമ്പോള്‍ ഇന്ന്   കുത്തക ചാനലുകളെന്നു പറയാന്‍ സാധ്യതയുള്ള ചാനലുകളില്‍കൂടിയാണ് അല്ലെങ്കില്‍ അങ്ങനെതന്നെയുള്ള ചാനലുകളിലാണ് സി.പി.ഐ.എമ്മിന് എതിരെയുള്ള താങ്കളുടെ

പ്രതികരണങ്ങള്‍ വരുന്നത്.  ഇതിനെ എങ്ങനെയാണ് താങ്കള്‍ നോക്കിക്കാണുന്നത്?

വള്ളിക്കുന്ന്:     ഞാന്‍ ഒരുകാര്യം ചോദിക്കട്ടെ.  എന്റെ പ്രതികരണങ്ങളെ  ചോദ്യം ചെയ്യാനുള്ള ധാര്‍മ്മികമായ അവകാശം സി.പി.ഐ.എമ്മിലെ ആര്‍ക്കെങ്കിലുമുണ്ടോ?  സി.പി.ഐ.എമ്മിന്റെ ചാനലിന്റെ തലപ്പത്തിരുന്ന ആള്‍ മര്‍ഡോക്കിന്റെ ചാനലിലേക്കുപോയി.  മര്‍ഡോക്കിന്റെ ചാനല്‍ ഇവിടെ വന്നപ്പോള്‍, അദ്ദേഹത്തിന്റെ നിക്ഷേപം വന്നപ്പോള്‍ സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണു പറഞ്ഞത്   ഇത് അപകടമാണ് എന്ന്.   മര്‍ഡോക്കിനെപ്പോലുള്ള കുത്തകകളുടെ കടന്നുവരവെന്ന്.  അതു ശരിയായ നിലപാടായിരുന്നു.

പക്ഷെ, അതിലേക്ക്  ചാനലിന്റെ തലപ്പത്തുണ്ടായിരുന്ന ആള്‍ പോയി.   യാത്രയയപ്പില്‍ ആധ്യക്ഷ്യം  വഹിക്കുകയും പ്രോത്സാഹന സമ്മാനം  നല്‍കാന്‍  തീരുമാനിക്കുകയും ചെയ്ത ആളാണ് പിണറായി വിജയന്‍.   അദ്ദേഹം അവിടേക്കാണു പോകുന്നതെന്ന് അറിയില്ലായിരുന്നു എന്നാണ് പിന്നെ അദ്ദേഹം പറഞ്ഞത്.  ഇപ്പോള്‍ പോയ ആള്‍ തിരിച്ചു വന്നു തലപ്പത്തു വീണ്ടും  ഇരിക്കുന്നു.   അതു ശരിയാണെങ്കില്‍ എന്നെപ്പോലുള്ള ഒരാള്‍ക്ക്  ഏതു ചാനലില്‍പോയി എന്തു ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ട്.

പക്ഷെ, ഞാന്‍ അതല്ല ചെയ്യുന്നത്.  മനസ്സിലാക്കേണ്ടത്  എന്റെ അറിവും ധാരണയും വെച്ചുള്ള നിലപാടാണ്  എവിടെയും എടുക്കുന്നത്.   കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ  പ്രവര്‍ത്തകനായിരുന്ന കാലത്ത് സാര്‍വ്വദേശീയ – ദേശീയ സ്ഥിതഗതികളെയും സംഭവഗതികളെയും കണ്ടതുപോലെതന്നെയുള്ള നിലപാടാണ് ഇപ്പോഴുമെടുക്കുന്നത്.    അന്ന്  വലതുപക്ഷ ഭരണകൂടത്തിന്റെയും  വ്യക്തികളുടെയും തെറ്റുകളെ അന്നെന്നപോലെ ഇന്നും ചോദ്യംചെയ്യുന്നു.   അതേസമയം സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിനു പറ്റുന്ന തെറ്റുകളെയും   വിമര്‍ശിക്കുന്നു.

അതിന് എനിക്കു സ്വാതന്ത്ര്യമുണ്ട്.   സി.പി.ഐ.എമ്മില്‍പെട്ട ഒരാളല്ലാത്തതുകൊണ്ട്   ഉമ്മന്‍ചാണ്ടിയെയും  പിണറായിയെയും എനിക്ക് വിമര്‍ശിക്കാം.  വിമര്‍ശിക്കുന്നുണ്ട്.  ഇത് ഏതു ചാനലാണ്  ഏതു പത്രമാണ് കൊടുക്കുന്നതെങ്കില്‍ അതു ഞാന്‍ ഉപയോഗപ്പെടുത്തും.   അത് അവര്‍ ജനങ്ങളിലെത്തിക്കും. നിങ്ങള്‍ അറിയാത്ത ഒരുപാടു കാര്യങ്ങളുണ്ട്.  പല ചാനലുകാരും എന്നെ വിളിക്കുന്നില്ല.  വിളിക്കുന്നിടത്തൊക്കെ  ഞാന്‍ പോകാറുമില്ല.    ആരെയെങ്കിലും പ്രത്യേകിച്ചു പ്രീണിപ്പിക്കാനോ പിന്തുണ നല്‍കാനോ പോകുന്ന ഒരു രാഷ്ട്രീയം എനിക്കില്ല.     ഞാന്‍  കേവലം ഒരു വ്യക്തിയാണ്.  ഒരു ഇടതുപക്ഷ രാഷ്ട്രീയക്കാരനാണ്. എനിക്കു ശരിയെന്നു തോന്നുന്ന രാഷ്ട്രീയത്തില്‍ നിലകൊള്ളുന്ന ആളാണ്.

കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്നപ്പോള്‍  ഇ.എം.എസ്സിന്  ഇന്ത്യന്‍ എക്‌സ്പ്രസ്സിലും  ടൈംസ് ഓഫ് ഇന്ത്യയിലും  ലേഖനമെഴുതി ജീവിക്കേണ്ടി വന്നിട്ടുണ്ട്.   മാര്‍ക്‌സ് ലോകത്തെ വലിയ വലിയ കുത്തക പത്രങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ കോളങ്ങളിലൂടെയാണ്  മാര്‍ക്‌സിസം ലോകത്ത് വികസിപ്പിച്ചത്.

image549

ടി.പി. ചന്ദ്രശേഖരനൊപ്പം

എന്നുവെച്ച് ഞാന്‍ മാര്‍ക്‌സും ഇ.എം.എസ്സും ഒന്നുമല്ല.   എന്നാല്‍ പത്രങ്ങളിലൂടെയോ മാധ്യമങ്ങളിലൂടെയോ ഉള്ള ഈ  ഇടപെടല്‍  ഉപജീവനത്തിനുവേണ്ടിയല്ല.     ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവന്ന ഒരാള്‍ എന്നുള്ള നിലയ്ക്ക് സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഏതു മാധ്യമത്തിലൂടെയും കഴിയുന്നത്ര  ഇടപെടും.  അതില്‍ ഒരു ഇടതുപക്ഷക്കാരന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും നിലപാടും ഉണ്ടാകും.  ഏതെങ്കിലും  മാധ്യമത്തിനോ അല്ലെങ്കില്‍ ഏതെങ്കിലും  രാഷ്ട്രീയപാര്‍ട്ടിക്കോ അതിന്റെ നേതൃത്വത്തിനോ അതു തടയാനും  ഇല്ലാതാക്കാനും  കഴിയുമെന്ന് കരുതുന്നുമില്ല.

പ്രമീള:    ഒന്നു ചോദിച്ചോട്ടെ.  കുറച്ചുമുമ്പ് താങ്കള്‍ സൂചിപ്പിച്ചതുപോലെ എം.വി.ആര്‍ ജീവന് ഭീഷണി നേരിട്ട സാഹചര്യത്തിലാണ്  കോണ്‍ഗ്രസ്സുമായി യോജിച്ചു പ്രവര്‍ത്തിക്കാം  എന്ന തീരുമാനത്തിലെത്തുന്നത്.  ഏറ്റവും പ്രസക്തമായ മറ്റൊരു രാഷ്ട്രീയ നിരീക്ഷണമുണ്ട്.  ഇടത് അതിവേഗം വലതായി മാറുന്നുവെന്നും വലത് ഇടതായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും.  ഇതിനെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്.

വള്ളിക്കുന്ന്:    വലത് ഇടതായിമാറി എന്നൊന്നും നമുക്കു പറയാന്‍ കഴിയില്ല.  വലതൊക്കെ വലതായി കൂടുതല്‍ വലത്തോട്ടു  പോകുന്നൊരു കാലമാണ്. ഇവിടെ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ആഗോള രാഷ്ട്രീയത്തിലും.   പക്ഷെ വലത് വലത്തോട്ട് അതിതീവ്രമായിട്ട് പോയിട്ട് മുതലാളിത്തം ഏറ്റവും വലിയ പ്രതിസന്ധിയില്‍ എത്തിയിരിക്കുന്നു.  ഇപ്പോള്‍ യൂറോപ്യന്‍ നാടുകളിലൊക്കെത്തന്നെ  നിലനില്‍ക്കാന്‍ കഴിയാത്ത ഒരുപാടു കാര്യങ്ങളുണ്ട്.  വലതുപക്ഷ പാതയാണ് ശരിയെന്നു വിചാരിച്ചപ്പോള്‍ അതു തകരുന്നതിന്റെ ചിത്രം നമ്മള്‍ കാണുന്നു.

പക്ഷെ, ഇടതു വലത്തോട്ടുപോയി എന്നു താങ്കള്‍  പറഞ്ഞതും തീര്‍ത്തും ശരിയാണ്.  കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മള്‍ അതു കണ്ടു.  കൊലപാതകം നടത്തി അത് നടത്തിയിട്ടില്ല എന്നു പറയുകയും കൊലപാതകികളെ രക്ഷിക്കുകയും ചെയ്യുന്ന  പ്രസ്ഥാനം ഇടതാണ് എന്ന് താങ്കള്‍ക്കു യോജിക്കാന്‍ കഴിയുമെന്നും  എനിക്കു തോന്നുന്നില്ല. യഥാര്‍ത്ഥത്തിലുള്ള ഒരു ശരിയായ ഇടതുപക്ഷ – മതനിരപേക്ഷ ശക്തി കേരളത്തില്‍ ശക്തിയായി വരണം.   ഇതൊക്കെ പറയുമ്പോള്‍ മതതീവ്രവാദശക്തികള്‍ കേരളത്തില്‍ വലിയ ഭീഷണിയായി വന്നിട്ടുണ്ട് എന്നതും, മത നേതൃത്വത്തിലുള്ളവര്‍ വലതുപക്ഷ രാഷ്ട്രീയത്തില്‍ ഇടപെട്ട് രാഷ്ട്രീയമണ്ഡലം കീഴടക്കാന്‍  ഇപ്പോള്‍ ശ്രമം നടത്തുന്നുണ്ട് എന്ന ഭീഷണിയും കാണാതിരുന്നുകൂടാ.

അങ്ങനെയുള്ള വലിയ മാറ്റത്തിന്റെ ഘട്ടമാണിത്. കേരള സമൂഹത്തെ സംബന്ധിച്ചിടത്തോളം ശരിയായ ഇടതുപക്ഷ പാര്‍ട്ടികള്‍ അനിവാര്യമാണ്. ലേബലല്ല ആവശ്യം.  ഇടതുപക്ഷ നിലപാടുകളുള്ള ആളുകളുടെയും പ്രസ്ഥാനങ്ങളുടെയും    യോജിപ്പ്.  മതനിരപേക്ഷ ശക്തികള്‍,   വിവിധ പാര്‍ട്ടികളിലുള്ള  മതനിരപേക്ഷ ശക്തികളുടെ യോജിപ്പ്. അനിവാര്യമാണ്.  ഒരു വശത്തുകൂടി മോഡിയും സാമുദായിക ശക്തികളും  വരുന്നുണ്ട്. കേരളത്തില്‍ ഒരു മൂന്നാം ശക്തിയാകാന്‍ അവര്‍ ശ്രമിക്കുന്നു എന്നാണ് സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളിയുടെയും പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.  പണ്ടു വെള്ളാപ്പള്ളി നടത്തിയ പരീക്ഷണങ്ങള്‍ മറ്റൊരു തരത്തില്‍ വരാന്‍ പോകുന്നു.  അതേസമയം ഇതിനു പകരംവെയ്ക്കാന്‍ പിണറായി വിജയന്റെ ഒരു കമ്മ്യൂണിസ്റ്റുപാര്‍ട്ടി എന്നു പറഞ്ഞാല്‍ അത് അതിനേക്കാള്‍ വലിയ ഒരു അപകടം വരുത്തും.  ഇതിനിടയില്‍ വളരെ സങ്കീര്‍ണ്ണമായ  നിര്‍ണ്ണായകമായ ഒരു ബിന്ദുവിലാണ് ഇപ്പോള്‍ കേരളസമൂഹം നില്‍ക്കുന്നത്.

ഇതു മനസ്സിലാക്കിക്കൊണ്ട് എല്‍.ഡി.എഫിലുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍, അവര്‍ക്കു പുറത്തുനില്‍ക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളും യോജിപ്പിന്റെ തലം തേടേണ്ടതുണ്ട്. എം.വി.ആറിനെയും ഗൗരിയമ്മയെയുംപോലെ യു.ഡി.എഫിന് അകത്തുനില്‍ക്കുന്നവരും  അതുപോലതന്നെ ഗൗരവമായി ചിന്തിക്കണം.  വിപുലമായ, ലക്ഷ്യബോധമുള്ള  ഒരു പുരോഗമന – ഇടതുപക്ഷ – മതനിരപേക്ഷ പ്രസ്ഥാനം  കേരളത്തില്‍ അതിവേഗം  വളര്‍ത്തിക്കൊണ്ടു വരേണ്ട ആവശ്യമുണ്ട്.  അതിനാണ് മുന്‍കൈ എടുക്കേണ്ടത്.

അതിനര്‍ത്ഥം സി.പി.എമ്മിനെ മുഴുവന്‍ ഉപേക്ഷിക്കണമെന്നല്ല.  സി.പി.എമ്മില്‍ തെറ്റായ നയങ്ങള്‍ നടത്തുന്ന അതിന്റെ നേതൃത്വത്തെ അതിന്റെ അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും തള്ളിപ്പറയേണ്ടിവരും.  തള്ളിപ്പറഞ്ഞില്ലെങ്കില്‍ സി.പി.ഐ.എം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള അതിന്റെ ചരിത്രദൗത്യവും  മൂല്യങ്ങളും അതിന്റെ രാഷ്ട്രീയ പക്വതയും അവര്‍ക്കു നഷ്ടപ്പെടും.  അവരെ ജനങ്ങള്‍ നിരസിക്കും.  തള്ളിക്കളയും. അതിന്റെ ലക്ഷണങ്ങള്‍ കണ്ണൂര്‍പോലുള്ള ജില്ലകളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.  സി.പി.എമ്മില്‍നിന്ന് നിശബ്ദരായി ആളുകള്‍ അവരുടെ അംഗത്വം ഒഴിവാക്കുന്നു.  പണ്ട് എം.എന്‍ വിജയന്‍ പറഞ്ഞിരുന്നു. രാജിയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന്.  ഇപ്പോള്‍ അംഗത്വം പുതുക്കാതിരിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് സി.പി.ഐ.എം കണ്ണൂരില്‍ തെളിയിക്കുന്ന കാലമാണ്.

communist party of india

പ്രമീള:    താങ്കള്‍ സൂചിപ്പിച്ചത് ശരിയായ ഒരു ഇടതുപക്ഷ പ്രസ്ഥാനം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്.  ഒരു പുരോഗമന – മതനിരപേക്ഷ – പ്രസ്ഥാനം വരണമെന്നു പറഞ്ഞു.  എന്നാല്‍ കേരളത്തിനെ സംബന്ധിച്ചിടത്തോളം വര്‍ഗീയ കൂട്ടികെട്ടില്‍നിന്ന് ഒരു മൂന്നാം ബദലിന് സാധ്യതയുണ്ട് എന്നു പറയുമ്പോള്‍ പിണറായിയുടെ ഔദ്യോഗികപക്ഷം,  അത്തരത്തിലുള്ള ഒരു കൂട്ടുകെട്ടിന് പകരമാകില്ല എന്നും താങ്കള്‍ പറഞ്ഞു.  ഒന്നു ചോദിച്ചോട്ടെ, വി.എസ് നേതൃത്വം കൊടുക്കുന്ന ഒരു സംഘത്തിന് ഇത്തരത്തില്‍ ഒരു പക്ഷത്തിന് പകരമാകാന്‍ സാധിക്കുമോ?

വള്ളിക്കുന്ന്:        വി.എസ് ഒരു പാര്‍ട്ടിക്കു നേതൃത്വം കൊടുക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.  കാരണം അദ്ദേഹം സി.പി.എമ്മിനകത്ത് അതിലെ തെറ്റുകള്‍ക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നുകൊണ്ട് ശബ്ദിക്കുന്നു. അതില്‍ കവിഞ്ഞ് ഞാന്‍ പറയുന്ന ഒരു രാഷ്ട്രീയ – പ്രത്യയശാസ്ത്ര നിലപാടിലേക്കദ്ദേഹം വന്നിട്ടില്ല.  അദ്ദേഹത്തിന് ഇനിയിപ്പോള്‍ വരാന്‍ കഴിയുമോ എന്നും അറിഞ്ഞുകൂടാ.  വി.എസ് തൊണ്ണൂറിലേക്കു കടക്കുന്ന ഒരാളാണ്.   അദ്ദേഹത്തിന്റെ നിലപാട് സത്യസന്ധമാണ്.  ജൂലൈ 19, 21 തീയതികളില്‍ കേന്ദ്രകമ്മറ്റിയില്‍  അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അതു വ്യക്തമാക്കുന്നു.  ഇ.എം.എസ്സോ, എ.കെ.ജിയോ   കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പഴയ മറ്റുചില നേതാക്കളോ ചെയ്തതുപോലെ ഈ സമൂഹത്തിന്റെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി  പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവു അടിത്തറ കൊടുക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.  ആ പരിമിതിയുണ്ട്.  വി.എസ് ഒരു വ്യക്തിയായി പാര്‍ട്ടിക്കകത്തുനിന്നു പോരാടുന്നു.  ഇത് സി.പി.എമ്മിന് ഒരര്‍ത്ഥത്തില്‍  സഹായകമാണ്.  ഇങ്ങനെയൊരാള്‍ അതിനകത്തുണ്ടല്ലോ. അണികളും അനുഭാവികളും  പിന്നെയും അതില്‍ പ്രതീക്ഷയര്‍പ്പിക്കും. ആ ഗുണം പ്രകാശ് കാരാട്ടിനും പിണറായി വിജയനും വി.എസ് സംഭാവന ചെയ്യുന്നുണ്ട്.

പ്രമീള:    എന്നാല്‍ അവിടെ എനിക്കു ചോദിക്കാനുണ്ട്.  താങ്കള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുറത്തുനിന്നു നടത്തുന്ന ശ്രമങ്ങളെല്ലാം  വെള്ളത്തില്‍ വരച്ച വരകളാകുമ്പോള്‍ വി.എസ്സിന്റെ ശ്രമങ്ങളെ നാം അംഗീകരിക്കുകയല്ലേ വേണ്ടത്?

m n vijayan

എം.എന്‍.വിജയന്‍

വള്ളിക്കുന്ന്:     ആ പാര്‍ട്ടിക്കകത്ത് വി.എസ്സിനെപ്പോലെ  മറ്റൊരാള്‍  ശബ്ദിക്കാന്‍ ഇല്ലാത്തിടത്തോളം അദ്ദേഹം ചില നിലപാടുകള്‍ എടുക്കുന്നത് സ്വാഗതം ചെയ്യേണ്ടതാണ്. ജനങ്ങള്‍ക്കും അണികള്‍ക്കും  ബോധ്യപ്പെടാന്‍ അതു നല്ലതാണ്.  പക്ഷെ, ഞങ്ങള്‍ വരച്ചതെല്ലാം ജലരേഖകളാണ് എന്ന പ്രമീളയുടെ വിമര്‍ശത്തോട് വളരെ വിനയപൂര്‍വ്വം വിയോജിക്കുന്നു.  കാരണം 15 വര്‍ഷങ്ങള്‍ക്കുമുമ്പ് എന്നെപ്പോലുള്ള വളരെ എളിയ ആളുകള്‍ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് വി.എസ് അച്യുതാനന്ദന്‍ എന്നു പറയുന്ന വലിയ നേതാവിന് അംഗീകരിക്കേണ്ടിവരുന്നത്.  ഏറ്റെടുത്തു പറയേണ്ടിവരുന്നത്.  പക്ഷെ ഞങ്ങളൊക്കെ എടുത്തതുപോലെയുള്ള തന്റേടത്തോടുകൂടിയുള്ള ഒരു നിലപാട് എടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നുകൂടി കാണണം.

ഈ നിലപാട് അദ്ദേഹം നേരത്തെ എടുത്തിരുന്നെങ്കില്‍ സി.പി.ഐ.എം കുറെക്കൂടി തിരുത്തപ്പെടുമായിരുന്നു.  അതുകൊണ്ട് ഞങ്ങള്‍ എടുക്കുന്ന നിലപാടുകള്‍ ജലരേഖകളാണ് എന്നു പറയാന്‍ പറ്റില്ല.   സി.പി.ഐ.എമ്മിനകത്തും കേരള സമൂഹത്തിലും നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉണ്ട്. നമ്മള്‍ അറിയാതെപോലും  അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍.   ബൗദ്ധികമായി, ആശയപരമായി ഞങ്ങളുടെ സംഭാവനകള്‍ അതില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്.  അല്ലെങ്കില്‍, ഇതാരും കേള്‍ക്കാനില്ലെങ്കില്‍, ഇതാരും സ്വീകരിക്കാനില്ലെങ്കില്‍ ഞങ്ങള്‍ക്കിതു പറയേണ്ടി വരില്ലല്ലോ.  ഞങ്ങളൊക്കെ വീട്ടിലിരുന്ന് തപസ്സുചെയ്യില്ലേ.

പ്രമീള:    താങ്കളുടെ കേസ് വര്‍ഷങ്ങള്‍ നീട്ടിക്കൊണ്ടുപോയത് താങ്കള്‍ക്ക് നീതി ലഭിക്കാന്‍ തടസ്സമായി മാറി എന്ന് സൂചിപ്പിച്ചു.   താങ്കളുടെ വിരമിക്കല്‍ പ്രായംവരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.  എന്നാല്‍ മറ്റുചില കേസുകളിലും ഇതുതന്നെയല്ലേ സംഭവിക്കുന്നത്.  ഉദാഹരണത്തിന് ലാവ്‌ലിന്‍ കേസ്.  ലാവ്‌ലിന്‍കേസ് ഇങ്ങനെ നീണ്ടുപോകാനുള്ള പ്രധാനപ്പെട്ട കാരണം ആ കേസില്‍ കഴമ്പില്ലാത്തതുകൊണ്ടാണ്  എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.  അതിലെത്രമാത്രം സത്യമുണ്ട്?

വള്ളിക്കുന്ന്:        ഏതോ ഒരു ഹിന്ദി സിനിമയില്‍ പറഞ്ഞിട്ടുണ്ട് കേസുമായി ബന്ധപ്പെട്ടു താരിക്, താരിക്, താരിക് (തീയതി) എന്ന്.  നമ്മുടെ കോടതി നടപടികള്‍  തീയതികളില്‍നിന്ന് തീയതികളിലേക്കു  മാറിമാറിപ്പോകുന്ന  പ്രതിഭാസമാണ്.  എന്റെ കേസുതന്നെ 14 കൊല്ലമെടുത്തല്ലോ.   ലാവ്‌ലിനെ സംബന്ധിച്ചു നമ്മള്‍ മനസ്സിലാക്കേണ്ടത് അതാരെങ്കിലും  നീട്ടിക്കൊണ്ടുപോകുന്നു എന്നുള്ളതല്ല. സ്വാഭാവികമായി ഇതിനിടയിലൊക്കെത്തന്നെ ഒരുപാടു ഒത്തുതീര്‍പ്പുകള്‍  അണിയറയ്ക്കു പിറകില്‍ നടക്കുന്നുണ്ട്.

കേരളത്തിലെ സി.പി.എമ്മിനെതിരെ, പിണറായിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് യു.ഡി.എഫ് എന്നും.  എല്ലാവരെയും കേസില്‍ പ്രതിചേര്‍ക്കുകയാണെന്നും പറഞ്ഞിരുന്നു.  ആ സന്ദര്‍ഭത്തിലാണ് രാഷ്ട്രപതി സ്ഥാനത്തേക്കു  കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിക്ക് സി.പി.ഐ.എം എം.എല്‍.എമാരും എം.പിമാരും  വോട്ടുചെയ്തത്.  അതുകൂടി നമ്മള്‍ കാണണം. അപ്പോള്‍ ലാവ്‌ലിന്‍ കേസില്‍ ഇതൊക്കെ പറയുന്ന ആളുകള്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍  മറിച്ച് നിലപാടെടുത്തെന്നു വരും.  ആ കേസ് കഴിഞ്ഞാല്‍  യു.പി.എയ്ക്ക്   സി.പി.എമ്മിന്റെ  പിന്തുണ ആവശ്യമുണ്ടെങ്കില്‍ ഈ ലാവ്‌ലിന്‍  കേസും  ഒത്തുതീരും.

നമുക്കിപ്പോള്‍ അറിയാമല്ലോ സി.ബി.ഐയെ എങ്ങനെയാണ് കേന്ദ്രത്തിലെ ഭരണകക്ഷി ഉപയോഗപ്പെടുത്തുന്നത് എന്ന്.    പക്ഷെ നമ്മുടെ ഇന്ത്യന്‍ ജുഡീഷ്യറി ഏറെക്കുറെ ലോകത്തുള്ള ജുഡീഷ്യറിയേക്കാള്‍ ഭേദമാണ്. അതുകൊണ്ട് ലാവ്‌ലിന്‍കേസ് ആയാലും ചന്ദ്രശേഖരന്‍ കേസ് ആയാലും ആരൊക്കെ അട്ടിമറിക്കാന്‍ ശ്രമിച്ചാലും അങ്ങനെ തീരും എന്ന്  ആരും പ്രതീക്ഷിക്കേണ്ട.  കാരണം ബെസ്റ്റ് ബേക്കറി കേസ് ഒരു പാഠമാണ്.   അഴിമതിക്കാര്‍ക്കെതിരെ  സുപ്രിംകോടതി എടുക്കുന്ന നിലപാടുകളും മുന്നറിയിപ്പാണ്.  ആര് അഴിമതി നടത്തിയാലും. പിണറായി വിജയന്‍ അഴിമതി നടത്തി എന്നൊന്നും ഞാന്‍ പറയുന്നില്ല.  നടത്തിയിട്ടില്ല എന്നും പറയുന്നില്ല.  കോടതി തീരുമാനിക്കും.

പ്രമീള:    താങ്കള്‍ ഇപ്പോള്‍ സൂചിപ്പിച്ചത് ചില അട്ടിമറികളെക്കുറിച്ചാണ്.  അതുകൊണ്ടുതന്നെ ചോദിക്കുകയാണ് ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഇത്തരമൊരു അട്ടിമറിക്കുള്ള സാധ്യതകള്‍ എത്രമാത്രമുണ്ട്.

അതായത്  ആഭ്യന്തരമന്ത്രിയായി  ചുമതലയേറ്റ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്  ഏറ്റവും നല്ല  ആഭ്യന്തരമന്ത്രി എന്ന അംഗീകാരം  ലഭിക്കാന്‍ കാരണമായത്  ഒരുപക്ഷെ ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതിയായിരുന്നു.  യു.ഡി.എഫിന്റെ പ്രതിച്ഛായ നന്നാക്കിയെടുക്കാനും ഈ കേസിന് സാധിച്ചു.    എന്നാല്‍ ഇന്നു നാം കാണുന്നത്  ഈ കേസില്‍ നടക്കുന്ന  കൂറുമാറ്റങ്ങളാണ്.   അതുകൊണ്ടുതന്നെ ചോദിക്കുകയാണ് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള ഒരു ഒത്തുകളിക്ക് എത്രത്തോളം സാധ്യത നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്?

വള്ളിക്കുന്ന്:          രാജന്‍കേസില്‍  ഉണ്ടായതുപോലെ  കേരള സമൂഹത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സമൂഹത്തിന്റെതന്നെ, മനസ്സാക്ഷിയെ സ്വാധീനിച്ച,  വികാരംകൊള്ളിച്ച  കൊലപാകതമാണ് ചന്ദ്രശേഖരന്റേത്.  അന്വേഷണം നടത്തിയ പൊലീസിന്റെ ചുമതലപ്പെട്ടവര്‍, അവര്‍ അവരുടെ ജീവനുപോലുമുള്ള ഭീഷണി അവഗണിച്ചാണ് വളരെ കൃത്യമായ അന്വേഷണം തുടങ്ങി  വളരെ വലിയ ഒരളവില്‍ മുന്നോട്ടുപോയത്.    ഗൂഢാലോചനയുടെ ഉന്നതതലത്തിലേക്കു പക്ഷെ അവരുടെ കൈ എത്തിയിട്ടില്ല.  സി.പി.ഐ.എമ്മില്‍ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കണമെങ്കില്‍  ഉന്നത തലങ്ങളില്‍നിന്നുള്ള അംഗീകാരം വേണം.  അവിടേക്കു എത്തിയിട്ടില്ല എന്നേയുള്ളൂ.

കൊല നടത്തിയവര്‍തൊട്ട്  വലിയൊരളവുവരെയുള്ള പ്രതികളെ  നിയമത്തിനുമുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. അതു വസ്തുതയാണ്.  കൂറുമാറ്റത്തെപ്പറ്റി പറഞ്ഞു.   മഹാഭൂരിപക്ഷം സാക്ഷികളും കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്.   അവരെ ഭയപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ നോക്കുന്നു.  കേരളത്തിലെ ഏറ്റവും പ്രമുഖരായ അഭിഭാഷകരെ നിയോഗിച്ചിരിക്കുന്നു.  അവര്‍ക്കുവേണ്ടി ലക്ഷക്കണക്കിനു രൂപ ചെലവഴിക്കുന്നു.

നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുമോ, കൊടിസുനിയുടെ അതേ യൂണിഫോം ഇട്ട് – വെള്ള ഷര്‍ട്ടും വെള്ള പാദുകവും ധരിച്ച് – സി.പി.ഐ.എമ്മിന്റെ സംസ്ഥാന- ജില്ലാ സെക്രട്ടേറിയറ്റ്  അംഗങ്ങളും മറ്റുമായുള്ള പ്രതികള്‍ തിരിച്ചറിയാനാകാത്ത വിധത്തില്‍ ക്രിമിനലുകള്‍ക്കൊപ്പം  കോടതിയില്‍ നില്‍ക്കുന്നത്.  കേസ് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.  കമ്മ്യൂണിസ്റ്റുപാര്‍ട്ടി ധാരാളം കേസുകള്‍ നടത്തിയിട്ടുണ്ട്.  മീററ്റ് ഗൂഢാലോചന കേസുപോലുള്ളവ.  ആ കേസുകള്‍ രാഷ്ട്രീയമാണ്.  രാഷ്ട്രീയമായി കേസ് നേരിട്ട് ശിക്ഷ നേടുകയാണെങ്കില്‍ നേടാന്‍ തയ്യാറാവുകയാണ് ചെയ്തത്.  ഇവിടെ ക്രിമിനലുകളുടെ രാഷ്ട്രീയമാണ് സ്വീകരിച്ചിരിക്കുന്നത്.   ക്രിമിനലുകളുടെ രീതിയിലേക്ക് സി.പി.എം അധ:പതിക്കുന്ന  കാഴ്ചയാണ് നമ്മള്‍ കാണുന്നത്.  അതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവര്‍ അതിനെ ചോദ്യം ചെയ്യുന്നത്.

പ്രമീള:    ടി.പി. ചന്ദ്രശേഖരന്‍ മരണപ്പെട്ട ആദ്യ ഘട്ടത്തില്‍ സി.പി.എം നേതാക്കളും അനുയായികളും അണികളുമൊക്കെ നിരന്തരം അറസ്റ്റുചെയ്യപ്പെട്ടിരുന്നു.  അന്ന്  താങ്കളെപ്പോലുള്ളവര്‍ ചോദിച്ചിരുന്ന പ്രധാന ചോദ്യമായിരുന്നു ഗൂഢാലോചനയില്‍ പെടുത്തി ഇങ്ങനെ നിരന്തരം ആള്‍ക്കാരെ അറസ്റ്റു ചെയ്യുന്നത് എന്തിനാണ്?  എങ്ങനെയാണ് എന്ന്.  ഇപ്പോള്‍ നിരന്തരം സാക്ഷികള്‍ കൂറുമാറുമ്പോള്‍ അത് സി.പി.ഐ.എം വിരട്ടിയാണ് എന്നു  പറയുന്നു.   അപ്പോഴും പാര്‍ട്ടി വിചാരിച്ചാല്‍ ഇത്രയുംപേരെ നിരന്തരം കൂറുമാറ്റാനാകുമോ?  എന്തോ ഒരു പൊരുത്തമില്ലായ്മ ഈ കേസിലില്ലേ.

വള്ളിക്കുന്ന്:        പ്രമീള പറയുന്നതിലാണ് പൊരുത്തക്കേട്.   വൈരുദ്ധ്യം.  ഒന്ന്,  പൊലീസ് സി.പി.എമ്മിനെ വേട്ടയാടുകയാണെന്ന് ഈ കേസില്‍  പറഞ്ഞ ആളല്ല ഞാന്‍.  ഇതു സംബന്ധിച്ച് താങ്കള്‍ക്കു കിട്ടിയ വിവരങ്ങള്‍ വസ്തുതാപരമല്ല.  അതുകൊണ്ട് ഞാന്‍ പറയുന്നതില്‍ പൊരുത്തക്കേടില്ല.   ഞാനും നിങ്ങളും നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ആ കേസില്‍ സി.പി.ഐ.എം ആളുകളെ ഒളിപ്പിച്ചു.  അതിനെതിരെ  ഞാന്‍ ലേഖനമെഴുതിയിട്ടുണ്ട്.  ഹാര്‍ബറിംഗ് ദി ക്രിമിനല്‍സ് എന്നു പറയുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 5 വര്‍ഷക്കാലത്തെ കഠിന തടവുനല്‍കുന്ന കുറ്റമാണ്.

കൊലയാളികളും പ്രതികളുമായിട്ടുള്ള ആളുകളെ സി.പി.ഐ.എമ്മിന്റെ ഏരിയാകമ്മറ്റി ഓഫീസിലും പാര്‍ട്ടി ഗ്രാമങ്ങളിലും ഒളിപ്പിച്ചു എന്നും പട്ടാളം വന്നാല്‍പോലും ഞങ്ങള്‍ ഒളിപ്പിച്ചാല്‍  പിടിക്കാന്‍ കഴിയില്ല എന്നും പ്രഖ്യാപിച്ചത് സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമാണ്.  കുറ്റംചെയ്ത ആളുകള്‍ അതു ചെയ്തു എന്നുള്ളതും അവരെ പൊലീസ് പിടിച്ചതു ശരിയാണെന്നുള്ളതും വസ്തുതയാണ്.   പ്രതികള്‍  തെറ്റു ചെയ്തിട്ടില്ല എന്നു വെയ്ക്കുക, ഇവര്‍ ചെയ്യേണ്ടത് അതു  കോടതിയെ ബോധ്യപ്പെടുത്തുകയാണ്.  കോടതിക്കുപുറത്തു ബന്ദു നടത്തുകയും പൊലീസിനെ ആക്രമിക്കുകയും കോടതിക്കെതിരെ പ്രതിഷേധ സമരം നടത്തുകയുമല്ല.  അതു ചെയ്തപ്പോഴാണ് ഞങ്ങള്‍ അതിനെ ചോദ്യം ചെയ്തത്.

മറിച്ച് സി.പി.ഐ.എം എടുത്ത നിലപാടെന്തായിരുന്നു?  യു.ഡി.എഫാണ് ചന്ദ്രശേഖരനെ വധിച്ചതെന്ന്.  ഇപ്പോള്‍ ഒരു കൊല്ലമായില്ലേ.  യു.ഡി.എഫിന്റെ ഏതു പ്രതിയാണ് ഇതു ചെയ്തത്.  ഏതു നേതാവാണിതു ചെയ്തത് എന്നു കോടതിയില്‍ തെളിവു കൊടുക്കേണ്ടേ?  അതിനു കഴിവുള്ളൊരു പ്രസ്ഥാനമല്ലേ സി.പി.ഐ.എം.  അതു ചെയ്യാതെ സാക്ഷികളെ വിരട്ടി പേടിപ്പിക്കുകയാണോ?  നിങ്ങള്‍ക്കിവിടെ ജീവിക്കാന്‍ കഴിയില്ല  എന്നു ഭീഷണിപ്പെടുത്തുകയാണോ?

കഴിഞ്ഞദിവസം കതിരൂരില്‍ ഒരു ചുമര്‍ പരസ്യം കണ്ടത് സംബന്ധിച്ച വാര്‍ത്ത താങ്കള്‍ ഓര്‍ക്കുന്നുണ്ടാകും.  സി.പി.ഐ.എമ്മിന്റെ  കൂത്തുപറമ്പിന്റെ ഏരിയാ കമ്മറ്റി ഓഫീസില്‍ ഈ കൊലയാളികളെ കൊലപാതകത്തിന്റെ പിറ്റേന്ന്  കൊണ്ടുചെല്ലുന്നതു കണ്ട സാക്ഷി.   സി.പി.ഐ.എം ഞങ്ങള്‍ക്കിതില്‍ പങ്കില്ലെന്ന് പ്രസ്താവനയിറക്കുന്ന ദിവസമായിരുന്നു അത്.    രാത്രി എട്ടുമണിക്ക് അവരെ അവിടെ കൊണ്ടുപോയതു കണ്ടെന്ന്   കോടതിയില്‍ കതിരൂരുകാരന്‍ മൊഴി നല്‍കി.  ഞങ്ങളൊക്കെ നേരത്തെ അറിഞ്ഞതും പറഞ്ഞതുമായ  കാര്യമാണത്.  അതിപ്പോള്‍ സ്ഥിരീകരിച്ചിരിക്കയാണ്.   അപ്പോള്‍  യു.ഡി.എഫോ മറ്റു ക്രിമിനലുകളോ  ആണ് വധത്തിനു പിന്നിലെന്ന് സി.പി.ഐ.എം പറഞ്ഞു.  എന്നാല്‍  അതിന്റെ തെളിവുകള്‍ ഹാജരാക്കി  ഞങ്ങളുടെ ആളുകള്‍ നിരപരാധികളാണ് എന്ന് കോടതിയില്‍ ബോധ്യപ്പെടുത്തുകയാണ്  അവര്‍ ചെയ്യേണ്ടത്.  അപ്പോള്‍ കോടതി അവരെ വിടട്ടെ.

ബെസ്റ്റ് ബേക്കറി കേസിലെപ്പോലെ കോടതി ഇനി ഇവരെ  വിട്ടു എന്നുതന്നെ വെയ്ക്കുക. വിടുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.  എങ്കിലും  നീതി അതിന്റെ വഴിക്കുതന്നെ പോകും.

താങ്കള്‍ പറഞ്ഞതുകൊണ്ടു ഞാന്‍ മറ്റൊന്നുകൂടി  പറയട്ടെ.  കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനടക്കം പങ്കെടുത്ത, എം.വി. വീരേന്ദ്രകുമാരുടെ വടകരയിലെ  ഉപവാസ സമരം.    ചന്ദ്രശേഖരന്‍ മരിച്ച്  ഏതാനും ദിവസംമാത്രം  കഴിഞ്ഞപ്പോഴായിരുന്നു അത്.   ഞാനന്നുപറഞ്ഞു .  ഈ ഗൂഢാലോചനയ്ക്കു പിന്നിലുള്ള ശരിയായ ആളുകളെ നിങ്ങള്‍ നിയമത്തിനുമുമ്പില്‍  കൊണ്ടുവരാതെ, എവിടെയെങ്കിലും ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ എന്റെ സുഹൃത്തുകൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഡല്‍ഹിയിലെ ആഫീസിനുമുമ്പില്‍  അവസാനംവരെ ഉപവാസം നടത്തി   മരിക്കാന്‍ തയ്യാറാകുമെന്ന്.  ഇത് അവിടെയും ഇവിടെയും അവസാനിക്കില്ല എന്ന് അന്നു പറഞ്ഞുവെച്ചിട്ടുണ്ട്.

അതുകൊണ്ട് വരട്ടെ, കോടതിവിധി വരട്ടെ.  തീരുമാനം എന്താണെന്നു വരട്ടെ.  ഇവിടെ നീതിയും നിയമവും അട്ടിമറിച്ചിട്ടുണ്ടെങ്കില്‍ കേരളത്തില്‍ ഒരു പുതിയ സമരമുഖം ഇവിടെ തുറക്കും.   ചന്ദ്രശേഖരന്‍ വധത്തില്‍ നീതി കിട്ടുന്നതിനുവേണ്ടി. ഇന്നയാളാണ് ഇതു ചെയ്യിച്ചതെന്നു, ഇന്നവരാണ് മറ്റു പ്രതികളെന്ന് ഞാന്‍  പറയുന്നില്ല.  സാഹചര്യതെളിവുകള്‍ പ്രശ്‌നമാണ്.  രാജന്‍കേസ് പുറത്തുകൊണ്ടുവന്ന ഒരാളാണ് ഞാന്‍.  രാജന്‍കേസില്‍ പ്രത്യക്ഷ തെളിവുകള്‍  ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല.  രാജന്‍കേസില്‍   കേരളസമൂഹം പ്രതികളെ ശിക്ഷിച്ചുകഴിഞ്ഞു.  ചന്ദ്രശേഖരന്‍ കേസിലും ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ശിക്ഷിച്ചാലും  ശിക്ഷിച്ചില്ലെങ്കിലും  കേരള സമൂഹം ഇതിലെ പ്രതികളെ ശിക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്.  കേരളത്തിന്റെ മനസ്സുവായിക്കാന്‍ കഴിയണം.  അതൊരു മാധ്യമപ്രവര്‍ത്തകനായ എനിക്കും താങ്കള്‍ക്കും വായിക്കാന്‍ കഴിയും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.  നമ്മളെ മാധ്യമപ്രവര്‍ത്തകരാക്കുന്നത് അത്തരം ചില സിദ്ധികളാണ്.

പ്രമീള:    യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയിലെ ഈ കണ്ണൂര്‍ലോബി എത്രമാത്രം ശക്തമാണ്?

വള്ളിക്കുന്ന്:        കണ്ണൂര്‍ലോബി  എന്നുള്ളതൊക്കെ മാധ്യമങ്ങള്‍ നമ്മുടെ രാജ്യത്ത് ഓരോ ഘട്ടത്തില്‍ ചില പ്രത്യേക രാഷ്ട്രീയ പ്രതിഭാസങ്ങള്‍ വ്യക്തമാക്കാന്‍വേണ്ടി ഉപയോഗിക്കുന്നതാണ്.  പണ്ട് ഇ.എം.എസ് – എ.കെ.ജി  ഗ്രൂപ്പെന്നു പറയുമായിരുന്നു.    പിന്നെ നായനാര്‍ ഗ്രൂപ്പെന്നും  വി.എസ് ഗ്രൂപ്പെന്നും പറഞ്ഞു.  നായനാരെ വി.എസ് മുഖ്യമന്ത്രിയാക്കിയപ്പോള്‍  അതിനെ സി.ഐ.ടി.യു ഗ്രൂപ്പെന്നു വിളിച്ചു.  ഇപ്പോള്‍ കണ്ണൂര്‍ ലോബി എന്നു പറയുന്നു. പ്രശ്‌നമെന്താണെന്നു പറഞ്ഞാല്‍  പിണറായി വിജയനുമായി ബന്ധപ്പെട്ടുള്ള  വ്യക്തിയധിഷ്ഠിതമായ ഒരു രാഷ്ട്രീയത്തെയാണ് ഇതു ധ്വനിപ്പിക്കുന്നത്.

ഇതു ബൂര്‍ഷ്വാപാര്‍ട്ടികളിലാണ് സാധാരണ ഉണ്ടാവുക.   ഇന്ദിരാഗാന്ധിയേയും   രാജീവ്ഗാന്ധിയേയും കേന്ദ്രീകരിച്ചുണ്ടായിരുന്നു.   ഇപ്പോള്‍ സോണിയയെ കേന്ദ്രീകരിച്ചുണ്ട്.  രാഹുല്‍ വന്നിട്ടുണ്ട്.  വ്യക്തിയധിഷ്ഠിതമാണത്.  സി.പി.ഐ.എമ്മിനെപ്പോലുള്ള ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടി  വ്യക്തിയധിഷ്ഠിതമല്ല.  രാഷ്ട്രീയ – പ്രത്യയശാസ്ത്ര അധിഷ്ഠിതമാണ്. എന്നിട്ടും സി.പി.ഐ.എമ്മില്‍  വിഭാഗീയത വന്നു.  വിഭാഗീയത എന്നത് വിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിഭജിക്കലാണ്.  അതിന്റെ പല ഞരമ്പുകളും നാഡികളുമൊക്കെ മുറിക്കപ്പെടുന്നു.  അത് ശിഥിലമാകുന്നു.  അങ്ങനെ ശിഥിലമാകുമ്പോള്‍ അതിന്റെ ആന്തരികവും ബാഹ്യവുമായ എല്ലാ ഘടനയും ജീവനും നഷ്ടപ്പെടുന്നു.  ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത് വ്യത്യധിഷ്ഠിതമായ ഒരു വിഭാഗീയ പാര്‍ട്ടിയാണ്.  അതിന്റെ നേതൃത്വത്തിലിരിക്കുന്നത് പിണറായി വിജയനാണ്.  പിണറായിയെ കേന്ദ്രീകരിച്ചാണ് കണ്ണൂര്‍ ലോബി.

പിണറായി വിജയന്‍

പിണറായി വിജയന്‍

നവകേരളയാത്രയുടെ തുടക്കത്തില്‍ അദ്ദേഹത്തെ ഇരുത്തി  കൂടെയുണ്ടായിരുന്ന ഇ.പി. ജയരാജനെപ്പോലുള്ളവര്‍ പറഞ്ഞു: സി.പി.ഐ.എം എന്നുപറഞ്ഞാല്‍ പിണറായി വിജയന്‍.  പണറായി വിജയന്‍ എന്നു പറഞ്ഞാല്‍ സി.പി.ഐ.എം.   ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥാകാലത്ത്  ഡി.കെ. ബറുവ പറഞ്ഞത് ഇന്ദിര എന്നാല്‍ ഇന്ത്യയെന്നാണ്.  നവകേരള യാത്രാസമയത്തു  ഞാന്‍ പറഞ്ഞു ഇതു വലിയ അപകടമാണെന്ന്.  മാതൃഭൂമിയില്‍ എന്റെ കോളത്തില്‍ എഴുതി. ഇത് ജയരാജന്റെ അഭിപ്രായമായിട്ട് കാണുന്നില്ല.  ഇത് സി.പി.ഐ.എമ്മില്‍ കൂമ്പെടുക്കുന്ന ഫാസിസ്റ്റു പ്രവണതയുടെ  വ്യക്തികേന്ദ്രീകൃതമായ രാഷ്ട്രീയത്തിന്റെ മുന്നോടിയാണ് എന്ന്.     ഇപ്പോള്‍ അദ്ദേഹത്തെ അംഗീകരിക്കുന്ന  പരമാവധി നേതാക്കള്‍ കണ്ണൂര്‍ക്കാരാണ്.  കോടിയേരി ബാലകൃഷ്ണന്‍,  പി. ജയരാജന്‍,  എം.വി. ജയരാജന്‍,  ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി …..

ഞാന്‍ വ്യക്തികളിലേക്കു പോകുകയല്ല.    പാലക്കാട് സമ്മേളനമാണ് വഴിത്തിരിവ്.  അതു വളര്‍ത്തിക്കൊണ്ടുവന്ന ഒരു അനുയായി വൃന്ദമുണ്ട്. വ്യക്തി കേന്ദ്രീകൃതമായിട്ട്.   ഇതില്‍തന്നെ വൈരുദ്ധ്യങ്ങള്‍ വരും.  ഇതിന്റെകൂടെ നിന്നിരുന്ന ആളാണ് ഐസക്.  നിങ്ങള്‍തന്നെ പറയുന്നു ഐസക്കും വി.എസ് ഗ്രൂപ്പും വന്നുവെന്ന്.  എന്നിട്ട് പരാതിക്കെതിരായിട്ട് അവരുടെ ആളുകള്‍ പ്രകടനം നടത്തി എന്ന്.  പ്രകടനം നടത്തിയ ആള് പിണറായിയെപോയി കാണുന്നു.  ഒത്തുതീര്‍പ്പുണ്ടാക്കുന്നു.  എന്നു പറയുമ്പോള്‍ ഇത് വ്യക്തികേന്ദ്രീകൃതമായിട്ടു മാറിയില്ലേ?   എവിടെയാ മാറിയിരിക്കുന്നത്.പുന്നപ്ര വയലാറിന്റെ നാട്ടില്‍ മാറിയിരിക്കുന്നു.

എന്നാല്‍  ഇവരൊക്കെതമ്മില്‍ വൈരുദ്ധ്യമില്ല എന്ന് പറയേണ്ട.  ഇപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടിക്കകത്തുനിന്നുപോലും കൊഴിഞ്ഞുപോക്കു നടക്കുന്നു.  ആളുകള്‍ പുറത്തുപോയി.   മോഹനെനെപ്പോലുള്ള ആളുകള്‍ പാര്‍ട്ടിയെ ചോദ്യംചെയ്യുന്ന  സ്ഥിതിവിശേഷം വരുന്നു.   നമ്മള്‍  തിരിച്ചറിയേണ്ട ഒരു കാര്യം വി.എസ് എങ്ങനെ പിണറായിക്ക് എതിരായ ഒരാളായി മാറി എന്നാണ്.  പാലക്കാടന്‍ തീക്കാറ്റ് എന്നാണ് മാധ്യമങ്ങളൊക്കെ  അന്ന് പാലക്കാട് സമ്മേളനം കഴിഞ്ഞപ്പോള്‍ ആഹ്ലാദിച്ചു വര്‍ണ്ണിച്ചത്. വി.എസ് എന്ന   ആ തീക്കാറ്റിന്റെ തീപ്പൊരിയായിരുന്നു അന്ന് പിണറായി വിജയന്‍.  ആ പിണറായി വിജയന്‍ കണ്ണൂര്‍ സമ്മേളനം കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ക്ക്  മിന്നല്‍ പിണറായിയായി.

ഈ മിന്നല്‍ പിണറായി നാളെ മാറാം.   മിന്നലിന്റെ ശക്തിയും ഇടിമുഴക്കവും നാളെ ചിലപ്പോള്‍ കോടിയേരി ബാലകൃഷ്ണനോ മറ്റാരെങ്കിലുമോആകാം.     അങ്ങനെ വ്യക്തികേന്ദ്രീകൃതമായി ഇതു മാറുമ്പോള്‍  തൊഴിലാളികള്‍ കൃഷിക്കാര്‍ പാവപ്പെട്ടവര്‍ എന്നിവരുടെ പാര്‍ട്ടി എന്നു പറയുന്ന  സി.പി.ഐ.എം പോകും.  ഗള്‍ഫ് രാജ്യങ്ങളിലുള്ള ഏതെങ്കിലും പിള്ളമാരുടെയോ പത്മശ്രീ ലഭിച്ചവരുടെയോ ഒക്കെ  പാര്‍ട്ടിയായി സി.പി.ഐ.എം തീരും.   അങ്ങനെ അതു മാറിക്കൊണ്ടിരിക്കുകയാണ്.  അതു ഞങ്ങളെപ്പോലുള്ളവര്‍  അകക്കണ്ണുകൊണ്ടു കാണുന്നുണ്ട്.  അപ്പോള്‍ ഇത് കേവലം കണ്ണൂര്‍ലോബിയുടെ പ്രശ്‌നമായി അപ്പുക്കുട്ടന്‍ വള്ളിക്കുന്നു പറഞ്ഞു എന്ന് ദയവായി പറയരുത്.

പ്രമീള:    പാര്‍ട്ടി ചരിത്രം വളരെ നന്നായി അറിയാവുന്ന ആളാണ് താങ്കള്‍.  ഇപ്പോള്‍തന്നെ പുന്നപ്ര- വയലാര്‍  സമരത്തെക്കുറിച്ച് സൂചിപ്പിച്ചു.  അതുകൊണ്ടുതന്നെ ചോദിക്കുകയാണ്.  പുന്നപ്ര – വയലാര്‍ സമരത്തില്‍  യഥാര്‍ത്ഥത്തില്‍ വി.എസ് പങ്കാളിയായിരുന്നോ.  വിപ്ലവാത്മകമായ ഒരു പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ടോ?  പുന്നപ്ര സമരത്തിന്റെ 66-#ാ#ം വാര്‍ഷികത്തിന് ആലപ്പുഴ ജില്ലാ സെക്രട്ടറി  ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലും മുതിര്‍ന്ന  നേതാവായ എം.എം. ലോറന്‍സിന്റെ വെളിപ്പെടുത്തലിലും പുന്നപ്ര- വയലാര്‍  സമരത്തില്‍  വി.എസ്സിന് ഒരു പങ്കുമില്ല എന്ന ഒരു  പരാമര്‍ശമുണ്ടായി.  മാത്രമല്ല അതിന്റെ പേരുംപറഞ്ഞ് വി.എസ് ഒളിച്ചോടുകയായിരുന്നു എന്ന് പറയുകയും ചെയ്തു.  അതുകൂടി ഓര്‍മ്മിക്കുമ്പോള്‍ താങ്കള്‍ അതെക്കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക?

വള്ളിക്കുന്ന്:        ഇതിന് എന്നെക്കൊണ്ട് താങ്കള്‍ മറുപടി പറയിപ്പിക്കാതിരിക്കുകയാണ് നല്ലത്.  ലോറന്‍സിന്റെ പിറകെ പോകാനോ വി.എസ്സിന്റെ പിറകെ നില്‍ക്കാനോ അല്ല.  അങ്ങനെ നില്‍ക്കുന്ന ഒരാളുമല്ല.  ഞാനൊരു ചരിത്ര വിദ്യാര്‍ത്ഥിയും  രാഷ്ട്രീയ വിദ്യാര്‍ത്ഥിയുമാണ്.    ആ നിലയ്ക്ക് പുന്നപ്ര – വയലാറിന്റെ ചരിത്രം ഞാന്‍ നന്നായി പഠിച്ചിട്ടുണ്ട്. എങ്കിലും  ഇപ്പോള്‍ അത് പറയുന്നില്ല.  പക്ഷെ ഞാനത് പറയും.   ഇവരൊക്കെ പറയുന്നതല്ലാതെ  ചില കാര്യങ്ങളും രേഖകളും  അറിയുന്ന ഒരാളാണു ഞാന്‍.  അതുകൊണ്ട് എന്റെ ഒരു  സമയത്തിനുവേണ്ടി ഇതിനുള്ള ഉത്തരം  മാറ്റിവെയ്ക്കുന്നു.  ദയവായിട്ട് എന്നെ അതിന്  അനുവദിക്കണം.

പ്രമീള:    മറ്റൊന്നുകൂടെ.    അടുത്തിടെ എം.എം ലോറന്‍സിന്റെ അഭിമുഖത്തില്‍ പറഞ്ഞത്.   64-ല്‍ പിളര്‍ന്നപ്പോള്‍ താങ്കള്‍തന്നെ സൂചിപ്പിച്ചതുമാണ്.  അന്ന് ഇറങ്ങിവന്നവരില്‍ ജീവിച്ചിരിക്കുന്ന  ഒരേയൊരാള്‍ ഞാനാണ് എന്ന്.  വി.എസ് പറഞ്ഞുകൊണ്ടു നടക്കുന്നത്  അസംബന്ധമാണ് എന്ന്.  ഇതേക്കുറിച്ച്  എന്തു പറയുന്നു?

വള്ളിക്കുന്ന്:        ഒരു കാര്യം താങ്കള്‍ മനസ്സിലാക്കണം.  വി.എസ്സിന്റെ ഒരു പ്രതിനിധിയായിട്ടോ   വക്താവായിട്ടോ ആണ് ഞാന്‍ ഇവിടെ ഇരിക്കുന്നതെന്ന്   താങ്കള്‍ക്ക് എന്തോ  തെറ്റിദ്ധാരണ ഉണ്ടെന്നു തോന്നുന്നു.    എന്നെ നേരിടാന്‍ ഒരു പത്രപ്രവര്‍ത്തക എന്ന നിലയ്ക്ക്  പ്രമീള തയ്യാറാക്കിയ ഈ ചോദ്യങ്ങളില്‍ അങ്ങനെ ഒന്നു  നിഴലിക്കുന്നുണ്ട്.   എന്നു ഞാന്‍ പറയുമ്പോള്‍ താങ്കള്‍ എന്നോട് ദേഷ്യപ്പെടില്ല എന്നു വിചാരിക്കുന്നു.  42 വര്‍ഷമായി മാധ്യമരംഗത്തുള്ള എനിക്ക്  ഈ ചോദ്യങ്ങളുടെ വളവും തിരിവും   മനസ്സിലാകുമെന്നത് താങ്കളും  അംഗീകരിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ഞാന്‍ ഈ പാര്‍ട്ടിയില്‍നിന്ന് പുറത്തു നില്‍ക്കുന്നതിന്റെ മുഖ്യമായ കാരണം അല്ലെങ്കില്‍ കാരണക്കാരന്‍   വി.എസ് ആയിരുന്നു. ഇത് ഒരുപാട് ആളുകള്‍ക്കറിയാം.  അല്ലെങ്കില്‍ ഒരുപാട് ആളുകള്‍ പറയുന്നുണ്ട്.

വി.എസ്.അച്യുതാനന്ദന്‍

വി.എസ്.അച്യുതാനന്ദന്‍

ഇതിനൊക്കെ വി.എസ് അല്ലേ കാരണക്കാരന്‍.  നിങ്ങള്‍ വി.എസ്സിനെ പിന്തുണയ്ക്കുന്നത് എന്തിനാണ്.   കഴിഞ്ഞദിവസം  ലോറന്‍സ് ശരിയായി  പറഞ്ഞതുപോലെ.  പാലക്കാട്ടുവെച്ച്  കേരളപാര്‍ട്ടിയുടെ  നേതൃത്വം പിടിച്ചെടുത്തത് വി.എസ്സിനെ മുന്‍നിര്‍ത്തിയാണ്.   പിണറായി വിജയന്‍  വി.എസ്സിനെ മുന്നില്‍ നിര്‍ത്തിയാണ് പാലക്കാട്ട് അതു ചെയ്തത്.  അതിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി  ഞങ്ങള്‍ക്കൊപ്പം  വൈകാരികമായി നിന്ന  പാര്‍ട്ടിയണികളുണ്ട്.   അവര്‍  പ്രതിഷേധിച്ചിട്ടുണ്ട്.  . അടികൊണ്ടിട്ടുണ്ട്.  കാല്‍ ഒടിഞ്ഞിട്ടുണ്ട്.

ചില ചര്‍ച്ചകള്‍ കേട്ട് നിങ്ങള്‍ വി.എസ്സിനെ ഇങ്ങനെ ന്യായീകരിച്ചത്  എന്താണ് എന്ന് ആ സഖാക്കളില്‍ ചിലര്‍ എന്നോടു  ചോദിച്ചിട്ടുണ്ട്.  ഞാനെന്റെ നയം അവരോടു വ്യക്തമാക്കിയിട്ടുണ്ട്.   അടുത്തിറങ്ങിയിട്ടുള്ള എന്റെ ‘ഇടതുപക്ഷം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അതേപ്പറ്റി വിശദീകരിച്ചിട്ടുണ്ട്.   ചുരുക്കി പറയാം.  രാഷ്ട്രീയത്തില്‍  ആരെയും നമ്മള്‍ കാണേണ്ടത് ഓരോരുത്തരും  സമകാലിക രാഷ്ട്രീയത്തിലെടുക്കുന്ന നയം എന്ത്, നിലപാട് എന്ത്, ജനത്തോടുള്ള പ്രതിബദ്ധത എന്ത്  എന്നതിന്റെ അടിസ്ഥാനത്തിലാണ്.  അവര്‍ വ്യക്തിപരമായ പ്രതിബദ്ധതയാണോ  ജനങ്ങളോടുള്ള പ്രതിബദ്ധതയാണോ  ഉയര്‍ത്തിപ്പിടിക്കുന്നത് എന്നുനോക്കിയാണ്.   സി.പി.ഐ.എം ആയാലും മറ്റേതുപാര്‍ട്ടിയായാലും.

സി.പി.ഐ.എം  രാഷ്ട്രീയമായി മാറിക്കൊണ്ടിരുന്ന ഒരു സാഹചര്യത്തില്‍  വി.എസ് അവിടെനിന്നു മാറി എന്നതാണ് കാണേണ്ടത്.   ഈ തെറ്റുകളില്‍ ചിലതിനെതിരെ അദ്ദേഹം  നിലപാടുകള്‍ എടുത്തു. ആ രാഷ്ട്രീയ നിലപാടുകളെയാണ്  എന്നെപ്പോലുള്ള ആളുകള്‍ പിന്താങ്ങിയത്.  അതേ സമയത്ത് വി.എസ് തെറ്റായ നിലപാടെടുത്താല്‍ അതു തെറ്റാണെന്നു തുറന്നു പറയും.

ഇപ്പോള്‍തന്നെ താങ്കളോടു പറഞ്ഞു.    കമ്മ്യൂണിസ്റ്റു നേതാവെന്ന നിലയ്ക്ക് അദ്ദേഹം ഇ.എം.എസ് എടുത്തതുപോലെ  അതല്ലെങ്കില്‍ പി.സി ജോഷി എടുത്തതുപോലെ  പാര്‍ട്ടികളുടെ മറ്റുചില നേതാക്കള്‍ എടുത്തതുപോലെ  പ്രത്യയശാസ്ത്രപരമായ  നിലപാടിലേക്ക് അദ്ദേഹം പോകുന്നില്ല എന്ന്.  ചില വിഷയങ്ങള്‍ അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. ചന്ദ്രശേഖരന്റെ വധംപോലുള്ളവ.   അതില്‍ ആന്തരികമായ  ഒരു രാഷ്ട്രീയ നിലപാടുണ്ട്.   നയപരമായ പ്രശ്‌നങ്ങള്‍ ഉണ്ട്.  പക്ഷെ അതെടുത്തുകൊണ്ട്  നയപരവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടത്തിന് പാര്‍ട്ടിയെ കൂടെനിര്‍ത്താന്‍ വി.എസ്സിനു സാധിക്കുന്നില്ല.  പാര്‍ട്ടി നേതാക്കളെ കൂടെ നിര്‍ത്താന്‍ സാധിക്കുന്നില്ല.

പറഞ്ഞുവന്നത് വ്യക്തികള്‍ ഇന്നലെ  എന്തായിരുന്നു എന്നുള്ളതല്ല, ഇന്ന് എന്താണ്, എവിടെയാണ് നില്ക്കുന്നത് എന്നതാണ് പ്രധാനമെന്നാണ്.  വി.പി. സിംഗ് രാജീവ്ഗാന്ധിയുടെ മന്ത്രിസഭയിലെ രാജ്യരക്ഷാ മന്ത്രിയായിരുന്നു.  അദ്ദേഹം ബൊഫോഴ്‌സ്  അഴിമതി പ്രശ്‌നത്തില്‍ ഒരു നിലപാടെടുത്ത്  പുറത്തു വന്നു.  അദ്ദേഹം സ്വതന്ത്രനായി സ്വന്തം പാര്‍ട്ടിക്ക് നേതൃത്വം കൊടുത്തു.   ഇന്ത്യന്‍ രാഷ്ട്രീയത്തെതന്നെ അത് മാറ്റിമറിച്ചു.

അത്തരം മാറ്റങ്ങള്‍ വരുമ്പോള്‍ നമ്മള്‍ എവിടെ നില്‍ക്കും  എന്നത് പ്രധാനമാണ്.   എ.കെ. ആന്റണിപോലും കോണ്‍ഗ്രസ്സിന്റെ കരുണാകരന്റെയും ഇന്ദിരാഗാന്ധിയുടെയും പാര്‍ട്ടിയില്‍നിന്നും മാറി വന്നിട്ട്  ഒരു ആന്റണി കോണ്‍ഗ്രസ്സ് രൂപീകരിച്ചു. ഇടതുപക്ഷത്തിന്റെ ഭാഗമായി  ഒരു ഗവണ്മെന്റുപോലും  രൂപീകരിച്ചു. ഇന്നദ്ദേഹം   കോണ്‍ഗ്രസ്സ് ഐയിലേക്കു തിരിച്ചുപോയിട്ടുണ്ട്.  ചരിത്രത്തിന്റെ ഓരോ സന്ധികളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

അല്ലാതെ ഏതെങ്കിലും ഒരു നേതാവിന്റെ പിറകെ  അദ്ദേഹമിട്ട ഷര്‍ട്ട്  ഏതാണെന്നു നോക്കി അതുപോലെ ഒന്നിട്ട്, അദ്ദേഹത്തിന്റെ സംസാരശൈലിപോലും  അനുകരിച്ചു  നടക്കലല്ല രാഷ്ട്രീയ നിലപാട് എന്നു പറയുന്നത്.  ജനങ്ങള്‍ക്ക്,  നമ്മുടെ സമൂഹത്തിന്, ആവശ്യമായ പ്രശ്‌നങ്ങളില്‍ നിലപാടെടുക്കലാണ്.   സ്ത്രീകളുടെ പ്രശ്‌നം, മിച്ചഭൂമി കയ്യേറ്റത്തിന്റെ പ്രശ്‌നം,  പരിസ്ഥിത ….  ഇതുപോലുള്ള പ്രശ്‌നങ്ങളില്‍.  ലാവ്‌ലിന്‍ പ്രശ്‌നം വന്നപ്പോള്‍ നമ്മുടെ സെക്രട്ടറി മാറിനില്‍ക്കേണ്ടതായിരുന്നു.   അദ്ദേഹത്തെ പ്രോസിക്യൂട്ടു ചെയ്യേണ്ടതാണ് എന്നതും ശരിയായ നിലപാടായിരുന്നു.   ഒരു മുഖ്യമന്ത്രി ആ നിലപാടെടുക്കുന്നില്ലെങ്കില്‍  അദ്ദേഹം  ആ ഭരണസ്ഥാപനത്തിലിരിക്കാന്‍ യോഗ്യനല്ല എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍.

യുവപത്രപ്രവര്‍ത്തക എന്ന നിലയ്ക്ക് താങ്കളോട് ഒരു കാര്യം പറയട്ടെ.   നമ്മുടെ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും മനസ്സിലാക്കാന്‍വേണ്ടിയാണ്.  സി.പി.ഐഎം വിഷയങ്ങള്‍ നമ്മള്‍ ചര്‍ച്ചചെയ്യുമ്പോള്‍  നമ്മള്‍ വിചാരിക്കുന്നത്  സി.പി.ഐ.എമ്മിന്റെ ഭരണഘടനയാണ് ഇന്ത്യാ രാജ്യത്തെ നയിക്കുന്നതെന്നാണ്.  അതല്ല അംബേദ്കറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശീയപ്രസ്ഥാനം ഭരണഘടനാ  അസംബ്ലിയില്‍  രൂപപ്പെടുത്തിയ ഇന്ത്യന്‍ ഭരണഘടനയാണ് ജനാധിപത്യത്തെ നയിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്കു കീഴ്‌പ്പെട്ടതാണ് മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും   സി.പി.ഐ.എമ്മിന്റെയും  ഭരണഘടന എന്നുകൂടി നമ്മള്‍ മനസ്സിലാക്കണം.

കെ.എന്‍.രവീന്ദ്രനാഥ്‌

കെ.എന്‍.രവീന്ദ്രനാഥ്‌

വ്യക്തിയുടെ ജീവിക്കാനുള്ള മൗലിക അവകാശം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ് എന്ന് ആ ഭരണഘടന വ്യക്തമാക്കുന്നു.    അതു നശിപ്പിക്കാന്‍  സി.പി.ഐ.എമ്മിന് അധികാരമുണ്ടോ?  അവരുടെ വാടകക്കൊലയാളികള്‍ക്ക് അധികാരമുണ്ടോ?   അന്തസ്സോടുകൂടി സമൂഹത്തില്‍ ജീവിക്കാന്‍ വ്യക്തിക്ക് മൗലിക അവകാശമുണ്ട്.  സുപ്രിം കോടതി ഒരുപാട് നിയമ വ്യാഖ്യാനത്തിലൂടെ അതു വികസിപ്പിച്ചിട്ടുണ്ട്.   ഇന്ത്യന്‍ ഭരണഘടനയിലെ 21-#ാ#ം വകുപ്പ്,  ലോകോത്തര മാതൃകയാക്കി വളര്‍ത്തിയെടുത്തിട്ടുണ്ട്.  അതാണു രാജ്യത്തിന്റെ മുഖ്യ പ്രശ്‌നം.

ജനങ്ങള്‍ക്കു തുല്യ നീതി കിട്ടണം.   130 കോടി ജനങ്ങളുണ്ട്.  തുല്യനീതി കൊടുക്കാന്‍ ഈ ഗവണ്മെന്റിനു സാധിക്കുന്നുണ്ടോ.  യു.പി.എ ഗവണ്മെന്റിനു സാധിക്കുന്നുണ്ടോ.   വിലക്കയറ്റത്തില്‍ ഇതുപോലുള്ള തൊഴിലില്ലായ്മയുടെ ഈ പ്രശ്‌നത്തില്‍ എല്ലാം സ്വകാര്യവത്ക്കരിക്കുന്ന ഒരു ലോകത്താണ് നമ്മള്‍.  റിലയന്‍സുപോലുള്ള  കോര്‍പ്പറേറ്റുകള്‍ക്കും വാരിക്കോരി  കൊടുക്കുന്നു.  കോടിക്കണക്കായ ജനങ്ങള്‍  നിസ്സഹായരായി പട്ടിണികിടക്കുന്നു.   ഭരണഘടനയുടെ 21-#ാ#ം വകുപ്പ് നടപ്പാക്കപ്പെടുന്നില്ല.

പക്ഷെ,  നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് സി.പി.എമ്മിന്റെ ഭരണഘടനയനുസരിച്ച് വി.എസ് അച്യുതാനന്ദന്‍ ഇങ്ങനെ പറയാമോ എന്നതാണ്. പിണറായി വിജയന്‍ ഇതു പറയാമോ എന്നതാണ്.  ഞാനതിനപ്പുറത്തു കാണുന്ന ഒരാളാണ്.  നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതിനപ്പുറത്തേക്ക് കാണേണ്ടവരാണ്. കേരളസമൂഹം എവിടെ നില്‍ക്കുന്നു.  ആ പ്രശ്‌നങ്ങള്‍ക്ക് സി.പി.എം എന്തു സംഭാവന ചെയ്യുന്നു.   എന്‍.എസ്.എസ്സും  എസ്.എന്‍.ഡി.പിയും   മുസ്ലിം ലീഗും  എന്തു സംഭാവന ചെയ്യുന്നു.  ഉമ്മന്‍ചാണ്ടി എന്താണ് സംഭാവന  ചെയ്തത് എന്നാണ്. പകരം പിറകെ  നമ്മള്‍  വാലായി പോയാല്‍ മതിയോ? അതല്ല ഈ സമൂഹത്തെ മാറ്റിയെടുക്കുന്നതില്‍  പങ്കാളികളാകണോ?   കേരളം മാറണം, ഇന്ത്യ മാറണം.  നമ്മുടെ സമൂഹം മാറണം എന്ന നിലയില്‍.

ജനങ്ങള്‍ കൈമാറിയതാണ്   അധികാരം ഭരണകക്ഷികള്‍ക്ക്. ചുമതല നിര്‍വ്വഹിച്ചില്ലെങ്കില്‍  ജനങ്ങള്‍ അടിച്ചിറക്കും.  ഈജിപ്തില്‍ അതു കണ്ടു.  വാള്‍സ്ട്രീറ്റു കാണ്ടു.  അങ്ങനെ ലോകം മാറിക്കൊണ്ടിരിക്കുകയാണ്.  കേരളത്തില്‍  യു.ഡി.എഫുകാരായാലും എല്‍.ഡി.എഫുകാരായാലും ഭരിക്കുന്ന കാര്യത്തില്‍  വലിയ വ്യത്യാസമൊന്നുമില്ല.    കുറെ കഴിയുമ്പോള്‍ ഇവരെയൊക്കെ  അടിച്ചിറക്കി  ജനങ്ങള്‍ അധികാരം  കയ്യിലെടുക്കും.

അതിനിടയില്‍ തീവ്രവാദികളും  ബോംബുണ്ടാക്കുന്നവരുമൊക്കെ ഈ വിടവ് ഉപയോഗപ്പെടുത്തും.   അവര്‍ കയറിവരാന്‍ ശ്രമിക്കുന്നുണ്ട്.  അതുപോലെ സാമുദായിക സംഘടനാ നേതാക്കളുടെ ഒരു  അവസരമായി കാണുന്നുണ്ട്.  ഭരണത്തിലുള്ളവര്‍ തമ്മില്‍ തല്ലിക്കൊണ്ടിരിക്കുകയാണ്.  ഞങ്ങളു കയറാം എന്നു മറ്റുള്ളവര്‍ നോക്കുന്നുണ്ട്.  ഇതൊക്കെ ജാഗ്രതയോടുകൂടി വീക്ഷിച്ച്, അതിലിടപെട്ട്  ജനങ്ങള്‍ക്കു സഹായകമാക്കുന്നവിധത്തില്‍ പ്രവര്‍ത്തിക്കേണ്ടതാണ് മാധ്യമപ്രവര്‍ത്തകുടെ കടമ.   അല്ലാതെ  അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് വി.എസ്സിനെ പിന്താങ്ങാന്‍ നടന്നു,  അല്ലെങ്കില്‍ പിണറായിയെ ആക്രമിച്ചു തകര്‍ക്കാന്‍ നടന്നു, എന്നതല്ല നോക്കേണ്ടത്.   അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമാരൊക്കെ അപ്രസക്തരായ  ബിന്ദുക്കളാണ്.

പ്രമീള:    മറ്റൊന്നു ചോദിക്കട്ടെ.  സര്‍ക്കാര്‍ സര്‍വ്വീസിന്റെ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട അതിന്റെ ആകര്‍ഷണീയത ഇല്ലാതാക്കല്‍, കെ.എസ്.ഇ.ബിയുടെ കമ്പനിവത്ക്കരണം, കെ.എസ്.ആര്‍.ടി.സിയുടെ വന്‍ നഷ്ടം, പങ്കാളിത്ത പെന്‍ഷന്‍, വയല്‍ഭൂമി നികത്തല്‍ തുടങ്ങി പല ജനകീയ സ്വഭാവം പേറുന്ന  പൊതു വിഷയങ്ങളിലും ഈ ഗവണ്മെന്റ് നിര്‍ദ്ദയം തീരുമാനങ്ങള്‍ എടുക്കുന്നു എന്നതാണ് സി.പി.ഐ.എം ആരോപിക്കുന്നത്.  എന്നാല്‍ ഇതൊക്കെ ഒട്ടൊക്കെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതു ഗവണ്മെന്റുകള്‍ എടുക്കുന്നത് എന്നും അവര്‍ വാദിക്കുന്നു.  ചോദ്യമിതാണ് താങ്കളേപ്പോലുള്ളവര്‍ നിരന്തരം സി.പി.ഐ.എമ്മിനെ ആക്രമിക്കുമ്പോള്‍  ജനകീയ സ്വഭാവം പേറുന്ന ഇത്തരം പ്രതിരോധങ്ങളെക്കൂടി  ഇല്ലാതാക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.  ശത്രുവിന്റെ മിത്രമെന്ന ഒരു ലൈനെങ്കിലും ആയിക്കൂടേ?

വള്ളിക്കുന്ന്:        ഇത്തരം വിവരങ്ങളൊക്കെ താങ്കള്‍ക്ക്  ആരാണ് തന്നത് എന്നാണ് എനിക്ക് അറിയാത്തത്.  ഊഹിച്ച് ചോദ്യങ്ങള്‍ തയ്യാറാക്കുകയും അത് വിശ്വസിക്കുകയും എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും അതിനുള്ള ധൈര്യമുണ്ടാകുകയും ചെയ്യുന്നു എന്നുള്ളതില്‍ ഞാന്‍ താങ്കളെ അഭിനന്ദിക്കുകയാണ്.   എനിക്ക്  vallikunnuonline.wordpress.com  എന്ന ഒരു ബ്ലോഗുണ്ട്.  അതില്‍  ആകാവുന്നിടത്തോളം  വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കുന്നുണ്ട്.

CPI(M)

ഞാനൊരു സ്ഥാപനമല്ല.  എന്റെ പിറകില്‍ ഒരു  രാഷ്ട്രീയ പാര്‍ട്ടി ഇല്ല.  കേവലം ചിന്തിച്ചുപോന്ന രീതിയില്‍ ഒറ്റയാനായി സ്വപ്നം കാണുന്നു.   ജീവിതം നിരീക്ഷിക്കുന്നു. ജനങ്ങളിലൊരാളായി മുന്നോട്ടുപോകുന്ന ഒരു പത്രപ്രവര്‍ത്തകനാണ്.  രണ്ടുദിവസം നീണ്ടുനിന്ന  ദേശീയ പ്രക്ഷോഭത്തെ കുറിച്ച് എന്റെ ബ്ലോഗില്‍  എഴുതിയിട്ടുണ്ട്.  അതിന്റെ പ്രാധാന്യത്തെപ്പറ്റിയും പോരായ്മകളെകുറിച്ചും എഴുതിയിട്ടുണ്ട്.  കേരളത്തില്‍ നടക്കുന്ന സമരങ്ങളെപ്പറ്റി ഏറെക്കുറെ ഞാന്‍ പ്രതികരിക്കാറുണ്ട്.   സി.പി.ഐ.എം നടത്തുന്നതെല്ലാം  മോശമാണ് എന്ന് രാവിലെ എഴുന്നേറ്റ് കുളിച്ചുവന്നിരുന്ന് ലേഖനമെഴുതുകയും വിളിച്ചുപറയുകയും  ചെയ്യുന്ന  ഒരു പരിപാടിക്കാരനല്ല ഞാന്‍.  അങ്ങനെ ഒരു ധാരണ താങ്കള്‍ ദയവായി ശ്രോതാക്കള്‍ക്കു കൊടുക്കരുത്.  എന്റെ പ്രായമെങ്കിലും ദയവായി  പരിഗണിക്കണമെന്നാണ് പറയാനുള്ളത്.

താങ്കള്‍ ചോദിച്ചതിലെ  പ്രശ്‌നത്തെ സമീപിക്കാം.  കേരളത്തില്‍ അഞ്ചു  വര്‍ഷക്കാലം സി.പി.ഐ.എം അധികാരത്തിലിരുന്നു.   മുപ്പത്തിനാലു വര്‍ഷക്കാലം ബംഗാളില്‍.    എന്തുകൊണ്ട് അധികാരം നഷ്ടപ്പെട്ടു? അതേക്കുറിച്ച്  എന്റെ അഭിപ്രായം താങ്കള്‍ കേള്‍ക്കണമെന്നു പറയുന്നില്ല.  ഭരണം  നഷ്ടപ്പെടുമെന്നു  നേരത്തെ  എഴുതുകയും പറയുകയും ചെയ്ത ആളാണ് ഞാന്‍.    അതിന്റെ കുത്തകയൊന്നും എടുക്കുന്നില്ല.  പക്ഷെ, താങ്കള്‍  ചെയ്യേണ്ടത് സി.പി.ഐ.എമ്മിന്റെ 19-#ാ#ം പാര്‍ട്ടി  കോണ്‍ഗ്രസ്സിന്റെയും 20-#ാ#ം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും സംഘടനാ റിപ്പോര്‍ട്ടുകള്‍ വായിക്കുകയാണ്.

താങ്കള്‍ക്ക് എന്തുകൊണ്ടോ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക പക്ഷത്തോടും അതിന്റെ പ്രവര്‍ത്തകരോടും  വളരെയേറെ സ്‌നേഹാദരങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കുന്നു.   മാറ്റാരെങ്കിലും  അവരെ വിമര്‍ശിക്കുന്നതില്‍ രോഷമുണ്ടെന്നും.  ആ നിലയ്ക്കുള്ള ചോദ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉയര്‍ന്നു വരുന്നതുകൊണ്ടു ഞാന്‍ പറയുകയാണ്.    താങ്കള്‍ അവരെ വിശ്വസിക്കണം.  അവരുടെ റിപ്പോര്‍ട്ടു വിശ്വസിക്കണം.   ഇത്രയേറെ അടുത്ത ബന്ധമുള്ളതുകൊണ്ട്  തീര്‍ച്ചയായും ചോദിച്ചാല്‍ ആ റിപ്പോര്‍ട്ടു  കിട്ടാന്‍ സാധ്യതയുണ്ട്.  ഇല്ലെങ്കില്‍ ഇ.മെയില്‍ വിലാസം തന്നാല്‍ ഞാനവ എത്തിച്ചു തരുന്നതാണ്.

സി.പി.ഐ.എം എന്തുകൊണ്ട് ഒരു സമരം ചെയ്യാത്ത പാര്‍ട്ടിയായി എന്ന് .  അതില്‍ പറയുന്നുണ്ട്. കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക്   പാര്‍ലമെന്ററി പ്രവര്‍ത്തനത്തേക്കാള്‍    പാര്‍ലമെന്റേതര പ്രവര്‍ത്തനമാണ് പ്രധാനം.   ചേരികളില്‍ താമസിക്കുന്ന കാടുകളില്‍ കഴിയുന്ന കടലില്‍ മീന്‍പിടിച്ച് കഷ്ടപ്പെടുന്ന  മനുഷ്യര്‍ക്കുവേണ്ടിയുള്ള സമരം.    സ്ത്രീകള്‍ക്കും  ദരിദ്ര ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള സമരം.  അവരെയൊക്കെ സംഘടിപ്പിച്ച്  പ്രസ്ഥാനത്തിലേക്കു  കൊണ്ടുവന്ന്  അധികാരമാറ്റം ഇവിടെ സൃഷ്ടിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.  പാര്‍ലമെന്റേതര മാര്‍ഗം മറന്നുപോയിരിക്കുന്നു.   ഒരു പാര്‍ട്ടി മെമ്പറായാല്‍  ചുരുങ്ങിയത് കമ്മറ്റിയില്‍ പങ്കെടുക്കണമെന്ന മര്യാദപോലും പാലിക്കാന്‍ അവര്‍ക്കു ഇപ്പോള്‍  കഴിയുന്നില്ല.     മൂന്നുമാസത്തിലൊരിക്കല്‍ ബ്രാഞ്ചു ചേരണമെന്നു പറഞ്ഞിട്ട് കണ്ണൂര്‍ ജില്ലയില്‍പോലും ഇപ്പോഴും പല ബ്രാഞ്ചു ചേരാനാകുന്നില്ല.

ആ പാര്‍ട്ടിയുടെ  നേതാക്കളെ കാണുമ്പോള്‍ ദയവായിട്ട് ചോദിക്കണം.   ഘടകം ചേരുന്ന പ്രാഥമിക കടമപോലും പാലിക്കാത്തത് എന്തുകൊണ്ടാണെന്ന്.   പ്രാഥമിക സംഘടനാ പ്രവര്‍ത്തനമെങ്കിലും നിര്‍വ്വഹിക്കാന്‍   അവരെ ഉപദേശിക്കണം.  അധികാരത്തിലിരിക്കുമ്പോള്‍  ബന്ദു മോശമാണ്.  ഹര്‍ത്താല്‍  മോശമാണ് എന്നു പറയുക.   പ്രതിപക്ഷത്തായാല്‍  അണികളെ അയച്ച് അടികൊള്ളിക്കുക.  പൊലീസിനെ നേരിടൂ, കല്ലെറിയൂ എന്നു പറഞ്ഞു സമരം നടത്തുക. നേതാക്കള്‍ അവസാനം   പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ക്യാമറയുമായി ചെല്ലുക. ഇതാണോ പാര്‍ലമെന്റേതര  സമരം. എ.കെ.ജി   അമരാവതിയില്‍ ചെയ്തതുപോലെ  പാര്‍ട്ടിയുടെ പല സമരങ്ങളും    ചരിത്രത്തില്‍ കണ്ടെത്താന്‍  കഴിയും.   അണികളെക്കൊണ്ട് സമരം നടത്തിച്ച് തല്ലുകൊള്ളിച്ച് ആശുപത്രിയിലോ സമരമുഖത്തോ ചെന്ന്  ആഭ്യന്തരമന്ത്രിയേയും  പൊലീസിനെയും ഭള്ള്  പറഞ്ഞതുകൊണ്ടായില്ല..  ഈ പൊലീസ് കഴിഞ്ഞദിവസംവരെ ഇവരുടെ കയ്യിലായിരുന്നു.   കെ.എസ്.യുക്കാരെ അടിപ്പിച്ച പൊലീസ്.  ഇപ്പോള്‍ എസ്.എഫ്.ഐക്കാരെയും ഡി.വൈ.എഫ്.ഐക്കാരെയും തല്ലുന്നു.

അങ്ങനെയുള്ള  ഒരവസ്ഥ പാര്‍ട്ടിക്കു വന്നിട്ടുണ്ട്.   പാര്‍ലമെന്റേതര മാര്‍ഗത്തിലേക്കു  ഞങ്ങള്‍ പോകുന്നു എന്നൊന്നും അവര്‍ പറയുന്നില്ലെങ്കില്‍കൂടി  ഇത്രയൊക്കെ ചെയ്യുന്നതിന്  ഞാനവരെ അഭിനന്ദിക്കും. അതിനെ ഞാന്‍ അവഹേളിക്കുന്നു ആക്ഷേപിക്കുന്നു  എന്നൊന്നും ദയവായി പറയരുത്.  ഇതിന്റെയൊക്കെ അപ്പുറം സി.പി.ഐ.എം കുറെയേറെ ചെയ്യേണ്ടതാണ്  എന്ന് അവരോടു പറയുകയാണ് വേണ്ടത്.      കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രം കുറെക്കൂടി വായിക്കണം.  ഇവിടെ സമയം കിട്ടുമോയെന്നറിഞ്ഞുകൂടാ.  ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വായിക്കാന്‍ സമയം കിട്ടാത്തതുകൊണ്ട് ഇങ്ങനെ പലരും പറയുന്നതില്‍നിന്ന് തെറ്റിദ്ധാരണ വരുന്നതുമാകാം.   കുറ്റപ്പെടുത്തുന്നില്ല.

പ്രമീള:    അറിയപ്പെടാത്ത ഇ.എം.എസ്സിനെ പരിചയപ്പെടുത്തിയ വ്യക്തിയാണ് താങ്കള്‍.  എങ്ങനെയായിരുന്നു അതിന്റെ രചന.  അന്നത്തെ സാഹചര്യം. ഇതിനെക്കുറിച്ചൊന്നു വിശദീകരിക്കാമോ?

emsവള്ളിക്കുന്ന്:        യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു ചരിത്ര രചനയ്‌ക്കോ ഇ.എം.എസ്സിനെ പരിചയപ്പെടുത്തണമെന്ന നിലയ്‌ക്കോ ചെയ്തതല്ല.  ഇ.എം.എസ്സിന് 75 വയസ്സു തികയുന്ന സമയത്ത്   വാരികയില്‍ ഒരു കവര്‍‌സ്റ്റോറി എഴുതണമെന്നു തോന്നി എന്റെ സഹപ്രവര്‍ത്തകനായ  വാരികയിലെ  സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടുമായി ചര്‍ച്ചചെയ്തു.    അങ്ങനെ എഴുതി.  അതു തുടര്‍ച്ചയായി എഴുതാന്‍  നിര്‍ദ്ദേശിച്ചത് തായാട്ടാണ്.  ഒരുപാടു കാര്യങ്ങള്‍ ഇ.എം.എസ്സിന്റെ  ക്യാന്‍വാസില്‍ നിന്നുകൊണ്ട് എഴുതാമെന്ന്.  അദ്ദേഹത്തിന്റെ കുടുംബം അനുഭവിച്ചത്, ഇ.എം.എസ് അനുഭവിച്ചത്.  പ്രസ്ഥാനത്തിന്റെ നേതാക്കള്‍ അക്കാലത്ത്  അനുഭവിച്ചത്.    ഒരു ലക്കത്തില്‍ അവസാനിപ്പിക്കണം എന്നുവെച്ച് തുടങ്ങിവെച്ചത് തായാട്ടിന്റെ നിര്‍ബന്ധംകൊണ്ട് പിന്നീടു പുസ്തകമായി.

അന്നു ഡല്‍ഹി ദേശാഭിമാനിയിലായിരുന്നു.   ഇ.എം.എസ് ഡല്‍ഹിയിലുണ്ട്.  3 -4 ലക്കങ്ങള്‍ എഴുതിയപ്പോള്‍ അവിടുത്തെ വേനല്‍ക്കാലത്തെ തിളയ്ക്കുന്ന ആകാശവും അന്തരീക്ഷത്തിലും നിന്നുകൊണ്ട് കേരളത്തിലെ ചരിത്രം ഭാവനയില്‍ കണ്ടു എഴുതാന്‍ പറ്റില്ല എന്നു ബോധ്യമായി.   ഇ.എം.എസ്സിന്റെ  ആദ്യകാലമൊക്കെ മനസ്സിലാക്കണമെങ്കില്‍ അവിടെനിന്നു കഴിയില്ല.  ആത്മകഥയില്‍ അദ്ദേഹത്തെപ്പറ്റി  ഒരു വിവരവുമില്ല.  ഇങ്ങനെയുള്ള ഒരാളില്‍നിന്ന് എന്താണ് കിട്ടുക?    എങ്കിലും ഞാന്‍ അദ്ദേഹത്തെ കണ്ടു.  സഖാവ് സഖാവിന്റെ കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞുതരണം.   അദ്ദേഹം  പറഞ്ഞു.  ചോദ്യങ്ങള്‍ ചോദിക്കുക.  ഞാന്‍ ഉത്തരം പറയാം.   ഞാന്‍ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും ഉത്തരം തരും എന്നൊരു ഉറപ്പുണ്ടെങ്കില്‍ എഴുതാമെന്നു  ഞാന്‍  പറഞ്ഞു.  ചോദിച്ചോളൂ, എനിക്കറിയാവുന്നതൊക്കെ പറഞ്ഞുതരാം.

ആ ഉറപ്പിലാണ്  എഴുതിത്തുടങ്ങിയത്.   ഡല്‍ഹിയില്‍ ഇരുന്നുമാത്രം  ഇതെഴുതാന്‍ പറ്റില്ലെന്നു മനസ്സിലായപ്പോള്‍ നാട്ടില്‍ വന്നു.  അദ്ദേഹത്തിന്റെ ഏലംകുളത്ത് ഇല്ലത്ത്  പോയി.  അതെല്ലാം കണ്ടു.  ജയിലില്‍ പോയതിനെ തുടര്‍ന്ന്  ഭ്രഷ്ടനായ അദ്ദേഹത്തിന്  ഇല്ലത്തുനിന്നു മാറേണ്ടിവന്നു.  പുളിങ്കാവിലേക്ക്.   അദ്ദേഹത്തോടൊപ്പം  ഇറങ്ങിപ്പോയ അമ്മയെ തൊട്ട വാര്യത്ത് ആക്കി.  ആ സ്ഥലങ്ങളെല്ലാം ചെന്നു കണ്ടപ്പോള്‍  ഇ.എം.എസ്സിനെക്കാള്‍ വലിയ ഒരു മഹത്വവും ത്യാഗവും അദ്ദേഹത്തിന്റെ അമ്മയുടേതാണെന്നു ബാധ്യമായി.   വലിയ ഇല്ലവും തറവാടുമൊക്കെ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍പോയ ഒരു മകന്‍  ഭ്രഷ്ടനാക്കപ്പെട്ടതുകൊണ്ട് ഇല്ലത്തു നില്‍ക്കാതെ മകനൊപ്പം ഇറങ്ങിപ്പോരുക.   ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് അതെന്നെ വൈകാരികമായി സ്വാധീനിച്ചു.

അങ്ങനെ മൂന്നാഴ്ചക്കാലം  കേരളത്തില്‍ നടത്തിയ അന്വേഷണം.   പഴയ തലമുറക്കാരുമായി അഭിമുഖം. ഐ.സി.പി. നമ്പൂതിരിയുടെ  ആത്മാര്‍ത്ഥമായ സഹായം.  ആര്‍ക്കൈവ്‌സ്, നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറി  മദ്രാസ് ആര്‍ക്കൈവ്‌സ്  എന്നിവിടങ്ങളില്‍നിന്നുള്ള  ചരിത്രരേഖകള്‍. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക്, ഡല്‍ഹി ബ്യൂറോയുടെ ചുമതലക്കാരനെന്ന നിലയ്ക്ക് ഉള്ള ആറുദിവസത്തെ ജോലികള്‍ കൃത്യമായി നിര്‍വ്വഹിച്ച് ഞായറാഴ്ച ഉപയോഗപ്പെടുത്തിയായിരുന്നു വിവരശേഖരം. പാര്‍ലമെന്റു  റിപ്പോര്‍ട്ടിംഗ് അടക്കമുള്ള ജോലികള്‍ ചെയ്തതിനുശേഷം രാത്രിയില്‍ ഉറക്കമിളച്ച് ഇങ്ങനെ  എഴുതുക. മാറ്റി എഴുതുക.  ഒരു ചരിത്ര വിദ്യാര്‍ത്ഥിപോലുമല്ല ഞാന്‍.  ഇതൊരു ഏകലവ്യ ക്രിയയാണ്.

Ariyappedatha frontപക്ഷെ എനിക്കു ജനങ്ങളോടും എന്റെ രാഷ്ട്രീയത്തോടുമുള്ള പ്രതിബദ്ധതകൊണ്ടുമാത്രം നിര്‍വ്വഹിക്കാനായത്.   ഇ.എം.എസ്സിന് ഒരു വ്യക്തിപൂജയായല്ല.   ഇ.എം.എസ് എന്ന ക്യാന്‍വാസില്‍  അരവിന്ദനെപ്പോലുള്ള സിനിമാ  സംവിധായകര്‍  ഒരു ഫ്രയ്മിലൂടെ   സമൂഹത്തെ കാണുന്നതുപോലെ.   പത്രപ്രവര്‍ത്തകനിലും ഒരു കലാകാരനുണ്ട്.  കലാകാരിയുണ്ട്.  നമ്മള്‍ ഒരു വിഷയം  എങ്ങനെ ഫോക്കസ് ചെയ്യുന്നു, വാര്‍ത്തയുടെ  ഇന്‍ട്രോ എങ്ങനെ  എഴുതുന്നു, എങ്ങനെ   തലക്കെട്ടിടുന്നു എന്നതിലും ആ കലാദീക്ഷയുണ്ട്.    നിങ്ങളാണെങ്കില്‍  വാര്‍ത്താഅവതരണത്തിന് ഉപയോഗിക്കുന്ന ശബ്ദവും വാക്കുകളും  ഭാഷയും തെരഞ്ഞെടുക്കുംപോലെ.   മനുഷ്യന്റെ ഹൃദയത്തോടുള്ള സംവേദനമാണ് നമ്മള്‍ നിര്‍വ്വഹിക്കുന്നത്.

പുസ്തകം രൂപപ്പെടുത്തുന്നതില്‍  ഇ.എം.എസ് വളരെയേറെ സഹകരിച്ചിട്ടുണ്ട്.  അതുപോലെ ഐ.സി.പി നമ്പൂതിരി, സമകാലികരായി അന്നു ജീവിച്ചിരുന്ന പല ആളുകളും.  ചിലരെ ചെന്നു കാണാനിരിക്കുമ്പോഴേക്കും

അവര്‍ മരിച്ചുപോയി. അങ്ങനെ   നഷ്ടം വന്നിട്ടുണ്ട്.

ഏറ്റവും വലിയ നഷ്ടം  ഇവിടെ വെളിപ്പെടുത്തട്ടെ.   ഇ.എം.എസ്സിനെയും  പി. സുന്ദരയ്യയെയും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലേക്കു കൊണ്ടുവന്നത്  അമീര്‍ ഹൈദര്‍ഖാനാണ്.  ഇന്ത്യാ വിഭജനത്തിനുശേഷം അദ്ദേഹം

പാക്കിസ്ഥാനിലായി.   പാക്കിസ്ഥാനിലെ  കമ്മ്യൂണിസ്റ്റുകാരുടെ നേതാവായി തുടരുന്ന അദ്ദേഹം എണ്‍പതുകളുടെ ആദ്യം   ഇ.എം.എസ്സിനെ കാണാന്‍ ദില്ലിക്കു  വന്നു.    അമീര്‍ ഹൈദര്‍ഖാന്‍ വരുന്നകാര്യം  ഇ.എം.എസ്സാണ് പറഞ്ഞത്.  അദ്ദേഹത്തിന്റെ  പ്രാധാന്യം നന്നായറിയാമായിരുന്നു.  ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഹൈര്‍ഖാനെക്കുറിച്ചുള്ള ഒരു ഡോസിയര്‍ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ പരതുന്നതിനിടയ്ക്ക് കണ്ടെത്തിയിരുന്നു.     ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്ക്  അമീര്‍ ഹൈദര്‍ഖാന്റെ ചരിത്രവും മഹത്വവും മനസ്സിലായിട്ടില്ല.

അവരുടെ ചരിത്രബോധം കുറച്ചുകാണിക്കുകയല്ല.  എ.കെ.ജി  കമ്മ്യൂണിസ്റ്റുകാരനായാണ്  ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തതെന്ന്  പിണറായി വിജയനെപ്പോലൊരാള്‍ പറഞ്ഞുകൂടാത്തതാണ്.

guruvayoor sathyagraha

ഗുരുവായൂരില്‍ ഉപവാസസമരം നടത്തുന്ന കെ.കേളപ്പനൊപ്പം എ.കെ.ജി

അമീര്‍ ഹൈദര്‍ഖാനെ കണ്ടു സംസാരിച്ചിരുന്നെങ്കില്‍  ‘അറിയപ്പെടാത്ത ഇ.എം.എസ്സി’ല്‍   ഒരുപാടു പഴയകാല വിവരങ്ങള്‍  ഉള്‍പ്പെടുത്താന്‍ സാധിക്കുമായിരുന്നു.  അദ്ദേഹം വരുമ്പോള്‍ ഞാന്‍ ഡല്‍ഹിയില്‍

ഇല്ലാതെപോയി.   പാക്കിസ്ഥാനിലെത്തി വൈകാതെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.  ഒരു വലിയ ചരിത്രഭാഗം നഷ്ടപ്പെട്ടു.

കേരളത്തിന്റെ  ഇടതുപക്ഷവുമായി ബന്ധപ്പെട്ട മിക്കവാറും സംഭവങ്ങളുടെ സൂചനയും വര്‍ഷവും  ‘അറിയപ്പെടാത്ത ഇ.എം.എസ്സി’ല്‍  ക്രമമായി  ഉള്‍പ്പെടുത്തിയിട്ടുണ്ട്.  സൂക്ഷിച്ചു വായിക്കുന്നവര്‍ക്കു മനസ്സിലാകും.

ഇ.എം.എസ് എഴുതിയ പുസ്തകങ്ങളില്‍പോലും ഇങ്ങനെ  കാലക്രമം കൊടുത്തിട്ടില്ല. പക്ഷെ ദൗര്‍ഭാഗ്യകരമായ കാര്യം ആ പുസ്തകത്തിന്റെ  രണ്ടാംഭാഗം പുറത്തുകൊണ്ടുവരാന്‍ കഴിയാഞ്ഞതാണ്.   ഇ.എം.എസ്സിനു ഏറെ ആഗ്രഹമുണ്ടായിരുന്നു ഞാനത് പൂര്‍ത്തിയാക്കണമെന്ന്.  ഞങ്ങള്‍ അത് ചര്‍ച്ച

ചെയ്തിരുന്നു.   1965 വരെയുള്ള പാര്‍ട്ടിയുടെ ചരിത്രത്തിലേക്ക് എത്തിക്കണമെന്നു തീരുമാനിച്ചതാണ്.  പാര്‍ട്ടിയിലെ വിഭാഗീയത എല്ലാം തകിടംമറിച്ചു. ഇ.എം.എസ്സിനെ കാണുന്നതില്‍നിന്നുപോലും മന:പൂര്‍വ്വം ഞാന്‍

മാറിനിന്നു.   അദ്ദേഹത്തെപ്പോലെ ഒരാള്‍ക്ക് ഞാന്‍കാരണം പേരുദോഷം വരാതിരിക്കാന്‍.

പി. ഗോവിന്ദപിള്ള

പി. ഗോവിന്ദപിള്ള

സുര്‍ജിത്‌

സുര്‍ജിത്‌

ഇ.എം.എസ് മരണപ്പെട്ടശേഷം  പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട അവസ്ഥയില്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗിന് ഞാനെഴുതി.  ‘അറിയപ്പെടാത്ത

ഇ.എം.എസ്സി’ന്റെ  രണ്ടാംഭാഗം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്റെ സഹായം ആവശ്യപ്പെട്ട്.  അത് അദ്ദേഹത്തിനുമാത്രമേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.  വിമോചനസമരത്തിന്റെയുംപാര്‍ട്ടിപിളര്‍പ്പിന്റെയും അടക്കമുള്ള കേരള പാര്‍ട്ടിയുടെ ചരിത്രഭാഗമാണ് അതിലൂടെ പുറത്തുവരേണ്ടിയിരുന്നത്.    സുര്‍ജിത്ത്  മറുപടിപോലും തന്നില്ല.  അങ്ങനെയാണ് ‘അറിയപ്പെടാത്ത ഇ.എം.എസ്’ അപൂര്‍ണ്ണമായി അവസാനിച്ചത്.

മരിക്കുന്നതിനു തൊട്ടുമുമ്പ്  പി. ഗോവിന്ദപിള്ളയെ ചെന്നു കണ്ടിരുന്നു.  ‘അറിയപ്പെടാത്ത ഇ.എം.എസ്സി’ന്റെ   പുതിയ പതിപ്പ് ഇറക്കിക്കൂടേ എന്ന് പി.ജി. ചോദിച്ചു. ‘

എന്തിനുവേണ്ടി പി.ജി?  ഞാന്‍തന്നെ അതു അച്ചടിപ്പിച്ചു തലച്ചുമടായി നടന്നു  വില്‍ക്കണോ? ആര്‍ക്കുവേണ്ടാത്ത ഒന്ന്.’

എന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനുശേഷം ഇ.എം.എസ്സിന്റെ ജീവചരിത്രം പി.ജി. എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.ജി. പിന്നെയും  പറഞ്ഞു. അറിയപ്പെടാത്ത ഇ.എം.എസ്സിന് ഇപ്പോഴും വായനക്കാരുണ്ട്.  അതു വായിക്കപ്പെടേണ്ടതാണ്.   മറ്റു വിഷയത്തിനിടയ്ക്ക്  പി.ജി. വീണ്ടും ചോദിച്ചു  ഞാനൊരു പബ്ലിഷറെ കണ്ടെത്തിയാല്‍ അപ്പുക്കുട്ടന്‍ അനുവാദം കൊടുക്കുമോ? തീര്‍ച്ചയായും – ഞാന്‍ പറഞ്ഞു.  ഒരു മാസത്തിനുള്ളില്‍ പി.ജി. മരണപ്പെട്ടു.  അല്ലെങ്കിലും . പാര്‍ട്ടിയില്‍  നിന്നുകൊണ്ട് പി.ജി  എനിക്കൊരു പബ്ലിഷറെ ഉണ്ടാക്കുമായിരുന്നോ? പബ്ലിഷര്‍ അതിനു തയ്യാറാകുമായിരുന്നോ?  സംശയമാണ്.  സാന്ദര്‍ഭികമായി ഇത്  താങ്കളോടു പറഞ്ഞുപോയതാണ്.

പ്രമീള:  വളരെയധികം നന്ദി ശ്രീ. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്.  ‘വോയ്‌സ് ഓഫ് കേരള’യുടെ ‘ഓപ്പണ്‍ ടോക്കില്‍’ എത്തിയതിനും ഞങ്ങളോട് ഇത്രയധികം തുറന്ന് സംസാരിച്ചതിനും.  വളരെയധികം നന്ദി.

വള്ളിക്കുന്ന് :  നന്ദി

Published in  Janasakthi on 2013 September 28

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s