VS till Visagh conference വി.എസ്. വിഷയം വിശാഖപട്ടണം വരെ

ഈ ലേഖനം മാര്‍ച്ച് 20-ന് എഴുതി 21-ന് ഗള്‍ഫ് പത്രമായ മലയാളം ന്യൂസിലെ പംക്തിയില്‍ പ്രസിദ്ധീകരിച്ചതാണ്.  സി.പി.ഐ.എം കേന്ദ്രകമ്മറ്റി ഡല്‍ഹിയില്‍ യോഗം ചേരുന്നതിനുമുമ്പ്.  സാങ്കേതിക തകരാറുകള്‍ മൂലമുണ്ടായ തടസ്സം കാരണമാണ് ലേഖനം ബ്ലോഗില്‍ വൈകി പ്രസിദ്ധീകരിക്കുന്നത്.

vsവി.എസ്. അച്യുതാനന്ദന്‍ വിഷയം വിശാഖപട്ടണം വരെ പോകും. അവിടെ നടക്കുന്ന 21-ാം പാര്‍ട്ടി കോഗ്രസിലേ അത് അഭിസംബോധന ചെയ്ത് തീരുമാനമാക്കാന്‍ സി.പി.എം നേതൃത്വത്തിനാകൂ. അതിന് മുമ്പ് ഡല്‍ഹി എ.കെ.ജി ഭവനില്‍ ആരംഭിച്ച പി.ബി യോഗത്തിലോ ശനിയാഴ്ച തുടങ്ങുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലോ എന്തെങ്കിലും തീരുമാനമോ നടപടിയോ ഉണ്ടാകില്ല. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ സാധാരണഗതിയില്‍ എന്തെങ്കിലും തീരുമാനമോ നടപടിയോ ഉണ്ടാകില്ല. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ സാധാരണഗതിയില്‍ വേറിട്ടൊരു നടപടിയുടെ പ്രശ്‌നം തന്നെ ഉത്ഭവിക്കുന്നില്ല.

വ്യാഴാഴ്ച പി.ബി. തുടങ്ങിയപ്പോള്‍ തന്നെ കേരള മാധ്യമങ്ങള്‍prakash karat ഉത്സുകരായി. എന്താണ് നടക്കാന്‍ പോകുതെന്ന ജനങ്ങളുടെ ഉത്കണ്ഠക്ക് ഉത്തരം കണ്ടെത്തേണ്ടത് അവരുടെ ബാധ്യതയാണ്. കൃത്യം ഒരു മാസമായി ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ആദ്യദിവസം ഇറങ്ങിപ്പോയ ശേഷം അദ്ദേഹം കേരളത്തിലെ പാര്‍ട്ടിയുടെ പരിപാടികളുടെ വേലിപ്പുറത്താണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ എത്തിയ വി.എസ്. എ.കെ.ജി ഭവനിലെ പടവുകള്‍ കയറി കേന്ദ്രകമ്മിറ്റി യോഗത്തില്‍ എത്തുമ്പോള്‍ മാത്രമേ വീണ്ടും പാര്‍ട്ടി വലയത്തിലാവുകയുള്ളൂ.

നിയമസഭയില്‍ സി.പി.എം അടക്കമുള്ള മൊത്തം പ്രതിപക്ഷത്തിന്റെയും സംസ്ഥാന സെക്രട്ടറിയുടെയും നേതാവായി നിയമസഭയില്‍ സമരം നയിച്ചെങ്കിലും ഇ.എം.എസ്. ചരമദിന ചടങ്ങില്‍ പാര്‍ട്ടി വി.എസിനെ ‘ഇരുത്തി’യതു തന്നെ വൈരുദ്ധ്യം തുടരുകയാണെന്ന് വ്യക്തമാക്കുന്നു.

സംസ്ഥാന സമ്മേളനത്തിലേക്ക് മടങ്ങിച്ചെന്ന് പാര്‍ട്ടിയെ അനുസരിക്കാന്‍ ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും മുടിയനായ പുത്രന്‍ വഴങ്ങിയില്ല. കേന്ദ്ര കമ്മിറ്റി യോഗത്തിന് പുറത്തു നിര്‍ത്തി വി.എസിനെ അച്ചടക്കം പഠിപ്പിക്കാനൊന്നും കാരാട്ടിന് കഴിയുകയുമില്ല.

വി.എസ്. വിഷയത്തിന് അച്ചടക്കത്തിന്റെ ഒരു മുള്‍മുന മാത്രമല്ല ഉള്ളത്. അദ്ദേഹം ഉയര്‍ത്തിയിട്ടുള്ളത് നയപ്രശ്‌നങ്ങളാണ്. തന്റെ ഘടകമായ കേന്ദ്ര കമ്മിറ്റിയില്‍ അത് ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നതും കേന്ദ്ര നേതൃത്വം നിരാകരിച്ചുകൊണ്ടിരുന്നതുമാണ്. എങ്കിലും അവ ആവര്‍ത്തിച്ച് ഉന്നയിക്കാനും കേരള കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി കോണ്‍ഗ്രസില്‍ എത്തിക്കാനും വി.എസിനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ല. തള്ളിക്കളഞ്ഞതാണ് എന്ന് പറഞ്ഞ്.

ശരിയായ രീതിയില്‍ ഉള്‍പാര്‍ട്ടി ചര്‍ച്ച അനുവദിക്കാതിരിക്കുക, ന്യൂനപക്ഷ നിലപാട് അവഗണിച്ച് മേധാവിത്വപരമായി പാര്‍ട്ടിയെ കൊണ്ടുപോകുക എന്ന ജനാധിപത്യ കേന്ദ്രീകരണവുമായി ബന്ധപ്പെട്ട നിലപാടുകള്‍ സംബന്ധിച്ച ഉള്‍പാര്‍ട്ടി സമരങ്ങളുടെ തീയില്‍ കുരുത്ത സി.പി.എമ്മിന്റെ ചരിത്രാവകാശിയാണ് വി.എസ്. വിയോജിക്കുന്നവരെ വകവരുത്തുന്ന നയമാണ് ടി.പി.ചന്ദ്രശേഖരന്‍ വധം മുതല്‍ പാര്‍ട്ടിയുടെയും എല്‍.ഡി.എഫിന്റെയും വരെ കാര്യങ്ങളില്‍ നടന്നത്. പാര്‍ട്ടിയുടെ വിശ്വാസ്യത കുറഞ്ഞതും എല്‍.ഡി.എഫ് ദുര്‍ബലമായതും നേതൃത്വത്തില്‍ ഈ നയം മൂലമാണ് എന്നാണ് വി.എസ്. ആവര്‍ത്തിച്ചു പറയുന്നത്.

പാര്‍ട്ടിയില്‍ നയപ്രശ്‌നം ഒന്നുമില്ലെന്നും വി.എസിന്റെ താന്‍പ്രാമാണിത്തമാണ് വിഭാഗീയതയടക്കമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നുമാണ് കേരള പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. വി.എസ്. പാര്‍ട്ടിക്ക് അപമാനമായിരിക്കയാണെന്നും അദ്ദേഹത്തെ നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്നുമാണ് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടു തന്നെ ആവശ്യപ്പെട്ടിട്ടുള്ളത്. എന്തൊക്കെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുണ്ടായാലും ഇതുപോലൊരു ആവശ്യം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ സി.പി.എമ്മില്‍ തന്നെയോ ഉണ്ടായിട്ടില്ല. കേരള പാര്‍ട്ടി ആലപ്പുഴയില്‍ പ്രയോഗിച്ച ഈ വാരിക്കുന്തമാണ് സംഘടനാ റിപ്പോര്‍ട്ടിലൂടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യ വിഷയമായി എത്തുക. അത് ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാനാവുകയില്ല.

പോളിറ്റ് ബ്യൂറോക്ക് വി.എസ്. അയച്ച കത്ത് പത്രത്തില്‍ ചോര്‍ത്തി നല്‍കി പ്രസിദ്ധീകരിച്ചെന്ന ആരോപണമാണ് സമ്മേളനത്തോടനുബന്ധിച്ച് ഉയര്‍ന്നത്. അതേക്കുറിച്ചുള്ള  സെക്രട്ടറിയേറ്റിന്റെ പ്രമേയം വി.എസിനെ നിശിതമായി കുറ്റപ്പെടുത്തി സംസ്ഥാന സെക്രട്ടറി പരസ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ ആസൂത്രിതമായി വി.എസിനെ കേന്ദ്രീകരിച്ച് സെക്രട്ടറി പിണറായിയും പ്രതിനിധികളും ആക്രമണം നടത്തി. അപ്പോഴാണ് സമ്മേളനം ബഹിഷ്‌കരിച്ച് വി.എസ്. ഇറങ്ങിയത്. ടി.പി. വധക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന പാര്‍ട്ടി നേതാക്കളായ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള  തന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച നിലപാടാണ് വി.എസ്. ജനറല്‍ സെക്രട്ടറിയില്‍ നിന്ന് ആവശ്യപ്പെട്ടത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് പുറമേ ഇന്ത്യന്‍ അവസ്ഥ സംബന്ധിച്ച വിദഗ്ദരുടെ പഠന റിപ്പോര്‍ട്ടുകളും കേന്ദ്രകമ്മിറ്റി മുമ്പാകെ വരുന്നുണ്ട്. അവ വിലയിരുത്തി അവസാന രൂപം നല്‍കേണ്ടതുമുണ്ട്. അതിനിടയില്‍ വി.എസിന്റെ ആവശ്യങ്ങളോടുള്ള പാര്‍ട്ടി നിലപാട് കേന്ദ്രകമ്മിറ്റി ചര്‍ച്ചക്കെടുക്കുവാന്‍ പോകുന്നില്ല. വി.എസിനെതിരേ നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യവും.

എന്നാല്‍ ഇതു രണ്ടും കേരളവുമായി ബന്ധപ്പെട്ട സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടും. അത് എങ്ങനെ ഉള്‍പ്പെടുത്തണമെന്ന നിലപാട് വിശദീകരിക്കാന്‍ വി.എസിനും മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും ഒരുപോലെ അവസരമുണ്ട്. തന്റെ നിലപാടാണ് വി.എസ്.  നേതൃത്വത്തെ വീണ്ടും അറിയിച്ചിട്ടുള്ളത്. അതിനോട് പ്രതികരിച്ചു കൊണ്ട് കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറിക്കുതന്നെയും സ്വന്തം നിലപാടുകള്‍ മുന്നോട്ടു വയ്ക്കാം. അത് വി.എസിന് നിര്‍ണായകമായിരിക്കും. അതുകൊണ്ടാണ് ഒരു പക്ഷേ തന്റെ പാര്‍ട്ടി ജീവിതത്തിലെ അവസാനത്തെ യോഗമായേക്കാവുന്ന ഈ നിര്‍ണായക കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വി.എസ്. പങ്കെടുക്കുന്നത്. കേരള പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് വ്യക്തമാണ്.

ആരും പാര്‍ട്ടിക്ക് അതീതരല്ല എന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിലൂടെ പാര്‍ട്ടി വേണമെങ്കില്‍ വി.എസ് ഒതുങ്ങിക്കഴിയണമെന്ന് പറയുന്നത്. പാര്‍ട്ടി നേതാവായി തുടരാന്‍ യോഗ്യനല്ലെന്ന്  സംസ്ഥാന സമ്മേളനം തന്നെ അംഗീകരിച്ച നിലക്ക് വീണ്ടും കേന്ദ്ര കമ്മിറ്റിയില്‍ വി.എസിനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും വിരളമാണ്. പി.ബി.യിലെ സ്വാധീനമുള്ള ആരെങ്കിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്താതെ അതിനുള്ള സാധ്യതയും വിരളമാണ്. വി.എസിനെ പോലുള്ള ഒരു സ്ഥാപക നേതാവിനെ പാര്‍ട്ടിയില്‍ മൂലക്കിരുത്തി കോണ്‍ഗ്രസ് പിരിയുമോ എന്നു മാത്രമാണ് കാണാനിരിക്കുന്നത്.

വര്‍ഗഘടനയിലടക്കം ഇന്ത്യന്‍ സമൂഹത്തില്‍ വന്നിട്ടുള്ള സമീപകാലങ്ങളിലെ മാറ്റങ്ങള്‍ പഠിക്കാനും അതിനനുസൃതമായ നയങ്ങളും അടവുകളും ആവിഷ്‌കരിക്കാനും കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിന്റെകൂടെ പശ്ചാത്തലത്തിലാണ് 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. കാല്‍ നൂറ്റാണ്ടു കാലത്തെ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളും അടവുകളും പരിശോധിക്കുക, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് ഇടതുപക്ഷ ബുദ്ധിജീവികള്‍ തയാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക. ആര്‍.എസ്.എസ്.- ബി.ജെ.പി നയിക്കുന്ന കേന്ദ്ര ഗവമെന്റില്‍ നിന്നുള്ള ഭീഷണി, ഇന്ത്യന്‍ ബൂര്‍ഷ്വാസി ഏകാധിപത്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത തുടങ്ങി ഒട്ടേറെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളും നയങ്ങളും തീരുമാനിക്കേണ്ട സമ്മേളനമാണിത്. ഇതില്‍ കേന്ദ്രീകരിക്കുകയും ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും  ചെയ്യേണ്ട കേരള ഘടകം മറിച്ചൊരു വിഷയമാണ് കടിച്ചു പിടിച്ചിട്ടുള്ളത്. ബംഗാളാകട്ടെ, കോണ്‍ഗ്രസ് ഐയുമായി സഹകരിച്ച് തൃണമൂല്‍ ഗവമെന്റിനെ കഴിയുംവേഗം അധികാരത്തില്‍ നിന്ന് നീക്കാനുള്ള വ്യത്യസ്ത നയം ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുമായാണ് കേന്ദ്രകമ്മിറ്റിയില്‍ എത്തുന്നത്.

അതിനെല്ലാം ഇടയില്‍ വി.എസ്. വിഷയം എത്ര കണ്ട്, എങ്ങനെ ഉയരും, കൈകാര്യം ചെയ്യും എത് കണ്ടറിയണം. ഏതായാലും നേരത്തെ പറഞ്ഞതുപോലെ വിശാഖപട്ടണംവരെ അതിന് കാക്കേണ്ടിവരും.

One response to “VS till Visagh conference വി.എസ്. വിഷയം വിശാഖപട്ടണം വരെ

  1. CPM and its managers follow the same route and play the same tricks they used in sidelining or even ousting leaders who doesn’t act as Yes men to the coterie controlling the party.Leaking information to the press and later on fixing responsibility on innocent and loyal partymen , is being enacted in the case of VS too.At this rate disintegration of the party is not far off.

Leave a comment