ഒടുവില്‍ സി.പി.എം വെളിപ്പെടുത്തുന്നത്

ഡല്‍ഹിയില്‍ ജൂലായ് 21, 22 തീയതികളില്‍ നടന്ന സി.പി.എം കേന്ദ്ര കമ്മറ്റിയോഗം ഇത്തവണ കേരളത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദനെതിരെ അച്ചടക്കനടപടി എടുക്കുന്നതിനുള്ള യോഗമെന്ന നിലയില്‍ ദേശീയശ്രദ്ധപോലും അത് ആകര്‍ഷിച്ചിരുന്നു. കാരണം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചതിന് വി.എസിനെതിരെ നടപടിയെടുക്കും, ഒരുവേള പുറത്താക്കല്‍വരെ ഉണ്ടാകും. അഥവാ കേന്ദ്രനേതൃത്വം അത്രയെങ്കിലും ചെയ്തില്ലെങ്കിലും നടപടിയെടുത്താല്‍ വി.എസ്തന്നെ പുറത്തുപോകും. വേറെ പാര്‍ട്ടിപോലും രൂപീകരിക്കും. മാധ്യമ വാര്‍ത്തകളും ചാനല്‍ ചര്‍ച്ചകളും സി.പി.എം നേതാക്കളില്‍ ചിലരുടെതന്നെ പരസ്യ പ്രതികരണങ്ങളും അത്തരമൊരു അവസ്ഥാ വിശേഷമാണ് സൃഷ്ടിച്ചിരുന്നത്. ‘ അത്തരം എന്തു നടപടി ഉണ്ടായാലും അതു വകവെയ്ക്കാത്ത വ്യക്തിയാണ് ഞാനെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതല്ലേ’ എന്ന് ഡല്‍ഹിക്കു വിമാനം കയറുംമുമ്പ് വി.എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചപ്പോള്‍ വി.എസ് പാര്‍ട്ടിക്കു പുറത്താകുന്നതിന്റെ കൗണ്ട് ഗൗണ്‍ ആരംഭിക്കുകപോലും ചെയ്തു.

ഇതിന്റെ ഭാഗമായി ദൃശ്യമാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ അജണ്ട വി.എസിന്റെ നേത്വത്തില്‍ രൂപപ്പെടാന്‍ പോകുന്ന പുതിയ പാര്‍ട്ടിയെ സംബന്ധിച്ചുപോലുമായി. ഒരു ചാനലില്‍ നേരില്‍ സാക്ഷിയായതിന്റെ അനുഭവങ്ങള്‍ ഇവിടെ എടുത്തുപറയേണ്ടതുണ്ട്. കേന്ദ്രകമ്മറ്റി എടുക്കുന്ന അച്ചടക്ക നടപടിയെ വകവെയ്ക്കില്ലെന്ന് വി.എസ് വെല്ലുവിളിച്ച സാഹചര്യത്തില്‍ യോഗനടപടികള്‍ക്കിനി എന്തു പ്രസക്തി? എന്നായിരുന്നു ഒരു വിലയിരുത്തല്‍.

നിരന്തരം സംഘടനാ അച്ചടക്കം പരസ്യമായി ലംഘിക്കുന്ന വി.എസിനെ സംരക്ഷിച്ചുപോന്നത് കേന്ദ്ര കമ്മറ്റിയാണ്. അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നത് കേന്ദ്ര കമ്മറ്റിയെ വെല്ലുവിളിക്കലാണ്. അതുകൊണ്ട് കേന്ദ്രകമ്മറ്റിയുടെ സംരക്ഷ ഇനി വി.എസിനു കിട്ടാന്‍ പോകുന്നില്ല. വി.എസിന്റെ വഴി പാര്‍ട്ടിക്കു പുറത്തേക്ക് ഉറപ്പായെന്ന് ആഹ്ലാദിക്കുന്ന ഈ നിലപാടെടുത്ത സി.പി.എം വക്താക്കളില്‍ മുന്‍ കേന്ദ്രകമ്മറ്റിയംഗവും സംസ്ഥാന കമ്മറ്റിയിലെ മുതിര്‍ന്ന നേതാവുമായ എം.എം. ലോറന്‍സും ആ സംവാദത്തില്‍ പങ്കാളിയായിരുന്നു. പാര്‍ട്ടി മുഖപത്രത്തിലെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടിയും. ‘പാര്‍ട്ടിയെ സ്‌നേഹിക്കുന്ന അനുഭാവി എന്ന നിലയില്‍ താന്‍ 10 വര്‍ഷമായി ഇത് ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം അഭിമാനപൂര്‍വ്വം അവകാശപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചര്‍ച്ച തുടര്‍ന്നു പുരോഗമിച്ചത് വി.എസിന്റെ നേതൃത്വത്തില്‍ ഉടനെ പിറക്കാന്‍പോകുന്ന പുതിയ രാഷ്ട്രീയ ശിശുവിന്റെ ജാതകക്കുറിപ്പിനെപ്പറ്റിയാണ്. എം.വി. രാഘവന്റെയും ഗൗരിയമ്മയുടെയും ഈര്‍ക്കില്‍ പാര്‍ട്ടിപോലെ വി.എസിന്റെ പുതിയ പാര്‍ട്ടിയും ചരിത്രത്തില്‍ ഒടുങ്ങും എന്ന പ്രവചനവും നടന്നു. പാര്‍ട്ടി അച്ചടക്ക ബോധത്തിന്റെ നേരവകാശിയും ചരിത്ര സാക്ഷിയുമായി പ്രത്യക്ഷപ്പെട്ട ലോറന്‍സ് വി.എസിനെ പാര്‍ട്ടി അണികള്‍ തള്ളിക്കളയുമെന്ന് ചാനലിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതില്‍നിന്നു വേറിട്ട രാഷ്ട്രീയ വിശകലനമാണ് സി.പി.എമ്മിനെ അനുഭവങ്ങളുടെയും ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ സംഘടനാ അവസ്ഥയെയും പുറത്തു നിരീക്ഷിക്കുന്ന ഈ ലേഖകനുണ്ടായിരുന്നത്. അതുകൊണ്ട് ഇതു സംബന്ധിച്ചു നടത്തിയ അന്നത്തെ നിരീക്ഷണങ്ങള്‍കൂടി ഇവിടെ കുറിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. വി.എസിന്റെ ഒടുവിലത്തെ പ്രതികരണം അച്ചടക്കലംഘനമല്ലേ? വി.എസിനെ ഇനി സി.പി.എമ്മിന് വെച്ചുപൊറുപ്പിക്കാനാവുമോ? എന്ന ചോദ്യത്തെ ഈ ലേഖകന്‍ സമീപിച്ചത് ഇപ്രകാരം: സാധാരണഗതിയില്‍ ഏതു തലത്തിലുള്ള ആളായാലും ഒരു പാര്‍ട്ടിയംഗം പരസ്യമായി ഇങ്ങനെ നിലപാടെടുക്കുന്നത് തീര്‍ച്ചയായും അച്ചടക്കലംഘനമാണ്. എന്നാല്‍ അസാധാരണ പരിതസ്ഥിതിയിലാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. സംഭവിക്കുകയും ചെയ്യും. സി.പി.എം രൂപപ്പെട്ടതുതന്നെ ഇത്തരമൊരു അസാധാരണ സാഹചര്യത്തില്‍ പാര്‍ട്ടി അച്ചടക്കവും ഭരണഘടനയും ലംഘിച്ചുകൊണ്ടാണ്. കേന്ദ്രകമ്മറ്റിയുടെ മുമ്പാകെ ഇതുമായി ബന്ധപ്പെട്ട നിലപാട് വി.എസ് അച്യുതാനന്ദന്‍ എടുത്തിട്ടുമുണ്ട്.

ഇതു മനസ്സിലാക്കാതെയാണ് ചര്‍ച്ചയില്‍ എല്ലാവരും നിലപാടുകള്‍ എടുക്കുന്നത് എന്നാണ് തുടര്‍ന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചത്. കേന്ദ്രകമ്മറ്റിക്കു മുമ്പാകെ വി.എസിനെതിരായ അച്ചടക്ക നടപടി പ്രശ്‌നം മാത്രമാണ് ഉള്ളത് എന്ന നിലപാടില്‍നിന്നാണ് ഈ പാളിച്ച. സ്വാഭാവികമായും അത്തരമൊരു അജണ്ട സംസ്ഥാന നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. വി.എസിനെതിരായ കുറ്റപത്രം അണികളില്‍ റിപ്പോര്‍ട്ടു ചെയ്തും മാധ്യമങ്ങള്‍ക്കു ലഭ്യമാക്കിയും വി.എസിനെ പാര്‍ട്ടിക്കു പുറത്തു കളയാനുള്ള ഒരുക്കം പൂര്‍ത്തിയായിട്ടുണ്ടെന്നതു ശരിതന്നെ. എന്നാല്‍ വി.എസ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരായി ഉന്നയിച്ചിട്ടുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും വിമര്‍ശങ്ങളും പരിശോധിക്കാനാണ് പി.ബിയുടെ പ്രതിനിധികള്‍ സംസ്ഥാന നേതൃയോഗങ്ങളില്‍ സംബന്ധിച്ചത്. അതു സംബന്ധിച്ച അവരുടെ റിപ്പോര്‍ട്ട് പരിഗണിക്കാന്‍കൂടിയാണ് കേന്ദ്രകമ്മറ്റി അജണ്ട നിശ്ചയിച്ചിട്ടുള്ളത്. അതു സംബന്ധിച്ച തീരുമാനം പുറത്തുവന്ന ശേഷമേ വി.എസിന്റെ പ്രതികരണങ്ങളുടെയും മറ്റു തുടര്‍ച്ചകളുടെയും പ്രശ്‌നം വരുന്നുള്ളൂ. അതുകൊണ്ട് രണ്ടുദിവസത്തെ കേന്ദ്രകമ്മറ്റി യോഗത്തില്‍ എന്തു നടക്കും എന്നതാണ് യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്. വി.എസിന്റെ പുറത്തുപോകലിനെയും പാര്‍ട്ടി രൂപീകരണത്തെയും കുറിച്ചല്ല.

ഇപ്പോള്‍ കേന്ദ്രകമ്മറ്റിയോഗംകഴിഞ്ഞ് തീരുമാനങ്ങള്‍ പുറത്തുവന്നിരിക്കുന്നു. വി.എസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നെങ്കിലും നീക്കുക എന്ന കടുത്ത നടപടി വേണമെന്നുള്ള കേരള നേതൃത്വത്തിന്റെ ആവശ്യം നിരാകരിച്ചിരിക്കുന്നു. വി.എസിനെക്കൂടി വിശ്വാസത്തിലെടുത്ത് പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ സംഘടനാ അച്ചടക്കം ലംഘിച്ചതിനുള്ള ശിക്ഷ ലഘുവായ പരസ്യശാസനയില്‍ ഒതുക്കിയിരിക്കുന്നു. അതിലുമൊക്കെ പ്രധാനമായി ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ പാര്‍ട്ടി പങ്കാളിത്തത്തെ സംബന്ധിച്ചും കമ്മ്യൂണിസ്റ്റു നിലപാടുകള്‍ സംസ്ഥാന നേതൃത്വം ഉപേക്ഷിച്ചതിനെയും കുറിച്ച് വി.എസിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വി.എസിനും ഔദ്യോഗിക നേതൃത്വത്തിനും പറ്റിയ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും പാര്‍ട്ടിയെ ഏകോപിപ്പിക്കുന്നതിനും എടുത്ത തീരുമാനങ്ങള്‍ സംസ്ഥാന നേതൃയോഗങ്ങളിലും അണികളിലും റിപ്പോര്‍ട്ടു ചെയ്യാനും തുടങ്ങി.

പ്രശ്‌നങ്ങളുടെ പരിഹാരമായി എന്നല്ല. സംസ്ഥാനത്തെ പാര്‍ട്ടി ഘടകത്തിന്റെ ഗുരുതരമായ രാഷ്ട്രീയ – സംഘടനാ അവസ്ഥയെയും ആ നേതൃത്വംകൂടി ഭാഗമായ കേന്ദ്രനേതൃത്വത്തിന്റെ പരിമിതികള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കുമിടയില്‍ കേന്ദ്രകമ്മറ്റിക്ക് സംഘടനാപരമായി ചെയ്യിക്കാനും ചെയ്യാനും അവര്‍ കണ്ടെത്തിയ പരമാവധി സാധ്യത ഇതുമാത്രമാണ്. ഇത് രണ്ടുതരം പ്രതികരണങ്ങളാണ് ഇതിനകം കേരളത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്.

ഒന്ന്: ആശ്വാസം. അച്യുതാനന്ദനെ സി.പി.എം തൊഴിച്ച് പാര്‍ട്ടിക്കു പുറത്തേക്ക് വീഴ്ത്തിയിട്ടില്ലെന്നതില്‍. ഇത് ദേശീയ തലത്തില്‍തന്നെ ഇടതുപക്ഷം ഇനിയും ദുര്‍ബലമാകുന്നതില്‍ ഉല്‍ക്കണ്ഠപ്പെടുന്നവരുടെയും കേരളത്തില്‍ വി.എസില്‍ പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ള പാര്‍ട്ടി അണികളുടെയും പൊതുജനങ്ങളുടെയും ആശ്വാസം.

രണ്ട്: (എ) കടുത്ത നിരാശ. വി.എസിന് ക്യാപിറ്റല്‍ പണീഷ്‌മെന്റ് വിധിച്ചിട്ടും നടപ്പാക്കാന്‍ കഴിയാത്ത പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും അതിനായി ഉപജാപകവൃത്തിയിലേര്‍പ്പെട്ട സി.പി.എമ്മിലെ ഭരണഘടനാ ബാഹ്യശക്തികള്‍ക്കും ക്രിമിനലുകള്‍ക്കും സ്തുതിപാഠകര്‍ക്കും.

(ബി) നിരാശ. സി.പി.എമ്മിലെ വിഭാഗീയതയില്‍ വി.എസിനൊപ്പംനിന്ന് പാര്‍ട്ടിക്കു പുറത്തു പോകേണ്ടി വന്നവര്‍ക്ക്. വി.എസിന്റെ നേതൃത്വത്തില്‍ പുതിയൊരു പാര്‍ട്ടി രൂപംകൊള്ളുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് പൊതുവില്‍. വിശേഷിച്ച് സി.പി.എമ്മിനുമപ്പുറം ഇടതു – വലതു ഭേദമില്ലാതെ, ദുഷിച്ച കേരള രാഷ്ട്രീയത്തിന്റെ മലിനാവസ്ഥ അവസാനിപ്പിക്കാന്‍ ജനാധിപത്യ – ഇടതു പരിപ്രേഷ്യത്തില്‍ പുതിയൊരു ബദല്‍ ശക്തി രൂപപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്.

അതുകൊണ്ടാണ് തലേന്നുവരെ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തെ തലയിലേറ്റി നടക്കുകയും കേന്ദ്രകമ്മറ്റി തീരുമാനത്തോടെ സി.പി.എമ്മിലെ പ്രശ്‌നങ്ങളാകെ ശുഭപര്യവസായിയായി തീരുമെന്ന് വാദിച്ചു നടന്നവര്‍ നിരാശരായത്. സംഘടനാ ചര്‍ച്ചകളെയും അതിനുള്ള പാര്‍ട്ടി സംവിധാനങ്ങളെയും ഇപ്പോള്‍ പുച്ഛിക്കുന്നത്. ചക്കളത്തി പോരാട്ടമാണെന്നും സംസ്ഥാനത്തിന്റെ ഗുരുതരമായ പ്രശ്‌നങ്ങളാണ് അഭിസംബോധന ചെയ്യേണ്ടതെന്നും പറഞ്ഞുതുടങ്ങിയത്. സി.പി.എമ്മും അതിന്റെ സംഘടനാ ചര്‍ച്ചകളും ടി.പി. വധംപോലും മടുത്തെന്നും ചരിത്രംതന്നെ സ്തംഭിച്ചുനില്‍ക്കുകയാണെന്നും നിരാശയില്‍ തലപൂഴ്ത്തി പറഞ്ഞത്.

കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ സംഘടന സംബന്ധിച്ച അടിസ്ഥാന ധാരണയില്ലായ്മയില്‍നിന്നോ ആത്മാര്‍ത്ഥതയില്ലായ്മയില്‍നിന്നോ നിക്ഷിപ്ത താല്‍പ്പര്യങ്ങളില്‍നിന്നോ ആണ് ഇങ്ങനെ നിലപാടു മാറ്റേണ്ടിവരുന്നത്. കേവലം അച്ചടക്ക പ്രശ്‌നം മാത്രമായി ഇതിനെ സമീപിക്കുന്നതുകൊണ്ടാണ് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കുപോലും ഈ തെറ്റുപറ്റുന്നത്. പൊതുസമൂഹത്തിന്റെകാര്യം പിന്നെ പറയാനുമില്ല. കേരളത്തില്‍ നീണ്ടകാലം നിലനിന്ന സി.പി.എമ്മിലെ വിഭാഗീയത അതിന്റെ രാഷ്ട്രീയ – പ്രത്യയശാസ്ത്ര അടിത്തറയും പ്രസരണവും ഇല്ലാതാക്കിയതും ഇതിനു കാരണമാണ്. സംഘടനാ പ്രശ്‌നങ്ങള്‍ക്കെല്ലാം അടിസ്ഥാനമായിട്ടുള്ളത് രാഷ്ട്രീയ പ്രശ്‌നങ്ങളാണെന്ന അടിസ്ഥാന തത്വം മറക്കുന്നതാണ് മുഖ്യ കാരണം. കണിശമായ അച്ചടക്കം എന്നു പറയുമ്പോള്‍ കണിശമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നുകൂടി ചേര്‍ത്ത് മനസ്സിലാക്കണം. പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. ഇല്ലെങ്കില്‍ അത് സോവിയറ്റ് യൂണിയനിലെ സോഷ്യലിസവും പാര്‍ട്ടിയും തകര്‍ന്നതിന്റെയും സി.പി.എംതന്നെ ഇപ്പോള്‍ എത്തിനില്‍ക്കുന്നതിന്റെയും അവസ്ഥയിലെത്തിക്കും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരില്‍ കേന്ദ്രീകരണത്തെയും അച്ചടക്കത്തെയും വെല്ലുവിളിക്കരുത് എന്നുമാത്രം പറയുന്ന പാര്‍ട്ടി ഭക്തന്മാര്‍ ഉണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള ഉദ്യോഗസ്ഥ മേധാവിത്വപരമായ അച്ചടക്കവും കേന്ദ്രീകരണവും അതുപോലെയോ അതിലേറെയോ ആപത്താണ് എന്ന് ഇ.എം.എസ് പോലും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 48 വര്‍ഷക്കാലത്തെ സി.പി.എമ്മിന്റെ സംഘടനാ – രാഷ്ട്രീയ ചരിത്രം സൂക്ഷ്മമായി പഠിച്ചാല്‍ ഇത് തിരിച്ചറിയും.

സി.പി.എം രൂപപ്പെട്ട് ഒരുവര്‍ഷം തികയുംമുമ്പുതന്നെ ഏറ്റവും വലിയ രാഷ്ട്രീയ – സംഘടനാ പ്രതിസന്ധിയില്‍ പാര്‍ട്ടി പെടുകയുണ്ടായി. ഇന്ത്യാ – പാക്ക് യുദ്ധത്തെതുടര്‍ന്ന് ബൂര്‍ഷ്വാ ദേശീയവാദം പ്രകടമാക്കിയ രാജ്യരക്ഷാ ഫണ്ട് നല്‍കല്‍, രക്തദാനം തുടങ്ങിയ സംഭവങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്ന പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും. പാര്‍ട്ടി നേതാക്കളിലേറെയും ജയിലിലാണെന്ന സ്ഥിതിയും പ്രതിസന്ധി രൂക്ഷമാക്കി. ജയില്‍മോചനത്തിനുശേഷം നീണ്ട തുടര്‍ സംഘടനാ പ്രക്രിയകളുടെ ഭാഗമായി 1967 ഡിസംബറില്‍ തലശ്ശേരിയില്‍ നടന്ന സംസ്ഥാന സമ്മേളനമെടുത്ത രാഷ്ട്രീയ സംഘടനാ തീരുമാനങ്ങളാണ് ഇതിന് പരിഹാരം കണ്ടത്. അന്ന് സംസ്ഥാന കമ്മറ്റിക്കുവേണ്ടി സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പാര്‍ട്ടി കത്തില്‍പറയുന്ന ഈ ഭാഗം ഇപ്പോള്‍ പ്രസക്തമാണ്:

‘സംഘടനാപരമായി എടുക്കേണ്ട ഏതാനും നടപടികളെക്കൊണ്ടുമാത്രം ഇന്നു നമുക്കു നേരിടാനുള്ള ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയില്ല. എന്തുകൊണ്ടെന്നാല്‍ ഈ സംഘടനാ പ്രശ്‌നങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി രാഷ്ട്രീയമായ വസ്തുതകളുണ്ട്. ഒരു പാര്‍ട്ടി പരിപാടിയും രാഷ്ട്രീയ പ്രമേയവും ഏകകണ്ഠമായി അംഗീകരിക്കാന്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷവും മൗലികവും പ്രായോഗിക പ്രാധാന്യമുള്ളതുമായ പല മുഖ്യ പ്രശ്‌നങ്ങളെയും കുറിച്ച് പാര്‍ട്ടിക്കകത്ത് അഭിപ്രായവ്യത്യാസം ഉണ്ടെന്നതാണ് ആ രാഷ്ട്രീയ യാഥാര്‍ത്ഥ്യം. ഇങ്ങനെ വളര്‍ന്നുവന്നിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെയും സമീപനങ്ങളെയും കുറിച്ച് വ്യക്തമായ ധാരണകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായാല്‍ മാത്രമേ സംഘടനാ പരമായ നടപടികള്‍തന്നെ ഫലപ്രദമാകാന്‍ പോകുന്നുള്ളൂ.’

രാജ്യരക്ഷ, കാശ്മീര്‍ പ്രശ്‌നം, ആ പ്രശ്‌നങ്ങളില്‍ ചൈന എടുത്ത നിലപാട്, സോവിയറ്റ്- ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ നയങ്ങളോടുള്ള സമീപനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ജയില്‍ മോചനത്തിനുശേഷം കേന്ദ്രകമ്മറ്റി വിശദമായി ചര്‍ച്ചചെയ്തു. അതിന്റെകൂടി അടിസ്ഥാനത്തിലുണ്ടാക്കിയ രാഷ്ട്രീയ യോജിപ്പോടൊപ്പം സംസ്ഥാന കമ്മറ്റി ചര്‍ച്ചചെയ്‌തെടുത്ത തിരുവനന്തപുരം ജയില്‍ സംഭവങ്ങളെക്കുറിച്ചുള്ള അച്ചടക്ക നടപടികള്‍. ഇതു രണ്ടും ചേര്‍ത്തുള്ള രാഷ്ട്രീയ – സംഘടനാ തീരുമാനങ്ങളാണ് സെക്രട്ടേറിയറ്റ് പാര്‍ട്ടി കത്തിലൂടെ അണികളില്‍ എത്തിച്ച് പാര്‍ട്ടിയെ അന്ന് ആ ഗുരുതര പ്രതിസന്ധിയില്‍നിന്ന് രക്ഷപെടുത്തിയത്.

20-#ാ#ം പാര്‍ട്ടി കോണ്‍ഗ്രസ്സ് കഴിഞ്ഞിട്ടും സി.പി.എം കേരളത്തില്‍ ഇപ്പോള്‍ 24 മണിക്കൂറും വ്യാപൃതരായിട്ടുള്ളത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍പെട്ട ക്രിമിനല്‍ വാടകക്കൊലയാളികളെയും പാര്‍ട്ടി പ്രതികളെയും ഒളിപ്പിക്കുന്നതിലും ജയില്‍ മോചിതരാക്കുന്നതിലും കൊലക്കേസുകളുടെ ദിവസേന മുറുകുന്ന കുരുക്കുകളില്‍നിന്ന് ചരിത്രത്തിലാദ്യമായി പാര്‍ട്ടിയെത്തന്നെ എങ്ങനെയെങ്കിലും രക്ഷ പെടുത്തുന്നതിലുമാണ്. ജനകീയ പ്രക്ഷോഭങ്ങളുടെ സമരമുഖങ്ങള്‍ കോടതികള്‍ക്കും മാധ്യമങ്ങള്‍ക്കും പൊലീസിനും എന്തിന് നീതിക്കുവേണ്ടി പോരാടുന്ന മനുഷ്യര്‍ക്കുമെതിരെ തിരിച്ചുവെച്ചിരിക്കുന്നു. അതുകൊണ്ട് സി.പി.എമ്മിന്റെ പ്രതിസന്ധി കേരള സമൂഹത്തിനുമുമ്പില്‍പോലും വെല്ലുവിളിയായി വളര്‍ന്നു നില്‍ക്കുകയാണ്. ഇതിനിടയാക്കിയ രാഷ്ട്രീയ പ്രശ്‌നങ്ങളെ കേന്ദ്ര നേതൃത്വം സത്യസന്ധമായി അഭിസംബോധന ചെയ്യാതെയും രാഷ്ട്രീയമായും സംഘടനാപരമായും തീരുമാനം എടുക്കാതെയും പോയതിന്റെ ഫലമാണിത്. ഇനിയും ഇതു തുടര്‍ന്നാല്‍ സി.പി.എമ്മിന്റെ തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന ലേബല്‍പോലും നഷ്ടപ്പെടുന്ന സ്ഥിതിയാണ്.

വി.എസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മറ്റി യോഗത്തില്‍ കഴിഞ്ഞദിവസം ചെയ്ത പ്രസംഗം മാതൃഭൂമിപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ഫാസിസ്റ്റ് കുതിപ്പ് ഉടനടി തടയണമെന്നാണ് സി.പി.എമ്മിന്റെ സ്ഥാപകരിലൊരാളും സംസ്ഥാന മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം കേരളത്തിലെ പാര്‍ട്ടിയുടെ സംവിധാനത്തിനൊപ്പം നില്‍ക്കാന്‍ തനിക്കാവില്ലെന്നും. എല്ലാ കമ്മ്യൂണിസ്റ്റു മൂല്യങ്ങളും മാറ്റിവെക്കുന്നു. ഏതാനും വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ പങ്കാളിയാകുന്നു. പ്രത്യയശാസ്ത്രപരമായ അച്ചടക്കം ലംഘിക്കുന്നു. കോടതിയെയും മാധ്യമങ്ങളെയും പൊലീസിനെയുമെല്ലാം ആക്രമിക്കുന്നു, അപഹസിക്കുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെന്നു കാണുന്നവരെ ന്യായീകരിക്കുന്നു. ഇടതുപക്ഷ ഐക്യം തകര്‍ക്കുന്നു. കയ്യേറ്റക്കാരും കോര്‍പ്പറേറ്റുകളും ഭൂമാഫിയകളുമായി സന്ധിചെയ്യുന്നു. ക്രിമിനലുകളും അഴിമതിക്കാരും കയ്യേറ്റക്കാരുമായി പക്ഷം ചേരുന്നു. പാര്‍ട്ടിയുടെ വിശ്വാസ്യത ടി.പി. ചന്ദ്രശേഖരന്‍ വധക്കേസോടെ നഷ്ടപ്പെടുത്തിയിരിക്കുന്നു. തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്ക് കൂപ്പുകുത്തുന്നു. വിഭാഗീയമായി സംഘടിപ്പിച്ച കമ്മറ്റികള്‍ തികച്ചും ഏകപക്ഷീയമായി വലതുപക്ഷ നയങ്ങള്‍ നടപ്പാക്കുന്നു.

മുന്‍കാലങ്ങളില്‍ സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ നേതൃത്വം സ്വീകരിച്ച ഉറച്ച നിലപാട് ഇല്ലാത്തതിന്റെകൂടി ഫലമാണ് ഈ അവസ്ഥയെന്നും കേന്ദ്ര നേതൃത്വത്തെ വി.എസ് കുറ്റപ്പെടുത്തുന്നു. ഗോപി കോട്ടമുറിക്കലിന്റെ അച്ചടക്ക നടപടി വെച്ചു താമസിപ്പിച്ചതും എം.എം. മണിക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വത്തെകൊണ്ട് നടപ്പിലാക്കാന്‍ കഴിയാതെപോയതും അടക്കമുള്ള ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതൃത്വത്തിനൊപ്പം നിന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ ന്യായീകരിക്കാന്‍ സാധ്യമാകില്ലെന്നും പറയുന്നു. ഒടുവില്‍ പറഞ്ഞതിന് പല അര്‍ത്ഥ തലങ്ങളുമുണ്ട്.

കേരളത്തിലെ സി.പി.എമ്മിനെ ഇത്തരമൊരു അവസ്ഥയിലേക്കാണ് നയിക്കുകയെന്ന് ചൂണ്ടിക്കാട്ടിനടത്തിയ ഉള്‍പ്പാര്‍ട്ടി സമരങ്ങളെ വിഭാഗീയമായി നേരിട്ട് 1998-ല്‍ പാലക്കാട്ടുവെച്ച് പാര്‍ട്ടി നേതൃത്വം പിടിച്ചെടുത്ത ഒരു ചരിത്രഘട്ടമുണ്ട്. അന്ന് അതില്‍ വി.എസിന് നേതൃപരമായ പങ്കാളിത്തം ഉണ്ടായിരുന്നു. അന്നു വി.എസിന്റെ പേരും നേതൃത്വവും ഉപയോഗപ്പെടുത്തിയാണ് ഇന്ന് നേതൃത്വത്തിലുള്ളവര്‍ സംസ്ഥാന നേതൃത്വത്തിലേക്കും പി.ബിയിലേക്കും ഏണിവെച്ചു കയറിയത്. അവിടെ ഇരുന്നുകൊണ്ട് വി.എസിനെ ഒന്നര പതിറ്റാണ്ടിനുശേഷം പാര്‍ട്ടിക്കു പുറത്തേക്ക് തള്ളാന്‍ അവരില്‍ പലരും പരമാവധി ഏകോപിച്ച് ഇപ്പോള്‍ പരിശ്രമിക്കുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.

സി.പി.എമ്മിനെ വിപ്ലവവല്‍ക്കരിക്കുകയല്ല വലതുപക്ഷ വല്‍ക്കരിക്കുകയും
കൃഷ്ണപിള്ളയും ഇ.എം.എസും എ.കെ.ജിയുംമറ്റും വിഭാവനം ചെയ്ത വിപ്ലവ ബഹുജന പാര്‍ട്ടി അല്ലാതാക്കി മാറ്റുകയുമാണ് എന്ന് പാര്‍ട്ടിക്കകത്ത് പറയുന്നതിലേക്ക് വി.എസ് ഇപ്പോള്‍ എത്തിയിരിക്കുന്നു. ഈ അവസ്ഥയില്‍ തുടരാന്‍ കഴിയില്ലവെന്നും. ആ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെ സമകാലീന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി കാണുകയാണ് മാര്‍ക്‌സിസ്റ്റുകാര്‍ ചെയ്യേണ്ടത്. ഭൂതകാല ചരിത്രത്തിന്റെ ഓര്‍മ്മകള്‍ക്കുനേരെ തുറിച്ചുനോക്കി പല്ലിളിച്ച് തിരിഞ്ഞിരിക്കുകയോ സംഹാര ഖഡ്ഗം ഉയര്‍ത്തിനില്‍ക്കുന്ന ഭസ്മാസുരന്മാരുടെ പാര്‍ട്ടിയെ വിപ്ലവ പാര്‍ട്ടിയായികണ്ട് സഹകരിക്കുകയും സഹായിക്കുകയുമല്ല. അത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മര്‍മ്മം പിളര്‍ക്കും. വി.എസുതന്നെ സി.പി.എമ്മിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അവസ്ഥ തിരിച്ചറിയുകയും സ്വയം മാറുകയും തിരുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കകത്തെ വൈരുദ്ധ്യത്തെ മൂര്‍ച്ഛിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. ജനങ്ങള്‍ക്കും സാമൂഹ മാറ്റത്തിനും വേണ്ടി. അതോടൊപ്പം വിഷയം സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രശ്‌നമോ സംഘടനാ പ്രശ്‌നമോ എന്നതിനപ്പറം കേരളത്തിലെ നിയമവാഴ്ചയുടെയും നമ്മുടെ ഭരണഘടനയുടെ നിയാമക തത്വങ്ങളുടെയും ലക്ഷ്യങ്ങളുടെയും നേര്‍ക്കുയരുന്ന വെല്ലുവിളിയാണെന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

സി.പി.എമ്മിലെ പ്രശ്‌നം പൊതു സമൂഹത്തിന്റെയാകെ പ്രശ്‌നമായി മാറിയിരിക്കയാണെന്നാണ് കേന്ദ്ര കമ്മറ്റിയോഗ നടപടികളില്‍നിന്ന് യഥാര്‍ത്ഥത്തില്‍ വായിച്ചെടുക്കേണ്ടത്. അതാണ് സി.പി.എമ്മിലെ പ്രതിസന്ധിയുടെ ഏറ്റവും പുതിയ തലം. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനോ അന്വേഷണ റിപ്പോര്‍ട്ടുകളും പ്രമേയങ്ങളും സംഘടനാ ചര്‍ച്ചകളുംകൊണ്ടുമാത്രം ഈ പ്രതിസന്ധി തീര്‍ക്കാനോ നീട്ടിക്കൊണ്ടുപോകാനോ സാധ്യമല്ല. അതൊരു സ്‌ഫോടകാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വൈരുദ്ധ്യങ്ങള്‍ അത്രയേറെ മൂര്‍ച്ഛിച്ചുകഴിഞ്ഞു. അതാണ് സി.പി.എം അകത്തുനിന്ന് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

 

 

 

 

Leave a comment